- പിണറായി എംഎന്‍ വിജയന്റെ ഔദാര്യം പറ്റി വളര്‍ന്ന അത്തപ്പാടി
- എളമരം കരീം കിനാലൂര്‍ പദ്ധതിയില്‍ വന്‍ അഴിമതി നടത്തി
- മാണിസാര്‍ കള്ളക്കളിയിലൂടെ തന്നെ പുറത്താക്കി
- വിഎസ് പുറത്തുവന്നാല്‍ പിന്തുണയ്ക്കും
പി.സി.ജോര്‍ജുമായി ഒരു ദീര്‍ഘസംഭാഷണമാണ് ഇത്തവണത്തെ ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ കവര്‍ സ്റ്റോറി. പിണറായിയും എളമരവും യഥാര്‍ത്ഥ ഇടതുപക്ഷമല്ല എന്നാണു കവര്‍സ്റ്റോറിയുടെ പേര്. പി സി ജോര്‍ജിന്റെ മൂന്നു പതിറ്റാണ്ടിനപ്പുറം നീളുന്ന രാഷ്ട്രീയജീവിതകഥയാണ് വി കെ സുരേഷുമായുള്ള സംഭാഷണത്തിലൂടെ ഇതള്‍വിരിയുന്നത്. എസ്എഫ്ഐ മുന്‍ കോഴിക്കോട് ജില്ലാഭാരവാഹിയും സംസ്ഥാനസമിതിയംഗവുമായിരുന്നു, ആര്‍എംപിയുടെ സജീവ പ്രവര്‍ത്തകനായ സുരേഷ്.
ഈ സംഭാഷണത്തില്‍ കേരളരാഷ്ട്രീയചരിത്രത്തിലെ, അല്ല, വര്‍ത്തമാനത്തിലെ മിക്കവാറും എല്ലാ നേതാക്കളും വില്ലന്മാരായി പകര്‍ന്നാടുന്നു എന്നതാണു കൌതുകകരം. സ്വന്തം മുന്നണിയിലെയും മറുമുന്നണിയിലെയും നേതാക്കളെല്ലാം തന്നെ അമ്പേറ്റുവാങ്ങുന്നുണ്ട്. സ്വന്തമായി ഒരു സ്ഥിരം മുന്നണിയില്ലാത്തതുകൊണ്ട് ജോര്‍ജിന്റെ ശത്രുപ്പട്ടികയില്‍ കെ എം മാണി മുതല്‍ പിണറായി വിജയന്‍ വരെ വേഷമാകുന്നു.
ഭക്ഷണം കഴിക്കാന്‍ ചില്ലറ പോലും കൈയിലില്ലാതിരുന്ന ഒരു കൌമാരമാണ് പിണറായിക്കുണ്ടായിരുന്നതെന്നും ഈ മനുഷ്യന്‍ എങ്ങനെ ഇത്രയും വലിയ ധനമാര്‍ജിച്ചു എന്നും ജോര്‍ജ് ചോദിക്കുന്നു. വിശന്നുവലഞ്ഞ് എം എന്‍ വിജയനെക്കാത്തുനിന്നിരുന്നൊരു വിജയനെ കേരളത്തില്‍ ചിലര്‍ക്കെങ്കിലും ഓര്‍മകാണുമെന്നും അന്നു വിജയന്‍ മാഷ് കൊടുത്തിരുന്ന ചില്ലറയ്ക്ക് ഭക്ഷണം വാങ്ങിക്കഴിച്ചാണ് വെറും വിജയന്‍ പിണറായി വിജയനിലേക്കുള്ള വളര്‍ച്ചയെത്തിയതെന്നും മറക്കരുതെന്ന് പിണറായിക്കു താക്കീതു കൊടുക്കാനും ജോര്‍ജ് മറക്കുന്നില്ല. അതേ വിജയന്‍ പിന്നീട്, പാര്‍ട്ടിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയതിന് എം എന്‍ വിജയനെതിരെ തിരിയുന്ന കാഴ്ചയും കേരളംകാണേണ്ടിവന്നുവെന്നും ജോര്‍ജ് പറയുന്നു.
പിണറായി വിജയനും എളമരം കരീമുമാണ് കേരളത്തിലെ ഇടതുപക്ഷത്തെ അഴിമതിയില്‍ മുക്കിയതെന്നു സൂചിപ്പിക്കുന്ന ജോര്‍ജ് എളമരം കിനാലൂര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ശതകോടികളാണ് തട്ടിയെടുത്തതെന്ന് ആരോപിക്കുന്നു. കിനാലൂരില്‍ കരീമിന്റെ വേണ്ടപ്പെട്ടവരാല്‍ സ്ഥലം വാങ്ങിക്കൂടി അതു വന്‍വിലയ്ക്കു വിറ്റാണ് ഈ അഴിമതി നടന്നതെന്നും ആരോപണമുണ്ട്.
തന്നെ ഉപയോഗപ്പെടുത്തി, ശത്രുക്കളെ ഒതുക്കുകയും ഒടുവില്‍ തന്നെ അകാരണമായി പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയുമാണ് കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി ചെയ്തിട്ടുള്ളതെന്ന് ജോര്‍ജ് പറയുന്നു. എക്കാലത്തും പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കിനിര്‍ത്താന്‍ ഇങ്ങനെയുള്ള തന്ത്രങ്ങളാണ് മാണിസാര്‍ പയറ്റാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
വിഎസ് പ്രതിപക്ഷനേതാവായിരുന്ന കാലത്തു് മൂന്നാര്‍, മതികെട്ടാന്‍ തുടങ്ങിയ വിഷയങ്ങളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചത് താനായിരുന്നെന്നും അന്നത്തെ വിഎസിന് അതൊക്കെ നന്നായി കൈകാര്യം ചെയ്യാന്‍ സാധിച്ചെന്നും ജോര്‍ജ് പറയുന്നു. ഇങ്ങനെ വിഎസിന് ജനകീയനാകാന്‍ സൌകര്യങ്ങള്‍ ചെയ്തതിന്റെ പേരിലാണ് പിണറായിക്ക് താന്‍ അനഭിമതനായതെന്നും ജോര്‍ജ് പറയുന്നു. അതിന്റെ പേരില്‍ ജോസഫില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് തന്നെ പരമാവധി ദ്രോഹിക്കാന്‍ ഇടയായതെന്നും ജോര്‍ജ് പറയുന്നു. ചെങ്ങറ സമരക്കാര്‍ക്ക് ആഹാരമെത്തിച്ചതടക്കം പല ജനകീയസമരങ്ങളിലും താന്‍ ജനാനുകൂലമായ നിലപാടെടുത്തത് പലരെയും ശത്രുക്കളാക്കിയെന്നും ജോര്‍ജ് പറയുന്നു.
ഇപ്പോള്‍ വിഎസ് പാര്‍ട്ടി വിട്ടു പുറത്തുവരികയും താന്‍ തുടങ്ങിവച്ച ജനകീയരാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ തുടരുകയും പാര്‍ട്ടിയുടെ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ചു പാര്‍ട്ടിവിട്ട പഴയകാലസഖാക്കളുടെ ഘടകങ്ങളെക്കൂടി ഏകോപിപ്പിച്ചുകൊണ്ട് മുന്നോട്ടുവരികയും ചെയ്താല്‍ അദ്ദേഹത്തെ പൂര്‍ണമായും പിന്തുണയ്ക്കുമെന്നും ജോര്‍ജ് പറയുന്നു.
No comments:
Post a Comment