Monday, June 4, 2012

തുറന്ന കത്തും തിരിഞ്ഞു കുത്തും


അടച്ച കത്തിന് മറുപടി കിട്ടിയില്ലെങ്കിലും തുറന്ന കത്തിന് മറുപടി കിട്ടിയിരിക്കും. അതുകൊണ്ട് തുറന്ന കത്തെഴുതുന്നവര്‍ ഏറെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഇതേപോലെതന്നെ ആദ്യം പ്രസംഗിക്കുന്നവര്‍ രണ്ടാമതു പ്രസംഗിക്കുന്നവരെപ്പറ്റി എന്തെങ്കിലും ആരോപണം ഉന്നയിച്ചാല്‍ രണ്ടാമതു പ്രസംഗിക്കുന്നവര്‍ക്ക് അതിനു മറുപടി പറയാനും തിരിച്ച് ആക്ഷേപം ഉന്നയിക്കാനും സാധിക്കും. ആദ്യം പ്രസംഗിച്ചുപോയ ആള്‍ക്ക് എനിക്ക് ഒന്നൂടി പ്രസംഗിക്കാനുണ്ട് എന്നു പറയാനും പറ്റില്ല. ഇതൊക്കെ ശരിക്കും ശ്രദ്ധിക്കേണ്ടതാണ് രാഷ്ട്രീയസാമൂഹികസാംസ്കാരികസാഹിത്യരംഗങ്ങളിലൊക്കെ പ്രവര്‍ത്തിക്കുന്നവര്‍.

ഇന്ത്യയിലെ മൊത്തം എഴുത്തുകാരെ എടുത്താല്‍ത്തന്നെ തലപ്പൊക്കത്തോടെ നില്‍ക്കുന്ന പ്രൌഢയായ എഴുത്തുകാരിയാണ് മഹാശ്വേതാദേവി എന്ന ബംഗാളി എഴുത്തുകാരി. ബംഗാളില്‍ സാമൂഹികരാഷ്ട്രീയസാംസ്കാരികരംഗത്തു് ഇടതന്മാര്‍ അടക്കമുള്ളവര്‍ നടത്തുന്ന ഇടപെടലുകളുടെ കുഴപ്പങ്ങളെക്കുറിച്ച് സ്വന്തം പ്രായവും ആരോഗ്യവും പോലും കണക്കിലെടുക്കാതെ തിരിച്ചിടപെടലുകള്‍ നടത്തുകയും ശക്തമായ അഭിപ്രായം പറയുകയും ഒരു ആക്ടിവിസ്റ്റിന്റെ തലത്തോളം എത്തി കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ധീരയായ എഴുത്തുകാരിയും സാംസ്കാരികപ്രവര്‍ത്തകയും കൂടിയാണു അവര്‍. ഇവിടെ കേരളത്തിലും പലപ്പോഴും പല സാമൂഹികസംഭവങ്ങളിലും അവര്‍ ഇടപെടുകയും അങ്ങനെ പ്രശ്നത്തെ പൊതുശ്രദ്ധയിലേക്ക് ആകര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്. മലയാളത്തിലെ എഴുത്തുകാരുടെ മൌനദാസ്യത്തെ അവര്‍ പലവുരു ചോദ്യം ചെയ്തിട്ടുമുണ്ട്.
ടിപി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് മഹാശ്വേതാദേവി നേരത്തേതന്നെ സംസാരിച്ചിരുന്നു. ഇപ്പോള്‍ എംഎം മണിയുടെ വിവാദപ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ പിണറായി വിജയനു കത്തയയ്ക്കുകയും ആ കത്തിന് പിണറായി മറുപടി അയയ്ക്കുകയും ചെയ്തിരിക്കുന്നു.
മഹാശ്വേതാദേവിയെ വ്യക്തിപരമായി അവഹേളിക്കുന്ന വാക്കുകള്‍ മണിയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നു. അവരുടെ കഴപ്പ് എന്താണെന്ന് ഞങ്ങള്‍ക്കറിയാം എന്ന അപലപനീയമായ പ്രസ്താവമാണ് മണി നടത്തിയത്. എന്നാല്‍, ആ പ്രസ്താവത്തേക്കാളുപരി, മണിയുടെ കൊലവെറിയെയാണ്, അതുവഴി പാര്‍ട്ടിയുടെ മനസ്സ് എത്തിനില്‍ക്കുന്ന ഹിംസാത്മകതയെയാണ് അവര്‍ തന്റെ കത്തിലൂടെ പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്. എന്നാല്‍, കത്തിനു സംഭവിച്ചുപോയ, ബലഹീനത സുവ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ ആ ബലഹീനതകളെ മുതലെടുത്തുകൊണ്ട് പിണറായി വിജയന് കൃത്യമായും മറുപടിയെഴുതാന്‍ സാധിച്ചു. അതായത്, അല്പം പുഴുക്കുത്തുണ്ടായിരുന്ന ഏതാനും ഇടങ്ങള്‍ മഹാശ്വേതാദേവിയുടെ കത്തിലുണ്ടായിരുന്നു. കൃത്യം അത്തരം ഇടങ്ങളില്‍ കുത്തി പഴുപ്പു ചാടിച്ചുകൊണ്ട് പിണറായിക്ക് തിരിച്ചടിക്കാന്‍ സാധിച്ചു. സാഹിത്യം എഴുതുമ്പോള്‍ ഉള്ളതിനേക്കാള്‍ ശ്രദ്ധ തുറന്ന കത്തെഴുതുമ്പോള്‍ വേണമെന്നാണ് ഇതു കാണിക്കുന്നത്. അല്ലെങ്കില്‍ പ്രധാനപോയിന്റില്‍ നിന്നു ചര്‍ച്ച വഴുതിമാറുകയാണുണ്ടാകുക.
പാര്‍ട്ടിയുടെ അക്രമരാഷ്ട്രീയത്തെക്കുറിച്ചുള്ള ഒരു അപലപനം ആകാനുദ്ദേശിച്ചുള്ളതായിരുന്നു യഥാര്‍ത്ഥത്തില്‍ കത്ത്. എന്നാല്‍, അതു മാറി പാര്‍ട്ടി സെക്രട്ടറിയെ വ്യക്തിപരമായി കോര്‍ണര്‍ ചെയ്യുന്നതായി കത്ത്. പാര്‍ട്ടിയുടെ അക്രമവാസനയുടെ അടിസ്ഥാനകാരണമായി സെക്രട്ടറിയുടെ നിലപാടിനെ കൊണ്ടുവരാന്‍ മഹാശ്വേതാദേവിക്കു കഴിഞ്ഞില്ല. അതിനു പകരം, അദ്ദേഹത്തിന്റെ വീട് രമ്യഹര്‍മ്യമാണെന്ന കേട്ടറിവ് കത്തിലെ പ്രധാനപോയിന്റാക്കി മാറ്റിയതോടെ പിണറായിക്ക് മറുപടി സുഗമമായി. അതും ആ ഹര്‍മ്യത്തെപ്പറ്റിയുണ്ടായ വിവാദ ഓണ്‍ലൈന്‍ കേസ് നിലവിലിരിക്കെ. അതുമാത്രമല്ല, ഒരു കമ്യൂണിസ്റ്റു നേതാവ് വലിയ മാളികയില്‍ താമസിക്കാമോ എന്ന പ്രാചീനമായ സംവാദത്തിലേക്ക് മൊത്തം കാര്യങ്ങളെ തള്ളിയിടാനും അങ്ങനെ ഒരിക്കലും തീര്‍പ്പാകാന്‍ സാദ്ധ്യതയില്ലാത്ത ഒരു കേസുകെട്ടായി സംഗതിയെ പരിമിതപ്പെടുത്താനുമേ ആ ആരോപണത്തിനു കെല്പുണ്ടായിവന്നുള്ളൂ.
പിണറായി വിജയന്റെ മറുപടിയില്‍, തന്റെ വീട് സാധാരണ വീടാണെന്നും മഹാശ്വേതിദേവിക്ക് എപ്പോള്‍ വേണമെങ്കിലും വീടു സന്ദര്‍ശിക്കാമെന്നും എഴുതിയിരിക്കുന്നു. പിണറായിയുടെ വീട് കാണാനോ ഫോട്ടോ എടുക്കാനോ ശ്രമിക്കുന്നവരെ നാട്ടിലെ ചെമപ്പന്മാര്‍ ഓട്ടിച്ചുവിടുന്നു എന്ന കേട്ടുകേള്‍വിയെ ആധാരമാക്കി മഹാശ്വേതാദേവി ഉന്നയിച്ച പോയിന്റാണ് ഇവിടെ പൊളിഞ്ഞുവീണത്. കമ്യൂണിസ്റ്റുകാര്‍ കുടിലില്‍ കഴിയണോ വേണ്ടയോ എന്ന ചര്‍ച്ച ഉയര്‍ന്നുവന്നാല്‍ കമ്യൂണിസ്റ്റുകാര്‍ ഭരണം സ്വീകരിക്കാമോ മന്ത്രിമന്ദിരങ്ങളില്‍ താമസിക്കാമോ എന്നെല്ലാം ചര്‍ച്ച വരും. സ്റ്റാലിനും മാവോയുമൊക്കെ അവിടത്തെ തൊഴിലാളിഗൃഹങ്ങള്‍ക്കു സമാനമായ വീടുകളിലാണോ താമസിച്ചത് എന്നും പോയിന്റു വരും. എല്ലാര്‍ക്കും ഹോചിമിനാകാനാകുമോ എന്നും തര്‍ക്കമുയരും. അതൊന്നുമായിരുന്നില്ല ഇവിടെ കത്തിനാധാരാമായിരുന്ന പ്രധാനപ്രശ്നം. മഹാശ്വേതാദേവി ആ വീടുപ്രശ്നം ഉന്നയിക്കാന്‍ത്തന്നെ കാരണമായത് ടി.പി.യുടെ വധത്തില്‍ കലാശിച്ചത് ചിലരെ പിണറായിയുടെ വീടു കാട്ടിക്കൊടുക്കാന്‍ ടി.പി. കൂട്ടിക്കൊണ്ടുപോയ സംഭവമാണ് എന്ന കേട്ടുകേള്‍വിയാണ്.
മഹാശ്വേതാദേവിയുടെ കത്തിന്റെ പ്രധാനഭാഗവും കേട്ടുകേള്‍വിയെയും സുഹൃത്തുക്കള്‍ എത്തിച്ചുകൊടുത്ത സെക്കന്റ് ഹാന്റ് വിവരങ്ങളെയും ആധാരമാക്കിയാണെന്ന് അവര്‍തന്നെ കത്തില്‍ പറയുന്നു. അതുകൊണ്ടുതന്നെ അവ അവരെ തെറ്റിദ്ധരിപ്പിക്കാന്‍ ആരോ നടത്തിയ ശ്രമമാണെന്നും നേരിട്ടിറങ്ങി അവര്‍ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കണമെന്നും ആഹ്വാനം ചെയ്യാന്‍ പിണറായിക്ക് അവസരമൊരുക്കി.
മറ്റൊന്ന്, മണിയെപ്പറ്റിയുള്ള മഹാശ്വേതാദേവിയുടെ പരാമര്‍ശമായിരുന്നു. പ്രാകൃതവും വികൃതവുമായ ആ കഥാപാത്രത്തിന്റെ പ്രകടനം താന്‍ ടെലിവിഷനില്‍ കണ്ടിരുന്നു എന്നാണ് മഹാശ്വേതാ ദേവി എഴുതിയിരുന്നത്. തന്നെ അടിക്കാനുള്ള വള്ളിച്ചൂരല്‍ മഹാശ്വേതാദേവി തന്നെ എണ്ണയിട്ടു തീയില്‍ക്കാട്ടി പിണറായിക്കു കൊണ്ടുക്കൊടുത്തിട്ട് നിന്നുകൊടുക്കുന്നതുപോലെ ആ വരി വായിച്ചപ്പോള്‍ തന്നെ തോന്നിയിരുന്നു. കൃത്യം ആ പോയിന്റെടുത്ത് നല്ല പെടയും കൊടുത്തിട്ടുണ്ട് പിണറായി. മണിയുടെ നിലപാടിനെ വിമര്‍ശിച്ചോളൂ, അദ്ദേഹത്തിന്റെ രൂപത്തെ പ്രാകൃതമെന്നും വികൃതമെന്നും പറയുന്നത് ഗോത്രവര്‍ഗരാഷ്ട്രീയത്തെ പ്രമേയമാക്കി അനേകം രചനകള്‍ നിര്‍വഹിച്ച മഹാശ്വേതാദേവിക്ക് ഭൂഷണമാണോ എന്നു പിണറായി ചോദിക്കുന്നു. അതില്‍ യുക്തിഭംഗമില്ലാതാനും. മണിയുടെ പ്രസ്താവനയെയാണു താനുദ്ദേശിച്ചതെന്നു പറയാനാകാത്തവിധം മഹാശ്വേതാദേവിയുടെ പ്രസ്താവനയില്‍ വ്യക്തിമുദ്ര വീണുകിടക്കുകയും ചെയ്യുന്നു.
മഹാശ്വേതാദേവിയുടെ കത്തും ഇടപെടലും ഈ സംഭവത്തിലും സിപിഎം രാഷ്ട്രീയത്തിലെ അക്രമപ്രവണതയിലും ഉള്ള ശക്തമായൊരു സംവാദമായി പരിണമിക്കേണ്ടതായിരുന്നു. എന്നാല്‍, ചില അശ്രദ്ധകള്‍ കൊണ്ടു സംഭവിച്ച വഴിമാറലുകള്‍ ഇപ്പോള്‍ മഹാശ്വേതാദേവിയെ പ്രതിരോധത്തിലാക്കുന്ന കാഴ്ചയാണു കാണുന്നത്. എഴുത്തുകാര്‍, പ്രത്യേകിച്ച് തുറന്ന കത്തെഴുത്തുകാര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയക്കാര്‍ക്കുവേണ്ടി കത്തെഴുതാനും പോയിന്റുകള്‍ സമാഹരിക്കാനും അവ ക്രോഡീകരിക്കാനും ആളുകള്‍ വരെയുണ്ടാകാം. പ്രതികരിക്കാന്‍ ഇവിടെ സാഹിത്യകാരന്മാരെയും സാംസ്കാരികനായകന്മാരെയും പലപ്പോഴും കിട്ടാതെ വരുന്നതുതന്നെ അവരില്‍ പലരും രാഷ്ട്രീയനേതാക്കള്‍ക്കു കിട്ടുന്ന തുറന്നുകത്തുകള്‍ക്ക് മറുപടി എഴുതാന്‍ മറവിലാണെന്നതുകൊണ്ടാണെന്നു പോലും കടത്തിപ്പറയാം.
അതേസമയം, എഴുത്തുകാര്‍ അവരുടെ തുറന്ന കത്തുകള്‍ സ്വയം തന്നെ എഴുതേണ്ടിവരും. കാരണം, മറ്റൊരാള്‍ എഴുതിയാലോ പലര്‍ ചേര്‍ന്നു ക്രോഡീകരിച്ചാലോ താനെഴുതുന്നതുപോലെ ആവില്ലെന്ന് എഴുത്തുകാര്‍ കരുതുന്നുണ്ടാകും. എന്നാല്‍ രാഷ്ട്രീയക്കാര്‍ക്ക് അങ്ങനൊന്നുമില്ല. ആരടിച്ചാലും വേണ്ടില്ല, പാമ്പു ചാകണമെന്നേ അവര്‍ക്കുള്ളൂ. അതിനാല്‍, തുറന്ന കത്തെഴുതുമ്പോള്‍ പോയിന്റുകള്‍ വഴിമാറിപ്പോകാതിരിക്കാന്‍ എഴുത്തുകാര്‍ മനസ്സും കണ്ണും കാതും തുറന്നുവയ്ക്കേണ്ടതുണ്ട്.

No comments:

Post a Comment