Monday, April 30, 2012

യന്തിരന്മാര്‍ കാര്‍ നിര്‍മിക്കുമ്പോള്‍


കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനെതിരെ കമ്മ്യൂണിസ്റ്റുകാര്‍ രംഗത്തുണ്ടായിരുന്നു ഒരുകാലത്ത്. ട്രാക്ടറുകളെയും അവര്‍ എതിര്‍ത്തു. ശരിയായ നയപരിപാടികളില്ലാതെ നടപ്പാക്കുന്ന യന്ത്രവല്‍ക്കരണ പരിപാടികളെയാണ് യഥാര്‍ത്ഥത്തില്‍ അന്ന് അവര്‍ എതിര്‍ത്തത്. സാമൂഹികമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിച്ചുവേണം ഇത്തരം നടപടികളിലേക്കു വരാന്‍ എന്നായിരുന്നു ആവശ്യം. ഇന്ന് പക്ഷെ സാഹചര്യങ്ങള്‍ മാറി. കൊടിയ വേഗതയില്‍ മുന്നേറിയ കമ്പ്യൂട്ടര്‍വല്‍ക്കരണം സമൂഹത്തെ ആകമാനം മാറ്റിത്തീര്‍ത്തു. യന്ത്രവല്‍ക്കരണം അതിദ്രുതം മുന്നേറുകയാണ് രാജ്യത്ത്.

ഇന്ത്യയില്‍ ഏറ്റവുമധികം വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യവസായമാണ് ഓട്ടോമൊബൈല്‍ വ്യവസായം. വേഗത്തിലുള്ള ഈ വ്യവസായിക വളര്‍ച്ചയ്ക്കുവേണ്ടി ഏറ്റവുമധികം കെടുതിയനുഭവിക്കുന്നത് തൊഴിലാളികളാണെന്ന് പറയേണ്ടി വരും. ഇതിനുള്ള പ്രത്യക്ഷ ഉദാഹരണങ്ങളാണ് നിരവധി കാര്‍ പ്ലാന്‍റുകളില്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ തൊഴില്‍ ചൂഷണങ്ങളും അതെത്തുടര്‍ന്നുണ്ടാകുന്ന സമരങ്ങളും. മാരുതി സുസുക്കിയുടെ മനെസര്‍ പ്ലാന്‍റില്‍ നടന്ന സമരമാണ് ഇതില്‍ ഏറ്റവുമേറെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഹ്യൂണ്ടായ്, ബോഷ്, ജനറല്‍ മോട്ടോഴ്സ് തുടങ്ങിയ കമ്പനികളുടെ പ്ലാന്‍റുകളും തൊഴിലാളി സമരങ്ങള്‍ മൂലം സ്തംഭിക്കുകയുണ്ടായി.

തൊഴിലാളികള്‍ക്കു പകരം റോബോട്ടുകളെ ഉപയോഗിക്കുക എന്ന മാര്‍ഗ്ഗമാണ് കാര്‍ കമ്പനികള്‍ ഇപ്പോള്‍ അവലംബിക്കുന്നത്. ചെന്നൈയിലെ ശ്രീപെരുംപദൂരില്‍ ഹ്യൂണ്ടായ് പ്ലാന്‍റ് അതിവേഗം റോബോട്ട്‍വല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഓട്ടോവിപണിയുടെ ഒരു പരിച്ഛേദമാണ്. വ്യാവസായികമായ വളര്‍ച്ചയെ ഈ റോബോട്ട്‍വല്‍ക്കരണം സൂചിപ്പിക്കുമ്പോഴും ചൂഷണങ്ങളുടെ കഥകള്‍ അവയ്ക്കു പിന്നില്‍ ചീഞ്ഞുനാറുന്നു.

മൊത്തം 8,500 തൊഴിലാളികളാണ് ഹ്യൂണ്ടായ് പ്ലാന്‍റിലുള്ളത്. ഇതില്‍ 1500 പേര്‍ മാത്രമാണ് സ്ഥിരം തൊഴിലാളികള്‍. ബാക്കി 7000 പേര്‍ കരാര്‍ തൊഴിലാളികളാണ്. ഇന്ത്യയിലെ എല്ലാ ഓട്ടോ കമ്പനികളും പിന്തുടരുന്ന നയമാണിത്. ഈ മനുഷ്യശക്തിക്കു പുറമെയാണ് റോബോട്ടുകളുടെ ഉപയോഗം. റോബോട്ടുകളുടെ എണ്ണം മനുഷ്യശക്തിയെ കവച്ചുവെക്കുന്ന രീതിയില്‍ വളര്‍ത്തുക എന്ന അഭിപ്രായം പൊതുവില്‍ ഈ രംഗത്ത് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവഴി മനുഷ്യവിഭവത്തിന്‍റെ ഇപയോഗം കുറയ്ക്കാന്‍ കഴിയും എന്നതും സമരങ്ങളും മറ്റും നിയന്ത്രിക്കാന്‍ കഴിയും എന്നതുമെല്ലാം നേട്ടത്തിന്‍റെ പട്ടികയില്‍ പെടുത്താം.

ഹോണ്ട സീല്‍ ഈ വഴിയില്‍ ഏറെ മുമ്പോട്ടുപോയിക്കഴിഞ്ഞു. ഏതാണ്ട് 55 ശതമാനം ജോലികളും ഓട്ടോമേറ്റഡാണ് ഹോണ്ടയില്‍. മാരുതി സുസുക്കിയുടെ മനെസര്‍ പ്ലാന്‍റ് ഇത്തരത്തില്‍ വലിയ തോതില്‍ റോബോട്ട് വല്‍ക്കരണം നടന്നുകൊണ്ടിരിക്കുന്ന പ്ലാന്‍റാണ്. 

ഫോര്‍ഡ് ഇന്ത്യ പുറത്തിറക്കുന്ന ഫിഗോ ഹാച്ച്ബാക്കിന് ഡിമാന്‍റ് വര്‍ധിച്ചപ്പോള്‍ റോബോട്ടുകളെക്കൊണ്ടാണ് പരിഹാരം കണ്ടത്തിയത്. 90 റോബോട്ടുകളെയാണ് ഇതിനായി ഫോര്‍ഡ് പ്ലാന്‍റില്‍ സ്ഥാപിച്ചത്. റോബോട്ടുകളെ അസിസ്റ്റ് ചെയ്യാനുള്ള കുറച്ച് മനുഷ്യശേഷിയെ മാത്രമാണ് ഫിഗോയ്ക്കുവേണ്ടി ഫോര്‍ഡിന് വിലയ്ക്കെടുക്കേണ്ടി വന്നത്.

ഓട്ടോമേഷന്‍ ദ്രുതഗതിയില്‍ നടക്കുന്നതിന്‍റെ ഭാഗമായി ഉണ്ടാകുന്ന തൊഴില്‍നഷ്ടം ഏറെയാണ്. കരാര്‍ തൊഴിലാളികളെ വളരെ എളുപ്പത്തില്‍ കമ്പനികള്‍ക്ക് പറഞ്ഞുവിടാനാവുന്നുണ്ട്. എന്നാല്‍ സ്ഥിരം തൊഴിലാളികളെയും ഇത് ബാധിച്ചു തുടങ്ങുമ്പോള്‍ സമരങ്ങള്‍ തുടങ്ങുന്നു. ബങ്കളുരു ബോഷില്‍ ഈയിടെയുണ്ടായ സമരങ്ങള്‍ ഇത്തരത്തില്‍ ഉരുവം കൊണ്ടവയാണ്.

ഈ വിഷയം ഓട്ടോമേഖലയില്‍ തൊഴിലെടുക്കുന്ന രണ്ട് ലക്ഷത്തിലധികം വരുന്ന തൊഴിലാളികള്‍ കടുത്ത ആശങ്കകളാണ് ഉയര്‍ത്തിയിരിക്കുന്നത്. അതിവേഗം നടക്കുന്ന യന്ത്രവല്‍ക്കരണം കമ്പനി മാനേജുമെന്‍റുകളുമായുള്ള പ്രശ്നങ്ങളില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നതായി തമിഴ്നാട് സി ഐ ടി യു ജനറല്‍ സെക്രട്ടറി എ സൗന്ദരരാജന്‍ പറയുന്നു. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ട് പകരം യന്ത്രങ്ങള്‍ സ്ഥാപിക്കുന്നത് വലിയ ആശങ്കയാണ് പടര്‍ത്തുന്നതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിളിലെ യൂണിയന്‍ നേതാവ് ഹര്‍ജീത് ഗ്രോവര്‍ ചൂണ്ടിക്കാട്ടുന്നു.

റോബോട്ടുകളെ നിയന്ത്രിക്കാനുള്ള മനുഷ്യ വിഭവങ്ങളുടെ എണ്ണത്തിലും വര്‍ഷം ചെല്ലും തോറും കുറവ് വരുന്നുണ്ട്. പുതിയ സാങ്കേതികതകള്‍ വരുന്നതോടെ ഈ വഴിക്കും തൊഴില്‍ നഷ്ടം വരുന്നു. മുന്‍പ് ഒരു മെഷീന്‍ നിയന്ത്രിക്കാന്‍ ഒരാള്‍ എന്ന അനുപാതത്തിലായിരുന്നു സാങ്കേതിക സൗകര്യങ്ങള്‍ അനുവദിച്ചിരുന്നതെങ്കില്‍ ഇന്നത് പത്ത് മെഷീനുകള്‍ക്ക് ഒരാള്‍ എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. യൂണിവേഴ്സിറ്റി ഓഫ് ഉല്‍സാനിലെ സോഷ്യോളജി പ്രഫസറായ ഹ്യൂം ജെ ജോ ഹ്യൂണ്ടായിയുടെ വളര്‍ച്ചയുടെ പിന്നിലെ രഹസ്യമായി ചൂണ്ടിക്കാട്ടുന്നതും ഓട്ടോമേഷനെയാണ്. ഈയടുത്ത കാലത്ത് കമ്പനിക്കുണ്ടായ വളര്‍ച്ചയുടെ അടിസ്ഥാനം മനുഷ്യവിഭവത്തെ ഒഴിവാക്കിയതിനാലാണെന്ന് അദ്ദേഹം പറയുന്നു.

No comments:

Post a Comment