പൊട്ടാന്‍ വെമ്പുന്ന ചിട്ടികള്‍
നാടുമുഴുവന്‍ ബ്രാഞ്ചുകളുണ്ടായിട്ടും പൊളിഞ്ഞുപോയ കമ്പനികളുണ്ട്. തട്ടിപ്പിന് ഇവര്‍ക്കെതിരെ കേസുണ്ട്. ചില നടത്തിപ്പുകാര്‍ അഴിയെണ്ണുന്നുമുണ്ട്. പക്ഷേ, ബാക്കി ജീവനക്കാര്‍ എവിടെപ്പോയി. ജീവിതം അവസാനിപ്പിച്ചോ. ഇല്ല. അവരാണ് പല ചിട്ടിക്കമ്പനികളുടെയും മര്‍മസ്ഥാനങ്ങളില്‍ ഇരിക്കുന്നത്.
ഇടക്കിടെ ചിട്ടി പൊളിയുന്നതില്‍ നിന്ന് ജനം ഒന്നും പഠിക്കുന്നില്ല. അതിന്റെ തെളിവാണല്ലോ പുതിയ കമ്പനികള്‍ പെരുകുന്നതും അവിടെ പണം കുമിഞ്ഞുകൂടുന്നതും. പക്ഷേ, ഇതില്‍നിന്ന് ചിട്ടി നടത്തിപ്പുകാര്‍ പലതും പഠിക്കുന്നുണ്ട്. അങ്ങനെയാണ് പുതിയ രീതിയിലുള്ള തട്ടിപ്പുകള്‍ പിറവിയെടുക്കുന്നത്. ആയിരക്കണക്കിന് ചിട്ടിക്കമ്പനികളുള്ളതിനാല്‍ ജനത്തെ ആകര്‍ഷിക്കാനാണ് പ്രയാസം. അതുകൊണ്ടുതന്നെ ഈ വിഷയത്തിലാണ് തട്ടിപ്പുകാര്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ളത്. രണ്ടാമത്തെ തവണതന്നെ കുറി തരാമെന്ന് വ്യാമോഹിപ്പിച്ചായിരിക്കും മിക്ക ഏജന്റുമാരും കുറിയില്‍ ചേര്‍ക്കുക. പക്ഷേ, നാലാംതവണ അടച്ചശേഷമേ മിക്ക കമ്പനികളും കുറി തരുന്നതിനെക്കുറിച്ച് ആലോചിക്കൂ. കാരണം, ഇത്രയും പണം കിട്ടിയാലേ തിരിമറികള്‍ സാധ്യമാകൂ. കുറിയടിച്ചാലും അടുത്ത നറുക്കിന് ശേഷമേ പണംകിട്ടൂ. മാസക്കുറിയാണെങ്കില്‍ ഒരു മാസവും പൂവല്‍ കുറിയാണെങ്കില്‍ നാലു മാസവും കാത്തിരിക്കണം. നേരത്തേ കിട്ടണമെങ്കില്‍ കമ്പനിക്ക് അത്രയും ദിവസത്തെ നല്‍കണം. കമ്പനിയുടേതല്ലാത്ത പണത്തിന് എന്തിനാണ് പലിശ കൊടുക്കുന്നതെന്നും വരിക്കാര്‍ നാലു തവണയടച്ച പണം കമ്പനിയിലിരിക്കെ കുറിയടിച്ചാല്‍ ഉടന്‍ പണം തരാന്‍ എന്താണ് തടസ്സമെന്നും വരിക്കാരന്‍ പോലും ചോദിച്ചതായി കേട്ടിട്ടില്ല.
ബാങ്ക് വായ്പയുമായി താരതമ്യപ്പെടുത്തലാണ് ജനത്തെ ആകര്‍ഷിക്കാനുള്ള മറ്റൊരു തന്ത്രം. വായ്പക്ക് ബാങ്കിനെ സമീപിക്കുമ്പോള്‍ ഉണ്ടാകുന്ന നൂലാമാലകള്‍ കുറിക്കമ്പനികളില്‍ ഉണ്ടാകുന്നില്ലെന്നാണ് ഒരു അവകാശ വാദം. ഇത് തെറ്റാണ്. നൂറുപേര്‍ വേണ്ടത്ര ഈടുമായി ബാങ്കിനെ സമീപിച്ചാല്‍ അവര്‍ക്കെല്ലാം വായ്പ കിട്ടും. പക്ഷേ, ഇത്രയും പേര്‍ ഒന്നിച്ച് കുറിക്കമ്പനിയില്‍ ചെന്നാല്‍ കുറികിട്ടുമോയെന്ന ചോദ്യത്തിന് മറുപടിയില്ല. ലേലവുമില്ല നറുക്കുമില്ല ആവശ്യമുള്ളപ്പോള്‍ പണം നല്‍കാമെന്നാണ് മധ്യകേരളത്തിലെ ഒരു ചിട്ടിക്കമ്പനി നല്‍കുന്ന പരസ്യം. പക്ഷേ, ഇങ്ങനെ പണം നല്‍കുന്നതിന് ചിട്ടിയെന്നല്ല ബ്ലേഡ് എന്നാണ് സാധാരണ പറയാറ്.
ഒരു ചിട്ടിയില്‍ ഒരു മാസം ഒരാള്‍ക്ക് മാത്രമാണ് പണം കിട്ടുക. അത് നറുക്കാകാം ലേലമാകാം. ഏറ്റവും താഴ്ത്തി വിളിക്കുന്നത് ആരായിരിക്കുമെന്ന് മുന്‍കൂട്ടി അറിയാത്തതിനാല്‍ വട്ടമെത്തുന്നതിന് മുമ്പ് എങ്ങനെ പണം കിട്ടുമെന്ന് ഉറപ്പിക്കാനാവും! മാത്രമല്ല, നിയമാനുസൃതം താഴ്ത്തിവിളിക്കാവുന്ന പരിധി 60 ശതമാനമാണ്. ഇത് കഴിഞ്ഞാല്‍ നറുക്കിലേക്ക് പോവുകയാണ് ചെയ്യുക. തെറ്റിദ്ധരിപ്പിക്കും വിധം ഇത്തരത്തില്‍ പരസ്യം ചെയ്യുന്നത് കോമ്പറ്റീഷന്‍ ആക്ട് പ്രകാരം കുറ്റകരമാണ്. നല്ല വക്കീല്‍ കേസെടുത്താല്‍ പരസ്യമിട്ട പ്രസിദ്ധീകരണമടക്കം കോടതി കയറേണ്ടിവരും.
നറുക്കെടുപ്പിലൂടെയാണല്ലോ ചിട്ടി കിട്ടുക. അപ്പോള്‍ നല്ല ഭാഗ്യം വേണം. ചിട്ടിക്കൊപ്പം ലോട്ടറി കൂടിയുണ്ടെങ്കില്‍ ഒരു ഭാഗ്യത്തിന് രണ്ട് നറുക്ക് കിട്ടുമോ. 2008 നവംബറില്‍ ഹിമവര്‍ഷ കുറിക്കമ്പനി ഈ വിധത്തിലാണ് ചിന്തിച്ചത്. ഉടന്‍ പരസ്യവും വന്നു. ഫരീദാബാദിലും ബ്രാഞ്ചുള്ള തൃശൂരിലെ ഹിമവര്‍ഷ കുറീസ് ജമ്മു ബ്രാഞ്ചില്‍ നിന്ന് കേരളസംസ്ഥാന ഭാഗ്യക്കുറിയുമായി കൈകോര്‍ത്ത് ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കുന്ന നിക്ഷേപ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. പേര് ഭാഗ്യവര്‍ഷ. കുറിയോടൊപ്പം 50 പേരടങ്ങുന്ന ഗ്രൂപ്പിന് ആഴ്ചയില്‍ 250ഉം വര്‍ഷത്തില്‍ 12,500ഉം സൗജന്യ ഭാഗ്യക്കുറി പരീക്ഷണം ഉണ്ടായിരിക്കും. സമ്മാനത്തുക 50 പേര്‍ക്ക് വീതിക്കും.
പക്ഷേ, ഹിമവര്‍ഷക്കു വേണ്ടത്ര ഭാഗ്യമില്ലാതെ പോയി. കെട്ടിലും മട്ടിലും തനി സര്‍ക്കാര്‍ ഛായ കണ്ട ഊരകത്തെ അഡ്വ. പി. പ്രമോദ് വിവരാവകാശ നിയമപ്രകാരം ലോട്ടറി വകുപ്പിനോട് ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ തേടി. ഇങ്ങനെയൊരു പദ്ധതിയില്ലെന്നും ഹിമവര്‍ഷ കുറീസിനെ അറിയുകപോലുമില്ലെന്നും അവിടെനിന്ന് മറുപടി വന്നു. പ്രശ്നം കോടതി കയറിയതോടെ കുറച്ചു പേര്‍ രക്ഷപ്പെട്ടു.
ഇത്രത്തോളം വരില്ലെങ്കിലും കാറും സ്വര്‍ണനാണയങ്ങളും നറുക്കിട്ട് നല്‍കുമെന്ന് പറഞ്ഞ് വരിക്കാരെ ചേര്‍ക്കുന്നത് ഇപ്പോള്‍ വ്യാപകമാണ്. ഇത് പ്രൈസ് ചിറ്റ്സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ ബാനിങ് ആക്ടിന് വിരുദ്ധമാണ്. ഈ നിയമമനുസരിച്ച് വ്യക്തിയോ കമ്പനിയോ ഇത്തരം കുറികള്‍ നടത്താന്‍ പാടില്ല. മാത്രമല്ല ഇത്തരം വാഗ്ദാനം നടത്തുകയോ നോട്ടീസ് അച്ചടിക്കുകയോ ഇത്തരം കുറി നടത്താന്‍ ഏതെങ്കിലും സ്ഥലം ഉപയോഗിക്കുകയോ ചെയ്യാന്‍ പാടില്ല. ഇത് ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസിന് സ്വമേധയാ കേസെടുക്കാം. എന്നാല്‍, കോടതികളില്‍ നിന്ന് അയച്ചുകൊടുക്കുന്ന പരാതികളില്‍പോലും നടപടിയുണ്ടാവാറില്ല. 2002(3) കെ.എല്‍.ടി 530 വിജയലക്ഷ്മി വെഴ്സസ് തോമസ് എന്ന കേസില്‍ പ്രൈസ് ചിറ്റ്സ് സംബന്ധിച്ച് പൊലീസ് കേസ് എടുക്കാത്തതിനെയും എടുത്ത കേസുകള്‍ റഫര്‍ചെയ്യുന്നതിനെയും കേരള ഹൈകോടതി വിമര്‍ശിച്ചിരുന്നു. ഫോര്‍മാന് ലഭിക്കുന്ന കമീഷനില്‍നിന്ന് വരിക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതിന് വിലക്കില്ല. അതേസമയം, ഒരേതുക അടക്കുന്ന വരിക്കാരില്‍ ചിലരെ ഭാഗ്യത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത് ഭൂരിപക്ഷം വരിക്കാരുടെ പണം ഉപയോഗിച്ച് സമ്മാനങ്ങള്‍ നല്‍കുന്നത് ചൂഷണമാണെന്ന നിഗമനത്തിലാണ് പ്രൈസ് ചിറ്റുകള്‍ നിരോധിച്ചത്. ഒരു കുറിയിലെ എല്ലാ വരിക്കാര്‍ക്കും ഒരുപോലെ സമ്മാനം കിട്ടുന്നില്ല എന്നത് നീതിയല്ല എന്നതാണ് ഈ നിയമ നിര്‍മാണത്തിന് ഇടയാക്കിയത്.
തൃശൂര്‍ മന്നാടിയാര്‍ ലൈനില്‍ പ്രവര്‍ത്തിക്കുന്ന ന്യൂമിലേനിയം കുറീസ് 2009 ഒക്ടോബര്‍ 15ന് സാഫല്യം മൂന്ന് എന്ന പേരില്‍ എട്ടു ലക്ഷം രൂപ സലയോടുകൂടി തുടങ്ങിയ ചിട്ടിക്ക് 50 ഇന്‍ഡിക കാറുകളാണ് സമ്മാനം പ്രഖ്യാപിച്ചത്. ഇതിനെതിരെയും ഇതേരീതിയില്‍ പ്രവര്‍ത്തനം നടത്തിയ ബ്രൈഡല്‍ കുറീസിനെതിരെയും കുമാരനല്ലൂര്‍ ധനശ്രീ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ നല്‍കിയ ഹരജി ഇപ്പോള്‍ തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. പൂരം കുറീസാകട്ടെ വിവിധ കുറികളില്‍ ചേരുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ 10 കിലോ സ്വര്‍ണം, കാര്‍, സ്കൂട്ടര്‍ എന്നിവയൊക്കെ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനെതിരായ പരാതി തൃശൂര്‍ മുന്‍സിഫ് കോടതിയും പരിഗണിക്കുന്നുണ്ട്.
ഇത്തരം സമ്മാനങ്ങളുടെ നറുക്കെടുപ്പിലുമുണ്ട് തിരിമറികള്‍. ചിട്ടി നറുക്കെടുക്കുന്ന ദിവസമായായിരിക്കില്ല മിക്കവാറും കമ്പനികള്‍ സമ്മാനങ്ങളുടെ നറുക്കെടുക്കുക. അത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കും. സമ്മാനമടിച്ചത് ആര്‍ക്കാണെന്ന് പിന്നെ ആരുമറിയില്ലെന്ന് മാത്രം. ഒരോ ചിട്ടിക്കും എത്ര ഡിവിഷനുണ്ടോ അത്രയും വരിക്കാരെ ഉള്‍പ്പെടുത്തിയാകും നറുക്കിടുക. മിക്കവാറും അത് മുതലാളിക്കുതന്നെ കിട്ടുകയാണ് പതിവ്.
ഏവരും ബഹുമാനിക്കുന്ന വൈദികരെ മുന്നില്‍ നിര്‍ത്തുകയാണ് ചിട്ടിക്കമ്പനികളുടെ മറ്റൊരു തന്ത്രം. ചേര്‍പ്പിലെ പാരിഷ് ചിട്ടിക്കമ്പനിയും കുറിക്കമ്പനിയിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നവകാശപ്പെടുന്ന ഒല്ലൂര്‍ സാധു സംരക്ഷണ സംഘവും നയിക്കുന്നത് ക്രൈസ്തവ പുരോഹിതരാണ്. നിയമവിരുദ്ധമായ പ്രൈസ് ചിട്ടി നടത്തിയതിന് ഇവര്‍ ഇരുവരും നിയമനടപടി നേരിടുന്നുമുണ്ട്. എന്നാല്‍, കോട്ടയം ജില്ലയില്‍ ഏതാനുംമാസം മുമ്പ് തുടങ്ങിയ ചിട്ടി സ്ഥാപനത്തിന് ചുക്കാന്‍ പിടിക്കുന്ന വൈദികന്‍ സകല ബ്ലേഡുകാരെയും കടത്തിവെട്ടിക്കളഞ്ഞു. ഫരീദാബാദിനോടാണ് ഈ കമ്പനിക്കും കൂറ്. 25,15,10 ലക്ഷത്തിന്റെ 180 മാസം അടവുകളുള്ള ചിട്ടിയാണ് തുടങ്ങിയത്. പക്ഷേ, ആദ്യത്തെ രണ്ടുമാസം വരിക്കാര്‍ അടക്കുന്ന പണം സ്ഥാപനമെടുക്കുമെന്നാണ് ഇദ്ദേഹം ഉണ്ടാക്കിയിരിക്കുന്ന നിയമം. ഇതൊക്കെ മാറ്റി നിര്‍ത്തിയാല്‍ അധ്യാപകര്‍ക്കും ബാങ്ക് ജീവനക്കാര്‍ക്കും അതത് പ്രദേശങ്ങളിലുള്ള വിശ്വാസ്യതയാണ് ചിട്ടിക്കമ്പനികള്‍ വരിക്കാരെ ചേര്‍ക്കാന്‍ ഉപയോഗിക്കാറ്. പക്ഷേ, വയനാട്ടിലും മറ്റും ചിട്ടി തട്ടിപ്പ് നടത്തി കോടികളുമായി മുങ്ങിയ ശ്രീകോവില്‍ ചിട്ടി കമ്പനിയുടമ സന്തോഷ്കുമാര്‍ രാജസ്ഥാനിലെ ജയ്പൂര്‍ വൈശാലി നഗറില്‍ വരിക്കാരെ കണ്ടെത്താന്‍ നൂതനമായ മാര്‍ഗമാണ് സ്വീകരിച്ചത്. ഗോകുലം ചിട്ടി ഉടമ ഗോകുലം ഗോപാലന്റെ സഹോദരീ പുത്രനാണെന്ന് കാണുന്നവരോടൊക്കെ തട്ടിവിട്ടു. കളി കഴിഞ്ഞപ്പോള്‍ ജയ്പൂര്‍ മലയാളികള്‍ക്ക് നഷ്ടം മൂന്നുകോടി രൂപ.
മുമ്പ് പണം തട്ടിയതിന് കേസിന്‍മേല്‍ കേസുമായി പാപ്പര്‍ ഹരജിവരെ കൊടുക്കേണ്ടിവന്ന ഒരു വിരുതന്റെ ചിട്ടിക്കമ്പനിയുണ്ട് കോട്ടയത്ത്. ഇയാളുടെ മുഖ്യ ആയുധം വ്യാജ പത്രപ്രവര്‍ത്തകരാണ്. നിലവിലുണ്ടോ ഇല്ലയോ എന്ന് ഉടമകള്‍ക്ക് തന്നെ നിശ്ചയമില്ലാത്ത ഒരു പത്രത്തിന്റെ ജില്ലാലേഖകനെ കൂട്ടുപിടിച്ചാണ് ഇയാള്‍ കച്ചവടം കൊഴുപ്പിക്കുന്നത്. പത്രപ്രവര്‍ത്തനത്തിന്റെ മറവില്‍ പരസ്യ ഏജന്‍സിയടക്കം പലകച്ചവടങ്ങളും ചെയ്യുന്ന ഇയാള്‍ക്ക് ചിട്ടിക്കമ്പനിയുടെ മുഴുവന്‍ പരസ്യങ്ങളുടെയും ചുമതല ഏല്‍പിച്ചുകൊടുത്തു.
അഞ്ചു പൈസ വരുമാനമില്ലാതെ ചരടുപൊട്ടിയ പട്ടംപോലെ നട്ടംതിരിഞ്ഞിരുന്നയാള്‍ ഈ വാഗ്ദാനത്തില്‍ തലയടിച്ചുവീണു. പക്ഷേ, കാര്യത്തോടടുത്തപ്പോള്‍ ഒരുകുഴപ്പം. ചെയ്യുന്ന പരസ്യത്തിന് പകുതിയേ പണം കൊടുക്കൂ. ബാക്കി പണം കിട്ടണമെങ്കില്‍ ചിട്ടിക്കാരന്‍ പറയുന്നതൊക്കെ ചെയ്യണം. പത്രപ്രവര്‍ത്തകന്റെ സ്വാധീനം പൊലീസ് സ്റ്റേഷന്‍ മുതല്‍ മന്ത്രി തലംവരെ ചിട്ടി നടത്തിപ്പുകാരന്‍ ഉപയോഗിക്കുന്നുമുണ്ട്. ഇനി ഏതെങ്കിലും പത്രപ്രവര്‍ത്തകന്‍ ചിട്ടിക്കാരന്റെ കൊള്ളരുതായ്മകളെക്കുറിച്ച് ചികഞ്ഞുവെന്നിരിക്കട്ടെ. ഉടന്‍ 'ജില്ലാ ലേഖക'ന്റെ വിളിവരും. ഉപദ്രവിക്കരുത് എനിക്കും ജീവിക്കണമെന്നു പറഞ്ഞ് കരയും. അതോടെ സഹപ്രവര്‍ത്തകര്‍ക്കും മനസ്സലിയും. തട്ടിപ്പുകള്‍ മാഞ്ഞുപോകാന്‍ വേറെ കാരണം വേണോ. ഇപ്പോള്‍ ചിട്ടിയും കൊഴുത്തു പരസ്യക്കമ്പനിയും കൊഴുത്തു. രണ്ടിന്റെയും ഇടപാടുകാര്‍ മാത്രമാണ് മെലിയുന്നത്.
No comments:
Post a Comment