Sunday, April 22, 2012

ബോസിന്റെ ഓമനയാകാം

കരിയര്‍ വളര്‍ത്തണമെന്ന ആഗ്രഹം ആര്‍ക്കുമുണ്ടാകും. ഇക്കാര്യത്തില്‍ ഒരേ സമയം സഹായിക്കാനും ഉപദ്രവിക്കാനും കഴിയുന്ന ആളാണ് ബോസ്. ഒരുപക്ഷേ പഠിച്ചുണ്ടാക്കിയ ഡിഗ്രികളേക്കാള്‍ ബോസിനായിരിക്കും ഇക്കാര്യത്തില് കൂടുതല്‍ സഹായിക്കാന്‍ കഴിയുക. അതുകൊണ്ടുതന്നെ ബോസിന്റെ ഇഷ്ടം പിടിച്ചെടുക്കുകയും പ്രധാനമാണ്.

പുതിയ ഐഡിയകളും പദ്ധതികളും ബോസുമായി ചര്‍ച്ച ചെയ്യുക. പുതിയ ഐഡിയകള്‍ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കാര്യം കൂടിയാണ്.

ജോലി നല്ലതു പോലെ ചെയ്യുന്നത് ബോസിന്റെ മനസ് പിടിച്ചടക്കാന്‍ പ്രധാനം. ചെയ്യുന്ന ജോലി നൂറു ശതമാനം ആത്മാര്‍ത്ഥതയോടെ ചെയ്യാന്‍ ശ്രമിക്കുക. കഠിനാധ്വാനം ചെയ്യുക. ബോസ് ആഗ്രഹിക്കുന്നതും ഇതു തന്നെയായിരിക്കും.

പുതിയ ഐഡിയകള്‍ ബോസുമായി ചര്‍ച്ച ചെയ്യാതെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കരുത്. ഇത് മേലുദ്യോഗസ്ഥന്റെ ഇഷ്ടക്കേടിനു കാരണമായെന്നു വരും. ആദ്യം ബോസുമായി ചര്‍ച്ച ചെയ്ത ശേഷം സമ്മതത്തോടെ മാത്രം പുതിയ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുക.

സത്യസന്ധത ബോസിന്റെയും കണ്ണുതുറപ്പിക്കുന്ന ഒന്നാണ്. സത്യമായി കാര്യങ്ങള്‍ ചെയ്യുകയും പറയുകയും ചെയ്യുക. മറിച്ചൊരു അനുഭവം ജീവിതകാലം മുഴുവന്‍ ഒരു ജോലിക്കാരനെ പറ്റി തെറ്റായ ധാരണയുണ്ടാക്കാന്‍ ഇട വരുത്തും. സത്യസന്ധമായ ഒരാളാണെന്നു ബോസിന് ബോധ്യം വന്നാല്‍ ആ പരിഗണന ലഭിക്കുകയും ചെയ്യും.

അനാവശ്യ പുകഴ്ത്തലെന്തിന്?


സ്വന്തം കാര്യസാധ്യത്തിനായി ആവശ്യത്തിനും അനാവശ്യത്തിനും ബോസിനെ പ്രശംസിക്കുന്നവരുണ്ട്. ഇത് ചിലപ്പോള്‍ വിപരീത ഫലമാണ് ഉണ്ടാക്കുക. നല്ല കാര്യങ്ങള്‍ക്ക് ബോസിനെ പുകഴ്ത്തുന്നത് നല്ലതു തന്നെ. വെറുതെയുള്ള പുകഴ്ത്തലും അതിന് പിന്നിലുള്ള ദുരദ്ദേശ്യവും തിരിച്ചറിയാന്‍ കൂടുതല്‍ ബുദ്ധിമുട്ടേണ്ടി വരില്ല. ഇത് നിങ്ങളുടെ ശരിയായ അഭിനന്ദനം പോലും മുഖവിലയ്‌ക്കെടുക്കാതിരിക്കാന്‍ ബോസിനെ പ്രേരിപ്പിക്കുകയും ചെയ്യും.

മേലുദ്യോസ്ഥനില്ലാത്ത പല ഗുണങ്ങളും ചിലപ്പോള്‍ നിങ്ങള്‍ക്കുണ്ടായെന്നു വരും. കഴിവുണ്ടായാല്‍ മാത്രമായില്ല, അത് പ്രവര്‍ത്തിയില്‍ കാണിക്കുകയും വേണം. ഇത് ബോസിന്റെ കണ്ണില്‍ നിങ്ങളുടെ വില ഉയര്‍ത്തും.

ജോലിയില്‍ ചിലപ്പോള്‍ ബോസിനും പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളുണ്ടാകും. ഇതിന് ആകുമെങ്കില്‍ പരിഹാരം കണ്ടെത്തിക്കൊടുക്കാം.

ജോലിയിലോ ഓഫീസിലോ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഇത് ബോസുമായി തുറന്നു ചര്‍ച്ച ചെയ്യാനുള്ള ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കുക. കാര്യങ്ങള്‍ മറച്ചു പിടിച്ചു പറയുന്നതും വളച്ചു പറയുന്നതും മിക്കവാറു പേരെ നീരസപ്പെടുത്തും. എന്തും തുറന്നു പറയാനുള്ള മനസാണ് നല്ലത്.

ബോസുമായി അനൗദ്യോഗിക ബന്ധം വയ്ക്കുന്നതും നല്ലതാണ്. ഒരു ബോസ്-ജോലിക്കാരന്‍ എന്നതിനേക്കാളുപരി, കൂട്ടുകാര്‍ എന്ന സങ്കല്‍പത്തിന് മാറ്റേറും. ഇത് പക്ഷെ വ്യക്തികളെ അനുസരിച്ചിരിക്കും. ബോസായി തന്നെ ജീവിക്കാന്‍ ആഗ്രഹിക്കുന്നയാളാണെങ്കില്‍ ഇത്തരം സൗഹൃദസങ്കല്‍പം നടപ്പാക്കാന്‍ നോക്കാതിരിക്കുകയാവും നല്ലത്.

No comments:

Post a Comment