Tuesday, June 5, 2012

'ഫേസ്ബുക്ക്' - ചില ഇന്ത്യന്‍ ചിന്തകള്‍


എന്തായിരിക്കും ഫേസ്ബുക്കിന്റെ ഭാവി? അതും ഇന്ത്യയില്‍? ആര്‍ക്കും വലിയ സംശമുണ്ടാകും എന്നു തോന്നുന്നില്ല. ഭാവിയിലെ സ്‌കൂള്‍ പഠനം കൂടി ഫേസ്ബുക്കിലായാല്‍ സന്തോഷമായി. പിന്നെ 22 മണിക്കൂറും ഇതില്‍ ' കുത്തി 'യിരിക്കാമല്ലോ. ഇന്ത്യയിലെ തൊഴില്‍ ദാതാക്കളെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ തന്നെ വലിയൊരു തലവേദനയാണ് ജോലിക്കാരുടെ ഫേസ്ബുക്കിലുള്ള കളി.

പലരും ഓഫീസിലെത്തിയാല്‍ സിസ്റ്റത്തില്‍ ആദ്യം ഓപ്പണ്‍ ചെയ്തു വെക്കുന്നത് ഫേസ്ബുക്കാണ്. അത് മിനിമൈസ് ചെയ്തുവെച്ചാണ് പിന്നീടുള്ള കളി. എന്തായാലും ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗം ഈ പോക്കുപോവുകയാണെങ്കില്‍ 2015 ല്‍ ലോകത്തില്‍ തന്നെ ഒന്നാമതെത്തുമെന്നാണ് കണക്കുകൂട്ടല്‍.
ഇന്ത്യയില്‍ ന്യൂക്ലിയര്‍ ഫാമിലികളുടെ വര്‍ദ്ധനവ് ഇന്റര്‍നെറ്റ് രംഗത്ത് വന്‍ കുതിച്ചുചാട്ടമുണ്ടാക്കിയിട്ടുണ്ട് എന്നാണ് കണക്കുകള്‍. ഇതുതന്നെയാണ് ഫേസ്ബുക്ക് ഉപയോഗത്തിന്റെയും വര്‍ധനവിനു കാരണം എന്നാണ് പറയുന്നത്. ഇന്ന് എല്ലാ ഗോസിപ്പുകളുടെയും ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നത് ഫേസ്ബുക്കുകളിലാണ്. ജനനം, കല്യാണം, മരണം, ഡിന്നറിലെ വിഭവങ്ങള്‍ എന്നിങ്ങനെ എല്ലാ കാര്യങ്ങളും ഫേസ്ബുക്കില്‍ ചര്‍ച്ച ചെയ്യുന്ന പ്രവണത വര്‍ധിക്കുന്നു. നിലവില്‍ ഫേസ്ബുക്ക് ഉപയോക്താക്കളില്‍ ലോകത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യ. എല്ലാ ആറു മാസം കൂടുമ്പോഴും 22 ശതമാനം ഉപയോക്താക്കള്‍ ഇന്ത്യയില്‍ വര്‍ധിക്കുന്നു എന്നാണ് കണക്ക്. ഇതാണ് 2015 ല്‍ ലോകത്തിലെ തന്നെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യയായിരിക്കും ഒന്നാം സ്ഥാനത്ത് എന്ന് പറയുവാനുള്ള കാരണം.
ഫേസ്ബുക്കിന്റെ കാര്യം പറയുമ്പോള്‍ തന്നെ പ്രാധാന്യമുള്ള മറ്റൊരു കാര്യം കൂടി പറയേണ്ടതുണ്ട്. അവസാന ആഴ്ചയില്‍ ഐ.എ.എം.എ.ഐ (ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ) നടത്തിയ പഠനത്തില്‍ കണ്ടെത്തിയ ചിലകാര്യങ്ങള്‍ കൂടി ഇതോടൊപ്പം പങ്കുവെക്കുകയാണ്. ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം കൂടുന്നുവെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.
2011 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ഓണ്‍ലൈന്‍ റിക്രൂട്‌മെന്റ് പോര്‍ട്ടലുകളില്‍ ജോലിക്കായി ബയോഡാറ്റ അപ്‌ഡേറ്റ് ചെയ്തവരുടെ എണ്ണം 2 മില്ല്യണ്‍ ആണ്. 2.74 മില്ല്യണ്‍ ആണ് മാട്രിമോണിയല്‍ സൈറ്റുകളില്‍ പ്രൊഫൈല്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. വിവിധ സൈറ്റുകളില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന ഡ്രസ്‌മെറ്റീരിയലുകള്‍ നോക്കിവരുടെ എണ്ണം 5 മില്ല്യണ്‍. കഴിഞ്ഞ വര്‍ഷം ഇത് 2.54 മില്ല്യണ്‍ ആയിരുന്നു. ഇന്ത്യന്‍ റെയില്‍വേ വെബ്‌സൈറ്റില്‍ കൂടി ടിക്കറ്റ് ബുക്ക് ചെയ്തവരുടെ എണ്ണം 5.56 മില്ല്യണായി. കഴിഞ്ഞ വര്‍ഷം ഇ-ടിക്കറ്റ് ബുക്ക് ചെയ്തവരുടെ എണ്ണം 2.26 മില്ല്യണാണെന്ന് കാണണം. ഇങ്ങിനെ ഓരോ കണക്കുകളെടുത്ത് പരിശോധിച്ചാലും വന്‍ വര്‍ധനയാണ് ഇന്റര്‍നെറ്റ് രംഗത്ത് ഇന്ത്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
നേരത്തെ സൂചിപ്പിച്ചതുപോലെ ഓഫീസിലെത്തിയാല്‍ ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്ത് മിനിമൈസ് ചെയ്തുവെക്കുന്നവര്‍ ഇനി ജാഗ്രതൈ. നിങ്ങളുടെ പ്രൊഫൈല്‍ നിരീക്ഷിക്കാനുള്ള സംവിധാനം ഇന്ത്യയിലെ ഓഫീസുകളില്‍ 2015 ഓടെ സജ്ജമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സോഫ്റ്റ്‌വെയര്‍ ഇതിനായി ഡവലപ്പ് ചെയ്തു തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍.

No comments:

Post a Comment