Tuesday, April 24, 2012

കാലിക്കറ്റ് യൂണി. ലീഗിന്റെ തറവാട്ടു സ്വത്തോ?

കാലിക്കറ്റ് സര്‍വകലാശാലയെന്നാണ് പേരെങ്കിലും സംഭവം നില്‍ക്കുന്നത് മലപ്പുറത്തെ തേഞ്ഞിപ്പാലത്താണ്. പച്ച ലഡ്ഡുവും പച്ച പായസവുമൊക്കെ കിട്ടുന്ന മലപ്പുറത്തു തന്നെ. ഞമ്മടെ നാട്ടിലുള്ള സംഭവമായതു കൊണ്ട് അതു തങ്ങളുടെ തറവാട്ട് സ്വത്തെന്ന് ലീഗുകാര്‍ കരുതിയാല്‍ തെറ്റുപറയാനാവില്ല. മലപ്പുറത്തുള്ള സാധനത്തിന് കാലിക്കട്ടെന്ന് പേരിട്ടതു കൊണ്ട് അതു തങ്ങള്‍ വിട്ടുകൊടുക്കില്ലെന്നാണ് ലീഗുകാര്‍ പറയുന്നത്. 
സര്‍വകലാശാലയെ പച്ച പുതപ്പിയ്ക്കാനായി ലീഗുകാര്‍ കോണി വഴി ഇറക്കിവിട്ടത് വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍ സലാമിനെ. ഒരു ക്യാമ്പസിനെ എങ്ങനെ കോണ്‍വെന്റ് സ്‌ക്കൂളാക്കി മിടുക്കികാട്ടിയയാളാണ് സലീംകാക്ക...ക്യാമ്പസില്‍ നാലാള്‍ കൂട്ടംകൂടി നിന്നാല്‍ കലപിലയുണ്ടാവുമെന്ന് കണ്ട് അതൊന്നും വേണ്ടെന്ന് വെച്ച് തിട്ടൂരമിറക്കിയതോടെ സംഗതി ക്ലീന്‍. ഇപ്പോ മരുന്നിന് പോലും ഒരു സമരക്കാരനെ ക്യാമ്പസില്‍ കിട്ടാനില്ല. പിന്നൊരു കാര്യം പച്ചക്കൊടി പിടിച്ച പാര്‍ട്ടിക്കാരാണ് വിസിയായതെങ്കിലും ക്യാമ്പസിലെ പച്ചപ്പിനോട് ഇദ്ദേഹത്തിനത്ര കൂറൊന്നുമില്ല. ക്യാമ്പസിലെ പച്ചപ്പു മുഴുവന്‍ ഈസിയായി തന്നെ ഈ വിസി വെളുപ്പിച്ചെടുത്തു.
ഇതിനിടെയാണ് നല്ല സൊയമ്പന്‍ കോഴിക്കോടന്‍ ബിരിയാണി കഴിയ്ക്കാന്‍ തേഞ്ഞിപ്പാലത്തെ ദേശീയപാത വഴിപോയ ലീഗുകാര്‍ സര്‍വകലാശാലയിലെ മറ്റൊരു മഹാരഹസ്യം കണ്ടെത്തിയത്. ദേശീയപാതയ്ക്കിരുവശവും തവാട്ടിലെ ഇഷ്ടം പോലെ ഭൂമി വെളിമ്പറമ്പ വെറുതെ കിടക്കുന്നു.
സ്വന്തം തറവാട്ടിലെ ഭൂമി ബെറുങ്ങനെ കിടക്ക്ണ കണ്ട് ലീഗുകാര്‍ക്ക് സഹിച്ചില്ലത്രേ. ജനത്തിന് ഉപകാരം വരുന്ന വല്ലതും കരുതി സര്‍വകലാശാലയുടെ ഭൂമിയങ്ങ് വീതം വച്ചെടുത്തു. കുറ്റം പറയരുതല്ലോ.. പാണക്കാട്ടേക്ക് നല്ലൊരു വീതം ഭൂമി തന്നെ മാറ്റിവച്ചു പാര്‍ട്ടി. കുഞ്ഞാലിക്കയും മുനീറും നേര്‍ക്കുനേര്‍ കണ്ടാല്‍ മിണ്ടില്ലെങ്കിലും സര്‍വകലാശാലയുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ ഇവര്‍ക്ക് ഒരു മനസ്സാണ്.
ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന് പത്ത് ഏക്കര്‍, മന്ത്രി മുനീറിന്റെ സഹോദരീഭര്‍ത്താവ് പി എ ഹംസ പ്രസിഡന്റായ കേരള ഒളിമ്പിക് അസോസിയേഷന്‍ കോഴിക്കോട് ഘടകത്തിന് 25 ഏക്കര്‍, മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍തൃപിതാവ് ഡോ. കെ കുഞ്ഞാലി മാനേജിങ് ട്രസ്റ്റിയായ കേരള ബാഡ്മിന്റണ്‍ ഡെവലപ്‌മെന്റ് ട്രസ്റ്റിന് മൂന്ന് ഏക്കര്‍ എന്നിങ്ങനെയാണ് ഭൂമി കച്ചോടം തീരുമാനിച്ചത്. ലീഗും കോണ്‍ഗ്രസ്സുകാരും ചേര്‍ന്ന് വെടിവട്ടം പറഞ്ഞിരിയ്ക്കുന്ന കാലിക്കറ്റ് സിന്‍ഡിക്കേറ്റ് തന്നെയാണ് ഈ ഡീലിന് പച്ചക്കൊടി കാട്ടിയത്.
എന്നാല്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് വിവാദമായതോടെ തുറന്നുവിട്ട ഭൂതത്തെ തിരിച്ചുകുടത്തിലാക്കാനുള്ള ശ്രമത്തിലാണ് സിന്‍ഡിക്കേറ്റുകാര്‍. നേരത്തെ എടുത്ത തീരുമാനം മരവിപ്പിയ്ക്കണമെന്നാണ് ഇപ്പോ അവര്‍ പറയുന്നത്. എന്നാല്‍ ഇങ്ങനെയൊരു തീരുമാനം എടുക്കാതിരുന്നാല്‍ പോരായിരുന്നില്ലേയെന്ന ചോദ്യത്തില്‍ വലിയ കഥയില്ല. കാരണം ഇത് മലപ്പുറമാ.. പാര്‍ട്ടി മുസ്ലീം ലീഗും...

No comments:

Post a Comment