നമ്മുടെ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിനെക്കൊണ്ട് ഒരു ഗുണമുണ്ടായി - ഒടുവില്‍ മലയാളം മുഖ്യധാരാ മാദ്ധ്യമങ്ങളിലും കൂടംകുളം ആണവവൈദ്യുതിനിലയത്തെപ്പറ്റി വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. പ്രധാനമായും എന്തുകൊണ്ട് ഈ നിലയം ആവശ്യമാണ് എന്ന് പറയുന്ന വാര്‍ത്തകള്‍. എന്തായാലും അങ്ങനെ ഒരു സംഭവം നടക്കുന്നതായി അറിഞ്ഞ ഭാവം നടിക്കാതെ സുഖിച്ച് നാളുകള്‍ തള്ളിനീക്കാന്‍ നമുക്കിനി ബുദ്ധിമുട്ടായിരിക്കും.
സെപ്റ്റംബര്‍ 2011. തമിഴ്‌നാട്ടില്‍, തിരുനെല്‍വേലി ജില്ലയില്‍, കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന് റോഡുവഴി ഏതാണ്ട് എഴുപതു കിലോമീറ്റര്‍ മാത്രം ദൂരെയാണ് കൂടംകുളം. ഒന്നാം ഘട്ടം പണി പൂര്‍ത്തിയായി ഉടന്‍ പ്രവര്‍ത്തനക്ഷമമാവാന്‍ തയ്യാറെടുക്കുന്ന കൂടംകുളം ആണവവൈദ്യുതനിലയത്തിനെതിരെ ആ പ്രദേശത്തെ ജനങ്ങള്‍, മുഖ്യമായും മത്സ്യതൊഴിലാളി കുടുംബങ്ങള്‍, കൂടംകുളത്തിനടുത്തുള്ള ഇടിന്തക്കരൈ ഗ്രാമത്തില്‍ സത്യാഗ്രഹം തുടങ്ങി. 127 പേരാണ് പതിനൊന്നു ദിവസം നീണ്ട ഈ നിരാഹാരസത്യാഗ്രഹത്തില്‍ പങ്കെടുത്തത്.
സമരപ്പന്തലില്‍ ഓരോ ദിവസവും ഇരുപതിനായിരത്തോളം പേര്‍ സന്നിഹിതരായിരുന്നു. ഗ്രാമപഞ്ചായത്തുകളും സന്നദ്ധസംഘടനകളും പള്ളികളും മതസംഘടനകളും ആക്ടിവിസ്റ്റുകളും വിഷയവിദഗ്ധരും എല്ലാം ഉള്‍പ്പെടുന്ന പീപ്പിള്‍സ് മൂവ്മെന്റ് എഗേയ്ന്‍സ്റ്റ് ന്യൂക്ലിയാര്‍ എനര്‍ജി (PMANE) എന്ന കൂട്ടായ്മയാണ് ഇടിന്തക്കരൈയില്‍ ഈ സമരത്തിന് നേതൃത്വം നല്‍കിയത്. പലരും വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നതുപോലെ, ചില പരിസ്ഥിതി മൌലികവാദികളും ബുദ്ധിജീവികളും നയിച്ച ഒരു സമരമല്ല ഇത്.
അണ്ണാ ഹസാരെയുടെ സമരം പോലെ പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളുടെ നയനാനന്ദകരമായ വെള്ളിത്തിരകളിലും നമുക്കത് കണ്‍കുളിര്‍ക്കെ കാണാന്‍ കഴിഞ്ഞില്ല. "ഞാനും കൂടംകുളം" എന്ന് ഇന്ത്യയുടെ ഓരോ മൂലയില്‍ നിന്നും ചെറിയ കുട്ടികള്‍ ആര്‍ത്തുവിളിച്ചതുമില്ല. എങ്കിലും ആ സമരത്തിന്റെ ശബ്ദം ആരും കേള്‍ക്കാതെ പോയില്ല.
ഇതുവരെ എവിടെയായിരുന്നു ഈ സമരക്കാര്‍?
സ്വാഭാവികമായും ഉയരാവുന്ന ഒരു ചോദ്യമാണത്. എന്നാല്‍ ഒറ്റ രാത്രി കൊണ്ട് പൊട്ടിപ്പുറപ്പെട്ട ഒരു പ്രതിഷേധശബ്ദമായിരുന്നില്ല, മറിച്ച് ഈ പ്രോജക്റ്റിന്റെ ആദ്യം മുതലേ നിലനില്‍ക്കുന്ന ചെറുത്തുനില്‍പ്പുകളുടെ ഒരു തുടര്‍ച്ചയായിരുന്നു ഈ സത്യാഗ്രഹം. കൂടംകുളം ആണവപദ്ധതിയുടെ ചരിത്രവുമായി ചേര്‍ന്നുനില്‍ക്കുന്നു ഈ ജനമുന്നേറ്റങ്ങളുടെയും ചരിത്രം.
"അണ്ണാ ഹസാരെയുടെ സമരം പോലെ പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളുടെ നയനാനന്ദകരമായ വെള്ളിത്തിരകളിലും നമുക്ക് നെടുനാളത്തെ കൂടംകുളം സമരം കണ്‍കുളിര്‍ക്കെ കാണാന്‍ കഴിഞ്ഞില്ല. "ഞാനും കൂടംകുളം" എന്ന് ഇന്ത്യയുടെ ഓരോ മൂലയില്‍ നിന്നും ചെറിയ കുട്ടികള്‍ ആര്‍ത്തുവിളിച്ചതുമില്ല. എങ്കിലും ആ സമരത്തിന്റെ ശബ്ദം ആരും കേള്‍ക്കാതെ പോയില്ല." 1974-ലെ പൊഖ്റാന്‍ ആണവപരീക്ഷണവും അതേത്തുടര്‍ന്ന് അമേരിക്ക ഇന്ത്യക്കുമേല്‍ ഏര്‍പ്പെടുത്തിയ ആണവ ഉപരോധവുമാണ് അന്നത്തെ സോവിയറ്റ് യൂണിയന്റെ സഹായത്തോടെ തങ്ങളുടെ ആണവോര്‍ജ്ജപരിപാടി മുന്നോട്ടു കൊണ്ടുപോവാനും അതിന്റെ ഭാഗമായി കൂടംകുളം പദ്ധതി ആവിഷ്കരിക്കാനും ഭാരതസര്‍ക്കാരിനെ പ്രേരിപ്പിച്ചത്. 1988-ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി അന്നത്തെ സോവിയറ്റ് പ്രസിഡന്റ് മിഖയേല്‍ ഗോര്‍ബചേവുമായി കൂടംകുളം പദ്ധതിയുടെ കരാര്‍ ഒപ്പുവച്ചതുമുതല്‍ തുടങ്ങിയതാണ് പദ്ധതിയ്ക്കെതിരെയുള്ള എതിര്‍പ്പുകളും. (ഏതാണ്ട് ഇതേ സമയത്തുതന്നെ കേരളത്തിലേ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോമില്‍ ആണവനിലയം സ്ഥാപിക്കാന്‍ കൈക്കൊണ്ട തീരുമാനം ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ശക്തമായ ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു എന്നോര്‍ക്കുക).
കര്‍ഷകരും മത്സ്യത്തൊഴിലാളികളുമാണ് ആദ്യകാലത്ത് കൂടംകുളം ആണവനിലയത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. ശുദ്ധജലത്തിന്റെ ലഭ്യത കുറഞ്ഞ ഈ പ്രദേശത്ത് പേച്ചിപ്പാറൈ റിസര്‍വോയറില്‍ നിന്ന് കാര്‍ഷികാവശ്യത്തിനുള്ള വെള്ളം ആണവനിലയത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി വഴി തിരിച്ചുവിടാനുള്ള തീരുമാനമായിരുന്നു കര്‍ഷകരെ പ്രധാനമായും അരിശം കൊള്ളിച്ചത്. സമത്വ സമുദായ ഐക്യം എന്ന പേരില്‍ രൂപം കൊണ്ട സംഘടനയുടെ നേതൃത്വത്തില്‍ 1988-ല്‍ തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി ജില്ലകളില്‍ നിന്നുള്ള ജനങ്ങള്‍ ഒരു പ്രതിഷേധറാലി നടത്തി. എന്നാല്‍ സോവിയറ്റ് യൂണിയന്റെ പതനത്തിനും രാജീവ് ഗാന്ധിയുടെ മരണത്തിനും ശേഷം 1991-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് തല്‍ക്കാലത്തേയ്ക്ക് ഈ പദ്ധതി ഉപേക്ഷിച്ചു.(1)
അതിനുശേഷം ഈ പദ്ധതിയ്ക്ക് പുതുജീവന്‍ നല്‍കിയത് 1997-ല്‍ അന്നത്തെ പ്രധാനമന്ത്രി എച് ഡി ദേവഗൌഡയും റഷ്യന്‍ പ്രസിഡന്റ് ബോറിസ് യെല്‍റ്റ്സിനും ചേര്‍ന്നാണ്. അവര്‍ കൂടംകുളം കരാര്‍ പുതുക്കിയെഴുതി, വിശദമായൊരു പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു. ഇതോടെ പദ്ധതിയ്ക്കെതിരെയുള്ള ജനമുന്നേറ്റവും വീണ്ടും സജീവമായി. രണ്ട് ലക്ഷത്തോളം പേര്‍ക്ക് കാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങള്‍ സമ്മാനിക്കുകയും (കടപ്പാട് : ഗ്രീന്‍പീസ്) മൂന്നര ലക്ഷത്തോളം പേരെ ഭവനരഹിതരാക്കുകയും ചെയ്ത 1986-ലെ ചെര്‍ണോബില്‍ ദുരന്തം റഷ്യന്‍ സാങ്കേതികവിദ്യയുടെ പോരായ്മകള്‍ക്കുദാഹരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു. T-90 ടാങ്കുകള്‍, SU-30 യുദ്ധവിമാനങ്ങള്‍, അഡ്മിറല്‍ ഗോര്‍ഷ്കോവ് അന്തര്‍വാഹിനികള്‍ മുതലായ ചില ആയുധക്കച്ചവടങ്ങളുമായി റഷ്യ ഇതിനെ കൂട്ടിക്കെട്ടിയതാണ് സുരക്ഷയെക്കുറിച്ചും പദ്ധതിയ്ക്ക് വേണ്ടിവരുന്ന ചെലവിനെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടും അതൊന്നും വകവയ്ക്കാതെ ഇന്ത്യ പ്രോജക്ടുമായി മുന്നോട്ടുപോവാന്‍ കാരണമെന്ന് ഒരു വാദമുണ്ട് (ന്യൂ ഇന്ത്യന്‍ എക്സ്‌പ്രസ്, 2000 ഒക്ടോബര്‍ 2).
ആശങ്കകള്‍, ജീവിതങ്ങള്‍
കൂടംകുളം തമിഴ്‌നാട്ടിലെ കണക്കില്‍ ഒരു വലിയ ഗ്രാമമാണ്. 2001-ലെ സെന്‍സസ് പ്രകാരം കൂടംകുളം വില്ലേജില്‍ ആകെയുള്ള 2386 കുടുംബങ്ങളില്‍ 944-ഉം ദലിത് കുടുംബങ്ങളാണ്. കൂടംകുളം ഗ്രാമത്തില്‍ തൊഴിലില്ലായ്മ രൂക്ഷമാണ്. ഔദ്യോഗിക കണക്ക് പ്രകാരം ഇവിടെ 80 ശതമാനത്തോളം പേര്‍ തൊഴില്‍രഹിതരാണ്. സ്ത്രീകള്‍ പലരും ബീഡി തെറുപ്പ് തൊഴിലാക്കിയിരിക്കുന്നു. സമീപത്തുള്ള ഇടിന്തക്കരൈയിലെ ജനങ്ങളാകട്ടെ മുഖ്യമായും കടലിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പരമ്പരാഗതമായി മത്സ്യബന്ധനം തൊഴിലാക്കിയ മീനവര്‍ സമുദായത്തില്‍ പെട്ടവരാണ് ഈ പ്രദേശത്തെ ജനതയില്‍ നല്ലൊരു പങ്കും. ജാതീയമായ ഉച്ചനീചത്വങ്ങളില്‍ നിന്ന് രക്ഷതേടി ക്രിസ്തുമതം സ്വീകരിച്ചവരും ഇവരില്‍ പെടും. അതിന് പുറമേ അടുത്തുള്ള ഉവരി, കൂത്താംകുരി ഗ്രാമങ്ങളില്‍ നിന്നുള്ളവരും കൂടംകുളം പദ്ധതിയ്ക്കെതിരെ വര്‍ഷങ്ങളായി നടന്നുവരുന്ന സമരങ്ങളില്‍ പങ്കാളികളായിരുന്നു.(1)
1000 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് VVER-1000 റിയാക്ടറുകളാണ് ന്യൂക്ലിയാര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL) റഷ്യന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടംകുളത്ത് പ്രവര്‍ത്തനസജ്ജമാക്കുന്നത്. അതില്‍ ആദ്യത്തേത് ഈ ഡിസംബറോടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങുമെന്നായിരുന്നു NPCIL-ന്റെ കണക്കുകൂട്ടല്‍. പോജക്റ്റിന്റെ മൊത്തം ചെലവ് ഏതാണ്ട് 13,000 കോടി രൂപ വരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
പതിനാറു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ പതിനായിരത്തില്‍ കുറവ് പേര്‍ മാത്രമേ താമസിക്കുന്നുള്ളൂ എന്നുറപ്പുവരുത്തണം എന്നതുള്‍പ്പെടെയുള്ള നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് ഈ നിലയം വരുന്നത് എന്ന് കൂടംകുളം ഗ്രാമവാസികള്‍ അവകാശപ്പെടുന്നു. ആണവവികിരണം തദ്ദേശവാസികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന ഭയം മാത്രമല്ല നാട്ടുകാര്‍ക്കുള്ളത്. നിലയത്തിന്റെ പ്രവര്‍ത്തനം കടലിലെ താപനില ഉയര്‍ത്തുകയും അത് അവരുടെ ഉപജീവനത്തെ ബാധിക്കുകയും ചെയ്യുമെന്നും അവര്‍ ഭയപ്പെടുന്നു. ആണവവികിരണം കടലിലെ ആവാസവ്യവസ്ഥയില്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള വ്യതിയാനങ്ങളെക്കുറിച്ചും അത് സമുദ്രോല്‍പ്പന്നങ്ങളുടെ കച്ചവടത്തെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചുമുള്ള ആശങ്കകള്‍ക്ക് പുറമെയാണിത്. ചെന്നൈക്കടുത്തുള്ള കല്‍പ്പാക്കം ആണവനിലയത്തില്‍ നിന്നുള്ള കണക്കുകള്‍ അവരുടെ ഭയത്തെ ശക്തിപ്പെടുത്തുന്നു.(2)
കല്‍പ്പാക്കത്തുനിന്നുള്ള കഥകള്‍
മര്‍ദ്ദിത ജല റിയാക്ടറുകള്‍ (Pressurized Water Reactors) എന്ന വിഭാഗത്തില്‍ പെടുന്നവയാണ് കൂടംകുളത്ത് നിര്‍മ്മിക്കുന്ന രണ്ട് റിയാക്ടറുകളും. വെള്ളമാണ് ഇവയില്‍ ശീതകമായി ഉപയോഗിക്കുന്നത്. കല്‍പ്പാക്കത്തുള്ളതാകട്ടെ 220 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് മര്‍ദ്ദിത ഘനജല റിയാക്ടറുകള്‍ (Pressurized Heavy Water Reactors) ആണ്. സാങ്കേതികവും സുരക്ഷാപരവുമായ കാരണങ്ങളാല്‍ 170 മെഗാവാട്ട് വീതം വൈദ്യുതി മാത്രമേ കല്‍പ്പാക്കത്തെ റിയാക്ടറുകളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുള്ളൂ.
"പതിനാറു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ പതിനായിരത്തില്‍ കുറവ് പേര്‍ മാത്രമേ താമസിക്കുന്നുള്ളൂ എന്നുറപ്പുവരുത്തണം എന്നതുള്‍പ്പെടെയുള്ള നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് ഈ നിലയം വരുന്നത് എന്ന് കൂടംകുളം ഗ്രാമവാസികള്‍ അവകാശപ്പെടുന്നു. ആണവവികിരണം തദ്ദേശവാസികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന ഭയം മാത്രമല്ല നാട്ടുകാര്‍ക്കുള്ളത്. നിലയത്തിന്റെ പ്രവര്‍ത്തനം കടലിലെ താപനില ഉയര്‍ത്തുകയും അത് അവരുടെ ഉപജീവനത്തെ ബാധിക്കുകയും ചെയ്യുമെന്നും അവര്‍ ഭയപ്പെടുന്നു." കണ്‍ഡെന്‍സറില്‍ നീരാവിയെ തണുപ്പിക്കാനുപയോഗിക്കുന്ന ജലം കടലില്‍ നിന്നാണ് എടുക്കുന്നത്. ഈ പ്രക്രിയയില്‍ വെള്ളം ചൂടാവുകയും ചൂടായ വെള്ളം നീളം കൂടിയൊരു കുഴലിലൂടെ തിരിച്ച് കടലിലേക്കൊഴുക്കുകയും ചെയ്യുന്നു. ഈ കുഴല്‍ കടലിനോടു ചേരുന്നിടത്തെ താപനില ഏതാണ്ട് 140 ഡിഗ്രി ഫാറന്‍ഹീറ്റ് ആണ്. ഇത് മത്സ്യങ്ങളുടെയും മറ്റ് സമുദ്രജീവികളുടെയും ജീവന് അപകടകരമായ തോതില്‍ കൂടുതലാണ്. (സാധാരണഗതിയില്‍ കല്‍പ്പാക്കം പ്രദേശത്തെ സമുദ്രതാപനില 85 ഡിഗ്രി ഫാറന്‍ഹീറ്റ് ആണ്).
ഇത് മത്സ്യബന്ധനത്തെ ബാധിക്കുന്നതായും രണ്ട് റിയാക്ടറുകളും പ്രവര്‍ത്തിക്കുമ്പോള്‍ കടലിലിറങ്ങിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പലപ്പോഴും അവരുടെ തൊലിയില്‍ പൊള്ളലേല്‍ക്കുന്നതായും പരാതികളുണ്ട്. വികിരണമേറ്റ മത്സ്യത്തില്‍ നിന്നുണ്ടാക്കുന്നതാണ് എന്നതുകൊണ്ട് അവരുടെ മത്സ്യോല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ മടിയ്ക്കുകയും ചെയ്യുന്നു. 340 മെഗാവാട്ട് മാത്രം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കല്‍പ്പാക്കത്ത് ഇതാണ് സ്ഥിതിയെങ്കില്‍ ഇതിനേക്കാള്‍ എത്രയോ ഭീകരമായിരിക്കും ഇടിന്തക്കരൈയിലെ കാര്യം എന്നാണ് മത്സ്യത്തൊഴിലാളികള്‍ ഭയക്കുന്നത്.(2)
ഇതിനുപുറമേ ഡിപാര്‍ട്ട്മെന്റ് ഓഫ് അറ്റോമിക് എനര്‍ജി (DAE), അറ്റോമിക് എനര്‍ജി കമ്മീഷന്‍ (AEC), ഭാഭ അറ്റോമിക് റിസര്‍ച് സെന്റര്‍ (BARC), ന്യൂക്ലിയാര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL) തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനരീതിയെപ്പറ്റിയും ഇന്ത്യയുടെ ആണവനിലയങ്ങള്‍ വികിരണപരിധികള്‍ എത്രത്തോളം പാലിയ്ക്കുന്നുണ്ട് എന്നതിനെപ്പറ്റിയും ഈ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍ കുറച്ചുകാലമായി പരസ്യമായും രഹസ്യമായും ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ചോദ്യങ്ങളും കൂടംകുളം നിലയത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നു.(2)
ഫുകുഷിമയും മാറുന്ന ആണവനയങ്ങളും
ത്രീ മൈല്‍ ഐലന്റ് (യു എസ് എ, 1979), ചെര്‍ണോബില്‍ (സോവിയറ്റ് യൂണിയന്‍, 1986) എന്നീ വന്‍ദുരന്തങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം ജപ്പാനില്‍ ആഞ്ഞടിച്ച സുനാമിയില്‍ ജപ്പാനിലെ ഫുകുഷിമയില്‍ ഉണ്ടായ ആണവദുരന്തവും അതോടനുബന്ധിച്ച് ലോകരാഷ്ട്രങ്ങള്‍ തങ്ങളുടെ ആണവനയത്തില്‍ വരുത്തിയ കാതലായ മാറ്റങ്ങളും കൂടംകുളം ആണവനിലയത്തിനെതിരെ ഇരുപതു വര്‍ഷത്തിലേറെയായി തുടരുന്ന ചെറുത്തുനില്‍പ്പിന് ശക്തിപകര്‍ന്നിട്ടുണ്ട് എന്നതില്‍ സംശയമില്ല.
2022 ആവുമ്പോഴേയ്ക്ക് ജര്‍മനിയിലെ 17 ആണവ നിലയങ്ങളും അടച്ചു പൂട്ടുമെന്നും ആണവോര്‍ജം ഉപേക്ഷിക്കുന്ന ലോകത്തിലെ ആദ്യ പ്രമുഖ വ്യവസായ രാജ്യമായി തങ്ങള്‍ മാറുമെന്നും ഈ വര്‍ഷം ആദ്യം ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ പ്രഖ്യാപിച്ചു. നിലവിലുള്ള ആണവനിലയങ്ങളുടെ ആയുസ്സുകൂട്ടുമെന്ന തങ്ങളുടെ മുന്‍ നിലപാടില്‍ നിന്ന് പിന്മാറാനും ഇങ്ങനെയൊരു നയംമാറ്റം പ്രഖ്യാപിക്കാനും ജര്‍മ്മനി തയ്യാറായത് ഫുകുഷിമയിലെ സംഭവവികാസങ്ങളുടെയും ജര്‍മ്മനിയില്‍ ആണവനിലയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന ജനവികാരത്തിന്റെയും പശ്ചാത്തലത്തിലാണ്.
ഈ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയെന്നോണം ജര്‍മ്മന്‍ കമ്പനിയായ സീമന്‍സ് (SIEMENS) ആണവോര്‍ജ്ജവുമായി ബന്ധപ്പെട്ട എല്ലാ കച്ചവടവും അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ 19-ന് സ്പീഗല്‍ (SPIEGEL) എന്ന ജര്‍മ്മന്‍ മാസിക പ്രസിദ്ധീകരിച്ച ഇന്റര്‍വ്യൂവിലാണ് സീമന്‍സ് തലവന്‍ പീറ്റര്‍ ലഷര്‍ (Peter Löscher) ഈ തീരുമാനം പ്രഖ്യാപിച്ചത്. "ആ അദ്ധ്യായം ഞങ്ങള്‍ക്കുമുന്നില്‍ അടഞ്ഞുകഴിഞ്ഞു. ആണവനിലയങ്ങള്‍ നിര്‍മ്മിക്കാനോ അവയ്ക്കുവേണ്ട സാമ്പത്തികസഹായങ്ങള്‍ ചെയ്യാനോ ഞങ്ങളുടെ കമ്പനി ഇനി മുതിരുകയില്ല" -- ലഷര്‍ പറഞ്ഞു. പുതുക്കാവുന്ന ഊര്‍ജ്ജസ്രോതസ്സുകളെ കൂടുതലായി ആശ്രയിക്കാനുള്ള ജര്‍മ്മനിയുടെ തീരുമാനം ഈ നൂറ്റാണ്ടിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (Response to Fukushima: Siemens to Exit Nuclear Energy Business, സ്പീഗല്‍ ഇന്റര്‍നാഷണല്‍, സെപ്റ്റംബര്‍ 2011).
ഇതിനിടെ, സുനാമിയും ആണവദുരന്തവും കഴിഞ്ഞ് ആറു മാസം പിന്നിടുമ്പോള്‍ ഫുകുഷിമയില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ ആണവമാലിന്യങ്ങള്‍ വൃത്തിയാക്കാനുള്ള പ്രയത്നങ്ങളിലാണ്. നിലയത്തെ നിയന്ത്രണ വിധേയമാക്കുന്നതിന് പ്രതിദിനം ഒരു ബ്രിഗേഡ് തൊഴിലാളിപ്പടയെയാണ് ഫുകുഷിമയില്‍ ഇറക്കുന്നത് എന്നും ഉയര്‍ന്ന റേഡിയേഷനും കനത്ത ചൂടും സഹിച്ചാണ് ഇവര്‍ ജോലി ചെയ്യുന്നത് എന്നും സ്പീഗല്‍ മാസിക കഴിഞ്ഞമാസം റിപ്പോര്‍ട്ട് ചെയ്തു. ജപ്പാനീസ് ആണവനിലയ തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം അനുവദനീയമായ കൂടിയ റേഡിയേഷന്‍ നിരക്ക് 50 മില്ലിസീവര്‍റ്റാണ് എന്നിരിക്കെ ഈ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്ത് ഭരണാധികാരികളുടെ സമ്മതത്തോടെ ഇത് 250 ആയി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. (A Visit to J-Village: Fukushima Workers Risk Radiation to Feed Families, Cordula Meyer, സ്പീഗല്‍ ഇന്റര്‍നാഷണല്‍, സെപ്റ്റംബര്‍ 2011)
തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട്
2011 സെപ്റ്റംബര്‍ 21. തദ്ദേശവാസികളുടെ ഭീതികള്‍ ദൂരീകരിച്ചതിനു ശേഷമേ പദ്ധതിയുമായി മുന്നോട്ടു പോകാവൂ എന്ന് കേന്ദ്രത്തോടാവശ്യപ്പെടുന്ന പ്രമേയം തമിഴ്‌നാട് നിയമസഭയില്‍ പാസാക്കാം എന്ന് മുഖ്യമന്ത്രി ജയലളിതയില്‍ നിന്ന് ലഭിച്ച ഉറപ്പിനെത്തുടര്‍ന്ന് 11 ദിവസം നീണ്ടുനിന്ന നിരാഹാരസമരം തല്‍ക്കാലത്തേയ്ക്ക് ഒത്തുതീര്‍പ്പായി.
"തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്തുനിന്ന് കൂടംകുളം നിലയം വരെ ആകാശത്തുകൂടെ ഒരു വര വരച്ചാല്‍ അറുപതു കിലോമീറ്ററില്‍ താഴെയാണ് ആ വരയുടെ നീളം. കൂടംകുളത്ത് ഒരു ആണവദുരന്തം ഉണ്ടാവുകയാണെങ്കില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ളവരെ കുടിയൊഴിപ്പിക്കേണ്ടതായി വന്നേയ്ക്കും. എന്നിരിക്കിലും നമ്മള്‍ മലയാളികള്‍ക്ക് ഇത് ഇപ്പോഴും 'അവരുടെ കാര്യ'മാണ്. " കൂടംകുളത്ത് സമരക്കാരുടെ ആശങ്കകള്‍ അസ്ഥാനത്താണ് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്ന ജയലളിത സമരക്കാരുമായി നടത്തിയ നിരന്തരമായ ചര്‍ച്ചകള്‍ക്ക് ശേഷം നിലപാട് മാറ്റുകയായിരുന്നു. നിലനില്‍പ്പിനുവേണ്ടിയുള്ള ഒരു ജനതയുടെ സമാധാനപരമായ സമരത്തിന്റെ വിജയം കൂടിയായിരുന്നു അത്. സമരത്തിന് കിട്ടിയ വമ്പിച്ച ജനപിന്തുണയാണ് മഹാരാഷ്ട്രയിലെ ജൈത്താപൂര്‍ ആണവനിലയത്തിനെതിരെ നടന്ന സമരങ്ങളോട് മഹാരാഷ്ട്ര സര്‍ക്കാര്‍ എടുത്തതില്‍ നിന്ന് വ്യത്യസ്തമായി ഇങ്ങനെ ഒരു സമീപനം കൈക്കൊള്ളാന്‍ തമിഴ്‌നാട് സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്.
തമിഴ്‌നാട് നിയമസഭ തങ്ങള്‍ ജനങ്ങളുടെ കൂടെയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഏകകണ്ഠമായി പ്രമേയം പാസ്സാക്കി. ഒക്ടോബര്‍ ഏഴിന് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിനിധിസംഘം ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ കണ്ടു. എന്നാല്‍ ഈ പ്രോജക്ടില്‍ നിന്ന് പിന്‍വാങ്ങിയാല്‍ അത് സംസ്ഥാനത്തിന്റെ വികസനത്തെയും വ്യവസായവല്‍ക്കരണത്തെയും ദോഷകരമായി ബാധിക്കും എന്നായിരുന്നു തമിഴ്‌നാട് സര്‍ക്കാരിന് പ്രധാനമന്ത്രി നല്‍കിയ മറുപടി.
നിലയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട തൊഴിലാളികളെ അകത്തുകടക്കാന്‍ സമ്മതിക്കാതെ പതിനായിരത്തോളം വരുന്ന നാട്ടുകാര്‍ ഒക്ടോബര്‍ 13-ന് രാത്രിയില്‍ നിലയത്തിലേയ്ക്കുള്ള എല്ലാ പ്രവേശനകവാടങ്ങളും ഉപരോധിച്ചു. സമരക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ വികലാംഗരായ നാലുപേര്‍ക്ക് പരിക്കേറ്റു. കേന്ദ്രസര്‍ക്കാര്‍ അനുകൂലമായ നിലപാടെടുക്കാത്തത്തില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 18-ന് ഇടിന്തക്കരൈയില്‍ വീണ്ടും റിലേ നിരാഹാരം തുടങ്ങി. ഇതെഴുതുന്നതുവരെയും തുടരുന്ന ഈ നിരാഹാരത്തില്‍ ഇടിന്തക്കരൈ, കൂടംകുളം, അവുദൈയാള്‍പുരം എന്നീ മൂന്നു ഗ്രാമങ്ങളില്‍ നിന്നായി ആയിരത്തി അഞ്ഞൂറോളം പേര്‍ പങ്കെടുക്കുന്നു. ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സമീപഗ്രാമങ്ങളിലും സമാനമായ സത്യാഗ്രഹങ്ങള്‍ ആരംഭിച്ചിരിക്കുന്നു. തൂത്തുക്കുടി ജില്ലയിലെ ആടൂരില്‍ ആയിരത്തോളം പേരും തിരുനെല്‍ വെളിയിലെ രാധാപുരത്ത് മുപ്പതോളം പേരും സത്യാഗ്രഹത്തിലാണ്.
പക്ഷേ, നമ്മള്‍ കേരളത്തിലല്ലേ?
തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്തുനിന്ന് കൂടംകുളം നിലയം വരെ ആകാശത്തുകൂടെ ഒരു വര വരച്ചാല്‍ അറുപതു കിലോമീറ്ററില്‍ താഴെയാണ് ആ വരയുടെ നീളം. കൂടംകുളത്ത് ഒരു ആണവദുരന്തം ഉണ്ടാവുകയാണെങ്കില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ളവരെ കുടിയൊഴിപ്പിക്കേണ്ടതായി വന്നേയ്ക്കും. എന്നിരിക്കിലും നമ്മള്‍ മലയാളികള്‍ക്ക് ഇത് ഇപ്പോഴും 'അവരുടെ കാര്യ'മാണ്. കേരള നിയമസഭയില്‍ ഒരിക്കലും ഇതൊരു ചര്‍ച്ചാവിഷയമായതുമില്ല. പെരിങ്ങോമിലെ നിര്‍ദ്ദിഷ്ട നിലയത്തിനെതിരെ തെരുവിലിറങ്ങിയ സന്നദ്ധസംഘടനകള്‍ പോലും ഇക്കാര്യത്തില്‍ ഒരു നിലപാടും എടുത്തിട്ടില്ല എന്നത് വിചിത്രമാണ്.
ന്യൂക്ലിയാര്‍ ഭൂതത്തെ തിരിച്ച് കുപ്പിയിലാക്കാന്‍ ലോകവ്യാപകമായി ശ്രമം നടക്കുമ്പോള്‍ ഉപേക്ഷിക്കപ്പെട്ട ഭൂതങ്ങളുടെ ഒരു താവളമായി നമ്മുടെ രാജ്യം മാറാതിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. കേരളവും തമിഴ് നാടും ജൈത്താപ്പൂരുമൊക്കെ ആ ഭൂതത്തിന്റെ അടുത്ത അഴിഞ്ഞാട്ടത്തിനുള്ള അരങ്ങുകളാകാതിരിക്കട്ടെ എന്നും.
No comments:
Post a Comment