Tuesday, June 5, 2012

കൊലപാതക രാഷ്‌ട്രീയവും കമ്യൂണിസ്‌റ്റ്വിരുദ്ധ പ്രചാരവേലയും‍


കമ്യൂണിസ്‌റ്റുകാരനായ ചന്ദ്രശേഖരനെ കൊലചെയ്‌തവരെ അപലപിക്കുന്നുവെന്ന്‌

അവകാശപ്പെട്ടുകൊണ്ട്‌ പലരും കമ്യൂണിസത്തെയും അതിന്റെ രാഷ്‌ട്രീയവ്യവസ്‌ഥയെയും വെറും ഏകാധിപത്യമായി ചിത്രീകരിച്ചുകൊണ്ട്‌ ജനങ്ങളെ കമ്യൂണിസത്തില്‍നിന്ന്‌

അകറ്റാനാണ്‌ ശ്രമിക്കുന്നതെന്നത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്‌

ടി.പി. ചന്ദ്രശേഖരന്റെ നിഷ്‌ഠൂരമായ കൊലപാതകത്തില്‍ ചിലര്‍ക്കുള്ള പങ്ക്‌ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരികയാണ്‌. രാഷ്ര്‌ടീയമായി വ്യത്യസ്‌ത അഭിപ്രായം പുലര്‍ത്തുന്നവരെ കായികമായി ആക്രമിച്ചു നിശബ്‌ദരാക്കുക എന്നത്‌ ഇവര്‍ ഒരു ശൈലിയായി വളര്‍ത്തിക്കൊണ്ടുവന്നുവെന്നതും പിന്നീടുണ്ടായ വെളിപ്പെടുത്തലുകള്‍ വ്യക്‌തമാക്കുന്നു. ഈ കൊലപാതകരാഷ്‌ട്രീയ ശൈലിയെ നിര്‍ദാക്ഷണ്യം തുറന്നുകാണിക്കേണ്ടതുമുണ്ട്‌. അക്കാര്യത്തില്‍ കമ്യൂണിസ്‌റ്റുകാര്‍ക്ക്‌ ഇതരജനാധിപത്യവാദികളുമായി സഹകരിക്കേണ്ടിയുംവരും. എന്നാല്‍ അതിന്റെമറവില്‍ ഒരുവിഭാഗം നടത്തുന്ന, കമ്യൂണിസംതന്നെ അക്രമരാഷ്‌ട്രീയത്തിലധിഷ്‌ഠിതമാണെന്ന കമ്യൂണിസ്‌റ്റ്വിരുദ്ധ പ്രചാരവേലയെക്കൂടി നേരിടാനുള്ള ജാഗ്രത പുരോഗമനവാദികള്‍ പുലര്‍ത്തേണ്ടതുണ്ട്‌.

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ കോഴിക്കോട്‌ മേയ്‌ 12 ന്‌ ചേര്‍ന്ന സാംസ്‌കാരിക കൂട്ടായ്‌മയില്‍ പങ്കെടുത്ത ചില സാഹിത്യകാരന്‍മാര്‍ തങ്ങളുടെ പ്രസംഗത്തില്‍ ഇത്‌ സ്‌റ്റാലിന്റെ റഷ്യയല്ല എന്ന്‌ ഓര്‍മിപ്പിച്ചു. ചന്ദ്രശേഖരനെ കൊന്നവരെ നേരിട്ട്‌ സ്‌റ്റാലിനുമായി ഉപമിക്കുകയാണവര്‍ ചെയ്‌തത്‌. മേയ്‌ 20 ലക്കം മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ എന്‍.എം. പിയേഴ്‌സണ്‍ ചന്ദ്രശേഖരന്റെ കൊലപാതകത്തെ വിമര്‍ശിച്ചെഴുതിയ ലേഖനത്തിലും മാര്‍ക്‌സും ലെനിനും സ്‌റ്റാലിനും പ്രതിനിധാനം ചെയ്യുന്ന സോഷ്യലിസം അടിച്ചമര്‍ത്തലിന്റെ ചങ്ങലകള്‍പേറുന്ന ഒന്നാണ്‌ എന്നു വ്യഞ്‌ജിപ്പിക്കുന്നു. അതേലക്കം മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ എം.പി. വീരേന്ദ്രകുമാര്‍ തന്റെ യാത്രാവിവരണത്തില്‍ കമ്യൂണിസത്തെ നാസിസത്തോടാണ്‌ താരതമ്യപ്പെടുത്തുന്നത്‌. അതേലക്കത്തില്‍തന്നെയുള്ള കെ. വേണുവിന്റെ ലേഖനത്തിലാകട്ടെ ചന്ദ്രശേഖരന്റെ കൊലപാതകം മാര്‍ക്‌സിസം-ലെനിനിസത്തിന്റെ മൗലികസ്വഭാവത്തില്‍നിന്ന്‌ ഉത്ഭവിക്കുന്നതാണെന്നും കമ്യൂണിസം കൈവെടിയലാണ്‌ അതിന്‌ പരിഹാരം എന്നുമാണ്‌ പറഞ്ഞുവെയ്‌ക്കുന്നത്‌. കമ്യൂണിസ്‌റ്റുകാരനായ ചന്ദ്രശേഖരനെ കൊലചെയ്‌തവരെ അപലപിക്കുന്നുവെന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ പലരും കമ്യൂണിസത്തെയും അതിന്റെ രാഷ്ര്‌ടീയ വ്യവസ്‌ഥയെയും വെറും ഏകാധിപത്യമായി ചിത്രീകരിച്ചുകൊണ്ട്‌ ജനങ്ങളെ കമ്യൂണിസത്തില്‍നിന്ന്‌ അകറ്റാനാണ്‌ ശ്രമിക്കുന്നതെന്നത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടകാര്യമാണ്‌.

കമ്യൂണിസം, നാസിസം എന്നീ ഏകാധിപത്യ പ്രത്യയശാസ്‌ത്രങ്ങള്‍ മധ്യയൂറോപ്പില്‍ കയറൂരിവിട്ടത്‌ തിന്മയുടെ വാഴ്‌ചയായിരുന്നു എന്നാണ്‌ എം.പി. വീരേന്ദ്രകുമാര്‍ തന്റെ ലേഖനത്തില്‍ പറയുന്നത്‌. (മാതൃഭൂമി ആഴ്‌ചപതിപ്പ്‌ മേയ്‌ 20 ലക്കം). ലെനിനിസത്തിന്റെയും സ്‌റ്റാലിനിസത്തിന്റെയും കണ്ണൂര്‍ ലോബിയുടെയുമെല്ലാം ഫാസിസത്തിന്റെ പ്രചോദനകേന്ദ്രം ചന്ദ്രശേഖരനെപ്പോലുള്ള നിഷ്‌കളങ്കരായ സഖാക്കള്‍ താലോലിക്കുകയും മാറോടുചേര്‍ത്തുപിടിക്കുകയുംചെയ്‌ത ആ ഉദാത്ത സങ്കല്‍പ്പം അതെ, തൊഴിലാളിവര്‍ഗ സര്‍വാധിപത്യം, അതുതന്നെയാണ്‌ എന്നാണ്‌ കെ. വേണു എത്തുന്ന നിഗമനം. (മാതൃഭൂമി ആഴ്‌ചപതിപ്പ്‌ മേയ്‌ 20 ലക്കം). സ്‌റ്റീഫന്‍ ബ്രോണറെ ഉദ്ധരിച്ചുകൊണ്ടാണെങ്കിലും പിയേഴ്‌സണ്‍ എഴുതിയിരിക്കുന്നതിങ്ങനെയാണ്‌: മുതലാളിത്തത്തിന്റെയും സോഷ്യല്‍ അടിച്ചമര്‍ത്തലിന്റെയും ചങ്ങലകള്‍ പേറുന്ന സോഷ്യലിസമാണ്‌ മാര്‍ക്‌സ്-ലെനിന്‍-സ്‌റ്റാലിന്‍ വംശപരമ്പരയില്‍ ഉയിര്‍ക്കൊണ്ടത്‌. അത്‌ ഏകാധിപത്യത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും സുദൃഢമായ സോഷ്യലിസമാണ്‌. എന്നാല്‍ റോസ ലക്‌സംബര്‍ഗ്‌ അതിനുപകരം പുതിയ സോഷ്യലിസമാണ്‌ മുന്നോട്ടുവച്ചത്‌. (മാതൃഭൂമി ആഴ്‌ചപതിപ്പ്‌ മേയ്‌ 20 ലക്കം). മറ്റൊരിടത്ത്‌ പിയേഴ്‌സണ്‍ വീണ്ടും പറയുന്നു: സ്‌റ്റാലിനിസ്‌റ്റ് ഭരണകൂടം നടപ്പിലാക്കിയ ബോള്‍ഷെവിക്‌ പോളിസിയില്‍ റോസയുടെ പ്രവചനം അര്‍ഥവത്തായി. സ്‌റ്റാലിനിസ്‌റ്റ് ഭരണകൂടം ബ്യൂറോക്രസിയെ സൃഷ്‌ടിച്ചു. അത്‌ പാര്‍ട്ടി നേതൃത്വത്തെ ജനങ്ങളില്‍നിന്ന്‌ ഒറ്റപ്പെടുത്തി. (മാതൃഭൂമി ആഴ്‌ചപതിപ്പ്‌ മേയ്‌ 20 ലക്കം). കമ്യൂണിസ്‌റ്റുകാരനായ ചന്ദ്രശേഖരനെ ഒരുകൂട്ടര്‍ കായികമായി വകവരുത്തിയെങ്കില്‍ അതിനെതിരായ ജനരോഷത്തെ ചന്ദ്രശേഖരന്റെ വിശ്വാസപ്രമാണമായ മാര്‍ക്‌സിസം-ലെനിനിസത്തിനെതിരേ തിരിച്ചുവിട്ടുകൊണ്ട്‌ ചന്ദ്രശേഖരന്‍ എന്ന രക്‌തസാക്ഷിയെ ഒരിക്കല്‍ക്കൂടി വധിക്കാനാണ്‌ മറ്റൊരുകൂട്ടര്‍ ശ്രമിക്കുന്നത്‌.

ചന്ദ്രശേഖരന്റെ കൊലപാതകികളെ സ്‌റ്റാലിനോട്‌ സാമ്യപ്പെടുത്താനും മാര്‍ക്‌സിസം-ലെനിനിസത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ശ്രമിക്കുന്നവര്‍ അനീതിയിലും അക്രമണത്തിലും അധിഷ്‌ഠിതമായ മുതലാളിത്തത്തെ അറിഞ്ഞോ അറിയാതെയോ സഹായിക്കുകയാണ്‌ ചെയ്യുന്നത്‌. സദുദ്ദേശപരമായ ആഗ്രഹങ്ങളല്ല മറിച്ച്‌ വസ്‌തുനിഷ്‌ഠമായ ചരിത്രനിയമങ്ങളാണ്‌ സാമൂഹ്യപുരോഗതിയിലെ നിര്‍ണായക ഘടകമെന്ന ശാസ്‌ത്രസത്യമാണിവരെല്ലാം വിസ്‌മരിക്കുന്നത്‌.

ചൂഷണത്തിലധിഷ്‌ഠിതമായ വര്‍ണസമൂഹത്തില്‍, അത്‌ അടിമത്തമായാലും ഫ്യൂഡല്‍ വാഴ്‌ചയായാലും മുതലാളിത്തമായാലും ചൂഷകവര്‍ഗത്തിനാണ്‌ മേധാവിത്വം. സാമ്പത്തികരംഗത്ത്‌ അവര്‍ക്കാണ്‌ ആധിപത്യം. അതതുഘട്ടത്തെ നിലവിലുള്ള ചൂഷണരീതിയെ ന്യായീകരിക്കുന്നതായിരിക്കും ആ കാലഘട്ടത്തിലെ സാംസ്‌കാരികബോധം. ഇവ രണ്ടിനും പുറമേ ചൂഷകവര്‍ഗത്തിന്റെ കൈയില്‍ സ്വയം സംരക്ഷണത്തിന്‌ ഭരണകൂടമെന്ന രാഷ്ര്‌ടീയ മര്‍ദന ഉപകരണംകൂടിയുണ്ട്‌. സാമ്പത്തിക-സാംസ്‌കാരിക-രാഷ്ര്‌ടീയ രംഗങ്ങളിലെ ഈ ചൂഷകവര്‍ഗ മേധാവിത്വം തകര്‍ക്കാതെ എങ്ങനെ നീതിപൂര്‍ണമായ രാഷ്‌ട്രീയവ്യവസ്‌ഥ സൃഷ്‌ടിക്കാനാകും?

ചൂഷകവര്‍ഗത്തെ നയിക്കുന്നത്‌ അവരുടെ വര്‍ണതാല്‍പ്പര്യമാണ്‌. അവരുടെ വര്‍ണതാല്‍പ്പര്യമാകട്ടെ ചൂഷണം വര്‍ധിച്ചതോതില്‍ തുടരലാണുതാനും. ഭൂരിപക്ഷത്തിന്റെ ഹിതം മനസ്സിലാക്കി ചൂഷകവര്‍ഗം ആ വര്‍ണതാല്‍പ്പര്യം ഉപേക്ഷിക്കുമെന്ന മൗഢ്യമാണ്‌ വേണുവിന്റെ താഴെക്കൊടുക്കുന്ന വാചകത്തില്‍ പ്രകടമാകുന്നത്‌: മനുഷ്യസമൂഹത്തിന്റെ ജനാധിപത്യചരിത്രത്തെ കൂടുതല്‍ തെളിമയോടെ നോക്കിക്കാണാന്‍ സമയമായിരിക്കുന്നു. ജനാധിപത്യം മുതലാളിത്തത്തിന്റെ സൃഷ്‌ടിയല്ല. ഗോത്രസമൂഹകാലംമുതല്‍ക്കെ പ്രവര്‍ത്തനം ആരംഭിച്ച സാമൂഹിക-സംഘടനാ രൂപമാണത്‌. മനുഷ്യസമൂഹത്തിന്റെ ചരിത്രത്തിലുടനീളം ഈ സാമൂഹ്യസംഘടനാരൂപം വിവിധരൂപങ്ങള്‍ കൈവരിച്ചിട്ടുണ്ട്‌. പക്ഷേ, പാര്‍ലമെന്ററി ജനാധിപത്യം അതിലൊന്നുമാത്രമാണ്‌. അത്‌ ജനാധിപത്യത്തിന്റെ അവസാനരൂപമല്ലതാനും. മനുഷ്യസമൂഹം നിലനില്‍ക്കുന്ന കാലത്തോളം ജനാധിപത്യം നിരന്തരം വികസിച്ചുകൊണ്ടിരിക്കും. മനുഷ്യസമൂഹം നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും, ഉച്ചനീചത്വത്തിന്റേതായാലും വികസനത്തിന്റേതായാലും പരിസ്‌ഥിതി സംരക്ഷണത്തിന്റേതായാലും ലിംഗസമത്വത്തിന്റേതായാലും മറ്റെന്തുപ്രശ്‌നങ്ങളായാലും ജനാധിപത്യ പ്രക്രിയയിലൂടെയാണ്‌ പരിഹരിക്കാനാവുക. ജനാധിപത്യത്തിന്റെ അനസ്യൂത പ്രവാഹമാണ്‌ മനുഷ്യസമുദായത്തിന്റെ ഭാവി ദിശാസൂചകം.

എല്ലാ പ്രശ്‌നങ്ങളും ജനാധിപത്യ പ്രക്രിയയിലൂടെ പരിഹരിക്കപ്പെടാനാകുമെന്ന്‌ വേണു പറയുന്നു. അദ്ധ്വാനോപാധികളുടെ വളര്‍ച്ചയ്‌ക്കൊപ്പവും അധ്വാനിക്കുന്നവരുടെ സമരങ്ങള്‍ക്കൊപ്പവുമാണ്‌ ജനാധിപത്യംതന്നെ വികസിക്കുന്നത്‌ എന്നും ആ നിലയ്‌ക്ക് വര്‍ണസമരമാണ്‌ പ്രശ്‌നങ്ങള്‍ക്കുള്ള ആത്യന്തിക പരിഹാരമെന്നുമുള്ള യാഥാര്‍ഥ്യമാണ്‌ ഇവിടെ വേണു കാണാതെപോകുന്നത്‌. അടിമത്തത്തിന്‍കീഴിലുണ്ടായ അധ്വാനോപാധികളുടെ വളര്‍ച്ചയുടെ ഫലമായി അത്‌ പ്രയോഗിക്കാന്‍ ബോധപൂര്‍വ്വം അദ്ധ്വാനിക്കുന്നവര്‍ വേണമെന്നുവന്നു. അതിനു സന്നദ്ധമാകാതെ അടിച്ചുപണിയെടുപ്പിക്കാന്‍ ഉടമകള്‍ ശ്രമിച്ചത്‌ അടിമകളുടെ കലാപത്തിനിടയാക്കി. ആ സമ്മര്‍ദവുംകൂടി വന്നപ്പോള്‍ അടിമത്തവ്യവസ്‌ഥയ്‌ക്കുപകരം ഫ്യൂഡല്‍ ചൂഷണരീതി അവലംബിക്കാന്‍ ചൂഷകവര്‍ഗം നിര്‍ബന്ധിതമായി. അടിമകള്‍ക്ക്‌ കലാപംചെയ്യാനേ കഴിഞ്ഞുള്ളൂ. ചൂഷണരഹിതമായ സാമൂഹ്യവ്യവസ്‌ഥ സ്‌ഥാപിക്കാനുള്ള സാഹചര്യങ്ങളോ അതിന്‌ അധ്വാനിക്കുന്നവരെ പ്രാപ്‌തമാക്കുന്ന പ്രത്യയശാസ്‌ത്രങ്ങളോ അന്നു രൂപംകൊണ്ടിരുന്നില്ല. അടിമയ്‌ക്ക് സ്വന്തം ജീവനുമേല്‍പോലും അവകാശമില്ലായിരുന്നെങ്കില്‍ അടിയാന്‌ നാമമാത്രമായെങ്കിലും അതുണ്ടെന്നുവന്നു. അത്‌ അത്രമാത്രം പുരോഗതിയാണ്‌. എന്നാല്‍ അധ്വാനോപാധികളുടെ ആധിപത്യം ഉപയോഗിച്ച്‌ അടിയാനെ ചൂഷണത്തിന്‌ വിധേയനാക്കാം എന്നുമാത്രമല്ല സാമൂഹ്യ മേധാവിത്വം ഉപയോഗിച്ച്‌ അവനെ മര്‍ദിക്കാനും പ്രഭുവിന്‌ അവകാശമുണ്ട്‌. ആധുനിക ജനാധിപത്യ സങ്കല്‍പ്പങ്ങളില്‍നിന്നും വളരെ അകലെയായിരുന്നു അന്നത്തെ സാമൂഹ്യസ്‌ഥിതി. രാജാവിനും പ്രഭുവിനും പുരോഹിതനും സമൂഹത്തില്‍ പ്രത്യേക അവകാശങ്ങളുണ്ടായിരുന്നു. അവര്‍ എല്ലാ നിയമങ്ങള്‍ക്കും അതീതരായിരുന്നു. വീണ്ടും അദ്ധ്വാനോപാധികള്‍ വളര്‍ന്നു. അത്‌ വ്യവസായവിപ്ലവത്തിന്‌ ജന്മംനല്‍കി. അങ്ങനെ ഫ്യൂഡല്‍ പ്രഭുവിനും അടിയാനുമിടയില്‍ പുതിയ അദ്ധ്വാനോപാധികളുടെ പ്രതിനിധിയായി ആധുനിക മുതലാളി (ബൂര്‍ഷ്വാസി) ഉയര്‍ന്നുവന്നു.

അപ്പോഴാണ്‌ പ്രഭുവിന്റെയും പുരോഹിതന്റെയും പ്രത്യേക അവകാശങ്ങള്‍ക്കെതിരെ, നിയമത്തിനുമുമ്പില്‍ പരിപൂര്‍ണ സമത്വം വേണമെന്ന ആധുനിക ജനാധിപത്യ മുദ്രാവാക്യം ഉയര്‍ന്നുവന്നത്‌. അത്‌ പ്രാവര്‍ത്തികമായതും ബൂര്‍ഷ്വാസിയും അടിയാളനും ചേര്‍ന്നുനടത്തിയ സമരത്തിലൂടെയും ബലപ്രയോഗത്തിലൂടെയുമാണ്‌. ആ സമരത്തിന്റെ ഉത്തമോദാഹരണമായിട്ടാണ്‌ ആധുനിക സമൂഹം 1789-ലെ ഫ്രഞ്ച്‌ വിപ്ലവത്തെ വിലയിരുത്തുന്നത്‌. ഔപചാരികമായി സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും നിലവില്‍വന്നു. പക്ഷെ ആ സമത്വവും ഔപചാരികമായിരുന്നു. നിയമത്തിനുമുന്നിലുള്ള തുല്യതമാത്രം. അധ്വാനോപാധികളുടെ ഉടമകളായ മുതലാളിമാരും അധ്വാനശക്‌തിയുടെ മാത്രം ഉടമകളായ തൊഴിലാളികളുംതമ്മില്‍ കടുത്ത അസമത്വം നിലനിന്നു. ആഗോളീകരണത്തിന്‍കീഴില്‍ മൂര്‍ഛിച്ചുവന്ന ആ അസമത്വത്തെയാണ്‌ വാള്‍സ്‌ട്രീറ്റ്‌ കൈയ്യടക്കല്‍പോലുള്ള സമരങ്ങള്‍ തുറന്നുകാട്ടിയത്‌.) ഉല്‍പ്പാദനോപാധികളുടെ ഉടമസ്‌ഥതയിലെ ഈ വ്യത്യാസംകൂടി ഇല്ലാതാക്കുമ്പോള്‍മാത്രമെ ജനാധിപത്യം പൂര്‍ണ്ണതയിലേക്ക്‌ വളരുന്നതിനുള്ള സാഹചര്യമൊരുങ്ങൂ. അധ്വാനോപാധികളുടെ തുടര്‍ന്നുള്ള വളര്‍ച്ചയുടെ ഫലമായി തൊഴിലാളിവര്‍ഗം എണ്ണത്തില്‍ പെരുകുകയും അവര്‍ കൂടുതല്‍ സംഘടിതരാകുകയും ചെയ്യുന്നു. അവരാണ്‌ തങ്ങളുടെ സംഘടിതശേഷി പ്രയോഗിച്ച്‌ അദ്ധ്വാനോപാധികളുടെമേല്‍ പൊതു ഉടമസ്‌ഥത സ്‌ഥാപിച്ചുകൊണ്ട്‌ ചൂഷണത്തിന്‌ അറുതിവരുത്തുകയും അതുവഴി ജനാധിപത്യത്തെ ഉയര്‍ന്നതലത്തിലേക്ക്‌ ഉയര്‍ത്തുകയും ചെയ്യുന്നത്‌.

No comments:

Post a Comment