Thursday, April 12, 2012

സിനിമയിലെ അടുക്കളയും തീന്‍മേശയും: ചില ഭക്ഷണദൃശ്യവിചാരങ്ങള്‍

മ­നു­ഷ്യ­ന്റെ ഏറ്റ­വും അടി­സ്ഥാ­ന­ചോ­ദ­ന­കള്‍ വി­ശ­പ്പും കാ­മ­വു­മാ­ണെ­ന്ന്‌ സു­വി­ദി­ത­മാ­ണ്‌. വി­ശ­പ്പ്‌ എന്ന പ്രാ­കൃ­ത­വാ­സ­ന­യു­ടെ സാം­സ്‌­കാ­രി­ക­മായ നീ­ട്ടി­വെ­യ്‌­ക്ക­ലി­ന്റെ (cultural extension) ഭാ­ഗ­മാ­യാ­ണ്‌ അടു­ക്ക­ള­യും തീന്‍­മേ­ശ­യും സം­സ്‌­കാര ചരി­ത്ര­ത്തില്‍ ഇടം നേ­ടു­ന്ന­ത്‌. അതി­നാല്‍ ഒരേ സമ­യം പ്രാ­കൃ­ത­വും (natural) അതേ­സ­മ­യം­ത­ന്നെ സം­സ്‌­കാ­ര­പ­ര­വു­മാ­ണ്‌ (cultural) അടു­ക്ക­ള­യും തീന്‍­മേ­ശ­യും എന്നു പറ­യാം­.

മ­നു­ഷ്യന്‍ നിര്‍­മ്മി­ച്ചെ­ടു­ത്ത മേല്‍­പ്പു­ര­ക­ളായ കലാ­സാ­ഹി­ത്യാ­ദി പ്ര­ക­ട­ന­ങ്ങ­ളില്‍ ഒളി­ഞ്ഞും തെ­ളി­ഞ്ഞും അടു­ക്ക­ള­യും തീന്‍­മേ­ശ­യും രം­ഗ­പ്ര­വേ­ശം ചെ­യ്‌­തി­ട്ടു­ണ്ട്‌- ചി­ല­പ്പോള്‍ ജീ­വി­ത­ത്തി­ന്റെ പ്ര­തി­ഫ­ല­ന­മെ­ന്ന നി­ല­യില്‍, മറ്റു ചി­ല­പ്പോള്‍ പ്ര­തി­നി­ധാ­ന­മെ­ന്ന നി­ല­യില്‍. മനു­ഷ്യ­ജീ­വി­ത­വ്യ­വ­ഹാ­ര­ങ്ങ­ളു­ടെ പല മട്ടി­ലു­ള്ള അവ­ത­ര­ണ­ങ്ങ­ളാ­ണ്‌ കലാ­വി­ഷ്‌­കാ­ര­ങ്ങള്‍ എന്ന­തു­കൊ­ണ്ട് അവ­യില്‍ കാ­ലാ­കാ­ല­ങ്ങ­ളാ­യി അടു­ക്ക­ള­യും തീന്‍­മേ­ശ­യും ആഹാര പദാര്‍­ത്ഥ­ങ്ങ­ളും കേ­വ­ല­ചി­ഹ്ന­മാ­യോ രൂ­പ­ക­മാ­യോ രൂ­പ­കാ­തി­ശ­യോ­ക്തി­യാ­യോ സിം­ബ­ലാ­യോ ബിം­ബ­മാ­യോ അവ­ത­രി­പ്പി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ട്‌.

ലി­യ­നാര്‍­ഡോ ഡാ­വി­ഞ്ചി­യു­ടെ 'ലാ­സ്റ്റ് സപ്പര്‍', ജോ­ഹാ­ന്ന­സ്‌ വെര്‍­മി­യ­റി­ന്റെ 'ദ്‌ മില്‍­ക്ക്‌ മെ­യ്‌­ഡ്‌' തു­ട­ങ്ങിയ പെ­യി­ന്റിം­ഗു­ക­ളി­ലും വി­ക്ടര്‍ യൂ­ഗോ­യു­ടെ 'പാ­വ­ങ്ങള്‍', ജോണ്‍ സ്റ്റൈന്‍­ബ­ക്കി­ന്റെ 'ഗ്രേ­പ്‌­സ്‌ ഓഫ്‌ റോ­ത്ത്‌', ഒമര്‍­ഖ­യാ­മി­ന്റെ 'റു­ബാ­യി­യാ­ത്ത്‌' മു­തല്‍ ചങ്ങ­മ്പു­ഴ­യു­ടെ 'വാ­ഴ­ക്കു­ല', വൈ­ക്കം മു­ഹ­മ്മ­ദ്‌ ബഷീ­റി­ന്റെ 'വി­ശ­പ്പ്‌', വൈ­ലോ­പ്പി­ള്ളി ശ്രീ­ധ­ര­മേ­നോ­ന്റെ 'മാ­മ്പ­ഴം' തു­ട­ങ്ങിയ എത്ര­യോ സാ­ഹി­ത്യ­ര­ച­ന­ക­ളി­ലും ആഹാ­ര­വും ആഹ­രി­ക്ക­ലും മു­ഖ്യ­വി­ഷ­യ­ങ്ങ­ളാ­യി­ട്ടു­ണ്ട്‌.

ആ­ധു­നി­ക­ത­യു­ടെ ഉദാ­ത്ത­ക­ലാ­വ്യ­വ­ഹാ­ര­മാ­യി പി­റ­വി­കൊ­ണ്ട സി­നി­മ­യി­ലും ഭക്ഷ­ണ­വും ഭക്ഷി­ക്ക­ലും വി­ഷ­യ­മാ­യി­ത്തീര്‍­ന്നി­ട്ടു­ണ്ട്‌. ചാര്‍­ലി ചാ­പ്ലി­ന്റെ 'ഗോള്‍­ഡ്‌ റഷ്‌' (1925), അല­ക്‌­സാ­ണ്ടര്‍ കോര്‍­ദോ­യു­ടെ 'പ്രൈ­വ­റ്റ്‌ ലൈ­ഫ്‌ ഓഫ്‌ ഹെന്‍­റി എയി­റ്റ്‌­ത്ത്‌' (1933), ടോ­ണി റി­ച്ചാര്‍­ഡ്‌­സ­ണി­ന്റെ 'ടോം ജോണ്‍­സ്‌' (1963), മാര്‍­ക്കോ ഫെ­റേ­റി­യു­ടെ 'ബ്ലോ ഔട്ട്‌' (1973), ഗബ്രി­യേല്‍ ആക്‌­സ­ലി­ന്റെ 'ബ­ബ­റ്റ്‌­സ്‌ ഫീ­സ്റ്റ്‌' (1987), ജോര്‍­ജ്ജ്‌ ടില്‍­മ­ന്റെ 'സോള്‍­ഫു­ഡ്‌' (1997), ലാ­സ്സേ ഹാള്‍­സ്‌­ത്രേ­ാ­മി­ന്റെ 'ചോ­ക്കോ­ളാ­റ്റ്‌' (2000) എന്നിവ വി­ദേശ സി­നി­മ­യില്‍­നി­ന്നു­ള്ള ഏതാ­നും ഉദാ­ഹ­ര­ണ­ങ്ങ­ളാ­ണെ­ങ്കില്‍ മദര്‍ ഇന്ത്യ, റോ­ട്ടി കപ്പ­ടാ ഓര്‍ മക്കാന്‍, ഉസ്‌­ക്കി റൊ­ട്ടി, ബാ­വര്‍­ചി, ചീ­നി കം തു­ട­ങ്ങി­യവ ഇന്ത്യന്‍ സി­നി­മ­യില്‍­നി­ന്നു­ള്ള ഉദാ­ഹ­ര­ണ­ങ്ങ­ളാ­ണ്‌. ഭക്ഷ­ണ­വും ഭക്ഷി­ക്ക­ലും വെ­റു­തെ ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്ന ദൃ­ശ്യ­ങ്ങള്‍ ഉള്ള­ട­ങ്ങു­ന്ന സി­നി­മ­ക­ള­ല്ല ഇവ. ഭോ­ജ്യ­വും ഭു­ജി­ക്ക­ലും ഈ സി­നി­മ­ക­ളു­ടെ ന്യൂ­ക്ലി­യ­സു­ക­ളാ­ണ്‌. ഇത്ത­രം സി­നി­മ­ക­ളി­ലെ ഭക്ഷ­ണ­ത്തി­ന്റെ സാ­ന്നി­ദ്ധ്യ­ത്തെ ഒരു സൂ­ച­ക­ബോ­ധ­ന­വ്യ­വ­സ്ഥ (signification system) എന്ന നി­ല­യില്‍ പരി­ഗ­ണി­ച്ച്‌ സി­നി­മാ­പ­ഠ­നം നട­ത്തു­ന്ന­ത്‌ കൗ­തു­ക­ക­ര­മാ­യി­രി­ക്കും. ഇതി­നൊ­രു എളിയ മാ­തൃക എന്ന നി­ല­യില്‍ വി­ഖ്യാത 'ഇ­ന്ത്യന്‍­ലോ­ക­സി­നി­മ'­യായ പഥേര്‍ പാ­ഞ്ചാ­ലി­യെ­യും മല­യാ­ള­ത്തില്‍ അടു­ത്തി­ടെ പു­റ­ത്തി­റ­ങ്ങി­യ, ആഹാ­ര­ത്തെ അഭ്ര­പാ­ളി­യില്‍ ആഘോ­ഷി­ച്ചു വി­ജ­യി­പ്പി­ച്ചു­വെ­ന്നു പറ­യ­പ്പെ­ടു­ന്ന, സാള്‍­ട്ട്‌ ആന്റ്‌ പെ­പ്പ­റി­നെ­യും ചേര്‍­ത്തു­വെ­ച്ചു കാ­ണാന്‍ ശ്ര­മി­ക്കു­ന്നു­.

പ­ഥേര്‍ പാ­ഞ്ചാ­ലി­യി­ലെ ഭക്ഷ­ണ­ബിം­ബ­ങ്ങള്‍

ഭാ­ര­തീയ ക്ലാ­സി­ക്‌ നോ­വ­ലു­ക­ളില്‍ ഒന്നായ വി­ഭൂ­തി­ഭൂ­ഷണ്‍ ബാ­നര്‍­ജി­യു­ടെ 'പ­ഥേര്‍ പാ­ഞ്ചാ­ലി­'­യെ ആധാ­ര­മാ­ക്കി 1955-ല്‍ സത്യ­ജി­ത്‌ റാ­യി സാ­ക്ഷാ­ത്‌­ക്ക­രി­ച്ച­താ­ണ്‌ അതേ പേ­രി­ലു­ള്ള സി­നി­മ. ചല­ച്ചി­ത്ര­ക­ല­യു­ടെ ശക്തി­യും സൗ­ന്ദ­ര്യ­വും പ്ര­ക­ടി­പ്പി­ച്ച ആദ്യ ഇന്ത്യന്‍ സി­നി­മ­യാ­ണ്‌ പഥേര്‍ പാ­ഞ്ചാ­ലി­യെ­ന്നു പറ­യാം. സി­നി­മാ­നിര്‍­മ്മാ­ണ­ത്തില്‍ അതു­വ­രെ നി­ല­നി­ന്നി­രു­ന്ന പല സമ്പ്ര­ദാ­യ­ങ്ങ­ളെ­യും റാ­യ്‌ കട­പു­ഴ­ക്കി­യെ­റി­ഞ്ഞു­.

"ഊഷരമായ ജീവിതത്തിന്റെ പലയിടങ്ങളിലും ഭക്ഷണത്തെ സവിശേഷസൂചകമായി സത്യജിത്‌റായ്‌ അവതരിപ്പിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്‌. ദുര്‍ഗ പേരയ്‌ക്ക മോഷ്ടിക്കുന്നത്‌, പിഷി അമ്മൂമ്മ കൊതിയോടെ ഭക്ഷണം കഴിക്കുന്നത്‌, ദുര്‍ഗയ്‌ക്കു വേണ്ടി പിഷി ഭക്ഷണം ഒളിച്ചു വയ്‌ക്കുന്നത്‌, മിഠായിക്കാരന്റെ പിന്നാലെ അപുവും ദുര്‍ഗയും പായുന്നത്‌, ദുര്‍ഗയ്‌ക്ക്‌ കൂട്ടുകാരി പാല്‍മിഠായി സമ്മാനിക്കുന്നത്‌, പുളി കട്ടെടുത്ത്‌ അപുവും ദുര്‍ഗയും കഴിക്കുന്നത്‌, അപുവും ദുര്‍ഗയും കരിമ്പ്‌ തിന്നുന്നത്‌, സര്‍വോജയ തേങ്ങാ മോഷ്ടിക്കുന്നത്‌ ഹരിഹര്‍റായിയും കുടുംബവും ഒടുവില്‍ ഗ്രാമത്തില്‍നിന്നു പോകുമ്പോള്‍ ഗ്രാമീണര്‍ അവരുടെ സ്‌നേഹാദരങ്ങളുടെ ഭാഗമായി മാമ്പഴങ്ങള്‍ നല്‍കുന്നത്‌ തുടങ്ങിയവ ഉദാഹരണങ്ങളാണ്‌." നി­ശ്ചി­ന്ദി­പു­രം ഗ്രാ­മ­ത്തി­ലെ ദരി­ദ്ര­ബ്രാ­ഹ്മ­ണ­നായ ഹരി­ഹര്‍ റാ­യി­യു­ടെ കു­ടും­ബ­ത്തി­ന്റെ ജീ­വി­താ­നു­ഭ­വ­ങ്ങ­ളാ­ണ്‌ സി­നി­മ­യു­ടെ ഇതി­വൃ­ത്തം. ഹരി­ഹ­റി­ന്റെ ഭാ­ര്യ സര്‍­വ­ജ­യ, മകള്‍ ദുര്‍­ഗ, മകന്‍ അപു, അക­ന്ന ബന്ധ­ത്തി­ലു­ള്ള വൃ­ദ്ധ­യായ പി­ഷി എന്നി­വ­രാ­ണ്‌ മറ്റു കു­ടും­ബാം­ഗ­ങ്ങള്‍. സാ­ഹി­ത്യ­ര­ച­ന­യില്‍ താ­ല്‌­പ­ര്യ­മു­ള്ള ഹരി­ഹര്‍ റാ­യി­ക്ക്‌ സ്ഥി­ര­വ­രു­മാ­ന­മു­ള്ള ജോ­ലി­യൊ­ന്നു­മി­ല്ല. ചില മത­ച­ട­ങ്ങു­കള്‍ നട­ത്തു­ക­വ­ഴി റാ­യി­ക്കു കി­ട്ടു­ന്ന തു­ച്ഛ­മായ പണം­കൊ­ണ്ട്‌ അവര്‍ കഴി­ഞ്ഞു­കൂ­ടാന്‍ ശ്ര­മി­ക്കു­ക­യാ­ണ്‌. ആവ­ശ്യ­ത്തി­നു­ള്ള ­ഭ­ക്ഷ­ണം­ ആര്‍­ക്കും ലഭി­ക്കു­ന്നി­ല്ല. അതു­കൊ­ണ്ടു­ത­ന്നെ അപു­വും ദുര്‍­ഗ­യും പി­ഷി അമ്മൂ­മ്മ­യും മറ്റും ഭക്ഷ­ണ­വ­സ്‌­തു­ക്ക­ളെ കൊ­തി­യോ­ടെ­യാ­ണ്‌ നോ­ക്കി­ക്കാ­ണു­ന്ന­ത്‌. അയല്‍­പ­ക്ക­ത്തെ തൊ­ടി­ക­ളില്‍­നി­ന്ന്‌ ആരും കാ­ണാ­തെ ദുര്‍ഗ പഴ­ങ്ങള്‍ പറി­ച്ചു­കൊ­ണ്ടു­വ­രും. അത­വള്‍ അമ്മൂ­മ്മ­യ്‌­ക്കും പങ്കു­വെ­യ്‌­ക്കു­ന്നു. ദുര്‍ഗ പഴ­ങ്ങള്‍ മോ­ഷ്ടി­ച്ച­തി­ന്റെ പേ­രില്‍ വഴ­ക്കു­ണ്ടാ­ക്കു­ന്ന ഷി­ജൊ­ബാ­വു എന്ന അയല്‍­ക്കാ­രി­യെ­യും സി­നി­മ­യില്‍ കാ­ണാം­.

ദുര്‍­ഗ­യും അപു­വും വളര്‍­ന്നു വരു­ന്ന­തോ­ടെ പ്രാ­രാ­ബ്ധ­ങ്ങ­ളും ഏറു­ക­യാ­ണ്‌. ദുര്‍­ഗ­യ്‌­ക്കു പനി വന്ന്‌ കി­ട­പ്പി­ലാ­വു­മ്പോള്‍ മരു­ന്നു വാ­ങ്ങി­ക്കൊ­ടു­ക്കാ­നോ നല്ല ആഹാ­രം കൊ­ടു­ക്കാ­നോ കഴി­യു­ന്നി­ല്ല. പി­ഷി അമ്മൂ­മ്മ­യു­ടെ മര­ണം കു­ട്ടി­ക­ളെ വല്ലാ­തെ തളര്‍­ത്തു­ന്നു­ണ്ട്‌. ഒരി­ക്കല്‍ മക­ളായ ദുര്‍­ഗ­യെ പേ­ര­യ്‌­ക്കാ­മോ­ഷ­ണ­ത്തി­ന്‌ സര്‍­വ­ജയ അടി­ച്ചു­വെ­ങ്കില്‍ പി­ന്നീ­ടൊ­രി­ക്കല്‍ വഴി­യ­രി­കില്‍ കി­ട­ന്നി­രു­ന്ന തേ­ങ്ങ ആരും കാ­ണാ­തെ എടു­ത്തു­കൊ­ണ്ടു­വ­രേ­ണ്ട ഗതി­കേ­ടും അവള്‍­ക്കു­ണ്ടാ­കു­ന്നു. ഇങ്ങ­നെ ഊഷ­ര­മായ ജീ­വി­ത­ത്തി­ന്റെ പല­യി­ട­ങ്ങ­ളി­ലും ഭക്ഷ­ണ­ത്തെ സവി­ശേ­ഷ­സൂ­ച­ക­മാ­യി സത്യ­ജി­ത്‌­റാ­യ്‌ അവ­ത­രി­പ്പി­ക്കു­ന്ന സന്ദര്‍­ഭ­ങ്ങ­ളു­ണ്ട്‌. ദുര്‍ഗ പേ­ര­യ്‌­ക്ക മോ­ഷ്ടി­ക്കു­ന്ന­ത്‌, പി­ഷി അമ്മൂ­മ്മ കൊ­തി­യോ­ടെ ഭക്ഷ­ണം കഴി­ക്കു­ന്ന­ത്‌, ദുര്‍­ഗ­യ്‌­ക്കു വേ­ണ്ടി പി­ഷി ഭക്ഷ­ണം ഒളി­ച്ചു വയ്‌­ക്കു­ന്ന­ത്‌, മി­ഠാ­യി­ക്കാ­ര­ന്റെ പി­ന്നാ­ലെ അപു­വും ദുര്‍­ഗ­യും പാ­യു­ന്ന­ത്‌, ദുര്‍­ഗ­യ്‌­ക്ക്‌ കൂ­ട്ടു­കാ­രി പാല്‍­മി­ഠാ­യി സമ്മാ­നി­ക്കു­ന്ന­ത്‌, പു­ളി കട്ടെ­ടു­ത്ത്‌ അപു­വും ദുര്‍­ഗ­യും കഴി­ക്കു­ന്ന­ത്‌, അപു­വും ദുര്‍­ഗ­യും കരി­മ്പ്‌ തി­ന്നു­ന്ന­ത്‌, സര്‍­വോ­ജയ തേ­ങ്ങാ മോ­ഷ്ടി­ക്കു­ന്ന­ത്‌ ഹരി­ഹര്‍­റാ­യി­യും കു­ടും­ബ­വും ഒടു­വില്‍ ഗ്രാ­മ­ത്തില്‍­നി­ന്നു പോ­കു­മ്പോള്‍ ഗ്രാ­മീ­ണര്‍ അവ­രു­ടെ സ്‌­നേ­ഹാ­ദ­ര­ങ്ങ­ളു­ടെ ഭാ­ഗ­മാ­യി മാ­മ്പ­ഴ­ങ്ങള്‍ നല്‍­കു­ന്ന­ത്‌ തു­ട­ങ്ങി­യവ ഉദാ­ഹ­ര­ണ­ങ്ങ­ളാ­ണ്‌.

പ­ഥേര്‍ പാ­ഞ്ചാ­ലി എന്ന സി­നി­മ­യില്‍ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന ഈവക ഭക്ഷ­ണ­ബിം­ബ­ങ്ങള്‍ എന്താ­ണ്‌ നമ്മോ­ട്‌ സം­വ­ദി­ക്കു­ന്ന­ത്‌? സാ­മൂ­ഹ്യ­ജീ­വി­ത­സം­സ്‌­കാ­ര­ങ്ങ­ളെ ആവി­ഷ്‌­ക്ക­രി­ക്കാ­നു­ള്ള ശ്ര­മ­മാ­ണ്‌ സത്യ­ജി­ത്‌­റാ­യി നട­ത്തു­ന്ന­തെ­ന്നു സമ്മ­തി­ച്ചാല്‍, ജീ­വി­ത­ത്തി­ന്റെ അത്താ­ണി­യായ ഭക്ഷ­ണം ഒരു പ്ര­ധാ­ന­രൂ­പ­ക­മാ­യി സി­നി­മ­യില്‍ ഇടം നേ­ടു­ന്ന­തില്‍ അദ്‌­ഭു­ത­പ്പെ­ടാ­നി­ല്ല. പ്ര­ശ­സ്‌ത നര­വം­ശ­ശാ­സ്‌­ത്ര­ജ്ഞ­നായ ലെ­വി സ്‌­ട്രേ­ാ­സ്‌ 'ദ്‌ റോ ആന്റ്‌ കു­ക്ക്‌­ഡ്‌' (The Raw and Cooked) എന്ന ഗ്ര­ന്ഥ­ത്തില്‍ പറ­യു­ന്ന­തു­പോ­ലെ, സര്‍­വ­സാ­ധാ­ര­ണ­മെ­ന്നു­ക­രു­തി തള്ളി­ക്ക­ള­യാ­വു­ന്ന ഒരു ബിം­ബ­മോ യാ­ഥാര്‍­ത്ഥ്യ­മോ (image/ reality) അല്ല ഭക്ഷ­ണം. ആഹാ­ര­മാ­ണ്‌ മനു­ഷ്യ­ന്റെ ഏറ്റ­വും അടി­സ്ഥാ­ന­പ­ര­മായ അവ­ശ്യ­വ­സ്‌­തു­വും ചി­ഹ്ന­വും­.

ഈ ആശ­യ­ത്തെ കു­റേ­ക്കൂ­ടി വി­പു­ലീ­ക­രി­ച്ചു­കൊ­ണ്ട്‌ ­റൊ­ളാ­ങ്‌ ബാര്‍­ത്ത്‌ ചില നി­രീ­ക്ഷ­ണ­ങ്ങള്‍ മു­ന്നോ­ട്ടു വെ­യ്‌­ക്കു­ന്നു­ണ്ട്‌. ഭക്ഷ­ണ­ത്തെ വെ­റു­മൊ­രു പദാര്‍­ത്ഥ­മെ­ന്നു പരി­ക­ല്‌­പി­ക്കു­ന്ന­തി­ന്‌ ഉപ­രി­യാ­യി വ്യ­ത്യ­സ്‌ത ജീ­വി­ത­സാ­ഹ­ച­ര്യ­ങ്ങ­ളെ അതെ­ങ്ങ­നെ പ്ര­കാ­ശി­പ്പി­ച്ചെ­ടു­ക്കു­ന്നു­വെ­ന്ന്‌ തി­രി­ച്ച­റി­യു­മ്പോ­ഴാ­ണ്‌ ഭക്ഷ­ണ­ത്തെ­ക്കു­റി­ച്ചു­ള്ള പറ­ച്ചി­ലു­കള്‍­ക്ക്‌ ഫല­പ്ര­ദ­മായ ഒരു ആഖ്യാ­ന­ച്ചി­ട്ട കൈ­വ­രു­ന്ന­തെ­ന്ന്‌ അദ്ദേ­ഹം പറ­യു­ന്നു. ഇങ്ങ­നെ വരു­മ്പോള്‍ ആഹാ­ര­ത്തി­ന്റെ പോ­ഷ­ക­ഗു­ണ­ങ്ങള്‍ മാ­ത്ര­മ­ല്ല, മത-ജാ­തി-വര്‍ഗ- പ്രാ­ദേ­ശി­ക­മൂ­ല്യ­ങ്ങ­ളും സം­സ്‌­കാ­ര­പ­ഠ­ന­വി­ചാ­ര­ത്തില്‍ സു­പ്ര­ധാ­ന­മാ­യി­ത്തീ­രു­ന്നു­.

ഭ­ക്ഷ­ണ­ത്തെ മുന്‍­നിര്‍­ത്തി പ്ര­ധാ­ന­മാ­യും മൂ­ന്നു­ത­രം മൂ­ല്യ­ങ്ങള്‍ ബാര്‍­ത്ത്‌ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു­ണ്ട്‌.

­സ്‌­മ­ര­ണ­ക­ളു­ടെ ഭാ­ഗ­മായ ഭക്ഷ­ണ­ത്തി­ന്റെ വ്യാ­വ­ഹാ­രിക മൂ­ല്യം - പി­റ­ന്നാള്‍, ഓണാ­ഘോ­ഷം, ഞാ­യ­റാ­ഴ്‌­ച­ക­ളി­ലെ കുര്‍­ബാന കൈ­ക്കൊ­ള്ളല്‍, ഇഫ്‌­താര്‍ തു­ട­ങ്ങിയ സാം­സ്‌­കാ­രി­ക­സ­ന്ദര്‍­ഭ­ങ്ങ­ളു­ടെ പൂര്‍­ത്തീ­ക­ര­ണ­ത്തി­ന്റെ ഭാ­ഗ­മാ­യി വരു­ന്ന ഭക്ഷ­ണ­ത്തി­ന്റെ മൂ­ല്യ­മാ­ണ്‌ ഇവി­ടെ പരാ­മര്‍­ശി­ക്ക­പ്പെ­ടു­ന്ന­ത്‌.

­മ­നു­ഷ്യ­വം­ശീ­യ­ത­ക­ളു­ടെ സ്വ­ത്വ­ത്തി­ന്റെ ഭാ­ഗ­മാ­യി കൈ­മാ­റി വരു­ന്ന ഭക്ഷ­ണ­വ്യ­വ­സ്ഥ­യു­ടെ മൂ­ല്യ­പ­രത - ആല­പ്പുഴ ജി­ല്ല­യി­ലെ ചെ­ട്ടി­കു­ള­ങ്ങര പ്ര­ദേ­ശ­ത്തെ ജന­ങ്ങള്‍ കെ­ട്ടു­കാ­ഴ്‌­ച­യു­ടെ­യും കു­ത്തി­യോ­ട്ട മഹോ­ത്സ­വ­ത്തി­ന്റെ­യും ഭാ­ഗ­മാ­യി തയ്യാ­റാ­ക്കു­ന്ന കൊ­ഞ്ചും മാ­ങ്ങ പോ­ലെ­യു­ള്ള ഭക്ഷ­ണ­വി­ഭ­വ­ങ്ങള്‍, കോ­ഷര്‍ എന്ന­റി­യ­പ്പെ­ടു­ന്ന ജൂ­ത­രു­ടെ ഭക്ഷ­ണ­ച്ചി­ട്ട, മു­സ്ലീ­ങ്ങ­ളു­ടെ ഹലാല്‍ തു­ട­ങ്ങി­യവ ഈ ഗണ­ത്തില്‍­പ്പെ­ടു­ന്നു.

­ഭ­ക്ഷ­ണ­ത്തി­ന്റെ ആരോ­ഗ്യ­പ­ര­മായ മൂ­ല്യം.

ഇ­വി­ടെ രണ്ട്‌, മൂ­ന്ന്‌ ഗണ­ങ്ങ­ളി­ലാ­യി അവ­ത­രി­പ്പി­ച്ച ഭക്ഷ­ണ­മൂ­ല്യ­സ­ങ്ക­ല്‌­പ­ന­ങ്ങ­ളാ­ണ്‌ പഥേര്‍ പാ­ഞ്ചാ­ലി­യി­ലെ ഭക്ഷ­ണ­ദൃ­ശ്യ­ങ്ങ­ളില്‍ മു­ഖ്യ­മാ­യും വെ­ളി­പ്പെ­ടു­ന്ന­ത്‌.

ഇ­ല്ലാ­യ്‌­മ­യു­ടെ ഭക്ഷ­ണം, ഭക്ഷ­ണ­ത്തി­ന്റെ ഇല്ലാ­യ്‌­മ

ആ­യി­ര­ത്തി­ത്തൊ­ള്ളാ­യി­ര­ത്തി അമ്പ­തു­ക­ളി­ലെ ബം­ഗാള്‍ ഗ്രാ­മ­മാ­ണ്‌ പഥേര്‍ പാ­ഞ്ചാ­ലി­യി­ലു­ള്ള­ത്‌. ദാ­രി­ദ്ര്യ­മ­ട­ക്ക­മു­ള്ള ക്ഷാ­മ­ങ്ങള്‍ നേ­രി­ടു­ന്ന ഗ്രാ­മ­ത്തി­ന്റെ ദൈ­ന്യത ഒരു പക്ഷേ ഇപ്പോള്‍­പ്പോ­ലും ബം­ഗാള്‍­ഗ്രാ­മ­ങ്ങ­ളു­ടെ നേര്‍­ക്കാ­ഴ്‌­ച­യാ­ണ്‌(എ­ല്ലാ ഇന്ത്യന്‍ ഗ്രാ­മ­ങ്ങ­ളു­ടെ­യും അവ­സ്ഥ ഏതാ­ണ്ട്‌ ഇതു­ത­ന്നെ­). ഗ്രാ­മ­ങ്ങള്‍ രാ­ജ്യ­ത്തി­ന്റെ ഭക്ഷ്യ­ക­ല­വ­റ­ക­ളാ­ണെ­ന്നു പറ­യു­മ്പോള്‍­ത്ത­ന്നെ അടി­സ്ഥാ­ന­വര്‍ഗ ഗ്രാ­മീ­ണര്‍ ഭക്ഷ്യ­സു­ര­ക്ഷി­ത­ര­ല്ല എന്നു­കൂ­ടി ഓര്‍­മ്മി­ക്ക­ണം. നി­ല­നില്‍­പ്പി­നു­വേ­ണ്ടി­യു­ള്ള (need) ഭക്ഷ­ണം പോ­ലും അവര്‍­ക്കു കമ്മി­യാ­ണ്‌. മി­ച്ച­ഭ­ക്ഷ­ണം എന്നൊ­രു സങ്ക­ല്‌­പ­മേ­യി­വി­ടെ­യി­ല്ല. ഗ്രാ­മീ­ണ­രു­ടെ മേല്‍­ത്ത­ട്ടില്‍­നി­ന്ന്‌ കീ­ഴ്‌­ത്ത­ട്ടി­ലേ­ക്കു സഞ്ച­രി­ച്ചാല്‍ അവ­രു­ടെ ഫു­ഡ്‌­മെ­നു­വി­ന്റെ എണ്ണം കു­റ­യു­ന്ന­താ­യി കാ­ണാം. അതി­സാ­ധാ­രണ ഗ്രാ­മീ­ണര്‍­ക്ക്‌ തീന്‍­മു­റി­യും തീന്‍­മേ­ശ­യും എന്ന സങ്ക­ല്‌­പം­ത­ന്നെ അന്യ­മാ­ണ്‌. അടു­ക്ക­ള­ത­ന്നെ­യാ­ണ്‌ അവ­രു­ടെ തീന്‍­മു­റി. അടു­ക്ക­ള­യാ­വ­ട്ടെ പ്ര­കൃ­തി കയ­റി­ക്കി­ട­ക്കു­ന്ന ഒരി­ട­വും. ഫല­മൂ­ലാ­ദി­ക­ളെ കൂ­ടു­തല്‍ ഉപ­ജീ­വി­ച്ചും അവ­ശ്യം ധന­ധാ­ന്യ­ങ്ങള്‍ പാ­കം ചെ­യ്‌­തും അവര്‍ അതി­ജീ­വി­ക്കാന്‍ ശ്ര­മി­ക്കു­ക­യാ­ണ്‌. ഒട്ടും പ്രൗ­ഢ­മോ ആഡം­ബ­ര­ബ­ദ്ധ­മോ വര്‍­ണ്ണ­പ്പ­കി­ട്ടാര്‍­ന്ന­തോ ആയ ഭക്ഷ­ണ­ബിം­ബ­ങ്ങള്‍ പഥേര്‍ പാ­ഞ്ചാ­ലി­യില്‍ കട­ന്നു­വ­രാ­ത്ത­ത്‌ ഇതു­കൊ­ണ്ടാ­ണ്‌. പേ­ര­യ്‌­ക്ക­യും കരി­മ്പും തേ­ങ്ങ­യും മറ്റു­മാ­ണ്‌ ഈ സി­നി­മ­യി­ലെ പ്ര­ധാന ഭക്ഷ­ണ­സൂ­ച­ക­ങ്ങള്‍. അതു­പോ­ലു­മാ­ക­ട്ടെ അന്യ­ന്റെ തൊ­ടി­യില്‍­നി­ന്നു മോ­ഷ്ടി­ക്കു­ന്ന­തോ അയല്‍­ക്കാ­രു­ടെ ഔദാ­ര്യ­ത്താല്‍ ലഭ്യ­മാ­കു­ന്ന­തോ ആണ്‌. ഇല്ലാ­യ്‌­മ­യു­ടെ ഭക്ഷ­ണ­വും ഭക്ഷ­ണ­ത്തി­ന്റെ ഇല്ലാ­യ്‌­മ­യു­മാ­ണ്‌ പഥേര്‍ പാ­ഞ്ചാ­ലി­യില്‍ നി­ഴ­ലി­ക്കു­ന്ന­ത്‌. ആധു­നി­കീ­ക­ര­ണം (modernisation) നാ­ടി­നെ മാ­റ്റി­മ­റി­ക്കു­ന്ന കാ­ല­ത്തും (തോ­ട്ട­ങ്ങള്‍, മി­ല്ലു­കള്‍, തീ­വ­ണ്ടി തു­ട­ങ്ങി­യ­വ­യു­ടെ വര­വ്‌) ഗ്രാ­മ­ങ്ങ­ളു­ടെ പരാ­ധീ­ന­ത­കള്‍ കൂ­ടി­യ­തേ­യു­ള്ളൂ­.

ഈ അവ­സ്ഥ­ക­ളെ മറ്റൊ­രു തര­ത്തില്‍ മുന്‍­കൂ­റാ­യി അവ­ത­രി­പ്പി­ച്ച ലോ­ക­സി­നി­മ­ക­ളാ­ണ്‌ ചാര്‍­ലി ചാ­പ്ലി­ന്റെ 'മോ­ഡേണ്‍ ടൈം­സും' സര്‍­ജി ഐസന്‍­സ്റ്റൈ­നി­ന്റെ 'ബാ­റ്റില്‍­ഷി­പ്പ്‌ പോ­ട്ടം­കി­നും­'. ആഹാ­ര­ത്തി­ന്റെ രാ­ഷ്ട്രീ­യ­മാ­ണ്‌ അടി­സ്ഥാ­ന­പ­ര­മായ അസ്‌­തി­ത്വ­പ്ര­ശ്‌­ന­മെ­ന്ന്‌ വി­ളി­ച്ചോ­തിയ സി­നി­മ­ക­ളാ­ണ­വ.

"ഗ്രാമങ്ങള്‍ രാജ്യത്തിന്റെ ഭക്ഷ്യകലവറകളാണെന്നു പറയുമ്പോള്‍ത്തന്നെ അടിസ്ഥാനവര്‍ഗ ഗ്രാമീണര്‍ ഭക്ഷ്യസുരക്ഷിതരല്ല എന്നുകൂടി ഓര്‍മ്മിക്കണം. നിലനില്‍പ്പിനുവേണ്ടിയുള്ള (need) ഭക്ഷണം പോലും അവര്‍ക്കു കമ്മിയാണ്‌. മിച്ചഭക്ഷണം എന്നൊരു സങ്കല്‌പമേയിവിടെയില്ല. ഗ്രാമീണരുടെ മേല്‍ത്തട്ടില്‍നിന്ന്‌ കീഴ്‌ത്തട്ടിലേക്കു സഞ്ചരിച്ചാല്‍ അവരുടെ ഫുഡ്‌മെനുവിന്റെ എണ്ണം കുറയുന്നതായി കാണാം. അതിസാധാരണ ഗ്രാമീണര്‍ക്ക്‌ തീന്‍മുറിയും തീന്‍മേശയും എന്ന സങ്കല്‌പംതന്നെ അന്യമാണ്‌. അടുക്കളതന്നെയാണ്‌ അവരുടെ തീന്‍മുറി. അടുക്കളയാവട്ടെ പ്രകൃതി കയറിക്കിടക്കുന്ന ഒരിടവും. ഫലമൂലാദികളെ കൂടുതല്‍ ഉപജീവിച്ചും അവശ്യം ധനധാന്യങ്ങള്‍ പാകം ചെയ്‌തും അവര്‍ അതിജീവിക്കാന്‍ ശ്രമിക്കുകയാണ്‌. ഒട്ടും പ്രൗഢമോ ആഡംബരബദ്ധമോ വര്‍ണ്ണപ്പകിട്ടാര്‍ന്നതോ ആയ ഭക്ഷണബിംബങ്ങള്‍ പഥേര്‍ പാഞ്ചാലിയില്‍ കടന്നുവരാത്തത്‌ ഇതുകൊണ്ടാണ്‌. " മോ­ഡേണ്‍ ടൈം­സില്‍ ചാ­പ്ലിന്‍ അവ­ത­രി­പ്പി­ക്കു­ന്ന പ്ര­ധാന കഥാ­പാ­ത്ര­ത്തി­ന്‌ വള­രെ അപ്ര­തീ­ക്ഷി­ത­മാ­യാ­ണ്‌ ഒരു ഫാ­ക്ട­റി­യില്‍ ജോ­ലി ലഭി­ക്കു­ന്ന­ത്‌. സ്‌­പാ­നര്‍ ഉപ­യോ­ഗി­ച്ചു­ള്ള ഫാ­ക്ട­റി­വേ­ല­യു­ടെ യാ­ന്ത്രി­ക­മായ ആവര്‍­ത്ത­നം കൊ­ണ്ടാ­വ­ണം അയാ­ളു­ടെ സ്വാ­ഭാ­വി­ക­ച­ല­ന­ങ്ങള്‍­വ­രെ മാ­റി­പ്പോ­കു­ന്നു. കൈ­യി­ലി­രി­ക്കു­ന്ന സ്‌­പൂണ്‍, സ്‌­പാ­നര്‍­പോ­ലെ ചലി­ച്ചു­പോ­കു­ന്ന­തി­നാല്‍ അയാള്‍­ക്ക്‌ കാ­ന്റീ­നി­ലെ തീന്‍­മേ­ശ­യ്‌­ക്ക­രി­കി­ലി­രു­ന്ന്‌ സൂ­പ്പു­ക­ഴി­ക്കാന്‍­പോ­ലും കഴി­യാ­തെ വരു­ന്നു. ഭക്ഷി­ക്കുക എന്ന ജൈ­വ­വും വള­രെ സ്വാ­ഭാ­വി­ക­വു­മായ പ്ര­ക്രി­യ­യെ ആധു­നി­കത (modernity) എപ്ര­കാ­രം അന്യ­വല്‍­ക്ക­രി­ച്ചു­വെ­ന്ന­തി­ന്റെ ഉദാ­ഹ­ര­ണ­മാ­ണി­ത്‌. ഈ അന്യ­വല്‍­ക്ക­ര­ണം (alienation) സൃ­ഷ്ടി­ക്കു­ന്ന അന്ധാ­ളി­പ്പി­നെ ഈ കഥാ­പാ­ത്രം മറി­ക­ട­ക്കു­ന്ന­ത്‌, ഏദന്‍­തോ­ട്ട­ത്തി­നു സമാ­ന­മായ ഒരു­സു­ഭ­ക്ഷ്യ­ലോ­ക­ത്ത്‌ വി­ഭ­വ­സ­മൃ­ദ്ധ­മായ തീന്‍­മേ­ശ­യ്‌­ക്ക­രി­കില്‍, കു­ടും­ബ­സ­മേ­തം അഭി­ര­മി­ക്കു­ന്ന­താ­യി സ്വ­പ്‌­നം കണ്ടു­കൊ­ണ്ടാ­ണ്‌.

ആ­ഹാ­ര­ത്തെ മുന്‍­നിര്‍­ത്തി ചി­ത്രീ­ക­രി­ക്ക­പ്പെ­ട്ട ചാ­പ്ലി­ന്റെ ഈ രാ­ഷ്ട്രീ­യ­ച­ല­ച്ചി­ത്രം കണ്ണു­ന­ന­യി­പ്പി­ക്കു­ന്ന കോ­മ­ഡി ട്രാ­ക്കാ­ണു സ്വീ­ക­രി­ച്ച­തെ­ങ്കില്‍ ഐസന്‍­സ്റ്റൈ­നി­ന്റെ ബാ­റ്റില്‍­ഷി­പ്പ്‌ പോ­ട്ടം­കി­നില്‍ ഭക്ഷ­ണം എന്ന സൂ­ച­കം ന്യാ­യ­മാ­യും 'നേ­ടി­യെ­ടു­ക്ക­പ്പെ­ടേ­ണ്ട ഒരു കി­ട്ടാ­ക്ക­നി­'­യാ­ണ്‌. കപ്പ­ലി­ലെ അധി­കാ­രി­കള്‍­ക്കും സമ്പ­ന്നര്‍­ക്കും നല്ല ഭക്ഷ­ണം ലഭി­ക്കു­മ്പോള്‍ തങ്ങ­ളു­ടെ തീന്‍­മേ­ശ­ക­ളി­ലേ­ക്കു­വ­രു­ന്ന സൂ­പ്പില്‍ പു­ഴു­വ­രി­ച്ച ഇറ­ച്ചി­യാ­ണെ­ന്നു­ള്ള സാ­ധാ­ര­ണ­ക്കാ­രു­ടെ ബോ­ധ്യം അവ­രെ സമ­ത്വ­സം­സ്ഥാ­പ­ന­ത്തി­നാ­യു­ള്ള വി­പ്ല­വ­ത്തി­ലേ­ക്കു നയി­ക്കു­ന്നു. ബാ­റ്റില്‍­ഷി­പ്പ്‌ പോ­ട്ടം­കി­നി­ലും മോ­ഡേണ്‍ ടൈം­സി­ലും നാം കാ­ണു­ന്ന 'സൂ­പ്പ്‌ സൃ­ഷ്ടി­ക്കു­ന്ന പ്ര­ശ്‌­ന­ങ്ങ'­ളെ, ചാ­പ്ലി­ന്റെ തന്നെ 'ഗോള്‍­ഡ്‌ റഷ്‌' എന്ന മറ്റൊ­രു സി­നി­മ­യില്‍, വി­ശ­ന്നു­വ­ല­യു­മ്പോള്‍ ഷൂ പു­ഴു­ങ്ങി­ത്തി­ന്നു­ന്ന ഒരു തെ­ണ്ടി­യു­ടെ ബിം­ബ­ത്തി­ലേ­ക്ക്‌ ആവാ­ഹി­ച്ചി­ട്ടു­ള്ള­താ­യി കാ­ണാം­.

പ­ഥേര്‍ പാ­ഞ്ചാ­ലി അട­ക്ക­മു­ള്ള ഇത്ത­രം സി­നി­മ­ക­ളില്‍ ആഹാ­രം (food) എന്ന­ത്‌ മനു­ഷ്യ­ന്റെ ആവ­ശ്യ(need)­ത്തി­ന്റെ­യും മാ­ന്യ­മായ ആഗ്ര­ഹ(want)­ത്തി­ന്റെ­യും ഭാ­ഗ­മായ സാ­ന്നി­ദ്ധ്യ­മാ­ണ്‌. ബാര്‍­ത്ത്‌ പറ­യു­ന്നു: Food is a means of 'communication, a body of images, a protocol of wages, situations and behaviour'.

ധാ­രാ­ളി­ത്ത­ത്തി­ന്റെ ആഹാ­രം, ആഹാ­ര­ത്തി­ന്റെ ധാ­രാ­ളി­ത്തം­

1968-ല്‍ റി­ച്ചാര്‍­ഡ്‌ ഡോ­ണര്‍ 'സാള്‍­ട്ട്‌ ആന്റ്‌ പെ­പ്പര്‍' എന്ന പേ­രില്‍ ഒരു ഇം­ഗ്ലീ­ഷ്‌ കോ­മ­ഡി ­സി­നി­മ സം­വി­ധാ­നം ചെ­യ്‌­തി­ട്ടു­ണ്ട്‌. ചാള്‍­സ്‌ സാള്‍­ട്ട്‌, ക്രി­സ്റ്റ­ഫര്‍ പെ­പ്പര്‍ എന്നീ മു­ഖ്യ­ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ പേ­രി­നെ കോര്‍­ത്തി­ണ­ക്കി­യാ­ണ്‌ ഇവി­ടെ സി­നി­മാ­ശീര്‍­ഷ­കം രൂ­പ­പ്പെ­ടു­ത്തി­യ­തെ­ങ്കില്‍ 2011-ല്‍ ആഷി­ക്‌ അബു സം­വി­ധാ­നം ചെ­യ്‌ത മല­യാള ജന­പ്രി­യ­സി­നി­മ­യ്‌­ക്ക്‌ 'സാള്‍­ട്ട്‌ ആന്റ്‌ പെ­പ്പര്‍' എന്ന പേ­രു വരു­ന്ന­ത്‌ ആഹാ­ര­ത്തി­ന്റെ രണ്ടു പ്ര­ധാ­ന­രു­ചി­ക­ളെ (ഉ­പ്പും എരി­വും) ധ്വ­നി­പ്പി­ക്കാ­നെ­ന്ന നി­ല­യി­ലാ­ണ്‌. ഈ സി­നി­മ­യി­ലെ മു­ഖ്യ ചേ­രുവ (texture) ഭക്ഷ­ണ­മാ­ണെ­ന്നു വി­ളി­ച്ചോ­തു­ന്ന­താ­ണ്‌ സി­നി­മ­യു­ടെ ടാ­ഗ്‌ ലൈ­നും - 'ഒ­രു ദോശ ഉണ്ടാ­ക്കിയ കഥ'.

പു­തിയ ഭക്ഷ­ണ­രു­ചി­കള്‍ അന്വേ­ഷി­ച്ചു­പോ­കു­ന്ന കാ­ളി­ദാ­സ­ന്റെ പ്ര­ണ­യ­മാ­ണ്‌ സാള്‍­ട്ട്‌ ആന്റ്‌ പെ­പ്പര്‍ എന്ന സി­നി­മ­യു­ടെ മു­ഖ്യ­പ്ര­മേ­യം. പു­രാ­വ­സ്‌­തു­വ­കു­പ്പ്‌ ഉദ്യേ­ാ­ഗ­സ്ഥ­നായ അയാള്‍ ഒരി­ക്കല്‍ പെ­ണ്ണു­കാ­ണാന്‍ പോ­കു­മ്പോള്‍ സല്‍­ക്കാ­ര­ത്തി­ന്റെ ഭാ­ഗ­മാ­യി കഴി­ച്ച ഉണ്ണി­യ­പ്പ­ത്തി­ന്റെ രു­ചി­യില്‍ മതി­മ­റ­ന്ന്‌ അതു­ണ്ടാ­ക്കിയ രാ­ധാ­കൃ­ഷ്‌­ണന്‍ എന്ന കു­ശി­നി­ക്കാ­ര­നെ വീ­ട്ടി­ലേ­ക്ക്‌ കൂ­ട്ടി­ക്കൊ­ണ്ടു­പോ­രു­ന്നു. അയാ­ളു­ണ്ടാ­ക്കു­ന്ന സ്വാ­ദി­ഷ്‌­ട­മായ ഭക്ഷ­ണ­ങ്ങള്‍ കഴി­ച്ച്‌ സു­ഖി­ച്ച്‌ ജീ­വി­ക്കു­ന്ന­തി­നി­ട­യി­ലാ­ണ് ശ്വേ­താ­മേ­നോന്‍ അവ­ത­രി­പ്പി­ക്കു­ന്ന മായ എന്ന കഥാ­പാ­ത്ര­ത്തി­ന്റെ ഒരു റോം­ഗ്‌ നമ്പര്‍ കോള്‍ കാ­ളി­ദാ­സ­ന്‌ വരു­ന്ന­ത്‌. യഥാര്‍­ത്ഥ­ത്തില്‍ അവള്‍ രു­ചി­ക­ര­മായ ദോ­ശ­യ്‌­ക്ക്‌ ഓര്‍­ഡര്‍ ചെ­യ്യാന്‍ ഒരു ഹോ­ട്ട­ലി­ലേ­ക്ക്‌ വി­ളി­ച്ച­താ­യി­രു­ന്നു. ഇത്‌ പി­ന്നീ­ട്‌ പ്ര­ണ­യ­ത്തി­ലേ­ക്ക്‌ വഴി­തു­റ­ക്കു­ക­യും ചെ­യ്യു­ന്നു­.

പ്ര­ണ­യ­സം­ഭ­വ­വി­കാ­സ­ങ്ങള്‍ അവ­ത­രി­പ്പി­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി വി­വിധ ഭക്ഷ­ണ­ഭ­ക്ഷി­ക്ക­ലു­ക­ളെ സ്‌­ക്രീ­നില്‍ 'നി­റ­ഞ്ഞു കവി­ഞ്ഞു തു­ളു­മ്പി' അവ­ത­രി­പ്പി­ക്കാന്‍ സം­വി­ധാ­യ­കന്‍ ബോ­ധ­പൂര്‍­വം ശ്ര­മി­ക്കു­ന്നു­ണ്ട്‌. സി­നി­മ­യു­ടെ ടൈ­റ്റില്‍ സോം­ഗി­ന്റെ ദൃ­ശ്യ­പ­ശ്ചാ­ത്ത­ല­മാ­യി വരു­ന്ന ആഹാ­ര­ദൃ­ശ്യ­ങ്ങള്‍, പെ­ണ്ണു­കാ­ണല്‍ ചട­ങ്ങി­ലെ ഉണ്ണി­യ­പ്പം, കാ­ളി­ദാ­സ­ന്റെ­യും മാ­യ­യു­ടെ­യും പ്ര­ണ­യ­ത്തി­നു കാ­ര­ണ­മായ ദോ­ശ, രാ­ധാ­കൃ­ഷ്‌­ണ­നു­ണ്ടാ­ക്കു­ന്ന മീന്‍­ക­റി, ഒരു വി­ദേ­ശ­യു­ദ്ധ­ച­രി­ത്ര­ത്തി­ന്റെ സൂ­ച­ന­ക­ളു­ടെ പശ്ചാ­ത്ത­ല­ത്തില്‍ പ്ര­ണ­യ­രൂ­പ­ക­മാ­യി നിര്‍­മ്മി­ക്കു­ന്ന കേ­ക്ക്‌, 'സ്‌­ത്രീ സ്വാ­ത­ന്ത്ര്യ­പ്ര­ഖ്യാ­പ­ന'­ത്തി­ന്റെ ഭാ­ഗ­മാ­യി അവ­ത­രി­പ്പി­ച്ചി­രി­ക്കു­ന്ന ബി­യര്‍ കു­ടി­ക്കല്‍, മായ വാ­ട­ക­യ്‌­ക്കു താ­മ­സി­ക്കു­ന്ന വീ­ട്ടില്‍ പ്ര­വര്‍­ത്തി­ക്കു­ന്ന ബ്യൂ­ട്ടി പാര്‍­ല­റി­ലെ സന്ദര്‍­ശ­ക­രു­ടെ ഭക്ഷ­ണ­സം­ബ­ന്ധി­യായ വീ­ണ്ടു­വി­ചാ­ര­ങ്ങള്‍ തു­ട­ങ്ങി­യവ ഏതാ­നും ഉദാ­ഹ­ര­ണ­ങ്ങ­ളാ­ണ്‌.

സാള്‍­ട്ട്‌ ആന്റ്‌ പെ­പ്പ­റില്‍ നാം കാ­ണു­ന്ന ഈവക ഭക്ഷ­ണ­ബിം­ബ­ങ്ങള്‍ ഏതെ­ല്ലാം തര­ത്തി­ലു­ള്ള അര്‍­ത്ഥോ­ല്‌­പാ­ദ­ന­മാ­ണ്‌ നട­ത്തു­ന്ന­ത്‌? തീര്‍­ച്ച­യാ­യ­യും അത്‌ പഥേര്‍ പാ­ഞ്ചാ­ലി­യി­ലെ ഭക്ഷ­ണ­സൂ­ച­ക­ങ്ങ­ളില്‍­നി­ന്ന്‌ വള­രെ വി­ഭി­ന്ന­മാ­ണ്‌. കഥ­യി­ലെ അനി­വാ­ര്യ­മായ പ്ര­യോ­ഗ­ത്തി­ന­പ്പു­റം ആഹാ­ര­പ­ദാര്‍­ത്ഥ­ങ്ങ­ളു­ടെ കെ­ട്ടു­കാ­ഴ്‌­ച­യാ­ണ്‌ സാള്‍­ട്ട്‌ ആന്റ്‌ പെ­പ്പ­റില്‍ നാം കാ­ണു­ന്ന­ത്‌. ഉദാ­ര­വല്‍­ക്ക­രണ-ആഗോ­ള­വല്‍­ക്ക­ര­ണ­ന­യ­ങ്ങ­ളു­ടെ ഭാ­ഗ­മാ­യി രൂ­പം­കൊ­ണ്ട, തീ­നും കു­ടി­യും സു­ഖ­ലോ­ലു­പ­ത­യു­ടെ ഭാ­ഗ­മാ­ക്കി­യ, പു­ത്തന്‍ ഉപ­രി-മധ്യ­വര്‍­ഗ­ങ്ങ­ളു­ടെ ഇച്ഛ­ക­ളു­ടെ കാര്‍­ണി­വല്‍­ക്കാ­ഴ്‌­ച­യാ­ണി­വി­ടെ­യു­ള്ള­ത്‌. ബാര്‍­ത്ത്‌ സൂ­ചി­പ്പി­ക്കു­ന്ന, സ്‌­മ­ര­ണ­ക­ളു­ടെ ഭാ­ഗ­മായ ഭക്ഷ­ണ­ത്തി­ന്റെ വ്യാ­വ­ഹാ­രി­ക­മൂ­ല്യ­മാ­ണ്‌ ഈ ചല­ച്ചി­ത്ര­കാ­ഴ്‌­ച­യില്‍ തെ­ളി­ഞ്ഞു­നില്‍­ക്കു­ന്ന­തെ­ന്നു പൊ­തു­വേ പറ­യാം­.

"കഥയിലെ അനിവാര്യമായ പ്രയോഗത്തിനപ്പുറം ആഹാരപദാര്‍ത്ഥങ്ങളുടെ കെട്ടുകാഴ്‌ചയാണ്‌ സാള്‍ട്ട്‌ ആന്റ്‌ പെപ്പറില്‍ നാം കാണുന്നത്‌. ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണനയങ്ങളുടെ ഭാഗമായി രൂപംകൊണ്ട, തീനും കുടിയും സുഖലോലുപതയുടെ ഭാഗമാക്കിയ, പുത്തന്‍ ഉപരി-മധ്യവര്‍ഗങ്ങളുടെ ഇച്ഛകളുടെ കാര്‍ണിവല്‍ക്കാഴ്‌ചയാണിവിടെയുള്ളത്‌. ഭക്ഷണം 'ഫെറ്റിഷ്‌' ആയി മാറുന്നതിന്റെ സൂചനകളിവിടെയുണ്ട്‌. ഇവിടെ ആഹാരബിംബങ്ങളുടെ 'ഉപയോഗമൂല്യം' (use value) ലൈംഗിക ബിംബത്തിന്റെ 'ആഗ്രഹമൂല്യ'വുമായി (desire value) ചാര്‍ച്ചയാകുന്നുവെന്ന്‌ സിഗ്മണ്ട്‌ ഫ്രോയിഡിന്റെ സിദ്ധാന്തങ്ങളെ പിന്‍പറ്റി പറയാം. " കേ­ര­ള­ത്തി­ലെ മധ്യ­വര്‍­ഗ­സ­മൂ­ഹം മറ്റു ഉപ­ഭോ­ഗ­വ­സ്‌­തു­ക്ക­ളു­ടെ കാ­ര്യ­ങ്ങ­ളി­ലെ­ന്ന­പോ­ലെ ഭക്ഷ­ണ­വ­സ്‌­തു­ക്ക­ളെ­യും പൊ­ലി­പ്പി­ച്ചു കൊ­ണ്ടാ­ടാ­റു­ണ്ട്‌. വി­വി­ധ­രാ­ജ്യ­ങ്ങ­ളി­ലെ ഭക്ഷ­ണ­വി­ഭ­വ­ങ്ങ­ളും ആഹാ­ര­രീ­തി­യും വര്‍­ദ്ധി­ച്ച ആവേ­ശ­ത്തോ­ടെ സ്വ­ന്തം തീന്‍­മേ­ശ­യില്‍ നി­ര­ത്തി പ്രൗ­ഢി കാ­ണി­ക്കു­ക, പു­തിയ റസ്റ്റോ­റ­ന്റ്‌ സം­സ്‌­കാ­ര­ത്തി­ന്റെ ഭാ­ഗ­മാ­യി അടു­ക്ക­ള­യെ­യും തീന്‍­മേ­ശ­യെ­യും നവീ­ക­രി­ക്കു­ക, അവ­ശ്യ­ഭോ­ഗ­ത്തി­ന­പ്പു­റം ഭക്ഷ­ണ­ത്തെ പൊ­ങ്ങ­ച്ച­ത്തി­ന്റെ അട­യാ­ള­മാ­ക്കുക തു­ട­ങ്ങിയ ഉപ­ഭോ­ഗ­സ­മൂ­ഹ­ത്തി­ന്റെ ആസ­ക്തി­പ­ര­മായ നീ­ക്ക­ങ്ങ­ളു­ടെ സി­നി­മാ­റ്റി­ക്‌ കാ­ഴ്‌­ച­ക­ളാ­ണ്‌ സാള്‍­ട്ട്‌ ആന്റ്‌ പെ­പ്പ­റി­ലു­ള്ള­ത്‌. ഇതി­നി­ട­യില്‍ വം­ശീ­യ­ഭ­ക്ഷ­ണ(ethnic food)­ങ്ങ­ളു­ടെ കാ­ഴ്‌­ച­യൊ­രു­ക്കി കാ­ല്‌­പ­നി­ക­വും ഗൃ­ഹാ­തു­ര­വു­മായ സ്‌­മ­ര­ണ­കള്‍ ഉണര്‍­ത്താ­നും ശ്ര­മ­മു­ണ്ട്‌.

ഇ­വ­യെ­യെ­ല്ലാം സി­നി­മ­യു­ടെ 'രാ­ഷ്ട്രീയ അബോ­ധ'­മാ­യി (political unconscious) മന­സി­ലാ­ക്കാം. ആഖ്യാ­ന­ങ്ങ­ളു­ടെ അബോ­ധ­ത്തില്‍, അതി­ന്റെ ഘട­ന­യെ­യും ആഖ്യാ­നം ലക്ഷ്യ­മാ­ക്കു­ന്ന അനു­ഭൂ­തി­പ­രി­സ­ര­ങ്ങ­ളെ­യും നിര്‍­ണ്ണ­യി­ക്കു­ന്ന ചരി­ത്ര­ബ­ന്ധ­ങ്ങ­ളെ­യാ­ണ്‌ ഫ്രെ­ഡ­റി­ക്‌ ജയിം­സണ്‍ 'രാ­ഷ്ട്രീയ അബോ­ധം­'എ­ന്നു പരി­ക­ല്‌­പി­ക്കു­ന്ന­ത്‌. സാള്‍­ട്ട്‌ ആന്റ്‌ പെ­പ്പര്‍ എന്ന സി­നി­മ­യി­ലൂ­ടെ വെ­ളി­പ്പെ­ട്ടു കി­ട്ടു­ന്ന­താ­ണ്‌ സമ­കാ­ലിക മല­യാ­ളി­സ­മൂ­ഹം എന്ന ധാ­ര­ണ­യും ഈ സി­നിമ അ/­ബോ­ധ­പ­ര­മാ­യി പ്ര­ക്ഷേ­പി­ക്കു­ന്നു­ണ്ട്‌.

ഭ­ക്ഷ­ണം 'ഫെ­റ്റി­ഷ്‌' (തീ­വ്ര­മായ ആഗ്ര­ഹം ജനി­പ്പി­ക്കു­ന്ന വസ്‌­തു) ആയി മാ­റു­ന്ന­തി­ന്റെ സൂ­ച­ന­ക­ളി­വി­ടെ­യു­ണ്ട്‌. ഇവി­ടെ ആഹാ­ര­ബിം­ബ­ങ്ങ­ളു­ടെ 'ഉ­പ­യോ­ഗ­മൂ­ല്യം' (use value) ലൈം­ഗിക ബിം­ബ­ത്തി­ന്റെ 'ആ­ഗ്ര­ഹ­മൂ­ല്യ'­വു­മാ­യി (desire value) ചാര്‍­ച്ച­യാ­കു­ന്നു­വെ­ന്ന്‌ സി­ഗ്മ­ണ്ട്‌ ഫ്രേ­ാ­യി­ഡി­ന്റെ സി­ദ്ധാ­ന്ത­ങ്ങ­ളെ പിന്‍­പ­റ്റി പറ­യാം. ലൈം­ഗി­കത (sex) എന്ന­ത്‌ അതി­ന്റെ ജൈ­വി­ക­ചോ­ദ­ന­യില്‍­നി­ന്ന്‌ അടര്‍­ന്നു മാ­റി, നി­ര­ന്ത­രം ഉപ­ഭോ­ഗി­ക്കാന്‍ മാ­ത്ര­മു­ള്ള­തും കൃ­ത്യ­മാ­യി പി­ടി­ത­രാ­തെ നി­ര­ന്ത­രം വഴു­തി­മാ­റി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തു­മായ പൊ­ങ്ങു­ത­ടി­ക്കു സമാ­ന­മാ­യി­ത്തീ­രു­ന്നു. അങ്ങ­നെ വരു­മ്പോള്‍ ഹ്ലാ­ദം (pleasure) എന്ന­ത്‌ ഒരി­ക്ക­ലും പൂര്‍­ത്തീ­ക­രി­ക്ക­പ്പെ­ടാ­ത്ത­തും ശമി­ക്കാ­ത്ത­തു­മായ ഇച്ഛ­യാ­യി അവ­ശേ­ഷി­ക്കും. ഏതാ­ണ്ടി­തു­പോ­ലെ ഒരി­ക്ക­ലും പൂര്‍­ണ്ണ­സം­തൃ­പ്‌­തി തരാ­ത്ത പ്ര­വൃ­ത്തി­യാ­യി ആഹ­രി­ക്കല്‍/ ഭക്ഷി­ക്കല്‍ മാ­റു­ന്നു. ചു­രു­ക്ക­ത്തില്‍, തി­ന്നു­ക­യെ­ന്ന­ത്‌ ആഘോ­ഷ­പ­ര­മായ തു­ടര്‍­വൃ­ത്തി­യാ­യി പരി­ണ­മി­ക്കു­ക­യാ­ണ്‌. കൂ­ടാ­തെ ഭക്ഷ­ണ­വും ഭക്ഷി­ക്ക­ലും കാ­ഴ്‌­ച­സു­ഖം (voyeurism), നോ­ട്ട­സു­ഖം (pleasure of the look) എന്നിവ പ്ര­ദാ­നം ചെ­യ്യു­ന്ന ഏര്‍­പ്പാ­ടാ­യി­ത്തീ­രു­ക­യും ചെ­യ്യു­ന്നു­.

മി­ഷേല്‍ ഫൂ­ക്കോ­യു­ടെ 'പ­നാ­പ്‌­റ്റി­ക്കോണ്‍' (സ്റ്റേ­റ്റ­ട­ക്ക­മു­ള്ള സാ­മൂ­ഹി­കാ­ധി­കാര കേ­ന്ദ്ര­ങ്ങള്‍ പ്ര­ജ­ക­ളെ നി­ര­ന്ത­രം വീ­ക്ഷി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന അവ­സ്ഥ) എന്ന സങ്ക­ല്‌­പ­ന­ത്തോ­ട്‌ ഈ അവ­സ്ഥാ­ന്ത­ര­ത്തെ ചേര്‍­ത്തു വാ­യി­ക്കാ­വു­ന്ന­താ­ണ്‌. 'മാ­ദ­ക­ത്വം' തു­ളു­മ്പു­ന്ന 'സു­ന്ദ­ര­മാ­യ' ഭക്ഷ­ണം എന്ന ബിം­ബം നി­ര­ന്ത­ര­പ­ര്യ­വേ­ക്ഷ­ണ­ത്തി­ന്‌ (constant surveillance) വി­ധേ­യ­മാ­കു­ന്നു. നമ്മള്‍ മറ്റു­ള്ള­വ­രു­ടെ ആഹാ­ര­ത്തെ­യും ആഹ­രി­ക്ക­ലി­നെ­യും നി­രീ­ക്ഷി­ച്ച്‌ അതി­ന്റെ അടി­സ്ഥാ­ന­ത്തില്‍ അവ­രെ വര്‍­ഗീ­ക­രി­ക്കാന്‍ ശ്ര­മി­ക്കു­ന്നു. ഇതു­പോ­ലെ മറ്റു­ള്ള­വര്‍ നമ്മെ നി­രീ­ക്ഷി­ക്കു­ക­യും വര്‍­ഗീ­ക­രി­ക്കാന്‍ ശ്ര­മി­ക്കു­ക­യും ചെ­യ്യു­ന്നു­വെ­ന്ന ബോ­ധ­വും നമ്മള്‍ പേ­റു­ന്നു. ഭക്ഷ­ണ­കേ­ന്ദ്രി­ത­മായ ഈ ഫി­ക്‌­സേ­ഷന്‍ (fixation) അഥ­വാ ഒഴി­യാ­ബാ­ധ­കള്‍ ഉപ­ഭോ­ഗ­പ്രൗ­ഢി­യു­ടെ സൂ­ച­ക­മാ­യി മാ­ത്രം ഭക്ഷ­ണ­ത്തെ കാ­ണാന്‍ നമ്മെ പ്രേ­രി­പ്പി­ക്കു­ന്നു­.

പു­ത്തന്‍ പു­തിയ സമൂ­ഹ­ത്തി­ന്റെ ആഡം­ബ­ര­ത്തി­ന്റെ ഭാ­ഗ­മായ ഭക്ഷ­ണ­ങ്ങ­ളു­ടെ­യും ഭക്ഷ­ണം കഴി­ക്ക­ലി­ന്റെ­യും ചല­ച്ചി­ത്ര­കാ­ഴ്‌­ച­യില്‍ ചില കാ­ര്യ­ങ്ങള്‍ ചോര്‍­ന്നു പോ­കു­ന്നു­ണ്ട്‌. ഭക്ഷ­ണ­വ­സ്‌­തു­ക്കള്‍ ഉദ്‌­പ്പാ­ദി­പ്പി­ക്ക­പ്പെ­ടു­ന്ന സാ­ഹ­ച­ര്യം, അവ­യ്‌­ക്കു പ്ര­കൃ­തി­യു­മാ­യു­ള്ള അടു­പ്പം, കര്‍­ഷ­ക­സ­മൂ­ഹ­വു­മാ­യി അതി­നു­ള്ള ബാ­ന്ധ­വം തു­ട­ങ്ങി­യ­വ­യൊ­ന്നും ഇത്ത­രം ന്യൂ ജന­റേ­ഷന്‍ സി­നി­മ­യു­ടെ ഫ്രെ­യി­മി­നു വി­ഷ­യ­മ­ല്ല. പക­രം ഭക്ഷ­ണം എന്ന ഉല്‌­പ­ന്ന­ത്തി­ന്റെ നി­റ­ശോ­ഭ­യും പാ­ക്കേ­ജ്‌ ഫു­ഡി­ന്റെ വൈ­വി­ധ്യ­ങ്ങ­ളും ഫോ­ക്ക­സിം­ഗ്‌ കേ­ന്ദ്ര­ങ്ങ­ളാ­കു­ന്നു. സാള്‍­ട്ട്‌ ആന്റ്‌ പെ­പ്പര്‍ എന്ന സി­നി­മ­യില്‍ ആദ്യ സീ­ക്വന്‍­സില്‍ പ്ര­ത്യ­ക്ഷ­പ്പെ­ട്ട് ഏതാ­ണ്ട്‌ ഒടു­ക്കം വരെ നി­ഷ്‌­ക്രി­യ­നാ­യി ഒരു മൂ­ല­യ്‌­ക്ക്‌ ഒതു­ക്കി­യി­രു­ത്തി­യി­രി­ക്കു­ന്ന ആദി­വാ­സി മൂ­പ്പ­ന്റെ 'കാ­ട്ടു­ഭ­ക്ഷ­ണം' (ട്രൈ­ബ്‌ റെ­സീ­പ്പി മന­സി­ലാ­ക്കാന്‍ കൂ­ടി­യാ­ണ്‌ കാ­ളി­ദാ­സന്‍ അയാ­ളെ വീ­ട്ടില്‍ താ­മ­സി­പ്പി­ക്കു­ന്ന­തെ­ങ്കി­ലും) സി­നി­മ­യില്‍ ഒരു എളിയ വി­ഭ­വ­മാ­യി­പോ­ലും ഇടം നേ­ടാ­തെ പോ­കു­ന്ന­ത്‌ ഇതി­നോ­ട്‌ ചേര്‍­ത്തു വാ­യി­ക്കാ­വു­ന്ന­താ­ണ്‌. ആദി­വാ­സി­ഭ­ക്ഷ­ണ­ത്തി­ന്റെ ഈ അസാ­ന്നി­ധ്യം നവ­കണ്‍­സ്യൂ­മ­റി­സ്റ്റ്‌ ധാ­ര­ണ­ക­ളെ സൂ­ക്ഷ്‌­മ­ത­ല­ത്തില്‍ ചോ­ദ്യം ചെ­യ്യു­ന്നു­.

ചു­വ­ടെ ചേര്‍­ക്കു­ന്ന രണ്ട്‌ ഉദ്ധ­ര­ണി­കള്‍ ഈ പ്ര­ബ­ന്ധ­ത്തി­ന്റെ ആകെ­ത്തു­ക­യെ സ്വാം­ശീ­ക­രി­ക്കു­ന്നു­ണ്ട്‌.

ഒ­ന്ന്‌: 'കൊ­ടു­ക്കല്‍ വാ­ങ്ങ­ലു­ക­ളു­ടെ പ്ര­ത്യ­ക്ഷ­ഭൂ­മി­ക­ക­ളായ ചല­ച്ചി­ത്രാ­ദി പ്ര­ക­ട­ന­ക­ല­കള്‍­ക്ക്‌ ഭക്ഷ­ണ­ബിം­ബ­ങ്ങ­ളോ­ട്‌ പ്ര­ത്യേക മമ­ത­യു­ണ്ട്‌. കാ­ര­ണം, ഭക്ഷ­ണ­ബിം­ബ­ങ്ങള്‍ ബഹ്വര്‍­ത്ഥ­സൂ­ച­ക­ങ്ങ­ളാ­യാ­ണ്‌ (polysemous signifiers) വര്‍­ത്തി­ക്കു­ന്ന­ത്‌. വള­രെ അമൂര്‍­ത്ത­വും അസ്‌­പ­ഷ്ട­വും ആന്ത­രി­ക­വു­മായ (മാ­ന­സി­ക) അവ­സ്ഥ­ക­ളെ മൂര്‍­ത്ത­വല്‍­ക്ക­രി­ച്ച്‌ ധ്വ­നി­പ്പി­ക്കാന്‍ അവ­യ്‌­ക്കു കഴി­യു­ന്നു' (Poole, 1999:2).

ര­ണ്ട്‌: 'വ്യ­ക്തി­ക­ളോ­ടു ചേര്‍­ന്നി­രു­ന്ന്‌ ഭക്ഷ­ണം കഴി­ക്കാന്‍ കഴി­യു­ന്നി­ല്ലെ­ങ്കില്‍, നി­ങ്ങള്‍ ഒരി­ക്ക­ലും ആ കൂ­ട്ടാ­യ്‌­മ­യില്‍ ഉള്‍­പ്പെ­ടു­ന്നി­ല്ല. ഇതു വള­രെ സമര്‍­ത്ഥ­മായ ഒരു കൗ­ശ­ല­ന­യ­മാ­ണ്‌. മനു­ഷ്യ­രു­ടെ ഒരു­മ­യെ സൂ­ചി­പ്പി­ക്കാന്‍ കഴി­യു­ന്ന ഏറ്റ­വും മഹ­ത്തായ ചി­ഹ്നം ഭക്ഷ­ണം പങ്കി­ടുക എന്ന ക്രി­യ­യാ­ണ്‌. ഭക്ഷ­ണ­ബിം­ബ­ങ്ങള്‍­ക്കു­പ­രി­യാ­യി, ഒരു കൂ­ട്ടാ­യ്‌­മ­യി­ലെ ഏവ­രെ­യും ഒറ്റ മന­സ്‌­ക്ക­രെ­ന്ന്‌ അനു­ഭ­വി­പ്പി­ക്കാന്‍ കഴി­യു­ന്ന ഒരേ­യൊ­രു കര്‍­മ്മ­മേ­യു­ള്ളൂ- അപ­ര­കൂ­ട്ടാ­യ്‌­മ­ക­ളെ ഒരു­മി­ച്ചു­നി­ന്ന്‌ കൊ­ല്ലു­ക. ഈയ­വ­സ്ഥ ലോ­ക­ച­രി­ത്ര­ഗ­തി­യെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം വള­രെ സു­പ്ര­ധാ­ന­മാ­ണ്‌'(Visser, 1991:43).

No comments:

Post a Comment