|
 |
|
കാണുമ്പോള്‍ ആദ്യം ഒരു പുഞ്ചിരി, അടുത്തറിയുമ്പോള്‍ പൊട്ടിച്ചിരി, ഉള്ളറിയാന്‍ ശ്രമിച്ചാല്‍ വഴുതല്‍... എരിയുന്ന കണ്ണീരിലെ തീക്ഷണത നൊമ്പരത്തിന്റെ തീച്ചൂളയാണെന്ന് മനസ്സിലാക്കാന്‍ ഒട്ടൊന്ന് മിനക്കെടണം- അതാണ് സുബി...
ജന്മം നല്‍കിയ മുറിപ്പാടില്‍ ആദ്യം അവള്‍ അമ്പരന്നു. പിന്നെ പൊട്ടിക്കരഞ്ഞു. കരച്ചില്‍ ഒന്നിനും പരിഹാരമല്ലെന്ന് മനസ്സിലാക്കിയ അവള്‍ ഉയിര്‍ത്തെഴുന്നേറ്റു. ഇഴകള്‍ ചേര്‍ത്തു വച്ച് ജീവിതസമസ്യ പൂരിപ്പിക്കുവാന്‍...
''പണവും പ്രതാപവുമുള്ള ഒരു വീട്ടില്‍ ജനിച്ച് പിന്നീട് ഒരു നേരത്തെ അന്നത്തിനു വേണ്ടി മറ്റുള്ളവരെ ചിരിപ്പിക്കാനായി ഇറങ്ങിത്തിരിച്ച ഒരു പെണ്‍കുട്ടി...'' കേള്‍ക്കുമ്പോള്‍ ഒരു സിനിമാക്കഥ പോലെ തോന്നുന്നില്ലേ, പക്ഷേ ഇതാണ് സുബി സുരേഷിന്റെ കഥ.
സിനിമാലയിലൂടെ കുടുംബസദസ്സുകളില്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന ഈ പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജീവിതം നൊമ്പരങ്ങള്‍ നിറഞ്ഞതാണെന്നറിയുന്നവര്‍ വളരെ ചുരുക്കം. സ്വന്തം ദുഃഖങ്ങളെ മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് വില്‌പന ചരക്കാക്കാന്‍ ഇഷ്‌ടപ്പെടാത്ത ചുരുക്കം ചിലരില്‍ ഒരാള്‍. എന്തിനും ഏതിനും അമ്മയുടെ സാരിത്തുമ്പിനെ ആശ്രയിക്കുന്ന പാവം തൊട്ടാവാടി. സുബിയൊരു തൊട്ടാവാടിയാണെന്നും ഉള്ളില്‍ നൊമ്പരങ്ങളുടെ ഒരു ഘോഷയാത്രയുണ്ടെന്നും പുറംലോകത്തിനറിയില്ല. സുബിയുടെ വിശേഷങ്ങളില്‍ അല്‌പം സ്വകാര്യതയുടെ അംശം ചാലിച്ചത് അമ്മയാണ്.
സുബിയുടെ ജീവിതത്തിലെ ചെറിയ നൊമ്പരങ്ങളും സ്വകാര്യ സന്തോഷങ്ങളും ഒരുമിച്ചു പങ്കുവെച്ച ഒരു വൈകുന്നേരം...
അന്നു മുതല്‍ ഇന്നു വരെ
മമ്മി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എന്‍.സി.സിയില്‍ ചേര്‍ന്നിരുന്നു. ആ താത്‌പര്യം എന്നിലേക്കും വന്നതു കൊണ്ടാവാം എട്ടാംക്‌ളാസ്സില്‍ പഠിക്കുമ്പോള്‍ ഞാനും എന്‍.സി.സി യില്‍ ചേര്‍ന്നത്. സ്‌പോര്‍ട്‌സിലും വലിയ താത്‌പര്യമായിരുന്നു.
ചെറുപ്പത്തില്‍ ബ്രേക്ക്‌ഡാന്‍സ് പഠിച്ചിട്ടുള്ളതൊഴിച്ചാല്‍ കലാപരമായ താത്‌പരങ്ങള്‍ ഒന്നുമില്ലായിരുന്നു. ഞാന്‍ അന്നേ ആണ്‍കുട്ടികളുടെ സ്വഭാവം കാണിക്കുമായിരുന്നെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. സത്യം പറഞ്ഞാല്‍ ഈ ഫീല്‍ഡിലെത്തുമെന്ന് അന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സൈന്യത്തില്‍ ചേരണമെന്ന ആഗ്രഹം ഓരോ ക്‌ളാസ്സിലെത്തുമ്പോഴും കൂടിയിട്ടേയുള്ളൂ. ആ കാലത്ത് റിപ്പബ്ലിക്‌ദിന പരേഡില്‍ പങ്കെടുത്തിരുന്നു. ഓള്‍ കേരളാ കമാന്‍ഡറായിരുന്നതു കൊണ്ട് ഇന്നത്തെപ്പോലെ മടിയില്ലായിരുന്നു. കൃത്യസമയത്ത് ഉറക്കം, ഭക്ഷണം, പ്രാക്‌ടീസ് ... മാനസികമായി ഒരു ആര്‍മി ഓഫീസറാകാന്‍ തയ്യാറെടുത്തു കഴിഞ്ഞിരുന്നു.
ഞാന്‍ ഡാന്‍സ് പഠിച്ചതൊക്കെ ആണ്‍കുട്ടികളുടെ കൂടെയായതിനാല്‍ അന്നു മുതലേ എന്റെ ഡാന്‍സില്‍ 'ഫെമിനെന്‍ ടച്ച്' കുറവായിരുന്നു. അതു കൊണ്ടാവാം പത്താം ക്‌ളാസില്‍ പഠിക്കുമ്പോള്‍ ഒരു തവണ സിനിമാലയില്‍ ഒരു കുട്ടിക്കു പകരം വേഷം ചെയ്യാന്‍ ഡാന്‍സ് മാസ്‌റ്റര്‍ എന്റെ പേരു പറഞ്ഞു കൊടുത്തത്. ചെയ്‌തു കഴിഞ്ഞപ്പോഴേ അഭിനയമെന്ന ഫീല്‍ഡ് വിട്ടു. അതിനു ശേഷമാണ് ഡിഗ്രിക്ക് സെന്റ് തെരേസാസ് തെരഞ്ഞെടുത്തത്. അതിന്റെ കാരണം അവിടെ എന്‍.സി.സി ഉണ്ടെന്നുള്ളതായിരുന്നു. അപ്പോഴും മനസ്സിലെ ആഗ്രഹം ആര്‍മി ഓഫീസറെന്നുള്ളതാണ്. കോളേജില്‍ നടന്ന ഒരു പരിപാടിയാണ് എന്റെ ലക്ഷ്യത്തെ മാറ്റിമറിച്ചത്.
എന്റെ സിനിമാറ്റിക് ഡാന്‍സിനോടൊപ്പം ടിനിയുടെ (ടിനി ടോം) മിമിക്‌സും ഉണ്ടായിരുന്നു. ഞാന്‍ നേരത്തെ പറഞ്ഞ ഫെമിനെന്‍ ടച്ചില്ലേ , അത് കണ്ടതു കൊണ്ടാവാം ടിനി സിനിമാലയിലേക്ക് എന്നെ ക്ഷണിച്ചത്. സിനിമാലയില്‍ പെണ്‍കുട്ടികളെ ആവശ്യമുണ്ട്. സുബിക്ക് വരാന്‍ താത്‌പര്യമുണ്ടോയെന്ന് ചോദിച്ചു. അപ്പോഴേ എന്റെ മറുപടി വന്നു "ഇല്ല." എക്കണോമിക്‌സ് എടുത്തതു തന്നെ എന്‍ട്രന്‍സ് എന്ന വഴി വീട്ടുകാര്‍ക്ക് മുന്നില്‍ അടച്ച് ആര്‍മി എന്ന വഴി തുറക്കാനാണ്. ആ ഞാന്‍ ചാനലിലേക്കോ?, ഒരിക്കലുമില്ല.
പക്ഷേ അമ്മയുടെ കോര്‍ട്ടില്‍ പന്ത് എത്തിയപ്പോള്‍ ടെന്‍ഷനായി. അമ്മ "യെസ്" പറഞ്ഞാല്‍ പിന്നെ ഒഴിവാകില്ല. കാരണം എന്റെ കഴിവും കഴിവുകേടും അമ്മയ്‌ക്ക് അറിയാവുന്ന പോലെ വേറെ ആര്‍ക്കും അറിയില്ല. ചെയ്‌തു നോക്കെന്ന അമ്മയുടെ സപ്പോര്‍ട്ടും ഡയാനച്ചേച്ചി(ഡയാന സില്‍വസ്‌റ്റര്‍)യൊക്കെ തന്ന ധൈര്യവും കാരണം ഞാന്‍ സിനിമാലയില്‍ അഭിനയിച്ചു. സത്യം പറയട്ടെ, ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്‌തില്ല. എനിക്കതില്‍ വിഷമമൊന്നും തോന്നിയില്ല. കാരണം എന്റെ ആഗ്രഹം അതായിരുന്നില്ലല്ലോ. പിന്നെ എന്റെ ആഗ്രഹം മാറ്റിവയ്‌ക്കേണ്ടത് ആവശ്യമായി വന്നു. അതിന്റെ കാരണം പിന്നെ പറയാം. ആദ്യമായി സാരി ഉടുത്തതു പോലും അന്നാണ്. എന്റെ കോമഡി ആളുകള്‍ക്ക് ഇഷ്‌ടപ്പെട്ടു, സിനിമാല ഗ്രൂപ്പിനും. അതിനു ശേഷം എന്നെ പരിപാടിക്കു വേണ്ടി അവരൊക്കെ വിളിക്കാന്‍ തുടങ്ങി. ദൈവം സഹായിച്ച് ഇതുവരെ കൂവലൊന്നും കിട്ടിയിട്ടില്ല. സ്‌റ്റേജ് പ്രോഗ്രാം കിട്ടിത്തുടങ്ങിയപ്പോള്‍ കോളേജില്‍ ഒരു വിസിറ്റിംഗ് സ്‌റ്റുഡന്റായി ഞാന്‍ മാറി. പരിപാടിയും പഠനവും ഒരുമിച്ചു കൊണ്ടു പോകാന്‍ കഴിയാതെ വന്നപ്പോള്‍ ഡിഗ്രിയോടു കൂടി വിദ്യാഭ്യാസ ജീവിതം അവസാനിപ്പിച്ചു. സ്‌റ്റേജ് പ്രോഗ്രാമിലും സിനിമാലയിലും സജീവമായത് അങ്ങനെയാണ്.
ചിരിക്കു പിന്നില്‍
ആര്‍മി കേഡറ്റായി ജോലി ചെയ്യണമെന്ന ആഗ്രഹം മാറ്റിവച്ചതില്‍ എനിക്കു സങ്കടമില്ല. സത്യം, വെറുതെ വീണ്‍വാക്കു പറയുന്നതല്ല. ബൂട്ട്‌സും കാക്കിയും ധരിച്ച ഒരു ആര്‍മി ഓഫീസറുടെ ശമ്പളം കാത്തിരുന്നു വാങ്ങുന്നതിലും എളുപ്പം സ്‌റ്റേജ് ഷോയിലൂടെ ലഭിക്കുന്ന അന്നന്നത്തേക്കുള്ള കൂലിയാണെന്ന് തിരിച്ചറിവുണ്ടായി. ആ സമയത്ത് ഞങ്ങളുടെ ജീവിതത്തില്‍ വന്ന ഒരു വന്‍വീഴ്‌ച... കൂടെ നില്‍ക്കേണ്ടവര്‍ ആട്ടിപ്പായിച്ചു... കുടുംബത്തിലെ അകന്ന ബന്ധുക്കള്‍ ആട്ടിപ്പായിച്ചാല്‍ ഒരു പരിധിവരെ അതുമായി പൊരുത്തപ്പെടാം, പക്ഷേ ജനിപ്പിച്ചവന്‍ തന്നെ ജീവനു ഭീഷണിയായി മാറിയാലോ ?
ആ വ്യക്‌തിയും ഞങ്ങളുമായുള്ള ബന്ധത്തെ അച്‌ഛനെന്ന പേരിലൂടെ കൂട്ടിവായിക്കാന്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല. അമ്മയ്‌ക്കും, ആറു വയസ്സിന് ഇളപ്പമുള്ള അനിയനും താങ്ങായി മാറേണ്ടത് ഞാനാണെന്ന് മനസ്സിലാക്കിത്തന്നത് ആ മനുഷ്യനാണ്. കടം മേടിച്ചവരോട് അവധി പറഞ്ഞ് മടുത്തപ്പോള്‍ ഓരോന്നായി വിറ്റു. അവസാനം ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും മുകളില്‍ ആകാശം താഴെ ഭൂമിയും മാത്രമായി. അനിയനാണെങ്കില്‍ ഒരു ജോലി ചെയ്യേണ്ട പ്രായം എത്തിയിട്ടില്ല. ഇന്നാണെങ്കില്‍ അവന്‍ മാത്രം മതി. എന്റെ മനസ്സിലിട്ടു താലോലിച്ച ആഗ്രഹങ്ങള്‍ കലത്തിലിട്ടു വേവിച്ചാല്‍ വിശപ്പടങ്ങില്ല എന്ന സത്യം തിരിച്ചറിഞ്ഞു.
കണ്ണീരിന്റെ ഉപ്പു രസം രുചിച്ചറിഞ്ഞാല്‍ ദാഹം മാത്രമല്ലേ തീരൂ, വിശപ്പ് മാറില്ലല്ലോ. ആ രുചി വല്ലാതെ പിടിച്ചു പോയാല്‍, ജീവിതാവസാനം വരെ കരഞ്ഞു തീര്‍ക്കേണ്ടി വരും. ഉള്ളിലുള്ള സങ്കടം അമര്‍ത്തിപ്പിടിച്ച് ആളുകളെ ചിരിപ്പിച്ചാല്‍ മൂന്നു വയറുകളെ തൃപ്‌തിപ്പെടുത്താനാവുമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പിന്നെ മടിച്ചില്ല. എല്ലാംകടിച്ചമര്‍ത്തി ചിരിപ്പിക്കാന്‍ തുടങ്ങി. അന്ന് എന്റെ കണ്ണീരു കൊണ്ട് അമ്മയുടെ മടിത്തട്ട് നനഞ്ഞ ഒരുപാട് രാത്രികള്‍ ഉണ്ടായിട്ടുണ്ട്. എല്ലാം കേട്ടു കഴിയുമ്പോള്‍ സങ്കടം കടിച്ചമര്‍ത്തി അമ്മ എനിക്ക് ധൈര്യം തന്നു.
മറ്റാരോട് പറഞ്ഞാലും അവരൊക്കെ കുറ്റപ്പെടുത്തുകേയുള്ളു. സഹതാപത്തോടെ എല്ലാം കേട്ടിരുന്ന് നമ്മളൊന്ന് മാറിക്കഴിയുമ്പോള്‍ "അവളുടെ അഹങ്കാരം കൊണ്ടാണ് ഇങ്ങനെ വന്നതെന്ന്" പറയുന്നവരാണധികവും. അവരോടൊക്കെ പറഞ്ഞ് വെറുതെ എന്തിനാണ് സംസാരമുണ്ടാക്കുന്നത് . നമ്മുടെ സങ്കടം നമുക്ക് മാത്രമുള്ളതാണ്.
പണ്ടും ഞങ്ങള്‍ക്ക് ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നും അങ്ങനെ തന്നെ. ആ കാലത്ത് എന്റെ വീടുമായി അടുപ്പമുണ്ടായിരുന്നത് ടിനിക്കാണ്. ടിനി ഞങ്ങളുടെ അവസ്‌ഥ കണ്ടറിഞ്ഞ് കുറെ പ്രോഗ്രാമൊക്കെ ഏര്‍പ്പാടു ചെയ്‌തു തന്നിട്ടുണ്ട്. ആ കഷ്‌ടപ്പാടിന്റെ നടുവിലും മനസാക്ഷിയെ മുറിവേല്‍പ്പിക്കുന്ന ഒരു ജോലിക്കും ഞാന്‍ പോയിട്ടില്ല. അമ്മ ആരുടെ മുന്നിലും മുഖം കുനിക്കേണ്ട അവസ്‌ഥയും ഉണ്ടാക്കിയിട്ടില്ല.
എന്റെ ജീവിതത്തില്‍ ഞാന്‍ തൃപ്‌തയാണ്. പക്ഷേ ഒരിക്കല്‍ 'എനിക്കു വന്ന പനി' എന്റെ അസുഖം ലേഡി ഡോക്‌ടറെക്കൊണ്ട് ചികിത്സിപ്പിക്കാന്‍ അമ്മയോട് ഉപദേശം നല്‍കിയവരുണ്ട്. എന്റെ അസുഖത്തെപ്പറ്റിയും ഏറ്റിരുന്ന പ്രോഗ്രാമിനെപ്പറ്റിയും ആശങ്കപ്പെട്ടിരിക്കുന്ന അമ്മയ്‌ക്ക് മുന്നില്‍ മകളുടെ മാനത്തിന്റെ കണക്ക് ജനിപ്പിച്ചവന്‍ തന്നെ പറഞ്ഞപ്പോള്‍ ഇങ്ങനെയൊരു ഐഡന്‍റ്റിറ്റി എനിക്ക് തരേണ്ടിയിരുന്നില്ല എന്ന് ദൈവത്തിനോട് പറഞ്ഞു പോയി. ആ കാലത്ത് കുത്തി നോവിക്കേണ്ട സ്‌ഥലം കണ്ടെത്തി അവിടെ മുള്ളു കൊണ്ട് കുത്തിയ പലരും ഇന്ന് വിളിച്ച് വിശേഷങ്ങള്‍ തിരക്കാറുണ്ട്.
കാമറയ്‌ക്കു മുന്നിലും പിന്നിലും
കാമറയ്‌ക്കു മുന്നില്‍ ഞാന്‍ സാരിയുടുത്ത അഹങ്കാരിയായ ഒരു പെണ്ണ്. എനിക്കു കിട്ടാറുള്ളത് മുഴുവന്‍ അത്തരം കഥാപാത്രങ്ങളാണ്. എനിക്കു മാത്രമല്ല മിക്കവാറും എല്ലാവര്‍ക്കും. കോമഡി ചെയ്യുന്നവരെപ്പറ്റി പൊതുവേ ഒരു ധാരണയുള്ളതാണ് കാരണം. വേഷത്തില്‍ മോഡേണ്‍ ആവാന്‍ പാടില്ല, കുറച്ച് വണ്ണവും തടിയുമൊക്കെ വേണം... എങ്കിലേ കോമഡി വരൂ എന്നാണ് വയ്‌പ്. അതുകൊണ്ട് യഥാര്‍ത്ഥ ഞാനായി എനിക്ക് പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ കഴിഞ്ഞ അവസരങ്ങള്‍ വളരെ കുറവാണ്.
വീട്ടിലെ സുബിയെപ്പറ്റിയാണെങ്കില്‍ പുറത്തു പോയി ആഹാരം കഴിക്കുന്ന പതിവ് അന്നുമില്ല ഇന്നുമില്ല. സിനിമ കാണാന്‍ വേണ്ടി തിയേറ്ററില്‍ പോകാറില്ല. ഒരു കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടു വന്നപ്പോള്‍ ഇത്തരം കാര്യങ്ങള്‍ പ്രത്യേകമായി ഒഴിവാക്കേണ്ട അവസ്‌ഥ വരാതിരുന്നത് അതു കൊണ്ടാണ്. യാത്ര പോകുന്നത് ഇപ്പോഴും ഇഷ്‌ടമല്ല.
അടുക്കള ജോലിയൊക്കെ വലിയ കുഴപ്പമില്ലാതെ ചെയ്യാറുണ്ട്. ചോറാണ് ഇഷ്‌ടഭക്ഷണം. ഡയറ്റിംഗ് ഒന്നുമില്ല. വണ്ണം കൂടുമ്പോ ജിമ്മില്‍ പോകാനുള്ള തയ്യാറെടുപ്പ് നടത്താറുണ്ട്. അതിനു വേണ്ടി ഡ്രസ്സും ഷൂവും മറ്റും വാങ്ങാറുണ്ട്. പക്ഷേ എന്തു ചെയ്യാനാ, ഉറക്കം ഒഴിവാക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. ഫോണ്‍ പോലും സൈലന്റാക്കിയിട്ടാണ് ഉറങ്ങാന്‍ തുടങ്ങാറുള്ളത്. ബ്രേക്ക്‌ഫാസ്‌റ്റ് അപൂര്‍വ്വമാണ്. അതിനു പോലും എഴുന്നേല്‍ക്കാന്‍ ഒരു മടിയാണ്. ഏതു രാജ്യത്തു ചെന്നാലും പ്രഭാതഭക്ഷണത്തിനോട് ഗുഡ്‌ബൈ പറഞ്ഞാണ് ഉറങ്ങാന്‍ കിടക്കാറുള്ളത്.
ആദ്യ ഗള്‍ഫ്‌യാത്ര
അതൊരു രസമാണ്. ടിനിക്ക് എന്റെ വീട്ടിലെ പ്രശ്‌നങ്ങള്‍ അറിയാവുന്നത് കൊണ്ട് പ്രോഗ്രാമുകള്‍ ചെയ്യാന്‍ അവസരം തരുമായിരുന്നു. ആ സമയത്താണ് കെ.എസ്. പ്രസാദേട്ടന്റെ ഒരു മാസം നീണ്ടു നില്‍ക്കുന്ന ഗള്‍ഫ് പ്രോഗ്രാം (ഈസ്‌റ്റേണ്‍ കോമഡി ഷോ) ചെയ്യാന്‍ ടിനി പ്രസാദേട്ടനെയും കൂട്ടി വീട്ടില്‍ എത്തുന്നത്. അന്ന് പാസ്‌പോര്‍ട്ട് പോലുമില്ല. അതിനു വേണ്ടി അവരൊക്കെ ഓടി നടക്കുമ്പോ ഞാന്‍ കരച്ചിലാ. "ഞാന്‍ പോകില്ല, വീട്ടില്‍ നിന്ന് ഇത്രയും ദിവസം മാറി നില്‍ക്കാന്‍ എനിക്കു വയ്യ. അമ്മയില്ലാതെ ഞാനില്ല..."
അവസാനം പ്രസാദേട്ടന്‍ പാസ്‌പോര്‍ട്ട് റെഡിയാക്കി. അപ്പോഴും എനിക്ക് സമ്മതമല്ല. വീട്ടിലെ പ്രശ്‌നങ്ങളും സാഹചര്യങ്ങളും ഓര്‍ത്തപ്പോള്‍ സമ്മതിച്ചു. നല്ല സങ്കടം ഉള്ളിലുണ്ട്. വീട് വിട്ട് എങ്ങനെയാ ഇത്രയും ദിവസം.(അന്ന് ഇത്രയും അഹങ്കാരമില്ലല്ലോ). അവസാനം പോകാന്‍ തീരുമാനിച്ചു. ആദ്യം പോയത് ഞാനും, ടിനിയും, പക്രുവും ചേര്‍ന്ന് ഖത്തറില്‍ നടത്തുന്ന ഒരു പ്രോഗ്രാമിനാണ്. ആദ്യത്തെ ഗള്‍ഫ് യാത്ര... ടി.വി.യിലും സിനിമയിലും ഒക്കെ കണ്ടിട്ടുള്ള ഗള്‍ഫാണ് മനസ്സിലുള്ളത്. ഗ്ലാസ്സിട്ട പടുകൂറ്റന്‍ കെട്ടിടങ്ങള്‍ , ആഷ് ബൂഷ് ലൈഫ്...പക്ഷേ ഞാന്‍ കണ്ടത് മണലിന്റെ നിറമുള്ള കുറേ കെട്ടിടങ്ങള്‍, മുഴുവന്‍ മരുഭൂമി. അതിനു ചുറ്റുമുള്ള കെട്ടിടങ്ങളില്‍ പൊടി പിടിച്ചതു പോലെ. ആദ്യമൊന്ന് ഞെട്ടി. സ്‌ഥലം മാറിപ്പോയോ എന്നൊക്കെ തോന്നി. ആദ്യത്തെ ദിവസം പ്രോഗ്രാം കഴിഞ്ഞു, ഞാന്‍ ഒന്നും മിണ്ടിയില്ല. രണ്ടാമത്തെ ദിവസത്തെ മടക്കയാത്രയില്‍ ഞാന്‍ പൊട്ടിത്തെറിച്ചു. "അല്ല, ഈ ഗള്‍ഫെന്നൊക്കെ പറഞ്ഞപ്പോ വലിയ സംഭവമാണെന്നാ കരുതിയേ. ഈ പൊടി പിടിച്ച കെട്ടിടങ്ങളാണോ ഗള്‍ഫിലുള്ളത്?"അവരുടെ മറുപടി അതിലും രസമായിരുന്നു."അങ്ങനെയാണോ എന്നാല്‍ നിന്നെ ഇന്ന് യഥാര്‍ത്ഥ ഗള്‍ഫ് കാണിച്ചിട്ടേയുള്ളൂ." അവരെന്നെ കൊണ്ടുപോയത് ഷെരാട്ടന്‍ ഹോട്ടലിലേക്കാണ്. അതു കണ്ടപ്പോള്‍ സന്തോഷമായി. ദൈവാനുഗ്രഹത്താല്‍ പിന്നീടിങ്ങോട്ട് എല്ലാ വര്‍ഷവും രണ്ടോ മൂന്നോ തവണ ഗള്‍ഫ് യാത്രകള്‍ ഉണ്ടായിട്ടുണ്ട്.
വീഴ്‌ചകളില്‍ കേമി
സ്‌റ്റേജ് പ്രോഗ്രാമുകളില്‍ ഏറ്റവും കൂടുതല്‍ വീണ വ്യക്‌തി എന്ന ബഹുമതി എനിക്കു കിട്ടാന്‍ സാധ്യതയുണ്ട്. ഒരിക്കല്‍ ദുബായില്‍ ദിലീപേട്ടന്റെ ഷോയില്‍ പങ്കെടുക്കാന്‍ പോയതാണ്. സിനിമയിലും മിമിക്രിയിലും ദിലീപേട്ടന്റെ ഒപ്പമുള്ള മിക്കവാറും എല്ലാവരുമുണ്ട്. വലിയ ഷോ യാണ്. എനിക്കൊരു ഡാന്‍സ് ഐറ്റമുണ്ട്. ഗ്രൂപ്പിലെ ബാക്കി എല്ലാവരും ഡാന്‍സ് ചെയ്‌ത് സ്‌റ്റേജില്‍ തകര്‍ക്കുകയാണ്. ലൈറ്റ് ഓഫാക്കുന്ന സമയത്താണ് എന്റെ എന്‍ട്രി. ഈ സമയത്ത് ഒരു പോസ് ചെയ്‌ത് ഞാന്‍ ഗ്രൂപ്പിന്റെ നടുവില്‍ നില്‍ക്കണം. ഞാനാണെങ്കില്‍ സാരിയൊക്കെയുടുത്ത് നിറയെ ഓര്‍ണമെന്റ്‌സ്മിട്ട് വലിയ സ്‌റ്റെലില്‍ തയ്യാറായി നില്‍ക്കുകയാണ്.
അവിടുത്തെ സ്‌റ്റേജിനെപ്പറ്റി അറിയാമല്ലോ, നല്ല ഉയരമാണ്. ലൈറ്റ് ഓഫായതും ഞാന്‍ പെട്ടെന്ന് സ്‌റ്റേജിലെത്തി. പക്ഷേ ഒരബദ്ധം പറ്റി. സ്‌റ്റേജ് എവിടെയാണ് അവസാനിക്കുന്നതെന്ന് വെട്ടം ഇല്ലാത്തതിനാല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ പോയത് ഒരു വശത്തേക്കാണ്. കാല് വച്ച് വച്ച് അവസാനം വയ്‌ക്കാന്‍ സ്‌ഥലമില്ലാതായി... പ്‌ധിം... ഒറ്റ പോക്ക്... എവിടെയോ ചെന്ന് ആ വീഴ്‌ച അവസാനിച്ചു.
അവിടെ നിന്ന് ലില്ലിപുട്ടിനെപ്പോലെ ഞാന്‍ മുകളിലേക്കു നോക്കി വിളിച്ചു കൂവി. എവിടെ ആരു കേള്‍ക്കാന്‍... അവസാനം എന്റെ ട്രൂപ്പിലെ കുട്ടികളിലാരോ കണ്ടു. ആരൊക്കെയോ ചേര്‍ന്ന് എന്നെ പൊക്കിയെടുത്ത് സ്‌റ്റേജിലെത്തിച്ചു. ലൈറ്റ് വന്നപ്പോള്‍ നില്‍ക്കേണ്ട പോസില്‍ ഞാനുണ്ട്. ആരും ഒന്നുമറിഞ്ഞില്ല. എവിടെയൊക്കെയോ നല്ല വേദനയുണ്ട്. പക്ഷേ എന്റെ മുഖത്തപ്പോഴും 16 വാള്‍ട്ടിന്റെ ചിരിയുണ്ടായിരുന്നു. ഒന്ന് കരയാന്‍ പോലും പറ്റിയില്ലല്ലോ എന്ന സങ്കടമായിരുന്നു എനിക്ക്. പിന്നീടൊരു തവണ ഒരു സെലിബ്രിറ്റിയുടെ റോള്‍ ചെയ്യാന്‍ വേണ്ടി പട്ടുസാരിയൊക്കെയുടുത്ത് സ്‌റ്റേജില്‍ റെഡിയായി നില്‍ക്കുവാ. എന്റെ കൂടെ സ്‌കിറ്റ് ചെയ്യുന്ന വ്യക്‌തി (ആളിന്റെ പേരു പറയുന്നില്ല) ഡയലോഗ് പറഞ്ഞ് മുന്നില്‍കൂടി നടന്നു പോകണം. പുള്ളി നടന്നു പോയപ്പോള്‍ എന്റെ സാരിയുടെ അറ്റംകൂടി കൂടെ കൊണ്ടു പോയി. ഞാന്‍ മുഖമടിച്ച് ഒറ്റ വീഴ്‌ച . തട്ടിക്കുടഞ്ഞ് എഴുന്നേറ്റ് ഡയലോഗു പറഞ്ഞു. പ്രേക്ഷകര്‍ കരുതിയത് സ്‌കിറ്റില്‍ അതുണ്ടെന്നാണ്.
അമ്മയാണെന്റെ ലോകം
അമ്മയെപ്പറ്റി ഞാന്‍ എന്താ പറയുക ? ഇന്നിപ്പോ നിങ്ങളോടൊക്കെ ചിരിച്ചു സംസാരിക്കുന്ന സുബിയുടെ ബാക്ക് ബോണ്‍ അമ്മയാണ്. കാമറയ്‌ക്കു പിന്നിലുള്ള സുബിയെപ്പറ്റിയാണെങ്കില്‍ അമ്മയാണ് ലോകം. വലുതായ ശേഷവും എന്റെ എല്ലാക്കാര്യത്തിനും അമ്മ തന്നെ വേണം. പഠിക്കാനൊക്കെ ഇഷ്‌ടമായിരുന്നു. പക്ഷേ പഠിക്കണമെങ്കില്‍ അമ്മ കൂടെ വേണം. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നതിനെപ്പറ്റിയോ അമ്മയെ പിരിഞ്ഞിരിക്കുന്നതിനെപ്പറ്റിയോ ആലോചിക്കുന്നതേ ഇഷ്‌ടമല്ല. എനിക്കു വേണ്ടി ഡ്രസ് സെലക്‌ട് ചെയ്യുന്നതും വാങ്ങുന്നതും ഒക്കെ അമ്മയാണ്. പുറത്തു പ്രോഗ്രാം ചെയ്യുന്ന സമയത്ത് എന്തെങ്കിലും മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ ഉണ്ടായാല്‍ ആരുടെയും മുന്നില്‍ അതു കാണിക്കാതെ മനസ്സില്‍ വയ്‌ക്കും. വീട്ടില്‍ വന്ന് അമ്മയോട് പരാതിപ്പെട്ടി തുറന്നാലെ എനിക്കു സമാധാനം കിട്ടൂ.
കല്യാണം കഴിച്ചു പോകുന്നതില്‍ എനിക്ക് എതിര്‍പ്പ് ഒന്നുമില്ല. പക്ഷേ എന്റെ വീട്ടില്‍ നിന്നോ അമ്മയുടെ അടുത്തു നിന്നോ മാറിനില്‍ക്കാന്‍ ഇഷ്‌ടമല്ല. വിളിക്കുന്ന വിളിപ്പുറത്ത് അമ്മ എന്റെ അടുത്തുണ്ടാവണം. അമ്മയെ വിട്ടുപോകാന്‍ എന്നെക്കൊണ്ടാവില്ല. (ആ ഞാനാണ് പിന്നെ ഗള്‍ഫ് പ്രോഗ്രാമിനു വേണ്ടി 15 ദിവസത്തോളം വീട്ടില്‍ നിന്നും മാറി നിന്നതെന്ന് നിങ്ങള്‍ ഇപ്പോ ചിന്തിക്കും.) എത്ര ദൂരത്തേക്ക് പ്രോഗ്രാം ഏര്‍പ്പാട് ചെയ്‌താലും ഞാന്‍ വയ്‌ക്കുന്ന ഒരേയൊരു കണ്ടീഷന്‍ ഒരു ഫോണ്‍ വേണമെന്നാണ്. എന്തു ചെയ്യണമെങ്കിലും എനിക്ക് അമ്മയുടെ അഭിപ്രായം അറിഞ്ഞേ പറ്റൂ. ഷോപ്പിംഗിനിറങ്ങിയാല്‍ ഫോണില്‍ക്കൂടി അമ്മ ഇല്ലാത്തതിന്റെ കുറവു പരിഹരിച്ചേ ഞാന്‍ ഒരു സാധനം വാങ്ങൂ. അമ്മയുടെ സപ്പോര്‍ട്ടില്ലാതെ ഒരു ചുവട് മുന്നോട്ടു വയ്‌ക്കാന്‍ എന്നെക്കൊണ്ടാവില്ല. അതുകൊണ്ടു തന്നെ പ്രോഗ്രാമില്ലാത്ത ദിവസങ്ങളില്‍ വീട്ടില്‍ത്തന്നെ ചടഞ്ഞു കൂടാനാണ് ഇപ്പോഴും ഏറെയിഷ്‌ടം.
ഭാവിജീവിതം
കല്യാണം കഴിച്ച് സുഖമായി ഒരു കുടുംബജീവിതം... കുട്ടികള്‍... ഇതൊക്കെയാണ് എന്റെ സ്വപ്‌നങ്ങളെന്ന് കരുതിയോ ? അല്ലേയല്ല. എനിക്ക് കല്യാണം കഴിക്കാന്‍ തോന്നുന്നില്ല. അനിയന്‍ ഇപ്പോ ഡിഗ്രി ചെയ്‌തു കൊണ്ടിരിക്കുവാ. അവനെക്കാളും എന്റെ ഭാവിയെപ്പറ്റിയാണ് അമ്മയ്‌ക്ക് ഏറ്റവും ആശങ്ക. അമ്മയെ മാറ്റി നിര്‍ത്തി ഒരു ജീവിതം എനിക്ക് ആലോചിക്കാനേ കഴിയില്ല. എപ്പോഴും അമ്മ എന്റെ കൂടെ വേണം. പിന്നെ എന്റെ സ്വഭാവവുമായി പൊരുത്തപ്പെട്ടു പോകാന്‍ പ്രയാസമാണ്. ആരും എന്നെ ഭരിക്കുന്നത് എനിക്കിഷ്‌ടമല്ല. അമ്മ കല്യാണം ആലോചിക്കുന്നുണ്ട്. ഏതായാലും തത്‌കാലം ഈ ജീവിതം പരമാവധി എന്‍ജോയ് ചെയ്യാനാണ് തീരുമാനം. ചിരിപ്പിക്കുക... ചിരിപ്പിച്ച് വശം കെടുത്തുക... ചിരിപ്പിച്ച് കൊല്ലുക... ഇതൊക്കെയാണ് ഇപ്പോഴത്തെ ദുരുദ്ദ്യേശങ്ങള്‍...
ലക്ഷ്‌മി വാസുദേവന്‍
 |
|
|
No comments:
Post a Comment