ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരാണ് ഇന്നും നമ്മുടെ മതേതര രാഷ്ട്രത്തിന്റെ ജനാധിപത്യത്തെ മുന്നോട്ടുതള്ളിക്കൊണ്ടുപോകുന്നത്. മതേതരം എന്നത് ഏതു മതത്തെയും തരംപോലെ പുണരുകയും പിരിയുകയും ചെയ്യാനുള്ള കേവലസ്വാതന്ത്ര്യം മാത്രമല്ല, സ്വന്തം മതവിശ്വാസങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും അതില്‍ സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും അഭിമാനത്തോടെയും ജീവിച്ചുപോകാനുള്ള അവകാശം കൂടിയാണ്.
ഇത് മതേതരത്വത്തിന്റെ സാമൂഹികമായ അര്‍ത്ഥം. എന്നാല്‍ ഈ വാക്കിന്റെ രാഷ്ട്രീയമായ അര്‍ത്ഥം മതവിഭാഗങ്ങളുടെ സന്തുലനം പാര്‍ലമെന്ററി ജനാധിപത്യസംവിധാനത്തില്‍ സാദ്ധ്യമാക്കുക എന്നല്ല. പകരം, മതം ഒരു പരിഗണനാര്‍ഹമല്ലാത്ത വിധത്തില്‍ മതവിമുക്തമായ ഒരു ഭരണസംവിധാനം എന്നതാണ്. അപ്പോള്‍ ഇന്ത്യയിലെ, സ്വാഭാവികമായും കേരളത്തിലെയും ഭരണസംവിധാനം ഒരു മതേതരജനാധിപത്യസംവിധാനം എന്നനിലയില്‍ മതവിമുക്തവും മതപരിഗണനകളെ പുറന്തള്ളുന്നതും ജനാധിപര്യവുമായ ഒന്ന് എന്നുതന്നെ മനസ്സിലാക്കേണ്ടിവരും.
എന്നാല്‍, ഇന്ത്യയിലെ മതവിഭാഗങ്ങളും ജാത്യവസ്ഥകളും വളരെ ശക്തമാണെന്നിരിക്കെ, അതിന്റെ രാഷ്ട്രീയനൈരന്തര്യത്തിലും അവരണ്ടും കാര്യമായി ഇടപെടുകതന്നെ ചെയ്യും. സംവരണതത്വങ്ങളും പ്രാതിനിധ്യങ്ങളും ഇവിടെ സാമൂഹികവും രാഷ്ട്രീയവുമായ ഏതൊരു പ്രക്രിയയിലും സജീവമായ ഘടകമായി പ്രവര്‍ത്തിക്കുന്നു.
"ഓരോ ദേശീയപാര്‍ട്ടിയുടെയും ഭാഗമായിരുന്നിരുന്ന വിവിധ ജാതിമത,വര്‍ഗ, ആദര്‍ശപ്രതിനിധാനങ്ങള്‍, അത്തരം പ്രാതിനിധ്യങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ദേശീയകക്ഷികളില്‍നിന്നു ലഭിക്കുന്നില്ലെന്ന പരാതികളുടെയും തിരിച്ചറിവുകളുടെയും പേരില്‍ വിഘടിച്ചുകൊണ്ട് ഇന്ത്യയെ പ്രാദേശികവും കൂടുതലായും സാമുദായികവുമായ അനേകം പാര്‍ട്ടികളുടെ ഒരു കൂത്തരങ്ങാക്കിമാറ്റി. ഇത് ഇനിയെക്കാലവും കൂട്ടുകക്ഷിമന്ത്രിസഭകള്‍ മാത്രം സംഭവ്യമാക്കുന്ന അവസ്ഥയിലേക്ക് ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യത്തെ എത്തിക്കുകയും ചെയ്തു." മുസ്ലിം ലീഗിന് കേരളത്തില്‍ അഞ്ചാമതൊരു മന്ത്രിയെക്കൂടി അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങളെ രണ്ടുതരത്തിലാണ് നമ്മുടെ അക്കാദമിക് - പൊതുസമൂഹധാരകള്‍ സംവാദവിഷയമാക്കിയിരിക്കുന്നത്. യുഡിഎഫ് നേതാവ് കെ.മുരളീധരന്‍ മുതല്‍ എല്‍ഡിഎഫ് നേതാവ് വി.എസ്. അച്യുതാനന്ദന്‍ വരെയുള്ളവര്‍ വിഭിന്നമായ ഭാഷകളിലാണെങ്കിലും മുസ്ലിം ലീഗിന് അഞ്ചാമതൊരു മന്ത്രിയെന്നത് മന്ത്രിസഭയിലെ സാമുദായികസന്തുലനം തകര്‍ക്കുമെന്നു വ്യാകുലപ്പെടുന്നു. അത്തരം വ്യാകുലതകള്‍ക്കപ്പുറത്തേക്ക് ഇങ്ങനൊരു മന്ത്രിസ്ഥാനം നല്കുന്നതു വഴി മുസ്ലിം ലീഗെന്ന ഘടകകക്ഷിയുടെ സമ്മര്‍ദ്ദബലതന്ത്രത്തിനു വഴങ്ങരുതെന്ന് യുഡിഎഫിലെയും കോണ്‍ഗ്രസിലെയും മുസ്ലിം നേതാക്കളായ ആര്യാടന്‍ മുഹമ്മദും എംഎ ഷാനവാസും ഗ്രൂപ്പില്ലാത്ത, മതേതരനെന്നു വേണമെങ്കില്‍ വിളിക്കാവുന്ന വിഎം സുധീരനും ഒക്കെ പറയുകയും ചെയ്യുന്നു.
മുസ്ലിം ലീഗില്‍നിന്ന് ഒരു മന്ത്രി കൂടി വരുന്നതില്‍ സാമുദായികസന്തുലനത്തകര്‍ച്ച എന്ന വാദത്തിലെ കഴമ്പില്ലായ്മയെ അക്കാദമിക് ചിന്തകരില്‍ ഒരുവിഭാഗവും പൊതുസമൂഹത്തിലെ ഒരു വിഭാഗവും തള്ളിക്കളയുകയാണ്. കാരണം, മുന്‍പ് എല്‍ഡിഎഫ് ഭരിച്ചിരുന്നപ്പോള്‍ ഈ സാമുദായികസന്തുലിതാവസ്ഥ പരിഗണിച്ചല്ല വിവിധസമുദായങ്ങള്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചിരുന്നത് എന്നതാണ് അവരുന്നയിക്കുന്ന പ്രധാനവാദം.
മുസ്ലിം മന്ത്രിമാരുടെ എണ്ണം കൂടുന്നുവോ എന്നതല്ല ഇവിടെ സംവാദവിഷയമാകേണ്ടതെന്നും മുസ്ലിം ലീഗ് മന്ത്രിമാരുടെ എണ്ണം കൂടേണ്ടതുണ്ടോ എന്നതാണ് വിഷയമാകേണ്ടതെന്നുമാണ് ഈ ലേഖകന്‍ കരുതുന്നത്.
വളരെ ശക്തമായ ദേശീയപാര്‍ട്ടികളായ രണ്ടോ മൂന്നോ രാഷ്ട്രീയധാരകളുടെ, ആദര്‍ശങ്ങളുടെ, വീക്ഷണങ്ങളുടെ ജനാധിപത്യപരമായ പോരാട്ടമുഖമെന്ന നിലയില്‍നിന്ന് ഇന്ത്യന്‍ ജനാധിപത്യവും കക്ഷിരാഷ്ട്രീയസംവിധാനവും മാറിത്തീര്‍ന്നിട്ട് ഏറെക്കാലമായി. ഓരോ ദേശീയപാര്‍ട്ടിയുടെയും ഭാഗമായിരുന്നിരുന്ന വിവിധ ജാതിമത,വര്‍ഗ, ആദര്‍ശപ്രതിനിധാനങ്ങള്‍, അത്തരം പ്രാതിനിധ്യങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ദേശീയകക്ഷികളില്‍നിന്നു ലഭിക്കുന്നില്ലെന്ന പരാതികളുടെയും തിരിച്ചറിവുകളുടെയും പേരില്‍ വിഘടിച്ചുകൊണ്ട് ഇന്ത്യയെ പ്രാദേശികവും കൂടുതലായും സാമുദായികവുമായ അനേകം പാര്‍ട്ടികളുടെ ഒരു കൂത്തരങ്ങാക്കിമാറ്റി. ഇത് ഇനിയെക്കാലവും കൂട്ടുകക്ഷിമന്ത്രിസഭകള്‍ മാത്രം സംഭവ്യമാക്കുന്ന അവസ്ഥയിലേക്ക് ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യത്തെ എത്തിക്കുകയും ചെയ്തു.
ഇതൊരു പതനമാണോ ഔന്നത്യമാണോ എന്നത് ആഴത്തില്‍ പരിശോധിക്കേണ്ടിവരുന്ന വിഷയമാണ്. പ്രാദേശികവും വര്‍ഗീയവും (class) വംശീയവുമായ പ്രാതിനിധ്യങ്ങള്‍ക്ക് ആഴത്തിലുള്ള പ്രതിഫലനം സംലബ്ധമാകുന്നത് പ്രാദേശികപാര്‍ട്ടികളുടെ ആവിര്‍ഭാവത്തോടെയാണ്. മുസ്ലിംകള്‍, ദലിതുകള്‍, ദ്രാവിഡന്മാര്‍, ഇതരന്യൂനപക്ഷങ്ങള്‍ എന്നിവയ്ക്ക് ദേശീയപാര്‍ട്ടികളായ കോണ്‍ഗ്രസ്, ബിജെപി, കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ എന്നിവകളില്‍ അര്‍ഹിക്കുന്ന പരിഗണനയോ മുഖ്യധാരാപ്രാതിനിധ്യമോ ലഭിക്കുന്നില്ലെന്ന തിരിച്ചറിവായിരുന്നു ഇത്തരം വിഘടനങ്ങള്‍ക്കു കാരണമായത്. ഇടതുപക്ഷവും ജനതാദളും ഇത്തരം പ്രാതിനിധ്യങ്ങളെ ഉള്‍ക്കൊള്ളുമെന്നുള്ള പ്രതീക്ഷയുടെ തകര്‍ച്ചയായിരിക്കണം ഈ പ്രവണതകളെ വര്‍ദ്ധിപ്പിച്ചത്.
ഏതായാലും തെലുഗുനാട്ടില്‍ എന്‍ ടി രാമറാവുവും തമിഴ്‌നാട്ടില്‍ എംജിആര്‍-കരുണാനിധി ദ്വയവും ആണ് ഉത്തരേന്ത്യന്‍ താല്പര്യങ്ങള്‍ക്കപ്പുറം പ്രാദേശികമായ രാഷ്ട്രീയാവശ്യങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കുണ്ടെന്ന തിരിച്ചറിവ് ആദ്യമായി പ്രയോജനപ്പെടുത്തുന്നത്. ഇതിന് ആ രണ്ടു സംസ്ഥാനങ്ങളും അവിടത്തെ ജനങ്ങളുടെ സിനിമാതാല്പര്യത്തെയും സിനിമ സൃഷ്ടിച്ച അഭിരുചിയെയും ആണു ഉപയുക്തമാക്കിയതെന്നുമാത്രം.
"പ്രാദേശികമോ സാമുദായികമോ ആയ പ്രാതിനിധ്യങ്ങള്‍ക്കപ്പുറത്ത്, വല്ല ദേശീയ താല്പര്യങ്ങളും അവശേഷിക്കുന്നുണ്ടെങ്കില്‍ അവയെ മാത്രം സംരക്ഷിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യേണ്ട വികലമായ ചുമതല മാത്രമായിത്തീര്‍ന്നിരിക്കുന്നു ദേശീയരാഷ്ട്രീയ കക്ഷികളുടെ പങ്ക്. ദേശീയമായി നോക്കുമ്പോള്‍ മാത്രം അത്തരം വിശാലഭാവനകളെ പരിപോഷിപ്പിക്കാന്‍ കഴിയുന്ന വോട്ടര്‍മാരുടെ പോക്കറ്റുകള്‍ ഇനിയും കുറേയൊക്കെ അവശേഷിക്കുന്നതുകൊണ്ടുമാത്രം കോണ്‍ഗ്രസിന് ഇന്നും ഏറ്റവും വലിയ ഒറ്റക്കക്ഷികളിലൊന്നാകാന്‍ കഴിയുകയും സഖ്യഭരണകൂടത്തെ നയിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. " ഇന്നിപ്പോള്‍ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും അത്യന്തം ശക്തമായ ഒന്നിലധികം രാഷ്ട്രീയപാര്‍ട്ടികളുണ്ട്. ഇവയ്ക്ക് സാമുദായികസംഘടനകളുടെയും സംഘങ്ങളുടെയും പിന്തുണയും മറ്റുമുണ്ട്. ഇവ സംസ്ഥാനത്ത് പലപ്പോഴും ഏകപക്ഷീയമായിത്തന്നെയോ അല്ലെങ്കില്‍ ദേശീയപാര്‍ട്ടികളുടെ പിന്തുണ മാത്രം സ്വീകരിച്ചോ (ഉദാഹരണം ബംഗാളിലെ മമതാ പാര്‍ട്ടിയുടെ ഭരണം) ഭരണം നിര്‍വഹിക്കുകയും ദേശീയതലത്തില്‍ ദേശീയപാര്‍ട്ടികളുടെ നേതൃത്വത്തിലുണ്ടാകുന്ന സഖ്യങ്ങളില്‍ കൂട്ടുചേര്‍ന്നു ഭരണപങ്കാളിത്തം പേറുകയും ചെയ്യുന്നു. ഇതോടെ ദേശീയപാര്‍ട്ടികളുടെ, പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ നിലയും നിലപാടും തന്നെ, അതിന്റെ പാരമ്പര്യരാഷ്ടീയാദര്‍ശത്തില്‍നിന്ന് വ്യതിചലിക്കുകയും അപ്രസക്തമാകുകയും ചെയ്തുപോയിട്ടുണ്ട്. പ്രാദേശികമോ സാമുദായികമോ ആയ പ്രാതിനിധ്യങ്ങള്‍ക്കപ്പുറത്ത്, വല്ല ദേശീയ താല്പര്യങ്ങളും അവശേഷിക്കുന്നുണ്ടെങ്കില്‍ അവയെ മാത്രം സംരക്ഷിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യേണ്ട വികലമായ ചുമതല മാത്രമായിത്തീര്‍ന്നിരിക്കുന്നു അവയുടെ പങ്ക്.
ദേശീയമായി നോക്കുമ്പോള്‍ മാത്രം അത്തരം വിശാലഭാവനകളെ പരിപോഷിപ്പിക്കാന്‍ കഴിയുന്ന വോട്ടര്‍മാരുടെ പോക്കറ്റുകള്‍ ഇനിയും കുറേയൊക്കെ അവശേഷിക്കുന്നതുകൊണ്ടുമാത്രം കോണ്‍ഗ്രസിന് ഇന്നും ഏറ്റവും വലിയ ഒറ്റക്കക്ഷികളിലൊന്നാകാന്‍ കഴിയുകയും സഖ്യഭരണകൂടത്തെ നയിക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
അതേസമയം പ്രാദേശികസര്‍ക്കാരുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന കോണ്‍ഗ്രസ് അവശേഷിപ്പുകള്‍ ഇന്നും കേരളം പോലെയുള്ള ചിലേടങ്ങളില്‍ ബാക്കിയാണ്. അവിടെ സാമുദായികപ്രാതിനിധ്യങ്ങള്‍ക്ക് മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ എന്നിവയുണ്ടെങ്കിലും ബാക്കി പല ജാതീയ പ്രാതിനിധ്യങ്ങളെയും ഉള്‍ക്കൊള്ളേണ്ട ബാദ്ധ്യത ഇന്നും കോണ്‍ഗ്രസില്‍ തന്നെ നിക്ഷിപ്തമാണ്.
രാഷ്ട്രീയപാര്‍ട്ടികളെ സൃഷ്ടിച്ചിട്ടില്ലാത്ത നായര്‍, ഈഴവ, നാടാര്‍ സമുദായങ്ങളെ അങ്ങനെ കേരളത്തില്‍ കോണ്‍ഗ്രസ് ഉള്‍ക്കൊള്ളുന്നു. ഇതേമാതിരിതന്നെ എല്‍ഡിഎഫില്‍ ഇതേ സമുദായങ്ങളുടെ മറ്റൊരു തരത്തിലുള്ള പ്രാതിനിധ്യഭാവങ്ങളുമുണ്ട്.
ഇതുകൊണ്ട് കോണ്‍ഗ്രസിന് എന്‍എസ്എസ്, എസ്.എന്‍.ഡി.പി. പോലെയുള്ള സാമുദായികസംഘടനകളുടെ താല്പര്യങ്ങളെക്കൂടി സംരക്ഷിക്കേണ്ട അവസ്ഥ കൈവരുന്നു. അങ്ങനെ വരുമ്പോഴാണ് മുഖ്യമന്ത്രി മെത്രാന്‍കക്ഷിയെങ്കില്‍ യുഡിഎഫ് കണ്‍വീനര്‍ ബാവാകക്ഷിയാവേണ്ടിവരുന്നത്. പാര്‍ട്ടി പ്രസിഡന്റും സ്പീക്കറും നായന്മാരെങ്കില്‍ ഡെപ്യൂട്ടി സ്പീക്കര്‍ എങ്കിലും നാടാരാവണം കേന്ദ്രമന്ത്രിമാരില്‍ കത്തോലിക്ക മന്ത്രിയും ഈഴവമന്ത്രിയും വേണം എന്നിങ്ങനെയാവുന്നു, ഉരുത്തിരിയുന്ന സമവാക്യങ്ങള്‍. അത് ഇവരുടെ രാഷ്ട്രീയപാരമ്പര്യത്തെ തന്നെ അപഹസിക്കുന്നതിനു തുല്യമാണെന്ന് മിനിമം അവരെങ്കിലും അറിഞ്ഞിരിക്കേണ്ടതല്ലേ? മൃഗശാലയിലേക്ക് ജിറാഫിനെ കൊണ്ടുവരുന്നതുമുതല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറെ നിശ്ചയിക്കുന്നതുവരെ ജാതിയും സമുദായവും നോക്കിയാവേണ്ട അവസ്ഥയും അവിടെ സംജാതമാകുന്നു.
ഇത്രമേല്‍ ജാതീയ, സാമുദായികവേര്‍തിരിവുകളോടെ നില്‍ക്കുന്ന ഒരു പൊതുസമൂഹത്തില്‍ ഒരുപക്ഷേ, പ്രതിനിധീകരിക്കപ്പെടാതെ പോകുന്നത് മതേതരത്വം രാഷ്ട്രീയാദര്‍ശമായി സ്വീകരിച്ചിരിക്കുന്നവര്‍ മാത്രമായിരിക്കാം. അതാണ് നമ്മുടെ മതേതരജനാധിപത്യത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യവും വിധിവൈപരീത്യവും എന്നു കാണേണ്ടിവരും.
"ഇത്രമേല്‍ ജാതീയ, സാമുദായികവേര്‍തിരിവുകളോടെ നില്‍ക്കുന്ന ഒരു പൊതുസമൂഹത്തില്‍ ഒരുപക്ഷേ, പ്രതിനിധീകരിക്കപ്പെടാതെ പോകുന്നത് മതേതരത്വം രാഷ്ട്രീയാദര്‍ശമായി സ്വീകരിച്ചിരിക്കുന്നവര്‍ മാത്രമായിരിക്കാം. അതാണ് നമ്മുടെ മതേതരജനാധിപത്യത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യവും വിധിവൈപരീത്യവും എന്നു കാണേണ്ടിവരും." ദേശീയതലത്തില്‍, കൂട്ടുകക്ഷിമന്ത്രിസഭകളില്‍ പ്രാദേശികരാഷ്ട്രീയപാര്‍ട്ടികള്‍ പിടിമുറുക്കുന്നതിന്റെ പരിണതഫലം നാം കുറേക്കാലമായി കാണുന്നുണ്ട്. കോണ്‍ഗ്രസിലെ കുടുംബവാഴ്ചയുടെ ഭാഗമായി മാത്രം, വൈകാരികമായിട്ടാണ് ഇന്ത്യയിലെ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രാദേശികതകള്‍ക്കപ്പുറം ഇന്ത്യയിലെ ജനം അംഗീകരിച്ചിട്ടുള്ളതെന്നതാണു യഥാര്‍ത്ഥവസ്തുത. മന്‍മോഹന്‍സിംഗെന്ന ജനപ്രതിനിധിയേ അല്ലാത്ത ഒരാള്‍ കോണ്‍ഗ്രസിന്റെ തലപ്പത്തുവരുന്നതും അദ്ദേഹം രണ്ടു ടേം ഇന്ത്യന്‍ പ്രധാനമന്ത്രിയായിരിക്കുന്നതും സോണിയയുടെയും ലോകസാമ്പത്തികശക്തികളുടെയും വെറും പ്രീതിപ്പുറത്തുമാത്രമല്ല, ആ പ്രീതിയെ ന്യായികരിക്കുന്ന വിപ്രാതിനിധ്യത്വം (non – represantion?) കൊണ്ടുകൂടിയാണ്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മന്‍മോഹന്‍ സിംഗിനേക്കാള്‍ പാരമ്പര്യമുള്ളവരും ശക്തരുമായ നേതാക്കളായ പ്രണബ് മുഖര്‍ജിയെക്കാളും എ.കെ.ആന്റണിയെക്കാളും മന്‍മോഹനുള്ള മികവ് അദ്ദേഹം ആരെയും പ്രതിനിധീകരിക്കുന്നില്ല എന്നതാണ്. അദ്ദേഹം ഒരു പ്രാദേശികതകളെയും പ്രതിഫലിപ്പിക്കുന്നില്ല. സിഖുകാരനായിരിക്കുകയും സിഖുവേഷവിധാനങ്ങള്‍ അണിയുകയും ചെയ്യുമ്പോഴും അദ്ദേഹം സിഖുകാരുടെ പ്രതിനിധിയല്ല. അദ്ദേഹം അസമില്‍നിന്നുള്ള രാജ്യസഭാംഗമായിരിക്കുന്നെങ്കിലും അസമിനെ ഒരുനിലയ്ക്കും അഭിസംബോധന ചെയ്യുന്നില്ല. ഇന്ത്യയിലെ ഒരു പ്രദേശത്തെയും ജനം അദ്ദേഹത്തെ തങ്ങളുടെ പ്രതിനിധിയായി കാണുന്നില്ല, ജനപ്രതിനിധികളല്ലാതെ ഒരു ഇന്ത്യക്കാരനും അദ്ദേഹത്തിനു വോട്ടു ചെയ്തിട്ടുമില്ല.
ഇന്ത്യന്‍ ദേശീയരാഷ്ട്രീയത്തെ പ്രാദേശികരാഷ്ട്രീയകക്ഷികള്‍ തങ്ങളുടെ ചൂണ്ടുവിരല്‍ഭീഷണികളില്‍ വിറപ്പിച്ചുനിര്‍ത്തുന്നതിന്റെ ദുരന്തഫലം ദേശീയതാല്പര്യത്തെ, ദേശത്തെ മൊത്തം ജനങ്ങളുടെ താല്പര്യത്തെ പ്രതിഫലിപ്പിക്കേണ്ട പൊതുവകുപ്പുകള്‍ പ്രാദേശികകക്ഷികളുടെ കൈയിലേക്കു പോയി എന്നതാണ്. അതിനുമുന്‍പ് ദേശീയകക്ഷിയെന്ന നിലയില്‍ സിംഹീയമായ പ്രതാപം കോണ്‍ഗ്രസ് കൈയാളിയിരുന്ന കാലത്ത് ഈ പൊതുതാല്പര്യത്തെ നിര്‍ണയിച്ചിരുന്നത് ഉത്തരേന്ത്യന്‍ നേതാക്കളും ഉത്തരേന്ത്യന്‍ ലോബിയുമായിരുന്നു എന്നതിനാല്‍, ഇവിടെ മറുവാദങ്ങളുണ്ടാകുമെന്നതും അതു ന്യായമായിരിക്കുമെന്നതും തുറന്നുപറയട്ടെ. എങ്കിലും ഈ വിഷയത്തിന്മേല്‍ കൂടുതല്‍ ആഴമാര്‍ന്ന സംവാദവും ചിന്താശൈലിയും ഉരുത്തിരിഞ്ഞുവരേണ്ടതുണ്ട്.
"ഇന്ത്യന്‍ ദേശീയരാഷ്ട്രീയത്തെ പ്രാദേശികരാഷ്ട്രീയകക്ഷികള്‍ തങ്ങളുടെ ചൂണ്ടുവിരല്‍ഭീഷണികളില്‍ വിറപ്പിച്ചുനിര്‍ത്തുന്നതിന്റെ ദുരന്തഫലം ദേശീയതാല്പര്യത്തെ, ദേശത്തെ മൊത്തം ജനങ്ങളുടെ താല്പര്യത്തെ പ്രതിഫലിപ്പിക്കേണ്ട പൊതുവകുപ്പുകള്‍ പ്രാദേശികകക്ഷികളുടെ കൈയിലേക്കു പോയി എന്നതാണ്." പ്രാദേശികകക്ഷികള്‍ മന്ത്രിസ്ഥാനം ആവശ്യപ്പെടുക മാത്രമല്ല, അവരുടെ അതതു വകുപ്പുകളിലെ മന്ത്രിമാര്‍ ആരൊക്കെയായിരിക്കണം എന്നത് അവര്‍ പ്രാദേശികമായി നിശ്ചയിക്കുക കൂടിയാണ് ചെയ്യുന്നത്. ഇന്ത്യയെന്നതു തമിഴ്‌നാടും തെലുഗുദേശവും കൂടിയാണെന്നതു മാത്രമല്ലല്ലോ സത്യം, അതിന്റെ നേരേ പര്യമ്പുറത്തു മുഖംതിരിഞ്ഞുനില്‍ക്കുന്ന മറ്റൊരു സത്യം കൂടിയുണ്ടല്ലോ. അതായത്, ഇന്ത്യയെന്നത് തമിഴ്‌നാടോ തെലുഗുദേശമോ മാത്രമല്ലെന്നതും. അങ്ങനെ വരുമ്പോള്‍ റെയില്‍വേ, ഐ.ടി. ഒക്കെപ്പോലെ ദേശത്തെ മൊത്തം ജനങ്ങളുടെ ജീവിതങ്ങളെ ആഴത്തില്‍ സ്വാധീനിക്കുന്ന വകുപ്പുകള്‍ ഇത്തരം പ്രാദേശികകക്ഷികള്‍, അവര്‍ക്കു ബോധിച്ചവരും അവരുടെ നേതൃത്വത്തിന് എളുപ്പം വഴങ്ങുന്നവരുമായ അമച്വറുകള്‍ക്ക് ഏല്പിച്ചുകൊടുക്കുന്നത് ദേശീയതാല്പര്യങ്ങള്‍ പ്രതിഫലിക്കേണ്ടിടത്ത് പ്രാദേശികതാല്പര്യങ്ങള്‍ പ്രതിഫലിക്കാനിടയാക്കുക മാത്രമല്ല, ഒരേ സ്വഭാവം പുലര്‍ത്തുന്ന രണ്ടു പ്രാദേശികപാര്‍ട്ടികളിലൊന്നിന്റെ താല്‍ക്കാലികമായ ലാഭമോഹങ്ങളുടെ ഇരകൂടിയായിത്തീരും - ഉദാഹരണത്തിന് തമിഴ്‌നാട്ടിലെ ജയ – കരുണാനിധി ഘടകങ്ങളുടെ ദേശീയഭരണപ്രാതിനിധ്യങ്ങള്‍.
ടൂ ജി സ്പെക്ട്രം കേസില്‍പ്പെട്ട ഡിഎംകെയുമായി കോണ്‍ഗ്രസിന്റെ ഇരിപ്പുവശം തെറ്റുന്ന അവസ്ഥ വന്നപ്പോള്‍, ഡിഎംകെയെ പുറത്താക്കിയാല്‍ തങ്ങള്‍ നിരുപാധികപിന്തുണ നല്കാമെന്നു ജയലളിത പറഞ്ഞതും ആ പറച്ചില്‍ വിഫലമായതും ശ്രദ്ധേയമാണ്. ടൂ ജി കേസ് ഒരുപരിധിവരെ, അറിഞ്ഞാണെങ്കിലും അറിയാതെയാണെങ്കിലും പ്രാദേശികകക്ഷികളുടെ സമ്മര്‍ദ്ദരാഷ്ട്രീയത്തെ തുറന്നുകാട്ടാനും അതിനെതിരെ ജനജാഗ്രത സൃഷ്ടിക്കാനും കോണ്‍ഗ്രസ് നടത്തിയ ഒരു ഉപജാപമായും തീരുന്നുണ്ട്. അതേസമയം, ദേശീയകോണ്‍ഗ്രസിലെ സമുന്നതരായ നേതാക്കള്‍ തന്നെ അഴിമതിക്കേസില്‍ പെടുന്നതോടെ ഇത്തരം ഉപജാപങ്ങളുടെ ഉളളടക്കം തന്നെ സമ്പൂര്‍ണമായും വിഫലമാകുന്നത് രാഷ്ട്രീയദുരന്തമാകുന്നു.
ബാംഗാളില്‍ സ്വന്തം ശക്തികൊണ്ട് കോണ്‍ഗ്രസ് എന്ന ദേശീയപാര്‍ട്ടിയുടെ ഘടകത്വത്തെ റദ്ദു ചെയ്യുകയോ അങ്ങേയറ്റം പരിമിതപ്പെടുത്തുകയോ ദുര്‍ബലപ്പെടുത്തുകയോ ഒക്കെ ചെയ്യുന്ന മമതാ ബാനര്‍ജി തന്നെ, ദേശീയസര്‍ക്കാരില്‍ കടുത്ത സമ്മര്‍ദ്ദശക്തിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
ഇത്തരം ഏകപക്ഷീയവും സങ്കുചിതവുമായ താല്പര്യങ്ങളുടെ ഹിംസ്രാത്മകമായ വളര്‍ച്ചകളുടെ രാക്ഷസീയമുഖമായിത്തീര്‍ന്നിട്ടുണ്ട് ഇന്ന് ഇന്ത്യയിലെ ഭരണകൂടരാഷ്ട്രീയം. ഇത് യുപിഎ ആയാലും എന്‍ഡിഎ ആയാലും മൂന്നാം മുന്നണിയായാലും തഥൈവ. ഇതുകൊണ്ടാണ് ഇടതുപക്ഷത്തോടൊപ്പവും വലതുപക്ഷത്തോടൊപ്പവും തരംപോലെ ചാടിക്കളിക്കാന്‍ പ്രാദേശികപാര്‍ട്ടികള്‍ക്കു സാധിക്കുന്നത്.
ദേശീയതാല്പര്യങ്ങള്‍ പോലെതന്നെ പ്രാദേശികമായ താല്പര്യങ്ങളും സാമുദായികമായ താല്പര്യങ്ങളും നിലവിലുണ്ട്, അവ പ്രതിനിധീകരിക്കപ്പെടുവാന്‍ അത്തരം ചെറുപാര്‍ട്ടികളുടെയും അവയുടെ രാഷ്ട്രീയനിലപാടിന്റെയും സാംഗത്യമുണ്ട് എന്ന ഒരേയൊരു സത്യത്തിന്റെ മറവില്‍ സംഭവിക്കുന്നത് രാഷ്ട്രീയകുതിരക്കച്ചവടത്തിന്റെ കളം വിശാലമാകുകയും രാഷ്ട്രീയതാല്പര്യങ്ങളുടെ കളം ദിനേന സങ്കുചിതമായി വരികയുമാണ്.
"മുസ്ലിം മന്ത്രിമാരുടെ എണ്ണം കൂടുന്നുവോ എന്നതല്ല ഇവിടെ സംവാദവിഷയമാകേണ്ടത്; മുസ്ലിം ലീഗ് മന്ത്രിമാരുടെ എണ്ണം കൂടേണ്ടതുണ്ടോ എന്നതാണ്." ഇത്തരം എല്ലാവിധ കോമാളിത്തങ്ങളുടെയും നല്ലൊരു മാതൃകയാണ് കേരളം. ഒരൊന്നാന്തരം പരിച്ഛേദം. ഇവിടെ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ജനതാദളിന്റെ പല വിഭാഗങ്ങള്‍ എന്നീ സെക്യുലര്‍ ദേശീയ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു പുറമേ, ബിജെപിയെന്ന അത്ര സെക്യുലറല്ലാത്ത ദേശീയപാര്‍ട്ടിയും തികച്ചും പ്രാദേശികപാര്‍ട്ടികളായ മുസ്ലിം ലീഗ്, വിവിധ കേരളകോണ്‍ഗ്രസ് ഘടകങ്ങള്‍ തുടങ്ങിയവയുമുണ്ട്. സെക്യുലറെന്നോ ദേശീയപാര്‍ട്ടിയെന്നോ വിശേഷണം തേടുന്ന ആര്‍എസ്‌പി പോലുള്ളവയും ജനതാദള്‍ വിഭാഗങ്ങളും ഏറെക്കുറേ പ്രാദേശികസ്വഭാവത്തോടെയാണു പെരുമാറുന്നത്. ദേശീയമല്ലാത്ത ജെഎസ്എസ് പോലുള്ളവ പ്രാദേശികവും സാമുദായികവുമായി പ്രവര്‍ത്തിക്കുന്നു. ഇങ്ങനെ സങ്കീര്‍ണവും ഭീകരവുമായ ഒരു രാഷ്ട്രീയസാമൂഹികസാമുദായികഘടനയാണ് ഇവിടെയുള്ളത്.
കേരള കോണ്‍ഗ്രസിലെ വിവിധഘടകങ്ങള്‍ തരംപോലെ ഇടതുമുന്നണിയെയും വലതുമുന്നണിയെയും പിന്തുണയ്ക്കുന്നു. ഇവ പരസ്പരം ലയിക്കുകയും പിളരുകയും ചെയ്യുന്നത് പതിവാണ്. ഇതുമൂലം ഏതുതരം പ്രാതിനിധ്യത്തെയാണ് ഇവര്‍ പ്രതിഫലിപ്പിക്കുന്നത് എന്നത് വ്യക്തമായി പറയാനേ ആവില്ല. അതിന്റെ വിചിത്രമായ ഒരു ചിത്രം നാം കാണുന്നത്, കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന പി.ജെ.ജോസഫ് തന്നെ ഇപ്പോഴത്തെ യുഡിഎഫ് മന്ത്രിസഭയിലും മന്ത്രിയാകുന്നു എന്നതാണ്. ഇതുപോലെയാണ് എന്‍ഡിഎ മന്ത്രിസഭയിലെ ഘടകകക്ഷികള്‍തന്നെ അടുത്ത യുപിഎ മന്ത്രിസഭയിലും അംഗങ്ങളാകുന്നതും.
ഇവിടെ ഏറ്റവും ശക്തമായൊരു ഘടകക്ഷി എന്ന വിളിപ്പേരിനര്‍ഹമാകുന്നത് മുസ്ലിം ലീഗാണ്. മുസ്ലിം ലീഗ് ഒരിക്കല്‍ ഇടതുപക്ഷത്തെ പിന്തുണച്ചിട്ടുണ്ടെങ്കിലും പൊതുവെയും ഏറെക്കാലമായി തുടര്‍ച്ചയായിട്ടും യുഡിഎഫിനെയാണു പിന്തുണയ്ക്കുന്നത്. യുഡിഎഫിന്റെ ഏറ്റവും ശക്തമായ ഘടകകക്ഷിയെന്നും മുസ്ലിംലീഗിനെ വിശേഷിപ്പിക്കാം. സത്യത്തില്‍ മുസ്ലിം ലീഗിന്റെ പിന്തിരിപ്പന്‍ തീവ്രവലതുപക്ഷരാഷ്ട്രീയത്തെ ഉള്‍ക്കൊള്ളാന്‍ മറ്റേതു ദേശീയപാര്‍ട്ടിയെക്കാളും സാധിക്കുന്നത് കോണ്‍ഗ്രസിനാണ്. അതുകൊണ്ടുതന്നെയാണ് മുസ്ലിം ലീഗിന് കേന്ദ്രമന്ത്രിസഭയില്‍ ഭരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വമാണെങ്കില്‍ പ്രാതിനിധ്യം കിട്ടുന്നതും.
"മുസ്ലിം ലീഗിന്റെ പിന്തിരിപ്പന്‍ തീവ്രവലതുപക്ഷരാഷ്ട്രീയത്തെ ഉള്‍ക്കൊള്ളാന്‍ മറ്റേതു ദേശീയപാര്‍ട്ടിയെക്കാളും സാധിക്കുന്നത് കോണ്‍ഗ്രസിനാണ്. പ്രാദേശികമായും ദേശീയമായും കോണ്‍ഗ്രസിന് ഇതൊരു താപ്പാണ്. മുസ്ലിം പ്രതിനിധാനങ്ങളെയെല്ലാം മുസ്ലിം ലീഗിന്റെ കീഴില്‍ ഏകോപിപ്പിച്ച്, ആ കടം ആ പഴുതില്‍ വീട്ടുവാന്‍ സാധിക്കും. " പ്രാദേശികമായും ദേശീയമായും കോണ്‍ഗ്രസിന് ഇതൊരു താപ്പാണ്. മുസ്ലിം പ്രതിനിധാനങ്ങളെയെല്ലാം മുസ്ലിം ലീഗിന്റെ കീഴില്‍ ഏകോപിപ്പിച്ച്, ആ കടം ആ പഴുതില്‍ വീട്ടുവാന്‍ സാധിക്കും.
എന്നാല്‍, ഈയൊരു സമവാക്യം പ്രാദേശികമായും ദേശീയമായും വലിയ സങ്കീര്‍ണതകളെ സൃഷ്ടിക്കുന്നുണ്ട്. അവ കാണാതിരിക്കുകയും അഞ്ചാം മന്ത്രിസ്ഥാനത്തിനായി മുസ്ലിം ലീഗ് ഉയര്‍ത്തുന്ന സമ്മര്‍ദ്ദത്തെ കേവലമായ സാമുദായികസന്തുലനത്തിന്റെ പ്രശ്നമായി മാത്രം ചര്‍ച്ചചെയ്ത് വഴിതെറ്റിക്കുകയും ചെയ്യുന്നത് പ്രശ്നത്തെ അതിന്റെ ഗുഹയില്‍ ചെന്നു നേരിടാതെ, സമാന്തരമായി വഴിവെട്ടിപ്പോകുന്നതിനു തുല്യമാണ്.
മുസ്ലിംലീഗിന് ഇന്നത്തെ പ്രാദേശികരാഷ്ട്രീയാവസ്ഥയില്‍ ഉള്ള സ്ഥാനമെന്താണ്? മുസ്ലിം ലീഗ് എന്ന കക്ഷിയെ യുഡിഎഫ് പുറന്തള്ളിയാല്‍ സംഭവിക്കുന്നതെന്താണ്? കോണ്‍ഗ്രസില്‍ നിന്നു പുറത്തുപോയ കരുണാകരമുരളീധരപ്രഭൃതികളുടെ അവസ്ഥയില്‍നിന്ന് അല്പം മാത്രം മെച്ചമായിരിക്കും അവരുടെ കാര്യം. അവര്‍ക്ക് ഇരുപതു സീറ്റെങ്കിലും ഒറ്റയ്ക്കു നേടാന്‍ കരുത്തുണ്ടെന്ന് വാദത്തിനുവേണ്ടി സമ്മതിക്കുക. അങ്ങനെയെങ്കില്‍ പോലും മുസ്ലിംലീഗില്ലാത്ത യുഡിഎഫ് ഒരു നാല്പത്തഞ്ച് - അന്‍പത്തഞ്ച് സീറ്റുകള്‍ നേടിയേക്കാം. ഇടതുപക്ഷം അറുപത്തഞ്ച് - എഴുപത്തഞ്ച് സീറ്റുകള്‍ നേടിയേക്കാം. മുസ്ലിം ലീഗിന് പതിനഞ്ച് - ഇരുപത് സീറ്റുകള്‍. ഭരണം ഏറെക്കുറേ സ്ഥിരമായി ഇടതുപക്ഷം നിലനിര്‍ത്തുകയും വലതുപക്ഷം സ്ഥിരമായി പ്രതിപക്ഷസ്ഥാനം കൈയാളുകയും മുസ്ലിം ലീഗ് എക്കാലവും മൂന്നാം സ്ഥാനക്കാരായി, രണ്ടാം പ്രതിപക്ഷമായി, എന്നാല്‍ ദുര്‍ബലസാന്നിദ്ധ്യവും ഭരണനിര്‍വഹണത്തില്‍ കേവലമായ പ്രാദേശികസാദ്ധ്യതകള്‍ (എംഎല്‍എ ഫണ്ട്- എംപിഫണ്ട്) മാത്രമുള്ള ഒന്നായി പരിമിതപ്പെടുകയും ചെയ്യും. സത്യത്തില്‍ അതിന്റെ സാംഗത്യവും അതുതന്നെയല്ലേ?
അങ്ങനെ വന്നാല്‍ കേരള കോണ്‍ഗ്രസും മറ്റു ചില്ലറപാര്‍ട്ടികളും ഇടതുപക്ഷത്തേക്കു നീങ്ങാന്‍ താല്പര്യപ്പെടും. അവരെ വേണ്ടെന്ന് ഇടതുപക്ഷം തീരുമാനിച്ചാല്‍ അത്തരം പ്രാദേശിക- സാമുദായിക പാര്‍ട്ടികളുടെയും അവസ്ഥ മേല്‍ച്ചൊന്ന ലീഗിന്റേതാകും. ഇതാണ് യഥാര്‍ത്ഥത്തില്‍ പ്രാദേശികവും സാമുദായികവുമായ പാര്‍ട്ടികള്‍ക്കുണ്ടാകേണ്ട രാഷ്ട്രീയാസ്തിത്വം. അവര്‍ക്ക് വേണ്ട പ്രാദേശികമായ ആവശ്യങ്ങള്‍ പ്രാദേശികമായ നിയമസഭാംഗത്വം ഉപയോഗിച്ചു നേടിയെടുക്കുക. അതിനപ്പുറത്തുള്ള സംസ്ഥാനതല- ദേശീയതല നിര്‍ണായകകാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവസ്ഥ ദേശീയപാര്‍ട്ടികള്‍ തന്നെ കൈയാളുക.
(ഈ കൊട്ടത്താപ്പു കണക്കിന്റെ പേരില്‍ ആരും കൈയാങ്കളിക്കു വരേണ്ട. ഇതിന്റെ അസാംഗത്യം ബോദ്ധ്യമുണ്ട്).
"ഘടകകക്ഷികള്‍ തങ്ങള്‍ ചില പ്രത്യേകപ്രദേശങ്ങളെയും സമുദായങ്ങളെയും സമ്പൂര്‍ണമായി പ്രതിനിധീകരിക്കുന്നു എന്ന മട്ടില്‍, കിട്ടിയ സീറ്റുകളുടെ എണ്ണത്തിന്റെ തിണ്ണമിടുക്കില്‍ കാര്യങ്ങള്‍ വരുതിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയമായ രാക്ഷസീയതയാണ്. ഇവിടെയുയരുന്ന ചോദ്യം പ്രധാനമായും മുസ്ലിം ലീഗ് കേരളത്തിലെ മുഴുവന്‍ മുസ്ലിംകളെയും പ്രതിനിധാനം ചെയ്യുന്നുണ്ടോ എന്നതാണ്." എന്നാല്‍, ദേശീയപാര്‍ട്ടികള്‍ അവയുടെ മേല്‍വിലാസത്തിലല്ലാതെ ആഴത്തില്‍ ദേശീയതാല്പര്യങ്ങളോ മതേതരതത്വങ്ങളെയോ ഉള്‍ക്കൊള്ളുന്നില്ലെന്നതിനാല്‍ ഇത്തരം ആദര്‍ശസ്വപ്നസമവാക്യങ്ങള്‍ ഇന്ത്യയില്‍ ഗുണമാണോ ദോഷമാണോ സൃഷ്ടിക്കുക എന്നതു പറയാനാവില്ല. ആ നിലയ്ക്ക് ഇപ്പോഴത്തെപ്പോലെ മുസ്ലിം ലീഗുപോലെയുള്ളവയുടെ അസ്തിത്വവും സാംഗത്യവും യുഡിഎഫ് ഘടകകക്ഷിയെന്ന നിലയില്‍ നില്‍ക്കട്ടെ എന്നതാണു നമുക്കെത്തിച്ചേരാവുന്ന ഒരു സമവായം.
പക്ഷേ, ഘടകകക്ഷികള്‍ തങ്ങള്‍ ചില പ്രത്യേകപ്രദേശങ്ങളെയും സമുദായങ്ങളെയും സമ്പൂര്‍ണമായി പ്രതിനിധീകരിക്കുന്നു എന്ന മട്ടില്‍, കിട്ടിയ സീറ്റുകളുടെ എണ്ണത്തിന്റെ തിണ്ണമിടുക്കില്‍ കാര്യങ്ങള്‍ വരുതിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയമായ രാക്ഷസീയതയാണ്. ഇവിടെയുയരുന്ന ചോദ്യം പ്രധാനമായും മുസ്ലിം ലീഗ് കേരളത്തിലെ മുഴുവന്‍ മുസ്ലിംകളെയും പ്രതിനിധാനം ചെയ്യുന്നുണ്ടോ എന്നതാണ്.
മലബാര്‍ എന്നു വിളിക്കപ്പെടുന്ന പ്രദേശം, പ്രധാനമായും മലപ്പുറം എന്ന ജില്ല ആണ് ലീഗിന്റെ ആസ്ഥാനം. കേരളത്തില്‍ മുസ്ലിംകള്‍ കൂടുതലായി വസിക്കുന്ന കാസര്‍കോഡു മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലാണ് അതിന്റെ ആവാസവ്യവസ്ഥ അടിയുറപ്പിച്ചിരിക്കുന്നത്. അവിടെത്തന്നെ കോഴിക്കോടു പോലെ മറ്റു വിഭാഗങ്ങള്‍ക്കും മുസ്ലിംങ്ങള്‍ക്കകത്തും പുറത്തുമുള്ള മതേതരവാദികള്‍ക്കും പ്രാമാണ്യമുള്ള പ്രദേശങ്ങളെപ്പോലും അവര്‍ ഘടകകക്ഷിത്വമുപയോഗിച്ചു തങ്ങളുടേതാക്കി മാറ്റിയിട്ടുണ്ട്.
എന്തോ ആകട്ടെ. ഈ ഒരു പ്രദേശമാണോ കേരളത്തിന്റെ മുസ്ലിം ഏരിയ? ഇങ്ങനെ കേരളത്തെ വടക്കും തെക്കുമായി ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിച്ച് എളുപ്പവഴിയില്‍ കാര്യം നടത്തുന്നതാണോ അഭികാമ്യം?
വടക്കന്‍ കേരളത്തിലെ മേല്‍പ്പറഞ്ഞ ഇടങ്ങള്‍ക്കു പുറമേ, മട്ടാഞ്ചേരി, ആലുവ എന്നീ മുസ്ലിം സാന്നിദ്ധ്യം കാര്യമായുള്ള മദ്ധ്യകേരളപ്രദേശങ്ങളും കഴക്കൂട്ടം പോലുള്ള തെക്കന്‍ മണ്ഡലങ്ങളും പലപ്പോഴും മുസ്ലിം ലീഗ് ആവശ്യപ്പെടുകയും ചിലപ്പോള്‍ ലഭിക്കുകയും ചിലപ്പോള്‍ ജയിക്കുകയും ചെയ്യുന്ന മണ്ഡലങ്ങളാണ്. ഇവ കഴിഞ്ഞാല്‍, കേരളത്തിലെ വന്‍ഭൂരിഭാഗം വരുന്ന മണ്ഡലങ്ങളിലെ വളരെ നിര്‍ണായകസാന്നിദ്ധ്യമായ മുസ്ലിംകളെ ആരാണു പ്രതിനിധാനം ചെയ്യുന്നത്? കോട്ടയത്തെയും കൊല്ലത്തെയും ആലപ്പുഴയിലെയും പത്തനംതിട്ടയിലെയും ഒക്കെ മുസ്ലിംകള്‍, കോണ്‍ഗ്രസിനോ മറ്റു ഘടകക്ഷികള്‍ക്കോ ഒക്കെ വോട്ടുചെയ്യുന്നത് തങ്ങള്‍ മുസ്ലിം ലീഗുകാരായതുകൊണ്ട് മുന്നണിമര്യാദ പാലിക്കാനാണോ?
"കോട്ടയത്തെയും കൊല്ലത്തെയും ആലപ്പുഴയിലെയും പത്തനംതിട്ടയിലെയും ഒക്കെ മുസ്ലിംകള്‍, കോണ്‍ഗ്രസിനോ ഘടകക്ഷികള്‍ക്കോ വോട്ടുചെയ്യുന്നത് മുന്നണിമര്യാദ പാലിക്കാനാണോ? ഈ പ്രദേശങ്ങളിലെ നേതാക്കളായ മുസ്ലിംങ്ങളാരും മുസ്ലിംലീഗിന്റെ സംസ്ഥാനനേതൃത്വത്തിലോ ഭരണത്തിലോ ഭരണകൂടത്തിലോ വരാത്തതെന്താണ്? അതതു കാലത്തെ ലീഗ് കൈയില്‍ വച്ചിരിക്കുന്ന നേതാവിന്റെ ശിങ്കിടിയായിട്ടല്ലാതെ മദ്ധ്യകേരളത്തില്‍നിന്നുള്ള ഏതെങ്കിലും ലീഗ് എംഎല്‍എ മന്ത്രിസഭയില്‍ വരാറുണ്ടോ?" കേരളമൊട്ടുക്ക് ജില്ലാതലത്തിലും അതിലും കീഴ്തലത്തിലും മുസ്ലിം ലീഗിന് ആഫീസുകളും പ്രവര്‍ത്തകരുമുണ്ടെന്നുള്ളത് വസ്തുതയാണ്. എന്നാല്‍, ഈ പ്രദേശങ്ങളിലെ നേതാക്കളായ മുസ്ലിംങ്ങളാരും മുസ്ലിംലീഗിന്റെ സംസ്ഥാനനേതൃത്വത്തിലോ ഭരണത്തിലോ ഭരണകൂടത്തിലോ വരുന്നില്ല. മദ്ധ്യകേരളത്തില്‍നിന്നുള്ള ഇബ്രാഹിം കുഞ്ഞോ യൂനിസ് കുഞ്ഞോ മറ്റോ മന്ത്രിസഭയില്‍ അംഗമാകുന്നത് അതതു കാലത്തെ ലീഗ് കൈയില്‍ വച്ചിരിക്കുന്ന നേതാവിന്റെ ശിങ്കിടിയായിട്ടാണ്. റജീന കേസില്‍ കുഞ്ഞാലിക്കുട്ടിക്കു രാജി വയ്ക്കേണ്ടിവന്നപ്പോള്‍ വന്ന അപരനാണ് (double) ഇബ്രാഹിം കുഞ്ഞെന്നതും ഓര്‍ക്കണം. അപ്പോള്‍ ഇതരകേരളത്തിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മുസ്ലിംകള്‍ ആ പാര്‍ട്ടിയില്‍ നില്‍ക്കുന്നത് അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്കു (ഇതിനേക്കാള്‍ സഫലമായൊരു ക്ലിഷേയില്ല) വേണ്ടിത്തന്നെയാണ്. ഇതു മുസ്ലിം ലീഗിന്റെ മാത്രം കാര്യമൊന്നുമല്ല എന്നതു പ്രത്യേകം പ്രസ്താവ്യം.
മുസ്ലിം ലീഗ് മലബാറിലെത്തന്നെ മുസ്ലിംകളെ മുഴുവനുമായി പ്രതിനിധീകരിക്കുന്നില്ല. അവിടത്തെ പല ഫ്രാക്ഷനുകളിലെ ഏറ്റവും ശക്തമായ ചില ഗ്രൂപ്പുകളുടെ വോട്ടുപിന്‍ബലമാണ് മുസ്ലിം ലീഗിനെ പിന്തുണയ്ക്കുന്നത്. അവയാകട്ടെ, തികച്ചും മതമൌലികവാദപരമായ അജന്‍ഡകളെ സംരക്ഷിക്കുന്നവയാണുതാനും. സത്യത്തില്‍ കേരളരാഷ്ട്രീയത്തിലെ മുഖംമൂടിസാന്നിദ്ധ്യങ്ങളാണ് അവയും മുസ്ലിം ലീഗും കൂടി കാഴ്ചവയ്ക്കുന്നത്.
ഇത് മുസ്ലിംലീഗിനെ മാത്രം കുറ്റപ്പെടുത്താവുന്ന ഒരു സംഗതിയല്ല. ഈയിടെയുണ്ടായ മാണി -ജോസഫ് ലയനം സഭയുടെ നേതൃത്വത്തില്‍ നടന്നതാണെന്നതാണു ലഭിക്കുന്ന സൂചന. മുസ്ലിം ലീഗ് എന്ന ഒറ്റക്കെട്ടായ ഗ്രൂപ്പ് വലിയ സ്ഥാനമാനങ്ങള്‍ ഭരണത്തില്‍ കൊണ്ടുപോകുന്നതിനെ പ്രതിരോധിക്കാനും തത്തുല്യമായ സമ്മര്‍ദ്ധശക്തി തങ്ങള്‍ക്കും നേടിയെടുക്കാനും ക്രിസ്തീയമതത്തിലെ ഒരു വിഭാഗം ശ്രമിച്ചതിന്റെ ഫലം കൂടിയാണാ ലയനം.
ഇങ്ങനെയെല്ലാം മുഖംമൂടി രാഷ്ട്രീയങ്ങള്‍ ഇവിടെ സജീവമാകുമ്പോള്‍, ഇവയുടെയെല്ലാം പ്രാദേശികവും സാമുദായികവുമായ സാംഗത്യങ്ങളെ നിരാകരിക്കാതെ തന്നെ ഇവയെ ചുക്കാന്‍ പിടിച്ചു നിയന്ത്രിക്കേണ്ട ചുമതലയെങ്കിലും ഭരണകക്ഷിയിലെ നേതൃത്വങ്ങളും കോണ്‍ഗ്രസും സിപിഎമ്മും നടത്തേണ്ടതുണ്ട്.
ഘടകകക്ഷികള്‍ക്ക്, പ്രത്യേകിച്ച് സാമുദായിക സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ക്ക് നിര്‍ണായകവും വ്യാപകവുമായ ഫലങ്ങളുളവാക്കുന്ന വകുപ്പുകള്‍ കൊടുക്കാതിരിക്കുക. സാമുദായികതാല്പര്യങ്ങളെ പ്രതിഫലിപ്പിക്കാനുള്ള അമിതപ്രവണത പ്രകടമാക്കിയാല്‍ കനത്ത സാമൂഹികദോഷം സൃഷ്ടിക്കുന്ന വകുപ്പുകളും കൊടുക്കാതിരിക്കുക. കഴിയുന്നത്ര അവരുടെ സമ്മര്‍ദ്ദശക്തിയെ അതിജീവിക്കുക. അതിന് ഏറ്റവും പറ്റിയ സമയമാണിപ്പോള്‍.
മുസ്ലിം ലീഗിനോ വീരേന്ദ്രകുമാറിനോ മാണിക്കോ ജോസഫിനോ ഇപ്പോള്‍ ഒരു ഇടതുമുന്നണിപ്രവേശം സാദ്ധ്യമാകില്ല. ആ നിലയ്ക്ക് ഈ ഘടകകക്ഷികളെ ഭയക്കാതെ രണ്ടോ മൂന്നോ മന്ത്രിസ്ഥാനത്തിനപ്പുറം നല്കാതെ ചൊല്പടിക്കു നിര്‍ത്തുകയാണ് വേണ്ടത്. അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന പ്രാദേശിക- സാമുദായിക സംഘാതങ്ങളെ അപ്പക്കഷണങ്ങള്‍ മാത്രം കൊടുത്താണ് നിലയ്ക്കുനിര്‍ത്തേണ്ടത്. അല്ലാതെ, തീന്‍മേശയിലെ മുന്തിയ കസേരകളും മുന്തിയ വിഭവങ്ങളും നല്കി ഊട്ടുകയല്ല വേണ്ടത്.
"മുസ്ലിം ലീഗിനോ വീരേന്ദ്രകുമാറിനോ മാണിക്കോ ജോസഫിനോ ഇപ്പോള്‍ ഒരു ഇടതുമുന്നണിപ്രവേശം സാദ്ധ്യമാകില്ല. ആ നിലയ്ക്ക് ഈ ഘടകകക്ഷികളെ ഭയക്കാതെ രണ്ടോ മൂന്നോ മന്ത്രിസ്ഥാനത്തിനപ്പുറം നല്കാതെ ചൊല്പടിക്കു നിര്‍ത്തുകയാണ് വേണ്ടത്. അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന പ്രാദേശിക- സാമുദായിക സംഘാതങ്ങളെ അപ്പക്കഷണങ്ങള്‍ മാത്രം കൊടുത്താണ് നിലയ്ക്കുനിര്‍ത്തേണ്ടത്. അല്ലാതെ, തീന്‍മേശയിലെ മുന്തിയ കസേരകളും മുന്തിയ വിഭവങ്ങളും നല്കി ഊട്ടുകയല്ല വേണ്ടത്." കേരളത്തിലെ മുസ്ലിംകളെ മുഴുവനെന്നതുപോലെ മുഴുവന്‍ മുസ്ലിം രാഷ്ട്രീയത്തെയും മുസ്ലിം ലീഗ് പേറുന്നില്ലെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ബാബറി മസ്ജിദ് തകര്‍ച്ചയുമായി ബന്ധപ്പെട്ട മുസ്ലിം ലീഗ് നിലപാടും ഇബ്രാംഹിം സുലൈമാന്‍ സേട്ടിന്റെ വിട്ടുപോക്കും. ഇന്ന് ആ സംഭവത്തെ മുസ്ലിം ലീഗിന്റെ സഹിഷ്ണുതയായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍, അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ നുണഞ്ഞുമയങ്ങുന്ന കാവല്‍പ്പട്ടിയുടെ മൌനം മാത്രമായിരുന്നു അതെന്നതാണു സത്യം. അതു സൃഷ്ടിച്ച രാഷ്ട്രീയാഘാതത്തിന്റെ മറുപുറമാണ് ഇന്നു മുസ്ലിം ലീഗിനു വെളിയില്‍ കാണുന്ന അനേകം മുസ്ലിം മതമൌലികവാദ സംഘടനകള്‍. എന്നാല്‍ ആ അഭിപ്രായവൈരുദ്ധ്യത്തെ ഋണാത്മകമാക്കാന്‍ കഴിയാതെ പോയ ഇടതുപക്ഷത്തിന്റെ പരാജയം കൂടിയാണ് ഇന്നു മദനി സംഭവങ്ങളിലെത്തിനില്‍ക്കുന്ന സങ്കീര്‍ണതകള്‍.
കേരളത്തിലെ മലബാറൊഴിച്ചുള്ള പ്രദേശത്തെ മുസ്ലിംകളുടെ കൂടുതല്‍ ദേശീയവും വികസ്വരവുമായ സ്വഭാവമുള്ള രാഷ്ട്രീയത്തെ ആരു പ്രതിനിധാനം ചെയ്യും? മുസ്ലിം ലീഗിന് നാലും അഞ്ചും മുസ്ലിം മന്ത്രിമാരെ കൊടുക്കുമ്പോള്‍ മറ്റു പ്രദേശങ്ങളില്‍നിന്നുള്ള കോണ്‍ഗ്രസ്, മറ്റു ഘടകകക്ഷികളിലെ മുസ്ലിം നേതാക്കള്‍ എന്നിവരെങ്ങനെ മുഖ്യധാരയിലേക്കു കടന്നുവരും? ഇവ കടുത്ത തോതില്‍ പ്രതിരോധിക്കപ്പെടുന്നതിന്റെ ദുരന്തമാണ് മദ്ധ്യ, തെക്കന്‍ കേരളത്തിലെ പല മുസ്ലിം ലീഗു മനസ്സല്ലാത്ത മുസ്ലിം രാഷ്ട്രീയപ്രവര്‍ത്തകരും കോണ്‍ഗ്രസും മറ്റും വിട്ട് മുസ്ലിം ലീഗിലേക്ക് ചേക്കേറിയ, ചേക്കേറുന്ന കാഴ്ച. കോണ്‍ഗ്രസില്‍ നിന്നാല്‍ മണ്ഡലം കമ്മിറ്റിയംഗം ആകാം, ലീഗില്‍ പോയാല്‍ സംസ്ഥാനകമ്മിറ്റിയംഗമോ ഏതെങ്കിലും കമ്പനിയുടെ ഡയറക്ടറോ ചെയര്‍മാനോ ആകാമെന്നു വന്നാല്‍ ഈ പ്രായോഗികരാഷ്ട്രീയക്കാര്‍ മറ്റെന്തു ചെയ്യാനാണ്?
എംഎം ഹസന്‍, എം എ ഷാനവാസ് തുടങ്ങിയവരടക്കമുള്ള ഉന്നതരായ കോണ്‍ഗ്രസ് നേതാക്കള്‍ പോലും വക്താക്കളായി ഒടുങ്ങേണ്ടിവരുന്ന പരിണതി നാം കാണുന്നില്ലേ?
"മുസ്ലിം ലീഗിന് നാലും അഞ്ചും മുസ്ലിം മന്ത്രിമാരെ കൊടുക്കുമ്പോള്‍ മറ്റു പ്രദേശങ്ങളില്‍നിന്നുള്ള ലീഗിതരകക്ഷികളിലെ മുസ്ലിം നേതാക്കള്‍ എങ്ങനെ മുഖ്യധാരയിലേക്കു കടന്നുവരും? കോണ്‍ഗ്രസില്‍ നിന്നാല്‍ മണ്ഡലം കമ്മിറ്റിയംഗം ആകാം, ലീഗില്‍ പോയാല്‍ ഏതെങ്കിലും കമ്പനിയുടെ ഡയറക്ടറോ ചെയര്‍മാനോ ആകാമെന്നു വന്നാല്‍ ഈ പ്രായോഗികരാഷ്ട്രീയക്കാര്‍ മറ്റെന്തു ചെയ്യാനാണ്? " ഏതേതര്‍ത്ഥങ്ങളില്‍ നോക്കിയാലും മുസ്ലിം ലീഗുപോലെയോ കേരളാ കോണ്‍ഗ്രസ് പോലെയോ ഒക്കെ ഉള്ള സാമുദായിക- പ്രാദേശിക പാര്‍ട്ടികളെ അവയുടെ സാംഗത്യത്തിനപ്പുറത്തേക്കു വളര്‍ത്തുവാനുള്ള സാദ്ധ്യതകളാണ് അവരുടെ സമ്മര്‍ദ്ദങ്ങള്‍ക്കു കീഴ്പ്പെടുക എന്നത്. അത് അഞ്ചാം മന്ത്രിസ്ഥാനം കൊടുത്തുകൊണ്ടായാലും സ്പീക്കര്‍ സ്ഥാനമോ രാജ്യസഭാസീറ്റോ നല്കി ഒത്തുതീര്‍ത്തിട്ടായാലും അവസ്ഥ മാറുന്നില്ല. പ്രാദേശിക- സാമുദായികപാര്‍ട്ടികളുടെ സാംഗത്യത്തെ തല്‍ക്കാലത്തെ സാമൂഹികാവസ്ഥയില്‍, രാഷ്ട്രീയധാരയില്‍ അസംഗതമാക്കാനാവില്ല. എന്നാല്‍, അവയെ അവയുടെ ആവശ്യകതയ്ക്കപ്പുറത്തേക്കു വളരാനനുവദിക്കുന്നത് ഫ്രാങ്കന്‍സ്റ്റൈനുമാര്‍ക്കു ജന്മം കൊടുക്കുന്നതിനു തുല്യമാണ്.
പിഎസ് - മുഖ്യമന്ത്രിയായി സിഎച്ച് മുഹമ്മദു കോയയെ സത്യപ്രതിജ്ഞ ചെയ്യിക്കാന്‍ അദ്ദേഹത്തിന്റെ തൊപ്പി ഊരിച്ചു എന്നൊരു വാദം കേള്‍ക്കുന്നു. അദ്ദേഹത്തിന്റെ തൊപ്പിയെ വോട്ടിനുപയോഗിച്ചതിനുശേഷം അങ്ങനെ ചെയ്തത് തെറ്റെന്നാണു വാദം. എനിക്കു തോന്നുന്നത്, തൊപ്പി വോട്ടിനുപയോഗിക്കാം, കാരണം അദ്ദേഹം മുസ്ലിം ലീഗ് നേതാവാണ്. ആ ലീഗുനേതാവിന് മുസ്ലിം ലീഗിന്റെ മന്ത്രിയാകാം. അപ്പോള്‍ സത്യപ്രതിജ്ഞയ്ക്കു തൊപ്പിയൂരിയില്ലെങ്കിലും ഒന്നുമില്ല. പക്ഷേ, അദ്ദേഹം മുസ്ലിം ലീഗിന്റെ മുഖ്യമന്ത്രിയല്ല. കൂട്ടുകക്ഷിമന്ത്രിസഭയിലെ മുഖ്യമന്ത്രിയാണ്. ആ മുഖ്യമന്ത്രി തൊപ്പിയൂരുന്നതുതന്നെയാണു നല്ലത്. പക്ഷേ, അവിടെയും ഒരു മറുവശമുണ്ട്. ക്രിസ്ത്യാനി മുഖ്യമന്ത്രിക്കു വെന്തീഞ്ഞാ തിരുപ്പിടിച്ചുകൊണ്ടും ഹിന്ദു മുഖ്യമന്ത്രിക്ക് ചന്ദനം ചാര്‍ത്തിക്കൊണ്ടും സത്യപ്രതിജ്ഞ ചെയ്യാമെങ്കില്‍ മുസ്ലിം മുഖ്യമന്ത്രിക്കു തൊപ്പിയിട്ടും ആകാം. എന്തായാലും അവസാനം തൊപ്പിയിടുന്നത് ജനത ഒന്നടങ്കമാണല്ലോ.
അന്‍വര്‍ അബ്ദുള്ള

No comments:
Post a Comment