| ഇപ്പോഴും സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറിയായി വിരാജിക്കുന്ന എം.എം. മണിയെന്ന മണിയാശാന്‍ കഴിഞ്ഞദിവസം നടത്തിയ ഒരു പരാമര്‍ശം എത്രപേര്‍ ശ്രദ്ധിച്ചുവെന്ന് അറിയില്ല. 'വണ്‍, ടു, ത്രീ. വെടി, വെട്ട്, തല്ലിക്കൊല്ലല്‍' പ്രഖ്യാപനത്തേക്കുറിച്ചല്ല പറയുന്നത്. മണിയാശാന്റെ ആ വെളിപ്പെടുത്തല്‍ ലോകം മുഴുവന്‍ കേട്ടതും കേട്ടുകൊണ്ടിരിക്കുന്നതും വിവാദവും കേസും സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നതുമായ 'സംഭവ'മാണല്ലോ. കൊച്ചുകുട്ടികള്‍ക്കുപോലും ഹൃദിസ്‌ഥമാണ് ആ പരാമര്‍ശം. 'വെടി, വെട്ട്, തല്ലിക്കൊല്ലല്‍' പ്രഖ്യാപനത്തിന്റെ കോലാഹലത്തിനിടയില്‍ അധികമാരും ശ്രദ്ധിക്കാതെപോയ മറ്റൊരു അഭിപ്രായപ്രകടനത്തേക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. സി.പി.എമ്മിന് ഇന്ന് ഉണ്ട് എന്നു പറയപ്പെടുന്ന കേന്ദ്രനേതൃത്വത്തിന്റെ യഥാര്‍ഥ അവസ്‌ഥയെക്കുറിച്ചുള്ള ചിത്രം വ്യക്‌തമാക്കിത്തരാന്‍ മണിയാശാന്റെ ആ വാക്കുകള്‍ക്കു കഴിയും. ഒരു കാലത്ത് ഇന്ത്യയിലെ പാര്‍ലമെന്റിനു പ്രതിപക്ഷനേതാവിനെ സമ്മാനിക്കാനാവുംവിധം ശക്‌തമായിരുന്ന സി.പി.എം. എന്ന പ്രസ്‌ഥാനം എന്തുകൊണ്ട് ഉപ്പുവച്ച കലം പോലെയായി എന്നതിനുള്ള ഉത്തരവും അധികമാരും ശ്രദ്ധിക്കാതെപോയ ആ പ്രസ്‌താവനയിലുണ്ട്. ആസൂത്രണം ചെയ്‌തു നടപ്പാക്കിയ അരുംകൊലകളുടെ റണ്ണിംഗ് കമന്ററി പൊതുനിരത്തില്‍നിന്നു മൈക്കിലൂടെ വിളിച്ചുകൂവി പാര്‍ട്ടിയെ വെട്ടിലാക്കിയ മണിക്കെതിരേ നടപടിയെടുക്കുമെന്നു നേരത്തേ കേന്ദ്രനേതാക്കള്‍ ഒറ്റയ്‌ക്കും കൂട്ടായും പ്രഖ്യാപിച്ചിരുന്നു. അതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മണിയുടെ പ്രതികരണം. എം.എം. മണി പറഞ്ഞത് ഇങ്ങനെയായിരുന്നു- 'പോളിറ്റ് ബ്യൂറോയ്‌ക്ക് ഇതിനെക്കുറിച്ച് അഭിപ്രായം പറയാം. 46 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയാണ്. ഒരു പ്രസംഗത്തിന്റെ പേരില്‍ പാര്‍ട്ടി വിട്ട് ഓടാനൊന്നും തയാറല്ല.' ജില്ലാ സെക്രട്ടറി സ്‌ഥാനം രാജിവയ്‌ക്കാന്‍ തയാറല്ലെന്നും തനിക്കെതിരേ പോലീസ് നടപടിയുണ്ടായാല്‍ പതിനായിരക്കണക്കിനു പ്രവര്‍ത്തകരെ തെരുവിലിറക്കി പ്രക്ഷോഭം നടത്തുമെന്നും മണി നെഞ്ചുവിരിച്ചു പറഞ്ഞു. സംസ്‌ഥാന നേതൃത്വം പറഞ്ഞാല്‍ മാത്രമേ താന്‍ അനുസരിക്കൂവെന്നു കൂടി അദ്ദേഹം പ്രഖ്യാപിച്ചു. എന്നുവച്ചാല്‍ സി.പി.എം. കേന്ദ്രനേതാക്കള്‍ തന്നെ നടപടിയുടെ ഓലപ്പാമ്പു കാട്ടി വിരട്ടേണ്ടെന്ന്. മണിയാശാന്റെ പ്രയോഗം കടമെടുത്ത് പറഞ്ഞാല്‍ ജെ.എന്‍.യുവിലെ പിള്ളാര് തന്നെ അങ്ങനെ 'ഒലത്താന്‍' നോക്കേണ്ടെന്ന വ്യാഖ്യാനം കിട്ടും. മുസ്ലിം ലീഗില്‍ എത്രയോ കാലമായി ദേശീയനേതൃത്വം ഉണ്ടെന്നാണ് സങ്കല്‍പം. എന്നാല്‍, പ്രാദേശികമോ ദേശീയമോ അന്തര്‍ദേശീയമോ ആയ എന്തു തീരുമാനവും കൈക്കൊള്ളാന്‍ ആ പാര്‍ട്ടിയില്‍ ഒരേയൊരു കസേരയ്‌ക്കേ അധികാരമുള്ളൂ എന്ന് എല്ലാവര്‍ക്കും അറിയാം. യോഗം കൂടി, ബിരിയാണി കഴിച്ച് പിരിയാന്‍ നേരത്ത് മാധ്യമപ്രവര്‍ത്തകരെ വിളിച്ചുകൂട്ടി ഇങ്ങനെ പറയും, 'ഉചിതമായ തീരുമാനമെടുക്കാന്‍ പാണക്കാട് തങ്ങളെ ചുമതലപ്പെടുത്തിയിരിക്കുന്നു'. ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റ് സ്‌ഥാനത്തുനിന്നു സുലൈമാന്‍ സേട്ടിനെ പുറത്താക്കാന്‍ തീരുമാനിച്ചതുപോലും കൊടപ്പനയ്‌ക്കല്‍ വച്ചായിരുന്നു. ലീഗില്‍ കേന്ദ്രനേതൃത്വം അന്നും ഇന്നും പാവനേതൃത്വമാണ്. അതുപോലൊരു കൊടപ്പനയ്‌ക്കല്‍ പാര്‍ട്ടിയായിരുന്നില്ല സി.പി.എം. 1964 ലെ പാര്‍ട്ടി രൂപീകരണം മുതല്‍ തികഞ്ഞ കേഡര്‍ പാര്‍ട്ടിയായിരുന്നു അത്. മാര്‍ക്‌സിയന്‍ പ്രത്യയശാസ്‌ത്രപ്രകാരം അതതു പാര്‍ട്ടി ഫോറത്തില്‍ തുറന്ന വിമര്‍ശനത്തിനും സ്വയംവിമര്‍ശത്തിനും അവസരമൊരുക്കുകയും പാര്‍ട്ടി തീരുമാനങ്ങള്‍ക്കെതിരേ പുരപ്പുറത്തു കയറി അലറിവിളിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്‌ത പാര്‍ട്ടിയായിരുന്നു അത്. ബ്രാഞ്ച് മുതല്‍ പോളിറ്റ്‌ബ്യൂറോ വരെയുള്ള പാര്‍ട്ടിഫോറങ്ങളുടെ ചുമതലകളും അവകാശങ്ങളും താഴേക്കിടയിലുള്ള പ്രവര്‍ത്തകനുപോലും ഹൃദിസ്‌ഥമായിരുന്നു. മേല്‍കമ്മിറ്റിയെടുക്കുന്ന തീരുമാനങ്ങളെ നോക്കി പല്ലിളിക്കാനോ മുരളാനോ ആരും തയാറായിരുന്നില്ല. അനാവശ്യമായി തല പൊക്കുകയോ നെഞ്ചുവിരിക്കുകയോ ചെയ്‌തവര്‍ അച്ചടക്കനടപടിയുടെ രുചി അറിയുകയും ചെയ്‌തിരുന്നു. കേന്ദ്രകമ്മിറ്റിയും പോളിറ്റ് ബ്യൂറോയുംതന്നെയായിരുന്നു അവസാനവാക്ക്. ഈയൊരു ചരിത്രപശ്‌ചാത്തലത്തില്‍ വച്ചുവേണം സി.പി.എം. കേന്ദ്രനേതൃത്വത്തിന്റെ സമീപകാല നിലപാടുകളെ വിലയിരുത്താന്‍. ഉദാഹരണങ്ങളുടെ എണ്ണക്കൂടുതല്‍ കാരണം കേരളവുമായി ബന്ധപ്പെട്ട ചുരുക്കം ചില സംഭവങ്ങള്‍ മാത്രം പറയാം. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും മത്സരിക്കേണ്ട എന്നു തീരുമാനിച്ചത് സി.സിയും പി.ബിയുമാണ്. ഇതിന്റെ പേരില്‍ തെരുവില്‍ നാലു പ്രകടനം നടന്നപ്പോള്‍ രായ്‌ക്കുരാമാനം തീരുമാനം വിഴുങ്ങേണ്ടി വന്നു. വി.എസ്. മത്സരിച്ചതിലെ ശരിതെറ്റുകള്‍ എന്തായാലും, നിരത്തില്‍ നാലാളുകള്‍ കണ്ണുരുട്ടിയാല്‍ പേടിച്ചു മുള്ളുന്ന ഉന്നതാധികാര കമ്മിറ്റിയാണ് സി.പി.എമ്മിന്റേതെന്ന പുതിയ സന്ദേശം അണികള്‍ക്കു കിട്ടി. ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്നാണല്ലോ പ്രമാണം. ആ സാമാന്യതത്ത്വം വച്ച് 2011 ല്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ 2006 ലെ അമളി സംഭവിക്കാതിരിക്കാന്‍ കേന്ദ്രനേതൃത്വം ശ്രദ്ധിക്കേണ്ടതായിരുന്നില്ലേ? ആ ബുദ്ധിയും കാണിച്ചില്ല. 2011 ല്‍ 2006 ആവര്‍ത്തിച്ചു. കൈയില്‍ കിട്ടിയ ഭരണം തമ്മില്‍ത്തല്ലിനു വഴിയൊരുക്കി കളഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് നടന്നുകൊണ്ടിരിക്കെ 'ജനം വോട്ട് ചെയ്‌തവര്‍ ജയിക്കു'മെന്ന് വി.എസ്. പറഞ്ഞതിനേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സി.പി.എം. 'ഹൈക്കമാന്‍ഡി'ന്റെ പ്രതികരണം 'നോ കമന്റ്‌സ്'എന്നായിരുന്നു. കോഴിക്കോട്ടു നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍നിന്നു പി.ബി. അംഗത്വം കിട്ടാത്തതിന്റെ പേരില്‍ വി.എസ്. കെറുവിച്ചു പോയപ്പോഴും സി.പി.എം. 'ഹൈക്കമാന്‍ഡി'ന്റെ പ്രതികരണം 'നോ കമന്റ്‌സ്'. ഏറ്റവുമൊടുവില്‍, ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പശ്‌ചാത്തലത്തില്‍, കേരളത്തിലെ പാര്‍ട്ടിയുടെ ഉന്നതനേതാക്കള്‍ ഇടതടവില്ലാതെ പ്രസ്‌താവനാ പോരാട്ടം നടത്തി ഇരിക്കക്കൊമ്പ് മുറിച്ചുകൊണ്ടിരുന്നപ്പോഴും ഡല്‍ഹിയിലിരിക്കുന്നവര്‍ക്ക് 'നോ കമന്റ്‌സ്'. നെയ്യാറ്റിന്‍കരയില്‍ പോളിംഗ് തകൃതിയായി നടന്നുകൊണ്ടിരുന്ന സമയത്തുതന്നെ പ്രതിപക്ഷനേതാവ് ഒഞ്ചിയത്ത് ചന്ദ്രശേഖരന്റെ വീട്ടില്‍ പോയതിനേക്കുറിച്ചെങ്കിലും കേന്ദ്രത്തിലെ നേതൃത്വം പ്രതികരിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ ആവോ. ഉണ്ടാവാനിടയില്ല. മറുപടി അവര്‍ക്കറിയാമല്ലോ, 'നോ കമന്റ്‌സ്'. ഏതോ മാധ്യമപ്രവര്‍ത്തകന്‍ അറിയാതെ ആ ചോദ്യംചോദിച്ചപ്പോള്‍ മുറതെറ്റാതെ മറുപടി വന്നു. 'നോ കമന്റ്‌സ്'. പിന്നെന്തിനു മണിയുടെ കമന്റിനെ നമ്മള്‍ കുറ്റം പറയണം? |
Tuesday, June 5, 2012
പാവ(ം) നേതൃത്വം
Subscribe to:
Post Comments (Atom)
No comments:
Post a Comment