‘വാളെടുത്തവന്‍ വാളാല്‍’ എന്നു പറയാറായിട്ടില്ല. ആരാണു വാളെടുത്തതെന്ന് വെളിവാകാത്തിടത്തോളം അതു പറയുന്നതും ശരിയല്ല. എന്നാല്‍, സി.പി.എം ഇപ്പോള്‍ വാളുകള്‍ക്കു കീഴിലാണ്. പലതരം വാളുകള്‍. ഒഞ്ചിയത്തെ വാള്‍ സി.പി.എമ്മിന്‍േറതാണോയെന്ന് അറിവായിട്ടില്ല. ആകാം. അല്ലാതെയുമിരിക്കാം. എന്നാല്‍, ഒരു ഉപതെരഞ്ഞെടുപ്പിനെ നേരിടുന്ന അവസ്ഥയില്‍ സി.പി.എമ്മിന് ഇത് കിടപ്പറക്കു മുകളില്‍ തൂങ്ങുന്ന വാള്‍തന്നെ. എത് ആയുധവും എടുത്തു പെരുമാറാന്‍ പിണറായി വിജയനെപ്പോലെ തന്നെ പ്രാഗല്ഭ്യമുള്ള അങ്കച്ചേകവനാണ് ഉമ്മന്‍ചാണ്ടി എന്നതിനാല്‍ ഈ വാള്‍ നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പു കഴിയുന്നതുവരെയെങ്കിലും സി.പി.എമ്മിനു മുകളില്‍ പേടിസ്വപ്നമായി തൂങ്ങിക്കിടക്കും. അതിനും പുറമേ പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും മാരകമായ പലതരം വാളുകളും ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു. അതില്‍ അവസാനത്തേതായി വന്ന എം.എം. മണിയുടേത് തിരിഞ്ഞുകുത്തുന്നതായി. 80കളില്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന വി.എസിനെതിരെയാണ് മണി ഈ മാരകായുധം പ്രയോഗിച്ചതെങ്കിലും നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ അത് ചെന്നുകൊണ്ടത് ഇപ്പോഴത്തെ പാര്‍ട്ടി നേതൃത്വത്തിനുമേലാണ്. വിധിയെന്നല്ലാതെ എന്തു പറയാന്‍?
ആയുധം സി.പി.എമ്മിനെ ഭയപ്പെടുത്താറില്ല. ‘ചോരച്ചാലുകള്‍ നീന്തിക്കയറിയ’ പാരമ്പര്യം അവസരത്തിലും അനവസരത്തിലും വിളിച്ചുകൂവുന്നവരാണ് അവര്‍. കയ്യൂരിലും കരിവെള്ളൂരിലും പുന്നപ്രയിലും വയലാറിലും ഒഞ്ചിയത്തും ഓര്‍ക്കാട്ടിരിയും ആയുധമെടുത്തു പോരാടി കെട്ടിപ്പടുത്ത പ്രസ്ഥാനമാണെന്ന് അതിന്‍െറ നേതാക്കള്‍ പറയുമ്പോള്‍ അത് ഏറ്റുപറയുന്ന ഉച്ചഭാഷിണികള്‍പോലും ആവേശം കൊള്ളാറുണ്ട്. ആധുനിക മാര്‍ക്സിയന്‍ ചിന്താഗതിപ്രകാരം കൊലക്കു കൊലയെന്നത് കണ്ണൂര്‍ ശൈലിയായി അംഗീകരിക്കപ്പെട്ട ആചാരമാണ്.
കാലാകാലങ്ങളില്‍ കുരുതിയും കൂട്ടക്കുരുതിയും നടന്നപ്പോഴൊക്കെ മികവില്‍ മികച്ചുനില്‍ക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞിട്ടുമുണ്ട്. എങ്കിലും ഇതിനിടയില്‍ പാര്‍ട്ടിയുടെ സാദാ പ്രവര്‍ത്തകര്‍ പലരും ബലികൊടുക്കപ്പെട്ടു. ഓരോന്നിനും വാശിതീര്‍ത്ത് പകരം വീട്ടി. പാര്‍ട്ടി സമ്മേളനങ്ങള്‍ വരുമ്പോള്‍ ബലികുടീരങ്ങളില്‍ രക്തപുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചു. ‘ബലീകുടീരങ്ങളേ’ എന്ന പഴയ നാടക ഗാനം പാടി തര്‍പ്പണം നടത്തി. അക്കഥകള്‍ പാര്‍ട്ടി നേതൃത്വം ഇതുവരെ രഹസ്യമായി വെച്ചിരിക്കുകയായിരുന്നു. എന്നാല്‍, ഇടുക്കിയിലെ പ്രമുഖ നേതാവായ എം.എം. മണി അതില്‍ പലതും എടുത്തു പൊട്ടിച്ചുകളഞ്ഞു. മണിയുടെ വെളിപ്പെടുത്തലില്‍ അമ്പരന്നു നില്‍ക്കുകയാണിപ്പോള്‍ പാര്‍ട്ടി നേതൃത്വം. കൊലപാതകത്തിന്‍േറതല്ല, പാര്‍ട്ടിയുടെ വഴിയെന്നു വിശദീകരിക്കാന്‍ പാര്‍ട്ടി പാടുപെടുമ്പോഴാണ്, മണി ഒരു വലിയ പട്ടികതന്നെ പുറത്തിട്ടുകളഞ്ഞത്.
ഇതൊക്കെയാണെങ്കിലും അടിസ്ഥാനവര്‍ഗത്തിന് തുണയെന്നവിധത്തില്‍ പ്രതീക്ഷയായി നില്‍ക്കാന്‍ പലപ്പോഴും കഴിഞ്ഞ ഈ പാര്‍ട്ടി സംസ്ഥാനത്ത് ഏറ്റവും ആഴത്തില്‍ വേരുകള്‍ ആഴ്ത്തിയ ഏറ്റവും വലിയ പ്രസ്ഥാനമായിരുന്നു. മതേതരപ്രസ്ഥാനങ്ങളെ കോര്‍ത്തിണക്കിയ മുന്നണി അവരുടേതായിരുന്നു. 1964ലെ പിളര്‍പ്പിനു ശേഷം വിചാരിക്കുന്നത് എന്തും നടപ്പാക്കാനുള്ള കഴിവും ജനപിന്തുണയുമുള്ള പ്രസ്ഥാനമായി സി.പി.എം വളര്‍ന്നു. മാതൃസംഘടനയായ സി.പി.ഐ തളരുകയും ചെയ്തു. ഇന്നിപ്പോള്‍ പാര്‍ട്ടിക്കുള്ളിലെ അനിഷേധ്യനേതാക്കള്‍ക്കുവരെ ക്യാപിറ്റല്‍ പണിഷ്മെന്‍റ് വിധിക്കാന്‍ കെല്‍പുള്ള പ്രസ്ഥാനമാണ്. അതിനാലാണ് ഒഞ്ചിയത്തെ വധം പാര്‍ട്ടിയുടെ അറിവോടെയാണെന്ന് എതിരാളികള്‍ പറയുമ്പോള്‍ സി.പി.എം പ്രതിരോധത്തിലായി പോകുന്നത്. പ്രതിച്ഛായ അത്രക്കങ്ങ് വാളുമായി താദാത്മ്യം പ്രാപിച്ചുപോയിരിക്കുന്നു. അവിടെ മരണമടഞ്ഞത് ഒരു ജനകീയനായതിനാല്‍ പഴയ വിപ്ളവഗാനങ്ങള്‍ക്കും സ്വന്തം അണികളില്‍ ആവേശം പകരാനാകുന്നില്ല. ഈ അവസ്ഥയും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും പാര്‍ട്ടിയെ എന്നത്തേയുംകാള്‍ പ്രതിരോധത്തിലാക്കുന്നു.
‘ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം’ എന്നത് പഴയൊരു പ്രോലിറ്റേറിയന്‍ പ്രയോഗമാണ്. ഒഞ്ചിയത്തെ കൊലപാതകം സംബന്ധിച്ച് നടക്കുന്ന അന്വേഷണങ്ങളില്‍ സി.പി.എം നേതൃത്വം ഈ പ്രയോഗത്തിന്‍െറ പ്രാധാന്യമേ കാണുന്നുള്ളൂ. സര്‍ക്കാറിന്‍െറ വാശിക്ക് അത്ര ഗൗരവമേയുള്ളൂ എന്ന് പാര്‍ട്ടി നേതൃത്വത്തിന് അറിയാം. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പു കഴിയുന്നതോടെ ഈ വിഷയത്തില്‍ സര്‍ക്കാറിന്‍െറ താല്‍പര്യവും അന്വേഷണ കോലാഹലങ്ങളും അടങ്ങുമെന്നാണ് നേതൃത്വം പ്രതീക്ഷിച്ചിരുന്നത്. തങ്ങള്‍ക്കെതിരെ മുട്ടിനുമുകളില്‍ തുള്ളാന്‍ ഉമ്മന്‍ചാണ്ടിക്കും താല്‍പര്യമില്ലെന്ന് പാര്‍ട്ടിയുടെ ബുദ്ധികേന്ദ്രങ്ങള്‍ കരുതിയിട്ടുണ്ടാകണം. അതുകഴിഞ്ഞാല്‍ ഏതെങ്കിലും ചില പ്രതികളില്‍ കേസ് അടങ്ങിയൊതുങ്ങുക എന്ന പതിവുശൈലിയാണ് ശീലം. എന്നാല്‍, അപ്രതീക്ഷിതമായി പാര്‍ട്ടിക്കുള്ളില്‍നിന്ന് അപസ്വരങ്ങളുണ്ടായത് അവരെ അലോസരപ്പെടുത്തുന്നു.
അതുയര്‍ത്തിയത്, ക്യാപിറ്റല്‍ പണിഷ്മെന്‍റിന്‍െറ പേരില്‍ കലാപമുയര്‍ത്തിയ പഴയ ആളാണെന്നതിനാല്‍ ജനം ചെവികൂര്‍പ്പിച്ചു. പാര്‍ട്ടിയെ സംശയത്തിന്‍െറ മുള്‍മുനയില്‍ നിര്‍ത്തുംവിധം വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനക്ക് ഒരു ക്ളാസിക്കല്‍ ഛായയുണ്ടായിരുന്നു. നേതൃത്വത്തിന് ഉപതെരഞ്ഞെടുപ്പു കഴിയുന്നതുവരെ ഒരക്ഷരം മറുത്തുപറയാനാവാത്ത അടിയാണ് വി.എസ് അടിച്ചത്. പ്രതികരിച്ചാല്‍ പാര്‍ട്ടി പ്രതിസ്ഥാനത്താകും. ഇല്ലെങ്കില്‍ വി.എസ് പാര്‍ട്ടിയേക്കാള്‍ വലിയ വിപ്ളവകാരിയാകും. പഴയ തൊഴിലാളിവര്‍ഗത്തിന്‍െറ ഭാഷയില്‍ പറഞ്ഞാല്‍ ‘സത്യം പറഞ്ഞില്ലെങ്കില്‍ അപ്പന്‍ പട്ടിയിറച്ചി തിന്നും. പറഞ്ഞാല്‍ അമ്മക്ക് അടികിട്ടും’ എന്ന അവസ്ഥ. ഇത്തരമൊരു ഗതികേടിലാണ് സംസ്ഥാന സെക്രട്ടേറിയറ്റിനു പോലും മൗനം ഭൂഷണമായി മാറിയത്.
അന്വേഷണങ്ങള്‍ക്കു മുന്നിലല്ല, വി.എസ് ഉയര്‍ത്തിയ കലാപത്തിനു മുന്നിലാണ് പാര്‍ട്ടി അവിടെ വിറകൊണ്ടത്. തെരഞ്ഞെടുപ്പിനു മുമ്പ് ഒരു നടപടിയെടുക്കുക എന്നതല്ല, വി.എസിന്‍െറ പ്രസ്താവനയെയും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനയച്ച കത്തിനെയും അനുകൂലിച്ചോ പ്രതികൂലിച്ചോ പറയാന്‍ പോലും ആകാത്ത അവസ്ഥ. ആയതിനാല്‍ പ്രതികരണങ്ങളെ ഔദ്യാഗികമായി വിലക്കുക മാത്രമായിരുന്നു, രക്ഷ. എന്നിട്ടും മണി പണിപറ്റിച്ചുകളഞ്ഞു.
സി.പി.എമ്മിന് അകത്തും പുറത്തുമുള്ള തിരുത്തല്‍വാദികളെ വി.എസ് പലകുറി കൊതിപ്പിച്ചിട്ടുള്ളതാണ്. പാര്‍ട്ടിയില്‍നിന്ന് കലാപമുയര്‍ത്തി പൊടുന്നനെ പുറത്തിറങ്ങുമെന്ന് തോന്നിപ്പിക്കും. എന്നാല്‍, നിയന്ത്രണരേഖക്കപ്പുറത്തേക്ക് പോകുകയുമില്ല. വി.എസിന്‍െറ പ്രകടനത്തില്‍ ആവേശംകൊണ്ട് ഇറങ്ങിത്തിരിച്ചവരാണ് പാര്‍ട്ടിക്കു പുറത്തുള്ള മാര്‍ക്സിസ്റ്റുകളില്‍ പലരും. വി.എസ് ഇറങ്ങിവന്ന് തങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ഒരു നല്ല നാളെ സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇപ്പോള്‍ പുറത്തുചാടുമെന്ന മട്ടില്‍ വി.എസ് പലപ്പോഴും കൊതിപ്പിക്കാറുണ്ടിവരെ. കൂടെയിറങ്ങാന്‍ എത്രയോ നാളുകളായി പാര്‍ട്ടിയില്‍ പലരും കാത്തിരുന്നു മടുത്തു. ചിലര്‍ പുറത്തുപോയി കാത്തിരിപ്പ് തുടരുന്നു.
അങ്ങനെയുള്ളവരിലെല്ലാം ഇക്കുറിയും വി.എസ് ആവേശം ജനിപ്പിച്ചിട്ടുണ്ട്. ഇനിയും പാര്‍ട്ടിയില്‍ നിലനില്‍ക്കാന്‍ അദ്ദേഹത്തിനാകില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നവരാണവര്‍. ഉടനെ അദ്ദേഹത്തെ പാര്‍ട്ടി തന്നെ പുറന്തള്ളുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു, അവര്‍. എന്നാല്‍, നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പു കഴിയുന്നതുവരെ വി.എസിനോടു പ്രതികരിക്കുകപോലും വെണ്ടെന്ന അന്ത്യശാസനമാണുണ്ടായത്. ഡാങ്കേയുടെ കഥവരെ പറഞ്ഞു നിര്‍ത്തിയ വി.എസ് ഇങ്ങനെയുള്ളവരെ ആകെയങ്ങ് ആവേശഭരിതരാക്കിയ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യാഗിക അന്ത്യശാസനം അവരുടെ ആവേശം അല്‍പമൊന്നു കെടുത്തിക്കളഞ്ഞു. എങ്കിലും പ്രതീക്ഷയിലാണവര്‍. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടി നേതൃത്വം ഉണരുമ്പോള്‍ തങ്ങളുടെ രക്ഷകന്‍ പുതിയ തത്ത്വശാസ്ത്രത്തിന്‍െറ ഉടവാളുമായി പാര്‍ട്ടിവിട്ടുവരുമെന്നവര്‍ കനവുകാണുന്നു.
ചന്ദ്രശേഖരന്‍െറ കൊലപാതകം ഏതുവിധത്തിലുള്ളതാണെന്ന് വിശദീകരിക്കാനാവാത്ത അവസ്ഥയില്‍ പാര്‍ട്ടിയെ എത്തിച്ച പ്രതിഭാസം ആശ്ചര്യജനകമാണ്. എതിര്‍പ്പുകളെ നേരിടുന്ന രാഷ്ട്രീയ നേതാവായ ഒരാള്‍ കൊല ചെയ്യപ്പെടുമ്പോള്‍ ന്യായമായും അത് രാഷ്ട്രീയ കൊലപാതകമാകാനേ വഴിയുള്ളൂ. വര്‍ഗീയ വിദ്വേഷങ്ങളില്ലാത്ത ഒരു രാഷ്ട്രീയക്കാരന്‍ വര്‍ഗീയ കലാപത്തില്‍ മരിക്കാറില്ല. ചന്ദ്രശേഖരന് അതിര്‍ത്തി തര്‍ക്കങ്ങളോ ബന്ധുജന വൈരാഗ്യമോ ഇല്ലാത്തതിനാല്‍ ആവിധത്തിലുള്ള കൊലപാതകത്തിനും വിധിയില്ല.
ചന്ദ്രശേഖരനില്‍നിന്ന് ഒന്നും പിടിച്ചുപറിക്കാനോ മോഷ്ടിക്കാനോ ഇല്ലാത്തതിനാല്‍ കൊള്ളക്കാരാണ് അത് ചെയ്തതെന്നു പറയാന്‍ കഴിയില്ല. രാഷ്ട്രീയകൊലപാതകം എന്നു പറയുമ്പോള്‍ ഏതു രാഷ്ട്രീയക്കാരനും അതില്‍ പ്രതിയാകാം. എന്നിട്ടും അങ്ങനെ വിശേഷിപ്പിക്കാന്‍ സി.പി.എം നേതൃത്വം മടികാട്ടിയതെന്തെന്നത് ഒരു സമസ്യയാണ്. അതാണ് അവരെ കൂടുതല്‍ പ്രതിക്കൂട്ടിലാക്കിയത് എന്നു തിരിച്ചറിഞ്ഞതിനാലാകാം എളമരം കരീം അതു തിരുത്തിയതും ഈ സംഭവം കേരളത്തിലെ ആദ്യ രാഷ്ട്രീയക്കൊലപാതകമല്ലെന്നു പറഞ്ഞതും.
ടി.പി. ചന്ദ്രശേഖരന്‍െറ രക്തസാക്ഷിത്വം മുതലാക്കുന്നത് നെയ്യാറ്റിന്‍കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ മുന്‍ സി.പി.എം എം.എല്‍.എ ആര്‍. ശെല്‍വരാജാണ്. ടി.പിയുടെ പ്രതിരൂപമായാണ് ശെല്‍വരാജ് അവിടെ വോട്ടുപിടിച്ചത്. പ്രചാരണം കണ്ടപ്പോള്‍ തോന്നിയത് ഒഞ്ചിയത്ത് കൊലചെയ്യപ്പെട്ടത് ശെല്‍വരാജാണെന്നാണ്. ഒരു രക്തസാക്ഷിയുടെ പരിവേഷംപൂണ്ട് സഹതാപമാര്‍ജിക്കാനാണ് ശെല്‍വരാജ് ശ്രമിച്ചത്.
-madhyamam
No comments:
Post a Comment