Wednesday, April 25, 2012

പെണ്‍കുട്ടികളെ തളര്‍ത്തുന്ന കേരളീയ സമൂഹം




സാംസ്‌കാരികപരമായും വിദ്യാഭ്യാസപരമായും ഇന്ത്യയിലെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനം എന്ന അഹങ്കാരത്തോടെയാണ്‌ കേരളീയര്‍ ജീവിക്കുന്നത്‌. വിദ്യാഭ്യാസം നേടി ജോലി സമ്പാദിച്ചു ജീവിക്കുന്നവരുടെ എണ്ണം ഇന്ന്‌ കേരളത്തില്‍ വളരെയുണ്ട്‌ താനും. വിദ്യ നേടുന്നതിനും ഇഷ്ട ജോലി ചെയ്യുന്നതിനും ലോകത്തിന്റെ ഏതു ഭാഗത്തേക്കും രണ്ടാമതൊന്ന്‌ ആലോചിക്കാതെ തന്നെ മലയാളമണ്ണിലെ പെണ്‍കുട്ടികള്‍ പോലും തയ്യാറാവുന്നുണ്ട്‌.




ഇവിടെ പെണ്‍കുട്ടികള്‍ 'പോലും' എന്നുപയോഗിക്കേണ്ടി വന്നതിന്‌ ഉത്തരം നല്‍കേണ്ട്‌ നമ്മുടെ സാമൂഹികാവസ്ഥയാണ്‌.


കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പുറമെ കാണുന്നത്ര വെടിപ്പിലും വൃത്തിയിലും അല്ല കേരളത്തിലെ കാര്യങ്ങളുടെ കിടപ്പ്‌. മനുഷ്യന്റെ ജീവിതത്തെ രണ്ടു ഘട്ടങ്ങളായി തിരിക്കാമെങ്കില്‍ അതിനെ വിവാഹത്തിനും പിമ്പും മുമ്പും എന്നു വേര്‍തിരിക്കുന്നതായിരിക്കും എളുപ്പം. അങ്ങനെത്തന്നെയാണ്‌ സാധാരണഗതിയില്‍ ആളുകള്‍ അവനവന്റെ ജീവിതത്തെ കാണാറുള്ളതും.


നല്ലതായാലും ചീത്തയായാലും ജീവിതത്തില്‍ ഒരുപാടു മാറ്റങ്ങള്‍ വരുത്തുന്ന ഒരു പ്രതിഭാസമാണ്‌ വിവാഹം. അതുകൊണ്ടുതന്നെ ഈ മാറ്റത്തിലേക്കു കാലെടുത്തു വെക്കുന്നതിനു മുമ്പ്‌ പുരുഷനായാലും സ്‌ത്രീക്കായാലും മാനസികമായും ശാരീരികമായും പക്വതയാര്‍ജ്ജിക്കേണ്ടതുണ്ട്‌.


ഇതൊക്കെ എല്ലാര്‍ക്കും അറിയാം. എല്ലാരും വാ തോരാതെ സംസാരിക്കുകയും ചെയ്യും. എന്നാല്‍ ചെറിയ പെണ്‍കുട്ടികളെ വീട്ടമ്മമാരാക്കുന്ന ചെപ്പടിവിദ്യ ഇന്നും സാംസ്‌കാരിക കേരളത്തില്‍ തുടര്‍ക്കഥ തന്നെ. സ്വന്തം മകള്‍ക്കു പതിനെട്ടു വയസ്സാകുന്നതു വരെ പോലും കാത്തുനില്‍ക്കാനാവാതെ 'ആരുടെയെങ്കിലും കൈയില്‍ ഏല്‍പ്പിക്കാന്‍' വെപ്രാളം കൊള്ളുന്ന മാതാപിതാക്കള്‍ ഇന്നും കേരളത്തില്‍ ധാരാളം.


പെണ്‍കുട്ടികള്‍ ജനിക്കുന്നതു തന്നെ ആരുടെയെങ്കിലും കൈകളില്‍ ഏല്‍പ്പിക്കപ്പെടാനാണെന്നു തോന്നും ഇവരുടെയൊക്കെ ഈ വ്യഗ്രത കണ്ടാല്‍. എത്രയും പെട്ടെന്ന്‌ കൈഒഴിക്കേണ്ട എന്തോ ഭാരം പോലെയാണ്‌ പെണ്‍കുട്ടികളെ സമൂഹം നോക്കിക്കാണുന്നത്‌.


22ഉം 23ഉം വയസ്സു കഴിഞ്ഞാല്‍ പിന്നെ 'ഇതിനെ എങ്ങനെയെങ്കിലും ഒന്നിറക്കി വിട്ടാല്‍ മതിയായിരുന്നു' എന്നു പെണ്‍കുട്ടിയുടെ മുഖത്തു നോക്കി പറയുന്ന സമൂഹം അവളോട്‌ ചെയ്യുന്നത്‌ എത്ര വലിയ തെറ്റാണെന്ന്‌ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


മാനസികമായ തളര്‍ത്തുന്ന ഇത്തരം മനോഭാവങ്ങള്‍ക്കും വര്‍ത്തമാനങ്ങള്‍ക്കും ഇടയില്‍ വളരുന്ന പെണ്‍കുട്ടികളെ കുറിച്ച്‌ ആരെങ്കിലും ചിന്തിക്കാറുണ്ടോ. നമുക്കൊരു പെണ്‍കുട്ടിയുണ്ടെന്ന കാര്യം മറക്കണ്ട എന്ന്‌ ഭീഷണിയുടെ സ്വരത്തില്‍ അമ്മ അച്ഛനോടു പറയുന്നത്‌ കേട്ടു വളരുന്ന കുട്ടിയുടെ മാനസ്‌കാവസ്ഥ ഒന്ന്‌ സങ്കല്‌പിച്ചു നോക്കിയിട്ടുണ്ടോ?


ഓരോ നിമിഷവും താന്‍ ജനിക്കേണ്ടായിരുന്നു എന്നു പെണ്‍കുട്ടിയെ കൊണ്ട്‌ ചിന്തിപ്പിക്കുന്നതില്‍ മത്സരിക്കുന്ന ഒരു സമൂഹം!

പെണ്‍കുട്ടികളെ എന്തിനാ വെപ്രാളപ്പെട്ട്‌ പ്രായപൂര്‍ത്തി പോലും ആവുന്നതിനു മുമ്പ്‌ കല്യാണം കഴിപ്പിച്ചയക്കുന്നത്‌ എന്നു ചോദിച്ചാല്‍ മാതാപിതാക്കളുടെ സ്ഥിരം മറുപടിയാണ്‌ നെഞ്ചിലെ ആധി അകറ്റാനാണ്‌ എന്നത്‌. ഇങ്ങനെ മാതാപിതാക്കളുടെ മനസ്സിലെ ആധിയായി പെണ്‍കുട്ടികളെ വളര്‍ത്തിയതിന്‌ നമ്മുടെ സമൂഹത്തിന്‌ എന്ത്‌ ന്യായീകരമാണ്‌ നല്‍കാനുണ്ടാവുക! ഇവിടെ മാതാപിതാക്കളെയല്ല സമൂഹത്തിന്റെ മൊത്തം കാഴ്‌ചപ്പാടിനെയാണ്‌ പ്രതിസ്ഥാനത്തു നിര്‍ത്തേണ്ടത്‌.


അവളെങ്ങാനും വല്ല കുഴപ്പത്തിലും ചാടിയാലോ എന്നാലോചിച്ചാണ്‌ ചില മാതാപിതാക്കള്‍ പെണ്‍കുട്ടികളെ പടിയിറക്കി സമാധാനം തേടുന്നത്‌. 'കുഴപ്പം' എന്ന വാക്ക്‌ ആപേക്ഷികമാണ്‌ എന്നതാണ്‌ ഇവിടെ ഏറ്റവും രസകരം.


മകള്‍ രാവിലെ പുറത്തിറങ്ങി ഇരുട്ടുന്നതിനു മുമ്പ്‌ തിരിച്ചെത്തുന്നതു വരെ അനുഭവിക്കുന്ന അസ്വസ്ഥത ഇല്ലാതാക്കാനാണ്‌ ചിലര്‍ ഈ കടുംങ്കൈ ചെയ്യുന്നത്‌. കൈവശാവകാശം വേറൊരാള്‍ക്കു തീറെഴുതി കൊടുത്താല്‍ സമാധാനമായി ജീവിക്കാം എന്നത്‌ നല്ല കണ്ടു പിടുത്തം തന്നെ!


വേറെ ചിലരുടെ പേടി അവള്‍ വല്ല 'ചുറ്റിക്കളി'യിലും പെട്ടാലോ എന്നാണ്‌. ഈ ചുറ്റിക്കളിയെ കുറിച്ചുണ്ടായിരുന്ന കാഴ്‌ചപ്പാടില്‍ ഇപ്പോള്‍ കാതലായ മാറ്റം ഉണ്ടായിട്ടുണ്ട്‌. പണ്ട്‌ ചുറ്റിക്കളിയേ അനുവദിക്കാതിരുന്ന സ്ഥാനത്ത്‌, ഇന്ന്‌ 'പുളിങ്കൊമ്പില്‍' പിടിച്ചാണ്‌ മകള്‍ ചുറ്റിക്കളിക്കുന്നതെങ്കില്‍ മെല്ലെ കണ്ണടച്ചു കൊടുക്കാന്‍ ഇന്നത്തെ സമൂഹം തയ്യാറാണ്‌. പെട്ടെന്ന്‌ വലിയ ആദര്‍ശവാന്‍മാരുടെ കുപ്പായമണിഞ്ഞ്‌ മകളുടെ ഇഷ്ടം ഞങ്ങളുടെയും ഇഷ്ടം, അവളുടെ ജീവിതം അവള്‍ തീരുമാനിക്കട്ടെ എന്നൊക്കെ ഉറക്കെ പ്രഖ്യാപിച്ചു ആഘോഷമായി തന്നെ വിവാഹം നടത്തിക്കൊടുക്കും.


എന്നാല്‍ ഈ ആദര്‍ശങ്ങളൊക്കെ കാറ്റില്‍ പറത്താന്‍ ശക്തിയുള്ള ഒരു രണ്ടക്ഷരം ഉണ്ട്‌. മതം! ഇവനെ ശ്രദ്ധിക്കാതെ ചുറ്റിക്കളിക്കാന്‍ പോകുന്ന മക്കളുടെ കാര്യം പോക്കാണ്‌. എല്ലാ ആദര്‍ശവീരന്‍മാരുടെയും പത്തി താഴ്‌ത്താന്‍ മാത്രം ശേഷിയുള്ളതാണ്‌ ഈ ശക്തി. സമൂഹത്തെ മൊത്തം രൗദ്രാവസ്ഥയില്‍ എത്തിക്കാന്‍ ശേഷിയുള്ള ബോംബ്‌ ആണ്‌ ഇത്‌ എന്നതു തന്നെയാണ്‌ ഈ പത്തി താഴലിനു പിന്നില്‍. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പേരില്‍ അഭിമാനം കൊള്ളുന്ന ഭാരതമണ്ണില്‍ തന്നെയാണ്‌ ഇതൊക്കെ നടക്കുന്നത്‌ എന്നാലോചിക്കുമ്പോള്‍ കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയിലെത്തി പോകുന്നു.


പിന്നെയുള്ള ഒരു 'കുഴപ്പം' പെണ്‍കുട്ടികളുടെ മേല്‍ പതിയുന്ന കഴുകന്‍കണ്ണുകളാണ്‌. ഇത്‌ നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന ഒരു ക്യാന്‍സര്‍ തന്നെയാണ്‌. ഓരോ നിമിഷവും അരക്ഷിതബോധത്തോടെയും ജാഗ്രതയോടെയും ജീവിക്കേണ്ടി വരിക എന്നതു കഠിനം തന്നെ. ജോലി സ്ഥലത്തും, ബസിലും ട്രെയിനിലും, പൊതുപരിപാടികളിലും, സിനിമാ കൊട്ടകകളിലും, ഉത്സവപ്പറമ്പുകളിലും, എന്തിന്‌ സ്വന്തം വീട്ടിനകത്ത്‌ സമാധാനമായി ഒന്നുറങ്ങാന്‍ പോലും സാധിക്കാത്ത ഒരു പെണ്‍സമൂഹത്തെ വാര്‍ത്തെടുത്തതില്‍ നിന്നും ആര്‍ക്കാണ്‌ തലയൂരാന്‍ പറ്റുക?


ഈ കുഴപ്പങ്ങളില്‍ നിന്നെല്ലാം മകളെ രക്ഷിക്കാനുള്ള പരിഹാരമായി മാതാപിതാക്കള്‍ കാണുന്നത്‌ വിവാഹമാണ്‌. എന്നാല്‍ ഈ വിവാഹം എന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മാത്രം മകള്‍ക്കു പാകതയായോ എന്നാരും ചിന്തിക്കാറില്ല. എത്രയും പെട്ടെന്നു കെട്ടിച്ചു വിട്ടാല്‍ അത്രയും കൂടുതല്‍ സമാധാനം എന്നതാണ്‌ സമൂഹം കല്‌പിച്ചു നല്‍കിയ സമവാക്യം .


ഇത്‌ അവളില്‍ സംഭവിക്കേണ്ട സ്വാഭാവിക പരിണാമങ്ങള്‍ക്ക്‌ തടയിട്ട്‌ കുത്തിവെച്ച്‌ പഴുപ്പിക്കുന്ന ഫലവര്‍ഗ്ഗങ്ങള്‍ പോലെയോ, ബ്രോയിലര്‍ കോഴികളെ പോലെയോ ആക്കുന്നു. കൗമാരത്തിലേക്കു കടന്ന്‌ ജീവിതം ആസ്വദിക്കാനൊരുങ്ങുമ്പോള്‍ അവളെ നേരിട്ട്‌ ഭാര്യയും അമ്മയും എല്ലാം ആക്കി മാറ്റുമ്പോള്‍ അവള്‍ക്കു നഷ്ടപ്പെടുന്നതെന്തൊക്കെയാണെന്ന്‌ ആരെങ്കിലും ചിന്തിക്കാറുണ്ടോ.


പെണ്‍കുട്ടിക്കും ജീവിതത്തിന്റെ സ്വാഭാവിക താളത്തിന്‌ അവകാശമുണ്ടെന്ന്‌ തിരിച്ചറിവ്‌ എന്നെങ്കിലും നമ്മുടെ സമൂഹത്തിന്‌ ഉണ്ടാവുമോ? 



തീരുമാനിക്കേണ്ടത്‌ പെണ്‍കുട്ടികളാണ്‌

സ്‌ത്രീധനം നിയമ വിരുദ്ധമാണ്‌ നമ്മുടെ നാട്ടില്‍. കൊടുത്താലും വാങ്ങിയാലും അഴിയെണ്ണേണ്ടി വരും എന്നൊക്കെയാണ്‌ നിയമമെങ്കിലും സ്‌ത്രീധനം വാങ്ങലും കൊടുക്കലും എല്ലാം വളരെ സാധാരണ കാര്യങ്ങളാണ്‌ നമ്മുടെ സമൂഹത്തില്‍. എല്ലാ കാര്യത്തിലുമെന്ന പോലെ നിയമം നിയമത്തിന്റെ വഴിക്കും കാര്യം കാര്യത്തിന്റെ വഴിക്കും എന്നതാണ്‌ ഇവിടത്തെയും സ്ഥിതി.

ഓരോ പെണ്‍കുട്ടി ജനിക്കുമ്പോഴും മാതാപിതാക്കളുടെ നെഞ്ചില്‍ ഒരു കനല്‍ കിടന്ന്‌ പുകയാന്‍ തുടങ്ങുന്നതും ഈ ദുരാചാരം വളരെ പ്രഭലമായി തന്നെ ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നതു കൊണ്ടാണ്‌. സ്വന്തമായി ഒരു വീടുണ്ടാക്കുക, മക്കളെ ഡോക്ടറാക്കുക അല്ലെങ്കില്‍ എഞ്ചിനിയറിങ്ങിന്‌ അയക്കുക എന്നൊക്കെയുള്ള ജീവിതത്തിലെ ചിലവേറിയ അത്യാവശ്യങ്ങളേക്കാള്‍ അത്യാവശ്യ കാര്യമായിരിക്കുകയാണ്‌ മകള്‍ക്കുള്ള സ്‌ത്രീധനം കൊടുക്കാന്‍ പണം കണ്ടെത്തുക എന്നത്‌.

കാലം മുന്നോട്ടു പോവുകയും, ആളുകള്‍ കൂടുതല്‍ വിദ്യാസമ്പന്നരാകുകയും ചെയ്‌തതിന്റെ ഫലമായി സ്‌ത്രീധനം ചോദിച്ചു വാങ്ങുന്നത്‌ അപമാനകരമാണ്‌ എന്നൊരു തോന്നല്‍ പൊതുവെ ആളുകള്‍ക്കിടയ്‌ക്ക്‌ ഉണ്ടായിട്ടുണ്ട്‌. അതുകൊണ്ട്‌ മുമ്പൊക്കെ കണക്കു പറഞ്ഞ്‌ വാങ്ങുന്നതിനു പകരം'നിങ്ങളുടെ മകള്‍ക്ക്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടത്‌ കൊടുക്കാം' എന്നു പറഞ്ഞതിന്‌ തൊട്ടുപിന്നാലെ 'ഞങ്ങളുടെ മകള്‍ക്ക്‌ ഇത്രേം കൊടുത്തിട്ടാണ്‌ ഇറക്കി വിട്ടത്‌' എന്നൊരു ഡയലോഗു കൂടി വരും.

വേറെ ചില വിദ്വാന്‍മാര്‍ ഒന്നും മിണ്ടാതിരിക്കും, കിട്ടുകയാണെങ്കില്‍ കിട്ടട്ടെ എന്നൊരു ലൈനില്‍. എന്നാലും എനിക്കു സ്‌ത്രീധനം വേണ്ട എന്നു ആര്‍ജ്ജവത്തോടെ ഉറപ്പിച്ചു പറയാന്‍ ആരും തയ്യാറല്ല. സ്‌ത്രീധനം വേണ്ട എന്നു പറഞ്ഞ്‌ വിവാഹം കഴിക്കുന്നവര്‍ ഇല്ല എന്നല്ല. അങ്ങനൊരു ന്യൂനപക്ഷം ഭാഗ്യവശാല്‍ നമ്മുടെ സമൂഹത്തില്‍ വളര്‍ന്നു വരുന്നുണ്ട്‌.

വരന്‍ തനിക്ക്‌ സ്‌ത്രീധനം വേണ്ട എന്നുറപ്പിച്ചു പറയാന്‍ തയ്യാറാകാത്തിടത്തോളം കാലം, വധുവിന്റെ വീട്ടുകാര്‍ എങ്ങനെയെങ്കിലും പണം ഉണ്ടാക്കി പരമാവധി സ്വര്‍ണ്ണം വാങ്ങി പെണ്‍കുട്ടിയുടെ കഴുത്തില്‍ തൂക്കും. സ്വര്‍ണ്ണത്തിന്റെ തൂക്കം കുറഞ്ഞാല്‍ ഭര്‍തൃ വീട്ടില്‍ അവള്‍ കഷ്ടപ്പെടുമോ എന്ന പേടിയാണ്‌ ഇതിനു പിന്നില്‍.

സ്‌ത്രീധന സമ്പ്രദായം സമൂഹത്തില്‍ നിന്നും തുടച്ചുനീക്കാത്തിടത്തോളം കാലം പെണ്‍കുട്ടികള്‍ കുടുംബത്തിന്‌ ഭാരമായി തുടരും. വലിയ വില കൊടുത്ത്‌ വീട്ടില്‍ നിന്നും കെട്ടുകെട്ടിച്ച്‌, ഭാരമൊഴിവായതിന്റെ സമാധാനത്തിലായിരിക്കും വീട്ടിലെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. എന്നാല്‍ സ്‌ത്രീധനം ഒപ്പിച്ചതിന്റെ കടം വീട്ടാനുള്ള നെട്ടോട്ടത്തിന്റെ ദിനങ്ങളായിരിക്കും വരാനിരിക്കുന്നത്‌.

ജോലി നേടാന്‍ കോഴ കൊടുക്കാനുള്ള പണം ഒപ്പിക്കാന്‍ സ്വന്തമായി ജോലി പോലും ആവുന്നതിനു മുമ്പ്‌ വിവാഹം കഴിക്കുന്നവരും ധാരാളം. ചുരുക്കത്തില്‍ മക്കള്‍ക്ക്‌ ഭര്‍ത്താക്കന്‍മാരെ പൊന്നും വില കൊടുത്തു വാങ്ങേണ്ട ഗതികേടാണ്‌ നമ്മുടെ നാട്ടിലെ മാതാപിതാക്കള്‍ക്ക്‌.

ഇതിനെല്ലാം ഒരുമ്പെടും മുമ്പ്‌ ഒരു നിമിഷമെങ്കിലും ഒന്നും ചിന്തിച്ചു നോക്കിയിട്ടുണ്ടോ, താന്‍ ചെയ്യുന്നത്‌ ശരിയാണോ എന്ന്‌. നിയമം എന്തെങ്കിലും ആവട്ടെ, സ്വന്തം മനസ്സാക്ഷിയുടെ മുന്നില്‍ ഒരു കള്ളനെ പോലെ നില്‍ക്കേണ്ട അവസ്ഥ എന്തിനാണ്‌ വില കൊടുത്തു വാങ്ങുന്നത്‌.

പുരുഷന്‍മാരേക്കാള്‍ സ്‌ത്രീകള്‍ക്കാണ്‌ ഇവിടെ എന്തെങ്കിലും ചെയ്യാന്‍ കഴിയുക എന്നു പറയാം. കാരണം, സ്‌ത്രീധനം വാങ്ങുന്നവന്‌ താന്‍ കഴുത്തു നീട്ടി കൊടുക്കില്ല എന്ന്‌ അവള്‍ അങ്ങു തീരുമാനിച്ചാല്‍ അവനെന്തു ചെയ്യും? വിവാഹം കഴിക്കണ്ട എന്നു തീരുമാനിക്കുമോ! പെണ്‍കുട്ടികളേ, തീരുമാനിക്കേണ്ടത്‌ നിങ്ങളാണ്‌.

No comments:

Post a Comment