Thursday, April 19, 2012

മുടിപ്പള്ളിയും പിന്നാമ്പുറങ്ങളും

ഒടുവില്‍ മുടിപ്പള്ളിക്ക് തറക്കല്ലിട്ടു. ഒരു പ്രദേശത്തെയാകെ ശ്വാസം മുട്ടിച്ച മുടിപ്രേമികള്‍ വിശ്വപ്രവാചകന്റെ 'തിരുകേശ'മെന്ന് തെറ്റിദ്ധരിച്ച് സനദില്ലാ മുടിവെള്ളം ശേഖരിക്കാന്‍ ഞാനാദ്യം ഞാനാദ്യമെന്ന് തിരക്കു കൂട്ടി. ആയിരങ്ങളും ലക്ഷങ്ങളും കടന്ന് കോടികള്‍ തന്നെ സംഭാവനകളായി ഒഴുകിയെത്തിയപ്പോള്‍ ഇല്ലാക്കഥ കളുടെ രാജശില്പി ശ്രീ. ശ്രീ. ക്ഷമിക്കണം ജ. ജ. ഹോജാ കാന്തപുരത്തിന്റെ മനസ്സില്‍ ഒരായിരം ലഡ്ഡു ഒന്നിച്ചു പൊട്ടി. സഹഹോജമാരുടെ ആവേശം അതിനേക്കാള്‍ അണപൊട്ടി. ഇതൊക്കെ കണ്ട് വേദിയിലിരുന്ന അബുദാബി അറബി ഊറിച്ചിരിച്ചു. ഏതാണ്ട് മുക്കുപണ്ടം പണയം വെച്ച് കാശും കീശയിലിട്ട് ബാങ്കിറങ്ങി വരുന്നവന്റെ അതേ ചിരി! അപ്പോഴും ഒരു കാര്യം മാത്രം ദുരൂഹമായി കിടന്നു. എവിടെയാവും ഈ 'അതിശയപ്പള്ളി' പിറവി കൊള്ളാന്‍ പോകുന്നതെന്ന 'ബ്രഹ്മാണ്ഡ രഹസ്യം'! വന്‍ വിപണന സാധ്യതകളുള്ള മുടിവ്യാപാര സമുച്ചയത്തിന്‍റെ സമീപ പ്രദേശങ്ങള്‍ അന്യഭൂമാഫിയകള്‍ സ്വന്തമാക്കിക്കളയുമോയെന്ന ഭയം തന്നെയാവണം സംഗതി അതീവരഹസ്യമാക്കി സൂക്ഷിക്കാന്‍ ഇവര്‍ക്ക് പ്രേരണയായതെന്ന കാര്യത്തില്‍ സംശയമില്ല. മറ്റാരെങ്കിലും സ്വന്തമാക്കും മുമ്പ് പ്രസ്തുത പ്രദേശം തങ്ങളുടെ വരുതിയിലാക്കാന്‍ ഉസ്താദും കൂട്ടരും ശ്രമം തുടങ്ങിക്കാണുമെന്നതും ഉറപ്പ്.

ഏതായാലും ഒരുകൂട്ടം വിശ്വാസികളുടെടെ മനസ്സില്‍ ആശ്വാസമാണ്. പതിനായിരങ്ങള്‍ മുടക്കി മദീനയില്‍ പോയി പ്രവാചകപ്രഭുവിന്റെ റൗളാ ശെരീഫ്‌ ദര്‍ശിക്കുന്നതിനു പകരമിനി, കാന്തപുരം ഉസ്താദ്‌ പടുത്തുയര്‍ത്താന്‍ പോകുന്ന കേശകൂടാരത്തില്‍ ചെന്ന് 'തിരുകേശം' ദര്‍ശിച്ചാല്‍ മതിയല്ലോ. മാറാരോഗത്തിന്റെ വേദന തിന്ന് ആശുപത്രിക്കിടക്കയില്‍ കിടന്ന് നരകിക്കുന്നതിനു പകരം തിരുകേശം മുക്കിയ ഒരു കുപ്പി വെള്ളം ബിസ്മിയും ചൊല്ലി വലിച്ചു കുടിച്ചാല്‍ മതിയല്ലോ! മര്‍ക്കസ്‌ കോംപ്ലക്സ് അപ്പാടെ തന്നെ പണയം വെച്ചിട്ടും നിര്‍മിക്കാനാവാതെ പോയ മെഡിക്കല്‍ കോളജിനെ കുറിച്ചോര്‍ത്ത്‌ ഇനിയെന്തിന് സങ്കടപ്പെടണം? സര്‍വരോഗസംഹാരിയായി, സര്‍വപാപ പരിഹാരിയായി രണ്ടു മൂന്നു മുടിയിഴകള്‍ ചില്ലുകൂട്ടില്‍ കിടന്ന് തിളങ്ങുന്നുണ്ടല്ലോ..!! കേരളത്തില്‍ ഒരു മദീന തന്നെ സൃഷ്ടിച്ചെടുത്ത ഉസ്താദിന്റെ ബുദ്ധി അപാരം, അത്യപാരം. വാട്ട് ആന്‍ ഐഡിയ ഉസ്താദ്ജീ...!!!

കോടികള്‍ പിരിച്ചെടുക്കാന്‍ എന്തൊക്കെ നാടകങ്ങളാണ് അരങ്ങിലെത്തിയത്! അബുദാബിയിലെ ശൈഖിനോട് അങ്ങേരുടെ കൈയിലെ 'അപൂര്‍വ മുടി' അശ്ശൈഖ് അബൂബക്കറിന് കൈമാറണമെന്ന് പ്രവാചകന്‍ സ്വപ്നത്തില്‍ നിര്‍ദേശം നല്‍കിയ കഥ മുതല്‍, പ്രവാചകനെ കാണാന്‍ അണികള്‍ക്ക് ടിക്കറ്റ് മുറിച്ചു കൊടുക്കുന്ന കാന്തപുരത്തെ സ്വപ്നത്തില്‍ ദര്‍ശിച്ച അരുമശിഷ്യരുടെ അനുഭവ കഥകള്‍ വരെ കേശഗോപുരത്തിന് അടിത്തറ പാകാന്‍ പറഞ്ഞിറക്കി ഇക്കൂട്ടര്‍! അപൂര്‍വത്തില്‍ അപൂര്‍വമെന്നു വീമ്പിളക്കിയ 'തിരു'മുടി കെട്ടുകണക്കിന് അബുദാബി അറബിയുടെ വീട്ടിലുണ്ടെന്ന് തെളിവു സഹിതം ഈ ബ്ലോഗിലൂടെ മാലോകരറിഞ്ഞപ്പോള്‍ നുണക്കഥകളുടെ ചീട്ടു കൊട്ടാരം നിലംപൊത്തിയെന്നത് ശേഷകഥ.

പറ്റിയ അമളി അഡ്ജസ്റ്റ്‌ ചെയ്യാന്‍ കൈയിലുള്ള മുടികള്‍ സ്വയം വളരുമെന്നും കത്തിച്ചപ്പോള്‍ കത്തിയില്ലെന്നും സ്വയം പ്രകാശിച്ചെന്നുമൊക്കെ ഖസ്രജി തന്നെ അവകാശപ്പെട്ടുവെന്നായി പിന്നീടുള്ള നുണപുരാണം. നാടായ നാട്ടിലൊക്കെ മൈക്ക് കെട്ടി സഖാഫി - അഹ്സനിമാര്‍ വീരകഥകള്‍ വിളംബരം ചെയ്തു. അണികള്‍ തക്ബീര്‍ മുഴക്കി പ്രോല്‍സാഹിപ്പിച്ചു. അധികം വൈകാതെ മുടിയുടെ നിഴലുള്ള ഫോട്ടോകള്‍ പുറത്തെത്തിയപ്പോള്‍ ഈ ബ്ലോഗറടക്കം ഫോട്ടോയില്‍ കൃത്രിമം കാട്ടിയെന്നായി ആരോപണം. അതും ഫലിക്കാതെ വന്നപ്പോള്‍ ആസ്ഥാന കോളമെഴുത്തുകാരനെ രംഗത്തിറക്കി. തരുവണ സുവിശേഷം തീര്‍ത്തു പറഞ്ഞു, തിരുമുടിക്ക് തിരുനിഴലുണ്ടാവില്ലെന്നു പറയുന്നവര്‍ യുക്തിവാദികള്‍ തന്നെ! കൂടെ ചേര്‍ക്കാന്‍ സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാന നേതാവിനെ തന്നെ രംഗത്തിറക്കി. കത്തിച്ചാല്‍ കത്തുമെന്നു അദ്ദേഹവും കട്ടായം പറഞ്ഞതായി പ്രചരിപ്പിച്ചു. പാവം അണികള്‍ അപ്പോഴും തക്ബീര്‍ വിളിച്ചു! പുണ്യപ്രവാചകനെ മുടി വെട്ടാത്ത പ്രാകൃതനാക്കിയെന്നാരോപിച്ചും, വ്യാജ മുടിയുടെ ഹോള്‍സെയില്‍ ഡീലറായ 'ബോംബെ വാലയെ' കൈയോടെ പിടിച്ച് കാന്തപുരത്തിന് കിട്ടിയ മുടി പോലുള്ള ഏഴെണ്ണം സംഘടിപ്പിച്ച് പരസ്യമായി നിഴല്‍ പരിശോധന നടത്തിയും ഔദ്യോഗിക സമസ്ത തന്നെ നേരിട്ടു രംഗത്തിറങ്ങിയപ്പോള്‍ സഖാഫിമാര്‍ വീണ്ടും വിയര്‍ത്തു. ഏറ്റവുമൊടുവില്‍ മുടി കത്തിച്ചാല്‍ കത്തില്ലെന്നും എന്നാല്‍ തങ്ങളുടെ പക്കലുള്ള മുടി കത്തിച്ചു നോക്കില്ലെന്നും സാക്ഷാല്‍ കാന്തപുരം തന്നെ പ്രഖ്യാപിച്ചപ്പോള്‍ പാവം അനുയായികള്‍ അണ്ടി പോയ അണ്ണാനെ അനുകരിച്ചു!

തറക്കല്ലിടാന്‍ കോഴിക്കോട്ടെത്തിയ ഖസ്രജിയുടെ ലഗേജ്‌ എയര്‍പോര്‍ട്ട് അധികൃതരേക്കാള്‍ വിശദമായി പരിശോധിച്ചത്‌ ചോട്ടാപ്പിമാരായിര്‍ക്കണം. അബുദാബിയിലുള്ള അടിരേഖ വേരോടെ പിഴുതെടുത്ത് സ്വപ്നനഗരിയിലെ ജനസാഗരത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുമെന്ന് അവര്‍ ന്യായമായും വിശ്വസിച്ചു കാണും. അങ്ങനെയാണല്ലോ ബഡാ ഉസ്താദ്‌ പറഞ്ഞു വിശ്വസിപ്പിച്ചത്. മര്‍ക്കസില്‍ വായിച്ചത് സനദാണെന്ന ആദ്യ വാദത്തില്‍ നിന്നും മലക്കം മറിച്ചു അത് നസബയാണെന്നും അടിരേഖ അബുദാബിയിലെ ശൈഖിന്റെ കൊട്ടാരത്തില്‍ ഭദ്രമായി ഇരിപ്പുണ്ടെന്നും ഉസ്താദ്‌ പറഞ്ഞാല്‍ പിന്നെയെന്തിന് അവിശ്വസിക്കണം! പക്ഷെ, വിശ്വാസമാണ് എല്ലാമെന്ന് ഉസ്താദ്‌ വീണ്ടും തെളിയിച്ചു. അടിരേഖ സൂക്ഷിച്ച ലോക്കര്‍ തുറക്കാന്‍ താക്കോല്‍ കാണാഞ്ഞിട്ടോ എന്തോ സംഗതി ഇപ്പോഴും അബുദാബിയിലാണെന്ന് ഖസ്രജി വ്യക്തമാക്കിയപ്പോള്‍ അണികള്‍ മൌനം പൂണ്ടു. താമസിയാതെ താനൊരു വലിയ 'പുത്തകം' എഴുതുന്നുണ്ടെന്നും അതില്‍ എല്ലാം വിശദീകരിക്കുമെന്നും കൂടി അദ്ദേഹം കൂട്ടിചേര്‍ത്തപ്പോള്‍ തക്ബീര്‍ വിളികള്‍ വീണ്ടുമുയര്‍ന്നു. അദ്ദേഹത്തിന്‍റെ കാര്‍മികത്വത്തില്‍ പുറത്തിറങ്ങിയ പഴയ പുസ്തകത്തില്‍ സ്വന്തം വീട്ടിലെ മുടിപുരാണം ചേര്‍ക്കാതെ പോയതിന്‍റെ കാരണത്തെ കുറിച്ചോ, ഒരു എ ഫോര്‍ പേപ്പറില്‍ ഒതുങ്ങുന്ന സനദ്‌ വെളിപ്പെടുത്താന്‍ ഒരു വലിയ കിതാബ് തന്നെ രചിക്കുന്നതിന്റെ അസാംഗത്യത്തെ കുറിച്ചോ ആരും ചോദിച്ചില്ല. അല്ലെങ്കിലും തിരുവായ്ക്ക് എതിര്‍വാ പറയാന്‍ തന്റേടമുള്ള ആണ്‍കുട്ടികള്‍ ഇല്ലാത്തതിന്റെ കുറവാണല്ലോ വിമത സമസ്തയെ ഇക്കോലത്തിലാക്കിയത്‌. പഴയ മുടിക്ക് കൃത്രിമ സനദ്‌ നിര്‍മിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട മര്‍കസ് മുന്‍ മുദരിസ് മലയമ്മ മുഹമ്മദ് സഖാഫി പത്രസമ്മേളനത്തില്‍ പരസ്യമായി പറഞ്ഞ 'കാര്യങ്ങള്‍ തുറന്നു പറയാന്‍ തന്നെ വിലക്കുന്നത് ദൈവഭയമല്ല മറ്റു ചില ഭയമാണ്' എന്ന ഒരൊറ്റ വാക്യം മതി, സ്വന്തം കൂട്ടരിലുള്ള വിമര്‍ശകരോടുള്ള ഇക്കൂട്ടരുടെ നിലപാട് ബോധ്യപ്പെടാന്‍ .

സംഗതി ഇത്രയുമായ സ്ഥിതിക്ക് കാന്തപുരം ചില കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഒരു മുടിയുടെ പേരില്‍ പിരിച്ചെടുത്ത കോടികളുടെ കണക്ക് തന്നെ അതില്‍ പ്രധാനം. ആദ്യം പ്രഖ്യാപിക്കപ്പെട്ടത്‌ നാല് ലക്ഷം പേരില്‍ നിന്നും ആയിരം രൂപയുടെ ടോക്കന്‍ മുഖേന നാല്‍പത്‌ കോടി പിരിച്ചെടുക്കുമെന്നായിരുന്നു. ഇത് പ്രകാരം എത്ര പണം പിരിച്ചെടുത്തു? വിതരണം ചെയ്ത ടോക്കണില്‍ ക്രമനമ്പര്‍ രേഖപ്പെടുത്തിയിരുന്നില്ലെന്ന മറുപക്ഷതിന്റെ ആരോപണം സത്യമാണോ? ആയിരം രൂപയ്ക്ക് പുറമേ ഒരു മുസല്ലക്ക് ഇരുപത്തി അയ്യായിരം എന്ന രീതിയില്‍ എത്ര രൂപ പിരിഞ്ഞു കിട്ടി? കഴിഞ്ഞ ദിവസം സ്വപ്നനഗരിയില്‍ വെച്ച് മുന്‍ കേന്ദ്രമന്ത്രി സീ എം ഇബ്രാഹിം നല്‍കിയ അഞ്ചു കോടിയും നാദാപുരം സ്വദേശി നല്‍കിയ പത്തു ലക്ഷവുമടക്കം പിരിഞ്ഞു കിട്ടിയ കോടികളുടെ കണക്കെത്ര? ഉത്തരം സ്വാഭാവികമായും 'നിന്റെ പണം ഉസ്താദ്‌ വാങ്ങിയിട്ടില്ലല്ലോ'യെന്ന മറുചോദ്യമായിരിക്കുമെന്നറിയാം. എന്നാലും വെറുതെ ചോദിക്കുകയാണ്, ഊരും പേരുമറിയാത ഒരു മുടിക്കഷണം കൊണ്ട് കോടികള്‍ കൊയ്യുന്ന ആത്മീയ വാണിഭത്തിന്‍റെ നേര്‍ചിത്രം മാലോകര്‍ക്ക് മുമ്പില്‍ തുറന്നു കാട്ടാന്‍ വേണ്ടി. ഈന്തപ്പനയോല ചിത്രം വരച്ച പ്രവാചക ശരീരത്തെ പാടേ മറന്ന്, പൊയ്മുടിയുടെ പോരിശക്കഥകള്‍ പറഞ്ഞിറക്കി, എതിര്‍ക്കുന്നവരെ നരകത്തിലെ പാമ്പിനേയും തേളിനെയും കാട്ടി ഭീഷണിപ്പെടുത്തി ഒരു പുരോഹിത വൃന്ദം കാട്ടിക്കൂട്ടുന്ന ആര്‍ഭാട ഭീകരത കാണുമ്പോള്‍ നാവും വായിലിട്ട് കൈയും കെട്ടി മിണ്ടാതിരിക്കാന്‍ കഴിയാത്തത്‌ കൊണ്ട് മാത്രം!

പ്രിയ കാന്തപുരം, സ്വലാത്തും ദിക്റും പള്ളിയും ദര്‍സും വാണിഭവല്‍ക്കരിച്ചാല്‍ ഇനിയുമേറെക്കാലം നിങ്ങള്‍ക്ക് വിദേശവാഹനങ്ങളില്‍ ഉലകം ചുറ്റാനായേക്കും. പണച്ചാക്കുകള്‍ കൂടെയുള്ള കാലത്തോളം ഖസ്രജിയെ പോലുള്ള 'അന്താരാഷ്‌ട്ര വ്യക്തിത്വങ്ങളെ' വേദിയില്‍ നിറക്കാനുമായേക്കും. പക്ഷേ, നിര്‍മിക്കാന്‍ പോകുന്ന ഭീമന്‍ പള്ളിയില്‍ നമസ്കരിക്കാനെത്തുന്ന പതിനായിരങ്ങളില്‍ എത്രപേരുടെ ഞെഞ്ചിടിപ്പിന് 'എന്‍റെ മോളെ'യെന്ന താളമുണ്ടാവുമെന്ന് താങ്കളോര്‍ക്കാറുണ്ടോ? 'പെര' നിറഞ്ഞ പെണ്ണിനെ കുറിച്ചുള്ള ചിന്തയില്‍ ദിക്റ് പോലും മുറിഞ്ഞു പോകുന്ന ആ പാവങ്ങളുടെ ഗദ്ഗദമകറ്റാന്‍ താങ്കളൊഴുക്കുന്ന കോടികള്‍ തന്നെ ധാരാളമായിരുന്നു. ഒന്ന് വിരല്‍ ഞൊടിക്കുമ്പോഴേക്കും നാല്പതിനു പകരം നാനൂറു കോടി പിരിച്ചെടുക്കാനുള്ള താങ്കളുടെ ശേഷി ഇനിയെങ്കിലും ഇത്തരം മേഖലകളിലേക്ക്‌ തിരിച്ചു വിടണം. ഇത് പറയുമ്പോഴും ഏതെങ്കിലും മുക്കിലും മൂലയിലും നടത്തിയ സമൂഹ വിവാഹത്തിന്റെ ഫോട്ടോയും പൊക്കി തെളിവ് നിരത്താന്‍ വരുമെന്നറിയാം. അതൊക്കെയും നല്ലതെന്ന് സമ്മതിക്കുമ്പോഴും പണക്കാരനെ വീണ്ടും പണക്കാരനാക്കുന്ന പ്രോജക്ടകളുമായി വീണ്ടും രംഗത്തിറങ്ങിയതിനു ന്യായീകരണമാവില്ല. നിര്‍മാണ - പുനരധിവാസ മേഖലകളില്‍ ക്രിയാത്മകമായി വിനിയോഗിക്കപ്പെടെണ്ട കോടികള്‍, ഇസ്‌ലാമില്‍ കേട്ടുകേള്‍വിയില്ലാത്ത മുടിപ്പള്ളി പണിത് ധൂര്‍ത്തടിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്കുള്ള മറുപടിയുമാവില്ല. വിമര്‍ശനങ്ങള്‍ ന്യായമെന്ന് കണ്ടാല്‍ തെറ്റ് തിരുത്തുന്നത് ഭീരുത്വമല്ല; ആര്‍ജവമാണ്. ശഅറേ മുബാറക്കെന്ന പേരു മാറ്റി മസ്ജിദുല്‍ ആസാര്‍ എന്നാക്കിയാല്‍ തീരുന്നതല്ല പ്രശ്നം. ഈയൊരു മാറ്റം കൊണ്ട് നിങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നത മാറിയേക്കാം. അപ്പോഴും വ്യാജമുടിക്ക് ആര്‍ഭാട പള്ളി നിര്‍മിച്ചവനെന്ന അപഖ്യാതി താങ്കളുടെ ചരിത്ര പുസ്തകത്തില്‍ ബാക്കി കിടക്കും.

അവസാനത്തെ ആണി


പുലിവാല് പിടിച്ച നായരെ നമുക്ക് മറക്കാം; പകരം മുടിനാര് പിടിച്ച കാന്തപുരമെന്നു തിരുത്തുകയുമാവാം. അബുദാബിയില്‍ നിന്നും 'ഇരന്നു' വാങ്ങിയ വ്യാജമുടിയെ തിരുമുടിയാക്കാന്‍ 'കുനാ കുനാ' മൈക്കിലൂടെ കരഞ്ഞും പറഞ്ഞും കൈകാലിട്ടടിച്ചും നാടായ നാടൊട്ടുക്കും കേശവിശദീകരണ മഹാമാഹമങ്ങള്‍ പൊടിപൊടിക്കവേ ഇടിത്തീ വീണു കറുത്ത് കരുവാളിച്ച കാന്തപുരത്തിന്റെ തലയില്‍ തേങ്ങക്ക് പകരം നല്ലൊരു ഉല്‍ക്ക തന്നെ വന്നു പതിച്ചതാണ് കേശ കഥയിലെ ഏറ്റവും പുതിയ വഴിത്തിരിവ്. നാല്പതു കോടിയുടെ മുടിപ്പള്ളി ഉണ്ടാക്കാന്‍ കളവും കളവിന്മേല്‍ കളവും പറഞ്ഞ് പണപ്പിരിവ് തകര്‍ത്താടവേ, പ്രസ്തുത കേശങ്ങള്‍ വ്യാജമാണെന്ന് അബുദാബിയില്‍ നിന്നും മുടി കൊടുത്ത അറബിയുടെ മൂത്ത സഹോദരന്‍ തന്നെ രേഖാമൂലം മാലോകരെ അറിയിച്ചപ്പോള്‍ തകര്‍ന്നു വീണത് കാന്തപുരം എന്ന പുരോഹിതന്റെ മുഖം മൂടി തന്നെയാണ്. മുടിപ്പള്ളിയുടെ ദിവ്യത്വം ആയിരത്തിന്റെ നാല് ലക്ഷം ഓഹാരികളാക്കി ആളുകളെ പറ്റിച്ചവര്‍ ഇനിയെങ്കിലും സത്യം തുറന്നു പറഞ്ഞ്, പിരിച്ചെടുത്ത പണം തിരിച്ചു കൊടുത്ത് അല്ലാഹുവിനോട് തൌബ ചെയ്തു മടങ്ങുകയാണ് വേണ്ടത്.

കീശയിലെ മുഷിഞ്ഞ നോട്ടുകളെണ്ണി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടു രൂപാ അരിയും കാത്ത് ദിക്റും ചൊല്ലിയിരിക്കുന്ന പട്ടിണിപ്പാവങ്ങളുടെ കൂരയിലേക്ക്‌ നീണ്ട വാലുള്ള തലപ്പാവും അതിനേക്കാള്‍ നീളമുള്ള സലാമും ചൊല്ലി കയറി വരുന്ന 'മുസല്ല്യാക്കന്‍മാര്‍' ഇക്കഴിഞ്ഞ മാസങ്ങളില്‍ കേരളത്തിലെ സ്ഥിരം കാഴ്ചകളായിരുന്നു. ഒരുനാളും വരാത്തവരുടെ 'പട്ടിണിപ്പെരുന്നാളിലെ' വരവ് കണ്ട് വാ പൊളിച്ചന്താളിച്ചു പോയ വീട്ടുകാരന്‍ വെട്ടിത്തിളങ്ങുന്ന വെള്ളക്കുപ്പായക്കാരെ പൊടി പുരളാതെ ഒന്നിരുത്താന്‍ നാല് കാലും തികച്ചില്ലാത്ത സ്റ്റൂളുകളുമായി പലപ്പോഴും നിസ്സഹായരായിട്ടുണ്ട്. വീട്ടുകാരിയാവട്ടെ, ഉസ്താദുമാര്‍ക്ക് ഏലക്ക വെള്ളം കലക്കാന്‍ ഭരണിയിലെ വക്ക് മൂലകളില്‍ ഒട്ടിപ്പിടിച്ച പഞ്ചസാര മണികള്‍ തികയാതെ വന്നതിനാല്‍ ജീവിതം പോലെ പുകപിടിച്ചു കറുത്തപോയ അടുക്കള മൂലയില്‍ നാണിച്ചിരുന്നിട്ടുമുണ്ട്. തങ്ങളുടെ കഷ്ടപ്പാടില്‍ മനം നൊന്തു വല്ലതും സഹായിക്കാന്‍ വന്നവരാവുമെന്നു കരുതി ഭവ്യതയോടെ നീട്ടിയ കൈകളില്‍ 'തിരുകേശത്തിനൊരു ഉത്തമ കേന്ദ്ര'ത്തിന്റെ മള്‍ട്ടി കളര്‍ ആയിരം രൂപാ ടോക്കണ്‍ വന്നു വീണപ്പോള്‍ നേരത്തെ ചൊല്ലിയ ദിക്റിന്റെ മഹത്വമൊന്നു കൊണ്ട് മാത്രം പലരും ബോധം കെട്ട് വീണില്ലെന്നു മാത്രം! പിന്നെ നടക്കുന്നത് അസ്സലൊരു വഅളാണ്. പുണ്യറസൂലിന്റെ തിരുമുടി സൂക്ഷിക്കാന്‍ ഉസ്താദിനെ ചുമതലപ്പെടുത്തി കൊണ്ട് പ്രവാചക തിരുമേനി തന്നെ നേരിട്ട് സ്വപ്നത്തില്‍ അവതരിച്ച കഥ മുതല്‍ മര്‍ക്കസിലും അതിന്റെ ശാഖകളിലും വിതരണം ചെയ്യപ്പെട്ട മുടിവെള്ളം കുടിച്ച് മാറാവ്യാധികള്‍ സുഖപ്പെട്ടെന്ന കള്ളക്കഥ വരെ നീട്ടിയും കുറുക്കിയും ഈണം തെറ്റാതെയും ബിരിയാണി മണക്കുന്ന ഏമ്പക്കത്തിന്റെ അകമ്പടിയോടെ വീട്ടുകാരെ 'ബോധ്യപ്പെടുത്തും'. ഒടുവില്‍ വലിയൊരു ഭീഷണിയും; 'ഇതൊക്കെ കളവാണെന്ന് ഞമ്മളെ സമസ്തക്കാരും മറ്റു പുത്തന്‍ വാദികളും പ്രചരിപ്പിക്കുന്നുണ്ട്. വെറുതെ അത് വിശ്വസിച്ചു നരകത്തീയില്‍ കിടക്കേണ്ട. ഉസ്താദിന്റെ കൈയ്യിലുള്ള തിരുമുടിയില്‍ വിശ്വസിക്കാത്തവര്‍ ഇസ്ലാമല്ല. പറഞ്ഞില്ലെന്നു വേണ്ട!' അതോടെ പാവങ്ങള്‍ വീണു. ചുമരിനോട് ഒട്ടിക്കിടക്കുന്ന മര്‍ക്കസിന്റെ കലണ്ടറിനെക്കാള്‍ തങ്ങള്‍ നെഞ്ചോടു ചേര്‍ക്കുന്ന കാന്തപുരത്തെ അവിശ്വസിക്കാന്‍ അവര്‍ക്കാവില്ലല്ലോ;‍ അതിനപ്പുറം ഒന്നു ചിന്തിക്കാന്‍ പോലും അവരെ സമ്മതിക്കില്ലല്ലോ! ഇനിയെന്താലോചിക്കാന്‍? റേഷനരിക്കു മാറ്റിവെച്ചതും മരുന്ന് വാങ്ങാന്‍ കരുതിവെച്ചതും ചേര്‍ത്തിട്ടും ആയിരം തികയാതെ വന്നാല്‍ അയല്‍വീട്ടിലെ ഹസ്സന്‍ ഹാജിയോടു പോയി കടം വാങ്ങിയെങ്കിലും പാവങ്ങള്‍ ടോക്കണ്‍ വാങ്ങിക്കും. ഒരു ഇരയെ കൂടി വീഴ്ത്തിയ സന്തോഷം വിളിച്ചറിയിക്കുന്ന പുഞ്ചിരിയോടെ വന്നവര്‍ പടിയിറങ്ങുകയും ചെയ്യും.

മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഈ ബ്ലോഗിലൂടെ വ്യാജ മുടിയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ കാരന്തൂരിയന്‍ നുണക്കൊട്ടാരം തകര്‍ന്നു വീണതാണ്. എണ്ണവും പെരുപ്പവും നിഴലും ആളുകളെ മുന്നില്‍ നേര്‍ചിത്രമായപ്പോള്‍ സഖാഫിമാരും അഹസനിമാരും വിഷയം തൊടാതെ വിശദീകരണ യോഗങ്ങള്‍ നടത്തുന്നതാണ് നാം കണ്ടത്. ഇടയ്ക്ക് ചിലര്‍ ഖസ്രജിയുടെ കയ്യിലെ മുടിക്കെട്ടിന്റെ നീളവും എണ്ണവും മുഅജിസത്ത് കറാമത്ത് ആണെന്ന് വാദിച്ച് നോക്കിയെങ്കിലും, എങ്കില്‍ പിന്നെയെന്തിന് കാന്തപുരം ഈ സിദ്ധികളൊന്നുമില്ലാത്ത ചെറിയൊരു മുടി ഏറ്റുവാങ്ങിയെന്നും കാന്തപുരം തന്നെ പങ്കെടുത്ത അബുദാബിയിലെ കേശ പ്രദര്‍ശന ചടങ്ങിന്റെ ഫോട്ടോകള്‍ കൈയ്യില്‍ ഉണ്ടായിട്ടും ഈ അത്ഭുത മുടിക്കെട്ടിന്റെ കാര്യം മാലോകരില്‍ നിന്നും മറച്ചുവെച്ചുവെന്നും മറു ചോദ്യമുയര്‍ന്നപ്പോള്‍ അവരും വായടച്ചു. അവിടെയുള്ളത് നാമറിയേണ്ട, നമ്മുടെ കൈയ്യിലുള്ളതിനു 'വ്യക്തമായ' സനദ് ഉണ്ട്, ഇനി സനദ് ഇല്ലെങ്കിലും നമ്മള്‍ ചിലതൊക്കെ വിശ്വസിച്ചേ തീരൂ എന്നു വരെ ചില പണ്ഡിത കേസരികള്‍ പറയുന്നത് കേട്ടപ്പോള്‍ സ്വന്തം അണികള്‍ പോലും അന്തംവിട്ടു പോയി. ഒരു പണ്ഡിതന്റെ മറുചോദ്യം ഇന്നും കേരളത്തില മതമണ്ഡലത്തിലെ ഏറ്റവും വലിയ 'വിഡ്ഢി ചോദ്യമായി' നിലനില്‍ക്കുന്നു. "ഈ മുടിക്ക് സനദ് ചോദിക്കുന്നവരുടെ ഭാര്യ പ്രസവിച്ച കുട്ടിയെ നഴ്സ് കൈയില്‍ കൊടുക്കുമ്പോള്‍, അകത്ത് ധാരാളം കുട്ടികള്‍ ഉണ്ടല്ലോ അതിനാല്‍ ഇത് എന്റെ കുട്ടി തന്നെ എന്നതിന് സനദ് എവിടെ എന്നു അയാള്‍ ചോദിക്കുമോ" എന്നു ചോദിച്ച സഖാഫിക്ക് ഏറ്റവും ചുരുങ്ങിയത് ഒരു അഹ്സനി പട്ടമെങ്കിലും അനുവദിച്ചു കൊടുക്കാന്‍ മര്‍ക്കസിന്റെ അധിപന്‍ തയ്യാറാവണം.

ശൈഖ് ഖസ്രജി അബുദാബിയില്‍ നടത്തിയ കേശപ്രദര്‍ശന ചടങ്ങിന്റെ കൂടുതല്‍ ഫോട്ടോകള്‍. കാന്തപുരം പങ്കെടുത്ത ഈ പരിപാടി കഴിഞ്ഞ വര്‍ഷം റമദാന്‍ ഇരുപത്തി മൂന്നാം രാവാണ്‌ നടന്നത്. (ഇതില്‍ ചിലത് കരിനാക്കില്‍ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു).

ഇങ്ങനെ ഒരു മുടി ഖസ്രജി കുടുംബത്തിന്റെ കൈയ്യില്‍ ഇല്ലായിരുന്നുവെന്നും അത് ഷെയ്ഖ്‌ ഖസ്രജി എവിടെ നിന്നോ സംഘടിപ്പിച്ചതാണെന്നും ഈ മുടിയുടെ ആധികാരികതയെ ആദ്യമായി ചോദ്യം ചെയ്ത സമസ്തയുടെ യുവപണ്ഡിതന്‍ അലവിക്കുട്ടി ഹുദവി വെളിപ്പെടുത്തിയിരുന്നു. ആ വെളിപ്പെടുത്തലിനു അടിവരയിടുന്നതാണ് അഹമ്മദ് ഖസ്രജിയുടെ ജേഷ്ഠസഹോദരന്‍ ഹസന്‍ ബിന്‍ ഷെയ്ഖ്‌ മുഹമ്മദ്‌ അല്‍ ഖസ്രിയുടെ കത്ത്. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതസഭാ അംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ കത്തിനുള്ള മറുപടിയില്‍ തങ്ങളുടെ പിതാവിന്റെ കാലത്തോ അതിന് മുമ്പോ അങ്ങനെയൊരു മുടിയെ കുറിച്ച് കേട്ടിട്ട് പോലുമില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. മാത്രമല്ല, അനുജന്‍ ഖസ്രജി ലോകത്തിലെ അന്‍സാര്‍ കുടുംബത്തിന്റെ നേതാവായി സ്വയം പട്ടാഭിഷകം വരെ നടത്തിയെന്ന് അദ്ദേഹം പറയുമ്പോള്‍ സംഗതിയുടെ കിടപ്പിനെ കുറിച്ച് ബുദ്ധിയുള്ളവര്‍ക്ക് ഏകദേശ ധാരണ ലഭിക്കും. ഇത്തരം പെരും നുണകളില്‍ തനിക്കോ കുടുംബത്തിനോ ഒരു ഉത്തരവാദിത്വവും ഇല്ലെന്നു അദ്ദേഹം ഭരണാധികാരികളെ മുമ്പ് തന്നെ അറിയിച്ചതായും കത്തില്‍ വ്യക്തമാക്കുന്നു.

ഹസന്‍ ഖസ്രജിയെ പുത്തന്‍ വാദിയായി മുദ്രയടിക്കുകയാവും കാന്തപുരവും കൂട്ടരും ഇനി ചെയ്യാന്‍ പോകുന്നത്. അല്ലെങ്കില്‍ ഇനിയും വലിയ കളവുകള്‍ എഴുന്നള്ളിക്കപ്പെട്ടേക്കാം. എന്തായാലും ഒരു കാര്യം സത്യമാണ്. തിരുനബിയെ കുറിച്ച് കളവു പറഞ്ഞ്, എവിടെ നിന്നോ കിട്ടിയ വ്യാജ മുടി പ്രതിഷ്ഠിച്ച ഒരു മുടിപ്പള്ളി നിര്‍മിച്ചു അതില്‍ കുഞ്ഞാടുകളെ തെളിച്ചു കൊണ്ടുപോയി തളച്ചിടാനുള്ള കാന്തപുരത്തിന്റെ നീക്കത്തിനേറ്റ മറ്റൊരടിയാണ് ഹസന്‍ ഖസ്രജിയുടെ കത്ത്. തിരുനബി ദര്‍ശനത്തിനു ആളുകള്‍ക്ക് ടിക്കറ്റ് മുറിക്കുന്ന പ്രവാചകന്റെ സ്വന്തം ആളായി വരെ അനുയായികളെ കൊണ്ട് 'സ്വപനം കാണിക്കുന്ന' കാന്തപുരത്തിന് വ്യാജമുടി കഥയുടെ ഹോംവര്‍ക്കില്‍ സാരമായ അബദ്ധം സംഭവിച്ചിട്ടുണ്ട്. സ്വന്തം പദവി ഉയര്‍ത്താന്‍ വേണ്ടി നാണം കെട്ട കളവുകള്‍ പ്രചരിപ്പിക്കുമ്പോള്‍ ചുറ്റിലും കണ്ണും കാതും തുറന്നു വെച്ച കുറേയേറെ ആളുകള്‍ ഉണ്ടെന്നത് അദ്ദേഹം മറന്ന് പോയി. തല പോയാലും സത്യം തുറന്നു പറയാന്‍ ആര്‍ജവമുള്ള ഇക്കൂട്ടരെ മറികടന്നും കേരളത്തിലൊരു നുണപ്പള്ളി പണിയാന്‍ തന്നെയാണ് കാന്തപുരത്തിന്റെ നീക്കമെങ്കില്‍ നടക്കട്ടെ എന്നേ പറയാന്‍ കഴിയൂ. എല്ലാം കാണുന്നവനും അറിയുന്നവനുമായി അല്ലാഹു ഉണ്ട് എന്നത് തന്നെ കാരണം!
 
തിരുമുടിക്കെട്ടിന്റെ തിരുനിഴല്‍ ദര്‍ശനം


വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുമെന്ന് പൊതുവേ പറയാറുള്ളത് കേരള കോണ്ഗ്രസ്സിനെ കുറിച്ചാണ്. എന്നാലിപ്പോള്‍ ആ വിശേഷണം തങ്ങളുടെ കൈയ്യിലുള്ള വ്യാജകേശത്തിനു കൂടി വകവെച്ചു തരണമെന്ന വാശിയിലാണ് കാന്തപുരം വിഭാഗം. 'എന്നെ കുറിച്ച് കളവു പറഞ്ഞവര്‍ നരകത്തില്‍ ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടേ'യെന്ന് പ്രഖ്യാപിച്ച ലോക മുസ്ലിംകളുടെ എല്ലാമെല്ലാമായ പ്രവാചക തിരുമേനിയെ കുറിച്ച് കള്ളം പ്രചരിപ്പിച്ചവര്‍ ആ കളവിനെ സത്യമാക്കാന്‍ കളവുകളുടെ ഘോഷയാത്രയുമായി രംഗത്തിറങ്ങിയതാണ് പുതിയ വിശേഷം. തിരുമുടിയാട്ടത്തിന്റെ രണ്ടാം ഖണ്ഡം പുറത്തു വന്നതോടെ മാളത്തിലൊളിച്ച മുടിയാട്ടക്കാര്‍ പറഞ്ഞു നില്‍ക്കാന്‍ ഒരു വ്യാജ ഹദീസ് കൂടി ലഭിക്കാതെ വന്നപ്പോഴാണ് പുതിയ കളവുകളില്‍ അഭയം തേടിയത്. മറുപടിയെന്ന പേരില്‍ സിറാജില്‍ ലേഖന പരമ്പര വന്നപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. അതാകട്ടെ ഡോ. ബഹാവുദ്ധീനു നേരെയുള്ള കടന്നാക്രമണത്തില്‍ ഒതുക്കുവാന്‍ ലേഖകന്‍ വൈദഗ്ധ്യം കാണിച്ചുവെന്നതൊഴിച്ചാല്‍ ശൂന്യമായിരുന്നു ഫലം. ഈയുള്ളവന്റെ ആദ്യപോസ്റ്റിനെ ചെറുതായൊന്നു പോസ്റ്റുമോര്‍ട്ടം ചെയ്തെങ്കിലും രണ്ടാമത്തെ പോസ്റ്റ്‌ അദ്ദേഹം കണ്ടതേയില്ല!

വ്യാജ കേശത്തിന്റെ നീളവും എണ്ണവും ചൂണ്ടിക്കാട്ടി, പ്രവാചകന് ഇത്രയും മുടിയുണ്ടെന്നു തെളിയിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് പുറത്തു വന്ന പോസ്റ്റില്‍ ഒരു ബ്ലോഗര്‍ ആദ്യമിട്ട കമന്റ് ഇപ്രകാരമായിരുന്നു. 'തികച്ചും തമാശയായി എന്റെ അഭിപ്രായത്തെ കാണുക. മുടി പ്രവാചകന്റെയാണെങ്കിൽ അതിന് ദിവ്യത്വം ഉണ്ടാകുമല്ലൊ ആ രീതിയിൽ കുറ്റിമുടി വളർന്നാലും അത്ഭുതപ്പെടാനുണ്ടൊ..? ദിവ്യത്വമുള്ള മുടി മുറിച്ചുകളഞ്ഞാലും വളരും..!' ഈ കമന്റു പബ്ലിഷ് ചെയ്തു മൂന്നാം നാള്‍ വരെ എന്നെ കൊണ്ട് വിഷയം മാറ്റിക്കാന്‍ മാത്രമായിരുന്നു എതിര്‍വിഭാഗത്തിന്റെ ശ്രമം. അതിനിടയില്‍ ഉസ്താദുമാരായ ഉസ്താദുമാരെയെല്ലാം സമീപിച്ചിട്ടും കിത്താബായ കിത്താബുകളൊക്കെ പരതിയിട്ടും പ്രവാചകന് പെണ്കുട്ടികളുടെത് പോലെ നീളമുള്ള മുടിയുണ്ടായിരുന്നുവെന്ന ഹദീസ് മാത്രം പഴയ 'അനിക്സ്പ്രേ' പരസ്യം പോലെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന് ബോധ്യമായതോടെ കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ച യൂസുഫ് അല്‍ നബ്ബാനിയെ സര്‍വാംഗീകൃത പണ്ഡിതനായി രംഗത്തിറക്കിയിരിക്കുകയാണിക്കൂട്ടര്‍! പ്രസ്തുത ബ്ലോഗര്‍ പറഞ്ഞ തമാശ കാര്യമായി പുലര്ന്നുവെന്നര്‍ഥം !

ഖസ്രജിയുടെ കൈവശമുള്ള മുടി സ്വയം വളര്‍ന്നു വികസിച്ചു ചാടിക്കളിക്കാന്‍ തുടങ്ങിയ കാര്യം മാലോകരോട് 'വെളിപ്പെടുത്താന്‍' എന്‍റെ പുതിയ പോസ്റ്റ്‌ പുറത്തിറങ്ങുന്നത് വരെ കാത്തിരിക്കേണ്ടിവന്നു എന്നത് നമുക്ക് മറക്കാം. ഒരുകാര്യം എനിക്കുറപ്പുണ്ട്. ഈ നീണ്ട മുടി വിവാദമാകുന്നത് കാന്തപുരം മുമ്പേ ഓര്‍ത്തിരുന്നെങ്കില്‍ നല്ലൊരു ബാര്‍ബറെ ഖസ്രജിക്ക് അദ്ദേഹം ഏര്‍പ്പാടാക്കി കൊടുക്കുമായിരുന്നു. ഇപ്പോള്‍ ഈ 'അവകാശവാദ'ത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഒരു സഖാഫിയും മുന്നോട്ടു വന്നിട്ടില്ല എന്നത് ഇതൊരു 'പരീക്ഷണവാദമാണ്' എന്നതിന്റെ തെളിവായി വേണം കാണാന്‍. ഏതെങ്കിലും ബ്ലോഗില്‍ കാന്തപുരം എന്ന് കേള്‍ക്കുമ്പോഴേക്കും സര്‍വം ഏറ്റെടുത്ത് വെല്ലുവിളികളുമായി രംഗത്തിറങ്ങാറുള്ളവര്‍ വരെ ഈ പ്രസ്താവനകളുടെ ഉത്തരവാദിത്വം ഏല്‍ക്കാന്‍ തയ്യാറല്ല എന്നതാണ് കൌതുകകരം. എന്നാല്‍, ഇവര്‍ക്കും ഇങ്ങനെ ഒരു മറുപടി മുഖേന വ്യാജകേശം തിരുകേശമാക്കാന്‍ കഴിയുമോ എന്നറിയണം! ഹദീസ് തെളിവ് ചോദിക്കുമ്പോള്‍ അതിനു പകരം അടുത്ത കാലത്ത് ജീവിച്ച സാക്ഷാല്‍ കാന്തപുരത്തെ പോലുള്ള ഒരു വ്യക്തിയെ തെളിവായി ഉദ്ദരിക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാല്ലാതെ മറ്റെന്താണ്? മുടി വളര്‍ന്നു പന്തലിക്കുമെന്നത് വിമര്‍ശകര്‍ക്കെന്ന പോലെ മുടിയനുകൂലികള്‍ക്കും പുതിയ അറിവായിരുന്നു. അതുവരെ അവരുടെ ന്യായീകരണം, പ്രവാചകന്‍ പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പ് ഇങ്ങനെ മുടി നീട്ടി വളര്‍ത്തിയിരിക്കാം എന്നതായിരുന്നുവെന്നത് തമാശയായി പറയുന്നതല്ല. കാന്തപുരത്തിന് ലഭിച്ച വ്യാജകേശത്തെ എങ്ങിനെയെങ്കിലും തിരുകേശമാക്കണം എന്ന വാശിയില്‍ നിന്നും വരുന്ന ന്യായീകരണങ്ങളായി മാത്രം നമുക്കിത് കാണാം. എന്നാല്‍ കേശം സ്വയം വളരുമെന്നും ഒരു മുടി പലതായി മാറുമെന്നും സ്വയം ചലിക്കുമെന്നുമൊക്കെ വാദിച്ച് മുടിയുടെ നീളത്തെ ന്യായീകരിക്കേണ്ടി വരുന്നത് എത്രമാത്രം അപഹാസ്യകരമാണ്! ഇദ്ദേഹത്തിന്റെ വാദം വെച്ച് എനിക്കും പറയാം, എന്‍റെ കയ്യില്‍ തിരുകേശം എത്തിയെന്ന്. അത് പെറ്റു പെരുകി തിരുമുടിക്കെട്ട് തന്നെയായിമാറിയെന്ന്! അബുദാബിയില്‍ നിന്നും ഖത്തറിലേക്ക് പറന്നെത്താന്‍ തിരുമുടിക്ക് കഴിയില്ലെന്ന് ആര്‍ക്കു തെളിയിക്കാന്‍ പറ്റും! തങ്ങള്‍ പറയുന്നതെന്തും തക്ബീര്‍ മുഴക്കി അംഗീകരിക്കുന്ന കുറച്ചാളുകളെ കണ്ടു എന്ത് വിഡ്ഢിത്തവും പറയാമെന്നാണോ? ഒരുകാര്യം സംഭവിച്ചേക്കാം. ഇനി കാന്തപുരത്തിന്റെ കയ്യിലെ ഒരു മുടിയിഴ വളര്‍ന്നു വികസിക്കും. പടര്‍ന്നു പന്തലിക്കും. മുടിപ്പള്ളികള്‍ ഇന്ത്യ മുഴുവന്‍ വ്യാപിക്കുകയും ചെയ്യും. വീണത് വിദ്യയാക്കാന്‍ ഉസ്താദിനെ ആരും പഠിപ്പിക്കേണ്ടല്ലോ!

ഇടയ്ക്ക് വെച്ച് ഒരു കാന്തപുരം അനുയായി എന്നേയും വായനക്കാരെയും മുന്നറിയിപ്പ് തന്നു 'മുള്‍മുനയില്‍' നിര്‍ത്തിയത് മറക്കാനാവില്ല. 'ഈ കഥയറിയാതെ ആട്ടം ആടിയവരും അത് കണ്ട് ആടിയവരും അല്പം കാത്തിരിക്കുക. ഈ വ്യാജ പ്രചരണത്തിന്റെ യാഥാർത്ഥ്യം അടുത്ത ദിവസം അറിയുമ്പോൾ ഈ ബ്ലോഗ് പോസ്റ്റ് നീക്കം ചെയ്യാൻ തയ്യാറാവുക. ആശംസകൾ അർപ്പിച്ച് കൂടെയാടിയവരോടും കൂടിയാണീ അറിയിപ്പ് ' ഇത് കേട്ടാല്‍ എങ്ങിനെ ഞെട്ടാതിരിക്കും. ഒരാഴ്ചയോളം ഞെട്ടിവിറച്ചു കഴിഞ്ഞ് കൂടിയത് മിച്ചം. ചില ആധികാരികതകള്‍ ഉറപ്പു വരുത്തുകയാണെന്ന് ഇടയ്ക്ക് അറിയിപ്പ് തന്നുവെന്നതൊഴിച്ചാല്‍ മറ്റൊന്നും സംഭവിച്ചില്ല. തല്‍ക്കാലം സമയക്കുറവു മൂലം മറുപടി തരുന്നില്ലത്രേ! ശ്രദ്ധേയന് അപരനെ വരെ ഉണ്ടാക്കി ഇതിനിടയില്‍ ചിലര്‍. പഠിച്ചതും പഠിക്കാത്തതുമായ സര്‍വ അടവുകളും പയറ്റിയിട്ടും മുടിയുടെ നീളം തെളിയിക്കാനോ പോസ്റ്റിന്റെ 'വ്യാജം' തെളിയിക്കാനോ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞില്ല. ഞാന്‍ സമസ്ത മെമ്പര്‍ പോലുമല്ല എന്ന് പോലും പറയേണ്ടി വന്നവര്‍ പറയാതെ പറഞ്ഞത് 'എനിക്കും ഈ മുടി തിരുകേശമാണെന്ന് ഉറപ്പില്ല' എന്നുതന്നെയാണ്.

പുതിയൊരു മറുപടി ഈ വിഷയത്തില്‍ ലഭിച്ചത് രസകരമാണ്. പരീക്ഷണ നിരീക്ഷണങ്ങള്‍ ഒരുപാട് നടത്തിയാണത്രേ ഇവര്‍ മുടിയുടെ ആധികാരികത ഉറപ്പു വരുത്തിയത്. കത്തിച്ചിട്ടും കത്താതെ ദിക്‌റ് ഹല്ഖകളില്‍ തെന്നി നീങ്ങിയത്രേ പ്രസ്തുത മുടി! കാന്തപുരത്തിന്റെ കൈയ്യിലെ ത്രിമുടിയിഴകളില്‍ ഈ പരീക്ഷണം ആവര്‍ത്തിക്കില്ലെന്ന് നമുക്കുറപ്പിക്കാം. പുതിയൊരു സ്വപ്നവും വ്യഖ്യാനവുമൊക്കെയായി പുതിയ മുടി സംഘടിപ്പിക്കാനുള്ള ബുദ്ധിമുട്ടിന് ഇനിയേതായാലും അദ്ദേഹം നില്‍ക്കുമെന്ന് തോന്നുന്നില്ല. ‍

കളവുകള്‍ പറഞ്ഞിറക്കുമ്പോഴും തെളിവുകള്‍ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. തിരുകേശത്തിനു നിഴലുണ്ടാവില്ലെന്ന ഇവരുടെ തന്നെ അവകാശവാദത്തെ തകര്‍ത്തു തരിപ്പണമാക്കുകയാണ് ദുബായിലുള്ള സുന്നീ പണ്ഡിതന്‍ അലവി അല്‍ ഹുദവി തന്റെ മൊബൈലില്‍ പകര്‍ത്തി പുറത്തു വിട്ട, ഖസ്രജിയുടെ നെഞ്ചില്‍ പതിഞ്ഞ 'തിരുനിഴലുകള്‍' ഉള്‍ക്കൊള്ളുന്ന ഫോട്ടോ.

വ്യാജകേശമെന്നു ഇനിയും സമ്മതിക്കാത്തവര്‍ക്ക് കിത്താബുകകള്‍ ഇനിയും പരതാം. പുതിയ നബ്ബാനിമാരെ തെളിവ് നിരത്താം. സ്വന്തം കണ്ണുകളെ പോലും വിശ്വാസത്തിലെടുക്കാതെ സ്വയം അന്ധത വരിച്ചവര്‍ക്ക് മുടിപ്പള്ളിയുടെ ടോക്കണ്‍ വില്പന തുടരുകയുമാവാം. പക്ഷെ, ഒടുവില്‍ നിങ്ങളില്‍ ചിലര്‍ പറഞ്ഞ പോലെ നിങ്ങളുടെ വിശ്വാസവുമായി നിങ്ങള്‍ക്ക് ജീവിക്കാമെന്നല്ലാതെ, വ്യാജകേശത്തെ തിരുകേശമെന്നു പേര് വിളിക്കാന്‍ ഒരുക്കമില്ലാത്ത ഒരുപിടിയാളുകള്‍ ഇവിടെയുണ്ട്. അവര്‍ക്ക് യുക്തിവാദിയെന്നും മുനാഫിഖെന്നും മുര്‍ത്തദ്ധെന്നും പേര് ചാര്ത്തിക്കളയരുത്. ആ വിളി കേട്ട് മൌനിയായിരിക്കാന്‍ കഴിയാത്തവരാണധികവുമെന്നതും മറക്കരുത്;
 
ഹുദവി തേടിയ സനദും കാന്തപുരത്തിന്റെ അടവും


വ്യാജകേശ വിവാദത്തെ സംബന്ധിച്ച് നാലാമതൊരു പോസ്റ്റ്‌ കൂടി എഴുതണമെന്ന് ആഗ്രഹിച്ചതേയല്ല. രണ്ടാമത് പോസ്റ്റോടു കൂടി തന്നെ ചിന്തിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ ബോധ്യമായതാണ്‌. എന്നാല്‍ സ്വന്തം ചിന്താശേഷി മറ്റുപലര്‍ക്കും പണയപ്പെടുത്തിയ ഒരു കൂട്ടര്‍ കളവുകള്‍ കൊണ്ട് പന്തല് കെട്ടുന്നത് കണ്ടപ്പോള്‍ അതൊന്നു പൊളിച്ചടുക്കാന്‍ തന്നെയാണ് തിരുനിഴല്‍ ദര്‍ശനം പ്രസിദ്ധീകരിച്ചത്. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ കഴിയില്ലെന്ന് ഇടയ്ക്ക് പലരും ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നെങ്കിലും തല്‍ക്കാലം തീരുമാനത്തില്‍ ഉറച്ചു നിന്നത്തിന്റെ കാരണം, ഉറക്കം നടിച്ചവര്‍ പോലും 'ഉണര്‍ന്നെണീറ്റു' മര്‍ക്കസിലേക്കും സിറാജിലേക്കും നിരന്തരം നിര്‍ഭയം സത്യാവസ്ഥ അന്വേഷിച്ചു ഫോണിലൂടെയും നേരിട്ടും ബന്ധപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്ന് ബോധ്യപ്പെട്ടത് കൊണ്ടായിരുന്നു. ഞാനും ഇടയ്ക്കിടയ്ക്ക് മര്‍ക്കസില്‍ വിളിച്ചു കളവുകളുടെ പുതിയ വേര്‍ഷനുകള്‍ ഇറങ്ങുന്നത് നിരീക്ഷിച്ചു വരികയായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടു മര്‍ക്കസിലേക്ക് വിളിച്ച ഒരാള്‍ക്കും സത്യസന്ധമായ മറുപടി ലഭിച്ചിട്ടുണ്ടാവില്ലെന്നു എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്. ആര്‍ക്കെങ്കിലും സംശയമുണ്ടെകില്‍ മര്‍ക്കസിലേക്ക് ഒന്നു വിളിച്ചു നോക്കണം. ഖസ്രജിയുടെ കൈവശം നീണ്ട ഒരുപാട് മുടികള്‍ ഉള്ള കാര്യം ചോദിച്ചാല്‍ നിങ്ങള്‍ക്ക് ഇപ്രകാരം മറുപടി ലഭിക്കും. "അതൊക്കെ വെറുതെ പറയുന്നതാ... ആ മുടിയും ഈ മുടിയും രണ്ടും രണ്ടാ... ഉസ്താദിന് ലഭിച്ച മുടി ഒരു വിരലിന്റെ അത്ര വലുപ്പമേ വരൂ... അതിന്റെ 'വ്യക്തമായ' സനദും ഇവിടെയുണ്ട്." വീണ്ടും നിങ്ങള്‍ ചോദ്യം ആവര്‍ത്തിച്ചാല്‍ ഉത്തരം ഇങ്ങനെ വരും. "ഖസ്രജിയുടെ കൈയ്യില്‍ എന്തൊക്കെയുണ്ടെന്നു ഞങ്ങള്‍ അന്വേഷിച്ചിട്ടില്ല." അപ്പൊ ഈ ഖസ്രജിയും സനദും തമ്മില്‍ ബന്ധമൊന്നുമില്ലേ! പ്രവാചാകന്റെത് എന്നു പറഞ്ഞു കുറേ മുടിക്കെട്ടുകള്‍ സൂക്ഷിക്കുന്ന വ്യക്തി സനദില്‍ പ്രബലനാവുന്നതെങ്ങിനെ? ഇതിനുമുണ്ട് മറുപടി "സനദ് ജനലക്ഷങ്ങളുടെ മുന്നില്‍ വെച്ച് വായിച്ചു കേള്പ്പിച്ചതാ... ഈജിപ്ത് ഗ്രാന്‍ഡ്‌ മുഫ്തി അടക്കം വേദിയില്‍ സാക്ഷികളായതാ... ഇനിയും മതിയാവാതെ നേരില്‍ കാണേണ്ടവര്‍ മര്‍ക്കസിലേക്ക് നേരിട്ട് വന്നാല്‍ മതി"

ഇത്രയും കേട്ടാല്‍ ഒരുവിധം സാധാരണക്കാര്‍ അന്വേഷണ പരിപാടി നിര്‍ത്തും. എന്നാല്‍ ചെമ്മാട് ദാറുല്‍ ഹുദായിലെ ആബിദ് ഹുദവിക്ക് അങ്ങനെ തോറ്റു കൊടുക്കാന്‍ പറ്റില്ലെന്ന് തോന്നി. കാന്തപുരം അനുയായികളായ സുഹൃത്തുക്കളോടൊപ്പം മര്‍ക്കസിലെത്തിയപാടെ ഹുദവിയെ സ്വീകരിച്ചാനയിച്ചു കൊണ്ട് പോയത് ഉസ്താദിന്റെ ബുഖാരി ദര്സിലേക്ക്. അവിടെ എത്തുമ്പോഴേക്കും ക്ലാസ് കഴിഞ്ഞു പ്രാര്‍ത്ഥന തുടങ്ങിയിരുന്നു. ഖസ്രജിയില്‍ നിന്നും ലഭിച്ച മുടിയുടെ സനദ് നേരില്‍ കാണണമെന്ന ആഗ്രഹം ഉസ്താദിനെ ദൂതന്മാര്‍ മുഖേന അറിയിച്ചപ്പോള്‍ 'വരവ് ഔദ്യോകികമാണോ'യെന്ന മറുചോദ്യമുയര്‍ന്നു. അല്ലെന്ന മറുപടി കാന്തപുരത്തിന് ദഹിച്ചില്ല. 'എന്നാല്‍ കാണിക്കേണ്ട കാര്യമില്ല' എന്ന പ്രതികരണം ഉസ്താദില്‍ നിന്നും ആബിദ് ഹുദവി പ്രതീക്ഷിച്ചു കാണില്ല. 'സനദ് കാണമെങ്കില്‍ മര്‍ക്കസിലേക്ക് വാ' എന്ന് വലിയവായില്‍ ക്ഷണിക്കുന്നവരുടെ കപടമുഖമാണ് ആ യുവപണ്ഡിതന് മുമ്പില്‍ അനാവരണം ചെയ്യപ്പെട്ടത്. വന്ന സ്ഥിതിക്ക് കണ്ടോട്ടെയെന്ന സ്വന്തം അനുഭാവിയുടെ റെക്കമെന്റിന് ഫലമുണ്ടായി. ആകാക്ഷാപൂര്‍വമായ കാത്തിരിപ്പിനൊടുവില്‍ സ്ലേറ്റിന്റെ വലുപ്പത്തിലുള്ള 'സനദിന്റെ' ഫ്രെയിംഡ് കോപ്പി കൊന്നാലും കൈവിട്ടു തരില്ലെന്ന ഭാവത്തില്‍ മുറുക്കിപ്പിടിച്ച കാന്തപുരം വായന തുടങ്ങി. വായിച്ചു തുടങ്ങിയപ്പോഴാണ് ഹുദവിക്കും സംഗതി ബോധ്യമായത്. 'സനദ് മൂയെ മുബാറക് ' എന്ന ശീര്‍ഷകത്തിലുള്ള ഉര്‍ദുവില്‍ രേഖപ്പെടുത്തിയ സാക്ഷ്യപത്രം ബറക്കാത്തി കുടുംബം കൈമാറി എന്ന് പറയപ്പെടുന്ന താടി രോമത്തിന്റെതായിരുന്നു. അത് പോലും വ്യക്തമായ സനദല്ലെന്ന് കാന്തപുരം തന്നെ സാക്ഷ്യപ്പെടുത്തിയപ്പോള്‍ ഞെട്ടാതിരിക്കാന്‍ ഹുദവിക്കാവുമോ? വ്യക്തമായത് ഉസ്താദിന്റെ കൈയ്യില്‍ തന്നെയാണത്രേ ഉള്ളത്. എങ്കില്‍ പിന്നെ എന്തിനായിരുന്നു ഒരു ഡെമോ പ്രദര്‍ശനമെന്നൊന്നും ചോദിക്കരുത്. കുഫ്റു വരും! യുക്തിവാദിയാവും!! രണ്ടാമത്തെ മുടിയുടെ സനദിന് വേണ്ടി ആവശ്യമുയര്‍ന്നപ്പോള്‍ അവിടെ നടന്നത് ആസൂത്രിതമായ നാടകം തന്നെയായിരുന്നു. വേദിയിലേക്ക് ഓടിയെത്തുന്ന സഖാഫി, "ഉസ്താതെ...രണ്ടാമതെതിന്റെ സനദ് പിന്നെ ......" എന്ന പകുതി മുറിഞ്ഞ ഡയലോഗ്, " അതെ,അതെ...അത് പിന്നെ സംശയിക്കേണ്ടതില്ല ല്ലോ ..... ജന ലക്ഷങ്ങളുടെ മുമ്പില്‍ വെച്ചല്ലേ വായിച്ചു കേള്പിച്ചത് ....അതിന്റെ സീഡിയുമുണ്ടല്ലോ .!" എന്ന മുഖവുരയോടെ കാന്തപുരത്തിന്റെ ക്ലൈമാക്സ് ഡയലോഗും, "ഹിദായത്തുള്ളവര്‍ ഇത് അംഗീകരിക്കും...... അല്ലാത്തവര്‍ക്ക് പോകാം .....

കുഫ്ര്‍ വരണ്ടല്ലോ എന്ന്‍ വിചാരിച്ചു വായിച്ചതാ......." തിരിച്ചു പോരും വഴി ഹുദവിക്ക് മര്‍ക്കസില്‍ നിന്നും ഒരു ഫോണ്‍ "രണ്ടാമത്തേത് സമ്മേളനത്തില്‍ വെച്ച് വായിച്ചത് കൊണ്ടാ..." സംഗതി ക്ലീന്‍!!

ഗ്രൂപ്പ് മെയിലില്‍ ഹുദവിയുടെ വിശദീകരണം കണ്ടപ്പോള്‍ തന്നെ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. താന്‍ മര്‍ക്കസില്‍ പോയി സനദ് കണ്ടു തൃപ്തിപ്പെട്ടെന്നത് പച്ചക്കള്ള പ്രചരണം മാത്രമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഉസ്താദിനെ കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചു കരഞ്ഞുവെന്നു പോലും ഈ മനുഷ്യനെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് ഒരുകൂട്ടര്‍.

എങ്ങിനെയുണ്ട്? സനദ് കാണാന്‍ പോയ ഒരു യുവപണ്ഡിതന്റെ അനുഭവം ഇങ്ങനെയെങ്കില്‍ സാധാരണക്കാരായ ആളുകളെ മര്ക്കസിലേക്ക് വിളിച്ചു വരുത്തുന്നതിന്റെ യുക്തിയെന്താവും? പറ്റിപ്പോയ അബദ്ധം ഇനിയെങ്കിലും സമ്മതിക്കുന്നതാണ് ബുദ്ധി. ഒരു മുടിക്ക് വേണ്ടി കെഞ്ചി വര്‍ഷങ്ങളോളം ഖസ്രജിയുടെ പുറകെ കാന്തപുരം നടന്നിരുന്നുവെന്നാണ് സഖാഫികള്‍ പാടി നടക്കുന്നത്. ആ നടത്തത്തിനിടയില്‍ ഒരിക്കല്‍ പോലും ഖസ്രജിയുടെ കൈയ്യിലെ തിരുമുടിക്കെട്ടുകളുടെ യാഥാര്‍ത്ഥ്യം അന്വേഷിക്കാന്‍ കാന്തപുരം മിനക്കെട്ടില്ല എന്ന് വിശ്വസിക്കുക പ്രയാസം തന്നെയാണ്. പിന്നെയെന്താണ് സംഭവിച്ചത്? തിരുമുടിക്കെട്ടിലെ 'മുഅജിസത്ത് - കറാമത്ത് ' കൂടുതലുള്ള നീണ്ടു വളര്‍ന്ന മുടി സ്വീകരിക്കാതിരുന്നതെന്തു കൊണ്ട്? ഒരു വിരലോളം വലുപ്പത്തിലുള്ള മുടിയെക്കാള്‍ പ്രാധാന്യം നീണ്ടു വളര്‍ന്നു കൊണ്ടിരിക്കുന്ന മുടിക്കാണെന്ന് കാന്തപുരത്തെ ആരെങ്കിലും പഠിപ്പിക്കേണ്ടതുണ്ടോ? അതോ ഞാന്‍ മുമ്പ് സൂചിപ്പിച്ച പോലെ ലഭിച്ചിരിക്കുന്നത് ഒരു 'വിത്ത് മുടി'യാണോ? അതുമല്ല, ലഭിച്ച നീണ്ട മുടി വെട്ടി ചെറുതാക്കിയാതാണോ?

വ്യക്തമാക്കേണ്ടത് കാന്തപുരം തന്നെയാണ്. ഒന്നുകില്‍ ഖസ്രജിയുടെ കൈയ്യില്‍ മുടിക്കെട്ടില്ലെന്നു പരസ്യമായി പറയണം. അതല്ലെങ്കില്‍ ആ മുടിക്കെട്ടിന്റെ നീളവും എണ്ണവും ആളുകളില്‍ ഉയര്‍ത്തിയ സംശയങ്ങളെ ദൂരീകരിക്കണം. അല്ലാതെ, തനിക്കു കിട്ടിയ മുടി നീളം കുറഞ്ഞതാണെന്നും മറ്റുള്ളവയെ കുറിച്ച് താനറിയേണ്ട എന്നുമുള്ള നിലപാട് സ്വീകരിക്കുകയല്ല അദ്ദേഹം ചെയ്യേണ്ടത്. നീണ്ടു വളര്‍ന്നു പന്തലിച്ച ആയിരക്കണക്കിന് മുടിക്കെട്ടുമായി ഇരിക്കുന്ന ഒരാളെ തനിക്കു ലഭിച്ച കുഞ്ഞു മുടിയുടെ സനദിലെ പ്രബലവ്യക്തിയായി അവതരിപ്പിക്കാനുള്ള നീക്കം എത്രമാത്രം അപഹാസ്യകരമാണെന്ന് ഉസ്താദിനെ മര്‍ക്കസിലെ കുഞ്ഞാടുകളെങ്കിലും ഒന്നു ബോധ്യപ്പെടുത്തിക്കൊടുക്കണം.

ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ കൊടുത്ത കേശത്തിന്റെ നിഴലുള്ള ഫോട്ടോ വ്യാജമാണെന്നാണ് മറ്റൊരു ആരോപണം. പച്ചക്കള്ളം എന്റെ പോസ്റ്റില്‍ മാത്രമല്ല, നാടുനീളെ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട് ഇവര്‍. മുടിപ്പള്ളിക്ക് പിരിവിനു പോകുന്നവര്‍ വല്ലാഹി കൊണ്ട് പെരുമഴ പെയ്യിക്കുന്നത് കാണുമ്പോള്‍ ഇവരോട് തെറ്റിപ്പിരിഞ്ഞ ഒരു സഖാഫിയുടെ വാക്കുകള്‍ ഓര്‍ത്തു പോവുകയാണ്. 'ഉസ്താദ് വല്ലാഹി എന്ന് പറഞ്ഞാല്‍ ആ പറഞ്ഞത് കളവാണ്, സുമ്മ വല്ലാഹി എന്ന് പറഞ്ഞാല്‍ പച്ചക്കള്ളവും!'.

ഇത്രമാത്രം വിവാദം മുടിവിഷയത്തില്‍ ഉണ്ടായിട്ടും സമ്മേളനത്തില്‍ വായിച്ച 'ഖസ്രജി കുടുംബ സനദിനപ്പുറം' വ്യക്തമായ ഒരു രേഖയും ഹാജരാക്കാന്‍ മുടിവാദികള്‍ക്ക് കഴിയാത്തത് അവരുടെ പരാജയം തന്നെയാണ് വിളിച്ചു പറയുന്നത്. നാളെ മരണത്തെ അഭിമുഖീകരിക്കണം എന്ന ചിന്ത പോലും ഇക്കൂട്ടര്‍ക്ക് നഷ്ടമായിരിക്കുന്നു. മുടിയുടെ എണ്ണവും നീളവും വ്യക്തമാക്കുന്ന ഫോട്ടോകള്‍ കള്ളമാണെന്ന് പ്രചരിപ്പിച്ച്, ഖസ്രജിയുടെ വസ്ത്രത്തില്‍ നിഴല്‍ പതിക്കുന്ന ചിത്രം ഞാന്‍ നിര്‍മ്മിച്ചതാണെന്ന ആരോപണം ഉന്നയിച്ച് പറഞ്ഞു പോയ കളവുകള്‍ക്ക് മേലെ പുതിയ കളവുകള്‍ ഏച്ചുകെട്ടി മുടിപ്പള്ളിയുടെ ടോക്കണ്‍ വില്‍ക്കാന്‍ വേണ്ടി നാടു നീളെ ഓടിനടക്കുന്നതിനിടയില്‍ ഒരുനിമിഷം ചിന്തിക്കുക; വിയര്‍പ്പില്‍ കുളിക്കുന്ന പരലോക മൈതാനിയില്‍ നഫ്സി നഫ്സീയെന്ന വിളിക്കപ്പുറം പ്രവാചക തിരുമേനിയുടെ ശഫാഅത്ത് ചോദിക്കാന്‍ പോലും അര്‍ഹതയില്ലാതെ, പ്രവാചകരെ കുറിച്ച് കള്ളം പറഞ്ഞ് നരകത്തീയില്‍ സീറ്റൊരുക്കിയവരില്‍ നിങ്ങളും പെട്ടുപോയിട്ടുണ്ടോയെന്ന്! എങ്കില്‍ അന്ന് നിങ്ങള്‍ക്ക് വേണ്ടി വാദിക്കാന്‍, പുതിയ കളവുകള്‍ പഠിപ്പിക്കാന്‍ നിങ്ങളോടൊപ്പം കാന്തപുരം കാണില്ല, പ്രൊജക്ടര്‍ സ്ക്രീനുകളുമായി സഖാഫിമാരും ഉണ്ടാവില്ല!

No comments:

Post a Comment