Sunday, April 22, 2012

റബര്‍ സ്റ്റാമ്പിന്‍െറ പണിപ്പുരയില്‍

പ്രതിഭ പാട്ടീല്‍ മൂന്നു മാസത്തിനുള്ളില്‍ രാഷ്ട്രപതി ഭവന്‍െറ പടിയിറങ്ങും. അന്നേരം, അഞ്ചു വര്‍ഷം ഒരു വനിത രാഷ്ട്രപതിഭവന്‍ വാണതിന്‍െറ സവിശേഷമായ അഭിമാനം അവര്‍ക്കോ രാജ്യത്തെ വനിതകള്‍ക്കോ അവകാശപ്പെടാനില്ല. ജനസംഖ്യയില്‍ പകുതി വരുന്ന സ്ത്രീകള്‍ പ്രതീക്ഷയോടെ പ്രഥമ വനിതയിലേക്ക് കണ്ണയച്ചു കാത്തിരുന്നതു വെറുതെ. മനസ്സില്‍ തട്ടുന്നൊരു പ്രസംഗംപോലും വനിതാ ശാക്തീകരണത്തിന്‍െറ വഴിയില്‍ പ്രതിഭ പാട്ടീല്‍ നടത്തിയില്ലെന്ന് പൊതുസമൂഹത്തിന് ഖേദപൂര്‍വം പറയേണ്ടിവരും. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്നാണ് വനിതയെ വിപ്ളവാഘോഷത്തോടെ രാഷ്ട്രപതിയാക്കിയത്.


ആ തീരുമാനത്തിലാണ്, തെരഞ്ഞെടുപ്പിലല്ല നന്മ ഉണ്ടായിരുന്നത്. അത്തരമൊരു തീരുമാനമെടുത്തവര്‍ പോലും ഇന്ന് അതില്‍ അഭിമാനം കൊള്ളുന്നില്ല. രാജ്യത്ത് വനിതാരത്നങ്ങള്‍ ഇല്ലാഞ്ഞല്ല. മറ്റൊരു വനിതാരത്നമായി മാറാന്‍ പ്രതിഭ പാട്ടീലിന് അവസരവുമുണ്ടായിരുന്നു. പക്ഷേ, വനിതയേയും രാഷ്ട്രപതിയാക്കി എന്ന അവകാശവാദത്തിന് മാത്രമാണ് അവസരമുണ്ടായത്. ഭരണഘടനയുടെ സൂക്ഷിപ്പുകാരിയെന്ന പേരില്‍ പ്രതിഭ ഭര്‍തൃസമേതം നിശ്ശബ്ദം രാഷ്ട്രപതിഭവനില്‍ കഴിഞ്ഞു. ഭരണഘടനാപരമായ അബദ്ധങ്ങള്‍ ഉണ്ടാക്കിവെച്ചില്ല എന്നത് ഭാഗ്യംതന്നെ. മറുവശത്ത്, പുണെയിലെ വീടുപണിയും 205 കോടി രൂപയുടെ വിദേശയാത്രയും അടക്കമുള്ള വിവാദങ്ങള്‍ ഉയര്‍ന്നുവരുകയും ചെയ്തു. രാഷ്ട്രപതി ഭവനിലേക്ക് പുതിയ താമസക്കാരനെ കൊണ്ടുവരുന്നതിനെക്കുറിച്ച ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോള്‍, ഒരു റബര്‍സ്റ്റാമ്പ് വരരുതെന്ന ആഗ്രഹം വീണ്ടും തീവ്രമാവാന്‍ കാരണം ഈവക ചുറ്റുപാടുകളെല്ലാമാണ്.

കോണ്‍ഗ്രസിന് ഒറ്റക്ക് ഭരിക്കാന്‍ കഴിയുമായിരുന്ന കാലത്ത് നേതാവ് പറഞ്ഞാല്‍ ‘ചൂലെടുത്ത് നിലം അടിച്ചുവാരാനും’ തയാറായ സെയില്‍സിങ്ങുമാര്‍ രാഷ്ട്രപതി ഭവനില്‍ നമുക്ക് ഉണ്ടായിട്ടുണ്ട്. രാജേന്ദ്രപ്രസാദും എസ്. രാധാകൃഷ്ണനും സാക്കിര്‍ ഹുസൈനും പോലുള്ള പ്രതിഭകള്‍ക്കുശേഷം ഈ ദുരവസ്ഥ പലവട്ടം അനുഭവിക്കേണ്ടി വന്നു. അതിന്‍െറ കേട് തീര്‍ത്ത് രാഷ്ട്രപതി ഭവന്‍െറ അന്തസ്സ് വീണ്ടെടുത്തത് കെ.ആര്‍. നാരായണനും, അതിനേക്കാള്‍ എ.പി.ജെ അബ്ദുല്‍ കലാമുമാണ്. പ്രതിഭ പാട്ടീല്‍ സ്ഥാനമൊഴിയാന്‍ പോവുന്ന ഘട്ടത്തില്‍ കലാമിന്‍െറ പേര് ചര്‍ച്ചകളില്‍ മുഴങ്ങുന്നുണ്ട്. രാഷ്ട്രപതി ഭവന്‍െറ അന്തസ്സ് തിരിച്ചെടുക്കണമെന്ന് പാര്‍ട്ടികള്‍ മോഹിക്കുന്നതുകൊണ്ടുകൂടിയാണത്. ജനതക്ക് പ്രചോദനം പകരാനുള്ള കഴിവ്, രാജ്യത്തെ മുന്നില്‍നിന്ന് നയിക്കുന്നവര്‍ക്ക് വേണം. യുവതലമുറയുമായി അടുത്തകാലത്ത് ഇത്രയേറെ സംവദിച്ച ഒരാള്‍ കലാമല്ലാതെ വേറെയില്ല. 80കാരനായ കലാമിന്‍െറ ചുറുചുറുക്ക് നിലവിലെ സാധ്യതാ ലിസ്റ്റില്‍ മറ്റുള്ളവരെ പിന്തള്ളി നില്‍ക്കുന്നുണ്ടെങ്കിലും, അന്തിമഘട്ടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമ്പോള്‍ സ്ഥിതി അതേപടി തുടരണമെന്നില്ല. അഞ്ചു കൊല്ലം മുമ്പ് കലാമിന് രണ്ടാമൂഴം നല്‍കുന്നതിന്‍െറ ചര്‍ച്ചകള്‍ സജീവമായിരുന്നു. പക്ഷേ, ബി.ജെ.പിയുടെ കൈത്താങ്ങില്‍ വന്ന ഒരാളെ തുടരാന്‍ അനുവദിക്കുന്നതിനോട് കോണ്‍ഗ്രസിന് യോജിപ്പ് ഉണ്ടായിരുന്നില്ല. ഒരു മത്സരത്തിന് നില്‍ക്കാന്‍ തയാറല്ലെന്നും, പൊതുസമ്മതനെന്ന നിലയില്‍ രാഷ്ട്രപതി ഭവനില്‍ തുടരാമെന്നുമാണ് കലാം പറഞ്ഞവസാനിപ്പിച്ചത്. ഇപ്പോഴത്തെ തെരഞ്ഞെടുപ്പിന്‍െറ നേരത്തും കലാമിന്‍െറ കാര്യത്തില്‍ അഞ്ചു കൊല്ലം മുമ്പത്തെ സാഹചര്യങ്ങള്‍ അതേപടി നില്‍ക്കുന്നു.

പിന്നെ പല പേരുകളുമുണ്ട്. ചിലത് സ്വാഭാവികമായി ഉയര്‍ന്നുവരുന്നത്; മറ്റു ചിലത് സ്വമേധയാ ഉയര്‍ത്തിവിടുന്നത്. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍, മുന്‍സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, ധനമന്ത്രി പ്രണബ് മുഖര്‍ജി, പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി എന്നിങ്ങനെ നീളുന്ന ആ ലിസ്റ്റില്‍ സാം പിത്രോദ മുതല്‍ ഇന്‍ഫോസിസ് നാരായണമൂര്‍ത്തി വരെ മറ്റൊരു കൂട്ടരുമുണ്ട്. രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടുകിട്ടുന്നതു പോലും ഒരു ബഹുമതിയത്രേ. എങ്കിലും ഈ പേരുകള്‍ക്കു മുന്നില്‍ വലിയ കടമ്പകള്‍ ഉയര്‍ന്നുനില്‍ക്കുന്നു. വനിതയെ പരീക്ഷിച്ചു മടുത്തതുകൊണ്ട് ലോക്സഭാ സ്പീക്കര്‍ മീരാകുമാറിന് മോഹം മൂടിവെക്കേണ്ടി വരും. സോമനാഥ് ചാറ്റര്‍ജി സ്വയം മോഹിക്കുമെങ്കിലും, വളര്‍ത്തി വലുതാക്കിയ ഇടതുപാര്‍ട്ടികള്‍ തന്നെ ആ പേര് വെട്ടിപ്പോകുന്നുണ്ടെന്ന് ഉറപ്പാക്കും.

കോണ്‍ഗ്രസ് നേതൃത്വത്തിന് തന്നെ മുഖര്‍ജിയെക്കുറിച്ച് ഉള്‍പ്പേടിയുള്ളതുകൊണ്ട്, അദ്ദേഹം ചര്‍ച്ചകളില്‍ ഒതുങ്ങും. കരസേനാ മേധാവിയും ടട്രയും ചേര്‍ന്ന് ഒരുക്കിയ വിവാദത്തിന്‍െറ പൊടിയടങ്ങുമ്പോഴേക്ക് ആന്‍റണിയെ കൈവിട്ട് മറ്റാരെയോ കയറ്റി രാഷ്ട്രപതി ഭവനിലേക്കുള്ള പല്ലക്ക് കടന്നുപോവും. ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ എത്തിയപ്പോള്‍ സ്വീകരിച്ച നിലപാടിന്‍െറ പേരില്‍ കുടുങ്ങിക്കിടക്കുകയാണ് ഹാമിദ് അന്‍സാരി. ഇടതുപക്ഷമാണ് അന്‍സാരിയെ ഉപരാഷ്ട്രപതിയുടെ കസേരയില്‍ എത്തിച്ചതെങ്കില്‍, അക്കാരണംകൊണ്ടുതന്നെ മമത വെട്ടിയെന്നിരിക്കും. ഫലത്തില്‍ ചക്രവ്യൂഹത്തില്‍ ചുറ്റിത്തിരിഞ്ഞുവേണം പുതിയ രാഷ്ട്രപതിക്ക് റെയ്സിനാ കുന്നു കയറാന്‍.

ജൂലൈയില്‍ പുതിയ രാഷ്ട്രപതി വന്നേ മതിയാവൂ. ആരായിരുന്നാലും, ഭരണം നയിക്കുന്ന കോണ്‍ഗ്രസിന്‍െറ ആശയാഭിലാഷങ്ങള്‍ക്ക് പൂര്‍ണമായും ഇണങ്ങുന്ന ഒരു പ്രതിഷ്ഠയാവില്ല അത്. പ്രാദേശിക കക്ഷികള്‍ കരുത്തു കാണിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. പാരയാകാത്തവര്‍ രാഷ്ട്രപതിഭവനില്‍ എത്തുന്നുവെന്ന് ഉറപ്പുവരുത്താന്‍ കോണ്‍ഗ്രസിന് നന്നായി വിയര്‍ക്കേണ്ടി വരും. കോണ്‍ഗ്രസിനെ നിയന്ത്രിക്കാനുള്ള കരുത്തുമായി നില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ഒരു മുഴം മുമ്പേ എറിയാനുള്ള മുന്നൊരുക്കത്തിലാണ്. ഇതിനകം രൂപംകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിതര മുഖ്യമന്ത്രിമാരുടെ ചേരി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ബി.ജെ.പി. ഈ ചേരിയില്‍ മമതക്കും മുലായത്തിനും പുറമെ, ജയലളിത, നവീന്‍ പട്നായിക്, പ്രകാശ്സിങ് ബാദല്‍ തുടങ്ങി ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുണ്ട്. അവരെല്ലാം ചേര്‍ന്ന് കൂട്ടായ ഒരു സ്ഥാനാര്‍ഥിയെ കണ്ടുപിടിച്ച് മുന്നോട്ടു വെച്ചാല്‍, കോണ്‍ഗ്രസിന് പിറകെ പോവുകയല്ലാതെ വഴിയില്ല. സ്വന്തംനിലക്ക് ആരെയെങ്കിലും ജയിപ്പിക്കാനുള്ള ശേഷി കോണ്‍ഗ്രസിനില്ല; ബി.ജെ.പിക്കുമില്ല.

കഴിഞ്ഞ തവണ അനായാസം കാര്യങ്ങള്‍ മുന്നോട്ടു നീക്കാന്‍ കോണ്‍ഗ്രസിനും യു.പി.എക്കും കഴിഞ്ഞത്, വനിതാ സ്ഥാനാര്‍ഥിയെന്ന നൂതനാശയത്തെ എതിര്‍ത്ത് സ്ത്രീ വോട്ടര്‍മാരുടെ എതിര്‍പ്പ് സമ്പാദിക്കാന്‍ ഒരു പാര്‍ട്ടിയും തയാറാവില്ലെന്ന് ഉറപ്പുള്ളതുകൊണ്ടായിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ ഭരിക്കുമ്പോഴാണ് കലാം രാഷ്ട്രപതിയായത്. കലാമിന്‍െറ പേര് വായുവിലെറിഞ്ഞത് സമാജ്വാദി പാര്‍ട്ടിയാണ്. ഗുജറാത്ത് കലാപത്തിനു തൊട്ടുപിന്നാലെ വന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കലാമിന്‍െറ പേര് ഏറ്റുപിടിച്ച് ന്യൂനപക്ഷ വിരുദ്ധരല്ലെന്ന് സ്ഥാപിക്കാന്‍ ബി.ജെ.പി ശ്രമിച്ചു. കോണ്‍ഗ്രസ് കാഴ്ചക്കാരായി. അങ്ങനെ കലാമും അനായാസം പഴയ വൈസ്രോയിയുടെ ബംഗ്ളാവിലേക്ക് കയറി.

ഇതെല്ലാം അറിയുന്ന കോണ്‍ഗ്രസ്, മറ്റുള്ളവര്‍ക്ക് അനായാസം വെട്ടിക്കീറാന്‍ കഴിയാത്ത നൂതന തന്ത്രങ്ങളുടെ അന്വേഷണത്തിലാണ്. മുലായവും മമതയും മറ്റും ചേര്‍ന്നൊരു രാഷ്പ്രതി സ്ഥാനാര്‍ഥിയെ മുന്നോട്ടുവെച്ചാല്‍ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് പ്രയാസപ്പെടും. അതിനുള്ള മറുവഴി, എതിര്‍ക്കാന്‍ പറ്റാത്തൊരാളെ മുന്‍കൂട്ടി നിര്‍ദേശിക്കുകയാണ്. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ പേര് സാധ്യതാ ലിസ്റ്റിന്‍െറ മുന്‍പന്തിയിലേക്ക് മെല്ലെ കടന്നുവന്നുകൊണ്ടിരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. മുസ്ലിം ജനസാമാന്യത്തിന്‍െറ പൊതുവായ അതൃപ്തി നീക്കിയെടുക്കാനുള്ള പുതുവഴിയെന്ന നിലയില്‍ കൂടി കോണ്‍ഗ്രസ് ഇതിനെ കാണുന്നുണ്ട്. മുസ്ലിം രാഷ്ട്രപതി സ്ഥാനാര്‍ഥിയായി വരുമ്പോള്‍ എതിര്‍ക്കാന്‍ മുലായത്തിനും മമതക്കുമെല്ലാം പ്രയാസമുണ്ടാവും.

അതേ പ്രയാസം കോണ്‍ഗ്രസിന് ഉണ്ടാക്കിക്കൊടുക്കാനുള്ള ഒരുക്കമാണ് കലാമിന്‍െറ പേര് മുന്നോട്ടുവെച്ചും മുലായത്തെ മുന്നില്‍ നിര്‍ത്തിയും തമിഴക രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത്. ഇതൊന്നും പക്ഷേ, അവസാനഘട്ടത്തോളം എത്തണമെന്നില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍െറ ഒരു രീതിതന്നെ അങ്ങനെയാണ്. ആദ്യം ഡമ്മികളാണ് കടന്നുവരുക -കലാമിനു മുമ്പൊരു അലക്സാണ്ടര്‍ കടന്നുവന്ന പോലെ.

യഥാര്‍ഥ നായകന്‍ അവസാനഘട്ടത്തില്‍ ഡമ്മിയെ വെട്ടി പൊടുന്നനെ അവതരിക്കും. കെ.ആര്‍. നാരായണനും കലാമുമൊക്കെ അങ്ങനെയാണ് കടന്നു വന്നത്. സാധ്യതാ ലിസ്റ്റില്‍ അവസാനത്തെ പേരുകാരിയായിരുന്നു പ്രതിഭ പാട്ടീല്‍. ഇനിയിപ്പോള്‍, ഏതാണ് ആ കറുത്ത കുതിര? രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് ഇനിയും ബാക്കിയുള്ള രണ്ടുമൂന്നു മാസം രാഷ്ട്രീയത്തില്‍ ചെറിയ കാലയളവല്ല. റബര്‍ സ്റ്റാമ്പ് നിര്‍മിക്കണമെങ്കിലും സാവകാശം ആവശ്യമുണ്ട്.

No comments:

Post a Comment