Thursday, April 12, 2012

സച്ചിന്‍ കളിക്കാതിരുന്നുകൊണ്ടു കളിക്കുന്ന കളി!

ഐപിഎലിന്റെ അഞ്ചാം എഡിഷന്‍ ഹരമായിത്തുടങ്ങിയിരിക്കുകയാണ്. ഏറ്റവുമേറേ ആരാധകരുള്ള ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. റിലയന്‍സ് ഉടമസ്ഥരായിട്ടുള്ള കുത്തകമുതലാളിട്ടീമാണെങ്കിലും ആ ടീമിനെ കൊടിയ കമ്യൂണിസ്റ്റാദര്‍ശത്തില്‍ അഭിരമിക്കുന്നവര്‍ പോലും ഇഷ്ടപ്പെടുന്നതിന് ഒരേയൊരു കാരണം - സച്ചിന്റെ സാന്നിദ്ധ്യം. സ്വന്തമായ ടീമില്ലാത്ത ദേശത്തെ ആളുകള്‍ മുതല്‍ സ്വന്തമായി ടീമുണ്ടായിട്ടും സച്ചിന്‍പ്രേമത്താല്‍ വലയുന്നവര്‍ വരെ സച്ചിന്മയമായ മുംബൈ ടീമിനായി മുന്‍പേ പറക്കുകയാണ്.

എന്നാല്‍, സച്ചിന്‍ ഐപിഎലില്‍ ആകപ്പാടെയൊരു ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഐപിഎല്‍ അഞ്ചാം എഡിഷന്‍ തുടങ്ങുന്നതിനുമുന്നേ, വര്‍ഷങ്ങളായി നിലനില്ക്കുന്ന ഒരു പരിക്ക് ചികിത്സിക്കാനായി അദ്ദേഹം വിദേശത്തേക്കു യാത്രപോയി എന്നൊരു വാര്‍ത്തയുണ്ടായി. എന്നാല്‍, കളിതുടങ്ങാന്‍ മണിക്കൂറുകള്‍ ശേഷിക്കേ, അദ്ദേഹം തിരിച്ചെത്തുകയും കളിയുള്ളതിനാല്‍ ചികിത്സ മാറ്റിവച്ചതായി വാര്‍ത്ത പ്രചരിക്കുകയും ചെയ്തു. എന്നാലും ചെന്നൈയ്ക്കെതിരെയുള്ള ഉദ്ഘാടനമത്സരത്തിലെ സച്ചിന്റെ സാന്നിദ്ധ്യം അവസാനനിമിഷം വരെ ഉല്‍ക്കണ്ഠയുടെ മുള്‍മുനയില്‍ നിലനിന്നു.

അവസാനഇലവന്‍ കളിക്കു മുന്നേ പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും ഫീല്‍ഡിംഗ് ലഭിച്ച മുംബൈയ്ക്കായി ഫീല്‍ഡില്‍ ഇറങ്ങാതെ കരയ്ക്കിരുന്നുകൊണ്ട് ടെലിവിഷനില്‍ കേളി വീക്ഷിക്കുന്നവരെ സച്ചിന്‍ പരീക്ഷിച്ചു. അവസാനം മറുപടി ബാറ്റിംഗിന് ഇറങ്ങിവന്ന ഓപ്പണിംഗ് ജോഡിയെ കാണുന്നതു വരെ സച്ചിന്‍ ആരാധകര്‍ അക്ഷമ പൂണ്ടിരുന്നു.

ബാറ്റിംഗിനിടെ ഏറ്റ വിരല്‍പ്പരിക്കിനെത്തുടര്‍ന്ന് ആദ്യകളിയില്‍ത്തന്നെ ഇനിഷ്യല്‍ ഓവറുകളില്‍ സച്ചിന്‍ റിട്ടയേഡ് ഹര്‍ട്ടായി മടങ്ങി. തുടര്‍ന്ന് മുംബൈ രണ്ടു കളികള്‍ കളിച്ചുകഴിഞ്ഞു. പൂണെ വാരിയേഴ്സുമായിട്ടും ഡെക്കാന്‍ ചാര്‍ജേഴ്സുമായിട്ടും. ഇതില്‍ ആദ്യത്തെ മത്സരത്തില്‍ തോല്‍ക്കുകയും രണ്ടാമത്തേതില്‍ ജയിക്കുകയും ചെയ്തു. ഈ രണ്ടു മത്സരങ്ങളിലും സച്ചിന്‍ കളിച്ചില്ല.

ഐപിഎല്ലിന്റെ ആദ്യ എഡിഷനിലും സച്ചിന്‍ പരിക്കുമൂലം ആദ്യത്തെ കുറേ കളികള്‍ കളിച്ചിരുന്നില്ല. അത് പരീക്ഷണ ഐപിഎല്‍ ആയിരുന്നതിനാല്‍ ഐക്കണ്‍ താരമായ സച്ചിന്‍ കളിക്കാതിരിക്കുന്ന കാര്യം നേരത്തേ പുറത്തുവന്നാല്‍ അതു കാണികളുടെ എണ്ണത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നതിനാല്‍ ആ വാര്‍ത്ത പൂഴ്‌ത്തിവയ്ക്കാനും ഏതു കളിമുതലും സച്ചിന്‍ കളിച്ചേക്കും എന്നൊരു ആശയക്കുഴപ്പം മാദ്ധ്യമങ്ങളിലൂടെ നിലനിര്‍ത്താനും ശ്രമമുണ്ടായിരുന്നു.

ഇത്തവണത്തെ ഐപിഎലും സുപ്രധാനമാണ്. കോഴപ്രശങ്ങളില്‍നിന്ന് മുക്തമായിക്കഴിഞ്ഞു ഐപിഎല്‍ എന്നു തെളിയിച്ച് കേളീവിശ്വാസ്യത നേടിയെടുക്കാനുള്ള ടൂര്‍ണമെന്റാണിത്. അതിനുപുറമേ, ഐക്കണ്‍ കളിക്കാരായി ഐപിഎല്‍ തുടക്കത്തില്‍ അവതരിപ്പിക്കപ്പെട്ടവരും എക്കാലത്തും ക്രിക്കറ്റ് പ്രേക്ഷകരായ ഇന്ത്യക്കാരുടെ പ്രിയരുമായ രാഹുല്‍ ദ്രാവിഡ്, സൌരബ് ഗംഗുലി തുടങ്ങിയ കളിക്കാരുടെ അവസാന ടൂര്‍ണമെന്റായി ഇതു വിലയിരുത്തപ്പെടുന്നു. ലോകക്രിക്കറ്റിലെ മഹാരഥന്മാരില്‍ ചിലരായ ആദം ഗില്‍ക്രിസ്റ്റ്, മുത്തയ്യ മുരളീധരന്‍ തുടങ്ങിയവരും ഇനിയൊരു അങ്കത്തിനെത്തുമോ എന്നതു സംശയകരം. ഇങ്ങനെ പല കാര്യങ്ങളാല്‍ പ്രധാനമായ ഈ ടൂര്‍ണമെന്റ് ഒരു ട്രാന്‍സിഷന്‍ കാലത്താണ്. ഈ സമയത്ത് സച്ചിന്റെ സാന്നിദ്ധ്യത്തെയോ അസാന്നിദ്ധ്യത്തെയോ സംബന്ധിച്ച വ്യക്തമായ വിവരം നിര്‍ണായകമാണ്.

അതുകൂടിക്കൊണ്ടാണ് സച്ചിന്റെ അസാന്നിദ്ധ്യത്തെയും ആശയക്കുഴപ്പത്തെയും വ്യക്തതവരുത്താതെ നിലനിര്‍ത്തുന്നത് എന്നു വേണ്ടിവരും കരുതാന്‍. സച്ചിന് പരിക്കുണ്ടെങ്കില്‍ അതിന്റെ ഗൌരവവും കളിക്കുന്നില്ലെങ്കില്‍ അതിന്റെ കാലപരിധിയിലും കഴിയുന്നത്ര സുതാര്യമാക്കുന്നതില്‍ തെറ്റെന്ത് എന്നതു മനസ്സിലാകുന്നില്ല. ടൂര്‍ണമെന്റു തുടങ്ങുന്നതിനു മണിക്കൂറുകള്‍ മാത്രം മുന്‍പ് താന്‍ നാലുവര്‍ഷമായി കൈവശം വെച്ചിരുന്ന ക്യാപ്റ്റന്‍ പദവി നാടകീയമായി ഹര്‍ഭജന്‍ സിംഗിനു കൈമാറിക്കൊണ്ടും സച്ചിന്‍ ഒരു കളിതന്നെ കളിച്ചിരുന്നു.

ഇത്തരം പുറംകളികളുടെ ലോകംതന്നെയാണ് ഇങ്ങനെയുള്ള കച്ചവട ടൂര്‍ണമെന്റുകള്‍. ലീഗ് ഫുട്ബോളര്‍ താരങ്ങളുടെ പേരില്‍ അരങ്ങേറുന്ന കേളീബാഹ്യനിര്‍മിത വാര്‍ത്തകളുടെ ചരിത്രം അങ്ങനെതന്നെ പറയുന്നു. എന്നാലും ഇത്തരം ചപ്പടാച്ചികള്‍ക്ക് ഇതിഹാസതാരമായി മാറിക്കഴിഞ്ഞ സച്ചിന്‍ അറിഞ്ഞുകൊണ്ടു നിന്നുകൊടുക്കുന്നുവോ എന്നത് സംശയകരമായി നിലനില്ക്കുന്നു.

No comments:

Post a Comment