Monday, April 30, 2012

ലൈഫ് എലിമിനേറ്റഡ് അഥവാ ചീപ്പ്‌ലി ലൈവ്


വര്‍ഷങ്ങളായി ഏഷ്യാനെറ്റില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ സംപ്രേഷണം ചെയ്തുവരുന്ന സ്റ്റാര്‍ സിങ്ങര്‍ എന്ന പാട്ടുറിയാലിറ്റി ഷോ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറുന്നു. പൊന്നുംവിലയുള്ള ആ പ്രൈംടൈമിനെ ലക്ഷ്യംവച്ചുതന്നെയാവണം, മറ്റൊരു പടം കളിച്ചുതുടങ്ങിയിരിക്കുന്നു - 'സിറ്റി ഗേള്‍സ്' എന്ന റിയല്‍ - റിയല്‍ ഷോ. കടിച്ചുകൊണ്ടിരുന്നതിനേക്കാളും വലുത് അളയിലാണിരുന്നിരുന്നതെന്ന് ആദ്യത്തെ തലനീട്ടലില്‍ത്തന്നെ പ്രതിലോമപരതയില്‍ നീലിപ്പിച്ചുഞെട്ടിച്ചുകൊണ്ട് ചാനല്‍ മാടമ്പി തെളിയിക്കുന്നു. അല്ലെങ്കില്‍ത്തന്നെ കടിച്ചതില്‍‌ക്കുറഞ്ഞ എന്തിനോടാണ് അസംഖ്യം സാംസ്കാരികവാസുകിമാര്‍ ഊതിക്കേറ്റിയ വിഷത്തില്‍ ഇതിനോടകം അരാഷ്ട്രീയപ്രതിരോധമാര്‍ജ്ജിച്ചുകഴിഞ്ഞ കേരളത്തിന്റെ സാംസ്കാരികശരീരം പ്രതികരിക്കാന്‍ പോകുന്നത്?
പരിപാടിയുടെ തിരക്കഥ കണ്ടിടത്തോളം ഇങ്ങനെയാണ്. പത്തുപെണ്‍കുട്ടികളെ (സുന്ദരിമാര്‍ എന്നു നാഴികയ്ക്കു നാല്‍പ്പതുവട്ടം പറയുന്നുണ്ട്, കാണുന്നവര്‍ക്കു തോന്നുന്ന ജുഗുപ്സയെ പറഞ്ഞു സമാധാനിപ്പിക്കുന്ന പോലെ. നഗരസുന്ദരികള്‍ എന്ന പേരില്‍ അവതരിപ്പിക്കുന്ന പെണ്‍കുട്ടികളുടെ പ്രതിനിധാനമാകട്ടെ തീര്‍ത്തും വ്യാജവുമാണ്) വയനാട്ടിലെ മുത്തങ്ങ വനത്തിനുള്ളിലെ ചെട്ട്യാലത്തൂര്‍ എന്ന ആദിവാസികള്‍ ഭൂരിപക്ഷമുള്ള ഗ്രാമത്തിലേക്കു വിടുന്നു. രണ്ടുപേര്‍ വീതമുള്ള അഞ്ചുഗ്രൂപ്പുകള്‍ അഞ്ചുവീടുകളില്‍ രാപാര്‍ത്ത് അഞ്ഞൂറോളം വരുന്ന ഗ്രാമവാസികളുമായി സഹവസിച്ച് എപ്പിസോഡ് എപ്പിസോഡായി ജീവിതം പഠിക്കുന്നു. അവിടെയൊക്കെ തുടിച്ചുകളിക്കുന്ന ഇന്ത്യയുടെ ആത്മാവിനെ, കാട്ടാന, കാട്ടുതീ, കരിമ്പുലിയെയൊന്നും കൂസാതെ കാട്ടുപോത്ത് കരടി കടുവകള്‍ നേര്‍ക്കുവരുന്നതു പേടിക്കാതെ അന്വേഷിച്ചു കണ്ടെത്തി ഏറ്റവും കൂടുതല്‍ അടിച്ചുകൂട്ടി സഞ്ചിയിലാക്കുന്ന പെങ്കൊച്ചിന് സമ്മാനം കിട്ടുന്നു.
ഓലമറ പോലുമല്ലാതെ പഴയ സാരിയും പ്ലാസ്റ്റിക്‍ ചാക്കും കൊണ്ടുമറച്ച കുഴിക്കക്കൂസ് കണ്ട് (വെസ്റ്റേണും 'ആര്‍ഷഭാരത'രീതിയും അല്ലാതെ അങ്ങനൊരു രീതി ഇന്നും നടപ്പുണ്ട് പലേടത്തും. പണ്ട് ബഷീറിന്റെ കുഞ്ഞുപാത്തുമ്മയ്ക്ക് നിസാര്‍ അഹമ്മദ് ഉണ്ടാക്കിക്കൊടുത്തത്. മലയാളസാഹിത്യത്തിലെ, ലോകത്തിലേക്കും എന്നുതന്നെ പറയാം, ഏറ്റവും ഉപകാരപ്രദമായ പ്രേമോപഹാരം) ഓക്കാനിച്ച്, ചാണകക്കുഴിക്ക് മുമ്പില്‍ മൂക്കുപൊത്തി, മടങ്ങുമ്പോള്‍ ഒരുത്തിപറയുന്നു, "ഇതില്‍നിന്നൊരു പെര്‍ഫ്യൂമുണ്ടാക്കിയാല്‍ എങ്ങനെയിരിക്കും...?" വാതിലിനു വെളിയിലേക്ക് കാലെടുത്തുവച്ചാല്‍ അപ്പിചവിട്ടാതെ നടക്കല്‍ മുക്കാലും അസാദ്ധ്യമായ ഉത്തരേന്ത്യയില്‍ നിന്നാണത്രേ ഈ കൊച്ചിന് ചാനല്‍വിളികിട്ടി വന്നത്.
ഏഷ്യാനെറ്റിലെ പുതിയ റിയാലിറ്റി ഷോയായ സിറ്റി ഗേള്‍സില്‍ നിന്ന്
മനുഷ്യരെ അറിയിച്ചും അറിയിക്കാതെയും യഥാര്‍ത്ഥ ജീവിതദൃശ്യങ്ങളെ ആവിഷ്കരിക്കുന്ന ടെലിവിഷന്‍ പരിപാടികള്‍ പലതുമുണ്ടാവുന്നുണ്ട്. വിദേശ ടെലിവിഷന്‍ പരിപാടികളില്‍ നിന്ന് ആശയം കടംകൊണ്ടവ. സൂര്യ ടിവിയില്‍ മുന്‍പുണ്ടായിരുന്ന 'തരികിട' ഇക്കൂട്ടത്തിലെ പോപ്പുലര്‍ ഷോ ആയിരുന്നു. ഇത്തിരിപ്പോന്ന കുസൃതികളിലും പറ്റിക്കലുകളിലും ഒതുങ്ങിനിന്നതുകൊണ്ടാവാം (അതും വ്യക്തിസ്വാതന്ത്ര്യലംഘനം എന്ന നിലയ്ക്ക് കോടതി കയറാവുന്നതായിരുന്നു) ആ പരിപാടി എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും വര്‍ഷങ്ങളോളം തുടര്‍ന്നു.
ഒളിക്യാമറ വച്ച് കാണിക്കുന്ന ജീവിതദൃശ്യങ്ങളേക്കാള്‍ നാടകീയമാണ് യഥാര്‍ത്ഥ അനുഭവം എന്ന മട്ടില്‍ ചിത്രീകരിക്കുന്ന റിയാലിറ്റി ഷോകളിലെ അഭിനയ മുഹൂര്‍ത്തങ്ങള്‍. ഇന്നിപ്പോള്‍ പരമ്പരാഗത പരിപാടികള്‍ തന്നെയും സ്റ്റുഡിയോ ദൃശ്യങ്ങളില്‍ നിന്നുമാറി വാതില്‍പ്പുറങ്ങളിലേക്ക് പോയിക്കഴിഞ്ഞു. സീരിയലുകള്‍ പോലെതന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായ പാചകപരിപാടികളാണ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമെന്നു തോന്നുന്നു. പാട്ടുഷോകളും 'കോടീശ്വര'ചൂതുകളും സ്റ്റുഡിയോദൃശ്യങ്ങള്‍ക്കൊപ്പം മത്സരാര്‍ത്ഥികളുടെ ജീവിതക്കാഴ്ചകളും മത്സരിച്ചുകാണിക്കുന്നുണ്ടല്ലോ.
"ജീവിതവൈചിത്ര്യങ്ങളെ കാര്‍നിവല്‍കാഴ്ചയാക്കി മാറ്റിയ കൈരളി ടിവിയിലെ 'വേറിട്ട കാഴ്ച'കളും അമൃതാ ടിവിയിലെ കഥയല്ലിതു ജീവിതം എന്ന ചാനല്‍വിചാരണയും സാധാരണക്കാരായ മനുഷ്യരുടെ അതിജീവനങ്ങളെ, ദുരന്തങ്ങളെ, 'പിഴ'കളെ എങ്ങനെ അരാഷ്ട്രീയ-വലതുപക്ഷ രസാനുഭവമാക്കാം എന്നു മുന്‍പുതന്നെ കാണിച്ചുതന്നിട്ടുണ്ട്. കൃത്രിമമായ സഹാനുഭൂതിയുടെ, ജീവിതപരിവര്‍ത്തനത്തിന്റെ, ചാരിറ്റബിള്‍ മുഖംമൂടിക്കകത്ത് തന്ത്രപരമായാണ് ചില നല്ല ശമരിയാക്കാരുടെ കാര്‍മ്മികത്വത്തില്‍ ഈ ജ്ഞാനസ്നാനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്."
ജീവിതവൈചിത്ര്യങ്ങളെ കാര്‍നിവല്‍കാഴ്ചയാക്കി മാറ്റിയ കൈരളി ടിവിയിലെ 'വേറിട്ട കാഴ്ച'കളും അമൃതാ ടിവിയിലെ കഥയല്ലിതു ജീവിതം എന്ന ചാനല്‍വിചാരണയും സാധാരണക്കാരായ മനുഷ്യരുടെ അതിജീവനങ്ങളെ, ദുരന്തങ്ങളെ, 'പിഴ'കളെ എങ്ങനെ അരാഷ്ട്രീയ-വലതുപക്ഷ രസാനുഭവമാക്കാം എന്നു മുന്‍പുതന്നെ കാണിച്ചുതന്നിട്ടുണ്ട്. കൃത്രിമമായ സഹാനുഭൂതിയുടെ, ജീവിതപരിവര്‍ത്തനത്തിന്റെ, ചാരിറ്റബിള്‍ മുഖംമൂടിക്കകത്ത് തന്ത്രപരമായാണ് ചില നല്ല ശമരിയാക്കാരുടെ കാര്‍മ്മികത്വത്തില്‍ ഈ ജ്ഞാനസ്നാനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. മതാത്മകവും യുക്തിരഹിതവും സര്‍വ്വോപരി സ്ത്രീപക്ഷനീതിയെ യാഥാസ്ഥിതിക മൂല്യങ്ങളില്‍ നിന്നുകൊണ്ട് അട്ടിമറിക്കുന്നതുമായ ഒരു വെളുത്ത വിഷമാണ് ഇക്കൂട്ടത്തിലെ 'കഥയല്ലിതു ജീവിതം' എന്ന പരിപാടി.
പക്ഷേ മുന്‍ഗാമികള്‍ പൊതുവെ പിന്‍പറ്റിയ യാഥാസ്ഥിതികമായ പൊതുബോധത്തെ, ജെന്‍ഡര്‍ മൊറാലിറ്റിയെ, അവതരണത്തിന്റെ സ്ഥല-കാല പരിസരങ്ങളെ, നിഷേധിക്കുകയും കാഴ്ചയുടേത് മാത്രമായ പ്രത്യക്ഷതലത്തില്‍ അട്ടിമറിക്കുകകൂടിയും ചെയ്യുന്നുണ്ട് ഈ 'സിറ്റിഗേള്‍സ്'. അതുവഴി ഉപരിപ്ലവമായ പുതുമയെ പരിചയപ്പെടുത്തുകയും, അതേസമയം മുന്‍ഗാമികളുടെ കാര്യത്തില്‍ ഒരു അവയവം മാത്രമായിരുന്ന രാഷ്ട്രീയ-സാംസ്കാരിക ഉദാസീനതകള്‍ പൂര്‍ണ്ണരൂപം പ്രാപിച്ച അരാഷ്ട്രീയതയായി, ഒരു മൊത്തം കാഴ്ചാശരീരമായി, മാറുകയും ചെയ്യുന്നു ഇവിടെ.
ഭാഷയിലോ ഭാവത്തിലോ നീതിയുടെയും മനുഷ്യത്വത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും ഗ്രൂമിങ്ങുകളൊന്നും കൂടാതെ ഒരു ക്രൂ ഒരുകൂട്ടം ജനങ്ങളുടെ മേല്‍ ജഡ്ജ്മെന്റും എലിമിനേഷനും നടപ്പാക്കുന്നു. മുന്‍ മലയാള റിയാലിറ്റി ഷോകള്‍ എലിമിനേഷനും ജഡ്ജ്‌മെന്റും പങ്കെടുക്കുന്നവര്‍ക്കിടയില്‍ പരിമിതപ്പെടുത്തുമ്പോള്‍ ഇവിടെ പങ്കെടുക്കുന്നവര്‍ അവരുടെ വേദികളാക്കി മനുഷ്യരെ ഉപയോഗിക്കുകയും അവര്‍ക്കിടയില്‍ വീണ്ടുമൊരുഎലിമിനേഷന്‍ പ്രോസസ്, സമ്മാനങ്ങളോ എസ്സെമ്മെസ്സുകളോ കയ്യടികളോ ഇല്ലാത്ത ഏകപക്ഷീയമായ എലിമിനേഷന്‍, നടപ്പിലാക്കുകയും ചെയ്യുന്നു. നിര്‍ഭാഗ്യരിലെ ഭാഗ്യശാലികള്‍ ചാരിറ്റിക്ക് അര്‍ഹതനേടുന്നതുപോലെ കീഴാളജീവിതത്തില്‍ ഉള്‍ച്ചേര്‍ന്ന ദൌര്‍ഭാഗ്യപരമ്പരകള്‍ക്കിടയില്‍ ചില 'ഭാഗ്യ'ശാലികളെ പങ്കെടുക്കുന്ന ഈ പത്ത് പെണ്‍കുട്ടികള്‍ അവരുടെ ദാക്ഷിണ്യപൂര്‍വ്വമായ ലാളനകള്‍ക്ക് വിധേയരാക്കുന്നു.
"ദൃശ്യങ്ങളുടെ തനിക്കാഴ്ചയല്ല, ശ്രദ്ധാപൂര്‍വ്വം ഒഴിവാക്കപ്പെട്ട ദൃശ്യങ്ങളുടെ അഭാവമാണ് നമ്മുടെ മുന്നില്‍ അവതരിപ്പിക്കപ്പെട്ട ഒരു റിയാലിറ്റി ഷോയെ അതാക്കിമാറ്റുന്നത്. എന്തൊഴിവാക്കപ്പെട്ടു എന്നതിനാണ്, എന്ത് ഉള്‍പ്പെടുത്തി എന്നതിനേക്കാളും, രാഷ്ട്രീയമായ പ്രസക്തി. അവതരണങ്ങള്‍ വാസ്തവക്കാഴ്ചകളുടെ പീപ് വീഡിയോ വിഭവമാവുമ്പോള്‍ 'സിറ്റി ഗേള്‍സ്' പോലുള്ള 'പൂര്‍ണ്ണജീവിത'ഷോകള്‍ പൂര്‍ണ്ണമായും വ്യാജമാകുന്നു. മുന്‍ഗാമികളുടെ കാര്യത്തില്‍ ഒരു അവയവം മാത്രമായിരുന്ന രാഷ്ട്രീയ-സാംസ്കാരിക ഉദാസീനതകള്‍ പൂര്‍ണ്ണരൂപം പ്രാപിച്ച അരാഷ്ട്രീയതയായി, ഒരു മൊത്തം കാഴ്ചാശരീരമായി, മാറുകയും ചെയ്യുന്നു ഇവിടെ."
ദളിത് ജീവിതാവസ്ഥകളെ ഇത്രയും പ്രതിലോമകരമായി ചിത്രീകരിച്ച മറ്റൊരു പരിപാടിയും മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ല. കീഴാളരെക്കൊണ്ട് ഭീകരമായ അരാഷ്ട്രീയതയും കീഴാളവിരുദ്ധതയും വിളമ്പിച്ച് കീഴാളപ്രേക്ഷകരെക്കൊണ്ടുതന്നെ വാപൊത്തിച്ചിരിപ്പിക്കുന്ന ചാനല്‍ കോമഡി പരിപാടികളിലേതുപോലെ ഒരു രംഗമോ സന്ദര്‍ഭമോ അല്ല, ഒരു പരിപാടി മൊത്തത്തില്‍ കീഴാളവിരുദ്ധതയെ അടിസ്ഥാനമാക്കി നിര്‍മ്മിക്കുകയാണ് ഇവിടെ. അതിന്റെ ഏറ്റവും വലിയ തന്ത്രം, ബലം, അതിലെ പ്രത്യക്ഷത തന്നെയാണ്.
സാമാന്യബുദ്ധിയുള്ള ഏതു പ്രേക്ഷകനും മനസ്സിലാകുന്നതാണ് ഇതിലെ മനുഷ്യനിന്ദ. ഒന്നും ഒളിക്കാതെ ആര്‍ക്കും മനസ്സിലാകുന്ന വിധത്തില്‍ അരങ്ങേറുന്ന സാംസ്കാരികകുറ്റകൃത്യങ്ങള്‍ വിമര്‍ശങ്ങളെ തീര്‍ത്തും അപ്രസക്തമാക്കുന്നു. മനുഷ്യന്‍ മനുഷ്യന് പ്രദര്‍ശനവസ്തുവാകുന്ന കോളനിക്കാലത്തിന്റെ ഈ ചാനല്‍പ്പതിപ്പിനെക്കുറിച്ചുള്ള വിമര്‍ശനം പോലും സ്വയം പുച്ഛം തോന്നിപ്പിക്കുന്നുണ്ട്.
തന്റെ പിന്നില്‍ ക്യാമറയുണ്ടെന്നറിഞ്ഞുകൊണ്ട് 'പെരുമാറു'ന്ന വ്യക്തി അഭിനേതാവുതന്നെയാണ്. അടുത്തകാലത്ത് ഏറ്റവും ആകര്‍ഷകമായ വായനാവിഭവങ്ങളാകുന്ന ആത്മകഥനങ്ങളിലും സംഭവവിവരണങ്ങളിലും ഏറിയോ കുറഞ്ഞോ ഇതേ അഭിനേതാവുതന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. ദൃശ്യങ്ങളുടെ തനിക്കാഴ്ചയല്ല, ശ്രദ്ധാപൂര്‍വ്വം ഒഴിവാക്കപ്പെട്ട ദൃശ്യങ്ങളുടെ അഭാവമാണ് നമ്മുടെ മുന്നില്‍ അവതരിപ്പിക്കപ്പെട്ട ഒരു റിയാലിറ്റി ഷോയെ അതാക്കിമാറ്റുന്നത്. എന്തൊഴിവാക്കപ്പെട്ടു എന്നതിനാണ്, എന്ത് ഉള്‍പ്പെടുത്തി എന്നതിനേക്കാളും, രാഷ്ട്രീയമായ പ്രസക്തി. അവതരണങ്ങള്‍ വാസ്തവക്കാഴ്ചകളുടെ പീപ് വീഡിയോ വിഭവമാവുമ്പോള്‍ 'സിറ്റി ഗേള്‍സ്' പോലുള്ള 'പൂര്‍ണ്ണജീവിത'ഷോകള്‍ പൂര്‍ണ്ണമായും വ്യാജമാകുന്നു. (ഇതിന് സിനിമക്കകത്തുള്ള സാദ്ധ്യതകളാണ് "തത്സയം ഒരു പെണ്‍കുട്ടി" എന്ന ചിത്രം. ഒരു പെണ്‍കുട്ടിയെ, അവളുടെ ദൈനംദിനജീവിതത്തെ, ഇടവേളകളില്ലാതെ പിന്തുടര്‍ന്ന് അത് ടെലവിഷനിലൂടെ കാണിക്കുന്ന ഒരു ചാനലിന്റെ കഥ).
സാധാരണ മനുഷ്യരെ സംബന്ധിച്ച് ക്യാമറയില്‍പ്പെടുക എന്നത് ഒരു അമൂല്യാനുഭവമാണ്. ഇവിടെ അതിലും നിസ്സഹായമായ രീതികളില്‍ ജീവിക്കുന്ന മനുഷ്യരാകട്ടെ, ക്യാമറയെ അധികാരത്തോടും അറിവിനോടുമുള്ള ഭയബഹുമാനങ്ങള്‍ കലര്‍ന്ന മാനസികാവസ്ഥയോടെയാണ് നേരിടുന്നത്. തങ്ങളുടെ വീടുകളിലേക്ക് 'അമ്മേ'യെന്ന് നാടകീയമായി അഭിനയിച്ചുവിളിച്ച് 'അതിക്രമിച്ചു' കയറുന്ന പെണ്‍കുട്ടികളെ ആദ്യം തടയാന്‍ തന്നെ ശ്രമിക്കുന്നു, ഒരു വീട്ടമ്മ. തങ്ങളെ, തങ്ങളുടെ വീട്ടുകാഴ്ചകളെ എങ്ങനെ ഉപയോഗിക്കുന്നു എന്ന മുന്‍സൂചനകള്‍ കിട്ടിയിട്ടില്ലാത്ത, എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ത്തന്നെ ഒന്നും മനസ്സിലായിട്ടില്ലാത്ത ഒരു സ്ത്രീയുടെ പകപ്പാണ് അവരുടെ മുഖത്തുള്ളത്. പിന്നീട് സന്ദര്‍ഭത്തോട് അനുസരണപ്പെട്ട് അവരുടെ ആചാരമനുസരിച്ച് വിളക്കുകൊളുത്തി ആ പാവം 'അതിഥി'കളെ സ്വീകരിക്കുന്നു. തങ്ങളുടെ ഗതികേടിനെ 'നാട്ടുമ്പുറം നന്മകളാല്‍ സമൃദ്ധം' എന്ന മട്ടില്‍ കാല്‍പ്പനികമായിട്ടല്ല അതനുഭവിക്കുന്ന ഭൂരിപക്ഷംപേരും കരുതുന്നത്. വന്നുപോകുന്നവനാണ് അത് കലര്‍പ്പില്ലാത്ത 'ഓര്‍ഗാനിക്‍ ജീവിത'മായി കൊട്ടിപ്പാടുന്നത്. ചെട്ട്യാലത്തൂരിലെ മനുഷ്യര്‍ ഈ പരിപാടിയില്‍ ഇങ്ങനെ പറയുന്നുണ്ട്:
"കാര്യം നിങ്ങള് പറയുന്ന പോലെ നല്ല നാടാണ്, ഭംഗിയാണ്... പക്ഷേ ഓരോ മണിക്കൂറു കഴിയുമ്പോഴും ആരൊക്കെ ബാക്കിയുണ്ടാവും എന്ന് അറിയാന്‍ പാടില്ലാത്ത ജീവിതമാണ്".
മറ്റൊരാള്‍ ഇങ്ങനെ പറയുന്നു:
"നഗരത്തിന്റെ യാതൊരു കളങ്കവും പറ്റാത്ത യഥാര്‍ത്ഥ ഗ്രാമം എന്നൊക്കെ പറയാം. അല്ലെങ്കില്‍ പതിനെട്ടാം നൂറ്റാണ്ടിലെ ഒരു ഗ്രാമം എന്നും പറയാം."
നമുക്കറിയാം, ഇവര്‍ ഇനി ഗ്രാമത്തിന്റെ ‘തുളസിക്കതിര്‍’ പോലത്തെ വിശുദ്ധിയുമായി താമസിയാതെ താദാത്മ്യം പ്രാപിക്കും.
"കേരളത്തിന്റെ ഫ്യൂഡല്‍ സൈക്കിയില്‍ സ്വാതന്ത്ര്യബോധമുള്ള നഗരത്തിലെ പെണ്ണ് എന്ന, ചാനല്‍ തല്‍ക്കാലത്തേക്ക് വ്യാജമായെങ്കിലും പ്രൊജക്റ്റ് ചെയ്യുന്ന, ഇമേയ്ജ് കഥാവസാനം വിജയിക്കുക എന്ന പ്രശ്നമേ ഉദിക്കുന്നില്ല. സീരിയല്‍ കുടുംബത്തിലെ മരുമകള്‍ അവസാനം മാനസാന്തരപ്പെട്ട് പാട്രിയാര്‍ക്കിക്ക് കീഴടങ്ങി നല്ല കുടുംബിനിയാകുകയോ അല്ലെങ്കില്‍ അതിനോട് ഏറ്റുമുട്ടി തകര്‍ന്നടിയുകയോ ചെയ്യേണ്ടവളാണ്. ഇല്ലെങ്കില്‍ കളി എന്നേ പൊളിയും."
ഇപ്പോള്‍ അവര്‍ക്കുള്ളതായി നാം കാണുന്ന സംഘര്‍ഷങ്ങളില്‍നിന്ന് അവര്‍ ഗ്രാമീണജീവിതത്തിലേക്ക് ‘ഇഴുകി’ച്ചേരും. ഇപ്പോള്‍ കാണുന്ന മുഷിപ്പും അറപ്പും അതിനുള്ള കോണ്‍ട്രാസ്റ്റ് സൃഷ്ടിക്കാനുള്ള ചാനല്‍ മെലോഡ്രാമയാണെന്നും വ്യക്തമാണ്. കേരളത്തിന്റെ ഫ്യൂഡല്‍ സൈക്കിയില്‍ സ്വാതന്ത്ര്യബോധമുള്ള നഗരത്തിലെ പെണ്ണ് എന്ന, ചാനല്‍ തല്‍ക്കാലത്തേക്ക് വ്യാജമായെങ്കിലും പ്രൊജക്റ്റ് ചെയ്യുന്ന, ഇമേയ്ജ് കഥാവസാനം വിജയിക്കുക എന്ന പ്രശ്നമേ ഉദിക്കുന്നില്ല. സീരിയല്‍ കുടുംബത്തിലെ മരുമകള്‍ അവസാനം മാനസാന്തരപ്പെട്ട് പാട്രിയാര്‍ക്കിക്ക് കീഴടങ്ങി നല്ല കുടുംബിനിയാകുകയോ അല്ലെങ്കില്‍ അതിനോട് ഏറ്റുമുട്ടി തകര്‍ന്നടിയുകയോ ചെയ്യേണ്ടവളാണ്. ഇല്ലെങ്കില്‍ കളി എന്നേ പൊളിയും.
ഇല്ലായ്മകള്‍ ആവശ്യപ്പെടുന്നത് സഹവാസമോ സമരസപ്പെടലോ അല്ല. ഇടയ്ക്കു വന്നുപാര്‍ത്ത് നിന്റെ കരിക്കാടി മുഖംചുളിയാതെ കുടിക്കാന്‍ ഞങ്ങള്‍ക്കുമിതാ സാധിച്ചിരിക്കുന്നു എന്ന വ്യക്തിത്വവികസനകോഴ്സ് നടപ്പാക്കാനുള്ള 'അപരലോക'മായിത്തന്നെ ഇന്നും നമ്മുടെ കീഴാള ആവാസസ്ഥലങ്ങള്‍ നിലനില്‍ക്കുന്നു. അത് നഗരത്തിനുള്ളിലെ അംബേദ്കര്‍ കോളനിയായാലും നാട്ടുമ്പുറത്തെ നാലുസെന്റ് കോളനിയായാലും.
ബിലു സി നാരായണന്‍

No comments:

Post a Comment