Tuesday, June 5, 2012

മാധ്യമവിചാരണയും നിയമവും


ഭാരതത്തിന്റെ ഭരണവ്യവസ്ഥ നിയമസഭകള്‍, കോടതികള്‍, ഗവണ്‍മെന്റ് എന്നീ മൂന്നു സംവിധാനങ്ങളിലാണ് നിലനില്‍ക്കുന്നത്. ഈ മൂന്നു സംവിധാനങ്ങള്‍ക്കു പുറമെ മാദ്ധ്യമങ്ങളും കൂടിയതാണ് നമ്മുടെ ജനാധിപത്യത്തിന്റെ ആണിക്കല്ല്. ജനാധിപത്യ സംവിധാനത്തില്‍ മാദ്ധ്യമങ്ങള്‍ക്കുള്ള പങ്ക് ഇന്ന് പരക്കെ അംഗീകരിച്ചിട്ടുള്ളതാണ്. കഴിഞ്ഞ ഒരു ദശകമായി ഭരണ സംവിധാനത്തില്‍ മാദ്ധ്യമങ്ങള്‍ക്കുള്ള പങ്ക് നിര്‍ണായകമായി വര്‍ധിച്ചിട്ടുണ്ട്. ദൃശ്യമാദ്ധ്യമങ്ങളുടെ വരവോടെയാണ് ഈ പ്രതിഭാസം കൂടുതല്‍ ശക്തി ആര്‍ജിച്ചിട്ടുള്ളത്.

നാട്ടില്‍ നടക്കുന്ന വിവിധങ്ങളായ സംഭവങ്ങളെപ്പറ്റിയുള്ള വിവരം സാമാന്യ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നത് വലിയളവോളം മാദ്ധ്യമങ്ങളാണ്. ക്രിമിനല്‍കുറ്റങ്ങളെ കുറിച്ചുള്ള മാദ്ധ്യമ വാര്‍ത്തകള്‍ ജനങ്ങളില്‍ വലിയ സ്വാധീനം ഉണ്ടാക്കുന്നുണ്ട്. വെറും ഒരു സാധാരണ കുറ്റാന്വേഷണമായിരുന്ന ആരുഷി കൊലക്കേസും മറ്റും പര്‍വതീകരിച്ച മാദ്ധ്യമങ്ങളുടെ നടപടി ഇതിന് ഉദാഹരണമാണ്. ഈ പശ്ചാത്തലത്തിലാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി കേരള ഹൈക്കോടതിയില്‍ നല്‍കിയ കോര്‍ട്ടലക്ഷ്യ ഹര്‍ജിയുടെ പ്രസക്തി ചര്‍ച്ച ചെയ്യപ്പെടേണ്ടത്.
ടി പി ചന്ദ്രശേഖരന്റെ ദാരുണമായ കൊലപാതകത്തെതുടര്‍ന്ന് മാദ്ധ്യമങ്ങളില്‍ സി പി എം ആണ് അതിനുത്തരവാദി എന്നുള്ള പ്രചരണങ്ങളും രാഷ്ട്രീയ-ഭരണ നേതാക്കന്മാരുടെ പ്രസ്താവനകളും ആ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. ചിലയാളുകളെ പൊലീസ് അറസ്റ്റ് ചെയ്യുകയും അവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു എന്ന് പറയുന്ന മൊഴികളും മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച് അറസ്റ്റു ചെയ്തവരും കൂട്ടാളികളും ഗൂഡാലോചന നടത്തിയെന്നു പറയുന്ന ഉന്നത നേതാക്കളുമാണ് കുറ്റം ചെയ്തത് എന്ന പ്രതീതി ഇതിനകം ജനിപ്പിച്ചു കഴിഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികളുടെ മൊഴികള്‍ മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് തടയണമെന്നും കോടതി പരിഗണിക്കുന്നതിനു മുമ്പുതന്നെയുള്ള മാദ്ധ്യമവിചാരണ തടയണമെന്നുമാണ് സി പി എം ജില്ലാ സെക്രട്ടറിയുടെ ഹര്‍ജി.
ഇക്കാര്യത്തില്‍ മാദ്ധ്യമങ്ങള്‍ നടത്തുന്ന വിചാരണ എത്രകണ്ട് നിയമപരമാണ് എന്ന് വിശകലനം ചെയ്യേണ്ടതാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ മാദ്ധ്യമങ്ങളുടെ പങ്ക് കുറച്ചുകാണാനല്ല ഈ ഉദ്യമം. ഇപ്പോള്‍ നടക്കുന്ന മാദ്ധ്യമ വിചാരണ നിലവിലുള്ള നിയമവ്യവസ്ഥകളും വിധിന്യായങ്ങളും അനുസരിച്ച് എത്ര കണ്ട് നിയമപരമാണ് എന്നു മാത്രമാണ് ഇവിടെ പരിശോധിക്കുന്നത്.
കൊളോണിയല്‍ പാരമ്പര്യം പേറുന്ന പിന്തിരിപ്പന്‍ നിയമമാണ് ഇന്ത്യയില്‍ നിലവിലുള്ള കോടതിയലക്ഷ്യ നിയമം. ഈ നിയമത്തിന്റെ സമഗ്രമായ പൊളിച്ചെഴുത്ത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കോടതികള്‍ക്കും ജഡ്ജിമാര്‍ക്കും മറ്റൊരു സ്ഥാപനത്തിനും ഉദ്യോഗസ്ഥനും ഇല്ലാത്ത അപ്രമാദിത്വവും പരിരക്ഷയും കൊടുക്കുന്ന ഈ നിയമംസമകാലീന യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാത്തതാണ്. എങ്കിലും ഒരു അഭിഭാഷകനെന്ന നിലയില്‍ ഇപ്പോള്‍ നിലവിലുള്ള കോടതിയലക്ഷ്യ നിയമത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ നിന്നും മാദ്ധ്യമ വിചാരണയെ വിശകലനം ചെയ്യുമ്പോള്‍ ഇപ്പോള്‍ നടക്കുന്ന മാദ്ധ്യമ വിചാരണകള്‍ തികച്ചും അതിരുകടന്നതാണ് എന്നു പറയേണ്ടിവരും. ഈ അഭിപ്രായം ഏതെങ്കിലും ഒരു പ്രസ്ഥാനത്തേയോ വ്യക്തിയേയോ കുറ്റവിമുക്തമാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല.
കോടതിതന്നെ വിചാരണ നടത്തി തള്ളിക്കളഞ്ഞ നിരവധി കേസുകളുടെ സത്യാവസ്ഥ കണ്ടുപിടിച്ച് അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ പുനര്‍ജീവിപ്പിച്ച് കുറ്റവാളികളെ പുനര്‍വിചാരണ നടത്തിയിട്ടുള്ള നിരവധി ഉദാഹരണങ്ങള്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ തന്നെയുണ്ട്. ജസിക്കാലാല്‍ കേസ്, ഗുജറാത്തിലെ സയ്യദ് ജാഫ്രി കേസ്, ബെസ്റ്റ് ബേക്കറി കേസ് എന്നിവ ഉദാഹരണങ്ങളാണ്.
എന്നാല്‍ പൊലീസ് പ്രഥമവിവര റിപ്പോര്‍ട്ട് രേഖപ്പെടുത്തി കുറ്റാന്വേഷണത്തിന്റെ പ്രാരംഭദശയില്‍ മാത്രമായിട്ടുള്ള കേസുകളില്‍ അന്വേഷണത്തിന്റെ ഓരോ ചലനങ്ങളും കൂലംകഷമായി പൊതുജനമധ്യത്തില്‍ ചര്‍ച്ച ചെയ്ത് കുറ്റവാളികളെ കണ്ടെത്താനുള്ള പ്രവണത എത്രകണ്ട് ആശാസ്യമാണ് എന്നുള്ളതാണ് പ്രശ്‌നം.
ഇന്ത്യയില്‍ നിലവിലുള്ള നിയമസംവിധാനത്തില്‍ അന്വേഷണദശയില്‍ ഉള്ള ഒരു കുറ്റകൃത്യത്തെപ്പറ്റി മാദ്ധ്യമവിചാരണ നിഷിദ്ധമാണ്. ഇന്ത്യ റിപ്പബ്ലിക്കായ 1950 മുതല്‍ തുടര്‍ച്ചയായി ഇന്നുവരെ ഇന്ത്യയിലെ ഉന്നത നീതിന്യായ സ്ഥാപനങ്ങള്‍ എടുത്തിട്ടുള്ള ഏകകണ്ഠമായ നിലപാടാണിത്.
ഈ അടുത്ത അവസരത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ചീഫ് എഡിറ്ററുടെ കേസില്‍ 2011 ല്‍ സുപ്രിം കോടതി മാദ്ധ്യമങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ പ്രസ്താവിച്ചിട്ടുള്ളതാണ്. മാദ്ധ്യമങ്ങളുടെ, പ്രത്യേകിച്ച് ദൃശ്യമാദ്ധ്യമങ്ങളുടെ ശക്തി വളരെ വലുതാണ്. അത് ജനങ്ങളെ വലിയതോതില്‍ സ്വാധീനിക്കുന്നു. അതുകൊണ്ടുതന്നെ മാദ്ധ്യമങ്ങള്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ട്. തെറ്റായതോ ഉത്തരവാദിത്വമില്ലാത്തതോ ആയ വാര്‍ത്തകള്‍ മാദ്ധ്യമങ്ങള്‍ കൊടുക്കരുത്. സ്വയം തീര്‍ക്കുന്ന ലക്ഷ്മണ രേഖകള്‍ ഇല്ലെങ്കില്‍ മാദ്ധ്യമങ്ങളുടെ ശക്തി സമൂഹത്തിനുതന്നെ ഹാനികരമാകും. ഇത്തരം വാര്‍ത്തകള്‍ വ്യക്തികളുടേയും പ്രസ്ഥാനങ്ങളുടേയും നല്ല പേരിന് തീര്‍ത്താല്‍ തീരാത്ത കളങ്കം വരുത്തും. (2011(2) കെ എല്‍ ടി 882). ദൃശ്യമാദ്ധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്യുമ്പോള്‍ പാലിക്കേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ച് കേരള ഹൈക്കോടതി രാജാജി മാത്യു തോമസിനെതിരായ കൈരളി ടി വി ഉടമകളായ മലയാളം കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ മമ്മൂട്ടിയുടെ 2006(3)കെ എല്‍ ടി 335 എന്ന കേസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ക്രിമിനല്‍ കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള മാദ്ധ്യമ വാര്‍ത്തകളെ കുറേക്കൂടി ഗൗരവമായാണ് നീതിന്യായ സ്ഥാപനങ്ങള്‍ കാണുന്നത്. ഒരു കുറ്റകൃത്യം നടന്നുകഴിയുമ്പോള്‍ തന്നെ അതിലെ പ്രതികളെ പ്രഖ്യാപിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് കടുത്ത കോടതിയലക്ഷ്യമായാണ് കോടതികള്‍ കണക്കാക്കുന്നത്. 1950 മുതല്‍ നിരവധി കേസുകളില്‍ കേരള ഹൈക്കോടതി തന്നെ ഇപ്രകാരം തീക്ഷ്ണ നിലപാടുകള്‍ എടുത്തിട്ടുള്ളതായി കാണാം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസിദ്ധീകരണമായിരുന്ന നവജീവന്‍ എന്ന പത്രത്തിന്റെ ചീഫ് എഡിറ്ററും പിന്നീട് മലയാള മനോരമയുടെ എഡിറ്ററുമായിരുന്ന അന്തരിച്ച ടി കെ ജി നായര്‍ക്ക് എതിരായുള്ള കോര്‍ട്ടലക്ഷ്യകേസില്‍ (1960 കെ എല്‍ ടി 792) പത്രപ്പരസ്യം എന്നത് ഭരണഘടന പൗരന് നല്‍കിയിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യം എന്ന മൗലിക അവകാശത്തില്‍ നിന്ന് ഉത്ഭവിച്ചതാണ് എന്നും പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ കൂടുതല്‍ ഒന്നും പത്രസ്വാതന്ത്ര്യത്തിലില്ല എന്നും പ്രഖ്യാപിച്ചു. നീതിപൂര്‍വകമായ കുറ്റവിചാരണയ്ക്കുള്ള അവകാശത്തെ ഹനിക്കുന്ന മാദ്ധ്യമവിചാരണ അനുവദനീയമല്ല എന്നും പ്രഖ്യാപിച്ചു. ഈ കേസില്‍ പി എസ് പി നേതാവായ സി ജി ജനാര്‍ദ്ദനന്‍ സര്‍ക്കാരിനെതിരെ നടത്തിയ ഒരു സമരത്തിനെതിരെ പൊലീസ് കേസ് എടുത്തതുമായി സംബന്ധിച്ച് ജാഥയുടെ സ്വഭാവത്തെപ്പറ്റിയുള്ള വാര്‍ത്തയാണ് കോടതിയലക്ഷ്യമായി കണ്ടത്.
വിഖ്യാത നിയമജ്ഞനായ കൂപ്പറുടെ അഭിപ്രായത്തില്‍, ഒരു പത്രാധിപര്‍ക്ക് പത്രസ്വാതന്ത്ര്യത്തിന്റെ പേരില്‍ കോടതിയുടെ അവകാശം കവര്‍ന്നെടുക്കാനാവില്ല. നിയമം ഉറപ്പുവരുത്തുന്ന നീതിപൂര്‍വകമായ വിചാരണ എന്ന അവകാശം പത്രവാര്‍ത്തകളിലൂടെ കളങ്കപ്പെടുത്തുന്നതിന് അവകാശമില്ല.
നീതിപൂര്‍വമായ വിചാരണ ഉറപ്പുവരുത്തുന്നതിന് കോടതികള്‍ക്കുള്ള ഉത്കണ്ഠ വിളിച്ചറിയിക്കുന്നതാണ് എ കെ ഗോപാലന്‍ (എ ഐ ആര്‍ 1960 എസ് സി 694) കേസിലെ സുപ്രിംകോടതി വിധി. ഒരു കുറ്റകൃത്യത്തെപ്പറ്റി പ്രഥമവിവര റിപ്പോര്‍ട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നെ കോടതി നടപടി ആരംഭിക്കുന്നതായി കണക്കാക്കാമെന്നും പിന്നീട് കേസിലെ വിശദാംശങ്ങളും അവ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും പ്രസിദ്ധീകരിക്കുന്നത് ജഡ്ജിയുടെ അഭിപ്രായത്തെ സ്വാധീനിക്കുന്നുവെന്നും വിധിയില്‍ നിരീക്ഷിക്കുന്നു. അതിനാല്‍ അപ്രകാരമുള്ള വാര്‍ത്തകള്‍ കോടതിയലക്ഷ്യ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി പ്രഖ്യാപിച്ചു.
ചന്ദ്രശേഖരന്‍ വധവുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന ഒരു കേസാണ് 1959 ലെ മത്തായി മാഞ്ഞൂരാന്‍ കേസ് (1959 കെ എല്‍ ടി 102) ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് തൃശൂര്‍ ജില്ലയില്‍ വരന്തരപ്പിള്ളി എന്ന സ്ഥലത്ത് ഒരു ജാഥക്കുനേരെ ആക്രമണമുണ്ടാവുകയും അഞ്ചുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. പൊലീസ് പ്രഥമ റിപ്പോര്‍ട്ട് രേഖപ്പെടുത്തി കേസ് എടുത്തു. ഈ അവസരത്തില്‍ മത്തായി മാഞ്ഞൂരാന്‍ എന്ന രാഷ്ട്രീയ നേതാവ് നടത്തിയിരുന്ന 'കേരളപ്രകാശം' എന്ന ദിനപത്രത്തില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ടെന്നും സംഭവം നടന്നത് ഇപ്രകാരമാണെന്നും വിവരിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഈ വാര്‍ത്തയ്‌ക്കെതിരെ കേരള ഹൈക്കോടതി കോര്‍ട്ടലക്ഷ്യ നടപടിയെടുക്കുകയും മത്തായി മാഞ്ഞൂരാനെ ശിക്ഷിക്കുകയും ചെയ്തു. ഈ കേസില്‍ അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന കെ ടി കോശി മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുന്നതെങ്ങനെയെന്ന് വിശദീകരിച്ചു.
  1. വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍ കോടതിയില്‍ കേസ് നിലനില്‍ക്കണമെന്നില്ല
  2. വാര്‍ത്തയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കു പ്രസക്തിയില്ല
  3. വാര്‍ത്ത കോടതിയെ സ്വാധീനിക്കണമെന്നില്ല
  4. വാര്‍ത്ത പൊതജനമനസ്സുകളില്‍ പ്രതിയെപ്പറ്റി സംശയത്തിന്റെ നിഴല്‍ വീഴ്ത്തുന്നതിന് ഉതകുമെങ്കില്‍ അത് കോര്‍ട്ടലക്ഷ്യമാകും.
ദേശാഭിമാനിയുടെ പത്രാധിപരായിരുന്ന ഇന്ദുചൂഡനെതിരെ കോര്‍ട്ടലക്ഷ്യകേസില്‍ (1961 കെ എല്‍ ടി 347) പ്രസിദ്ധമായ ഒരു ഇംഗ്ലീഷ് കേസ് ഉദ്ധരിച്ചുകൊണ്ട് കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പറഞ്ഞത് ഇപ്രകാരമാണ്.
''കേസുകളുടെ വസ്തുതകളെക്കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന്റെ ഉദ്ദേശ്യം പലപ്പോഴും കോടതികളെ സ്വാധീനിക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. അത് കോടതിയുടെ നിയമപരവും നിഷ്പക്ഷവുമായ വിധിയെഴുത്തിനെ ഇല്ലായ്മ ചെയ്യുന്നു. ഇത് കോടിയെ വന്ധ്യംകരിക്കുന്നതിന് തുല്യമാണ്. നീതിയുടെ അനര്‍ഗളപ്രവാഹത്തെ ഉത്ഭവത്തില്‍വെച്ചുതന്നെ വിഷലിപ്തമാക്കാനേ ഇത്തരം വാര്‍ത്തകള്‍ ഉപകരിക്കൂ.''
''കോടതി നടപടികളെപ്പറ്റി തെറ്റിധാരണ പരത്തുന്നതും വിധിവരുന്നതിനുമുമ്പുതന്നെ പൊതുജനങ്ങളില്‍ കേസിനെപ്പറ്റിയുള്ള അഭിപ്രായം ഉണ്ടാക്കുന്നതുപോലെ ഹീനമായ ഒരു പ്രവൃത്തി ഒരു ഭാഗത്തുനിന്നും പാടുള്ളതല്ല''.
ഈ കേസില്‍ തന്നെ തെറ്റായ വാര്‍ത്തകള്‍കൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകള്‍ വിവരിച്ച്
''ഒരു വ്യക്തിയെ മാദ്ധ്യമവിചാരണ നടത്തി കുറ്റക്കാരനെന്ന് വിധിച്ചതിനുശേഷം കോടതി ആ വ്യക്തിയെ വെറുതെവിട്ടാല്‍പോലും ജനമനസ്സുകളില്‍ ആ വ്യക്തിയെപ്പറ്റി ഉണ്ടാക്കിയ അഭിപ്രായം തുടച്ചുമാറ്റപ്പെടില്ല. നിരപരാധി എന്ന് കോടതി വിധിക്ക് യാതൊരു പ്രസക്തിയുമില്ല''
എന്നും കോടതി അഭിപ്രായപ്പെട്ടു.
മേല്‍ ഉദ്ധരിച്ച കോടതിവിധികള്‍ കാണിക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ രണ്ട് ദശകങ്ങളില്‍ കോടതി നടപടികളെപ്പറ്റി വരുന്ന വാര്‍ത്തകള്‍ക്ക് പരിധിയുണ്ടായിരുന്നു എന്നാണ്. എന്നാല്‍ 21-ാം നൂറ്റാണ്ടോടെ ലോകത്തുതന്നെ വാര്‍ത്തയും പത്രപ്രവര്‍ത്തനവും വാണിജ്യവല്‍ക്കരണത്തിന്റെ ഭാഗമാവുകയും 'ബ്രേക്കിംഗ് ന്യൂസി' നുവേണ്ടിയുള്ള കിടമത്സരത്തില്‍ അപരന്റെ സ്വകാര്യതക്കും അഭിമാനത്തിനും വില ഇല്ലാതായി എന്നതുമാണ്.
അഡ്വ. രഞ്ജിത്ത് തമ്പാന്‍
(ജനയുഗത്തില്‍ പ്രസിദ്ധീകരിച്ചത്)

No comments:

Post a Comment