Sunday, April 22, 2012

വിവാദകവി


വര്‍ഷങ്ങള്‍ക്കു മുമ്പാണ്. കൃത്യമായി പറഞ്ഞാല്‍ 1975. എറണാകുളത്തെ ഒരു ഹോട്ടല്‍ മുറി. ഭാവനയുടെ മഹാപ്രപഞ്ചങ്ങളില്‍ വിഹരിക്കുന്ന രണ്ടു പ്രതിഭകള്‍ അവിടെ സംസാരിച്ചിരിക്കുകയാണ്. ഒരാളെ ലോകം അറിയും. വിഖ്യാത ജര്‍മന്‍ എഴുത്തുകാരന്‍ ഗുന്തര്‍ ഗ്രാസ്. മറ്റേയാള്‍ മലയാളി. (പക്ഷേ, എന്തു ചെയ്യാം. മലയാളികള്‍പോലും വേണ്ടവിധം അറിയില്ല.) ധിഷണാസ്പര്‍ശമുള്ള രചനകളിലൂടെ എഴുപതുകളിലെ മലയാളഭാവുകത്വത്തെ ഞെട്ടിച്ച നിഷേധിയായ ടി.ആര്‍ തുറന്നടിച്ചുചോദിച്ചു: ‘നാസികളുടെ കൊടുംക്രൂരതകളെക്കുറിച്ച് സ്വന്തം കൃതികളിലൊരിടത്തും നിങ്ങള്‍ മിണ്ടുന്നില്ലല്ലോ.’ അസാമാന്യമായ ആജ്ഞാശക്തിയുള്ള ആ ചോദ്യത്തിനു മുന്നില്‍ ഗുന്തര്‍ ഗ്രാസ് മനസ്സു തുറന്നു. അതൊരു കുമ്പസാരമായിരുന്നു. കൊച്ചുകുട്ടിയായിരിക്കെ ജൂതന്മാരെ ഉന്മൂലനം ചെയ്യാനുണ്ടാക്കിയ കൊലയാളിസമൂഹത്തില്‍ താന്‍ അംഗമായിരുന്നുവെന്ന ഏറ്റുപറച്ചില്‍.

ചരിത്രത്തില്‍ ഏറ്റവും ക്രൂരമായി വേട്ടയാടപ്പെട്ട ജൂതജനത വര്‍ഷങ്ങള്‍ക്കിപ്പുറം വേട്ടക്കാരായി മാറുമ്പോള്‍ മനുഷ്യസ്നേഹിയായ ഗ്രാസിന് നോക്കിനില്‍ക്കാനാവുന്നില്ല. അതുകൊണ്ടാണ് ആ കവിത എഴുതിയത്. ‘പറയാതെ വയ്യ’. അത് വിവാദമായി. ഇറാന്‍ അണുബോംബ് നിര്‍മിക്കുന്നുവെന്ന കുപ്രചാരണവുമായി ആ രാജ്യത്തെ മുന്‍കൂട്ടി ആക്രമിക്കാനൊരുങ്ങുന്ന ഇസ്രായേലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കവിത. അതുകൊണ്ട് ഇനി മുതല്‍ ഇസ്രായേലില്‍ അനഭിമതന്‍. അവര്‍ക്ക് പേടി. ആള്‍ നൊബേല്‍സമ്മാന ജേതാവാണ്. പറയുന്നതെന്തും ലോകമറിയും. പറയാതെ വയ്യ എന്നു പറഞ്ഞതും ഇനി പാട്ടാവും. അങ്ങനെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇസ്രായേലിനോട് വെറുപ്പ് വളരും. അതുകൊണ്ട് ഇയാളെ അടുപ്പിക്കേണ്ടെന്ന് അവര്‍ തീരുമാനിച്ചിരിക്കുന്നു. ഗ്രാസിന് ഇനിമുതല്‍ ആ നാട്ടില്‍ കടക്കാനാവില്ല. മുമ്പ് പലതവണ അവിടെ പോയിട്ടുണ്ട്. ഇറാനില്‍ സ്ഥിതി മറിച്ചാണ്്. കവിതയെ പ്രകീര്‍ത്തിച്ച് സാംസ്കാരിക മന്ത്രാലയത്തിന്‍െറ പ്രസ്താവന വന്നുകഴിഞ്ഞു.

യുദ്ധാനന്തര ജര്‍മന്‍ മന$സാക്ഷിയെ നിര്‍വചിച്ച എഴുത്തുകാരന്‍. നാസിയുഗത്തില്‍ വളര്‍ന്ന ജര്‍മന്‍ തലമുറയുടെ വക്താവ്. കവി, നോവലിസ്റ്റ്, നാടകകൃത്ത്, ചിത്രകാരന്‍ തുടങ്ങി ഈ വിശ്വപ്രതിഭയുടെ കൈയൊപ്പ് പതിഞ്ഞ മേഖലകള്‍ ഏറെ. ഇപ്പോള്‍ വയസ്സ് എണ്‍പത്തിനാല്. വയസ്സുകാലത്ത് അവസാനത്തെ മഷിത്തുള്ളി ഉപയോഗിച്ച് കവിത എഴുതിയത് നാളേക്കു നീട്ടിവെച്ചാല്‍ വൈകിപ്പോവുമെന്നു പേടിച്ചിട്ടാണ്. ഈ പ്രായത്തില്‍ എന്തുകൊണ്ട് ഇങ്ങനെയൊരു കവിത എന്ന ചോദ്യം മുന്‍കൂട്ടി മനസ്സില്‍ കണ്ടിരുന്നു. അതിനുള്ള മറുപടി കവിതയില്‍തന്നെ ചേര്‍ത്തു. പാശ്ചാത്യശക്തികളുടെ കാപട്യം മടുത്തതുകൊണ്ട് എന്ന്. മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. ‘ആ ഹിറ്റ്ലറും മതിലും ഇപ്പോള്‍ എന്‍െറ മനസ്സിലില്ല. എന്നാല്‍, എനിക്കു ചുറ്റും ഇപ്പോള്‍ കുറെ ഹിറ്റ്ലര്‍മാര്‍ ജീവിക്കുന്നു. വലിയ വലിയ മതിലുകള്‍ ഉയരുന്നു. നവഫാഷിസം ലോകത്തെ കീഴടക്കാന്‍ പോവുകയാണ്. ആറ്റംബോംബിനേക്കാള്‍ ഭീകരമാണിത്’ എന്ന്.

ഇന്ന് പോളണ്ടിന്‍െറ ഭാഗമായ ഡെന്‍സിഷില്‍ ഒരു പോളിഷ് ജര്‍മന്‍ വ്യാപാരിയുടെ മകനായി 1927 ഒക്ടോബര്‍ 16ന് ജനനം. നാസികള്‍ ഹിറ്റ്ലര്‍ കബ്സില്‍ ചേര്‍ക്കുമ്പോള്‍ ഒമ്പതു വയസ്സ്. ഹിറ്റ്ലറുടെ യുവജനവിഭാഗത്തില്‍ നിര്‍ബന്ധപൂര്‍വം അംഗമാക്കപ്പെടുമ്പോള്‍ പതിനാലുകാരന്‍. പതിനേഴാം വയസ്സില്‍ തോക്കെടുത്ത് യുദ്ധം ചെയ്യാന്‍ തുടങ്ങി. മനുഷ്യരെ കൊല്ലാന്‍ തുടങ്ങുന്നതിനു മുമ്പുതന്നെ തടവിലായി. പതിനെട്ടാം വയസ്സില്‍ അമേരിക്കന്‍ സേന യുദ്ധത്തടവുകാരനാക്കി. അന്ന് ജര്‍മനിയും അവര്‍ക്ക് കീഴടങ്ങിയിരുന്നു. തടവില്‍നിന്നു പുറത്തുവന്നപ്പോള്‍ ഇന്നത്തെ പശ്ചിമ ജര്‍മനിയിലെത്തി. സഹായിക്കാന്‍ ആരുമില്ല. ജീവിക്കാന്‍ വകയില്ല. അങ്ങനെയാണ് പാപങ്ങള്‍ ഏറ്റുപറയാന്‍ എഴുത്തിലേക്കു തിരിഞ്ഞത്. ജര്‍മനിയുടെ വടക്കുപടിഞ്ഞാറു ഭാഗത്ത് പല ജോലികളില്‍ ഏര്‍പ്പെട്ടു. കൃഷിഭൂമിയില്‍ കൂലിപ്പണിയെടുത്തു. ചിത്രം വരച്ചു. തെരുവുനാടകം കളിച്ചു. കല്ലാശാരിയായി. ഖനിത്തൊഴിലാളിയായി. ജാസ് സംഗീതജ്ഞനായി. പക്കമേളക്കാരനായും കരിഞ്ചന്തക്കാരനായും വേഷംകെട്ടി. അങ്ങനെ പല പല തലങ്ങളില്‍ പകര്‍ന്നാടിയ ജീവിതത്തില്‍ എഴുത്തിനുള്ള അനുഭവങ്ങള്‍ ഏറെയുണ്ടായിരുന്നു. കണ്ടറിഞ്ഞ ജര്‍മന്‍ജീവിതങ്ങള്‍ ഏറെയുണ്ടായിരുന്നു. 1949ല്‍ ഡ്യൂസല്‍ ഡോര്‍ഫ് നഗരത്തിലെ ശാസ്ത്രകലാ അക്കാദമിയില്‍നിന്ന് ചിത്രരചനയില്‍ ബിരുദം. പിന്നീട് അഞ്ചുവര്‍ഷം കലകളുടെ സുവര്‍ണനഗരമായ പാരിസില്‍. അവിടെവെച്ചാണ് ‘തകരച്ചെണ്ട’ എഴുതുന്നത്. അതോടെ വിശ്വസാഹിത്യത്തിന്‍െറ മുന്‍നിരയില്‍ ഇരിപ്പിടം കിട്ടി.

1957ല്‍ ‘ടിന്‍ഡ്രം’ പ്രസിദ്ധീകരിക്കുമ്പോള്‍ മുപ്പതു വയസ്സ്. 1979ല്‍ ഈ കൃതി ചലച്ചിത്രമായപ്പോള്‍ ഓസ്കര്‍ ബഹുമതി. 1999ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം. ഹിറ്റ്ലറുടെ കാലത്തും പിന്നീടും ജര്‍മനി കണ്ട നിശ്ചലമായ ഒരു കാലത്തിന്‍െറ ചോരച്ചുവപ്പു പടര്‍ന്ന അനുഭവരേഖകളാണ് ആ കൃതിയില്‍. ധര്‍മം നശിച്ച നാഗരികതയില്‍ പ്രതിഷേധിച്ച് മൂന്നു വയസ്സിനുമേല്‍ വളരില്ലെന്ന് നിശ്ചയിച്ച ഓസ്കര്‍ മാറ്റ്സരേത് അതോടെ ജര്‍മന്‍കാരുടെ പ്രതീകമായി. സാഹിത്യത്തില്‍ പ്രതിഫലിച്ച ജര്‍മനിയുടെ മുഖമായി. കലാപത്തിന്‍െറയും പട്ടിണിയുടെയും ഭ്രാന്തമായ ദേശീയതയുടെയും ആത്മീയ ദുരന്തങ്ങളുടെയും നടുവില്‍ വളര്‍ന്ന ഗ്രാസിന്‍െറ രൂപകങ്ങള്‍ ഭീതിദവും ശിഥിലവുമാണ്.

വിവാദങ്ങള്‍ പുത്തരിയല്ല. ആഗോളതലത്തില്‍ ഇതിനുമുമ്പ് മറ്റൊരു വിവാദത്തില്‍പെട്ടത് 2006ല്‍. തന്‍െറ യുദ്ധകാലാനുഭവങ്ങള്‍ ഓര്‍ത്തുപറയുന്ന ‘പീലിങ് ഒനിയന്‍സ്’ (ഉള്ളിയുടെ തോലുപൊളിക്കല്‍) എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലാണ് വിവാദമായത്. രണ്ടാം ലോകയുദ്ധകാലത്ത് ഹിറ്റ്ലറുടെ കുപ്രസിദ്ധമായ നാസി പാര്‍ട്ടിയുടെ കീഴില്‍ വാഫന്‍ എസ്.എസ് എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. നാലു പതിറ്റാണ്ട് മൂടിവെച്ച രഹസ്യം വെളിപ്പെട്ടതോടെ എഴുത്തുകാരും സാഹിത്യനിരൂപകരും ചരിത്രകാരന്മാരും രാഷ്ട്രീയക്കാരും ഗ്രാസിനെതിരെ ശക്തമായ ആക്രമണമഴിച്ചുവിട്ടു. നൊബേല്‍സമ്മാനം തിരിച്ചെടുക്കണമെന്നുവരെ ആവശ്യമുയര്‍ന്നു. ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കിയുള്ള സത്യസന്ധമായ ഏറ്റുപറച്ചിലായിരുന്നു അത്. കത്തോലിക്ക വിഭാഗത്തില്‍പെട്ട മാതാവും പ്രൊട്ടസ്റ്റന്‍റുകാരനായ പിതാവും വീട്ടില്‍ സൃഷ്ടിച്ച തടവുമുറിയില്‍നിന്നു രക്ഷപ്പെടാന്‍ കണ്ടെത്തിയ വഴിയായിരുന്നു അതെന്ന് ഗ്രാസ് പറയുന്നു. പതിനേഴാം വയസ്സിലാണ് ഗുന്തര്‍ഗ്രാസ് വാഫന്‍ എസ്.എസിന്‍െറ പത്താമത് കവചിതവിഭാഗമായ ഫ്രണ്ട്ബര്‍ഗില്‍ അംഗമായത്. രണ്ടാം ലോകയുദ്ധത്തിനുശേഷം ന്യൂറംബര്‍ഗിലെ യുദ്ധകുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന കോടതി എസ്.എസിനെ ക്രിമിനല്‍ സംഘടനയായി പ്രഖ്യാപിച്ചു. പത്തു ലക്ഷം സൈനികരുള്ള ആക്രമണവിഭാഗമായിരുന്നു അത്. കുപ്രസിദ്ധമായ നിരവധി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ ഇതിനു കീഴിലുണ്ടായിരുന്നു. ഹിറ്റ്ലറോട് കൂറു പുലര്‍ത്തുന്നവരെ മാത്രമേ ഇതില്‍ എടുത്തിരുന്നുള്ളൂ. യുദ്ധം കഴിഞ്ഞ് ന്യൂറംബര്‍ഗ് വിചാരണ വരെ ഹിറ്റ്ലറുടെ ആദര്‍ശങ്ങള്‍ വിശ്വസിച്ചിരുന്നുവെന്ന ഏറ്റുപറച്ചില്‍ ഗ്രാസിന്‍െറ ആരാധകരെ വല്ലാതെ വേദനിപ്പിച്ചു.

ഇന്ത്യയുമായി അപൂര്‍വമായ ഒരു ആത്മബന്ധം പുലര്‍ത്തുന്നുണ്ട്. മൂന്നു തവണ ഇവിടെ വന്നു. ഇന്ത്യ ഒരു രാജ്യമല്ലെന്നും ഭൂഖണ്ഡമാണെന്നുമുള്ള അഭിപ്രായക്കാരനാണ്. കൊല്‍ക്കത്തയിലെ ചേരികളില്‍, അവിടെ തെരുവുകളില്‍ തിങ്ങിനിറഞ്ഞ അനേകായിരങ്ങള്‍ക്കിടയിലൂടെ ഗുന്തര്‍ ഗ്രാസ് നടന്നുപോയിട്ടുണ്ട്. 1986ല്‍ വന്നശേഷം ഒരു വര്‍ഷം കൊല്‍ക്കത്തയിലായിരുന്നു താമസം. ദല്‍ഹി, ആഗ്ര, മുംബൈ, പുണെ, കൊച്ചി, ചെന്നൈ എന്നിവ അടുത്തറിഞ്ഞ ഇന്ത്യന്‍ നഗരങ്ങള്‍. 1975ല്‍ കേരളത്തില്‍ വന്നപ്പോള്‍ ഇവിടത്തെ ക്ഷുഭിതയൗവനം പക്ഷേ കൂവിയാണ് എതിരേറ്റത്. മഹാരാജാസിലെ കുട്ടികള്‍ ഗ്രാസിനെ കണ്ടപ്പോള്‍ കൂവിവിളിച്ചു. അതിനു മുമ്പ് ഗ്രാസ് നടത്തിയ ഒരു പ്രസംഗത്തില്‍ ജര്‍മനിയില്‍ നഴ്സുമാരായി ജോലിചെയ്യുന്ന മലയാളിപെണ്‍കുട്ടികളെപ്പറ്റി മോശമായി സംസാരിച്ചിരുന്നു. അതിനുള്ള പ്രതികരണമായിരുന്നു അത്.

‘ഇനിമേല്‍ ഞാന്‍ മൗനിയാവില്ല’ എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ‘പറയാതെ വയ്യ’ എന്ന കവിത അവസാനിപ്പിക്കുന്നത്. നിരാലംബരായ ജനതയുടെ സഹനങ്ങള്‍ക്കുനേരെ നിശ്ശബ്ദത പാലിക്കുന്ന എല്ലാ എഴുത്തുകാര്‍ക്കുമുള്ള ഒരു ഓര്‍മപ്പെടുത്തല്‍കൂടിയാണിത്. എതിര്‍പ്പിന്‍െറ ശബ്ദങ്ങള്‍ ഉയരാന്‍ ഗുന്തര്‍ ഗ്രാസ് ഒരു കാരണമാവട്ടെ.

No comments:

Post a Comment