Sunday, June 3, 2012

ഒരു നോണ്‍ ഗെസറ്റഡ് ക്വട്ടേഷന്‍


തീവ്ര പാര്‍ട്ടി ഭക്തനൊന്നുമായിരുന്നില്ല ഒഞ്ചിയം രഞ്ജു എന്ന രഞ്ജിത്ത്. സര്‍ക്കാര്‍ ഓഫിസില്‍ നോണ്‍ ഗെസറ്റഡ് വിഭാഗത്തില്‍ ജോലിക്കു കയറിയപ്പോള്‍, പേരില്‍ ഇടതുപക്ഷ സംഘടനയായ യൂനിയനില്‍ത്തന്നെ അംഗത്വമെടുത്തു.

ഏതു സംഘടനാംഗമായാലും യൂനിയന്‍കാര്‍ നിര്‍ദേശിക്കുന്ന പിരിവുകള്‍ യഥാസമയം ഒടുക്കിക്കൊണ്ടിരുന്നാലേ ഓഫിസുകളില്‍ മനസ്സമാധാനത്തോടെ നില്‍ക്കാന്‍ കഴിയൂവെന്ന് ആദ്യദിനംതന്നെ രഞ്ജിത്തിനെ സഹപ്രവര്‍ത്തകര്‍ ബോധവത്കരിച്ചിരുന്നു.
കൊലക്കേസ് പ്രതിപ്പട്ടികയില്‍ ഓരോ നേതാക്കന്മാരുടെ പേരുതെളിയുമ്പോഴും സഖാവ് രഞ്ജിത്ത് ഞെട്ടി. ഓരോരുത്തരുടെയും പേരിലും ഫണ്ടുപിരിവ് വരും. ഇപ്പോള്‍ത്തന്നെ പിരിവും ശമ്പളവും കൂട്ടിമുട്ടാത്ത നിലയിലാണ്.
ലവി, വാര്‍ഷികസമ്മേളനം, പത്രവരി, ജീപ്പില്‍ മൈക്കും കെട്ടി പ്രസംഗാക്രോശം നടത്തിവരുന്ന അക്ഷരകാഷ്ഠികള്‍ക്ക് മാസാമാസം നോട്ടുമാല... അങ്ങനെ പിരിവ് പലതാണ്. ഡി.എ പ്രഖ്യാപനമനുസരിച്ച് വിഹിതം കൂട്ടും.
'ഒഞ്ചിയം സ്വദേശിയാണെന്നു കരുതി എന്നെയിങ്ങനെ പിഴിയരുത്. എന്റെ ഒറ്റ വരുമാനത്തിലാണ് വീട് കഴിയുന്നത്' -രഞ്ജിത്ത് പറഞ്ഞു.
'കേസുപറയാനുള്ള തുക വേണം. പ്രതികളായ യൂനിയന്‍ സഖാക്കളുടെ ഭവനസഹായ ഫണ്ട്, പാര്‍ട്ടി നയങ്ങള്‍ വിശദീകരിക്കുന്ന യോഗങ്ങള്‍ ദിവസവും നടത്തണം...' -പിരിവന്‍ സഖാസംഘം രസീതുകുറ്റിയടക്കിപ്പറഞ്ഞു.
'മൂലധനമുള്ളവര്‍ പാര്‍ട്ടിയിലുണ്ടല്ലോ... അവരില്‍നിന്നും...' -രഞ്ജിത്തിന്റെ വാക്കുകള്‍ക്ക് നേതാവ് തടയിട്ടു.
'സഖാവ് വര്‍ഗവഞ്ചകരെപ്പോലെ സംസാരിക്കരുത്...'
ചോരച്ചാലില്‍ നീന്തി വ്യായാമമെടുക്കുന്നവരാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് രഞ്ജിത്ത് പെട്ടെന്നോര്‍ത്തു. പാര്‍ട്ടിയുടെ അടിത്തറ വൈറ്റ് കോളറിസ്റ്റുകളും വൈറ്റ് ചുരിദാറിഷ്ടത്തികളുമാണ്. വൈറ്റ് സ്റ്റാളിസ്റ്റികളെന്ന് രഞ്ജിത്ത് പറയില്ല, കേള്‍ക്കുന്നവര്‍ സ്റ്റാലിനിസ്റ്റെന്നു തെറ്റിദ്ധരിച്ചാലോ?
പിരിവുംകൊണ്ടേ പോകൂവെന്ന മട്ടില്‍നിന്ന സംഘത്തലവനോട് രഞ്ജിത്ത് പറഞ്ഞു: 'പിരിവെഴുതിയതില്‍തന്നെ 5000 രൂപ ഞാന്‍ സംഘടനക്ക് തരാനുണ്ട്. ഓരോ മാസവും ശമ്പളം കിട്ടിയാല്‍ ആദ്യമെത്തുന്നത് യൂനിയനാഫിസിലേക്കാണ്.'
അതില്‍ മുഴുവന്‍ സത്യമുണ്ടെന്ന് തലവനു തോന്നിയില്ല. കാരണം, ശമ്പളം വാങ്ങിയാലുടന്‍ പിരിവ് പിടിക്കാന്‍ ഓരോ ഓഫിസിലും ചുമതലക്കാരെ നിര്‍ത്തിയിട്ടുണ്ട്, യഥാര്‍ഥ സംസ്കരണം ഉറവിടത്തില്‍ത്തന്നെ വേണമല്ലോ.
'സംഘടന വിചാരിച്ചാല്‍ എനിക്കൊരു വരുമാനമാര്‍ഗം ഒരുക്കിത്തരാന്‍ കഴിയും' -രഞ്ജിത്ത് പറഞ്ഞു'എങ്ങനെ?' -തലവന്‍ തലതാഴ്ത്തി ചോദിച്ചു.
'പാര്‍ട്ടി നിര്‍ദേശിക്കുന്ന ആളിനെ ഞാന്‍ കൊല്ലാം. ക്വട്ടേഷന്‍ പുറത്തുകൊടുക്കണ്ടാ. ആ തുക എന്റെ പേരിലുള്ള പിരിവായി വരവുവെക്കുക.'
നേതാവും സംഘാംഗങ്ങളും ഒന്നും പറയാതെ തല്‍ക്കാലത്തേക്ക് പിന്‍വാങ്ങി. ഫ്രാക്ഷന്‍ മുതല്‍ സംസ്ഥാന തലം വരെ അതീവ രഹസ്യമായി ചര്‍ച്ചചെയ്യേണ്ട ക്രിയാത്മക നിര്‍ദേശമാണല്ലോ ഒഞ്ചിയം രഞ്ജുവിന്റേത്.
ഉപദംശം:
'ഒരു നോണ്‍ ഗെസറ്റഡ് ക്വട്ടേഷന്‍' എന്ന പ്രയോഗത്തിനു കടപ്പാടുള്ളത് 'ഒരു ഗെസറ്റഡ് യക്ഷി' എന്ന സിനിമാപ്രയോഗത്തോടല്ല, അതിന് 25 വര്‍ഷം മുമ്പിറങ്ങിയ സുകുമാറിന്റെ 'ഒരു നോണ്‍ ഗെസറ്റഡ് ചിരി' എന്ന പുസ്തകത്തോടാണ്.

No comments:

Post a Comment