| തണ്ടും തടിമിടുക്കുമുള്ള മകനെ അച്‌ഛന്‍ പട്ടാളത്തില്‍ ചേരാന്‍ നിര്‍ബന്ധിച്ചയച്ചത് മുഴുപ്പട്ടിണിയില്‍ കഴിയുന്ന കുടുംബത്തിന് ഒരു അത്താണിയാകുമല്ലോ എന്നു പ്രതീക്ഷിച്ചായിരുന്നു. അത്രയ്‌ക്ക് ദാരിദ്ര്യത്തിലായിരുന്നു പാട്യം പുതിയതെരുവിലെ കാരായി വീട്ടില്‍ വേലായുധന്റെ കുടുംബം. അച്‌ഛന്റെ ആഗ്രഹപ്രകാരം മകന്‍ പട്ടാളത്തില്‍ ചേര്‍ന്നു. നല്ലൊരു പട്ടാളക്കാരനായിത്തീരാന്‍ വീട്ടുകാര്‍ ആ പത്തൊമ്പതുകാരനെ അനുഗ്രഹിച്ചയച്ചു. ഏറെനാള്‍ കഴിയുംമുമ്പുതന്നെ മകന്‍ വീട്ടില്‍ തിരിച്ചെത്തി. പട്ടാളക്കാരനായല്ല. പട്ടാളക്യാമ്പില്‍ അക്രമമുണ്ടാക്കി ഒളിച്ചോടിയവനായി. പാട്യം ഗ്രാമത്തിന്റേയും കണ്ണൂര്‍ ജില്ലയുടേയും ചരിത്രത്തില്‍ ഒരു കൊടുംക്രിമിനല്‍ പിറന്ന ദിവസമായിരുന്നു അത്. അടുത്ത കാലത്ത് കേരളം മുഴുവന്‍ ഞെട്ടലോടെ കേട്ട പേരായിരുന്നു ആ ക്രിമിനലിന്റേത്- ടി.കെ. രജീഷ്. 'പട്ടിണിയും അല്‍പ്പം രാഷ്‌ട്രീയവും തലക്കുപിടിച്ചാല്‍ സാധാരണക്കാരനായ യുവാവിനെ എങ്ങനെ അറപ്പില്ലാത്ത കൊലയാളിയാക്കാമെന്നു കാട്ടിത്തരുന്നതാണ് രജീഷിന്റെ ജീവിതം. ക്രിമിനല്‍ സ്വഭാവം ചെറുപ്പം മുതല്‍തന്നെ രജീഷിന്റെ രക്‌തത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു പട്ടാളക്യാമ്പില്‍നിന്നുള്ള ഒളിച്ചോട്ടം. പരിശീലനം പൂര്‍ത്തിയാകും മുമ്പ് ക്യാംപില്‍ സഹസൈനികരുമായി ഏറ്റുമുട്ടുകയായിരുന്നു. ഹവില്‍ദാറെയാണ് അടിച്ചത്. അതോടെ നില്‍ക്കക്കള്ളിയില്ലാതായി. ഒളിച്ചോടി. മിലിറ്ററി പോലിസും ലോക്കല്‍ പോലീസും അന്വേഷിച്ചെത്തിയപ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍ നാട്ടില്‍ ആളുണ്ടായി. പിടിയിലാകാതിരിക്കാന്‍ ഒളിജീവിതം. ആ ജീവിതത്തിനിടയില്‍ രജീഷിന്റെ മനസിലും പെരുമാറ്റത്തിലും കാതലായ മാറ്റം വരികയായിരുന്നു. കത്തിയും കൊടുവാളുമേന്തി ആളെക്കൊല്ലിയായുള്ള പരിണാമം. കൂത്തുപറമ്പ് പാട്യം പുതിയതെരുവിലെ ടി.കെ. രജീഷിന്റെ ജീവിതം സിനിമാ കഥയെ പോലും വെല്ലുന്നതായി മാറി പിന്നീട്. മാതൃരാജ്യത്തിന്റെ രക്ഷയ്‌ക്കായി തോക്കേന്തേണ്ടിയിരുന്ന ആ കൈകളില്‍ ആരാണ് രാഷ്‌ട്രീയ പ്രതിയോഗികളെ വെട്ടിനുറുക്കാനുള്ള കൊലക്കത്തി ഏല്‍പ്പിച്ചത്? ചോരകണ്ടാല്‍ ആഹ്‌ളാദിക്കുന്നവനായി എങ്ങനെയാണ് ടി.കെ. രജീഷ് മാറിയത്? ദുരൂഹം യാത്രാവഴികള്‍ വര്‍ഷങ്ങളായി മുംബൈയിലേക്ക് ചേക്കേറിയ രജീഷിന്റെ ജീവിതവും പ്രവര്‍ത്തനവും നാട്ടുകാര്‍ക്കാര്‍ക്കും അറിയില്ല. നാട്ടിലെത്തിയാല്‍ ഗമയുള്ള നടത്തം. പണത്തിനു ബുദ്ധിമുട്ടറിയാത്ത ജിവിതം. ആര്‍ക്കും പിടികൊടുക്കാത്ത. ഉള്ളുതുറന്നു സംസാരിക്കാത്ത സ്വഭാവം. നാട്ടുകാര്‍ക്ക് ഇത്രയൊക്കയേ രജീഷിനെ കുറിച്ചറിയൂ. മുഖത്ത് 51 വെട്ടേറ്റ, റവലൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ അറസ്‌റ്റിലായതോടെയാണ് ടി.കെ. രജീഷിന്റേത് സിനിമാ കഥാപാത്രങ്ങളെ വെല്ലുന്ന ജീവിതമാണെന്നു പുറംലോകം അറിയുന്നത്. പാട്യം പുതിയതെരു പട്ടേല്‍ സ്‌മാരക വായനശാല ഭാഗത്തുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ചുകൊണ്ടായിരുന്നു ക്രിമിനല്‍ ജീവിതത്തിന്റെ തുടക്കം. ആദ്യകാലത്ത് കൊട്ടയോടി എന്ന സ്‌ഥലമായിരുന്നു രജീഷിന്റെ കേന്ദ്രം. ഇവിടുത്ത റോള്‍ പക്ഷെ എന്താണെന്നു ആര്‍ക്കുമറിയില്ല. പണം കിട്ടുന്ന എന്തുപണിയും ചെയ്യും. കൊലപാതക ദൗത്യം ഏറ്റെടുത്താല്‍ അതു നടപ്പാക്കിയ ശേഷമേ രജീഷ് പിന്‍മാറിയിട്ടുള്ളൂവെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. എതിരാളിയുടെ മരണം ഉറപ്പായാല്‍ മാത്രം പിന്മാറുന്നവന്‍, തെളിവുകള്‍ മായ്‌ക്കാന്‍ വിദഗ്‌ധന്‍, ബോംബ് ഉപയോഗിക്കുന്നതില്‍ സമര്‍ഥന്‍. ഇതാണ് ആറടിയിലേറെ പൊക്കമുള്ള രജീഷിനെക്കുറിച്ച് പോലീസ് തയാറാക്കിയ രേഖകളിലുള്ളത്. കൊടുവാള്‍ മുതല്‍ തോക്ക് വരെയുള്ള ആയുധങ്ങള്‍ അനായാസേന കൈകാര്യം ചെയ്യാനറിയാം. ഒളിവുകാലം ഉല്ലാസകാലം കൊല നടത്തി സ്‌ഥലം വിടുന്ന ടി.കെ. നാഷണല്‍ പെര്‍മിറ്റ് ലോറി ഓടിച്ചും മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, മംഗലാപുരം തുടങ്ങിയ വന്‍കിട നഗരങ്ങളില്‍ ആഡംബര ജീവിതം നയിച്ചുമാണ് ഒളിവുകാലം ആസ്വദിച്ചിരുന്നത്. ഇക്കാലയളവില്‍ ഇവിടുത്തെ അധോലോക സംഘമായും ടി.കെ. ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിനു മാസങ്ങള്‍ക്കു മുമ്പ് ഈ കേസിലെ മുഖ്യപ്രതികളായ കൊടി സുനി, അണ്ണന്‍ എന്ന സിജിത്ത് എന്നിവര്‍ രജീഷുമൊത്ത് കൊടൈക്കനാലില്‍ ഉല്ലാസയാത്രയ്‌ക്ക് പോയിരുന്നു. ആ സമയത്താണ് കൊടി സുനി തോക്കുപയോഗിക്കാനുള്ള പരിശീലനം നേടുന്നത്. പരിശീലകന്‍ രജീഷ് ആയിരുന്നു. വിശ്വാസം പാര്‍ട്ടിയോളം ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യസൂത്രധാരനെന്നു പോലീസ് പറയുന്ന ടി.കെ.രജീഷ് സി.പി.എം നേതൃത്വത്തിന്റെ വിശ്വസ്‌തനായാണ് കരുതപ്പെടുന്നത്. കണ്ണൂരിലെ ഒരു ഉന്നത നേതാവിന്റെ മാനസപുത്രനായാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ പോലും അറിയപ്പെടുന്നത്. നേതൃത്വം ഏല്‍പ്പിക്കുന്ന എന്തും ചെയ്യാന്‍ തയാറാകുന്നയാളാണ് ഇയാളെന്നാണ് പോലീസ് ഭാഷ്യം. രജീഷിന് മെമ്പര്‍ഷിപ്പില്ലെങ്കിലും അടുത്ത കുടുംബാംഗങ്ങളെല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ്. പഠനകാലത്ത് രജീഷ് എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. സംഘടനയിലില്ലാത്തവരെ അടിച്ചു ഭയപ്പെടുത്തുന്നതായിരുന്നു ശീലം. 1995ല്‍ കൂത്തുപറമ്പ് വെടിവെയ്‌പ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ മുതലാണ് അന്ന് വിദ്യാര്‍ഥിയായ രജീഷിന്റെ അക്രമവാസന പാര്‍ട്ടി തിരിച്ചറിയുന്നത്. തുടര്‍ന്ന് പാനൂര്‍, കൂത്തുപറമ്പ്, മാഹി മേഖലകളില്‍ നടന്ന കലാപങ്ങളിലൊക്കെ ടി.കെ. വൈഭവം തെളിയിച്ചു. ഉന്നത നേതാക്കളുടെ താങ്ങും തണലും ആവോളം ലഭിച്ചതോടെ ഇയാളെ തൊടാന്‍ പോലിസും ഭയന്നു. പാമ്പിന്‍ വിഷം, പുലിത്തോല്‍ കടത്ത് രാഷ്‌ട്രീയ കൊലയ്‌ക്കും അക്രമങ്ങള്‍ക്കും പുറമെ പാമ്പിന്‍ വിഷവും പുലിത്തോലും കടത്തുന്നതിലും രജീഷിനു മുഖ്യപങ്കുണ്ട്. ഇതില്‍ കേരളത്തിനു പുറത്ത് ചില കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഒരിക്കല്‍ പാമ്പിന്‍വിഷം കടത്തുകേസില്‍ അകപ്പെട്ടെങ്കിലും വിദഗ്‌ദ്ധമായി രക്ഷപ്പെടുകയായിരുന്നു. പത്തുവര്‍ഷം മുന്‍പ് പാമ്പിന്‍ വിഷം വില്‍ക്കുന്നതിനിടെ പിടിയിലായി രക്ഷപ്പെട്ട രജീഷിനെതിരെ ഹോസ്‌ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌് കോടതി അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മൂന്ന്‌കുപ്പി പാമ്പിന്‍ വിഷമാണ് രജീഷ് ഉള്‍പ്പെട്ട സംഘത്തില്‍ നിന്നും കണ്ടെടുത്തിരുന്നത്. 2002 ഏപ്രില്‍ ആറിനാണ് കേസിനാസ്‌പദമായ സംഭവം. വിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതികളുടെ മൊഴികൂടി രേഖപ്പെടുത്താനിരിക്കുകയാണ്. രജീഷ് ഹാജരാകാത്തതിനാലാണ് അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കൊലപാതകത്തിനൊരു ഫ്‌ളാഷ് ബാക്ക് കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ സി.പി.എം പ്രതിസ്‌ഥാനത്ത് വന്ന കൊലപാതക കേസുകളില്‍ രജീഷിന്റെ സജീവ പങ്കാളിത്തമുണ്ടെന്നാണ് പോലീസ് നിഗമനം. 1999 -ല്‍ യുവമോര്‍ച്ച സംസ്‌ഥാന അധ്യക്ഷന്‍ കെ.ടി. ജയകൃഷ്‌ണനെ ക്ലാസ് മുറിയില്‍ പിഞ്ചുകുട്ടികളുടെ മുന്നിലിട്ട് അരിഞ്ഞുവീഴ്‌ത്തിയ കിരാത നടപടിക്ക് പിന്നില്‍ ഇയാള്‍ ഉണ്ടായിരുന്നുവെന്ന് ഇപ്പോഴാണ് വെളിപ്പെട്ടിരിക്കുന്നത്. തലശേരി ഈങ്ങയില്‍ പീടികയിലെ സുരേഷ് ബാബു വധം, മുഴപ്പിലങ്ങാട് സൂരജ് വധം, പാനൂരിലെ വിനയന്‍ വധം, ന്യൂമാഹി ഇരട്ടക്കൊല, കുന്നോത്ത് പറമ്പ് രജീഷ് വധം എന്നിവയിലും രജീഷിന്റെ സാന്നിധ്യമുണ്ടെന്നു ഇപ്പോള്‍ പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഈ കേസുകളിലൊന്നും രജീഷ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. പാനൂര്‍, കൂത്തുപറമ്പ്, തലശ്ശേരി മേഖലകളില്‍ നടന്ന കൊലപാതകങ്ങള്‍ അടക്കമുള്ള അക്രമങ്ങളില്‍ മുഖ്യപങ്ക് ടി.കെ വഹിച്ചിരുന്നതായാണ് പോലീസ് സംശയിക്കുന്നത്. കൊലനടക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പു മാത്രം സ്‌ഥലത്തെത്തുന്ന രജീഷ ് കൃത്യം നിര്‍വ്വഹിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അതിര്‍ത്തി കടന്നിരിക്കും. 2010 മെയ് 28 നാണ് ന്യൂമാഹിയിലെ ഇരട്ടക്കൊല നടക്കുന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബി.ജെ.പി. പ്രവര്‍ത്തകരായ വിജിത്തിനേയും ഷിനോജിനേയും ബോംബെറിഞ്ഞു വീഴ്‌ത്തി വെട്ടിക്കൊല്ലുകയായിരുന്നു. കേസില്‍ കൊടി സുനിയാണ് മുഖ്യപ്രതിയെങ്കിലും ബോംബെറിഞ്ഞു വീഴ്‌ത്തിയത് രജീഷാണെന്നു പോലീസ് കണ്ടെത്തി. എങ്കിലും രജീഷ് പിടിക്കപ്പെട്ടില്ല. കണ്ണൂരില്‍ ആര്‍ക്കുവേണ്ടിയും മനുഷ്യക്കശാപ്പ് നടത്താന്‍ തയാറുള്ള രജീഷ് മഹാരാഷ്‌ട്രയിലെ സാംഗ്ലിയിലും ഗുണ്ടാനേതാവാണ്. കൊല നടത്താന്‍ ആയുധമേന്തിയാല്‍ മരണം സുനിശ്‌ചിതമാക്കിയാല്‍ മാത്രമേ പിന്‍മാറൂ എന്ന സ്വഭാവമാണ് രജീഷിന്റേത്. തലയ്‌ക്കും മുഖത്തും മാത്രം വെട്ടുക എന്നതാണ് കൊലപാതക രീതി. 51 വെട്ടുകള്‍ മുഖത്ത് മാത്രം വെട്ടിയാണ് ടി.പി. ചന്ദ്രശേഖരനെ കൊന്നത്. കൊല്ലപ്പെട്ട കെ.ടി.ജയകൃഷ്‌ണന്റെ മുഖത്തിന്റെ ഒരുഭാഗം പൂര്‍ണമായും വെട്ടിമാറ്റിയ നിലയിലായിരുന്നു. മദ്യം വേണ്ട, കോഴി മതി നാമക്കല്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നു കോഴികളെ എത്തിച്ചു മാഹിയില്‍ കച്ചവടം നടത്തിയ ചരിത്രവും ടി.കെയ്‌ക്കുണ്ട്. എന്നാല്‍ മദ്യക്കടത്തില്‍ ഇയാള്‍ ഒരിക്കലും താല്‍പര്യം പ്രകടിപ്പിച്ചില്ല. മാഹിയില്‍ എത്തിക്കുന്ന കോഴികളെ ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ എത്തിച്ചും വില്‍പ്പന നടത്തി. നികുതി വെട്ടിച്ചാണ് കോഴികളെ കടത്തിയിരുന്നത്. ഇതിനു ഉദ്യോഗസ്‌ഥര്‍ക്ക് കൃത്യമായി തന്നെ പടിയും നല്‍കി. ഇങ്ങനെ ലക്ഷങ്ങളുണ്ടാക്കി. നാട്ടിലെത്തിയാല്‍ സുഹൃത്തുക്കളെ കൈയയച്ചു സഹായിക്കും. അടുത്ത സുഹൃദ്‌ബന്ധം രജീഷിനു നാട്ടിലാരുമായും ഇല്ല. വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത് ടി.പി വധത്തിലെ ടി.കെയുടെ മൊഴിയെടുത്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. കെ.ടി.ജയകൃഷ്‌ണന്‍, പാനൂരിലെ ബി.എം.എസ് പ്രവര്‍ത്തകന്‍ വി.സി.വിനയന്‍, കുന്നോത്തുപറമ്പിലെ കെ.സി.രാജേഷ്, മാഹിയിലെ ഷിനോജ്, വിജിത്ത് എന്നിവരെ അതിനിഷ്‌ഠൂരമായി കൊലപ്പെടുത്തിയ സംഭവങ്ങളിലും കൂത്തുപറമ്പില്‍ നടന്ന നിരവധി അക്രമ സംഭവങ്ങളിലും താന്‍ നേരിട്ട് പങ്കാളിയായിട്ടുണ്ടെന്ന മൊഴിയാണ് അന്വേഷണ സംഘത്തിന് രജീഷ് നല്‍കിയത്. കെ.ടി.ജയകൃഷ്‌ണന്‍, മുഴപ്പിലങ്ങാട്ടെ സൂരജ്, തലശേരി ഈങ്ങയില്‍ പീടികയില്‍ കുനിയില്‍ വീട്ടില്‍ സുരേഷ് ബാബു, ചമ്പാട് വടക്കേച്ചാലില്‍ വിനയന്‍ തുടങ്ങിയവരുടെ കൊലപാതകങ്ങളില്‍ തനിക്ക് പങ്കുള്ളതായി രജീഷ് മൊഴി നല്‍കിയിട്ടുണ്ടെത്രേ. നാട്ടിലെത്തിയാല്‍ മാഹിയിലെ ബാറുകളിലെ നിത്യസന്ദര്‍ശകനാണ്. മുംബൈയിലെ ഡാന്‍സ് ബാറിലും നിത്യ സന്ദര്‍ശകന്‍തന്നെ. മുംബൈയിലെ ഡാന്‍സ് ബാറിലെ സന്ദര്‍ശകനായിരുന്ന രജീഷ് അവിടെ വച്ചു പരിചയപ്പെട്ട റുബീനയുമായി പ്രണയത്തിലായിരുന്നു. കാമുകിയുമായി കൊല്‍ക്കത്തയിലേക്ക് കടക്കാന്‍ ഒരുങ്ങിയിരിക്കെയാണ് പോലീസ് പിടിയിലാകുന്നത്. കൊല്‍ക്കത്ത സ്വദേശിനിയാണ് നര്‍ത്തകിയായ റുബീന. കോടതിയില്‍ കണ്ടത് ശാന്തഭാവം. ദൈന്യത നിറഞ്ഞ കണ്ണുകള്‍. വിരിഞ്ഞ നെഞ്ച്, കാഴ്‌ച്ചയില്‍ 51 വെട്ടുവെട്ടി ജീവനെടുത്തവന്റെ ക്രൂരഭാവമൊന്നുമില്ല. ജഡ്‌ജി ചോദിക്കുന്നതിനു കൃത്യമായ ഉത്തരം. നിരാശ മുഖത്ത് കാണാനില്ല. എല്ലാ കണ്ണുകളും തന്റെ മേലാണെന്ന് അറിയാമെങ്കിലും ഭാവത്തില്‍ ഒരു മാറ്റവുമില്ല. റിമാന്‍ഡ് റിപ്പോര്‍ട്ട് വായിച്ച്, കുറ്റം ചെയ്‌തിട്ടുണ്ടോ എന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന് ഇല്ല എന്ന മറുപടി. പത്തുമിനുട്ട് കൊണ്ട് കോടതി നടപടി ക്രമം പൂര്‍ത്തിയായി പുറത്തിറങ്ങിയപ്പോള്‍ പുറത്ത് പുരുഷാരം അസഭ്യവര്‍ഷം ചൊരിയുന്നുണ്ടായിരുന്നു. അതൊന്നും തന്നോടല്ലെന്ന മട്ടില്‍ പോലീസ് ജീപ്പിലേക്ക്. |
Thursday, June 21, 2012
പട്ടാളക്യാമ്പില്‍ നിന്നെത്തിയ ക്വട്ടേഷന്‍ ഭീകരന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment