Monday, April 30, 2012

സമസ്തയുടെ ചാനലും ചില കേരള ഇസ്ലാം കാര്യങ്ങളും



കേരളത്തിലെഇസ്ലാം മത സംഘടനകളില്‍ മുഖ്യസ്ഥാനമുള്ളസമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുമായി പ്രത്യക്ഷ ബന്ധമുള്ള ചാനല്‍ അതിന്റെ അവസാന മിനുക്കു പണികളിലാണെന്നറിയുന്നു. മതദൃഷ്ട്യാ ദര്‍ശന സാധുതയുള്ള ഒരു ദൃശ്യമാദ്ധ്യമംഎന്ന് അതിനെ മതകീയ വൃത്തങ്ങളില്‍ വിശേഷിപ്പിച്ചും കേള്‍ക്കുന്നു. 
കേരളത്തിലെ ഇസ്ലാമിക സമൂഹത്തിന്റെ മാദ്ധ്യമ പരിശ്രമങ്ങള്‍ക്ക്‌ അനേക പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. മലയാള മാദ്ധ്യമ ചരിത്രത്തിന്റെ ആദ്യത്തെ ഏടുകളില്‍ തന്നെ സന്നിഹിതമാണ്‌ മാപ്പിളമലയാളവും. ഇതാദ്യമായാണു പക്ഷേ, മലയാളത്തില്‍ ഒരു ഇസ്ലാം മതസംഘടനയുമായി പ്രത്യക്ഷബന്ധുതയുള്ള ഒരു ചാനല്‍ രംഗ പ്രവേശം ചെയ്യുന്നത്‌.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്‌ഘടകമായ മത വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ്‌ എസ്‌കെഎസ്‌എസ്‌എഫ്‌. പ്രസ്‌തുത സംഘടനയുടെ തുടക്കം മുതലേയുള്ള മുഖപത്രംസത്യധാര മാസികയുടെ അതേ പേരിലുള്ള മാദ്ധ്യമസ്ഥാപനമാണ്‌ പുതിയ ചാനലിനു പിറകില്‍. സമസ്തയുടെ ആശീര്‍വാദത്തോടെയുള്ള ഒരു ചാനലാണു നമ്മുടെ മുമ്പാകെ ദൃശ്യപ്പെടാന്‍ പോകുന്നത്‌ എന്നതുറപ്പാണ്‌.
മതാത്മക അസ്‌തിത്വം അണച്ചു പിടിക്കുന്ന ഒരു ഇസ്ലാമിക പ്രസ്ഥാനം കേരളത്തിലെ നിലവിലെ മാദ്ധ്യമ ബഹളത്തിനകത്തേക്ക്‌ ഒരു ചാനലുമായി പ്രവേശിക്കാന്‍ ധൈര്യപ്പെടുന്നു എന്നതില്‍ തന്നെയുണ്ട്‌ പ്രസക്തമായ ചിലത്‌. അതിനപ്പുറം അതൊരു വാര്‍ത്താചാനലല്ല, വിനോദ ചാനലാണെന്ന കാര്യം ചാനല്‍കാര്യവിചാരങ്ങളുടെ പ്രസക്തി ഇരട്ടിപ്പിക്കുന്നു.വാര്‍ത്ത അല്ലെങ്കില്‍ വിനോദം എന്ന രണ്ടു കള്ളി മാത്രമുള്ളതു കാരണമാകണം ദര്‍ശനവിനോദ ചാനലുകളുടെ ഗണത്തില്‍ പെടുന്നത്‌. ഉള്ളടക്കത്തില്‍ അത്‌ എങ്ങനെയിരിക്കും എന്നത്‌ ഇപ്പുതിയ ചാനലിനെ പറ്റിയുള്ള കൗതുകവും കുതൂഹലവുമായി തീര്‍ന്നതും മേപ്പടി രണ്ടിലൊന്ന്‌ എന്ന വേര്‍തിരിവു കാരണമാണ്‌.

വാര്‍ത്തകള്‍ക്കപ്പുറത്തും പ്രേക്ഷക ശ്രദ്ധയെ കൊണ്ടു പോകാവുന്ന ദൃശ്യലോകങ്ങളുണ്ട്‌ എന്നതുറപ്പാണ്‌. ഒരു കണക്കിന്‌ വാര്‍ത്തകളുടെ നൈരന്തര്യവും പതിവു ചാനല്‍ വിഭവങ്ങളും രതിജന്യദൃശ്യങ്ങളും കൊണ്ടുചെന്നാക്കിയ വിരസതയില്‍ നിന്ന്‌ ജീവിതാഭിമുഖ്യം വളര്‍ത്തുന്ന കാഴ്‌ചപ്പുറങ്ങളിലേക്ക്‌, കാഴ്‌ചപ്പാടുകളിലേക്ക്‌ നല്ല ശ്രദ്ധയും വിചാരശുദ്ധിയുള്ള ഒരു ചാനലിന്‌ എളുപ്പം വളരാനുമാകും.
കേരളത്തിലെ ആധികാരിക മതപണ്‌ഠിത സഭയാണു സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ. കേരള മുസ്ലീങ്ങളുടെ മതകീയ ജീവിതത്തിന്റെ ചരിത്രഗണനകള്‍ പ്രകാരം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പാരമ്പര്യ വാദവും സംരക്ഷണവും ഉന്നമാക്കി നിര്‍മ്മിക്കപ്പെട്ട തടയണയാണ്‌. പുതിയ ചിന്താധാരകളിലേക്കും മതശീലങ്ങളിലേക്കും കേരളത്തിലെ ഇസ്ലാം മതവിശ്വാസികള്‍ നിരങ്ങിനീങ്ങാതെ കാക്കുക എന്നതായിരുന്നു തുടക്കം മുതലേ സമസ്തയുടെ പ്രഖ്യാപിത ലക്ഷ്യം. അതു കൊണ്ടു തന്നെ പുരോഗമന ചിന്ത എന്ന പേരില്‍ എഴുന്നള്ളിക്കപ്പെട്ട എല്ലാത്തിനേയും സമസ്ത സംശയ ദൃഷ്ടിയോടെ പരിശോധിക്കുകയും വിധിപറയുകയും ചെയ്‌തു പോന്നു.
നവോത്ഥാനം എന്ന പേരില്‍ സ്വയം അഭിരമിക്കുന്ന പ്രസ്ഥാനങ്ങളും അവ സ്വാധീനം ചെലുത്തിയ കേരള ഇസ്ലാമിന്റെ സാമൂഹികാന്തരീക്ഷവും മൂലം സമസ്ത പിന്തിരിപ്പന്‍ നിലപാടുകളുടേയും യാഥാസ്ഥിതിക മനോഭാവത്തിന്റേയും കൂട്ടുകക്ഷിയായി വായിക്കപ്പെട്ടു. ഇസ്ലാമിന്റെ ഇടുങ്ങിയതും ബാഹ്യ ലോകബന്ധമില്ലാത്തതുമായ ഒരു പ്രകാരരൂപത്തെ സംരക്ഷിച്ചു നിര്‍ത്തുന്ന ഭൂതകാലസംഘമെന്ന നിലയിലായി സമസ്തക്കു ലഭിച്ച സാംസ്‌കാരിക പരിഗണനകള്‍ എന്നതാണിതിന്റെ ഫലം. മറു വശത്ത്‌, സമഗ്ര ഇസ്ലാം, ശുദ്ധ ഇസ്ലാം തുടങ്ങിയ വ്യവഹാരങ്ങളുമായി നവോത്ഥാന സംഘാടനം നടത്തിയവരാകട്ടെ സാംസ്‌കാരിക മേല്‍ക്കൈ നേടുകയും ചെയ്‌തു.
കേരള ഇസ്ലാമിന്റേയും മാപ്പിള മലയാളത്തിന്റേയും തനതു വ്യവഹാരങ്ങളേയും പൈതൃക സമൃദ്ധികളേയും താറുമാറാക്കിയാണ്‌ ഈ നവോത്ഥാനം മുന്നോട്ടു പോയത്‌. അവയുളവാക്കിയ ഫലങ്ങളേക്കാള്‍ പ്രതികൂലമായി സമുദായ മനസ്സിനേയും ശരീരത്തേയും ബാധിക്കുന്നവയാണ്‌ അവ ഉണ്ടാക്കിയ വിഫലതകള്‍. സമസ്തയാവട്ടെ മേല്‍പറഞ്ഞ പുത്തന്‍കൂറ്റുകാരെ എതിര്‍ക്കുന്നതിലും ആശയപരമായി പരാജയപ്പെടുത്തുന്നതിലുള്ള ഉല്‍സാഹങ്ങളില്‍ കാലം പോക്കി. ഫലത്തില്‍ ക്രിയാത്മക പ്രവൃത്തികള്‍ക്കു ചെലവായതിലേറെ ഊര്‍ജ്ജം നിഷേധത്തിന്റെ നിലപാടുകള്‍ക്കും ആശയ വിശദീകരണങ്ങള്‍ക്കും വേണ്ടി ചെലവിട്ടിട്ടുണ്ട്‌ ഈ മത സംഘടന.
നവോത്ഥാനമെന്ന പേരില്‍ ആനയിക്കപ്പെട്ട പലതും മുസ്ലിം സമുദായത്തെ അതിന്റെ തനിമയില്‍ നിന്നകറ്റുന്നു എന്ന സത്യം മാറ്റങ്ങളോട്‌ വൈകി മാത്രം പ്രതികരിക്കുന്ന ഒരു സ്വഭാവഘടനയിലേക്കു തന്നെ സമസ്തയെ മാറ്റി. മേല്‍പറഞ്ഞ എല്ലാ സംഘടനകളുടെയും ഇടപെടലുകള്‍ കാരണം അവ്യവസ്ഥയുടെ സൗന്ദര്യത്തില്‍ നിന്നും കേരള ഇസ്ലാം വ്യവസ്ഥാപിത രൂപങ്ങളുടെ ഘടനയാര്‍ജ്ജിക്കുകയും മതകീയ പ്രവര്‍ത്തനം അങ്ങേയറ്റം സ്ഥാപനവല്‍ക്കരണത്തിനു വിധേയമാകുകയും ചെയ്‌തു. ഈ സ്ഥാപനവല്‍കൃത ഇസ്ലാമിന്റെ തര്‍ക്കഫലങ്ങളാണ്‌ തൊണ്ണൂറുകളോടെ മതസംഘടനകളിലുണ്ടായ വിഭജനങ്ങളോരോന്നും.
യാഥാസ്ഥിതികത്വത്തെ താങ്ങിനിര്‍ത്തുന്ന പൊളിച്ചു മാറ്റപ്പെടേണ്ട തൂണായി സമസ്തയെ വിലയിരുത്തിയവരാരും കാണാതെ പോയ പല കാര്യങ്ങളിലൊന്ന്‌ കേരള ഇസ്ലാമിന്റെ ഏറ്റവും അഴിവും അയവുമുള്ള രൂപത്തെ സംരക്ഷിച്ചു നിര്‍ത്തുന്നത്‌ ഈ വിഭാഗമാണെന്നതാണ്‌. മതത്തിന്റെ പ്രാണന്‍ ബാക്കിയുള്ള, മതതത്വങ്ങളിലെ അവഗാഹങ്ങളേക്കാള്‍ അതിന്റെ സായൂജ്യങ്ങളില്‍ അനുഭവമുള്ള പൊതുജനം ഈ പ്രസ്ഥാനത്തിന്റെ കരവലയത്തിലാണ്‌. മന്ത്രിച്ചൂതിയ ഉറുക്കും വെള്ളവും അവരില്‍ വിശ്വാസത്തിന്റെ കെട്ടുപാടുകളും ജലം പോലെ തെളിഞ്ഞ ആര്‍ദ്രതകളും ബാക്കി വെക്കുന്നുണ്ട്‌. അവരാണ്‌ കേരള ഇസ്ലാമിന്റെ ജൈവരൂപം.
തുറന്നിട്ടതും പുതിയ വെളിച്ചങ്ങള്‍ക്ക്‌ പ്രവേശനാനുമതി ഉള്ളതും ഇപ്പോള്‍ അവരുടെ മനസ്സുകളിലേക്കാണെന്നു തോന്നുന്നു. അവരുടെ ഹൃദയങ്ങളില്‍ വായിച്ച പുസ്‌തകങ്ങള്‍ നടത്തുന്ന വേട്ടയാടലുകളില്ല. മാറോടണച്ച ആശയങ്ങള്‍ നിരാശപ്പെടുത്തിയതിന്റെ ഈര്‍ഷകളില്ല. ഒരു പക്ഷേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലേക്ക്‌ ചാഞ്ഞു നില്‍ക്കുന്ന ഈ സാധാരണ മനുഷ്യരില്‍ ശേഷിക്കുന്ന വിശാസത്തിന്റെ ആനന്ദവും പ്രതീക്ഷകളുടെ മോഹ പ്രകാശവും വേറെങ്ങും കണ്ടെന്നു വരില്ല. സമസ്തയുടെ ആഭിമുഖ്യത്തില്‍ ദൃശ്യഭാഷയില്‍ മതം അതിന്റെ അനുയായികളെ സംബോധന ചെയ്യുന്നു എന്നത്‌ ദര്‍ശന ചാനലിനെ മാത്രമല്ല, കേരള ഇസ്ലാമിന്റെ പരിവര്‍ത്തനകാംക്ഷകളെ കൂടി സവിശേഷമാക്കുന്നത്‌ മേല്‍പറഞ്ഞ കാരണങ്ങള്‍ മൂലമാണ്‌.
സംസ്‌കാരത്തിന്റെ വലിയ ഭൂപടത്തില്‍ സവിശേഷമായ തനിമയില്‍ കേരള ഇസ്ലാമിനെ അടയാളപ്പെടുത്താന്‍ ഒരു പക്ഷേ സമസ്തയോളം മറ്റൊരു വിഭാഗത്തിനും കഴിഞ്ഞെന്നു വരില്ല. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന - പുറം തള്ളുന്നതല്ല, ഒരു വിശ്വാസധാര നിലനിര്‍ത്തിപ്പോരുന്നത്‌ ഏതു നാട്ടിലും പാരമ്പര്യത്തിന്റെ പിന്നിലണി നിരന്നവരാണ്‌. മനുഷ്യന്‍ അവന്റെ ഇച്ഛകള്‍ കൊണ്ടു നിര്‍മ്മിക്കുന്ന അവനവന്റേതു മാത്രമായ ആത്മീയതയെ അനുവദിക്കാന്‍ മതത്തിന്റെ ഈ ധാരക്കേ കഴിയൂ. അതില്‍ കര്‍ക്കശമായ തത്വശാസ്‌ത്ര മല്‍പിടുത്തങ്ങളില്ല.
ദൃശ്യമാദ്ധ്യങ്ങളോട്‌ പൊതുവേ വിരോധത്തിലായിരുന്നു എല്ലാ മതങ്ങളും. ടിവി ഉണ്ടാക്കുന്ന സാംസ്‌കാരിക ലോപത്തെ കുറിച്ചാവട്ടെ മതങ്ങള്‍ക്കു മാത്രമല്ല, ബുദ്ധിയുള്ള മനുഷ്യര്‍ക്കു മുഴുവനുമാണ്‌ ആശങ്ക.
പുതുതായി ഒരു വീട്ടിലേക്ക്‌ ആ വീട്ടിലെ അവസാനത്തെ അംഗമായാണു ടെലിവിഷന്‍കയറി വരുന്നത്‌.  പിന്നെയത്‌ ഒന്നാമനായി മാറുന്നു. വീട്ടിലുള്ളവരുടെ കമ്മ്യൂണിക്കേഷന്‍ ടിവിയുമായി മാത്രമാവുകയും കുടുംബത്തിലെ അംഗങ്ങള്‍ പരസ്‌പരം അവഗണിക്കപ്പെടുകയും ചെയ്യുന്നു.

ജീവിതം ജീവിക്കാനുള്ളതാണ്‌, ടിവിക്ക്‌ മുന്നില്‍ ചെലവഴിക്കാനുള്ളതല്ല.  ഇന്ദ്രിയാനുഭവങ്ങളുടേതായ ഒരു ജീവിതത്തിനു വേണ്ടി തയ്യാറാക്കപ്പെട്ട പോലെയാണ്‌ ദൃശ്യമാദ്ധ്യമങ്ങളുടെ മുഴുവന്‍ പെരുമാറ്റം. അതിനപ്പുറമുള്ള അനുഭവങ്ങളുടെ കുറച്ചു കാലം വേണമെന്ന്‌ തോന്നാറുണ്ട്‌ മനുഷ്യന്‌. നോമ്പുകാലത്ത്‌ ടീവി തുണിയിട്ട്‌ മൂടി വെക്കുന്ന ചില വീടുകള്‍ കണ്ടിട്ടുണ്ട്‌. മഴ നനഞ്ഞും വെയിലു കൊണ്ടും മരങ്ങള്‍ക്കിടയിലും കിളികള്‍ക്കൊപ്പവും കഴിയുന്നതിന്റെ യൌഗികമായ അനുഭവങ്ങള്‍ അടച്ചിട്ട മുറികളില്‍ ഏതായാലും ഉണ്ടാവാനിടയില്ല.
ടീവിക്കെതിരെ തന്നെ ഉന്നയിക്കപ്പെടുന്ന സര്‍ഗാത്മക ജീവിതത്തിന്റെ ന്യായങ്ങളിങ്ങനെ നീണ്ടു പോകുന്നതാണ്‌. മനുഷ്യ കുടുംബത്തിനു ശാപമായിക്കിട്ടിയ തലവിഷമാണു ഈ ദര്‍ശനോപാധി എന്നു കരുതുന്നവരാണ്‌ മതരഹിതരായവര്‍ പോലും. പക്ഷേ, ഒരോ ദൃശ്യമാദ്ധ്യമവും ചെലുത്തുന്ന സ്വാധീനശക്തിയും നിസ്‌തുലമാണ്‌.
അഭിപ്രായ രൂപീകരണത്തിന്റെ ഏജന്റായാണ്‌ മാദ്ധ്യമങ്ങള്‍ വര്‍ത്തിക്കുന്നത്‌. ഇതു തിരിച്ചറിഞ്ഞ്‌ ദൃശ്യമാദ്ധ്യമശ്രമങ്ങളുമായി പല തരത്തില്‍ സംബന്ധം കൂടിയിട്ടുണ്ട് മുസ്ലിം സമുദായം. ഏറെക്കുറെ അരോചകമാം വിധം എല്‍സിഡി ഭ്രമത്തിലെത്തിയിരുന്നു കുറച്ചുകാലം മതസംഘടനകളുടെ ഈ ദൃശ്യവെറി. നോമ്പുകാലത്തും അല്ലാതെയും ചില അന്യ ചാനലുകളുടെ ഒക്കത്തു വളരുന്ന കൈക്കുഞ്ഞായി ചില ടീവി പ്രോഗ്രാമുകള്‍ ഇസ്ലാമിക സംഘടനകള്‍ ഒരുക്കിവരുന്നതും പതിവായിരുന്നു. ഹോം സിനിമ എന്നൊരിനവും പരീക്ഷിക്കപ്പെട്ടു ചില വൃത്തങ്ങളില്‍.
ഇസ്ലാമിക സീഡികളില്‍ നിന്നും എല്‍സിഡികളില്‍ നിന്നും വളര്‍ച്ച പ്രാപിച്ചാണ്‌ കേരള ഇസ്ലാം ദര്‍ശനയിലൂടെ ഒരു സ്വന്തം ചാനലിലേക്ക്‌ പ്രവേശിക്കുന്നത്‌. അച്ചടി മാദ്ധ്യമങ്ങളോ, മഹാസമ്മേളനങ്ങളോ പോലല്ല ചാനലുകളുടെ ദൃശ്യമാദ്ധ്യമ ജീവിതം. തുറന്നുവിടപ്പെടുന്ന ഓരോ ദൃശ്യവും അതിനെ അനുധാവനം ചെയ്യുന്ന ആശയവും ഒരു പൊതുമണ്ഡലത്തേയാണു പ്രാപിക്കുന്നത്‌. കേരളത്തിന്റെ പൊതു മണ്ഡലത്തില്‍ ഇസ്ലാം തേടുന്ന പുതുവഴിയായേ ഈ ചാനല്‍ വര്‍ത്തിക്കൂ.
സമസ്തയുടെ ആഭിമുഖ്യത്തില്‍ ഇസ്ലാം ദൃശ്യഭാഷയില്‍ സംവേദനം ചെയ്യപ്പെടുന്നു എന്നതില്‍ നിശ്ചലം നില്‍ക്കുന്ന സമീപകാല കേരള മുസ്ലിം ചരിത്രത്തിന്റെ ഒരു കുതിച്ചു പായലുണ്ട്‌. നിഷേധാത്മക നിലപാടുകളുടെ പേരില്‍ പഴി കേട്ട ഒരു പ്രസ്ഥാനം ക്രിയാത്മകമായ ഇടപാടുകളിലേക്ക്‌ ചുവടു മാറുന്നതിന്റെ പ്രത്യക്ഷ ലക്ഷണമുണ്ടതില്‍.
ദൃശ്യമാദ്ധ്യമത്തിന്റെ പറയപ്പെട്ട ദൂഷ്യങ്ങളെല്ലാം നിലനില്‍ക്കേ, ഒരു മതകീയ സഭ സ്വന്തം ചാനല്‍ എന്ന സംരംഭത്തിലേക്കു വരുന്നതില്‍ ദുരൂഹത കാണുന്നതിലേറെ നല്ലത്‌, അവരവരുടെ നിലപാടുകളില്‍ മാറ്റം വരുത്തി എന്നാരോപിക്കുന്നതിലേറെ നല്ലത്‌, ജീവിക്കുന്ന കാലത്തേയും ലോകത്തേയും മനസ്സിലാക്കുന്നതില്‍ അവര്‍ക്കു ചങ്കൂറ്റം കൈവന്നു എന്നു തിരിച്ചറിയുകയാണ്‌. തിരിച്ചറിവുകള്‍ നല്‍കുന്ന പുതുമ കലര്‍ന്ന ഉദ്‌ബുദ്ധതയിലാണ്‌ ദര്‍ശന ചാനല്‍ സംഭവ്യമായതെന്ന്‌ അങ്ങനെ മനസ്സിലാക്കാം.
ചാനല്‍ പിറവിക്കു മുന്നേത്തന്നെ അതിന്റെ ജാതകം നോക്കാനിറങ്ങിയ വിമര്‍ശന കുതുകികള്‍ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകളിലും യൂട്യൂബിലും പരത്തിയ ദുരുപദിഷ്ടങ്ങളായ വാദങ്ങള്‍ ചാനല്‍ പ്രവര്‍ത്തകര്‍ക്ക്‌ പ്രയോജനപ്പെടേണ്ടതാണ്‌. കഴമ്പില്ലാത്ത ചില അവിവേകികളുടെ ആനന്ദപ്രകടനവുമുണ്ട്‌ കൂട്ടത്തില്‍. സ്വയം ഫത്ത്‌ഃവാ കമ്മറ്റി ചമഞ്ഞുള്ള മൂന്നു് അല്‍പ്പന്മാരഭിനയിക്കുന്ന ഒരു വീഡിയോയുമുണ്ട്‌ ഇന്റര്‍നെറ്റില്‍ ചാനല്‍ വിരുദ്ധ കക്ഷികളുടേതായിട്ട്‌.

നിന്ദയും പരിഹാസവും പുണ്യാളനായ്‌ വന്ന് ഒരു വിഭാഗത്തെ അസഹിഷ്‌ണുതയോടെ പുലഭ്യം പറയലുമാണ്‌ കേരളത്തിലിപ്പോഴത്തെ ഇസ്ലാമിക പ്രവര്‍ത്തനം. ചാനലിനെതിരേയുള്ള ഈ വിരോധം തീര്‍ക്കലും ഏറ്റവും പുതുതായ ദൃശ്യമാദ്ധ്യമ ശ്രേണിയായ യൂട്യൂബിലൂടെയാണെന്നതാണു ഇതിനെ വിരോധാഭാസമാക്കുന്നത്‌.
ഒരു ചാനലെന്നാല്‍ തങ്ങള്‍ കരുതുന്ന പോലെ ആയിരിക്കണമെന്ന അവനവന്‍ വിധി ആദ്യം നടത്തിയാണു ദര്‍ശനവിരോധികളുടെ കുറ്റപ്പെടുത്തലുകള്‍. മത വിദ്യകളുടെ നവീകരണം എന്ന ഉദ്ദിഷ്ട ലക്ഷ്യവുമായി കേരള ഇസ്ലാമിക സമൂഹത്തെ തങ്ങളിലേക്കാകര്‍ഷിച്ച ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ അക്കാദമിയെ അപകീര്‍ത്തിപ്പെടുത്തിയാണ്‌ ചാനല്‍ വിരുദ്ധ ഇടയലേഖനം അവതരിപ്പിക്കുന്നത്. ദാറുല്‍ഹുദ പ്രചരിപ്പിക്കാനാഗ്രഹിക്കുന്ന ഒരു സംസ്‌കാരമുണ്ട്‌, അതിന്റെ ആപത്സൂചനയാണു ചാനലിലെന്നാണ്‌ അന്ത്യവിധി.
കേരള ഇസ്‌ലാമിക സാഹചര്യങ്ങളില്‍, മതവിദ്യാഭ്യാസത്തെക്കുറിച്ച്‌ പുലര്‍ത്തിയ ദര്‍ശനമാണ്‌ ദാറുല്‍ഹുദായെ പ്രസക്തമാക്കിയത്‌. മതം, ഭൗതികം എന്നതിനു പകരം മതവിജ്ഞാനങ്ങളെയും മറ്റും ആരാധനാപരമെന്നും കലകള്‍, തൊഴിലുകള്‍, സാങ്കേതിക അറിവുകള്‍ എന്നിവയെ സാംസ്‌കാരികമെന്നും പരിഗണിച്ച്‌ ദാറുല്‍ഹുദ വ്യത്യസ്തമായ ഒരു വഴി തുറന്നു. ദാറുല്‍ ഹുദ പുറത്തിറക്കുന്ന തെളിച്ചം മാസിക പലകുറി ദര്‍ശന സാധുതയുള്ള ഒരു ചാനലിന്റെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്‌ എന്നതും നേരാണ്‌.
ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികളുടെ അസോസിയേഷന്‍ നേരത്തെ തന്നെ ചില ഈജിപ്‌ഷ്യന്‍ നാടകങ്ങളൊക്കെ മലയാളത്തിലേക്കു മൊഴിമാറ്റി പ്രസാധനം ചെയ്‌തിട്ടുണ്ട്‌. നേരിന്റെ വെളിച്ചം കാണുന്നതിനു പകരം ചാനല്‍ നിര്‍മ്മാണത്തിലും അവരുടെ ഹിഡന്‍ അജണ്ടയുണ്ടെന്നാണ്‌ പ്രചാരണം. കേരളത്തിലെ ഇസ്ലാം മത വിശ്വാസികളെ കവര്‍ന്നെടുത്ത്‌ മറ്റാര്‍ക്കോ (ഇസ്രയേലിനാകാമെന്നും പറയുന്നുണ്ട്‌) കാഴ്‌ചവെക്കാനാണു ചാനലിലൂടെ ശ്രമമെന്ന നിഗൂഢതാ വാദവും ഉന്നയിക്കുന്നുണ്ട്‌.
ഇസ്ലാമിക ചാനല്‍ എന്ന അഭിലാഷത്തെ ദാറുല്‍ഹുദായുടെ പ്രബോധനങ്ങളും ഫലത്തില്‍ സ്വാധീനിച്ചിരിക്കാം. തലത്തില്‍ ചാനല്‍ പ്രായോജകര്‍ക്ക്‌ ദാറുല്‍ഹുദയുമായി ബന്ധമുള്ളതായി അറിവില്ല. സംഘടനാ കേന്ദ്രിതം മാത്രമായിച്ചുരുങ്ങിയ മനസ്സുകള്‍ക്കുണ്ടാകുന്ന അകാരണഭീതിയാകാം ഒന്നുകില്‍ ഈ തട്ടിക്കൂട്ടു വിമര്‍ശനത്തിനു പിന്നില്‍. ഒരിനം ഫോബിയ.
സാധാരണ ഉള്ള ഭയത്തെ ഒരിക്കലും ഫോബിയ എന്നു വിളിക്കാനാവില്ല. പ്രതീക്ഷിക്കാതെ ഒരു സാഹചര്യത്തില്‍പ്പെടുകയോ പൊടുന്നനെ വല്ലതും മുന്നിലെത്തുകയോ ചെയ്യുമ്പോള്‍ സംഭവിക്കുന്ന യുക്തിരഹിതമായ തീവ്ര ഭയമാണ്‌ മനശ്ശാസ്‌ത്രത്തില്‍ ഫോബിയ. അല്ലെങ്കില്‍ ചാനല്‍ വിമര്‍ശനത്തിനു വകുപ്പൊന്നും കാണാതെയുള്ള സങ്കല്‍പ്പ ശത്രുസംഹാരം അഥവാ ഡോണ്‍ കിക്‌സോട്ട്‌ സിന്‍ഡ്രോം.
കേരളത്തിലെ ഇസ്ലാമിക സംഘടനകള്‍ ഇനിയെങ്കിലും മുതിരേണ്ടത്‌ - സമൂഹനന്മയെ ഉന്നമിടുന്നതാണെങ്കില്‍ - ശത്രുപാളയത്തില്‍ നിന്നുള്ളതായാല്‍ പോലും ഓരോ പുതിയ ചലനങ്ങളേയും ജ്വലനങ്ങളേയും തിരിച്ചറിയാനുള്ള സാവകാശം നല്‍കുക എന്നതാണ്‌. എന്നിട്ടു മതി വിമര്‍ശനത്തിന്റെ മുനകൂര്‍പ്പിക്കുന്നത്‌. സമസ്തയുടെ ചാനല്‍ എന്ന ധീരതക്ക്‌ മുമ്പാകെ അതു സംഭവിക്കുന്നതു വരെയെങ്കിലും മൗനം പാലിക്കുക. പറ്റുമെങ്കില്‍ അതിന്റെ നന്മയും മേന്മയും കൂട്ടുന്നതിനു തന്നാലാവുന്നതു ചെയ്യുക. സംഘടനാ കേന്ദ്രിതമായ മാനസിക അധോതലങ്ങളില്‍ നിന്ന്‌ അല്‍പമെങ്കിലും മനസ്സാക്ഷി പരിപാലനത്തിന്റെ സ്വാതന്ത്ര്യത്തിലേക്കു തിരിച്ചെത്തുക. എങ്കിലേ സമുദായം അതിന്റെ അഭിരുചികളിലും രുചികളിലും മാറി വരുന്നതു കാണാന്‍ കഴിയൂ.
ധര്‍മ്മശോഷണം വന്നു ഭവിച്ച ഒരു സമൂഹത്തില്‍ ഗുരുതരമല്ലാത്ത അധര്‍മ്മങ്ങളിലൂടെ ധര്‍മ്മ സ്ഥാപനത്തിനായുള്ള പരിശ്രമമാകാം എന്നു ഇസ്ലാമിക കര്‍മ്മശാസ്‌ത്രം തന്നെ വിധി പറഞ്ഞിട്ടുണ്ട്‌ പണ്ടേ. ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തോട്‌, സ്‌ത്രീ വിദ്യാഭ്യാസത്തോട്‌, മദ്രസ സംവിധാനത്തോട്‌ ഒക്കെ നേരത്തേ ഉണ്ടായിരുന്നതും പിന്നീട്‌ ഇല്ലാതായതുമായ എതിര്‍പ്പ്‌ ഒരു നിലപാടില്ലായ്‌മയായല്ല കാണേണ്ടത്‌. നിലപാടുള്ളതിനാലാണ്‌ അന്നത്‌ വിരോധിക്കുകയും പിന്നീടതു പുനഃപരിശോധനക്കു വിധേയമാക്കുകയും ചെയ്‌തത്‌. ഗത്യന്തരമില്ലായ്‌മയല്ല, അപ്രധിരോധ്യമായ ഒരവസ്ഥയില്‍ തല്‍സ്ഥിതിയുടെ അനുകൂല സാധ്യതകളെ സ്വാംശീകരിക്കാനുള്ള ശ്രമമാണതിലൊക്കെ.
ചാനലും അങ്ങനെ ഒരു മുന്‍ കയ്യാണ്‌. മതത്തിന്റെ അനുഭവ യാഥാര്‍ത്ഥ്യത്തെ മനുഷ്യ ജീവിത യാഥാര്‍ത്ഥ്യത്തിന്റെ സമതലങ്ങളിലേക്കെത്തിക്കാന്‍ പുതിയ കാലത്തിന്റെ മാദ്ധ്യമ സമ്പര്‍ക്കങ്ങളും സാമീപ്യങ്ങളും സ്വാതന്ത്ര്യങ്ങളും കേരള ഇസ്ലാമിനും വേണം. കാലത്തിന്റെ ഈ കടമ നിറവേറുന്നതിന്‌ ഒരു ചാനലെങ്കില്‍ ഒരു ചാനല്‍ കേരള ദര്‍ശനത്തിനെത്തട്ടെ. കെട്ടു കാഴ്‌ചകളുടെ ചാനല്‍ ഉല്‍സവത്തിനിടക്ക്‌ അതിലും ദര്‍ശിക്കാം ഒരു നിഷേധത്തിന്റെ പ്രതിരോധത്തിന്റെ കലാപ്രവര്‍ത്തനം.
വിനോദ വ്യവസായത്തിന്റേയും ലാവണ്യ വ്യവസായത്തിന്റേയും ഉല്‍പ്പന്നമാണിന്നു കല. അതിനെ മനുഷ്യ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടു വരുന്നതില്‍ ഒരു മതാത്മക ഉല്‍സാഹത്തിന്‌ എന്തു ചെയ്യാനാകും എന്നാണു കേരളം ഉറ്റുനോക്കുന്നത്‌. ദര്‍ശനക്ക്‌ ഇന്നത്തെ കേരളത്തില്‍ വെറുമൊരു ചാനലാകാനാവില്ല, അതുറപ്പാണ്‌.
റഫീക്ക്‌ തിരുവള്ളൂര്‍ (ഉമ്പാച്ചി)

No comments:

Post a Comment