Friday, June 1, 2012

സംരക്ഷിക്കപ്പെടട്ടെ, കുഡുംബികളുടെ അവകാശങ്ങള്‍


ഒരു അപ്രതീക്ഷിത അവകാശസമരം ഇക്കഴിഞ്ഞ ബുധനാഴ്ച കൊച്ചി എന്ന വ്യാപാരനഗരത്തെ ഒട്ടൊന്നു സ്തംഭിപ്പിച്ചു. പട്ടികജാതി ലിസ്റ്റില്‍ ഇടം ആവശ്യപ്പെട്ടാണ് അന്‍പതിനായിരത്തില്‍പ്പരം കുഡുംബി സേവാസംഘം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. പൊലീസിനെ മുന്‍കൂര്‍ വിവരം ധരിപ്പിച്ചായിരുന്നു തെരുവിലേക്കു പ്രകടനമായി നിരന്നതെന്ന് കുഡുംബി സേവാ സംഘം ഭാരവാഹികള്‍. മുന്നറിയിപ്പോ അനുമതിയോ ഇല്ലാതെയായിരുന്നു സമരം എന്നു പൊലീസിന്‍റെ ഭാഷ്യം. എന്തായാലും കുഞ്ഞുങ്ങളും കുട്ടികളും സ്ത്രീകളും വൃദ്ധരുമടക്കം കുഡുംബി സമുദായം നടത്തിയ അവകാശ സമരം ഫലത്തില്‍ കൊച്ചിയുടെ നഗരവഴികളെ കൊട്ടിയടച്ചു. സമൂഹത്തിലെ ഉന്നതരും സാധാരണക്കാരുമടക്കം നിത്യജീവിതസന്ധാരണത്തിനു നഗരത്തിലേക്കെത്തുന്നവര്‍, ബസുകളിലും കാറുകളിലും കാല്‍നടയിലുമായി മണിക്കൂറുകളോളം കുരുക്കില്‍ സ്തംഭിച്ചു കിടന്നു. റെയ്ല്‍വേ സ്റ്റേഷനിലേക്കും സമരക്കാരുടെ നിര നീണ്ടു. ട്രെയ്നുകള്‍ക്കും വഴി മുടങ്ങി. പൊലീസും സമരക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുഭാഗത്തും ചിലര്‍ക്കു പരുക്കേറ്റു. നഗരത്തിന്‍റെ സഞ്ചാരം മുട്ടിച്ച സമരക്കാരെ പെരുവഴിയില്‍ തടഞ്ഞ പൊലീസ് സേന അവരെ ലാത്തിവീശി തുരത്തി.

സമരക്കാര്‍ സൃഷ്ടിച്ച പ്രതിസന്ധിയില്‍ മാര്‍ഗതടസം സംഭവിച്ചതു സാധാരണക്കാര്‍ക്കു മാത്രമല്ല എന്നതു പ്രശ്നത്തിന്‍റെ ഗൗരവം പെരുപ്പിച്ചു. ഗതാഗതക്കുരുക്കില്‍ രണ്ടു ഹൈക്കോടതി ജഡ്ജിമാരുടെ വാഹനങ്ങള്‍ ഇരുപതു മിനുറ്റോളം ചലനമറ്റു കിടന്നു. ആംബുലന്‍സ്, ഫയര്‍ഫോഴ്സ് വാഹനങ്ങളും വഴിയില്‍പ്പെട്ടു. മാര്‍ഗതടസം സംഭവിച്ച ജഡ്ജിമാര്‍ അഡ്വക്കെറ്റ് ജനറിലിനോടും ഹൈക്കോടതി രജിസ്ട്രാറോടും വിശദീകരണം തേടി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ സമക്ഷത്തു വിളിച്ചു വരുത്തി ശാസിച്ചു. മുന്നറിയിപ്പില്ലാതെ തെരുവിലിറങ്ങിയ കുഡുംബി സേവാ സംഘക്കാരെ തടയുന്നതില്‍ വീഴ്ച സംഭവിച്ചതിനു പൊലീസിന്‍റെ ക്ഷമാപണം. സമരക്കാര്‍ വഴി തടസമാക്കുമെന്നും, അതില്‍ വിഐപികള്‍ പോലും പെട്ടുപോകുമെന്നും മേലാവില്‍ മുന്‍കൂര്‍ വിവരം ധരിപ്പിക്കാതിരുന്നതു ജില്ലയിലെ സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ പരാജയം.

ഇത്തരം ഗതാഗതക്കുരുക്കുകളില്‍ നിത്യേന പെട്ടുപോവുന്നുണ്ട് ഇന്നാട്ടിലെ കാല്‍നടക്കാരും ബസ് യാത്രക്കാരുമെല്ലാം. റോഡുകള്‍ നെടുകെ വെട്ടിപ്പിളര്‍ക്കുമ്പോള്‍, കേബിള്‍ ഇടാന്‍ നിരത്തു കുഴിച്ചു പാതാളമാക്കുമ്പോള്‍, പൊതുനിരത്തുകള്‍ കുണ്ടും കുഴിയും പൊട്ടി ഗതാഗതയോഗ്യമല്ലാതാകുമ്പോള്‍, കൊടിയും ബീക്കണ്‍ ലൈറ്റും വച്ച വിഐപി വാഹനജാഥകള്‍ക്കു വഴിയൊരുക്കാന്‍ പൊലീസുകാര്‍ ആട്ടിത്തുരത്തുമ്പോള്‍, ശക്തിപ്രകടനങ്ങള്‍ നെഞ്ചിനു നേരെ മുഷ്ടിചുരുട്ടിയടുക്കുമ്പോള്‍, ഹര്‍ത്താലുകളും ബസ് പണിമുടക്കുകളും മിന്നല്‍ വേഗത്തില്‍ പൊട്ടിവീഴുമ്പോള്‍... അങ്ങനെ നിത്യേനയെന്നോണം വഴിയില്‍പ്പെട്ടു സമയത്തു ജോലിസ്ഥലം പൂകാനും മടങ്ങി വീടെത്താനും കഴിയാതെ പോകുന്നുണ്ട്, സ്ഥാനമാനങ്ങളില്ലാത്ത സാദാ ജീവിതങ്ങള്‍ക്ക്. അവര്‍ക്കൊന്നും പൊലീസ് കമ്മിഷണര്‍മാരെ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ പാങ്ങില്ല എന്നതു ജനാധിപത്യത്തിന്‍റെ തലതിരിവ്.

അതെന്തുമാവട്ട, കുഡുംബി സേവാ സംഘക്കാര്‍ നടത്തിയ അവകാശസമരം ഫലത്തില്‍ വഴി തടയലും മനുഷ്യാവകാശ ലംഘനവും നിയമലംഘനവുമായി കലാശിച്ചു. അതിന്‍റെ ഫലം ബുധനാഴ്ച രാത്രി തന്നെ പൊലീസ് സേന അവരെ അനുഭവിപ്പിക്കുകയും ചെയ്തു. നിയമലംഘകരെ അവരുടെ കുടികളില്‍ച്ചെന്നു വിളിച്ചിറക്കി കസ്റ്റഡിയിലെടുത്തു കര്‍ത്തവ്യനിര്‍വഹണത്തിലെ പിഴവു തീര്‍ത്തു, പൊലീസ്. ഇരുപതിനായിരത്തോളം കുഡുംബി സേവാ സംഘം പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തു. സംഘം ഭാരവാഹികളടക്കം ചിലര്‍ അക്രമത്തിന് അറസ്റ്റിലായി. നിയമം ചിലപ്പോള്‍ അതിന്‍റെ വഴിയേ തന്നെ പോകും. വണങ്ങേണ്ടവരെ കണ്ടാല്‍ നിയമം ചിലപ്പോള്‍ തീണ്ടാപ്പാടകലെ വഴിമാറി നടക്കുകയും ചെയ്യും. അതെല്ലാം നമ്മള്‍ കണ്ടും അറിഞ്ഞും അനുഭവിച്ചും ശീലിച്ച നാട്ടുനടപ്പുകള്‍.

പ്രകടനത്തിനു തെരുവിലേക്കിറങ്ങിയവരെയും അവരുടെ നേതാക്കളെയും ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. ഗതാഗതക്കുരുക്കും വലിയ മാര്‍ഗതടസവും സൃഷ്ടിച്ച നിയമലംഘനത്തിന് അര്‍ഹിക്കുന്നതു തന്നെ അവര്‍ക്ക് വിധിക്കപ്പെടട്ടെ. അക്ഷരശൂന്യരെന്നും വിവരംകെട്ടവരെന്നും ചാനല്‍ ചര്‍ച്ചകളില്‍ ആക്ഷേപിക്കപ്പെട്ട കുഡുംബി സമുദായ നേതാക്കള്‍, നമുക്കു കേട്ടുപരിചയമില്ലാത്ത അവരുടെ അന്യദേശഭാഷയില്‍, ആവുമെങ്കില്‍ മറുപടിയും പറയട്ടെ.

പക്ഷേ, സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്നു കുടിയൊഴിക്കപ്പെട്ട തീരെച്ചെറിയ ഒരു സമുദായത്തിന്‍റെ ചരിത്രവും പരിദേവനങ്ങളും ഈ കോലാഹലത്തില്‍ വിസ്മരിക്കപ്പെട്ടു പോകാതിരിക്കണം. പതിമൂന്നാം നൂറ്റാണ്ടില്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ പടയോട്ടക്കാലത്തും, പിന്നെ 1560ല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ഭയന്നുമെല്ലാം ഗോവയില്‍ നിന്നുള്ള ഗൗഡസാരസ്വത ബ്രാഹ്മണരുടെ (കൊങ്ങിണി) പലായനത്തിന്, പെട്ടിയും പായയും ചുമന്നു തുണപോന്ന അവിടത്തെ പിന്നാക്ക സമുദായക്കാരാണ് കുഡുംബി എന്ന കുന്‍ബികള്‍ അഥവാ കുറുംബര്‍. പന്തലു കെട്ടിയും പപ്പടം നിര്‍മിച്ചും കൊച്ചിയിലെ കായല്‍ നിലങ്ങളില്‍ ചെട്ടിവെരിപ്പു നെല്ലിനം വിളയിച്ചും വീട്ടുവേല ചെയ്തും തങ്ങളുടേതല്ലാത്ത നാട്ടില്‍ ആരോരുമല്ലാതെ നിരവധി തലമുറകള്‍ ജീവിച്ചു തീര്‍ത്തവരാണു കുഡുംബികള്‍. 

കേരളത്തിന്‍റെ സാമൂഹ്യപരിഷ്കര്‍ത്താക്കളില്‍ നിന്നു വീര്യം പകര്‍ന്നു കിട്ടിയ ഗാന്ധി കൃഷ്ണനാണ് കുഡുംബി സമുദായക്കാരുടെ ആദ്യ സംഘാടകനും നേതാവും. 1937ല്‍ കൊച്ചി രാജാവിനു ഗാന്ധി കൃഷ്ണന്‍ സമര്‍പ്പിച്ച മെമ്മോറാണ്ടം കുഡുംബി സമുദായത്തിലെ കുട്ടികള്‍ക്കു വിദ്യാഭ്യാസ ഫീസിളവ് നേടിക്കൊടുത്തു. പിന്നാക്കസമുദായമെന്നു പരിഗണന കല്‍പ്പിച്ച മഹാരാജാവ് കൊച്ചി ലെജിസ്ലേറ്റിവ് കൗണ്‍സിലില്‍ ശന്തല്യന്‍ മാസ്റ്ററെ നോമിനേറ്റഡ് അംഗമാക്കി. 2006-2007ല്‍ കുഡുംബി സേവാ സംഘം നടത്തിയ നിരാഹാരസമരവും പ്രക്ഷോഭവും പ്രൊഫഷനല്‍ കോഴ്സുകളിലെ അഡ്മിഷന് ഒരു ശതമാനം സംവരണം നേടുന്നതിനു വഴിതുറന്നു. സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന സമുദായങ്ങളുടെ പട്ടികയില്‍ (എസ്ഇബിസി) കുഡുംബികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട് സര്‍ക്കാര്‍. അതിലപ്പുറം എടുത്തുപറയാവുന്ന മേല്‍വിലാസങ്ങളോ അറിയപ്പെടുന്ന മഹാവ്യക്തിത്വങ്ങളെയോ കേരളത്തില്‍ നേടിയിട്ടില്ല, പഴയ മറാഠി ഭക്തകവി തുക്കാറാമിന്‍റെ ഇന്നാട്ടിലെ പിന്മുറക്കാര്‍. 

അക്ഷരശൂന്യരെന്നും അവിവേകികളെന്നും ആക്ഷേപിക്കപ്പെടാന്‍ പോന്നത്ര പിന്നാക്കാവസ്ഥയിലാണ് ഈ സമുദായം ഇപ്പോഴും. സമൂഹം മുന്നോട്ടു കുതിക്കുമ്പോള്‍ പിന്നിലേക്കു തഴയപ്പെട്ടു പോകുന്നവരെ ഒപ്പം കൂട്ടണം നമ്മള്‍ എന്നു വിവക്ഷിക്കുന്നു, ഇന്ത്യന്‍ ഭരണഘടന. പട്ടികജാതി ലിസ്റ്റില്‍പ്പെടാനുള്ള കുഡുംബികളുടെ സമരത്തിന്‍റെ ന്യായാന്യായങ്ങള്‍ ഇവിടെ പരിശോധിക്കുന്നില്ല. പക്ഷേ, നീതിന്യായത്തിന്‍റെയും ശിക്ഷാനിയമത്തിന്‍റെയും ദണ്ഡനത്തിനു വിധേയരാക്കപ്പെടുമ്പോള്‍ കുഡുംബികള്‍ ശബ്ദമുയര്‍ത്തുന്നതു ഭരണഘടനാലബ്ധമായ നിലനില്‍പ്പവകാശത്തിനു വേണ്ടി എന്നതു മറന്നുപോവരുത്, പൊതുസമൂഹവും മാധ്യമങ്ങളും. ആദ്യം ഭരണഘടന അനുശാസിക്കുന്ന സുരക്ഷ നല്‍കണം. അതുകഴിഞ്ഞാവണം ക്രിമിനല്‍ നിയമലംഘനത്തിന്‍റെ പേരില്‍ വേട്ടയാടലും ശിക്ഷയും. പഴയ കൊച്ചി മഹാരാജാവിനോളമെങ്കിലും ഹൃദയവിശാലത വേണ്ടേ നമ്മുടെ പരിഷ്കൃത ജനായത്തത്തിന്? 

No comments:

Post a Comment