സൈന്യം രാജ്യതലസ്ഥാനത്തേക്കു മാര്‍ച്ച് ചെയ്തു എന്നതടക്കമുള്ള ദുഷ്പ്രചാരണങ്ങള്‍ കൊണ്ട് കലുഷിതമായ വിവാദവഴികളില്‍ സേന വലിച്ചിഴയ്ക്കപ്പെട്ട വര്‍ഷങ്ങളാണു കടന്നുപോയത്. ഒരു ജനാധിപത്യ രാഷ്ട്രത്തിലെ സേനയുടെ മേല്‍ നിര്‍ബന്ധമാക്കപ്പെട്ട അച്ചടക്കത്തിന്‍റെ അതിര്‍ത്തിരേഖകള്‍ പലവട്ടം അതിലംഘിക്കപ്പെട്ടു. രാഷ്ട്രീയമോ, സാമുദായികമോ ആയ കോലാഹലങ്ങളില്‍ നിന്ന് കര്‍ശനമായ ദൂരം പാലിക്കേണ്ടതുണ്ട് സേനാവിഭാഗം. പൗരാവകാശത്തിന്‍റെ ഭരണഘടനാ പരിരക്ഷകള്‍ ഓരോ സൈനികനും അവകാശപ്പെട്ടതു തന്നെ. എന്നാല്‍, പരസ്യ പ്രസ്താവനകളും പത്രസമ്മേളനങ്ങളും പരസ്പരമുള്ള ആരോപണ പ്രത്യാരോപണങ്ങളുമെല്ലാം സൈന്യത്തിനു വിലക്കപ്പെട്ടവ തന്നെ.
രാജ്യത്തിന്‍റെ സുരക്ഷാ ധര്‍മം ചുമലേറ്റി, സൈനിക യൂനിഫോം ധരിക്കുന്ന ഒരാള്‍, സമൂഹത്തിന്‍റെ പൊതു വ്യവഹാരങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ പ്രതിജ്ഞ ചെയ്ത ആള്‍ കൂടിയാണ്. എന്നാല്‍ ഇന്ത്യന്‍ സേനയുടെ പ്രഖ്യാപിതമായ അച്ചടക്കവും രഹസ്യാത്മകതയും ചോദ്യം ചെയ്യപ്പെടുന്ന സംഭവങ്ങള്‍ പലകുറി ആവര്‍ത്തിച്ചു, സമീപകാലത്ത്. സേനാവിഭാഗം നാളിതുവരെ വിധേയമാക്കപ്പെട്ടിട്ടില്ലാത്ത വിധം പൊതു ചര്‍ച്ചകളിലേക്കു വലിച്ചിഴയ്ക്കപ്പെട്ടു, പല വിഷയങ്ങളിലും. ആദര്‍ശ് ഫ്ളാറ്റ് അഴിമതി, ടട്ര ട്രക്ക് അഴിമതി തുടങ്ങി ചിരകാലാര്‍ജിതമായ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചുണ്ടായി. രാജ്യ തലസ്ഥാനം ലക്ഷ്യമാക്കി, അട്ടിമറി ഗൂഢാലോചനയുടെ നിഴല്‍പറ്റി, നമ്മുടെ കരസേനാ വിഭാഗം മാര്‍ച്ച് ചെയ്തു എന്ന കെട്ടുകഥ പോലും അച്ചടിച്ചു വിളമ്പാന്‍ ചില ദേശീയ മാധ്യമങ്ങള്‍ ധൈര്യപ്പെട്ടു. സൈന്യത്തിന്‍റെ കൂറും വിശ്വാസ്യതയും അത്രയൊക്കെ ചോദ്യം ചെയ്യപ്പെടാന്‍ പാകത്തില്‍ സാഹചര്യം ഒരുങ്ങി എന്നതാണു വാസ്തവം. ഇന്ത്യയുടെ പ്രതിരോധശേഷി ക്ഷയോന്മുഖം എന്നു കാണിച്ചു കരസേനാ മേധാവി പ്രധാനമന്ത്രിക്ക് അയച്ച കത്തു ചോര്‍ന്നതു വലിയ പരിഭ്രാന്തിക്കു പോലും വഴിവച്ചു. ഇന്ത്യ എന്ന വളരുന്ന വന്‍ശക്തിയുടെ സേനാബലക്ഷയം ലോകമെമ്പാടുമുള്ള പ്രതിരോധപ്പുരകളില്‍ ചര്‍ച്ചാവിഷയമായി. അന്താരാഷ്ട്ര മാധ്യമങ്ങള്‍ നമ്മുടെ പ്രതിരോധത്തകര്‍ച്ച കൊണ്ടുപിടിച്ച് ആഘോഷിച്ചു.
കരസേനാ മേധാവിയുടെ പ്രായം സംബന്ധിച്ച വിവാദവും തര്‍ക്കവും സുപ്രീം കോടതിയോളം ചെന്നെത്തിയ വ്യവഹാരമായി. സേനാ തലവനും കേന്ദ്ര സര്‍ക്കാരും പ്രതിരോധ വകുപ്പുമെല്ലാം പരസ്യവിവാദത്തിലും വിലക്ഷണമായ വാക്കുതര്‍ക്കങ്ങളിലും പൂണ്ട് നാണം കെട്ടു. സേനയിലെ സാധാരണ ജവാന്മാരും കമ്മിഷന്‍ഡ് ഓഫിസര്‍മാരും പരസ്പരം ആയുധം ഓങ്ങിയ, ഒറ്റപ്പെട്ടതെങ്കിലും ദൗര്‍ഭാഗ്യകരമായ സംഭവം പോലും അരങ്ങേറി. എല്ലാം പഴങ്കഥ.
കരസേനാ മേധാവിയുടെ പ്രായം സംബന്ധിച്ച വിവാദവും തര്‍ക്കവും സുപ്രീം കോടതിയോളം ചെന്നെത്തിയ വ്യവഹാരമായി. സേനാ തലവനും കേന്ദ്ര സര്‍ക്കാരും പ്രതിരോധ വകുപ്പുമെല്ലാം പരസ്യവിവാദത്തിലും വിലക്ഷണമായ വാക്കുതര്‍ക്കങ്ങളിലും പൂണ്ട് നാണം കെട്ടു. സേനയിലെ സാധാരണ ജവാന്മാരും കമ്മിഷന്‍ഡ് ഓഫിസര്‍മാരും പരസ്പരം ആയുധം ഓങ്ങിയ, ഒറ്റപ്പെട്ടതെങ്കിലും ദൗര്‍ഭാഗ്യകരമായ സംഭവം പോലും അരങ്ങേറി. എല്ലാം പഴങ്കഥ.
സ്വതന്ത്ര ഭാരതത്തിന്‍റെ സേനാചരിത്രത്തിലെ കറുത്ത അധ്യായത്തിനു വിരാമം കുറിച്ചു ജനറല്‍ വിജയ കുമാര്‍ സിങ് എന്ന വി.കെ. സിങ്, സൈനിക മേധാവിയുടെ തലപ്പാവ് അഴിച്ചുവച്ചു. ഇന്ത്യ കണ്ട മികച്ച സൈനിക മേധാവിമാരില്‍ ഒരാളാണു വി.കെ. സിങ് എന്നു വിലയിരുത്തപ്പെടുമ്പോഴും സേനാ ചരിത്രത്തില്‍ അദ്ദേഹം ബാക്കിവച്ചത് കയ്പ്പേറിയ ഒരു കാലഘട്ടം. വി.കെ. സിങ്ങിന്‍റെ പിന്തുടര്‍ച്ചയില്‍, ഇരുപത്തഞ്ചാമത്തെ കരസേനാ മേധാവിയായി ജനറല്‍ ബിക്രം സിങ് സേനാതലപ്പത്ത് ചുമതല ഏറ്റെടുത്തിരിക്കുന്നു. സേനാ മേധാവി ആയി അവരോധിക്കപ്പെട്ട വേളയില്‍, അദ്ദേഹത്തിന്‍റെ വാക്കുകളില്‍ വീണ്ടെടുക്കപ്പെടുന്നത് അച്ചടക്കത്തോടും ആത്മനിയന്ത്രണത്തോടും രാഷ്ട്രത്തിന്‍റെ കാവല്‍ സേനയ്ക്കുള്ള പ്രതിബദ്ധത. ഭൂതകാലത്തിന്‍റെ പിന്‍കാഴ്ചക്കണ്ണാടിയിലേക്കല്ല, മുന്നിലെ നേര്‍ക്കാഴ്ചയിലൂടെയാകും താന്‍ സേനയെ നയിക്കുക എന്ന ജനറല്‍ വിക്രം സിങ്ങിന്‍റെ വാക്കുകള്‍ എത്രയും പ്രത്യാശാജനകം. രാജ്യസുരക്ഷയോടുള്ള അചഞ്ചല പ്രതിബദ്ധതയുടെ പ്രതിജ്ഞ പുതുക്കുന്നതിനോടൊപ്പം മതമോ രാഷ്ട്രീയമോ മറ്റു താത്പര്യങ്ങളോ സേനയെ ഗ്രസിച്ചുകൂടാ എന്ന സുദൃഢമായ കാഴ്ചപ്പാടും അദ്ദേഹം കര്‍ശനമാക്കുന്നു. ഒരു ചെറിയ കാലത്തേക്കാണെങ്കില്‍പ്പോലും ഇന്ത്യന്‍ സേനയ്ക്കു ജനമനസുകളിലുണ്ടായ പ്രതിച്ഛായാ തകര്‍ച്ചയ്ക്കുള്ള പരിഹാരവും പുനര്‍നിര്‍മിതിയുമാകട്ടെ, സേനയ്ക്കു ജനറല്‍ ബിക്രം സിങ്ങിന്‍റെ നേതൃത്വം.
No comments:
Post a Comment