Tuesday, June 5, 2012

ഇത്‌ സിറ്റി ഗേള്‍സോ അതോ സിറ്റി ഡെവിള്‍സോ..?


citygirlsനാട്യ പ്രധാനം നഗരം ദരിദ്രം
നാട്ടിന്‍പുറം നന്‍മകളാല്‍ സമൃദ്ധം
 എന്ന്‌ കേട്ട്‌ വളര്‍ന്ന മലയാളികള്‍ക്ക്‌ തീരെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത റിയാലിറ്റി ഷോയാണ്‌ ഏഷ്യാനെറ്റിലെ സിറ്റിഗേള്‍സ്‌. നഗര പരിഷ്‌കാരികള്‍ എന്ന്‌ അവകാശപ്പെട്ടു നാട്ടിന്‍പുറത്തെ ജീവിത രീതികളെ അറിയാനായി പോകുന്ന ഈ സിറ്റിഗേള്‍സ്‌ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ വളരെ പരിഹാസ്യമാവുകയാണ്‌.ശരീര വടിവുകള്‍ പ്രദര്‍ശിപ്പിച്ചും കേട്ടാലറക്കുന്ന ഭാഷയില്‍ സംസാരിച്ചും നടത്തുന്ന ഈ ഷോ കൊണ്ട്‌ ഏഷ്യാനെറ്റ്‌ എന്താണുദ്ദേശിക്കുന്നത്‌.ഏതെങ്കിലും രീതിയില്‍ ചാനലില്‍ ഒന്ന്‌ മുഖം കാണിക്കാനാഗ്രഹിച്ച്‌ നടക്കുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കളും എന്തുകൊണ്ടാണ്‌ തങ്ങളെ തികച്ചും ഉപഭോഗ വസ്‌തുക്കളാക്കി ചാനല്‍ മാറ്റുന്നത്‌ മനസ്സിലാക്കാത്തത്‌.
നഗരജീവിതത്തിന്റെ കാപട്യങ്ങളെക്കുറിച്ച്‌ അറിയാത്ത അമ്മമാരെയും ചാനല്‍ അവരുടെ റേറ്റിംഗിനുള്ള മാര്‍ഗ്ഗമാക്കി മാറ്റി.അരിവാളും മുറവും ടി വി യില്‍ മാത്രമെ കണ്ടിട്ടുള്ളു എന്ന്‌ പറയുന്ന പെണ്‍കുട്ടികള്‍ നാട്ടിന്‍പുറത്തിന്റെ ഗ്രാമീണതയിലേക്ക്‌ കടന്ന്‌ ചെന്ന്‌ അവരുടെ ഇല്ലായ്‌മയെ അവഹേളിക്കുന്ന കാഴ്‌ച ദയനീയം തന്നെ.ചാനല്‍ക്യാമറക്കണ്ണുകളുടെ യാത്രയും ഒട്ടും മോശമല്ല.പെണ്‍കുട്ടികളുടെ ശരീര വടിവുകള്‍ ഒപ്പിയെടുക്കാന്‍ അവര്‍ ഒട്ടും മടി കാണിച്ചിട്ടില്ല.
കേരളത്തിന്റെ സാംസ്‌കാരിക സമ്പന്നതയ്‌ക്ക്‌ വിവരസാങ്കേതിക വിദ്യയുടെ അതിപ്രസരം വിള്ളലേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണ്‌ ഇന്ന്‌. സാംസ്‌കാരിക മൂല്യച്യുതിയുടെ മാക്‌സിമത്തിലേക്ക്‌ എത്തിനില്‍ക്കുന്ന ഷോകളുമായി അവതരിക്കുന്ന ചാനല്‍ മുതലാളിത്തത്തിന്‌ വാണിഭച്ചരക്കാക്കി മാറ്റാനുള്ള ഒന്നായി സ്‌ത്രീത്വം മാറുന്നു എന്നത്‌ ലജ്ജാവഹം തന്നെ.സ്വന്തം വ്യക്തിത്വത്തെ പോലും ചാനല്‍ പേക്കൂത്തുകള്‍ക്ക്‌ അടിയറവ്‌ വെക്കുന്ന തലമുറകള്‍ക്ക്‌ ഒരു പുനര്‍ചിന്തനം അനിവാര്യമാണ്‌.

No comments:

Post a Comment