Tuesday, June 5, 2012

തൊഴിലാളിവര്‍ഗത്തിന്റെ പ്രാധാന്യം മറക്കുന്ന വിമര്‍ശകര്‍


തൊഴിലാളിവര്‍ഗത്തിന്റെയും മറ്റ്‌ അധ്വാനിക്കുന്ന വര്‍ഗങ്ങളുടെയും സംഘടിത ബലപ്രയോഗത്തെ സായുധ കലാപമായി ചിത്രീകരിക്കുന്നത്‌ മുതലാളിവര്‍ഗമാണ്‌. അധ്വാനിക്കുന്നവര്‍ മഹാഭൂരിപക്ഷമുള്ള സമൂഹത്തില്‍ സ്വന്തം വര്‍ഗത്തിന്റെ കടമ മനസിലാക്കി അവര്‍ സംഘടിതരായാല്‍ മാത്രംമതി നിലവിലുള്ള ചൂഷകവര്‍ഗത്തിന്റെ രാഷ്ര്‌ടീയാധികാരത്തെ കടപുഴക്കിയെറിയാന്‍. അധ്വാനിക്കുന്നവരെ അപ്രകാരം സംഘടിതരാക്കി അവരുടെ രാഷ്ര്‌ടീയാധികാരം സ്‌ഥാപിക്കലാണു കമ്യൂണിസ്‌റ്റുപാര്‍ട്ടിയുടെ ലക്ഷ്യം. തൊഴിലാളിവര്‍ഗം സ്വന്തം വര്‍ഗഭരണം സ്‌ഥാപിച്ചാല്‍ സ്വയം ചൂഷകവര്‍ഗമായി മാറുകയല്ല ചെയ്യുന്നത്‌. കാരണം തൊഴിലാളിവര്‍ഗത്തിനു ചൂഷണത്തില്‍നിന്നു മോചനം നേടാന്‍ സ്വയം ചൂഷകവര്‍ഗമായി മാറുകയല്ല എല്ലാ ചൂഷണവും അവസാനിപ്പിക്കുകയാണു വേണ്ടത്‌. അങ്ങനെ ചൂഷണത്തിന്‌ അറുതിവരുത്താനായി അധ്വാനോപകരണങ്ങളുടെമേല്‍ സ്വകാര്യ ഉടമസ്‌ഥത അവസാനിപ്പിച്ച്‌ സമൂഹത്തിന്റെ പൊതുവുടമസ്‌ഥത സ്‌ഥാപിക്കലാണു തൊഴിലാളിവര്‍ഗ ഭരണകൂടത്തിന്റെ ചുമതല. അങ്ങനെ ആര്‍ക്കും പണിയെടുക്കാതെ ജീവിക്കാനാവില്ലെന്ന സ്‌ഥിതിവരും. എല്ലാവരും പണിയെടുക്കുന്നവരാകുന്നതോടെ ജനാധിപത്യത്തിനു കൂടുതല്‍ ശക്‌തമായൊരടിത്തറയും കൈവരും.

ജനാധിപത്യത്തിന്റെ വളര്‍ച്ചയുടെ ഈ വര്‍ഗസ്വഭാവം മറച്ചുവെച്ച്‌ അതൊരു സുഗമമായ പ്രക്രിയയാണ്‌; അതു കാത്തിരുന്നാല്‍ മതി; അതിനുവഴിയൊരുക്കാന്‍ പോരുന്ന ന്യായപൂര്‍ണമായ വ്യവസ്‌ഥയാണ്‌ ഇന്നുള്ളത്‌ എന്നുള്ള വ്യാമോഹം വളര്‍ത്തുന്ന സമീപനമാണു വേണുവിന്റേത്‌. ചതിക്കുഴികള്‍ മനസിലാകാതെ പിയേഴ്‌സണെപ്പോലെയുള്ള ഇടതുപക്ഷ രാഷ്‌ട്രീയ നിരീക്ഷകരെന്നവകാശപ്പെടുന്നവരും ഇതേ പല്ലവികള്‍ ഏറ്റുപാടുന്നു. ചൂഷണരഹിതമായ സാമൂഹ്യവ്യവസ്‌ഥ സ്‌ഥാപിച്ചെടുക്കാന്‍ തൊഴിലാളിവര്‍ഗം എടുക്കേണ്ട മുന്‍കൈയുടെ പ്രാധാന്യം ഇവരെല്ലാം മറച്ചുവെയ്‌ക്കുന്നു. ഫലമോ? നൂറ്റാണ്ടുകളായി ചൂഷണവും മര്‍ദനവും അടിച്ചമര്‍ത്തലും തുടരുന്ന ചൂഷകവര്‍ഗം ജനാധിപത്യവാദികളും ചൂഷണത്തില്‍നിന്നു മോചനം നേടി നട്ടെല്ല്‌ നിവര്‍ത്താനാഗ്രഹിക്കുന്ന തൊഴിലാളിവര്‍ഗം ജനാധിപത്യ വിരുദ്ധരുമായി ചിത്രീകരിക്കപ്പെടുന്നു.

മുതലാളിവര്‍ഗം സ്വന്തം വര്‍ഗമേധാവിത്വം ചെറുത്തുനില്‍പ്പില്ലാതെ വെറുതേ കൈവെടിയാറില്ല. എന്നുമാത്രമല്ല മേധാവിത്വം നിലനിര്‍ത്താന്‍ മുതലാളിവര്‍ഗം എന്തു ജനാധിപത്യവിരുദ്ധമാര്‍ഗവും അവലംബിക്കുകയും ചെയ്യും. 1973-ല്‍ ചിലിയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്‌ സാല്‍വദോര്‍ അലന്‍ഡെയുടെ കൊലപാതകത്തില്‍ കലാശിച്ച സംഭവങ്ങള്‍ അതാണു വ്യക്‌തമാക്കുന്നത്‌. 2002-ല്‍ വെനിസ്വേലയില്‍ പ്രസിഡന്റ്‌ ഹ്യൂഗോ ഷാവേസിനെ ബലംപ്രയോഗിച്ച്‌ പുറത്താക്കാന്‍ പിന്തിരിപ്പന്‍മാര്‍ക്ക്‌ കഴിഞ്ഞതും അതിനു തെളിവാണ്‌. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളും കഴിഞ്ഞ നൂറ്റാണ്ടിലെ പ്രാദേശികയുദ്ധങ്ങളും ക്യൂബയ്‌ക്കെതിരായി ദശാബ്‌ദങ്ങളായി തുടരുന്ന ഉപരോധവും എല്ലാംതന്നെ മുതലാളിത്തത്തിന്റെ രക്‌തദാഹത്തിന്‌ ഉത്തമോദാഹരണങ്ങളാണ്‌.

സോവിയറ്റ്‌ ഭരണത്തിന്‍കീഴില്‍, സ്‌റ്റാലിന്റെ ഭരണകാലത്തുള്‍പ്പെടെ, അതിക്രമങ്ങള്‍ നടന്നിട്ടുണ്ടാകാം. ഒരു പുതിയ ലോകം നിര്‍മിക്കാനുള്ള പരിശ്രമത്തില്‍ മുന്‍ അനുഭവങ്ങളില്ലാതെ മുന്നോട്ടുപോകുമ്പോള്‍ തെറ്റുകള്‍ പറ്റാം. അത്‌ ഏതെങ്കിലും ചൂഷകവര്‍ഗതാല്‍പര്യത്തിനുവേണ്ടി മനപൂര്‍വം ചെയ്യുന്നവയല്ല. ചൂഷണരഹിത വ്യവസ്‌ഥിതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ വന്നുചേരാവുന്ന അബദ്ധങ്ങളാണവ. മറ്റെല്ലാരാജ്യങ്ങളും സോവിയറ്റുയൂണിയനെ തകര്‍ക്കാനുള്ള ഗൂഢാലോചന നടത്തുമ്പോള്‍ ആഭ്യന്തരമായി ഉയരുന്ന വഞ്ചനയുടെ ഭീഷണിയെ പെരുപ്പിച്ചുകാണുകയും അതിനെ നേരിടാന്‍ വേണ്ടതിലധികം മര്‍ദനത്തെ ഉപയോഗപ്പെടുത്തുകയും ചെയ്‌തിട്ടുണ്ടാകാം. അതില്‍നിന്നെല്ലാം പാഠംപഠിക്കേണ്ടത്‌ സോഷ്യലിസത്തിന്റെ തുടര്‍ന്നുള്ള പുരോഗതിക്കാവശ്യമാണുതാനും. പക്ഷേ, സ്‌റ്റാലിനെ ഹിറ്റ്‌ലറുമായി താരതമ്യംചെയ്യുന്നതും മാര്‍ക്‌സിസത്തെയും ലെനിനിസത്തെയും നാസിസത്തോട്‌ താരതമ്യപ്പെടുത്തുന്നതും യാഥാര്‍ത്ഥ്യങ്ങളോടു കാട്ടുന്ന അനീതിയാണ്‌. സോവിയറ്റ്‌ സമ്പദ്‌വ്യവസ്‌ഥയുടെയും ജനജീവിതത്തിന്റെയും പുരോഗതിയില്‍ സോഷ്യലിസം നല്‍കിയ മഹത്തായ സംഭാവനകള്‍ക്കുനേരേ കണ്ണടയ്‌ക്കലാകും അത്‌.

ലോക സാമ്രാജ്യത്വവിരുദ്ധ സമരത്തിലും ജനാധിപത്യത്തിന്റെ പുരോഗതിയിലും സോവിയറ്റ്‌ യൂണിയന്‍ നല്‍കിയ ഗണ്യമായ സംഭാവനകള്‍ വിസ്‌മരിക്കുന്നതിനു തുല്യമാണത്‌. രണ്ടാംലോകമഹായുദ്ധത്തില്‍ ആകെ മരിച്ച അഞ്ചു കോടി ജനങ്ങളില്‍ രണ്ടു കോടി ജനത റഷ്യന്‍ പൗരന്‍മാരായിരുന്നു. ലോകത്തെതന്നെ ഫാസിസത്തില്‍നിന്നും രക്ഷിച്ച ആ യുദ്ധത്തില്‍ ജീവന്‍പോലും ബലിയര്‍പ്പിക്കാന്‍ സന്നദ്ധരായി റഷ്യന്‍ജനതയെ അണിനിരത്താന്‍കഴിഞ്ഞ സ്‌റ്റാലിനെ ജനവിരുദ്ധനായി ചിത്രീകരിക്കുന്നത്‌ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരേ മുഖംതിരിക്കലാണ്‌.

സ്‌റ്റാലിനെയോ മറ്റാരെയെങ്കിലുമോ ഒരുതെറ്റും ചെയ്യാത്ത ദിവ്യരായി കാണേണ്ടതില്ല. യാഥാര്‍ഥ്യങ്ങളെ നിഷേധിക്കുന്ന വീരാരാധനയാണത്‌. മഹാന്‍മാര്‍ കാലത്തിനുമുമ്പില്‍ നടക്കുന്നവരാണെങ്കിലും സ്‌ഥലകാല പരിതസ്‌ഥിതികള്‍ ഏര്‍പ്പെടുത്തുന്ന പരിമിതികള്‍ അവര്‍ക്കും ബാധകമാണ്‌. അവരുടെ ശരികളും തെറ്റുകളും വിലയിരുത്തേണ്ടത്‌ ആ കാലത്തിന്റെ പശ്‌ചാത്തലത്തില്‍കൂടിയാകണം. തെറ്റുകളെ വിലയിരുത്തുന്നത്‌ അവ വീണ്ടും ആവര്‍ത്തിക്കാതിരിക്കത്തക്കവണ്ണം പാഠങ്ങള്‍ പഠിച്ച്‌ മുന്നേറാനാകണം. അല്ലാതെ അവര്‍ ചെയ്‌ത ശരികളെയും നല്‍കിയ സംഭവനകളെയും മറച്ചുപിടിക്കാനാകരുത്‌.

സോവിയറ്റ്‌ പാര്‍ട്ടിയില്‍ ക്രൂഷ്‌ചേവിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സ്‌റ്റാലിന്‍ വിരുദ്ധ പ്രചരണം ഗോര്‍ബച്ചേവിസത്തിലാണു കലാശിച്ചതെന്നകാര്യം വിസ്‌മരിക്കരുത്‌. അത്‌ സോവിയറ്റ്‌ യൂണിയന്റെയും സോഷ്യലിസത്തിന്റെയും തകര്‍ച്ചയ്‌ക്കും അമേരിക്കയുടെ ഏകധ്രുവ ലോകാധിപത്യത്തിനും വഴിവയ്‌ക്കുകയും ചെയ്‌തു. സോവിയറ്റ്‌ പാര്‍ട്ടിയിലും ഭരണസംവിധാനത്തിലും ജനാധിപത്യത്തിനുള്ള കുറവിന്റെ ഗൗരവവും അതു പാര്‍ട്ടിയെയും ഭരണത്തെയും എപ്രകാരം ദുര്‍ബലമാക്കുന്നുവെന്ന വസ്‌തുതയും സ്‌റ്റാലിന്‍തന്നെ മനസിലാക്കി അതിനെതിരായ സമരം സ്വയം ആരംഭിച്ചതും സ്‌റ്റാലിന്റെ ആ പരിശ്രമങ്ങള്‍ക്കു പാര്‍ട്ടിക്കുള്ളിലും ഭരണത്തിലും നേരിടേണ്ടിവന്ന എതിര്‍പ്പും അടുത്തകാലത്ത്‌ റഷ്യയില്‍ പുറത്തുവന്ന പുരാവസ്‌തു രേഖകള്‍ വ്യക്‌തമാക്കുന്നുണ്ട്‌. ഡല്‍ഹിയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന റവല്യൂഷണറി ഡെമോക്രസിയില്‍ മോനിഗുഹ ഈ വസ്‌തുതകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. അതുകൊണ്ട്‌ ശരിയായ പാഠങ്ങള്‍ പഠിക്കണമെങ്കില്‍ അന്നത്തെ സോവിയറ്റ്‌ ചരിത്രത്തെ ഒരു വ്യക്‌തിയിലൂടെ നോക്കിക്കാണുന്നതിനുപകരം എല്ലാ വസ്‌തുനിഷ്‌ഠ സാഹചര്യങ്ങളുടെയും പശ്‌ചാത്തലത്തില്‍ കാണണം. മുതലാളിത്തവ്യവസ്‌ഥയ്‌ക്കു ന്യായീകരണം നല്‍കാനല്ല, സോഷ്യലിസത്തെ കുറ്റമറ്റതാക്കി വളര്‍ത്താനാണ്‌ ഈ അനുഭവപാഠങ്ങളെ ഉപയോഗപ്പെടുത്തേണ്ടത്‌.

മുതലാളിത്തം വികസിച്ചരാജ്യത്താണു സോഷ്യലിസ്‌റ്റ് പരിവര്‍ത്തനത്തിനുള്ള വസ്‌തുനിഷ്‌ഠ-ആത്മനിഷ്‌ഠ സാഹചര്യങ്ങള്‍ പക്വമാകുന്നത്‌. സോവിയറ്റ്‌ റഷ്യയിലും അതിനേക്കാള്‍ കൂടിയ അളവില്‍ ചൈനയിലും മുതലാളിത്തം പരിപക്വമാകാത്ത ഘട്ടത്തിലാണു സോഷ്യലിസ്‌റ്റ് നിര്‍മാണമെന്ന ചുമതല ഏറ്റെടുക്കേണ്ടിവന്നത്‌. വസ്‌തുനിഷ്‌ഠ-ആത്മനിഷ്‌ഠ സാഹചര്യങ്ങളുടെ ഈ ദൗര്‍ബല്യം ചുമത്തുന്ന പരിമിതികളെ നേരിട്ടുകൊണ്ടുവേണം തൊഴിലാളിവര്‍ഗത്തിനും കമ്യൂണിസ്‌റ്റുപാര്‍ട്ടിക്കും മുമ്പോട്ടുപോകേണ്ടത്‌ എന്നതിനാല്‍ തെറ്റുകള്‍ സംഭവിക്കുക സ്വാഭാവികമാണ്‌. ഇതു നേതാക്കളായ വ്യക്‌തികള്‍ക്കും ബാധകമാണ്‌. തല്‍ഫലമായി തിരിച്ചടികളുമുണ്ടാകാം. അനുഭവങ്ങളില്‍നിന്നു പാഠംപഠിച്ച്‌ തെറ്റുതിരുത്തിയാണ്‌ എല്ലാക്കാലത്തും ചരിത്രം മുന്നേറിയിട്ടുള്ളത്‌.

ബൂര്‍ഷ്വാ വിപ്ലവങ്ങള്‍ക്കും ഈ നിയമം ബാധകമാണ്‌. 1649-ലെ രക്‌തരഹിത വിപ്ലവം ഇംഗ്ലണ്ടില്‍ ക്രോംവെല്ലിന്റെ നേതൃത്വത്തില്‍ രാജഭരണം അവസാനിപ്പിച്ച്‌ റിപ്പബ്ലിക്കന്‍ ഭരണകൂടം സ്‌ഥാപിച്ചു. പക്ഷേ, പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ ആ ഭരണത്തിന്റെ ദൗര്‍ബല്യങ്ങള്‍ മുതലെടുത്ത്‌ ക്രോംവെല്ലിനെ പുറത്താക്കി രാജഭരണം തിരിച്ചുവന്നു. 1789ലെ വിഖ്യാതമായ ഫ്രഞ്ച്‌ വിപ്ലവം ലൂയി 14-ാമന്‍ ചക്രവര്‍ത്തിയുടെ ഭരണം അവസാനിപ്പിച്ച്‌ റിപ്പബ്ലിക്‌ സ്‌ഥാപിച്ചെങ്കിലും ഏതാനം വര്‍ഷംകഴിഞ്ഞപ്പോള്‍ നെപ്പോളിയന്‍ ബോണോപാര്‍ട്ട്‌ ഫ്രാന്‍സില്‍ ചക്രവര്‍ത്തിഭരണം പുനസ്‌ഥാപിച്ചു. ചരിത്രത്തിന്റെ മുന്നോട്ടുള്ള പ്രവാഹത്തിനൊപ്പം ഇത്തരം നിരവധി തിരിച്ചൊഴുക്കുകളും സ്വാഭാവികമാണ്‌.

പക്ഷേ, രാജഭരണം അന്തര്‍ധാനം ചെയ്യുകയും ജനാധിപത്യ റിപ്പബ്ലിക്‌ നിലവില്‍ വരികയുമെന്ന ആ ചരിത്രഘട്ടത്തിന്റെ പൊതുപ്രവാഹത്തിന്‌ അതുകൊണ്ട്‌ ഒരുമാറ്റവും വന്നില്ല. സോവിയറ്റുയൂണിയനിലോ മറ്റേതെങ്കിലും രാജ്യങ്ങളിലോ സോഷ്യലിസത്തിനു തിരിച്ചടി സംഭവിക്കാം. അതിന്‌ അവിടുത്തെ പാര്‍ട്ടി നേതൃത്വത്തിന്റെയും ഭരണത്തിന്റെയും തെറ്റുകള്‍ പങ്ക്‌ വഹിച്ചിട്ടുമുണ്ടാകും. തെറ്റ്‌ മനസിലാക്കിയാല്‍ തിരുത്തുക. വീണ്ടും അതാവര്‍ത്തിക്കാതെ നോക്കുക. അങ്ങനെമാത്രമേ മനുഷ്യര്‍ക്കു പുരോഗമിക്കാനാകൂ. മാര്‍ക്‌സിസം ആവിര്‍ഭവിച്ചതിനുശേഷമുള്ള കഴിഞ്ഞ 16-17 ദശാബ്‌ദങ്ങളിലെ ചരിത്രം നോക്കിയാല്‍ തിരിച്ചടികള്‍ നേരിട്ടെങ്കിലും തൊഴിലാളിവര്‍ഗപ്രസ്‌ഥാനം കൂടുതല്‍ പുരോഗതിയിലേക്കാണ്‌ പോയിട്ടുള്ളത്‌. എന്തായാലും സോഷ്യലിസ്‌റ്റ് നിര്‍മാണത്തിലെ പിശകുകള്‍ മുതലാളിത്തത്തെ ശാശ്വതമാക്കില്ല. സോഷ്യലിസമാണു സാമൂഹ്യപുരോഗതിയുടെ അടുത്തഘട്ടമെന്ന നിയമത്തെ ആര്‍ക്കും തടഞ്ഞുനിര്‍ത്താനുമാകില്ല.

ജനേച്‌ഛയ്‌ക്ക് വഴങ്ങാതെ സാമ്പത്തിക-സാമ്പത്തിക-രാഷ്‌ട്രീയ മേധാവിത്വം ഉപയോഗിച്ച്‌ അതിനെ അട്ടിമറിക്കാന്‍ മുതലാളിത്തം ശ്രമിക്കുമ്പോഴാണു ജനങ്ങള്‍ക്ക്‌ അവരുടെ സംഘടിതബലം വിനിയോഗിക്കേണ്ടിവരുന്നത്‌. 2002ല്‍ സാമ്രാജ്യത്വം ഗൂഢാലോചനവഴി വെനസ്വേലയില്‍ ഹ്യൂഗോ ഷാവേസിനെ സ്‌ഥാനഭ്രഷ്‌ടനാക്കിയപ്പോള്‍ ജനങ്ങള്‍ സംഘടിതരായി തെരുവിലിറങ്ങിയാണു ഷാവേസിനെ വീണ്ടും അധികാരത്തിലേറ്റിയത്‌. ഒരു ചെറുന്യൂനപക്ഷത്തിന്റെ അതിസാഹസികതയല്ല ജനങ്ങളുടെ സംഘടിതശക്‌തിയാണു സാമൂഹ്യപരിവര്‍ത്തനം യാഥാര്‍ഥ്യമാക്കുന്നത്‌. അടുത്തകാലത്ത്‌ ടുണീഷ്യയിലും ഈജിപ്‌തിലും ജനങ്ങള്‍ അവരുടെ സംഘടിതശക്‌തിയുപയോഗിച്ചാണു സ്വേഛാധിപത്യവാഴ്‌ചയെ തകര്‍ത്തത്‌. ജനകീയസമരത്തെ തകര്‍ക്കാന്‍ പട്ടാളം ആയുധമെടുത്തപ്പോള്‍ ഒരുവിഭാഗം പട്ടാളക്കാര്‍തന്നെയാണു കൂറുമാറി ജനപക്ഷംചേര്‍ന്ന്‌ ജനങ്ങള്‍ക്കുവേണ്ടി ആയുധം പ്രയോഗിച്ചത്‌. ജനങ്ങള്‍ ആയുധം ഉപയോഗിക്കേണ്ടിവരുന്നത്‌ ജനേച്‌ഛയെ തകിടംമറിക്കാന്‍ ചൂഷകവര്‍ഗം ആയുധത്തെ ആശ്രയിക്കുമ്പോഴാണ്‌. വിപ്ലവത്തെ ചുരുക്കംചിലരുടെ ഗൂഢാലോചനയും സായുധകലാപവുമാക്കി ചിത്രീകരിക്കുന്നത്‌ ജനശത്രുക്കളാണ്‌. തൊഴിലാളിവര്‍ഗവും അധ്വാനിക്കുന്ന മറ്റുവര്‍ഗങ്ങളും അധികാരം പിടിച്ചെടുത്താല്‍ അതിനോട്‌ പൊരുത്തപ്പെടാന്‍ ചൂഷകവര്‍ഗം തയാറാവില്ല. കാരണം അവരുടെ സമ്പത്തും ചൂഷണാധികാരവും എന്നത്തേക്കുമായി നഷ്‌ടപ്പെടുത്തുകയാണു തൊഴിലാളിവര്‍ഗം ചെയ്യുന്നത്‌. അതുകൊണ്ട്‌ എന്തുവിലകൊടുത്തും തൊഴിലാളിവര്‍ഗ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അവര്‍ ശ്രമിക്കുന്നു.

അധ്വാനോപാധികളുടെ സ്വകാര്യ ഉടമസ്‌ഥതയ്‌ക്ക് അറുതിവരുത്താനുള്ള ശ്രമങ്ങളെ ഏതറ്റംവരെപോയും തടഞ്ഞുനിര്‍ത്താന്‍ അവര്‍ ശ്രമിക്കും. അതിനെ ചെറുത്ത്‌ സ്വന്തം ഭരണകൂടത്തെ സംരക്ഷിക്കുകയും അധ്വാനോപാധികള്‍ പൊതുവുടമസ്‌ഥതയിലാക്കുകയെന്ന ഭരണകൂട കടമ നിര്‍വഹിക്കുകയും ചെയ്യേണ്ടത്‌ തൊഴിലാളിവര്‍ഗത്തിന്റെ ചുമതലയാണ്‌. അതിനു സ്വന്തം സര്‍വാധിപത്യം ചൂഷകവര്‍ഗത്തിനെതിരേ പ്രയോഗിക്കണം. അതിനെയാണ്‌ തൊഴിലാളിവര്‍ഗ സര്‍വാധിപത്യമെന്നു വിളിക്കുന്നത്‌. ചരിത്രത്തിലാദ്യമായി മഹാഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്നവരുടെ സര്‍വാധിപത്യം സ്‌ഥാപിക്കപ്പെടുകയാണ്‌. ആ അര്‍ഥത്തില്‍ ഏറ്റവും ഉയര്‍ന്ന ജനാധിപത്യമാണു തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യം. അതിനെ സ്വേഛാധിപത്യമായി വികൃതമാക്കി ചിത്രീകരിക്കുന്നത്‌ ചൂഷണം തുടരാനാഗ്രഹിക്കുന്നവരാണ്‌.

വി.ബി. ചെറിയാന്‍

No comments:

Post a Comment