Wednesday, June 27, 2012

അപകടത്തിലാകുന്ന പഞ്ചാബിലെ സമാധാനം


അകാലികള്‍ അധികാരത്തില്‍നിന്ന് പുറത്താകുമ്പോള്‍ സിഖുകാരുടെ മതവികാരം ഉണര്‍ത്തുന്ന കാര്യങ്ങളില്‍ മുഴുകുക പതിവാണ്. എന്നാല്‍, അധികാരത്തിലിരിക്കുമ്പോഴും അവര്‍ ഇതേ തന്ത്രം പയറ്റിയാല്‍ അതിനര്‍ഥം തൊഴിലില്ലായ്മ, മയക്കുമരുന്ന് കടത്ത്, കര്‍ഷകരുടെ ദാരിദ്യ്രം തുടങ്ങിയ വിഷയങ്ങളില്‍നിന്ന് ശ്രദ്ധ മാറ്റാന്‍ ശ്രമിക്കുന്നുവെന്നാണ്.

മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ അടുത്തിടെ ഒരു ദയാഹരജി സമര്‍പ്പിച്ചു-മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ഘാതകന്‍ ബല്‍വന്ത് സിങ് രജോണക്കുവേണ്ടി. മാത്രമല്ല, അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ ഒളിച്ചിരുന്ന ഭീകരരെ പുറത്തുചാടിക്കുന്നതിന് എത്തിയ സൈന്യത്തെ ചെറുത്തുനിന്ന തീവ്രവാദികളെ ആദരിക്കുന്നതിന് സംഘടിപ്പിച്ച ചടങ്ങില്‍ ബാദലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ്ങും പങ്കെടുത്തു. ക്രമസമാധാനത്തിന്റെ ചുമതലയുള്ളവരാണ് രണ്ട് ബാദല്‍മാരും. ഒരര്‍ഥത്തില്‍ സംസ്ഥാനത്തിന്റെ സംരക്ഷകരുമാണ് അവര്‍. എന്നിട്ടും, ഭീകരരോട് പക്ഷം ചേരുകയാണെങ്കില്‍ തങ്ങളുടെ ചുമതല നിറവേറ്റാന്‍ ആവില്ലെന്ന യാഥാര്‍ഥ്യം അവര്‍ മനസ്സിലാക്കുന്നുമില്ല.

സമ്മര്‍ദം കാരണമാണ് ഇതിനെല്ലാം അവര്‍ക്ക് വഴങ്ങേണ്ടി വരുന്നതെന്നാണ് എനിക്ക് ലഭിച്ച വിവരം. തീവ്രവാദികളുടെ നിര്‍ദേശാനുസരണം നേതാക്കള്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ സംസ്ഥാനത്തിന്റെ കാര്യം കഷ്ടം തന്നെ. തീവ്രവാദികള്‍ക്ക് മേല്‍കൈയുണ്ടായിരുന്ന എഴുപതുകളുടെ പകുതിമുതല്‍ എണ്‍പതുകളുടെ പകുതി വരെയും സംസ്ഥാനം ഇതേ അവസ്ഥയിലൂടെയാണ് കടന്നുപോയത്. ഹിന്ദുക്കള്‍ സംസ്ഥാനത്ത് സുരക്ഷിതരല്ലെന്ന ഭീതിയും അവര്‍ വിതച്ചു. അന്നുമുതല്‍ ഇരു സമുദായങ്ങള്‍ക്കുമിടയില്‍ വിടവുണ്ടാവുകയും ചെയ്തു. സുവര്‍ണ ക്ഷേത്രത്തിന്റെ ചുറ്റുമതിലുകള്‍ക്കകത്തുനിന്ന് സംസ്ഥാനത്തെ വെല്ലുവിളിച്ച ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലക്ക് ഇപ്പോള്‍ ഒരു സ്മാരകവും പണിതിരിക്കുന്നു.
സ്മാരകം പണിതത് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) യാണെന്ന സുഖ്ബീറിന്റെ വാദം വിശ്വസനീയവുമല്ല. എസ്.ജി.പി.സിയെ നിയന്ത്രിക്കുന്നത് തന്നെ അകാലിദളാണ്. സത്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രശ്നത്തിന്റെ അടിവേരിലേക്ക് പോവുകയാണ് വേണ്ടത്. ഗുരുദ്വാര നിയമം പരിഷ്കരിക്കുകയും വേണം. പരിമിതമായ വോട്ടര്‍ പട്ടികയിലുള്ളവര്‍ മാത്രമല്ല, മുഴുവന്‍ സിഖ് സമൂഹവും ചേര്‍ന്ന് ഗുരുദ്വാരകള്‍ നടത്തട്ടെ. മതത്തെ രാഷ്ട്രീയത്തില്‍നിന്ന് വേര്‍തിരിക്കുന്നില്ല എന്നതാണ് അകാലി ദളിന്റെ പ്രശ്നം. ഭിന്ദ്രന്‍വാലയും ഇതേ തെറ്റുവരുത്തി. പഞ്ചാബിന് അതിന് വില നല്‍കേണ്ടി വന്നു. ഇപ്പോള്‍, ഇതേ അപകടകരമായ പാതയിലൂടെ സഞ്ചരിക്കുന്ന അകാലികളുടെ മനസ്സില്‍ എന്താണെന്ന് എനിക്കറിയില്ല.

സിഖുകാരുടെ പുണ്യകേന്ദ്രമായ സുവര്‍ണ ക്ഷേത്രം മലിനമാക്കിയ തീവ്രവാദികളെ മഹത്വവത്കരിക്കാനുള്ള അകാലിദളിന്റെ ശ്രമങ്ങള്‍ സിഖുകാരായ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും കരസേനാ മേധാവി ജനറല്‍ ബിക്രം സിങ്ങിനെയും എത്ര കുഴപ്പത്തിലാക്കിയിരിക്കും? രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാനും സിഖുകാര്‍ക്ക് ദുഷ്പേരുണ്ടാക്കാനും ശ്രമിച്ചവര്‍ക്ക് ചിരപ്രതിഷ്ഠ നല്‍കുന്നതിന് എങ്ങനെ ഒരു സ്മാരകം നിര്‍മിക്കാനാകും?

ഓപറേഷന്‍ ബ്ലൂ സ്റ്റാറിന് നേതൃത്വം നല്‍കിയ ലഫ്. ജനറല്‍ കെ.എസ് ബ്രാര്‍ ഓപറേഷനെക്കുറിച്ച് വേദനയോടെ പറഞ്ഞിട്ടുണ്ട്. ഭീകരവാദം തിരിച്ചുകൊണ്ടുവരാനുള്ള നീക്കം അകാലികള്‍ അനുവദിച്ചുകൊടുക്കുകയാണെന്ന് അടുത്തിടെ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ അനുവദിച്ചുകൊണ്ട് ഭീകരരുടെ സഹതാപം പിടിച്ചുപറ്റാനാണോ അകാലികളുടെ ശ്രമമെന്നും അദ്ദേഹം ചോദിച്ചു. വിഘടന വാദത്തില്‍ വിശ്വസിക്കുന്ന ശക്തികളെ അടിച്ചമര്‍ത്തണമെന്ന് ഇനിയും മനസ്സിലാക്കിയിട്ടില്ലാത്ത മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമാണ് ഇതിന് ഉത്തരം പറയേണ്ടത്. 
ഒരു കൊലപാതകിയെ ആദരിച്ചതിനെയും സ്മാരക ശിലാസ്ഥാപനത്തെയും ഒരു സിഖ് സംഘടനയും അപലപിക്കാതിരുന്നത് എന്തുകൊണ്ടെന്ന് എനിക്കറിയില്ല.
ബി.ജെ.പിയുടെ മൗനം എന്നെ ആശ്ചര്യപ്പെടുത്തുന്നു. സംസ്ഥാന സര്‍ക്കാരിലെ സഖ്യ കക്ഷിയാണ് ബി.ജെ.പി. ഒന്നുകില്‍ ബി.ജെ.പി തീവ്രവാദികള്‍ക്ക് മൗനപിന്തുണ നല്‍കുകയോ അല്ലെങ്കില്‍ വ്യക്തിപരമായ നേട്ടത്തിനുവേണ്ടി മന്ത്രിസ്ഥാനങ്ങളില്‍ ഉറച്ചുനില്‍ക്കുകയോ ആണ്. ഏതായായും അവര്‍ പാര്‍ട്ടിയുടെയോ രാജ്യത്തിന്റെയോ താല്‍പര്യം സംരക്ഷിക്കുകയല്ല. ചില റിപ്പോര്‍ട്ടുകള്‍ പറയുന്നതുപോലെ അവര്‍ ശരിക്കും അസംതൃപ്തരാണെങ്കില്‍ സര്‍ക്കാരില്‍നിന്ന് വിട്ടുപോരുകയാണ് വേണ്ടത്. പക്ഷേ, അകാലികളെപ്പോലെ അവര്‍ക്കും തെരഞ്ഞെടുപ്പ് താല്‍പര്യങ്ങളുണ്ട്. നഗരസഭാ തെരഞ്ഞെടുപ്പിലെ വിജയം അകാലികള്‍ക്കൊപ്പം ഉറച്ചുനില്‍ക്കാനുള്ള തീരുമാനത്തെ ശക്തിപ്പെടുത്തിയിട്ടുണ്ടാകും.

അകാലികള്‍ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, സുവര്‍ണ ക്ഷേത്രത്തില്‍ അവര്‍ ചെയ്തതിനെതിരെ രോഷമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇന്ത്യയുടെ അഖണ്ഡത അപകടത്തിലാക്കിയവര്‍ക്കൊപ്പം കൂടിയ ബാദലുകള്‍ക്കെതിരെയാണ് ഏറ്റവുമധികം രോഷം. അകാലി ദളും മുഖ്യമന്ത്രിയും രാജ്യത്തിന് വിശദീകരണം നല്‍കണം. തീവ്രവാദികളുടെ ലക്ഷ്യത്തെക്കുറിച്ച് ഇന്റലിജന്‍സ് ബ്യൂറോ പഞ്ചാബിന് മുന്നറിയിപ്പ് നല്‍കിയിരുന്നോയെന്ന് അറിയുന്നത് സംഗതമായിരിക്കും.

അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ രണ്ടാം ഇന്നിങ്സ് അകാലികള്‍ മറക്കരുത്. ഉപമുഖ്യമന്ത്രി ഓരോ തെരഞ്ഞെടുപ്പ് യോഗത്തിലും വാഗ്ദാനം ചെയ്ത വികസനമാണ് കോണ്‍ഗ്രസിന് പകരം അകാലി ദളിനെ ജനങ്ങള്‍ തെരഞ്ഞെടുക്കാന്‍ കാരണം. എന്നാല്‍, ഇതേ വ്യക്തി സുവര്‍ണ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ഭാവി സി.ഇ.ഒ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ സംശയാലുക്കളാണ്. തീവ്രവാദികള്‍ക്കൊപ്പം നില്‍ക്കുന്ന അദ്ദേഹത്തിനെങ്ങനെയാണ് സാമൂഹിക ഐക്യവും വികസനവും ഉറപ്പ് നല്‍കാനാവുക.

അകാലികള്‍ തീകൊണ്ടാണ് കളിക്കുന്നത്. ബഹുസ്വര സമൂഹത്തിലുള്ള വിശ്വാസം ഒരു പ്രതിബദ്ധതയാണ്. തീവ്രവാദികള്‍ക്കുവേണ്ടി ഇതില്‍ വെള്ളം ചേര്‍ക്കാനാവില്ല. അടുത്തകാലത്ത് അകാലികള്‍ പുരോഗമന ആശയങ്ങളും ആധുനിക ചിന്തകളും ഉള്‍ക്കൊള്ളുവെന്ന് തോന്നിപ്പിച്ചിരുന്നു. ഗുരുദ്വാര രാഷ്ട്രീയത്തില്‍ കുരുങ്ങിക്കിടക്കുകയാണെങ്കില്‍ നഷ്ടം അകാലി ദളിനായിരിക്കും. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അവരെ വിലയിരുത്തി അതിനനുസരിച്ച് വോട്ട് ചെയ്യും.

Sunday, June 24, 2012

വലയില്‍ വീഴ്ത്താന്‍ കുതന്ത്രങ്ങള്‍


പൊട്ടാന്‍ വെമ്പുന്ന ചിട്ടികള്‍

നാടുമുഴുവന്‍ ബ്രാഞ്ചുകളുണ്ടായിട്ടും പൊളിഞ്ഞുപോയ കമ്പനികളുണ്ട്. തട്ടിപ്പിന് ഇവര്‍ക്കെതിരെ കേസുണ്ട്. ചില നടത്തിപ്പുകാര്‍ അഴിയെണ്ണുന്നുമുണ്ട്. പക്ഷേ, ബാക്കി ജീവനക്കാര്‍ എവിടെപ്പോയി. ജീവിതം അവസാനിപ്പിച്ചോ. ഇല്ല. അവരാണ് പല ചിട്ടിക്കമ്പനികളുടെയും മര്‍മസ്ഥാനങ്ങളില്‍ ഇരിക്കുന്നത്.

ഇടക്കിടെ ചിട്ടി പൊളിയുന്നതില്‍ നിന്ന് ജനം ഒന്നും പഠിക്കുന്നില്ല. അതിന്റെ തെളിവാണല്ലോ പുതിയ കമ്പനികള്‍ പെരുകുന്നതും അവിടെ പണം കുമിഞ്ഞുകൂടുന്നതും. പക്ഷേ, ഇതില്‍നിന്ന് ചിട്ടി നടത്തിപ്പുകാര്‍ പലതും പഠിക്കുന്നുണ്ട്. അങ്ങനെയാണ് പുതിയ രീതിയിലുള്ള തട്ടിപ്പുകള്‍ പിറവിയെടുക്കുന്നത്. ആയിരക്കണക്കിന് ചിട്ടിക്കമ്പനികളുള്ളതിനാല്‍ ജനത്തെ ആകര്‍ഷിക്കാനാണ് പ്രയാസം. അതുകൊണ്ടുതന്നെ ഈ വിഷയത്തിലാണ് തട്ടിപ്പുകാര്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ളത്. രണ്ടാമത്തെ തവണതന്നെ കുറി തരാമെന്ന് വ്യാമോഹിപ്പിച്ചായിരിക്കും മിക്ക ഏജന്റുമാരും കുറിയില്‍ ചേര്‍ക്കുക. പക്ഷേ, നാലാംതവണ അടച്ചശേഷമേ മിക്ക കമ്പനികളും കുറി തരുന്നതിനെക്കുറിച്ച് ആലോചിക്കൂ. കാരണം, ഇത്രയും പണം കിട്ടിയാലേ തിരിമറികള്‍ സാധ്യമാകൂ. കുറിയടിച്ചാലും അടുത്ത നറുക്കിന് ശേഷമേ പണംകിട്ടൂ. മാസക്കുറിയാണെങ്കില്‍ ഒരു മാസവും പൂവല്‍ കുറിയാണെങ്കില്‍ നാലു മാസവും കാത്തിരിക്കണം. നേരത്തേ കിട്ടണമെങ്കില്‍ കമ്പനിക്ക് അത്രയും ദിവസത്തെ നല്‍കണം. കമ്പനിയുടേതല്ലാത്ത പണത്തിന് എന്തിനാണ് പലിശ കൊടുക്കുന്നതെന്നും വരിക്കാര്‍ നാലു തവണയടച്ച പണം കമ്പനിയിലിരിക്കെ കുറിയടിച്ചാല്‍ ഉടന്‍ പണം തരാന്‍ എന്താണ് തടസ്സമെന്നും വരിക്കാരന്‍ പോലും ചോദിച്ചതായി കേട്ടിട്ടില്ല.

ബാങ്ക് വായ്പയുമായി താരതമ്യപ്പെടുത്തലാണ് ജനത്തെ ആകര്‍ഷിക്കാനുള്ള മറ്റൊരു തന്ത്രം. വായ്പക്ക് ബാങ്കിനെ സമീപിക്കുമ്പോള്‍ ഉണ്ടാകുന്ന നൂലാമാലകള്‍ കുറിക്കമ്പനികളില്‍ ഉണ്ടാകുന്നില്ലെന്നാണ് ഒരു അവകാശ വാദം. ഇത് തെറ്റാണ്. നൂറുപേര്‍ വേണ്ടത്ര ഈടുമായി ബാങ്കിനെ സമീപിച്ചാല്‍ അവര്‍ക്കെല്ലാം വായ്പ കിട്ടും. പക്ഷേ, ഇത്രയും പേര്‍ ഒന്നിച്ച് കുറിക്കമ്പനിയില്‍ ചെന്നാല്‍ കുറികിട്ടുമോയെന്ന ചോദ്യത്തിന് മറുപടിയില്ല. ലേലവുമില്ല നറുക്കുമില്ല ആവശ്യമുള്ളപ്പോള്‍ പണം നല്‍കാമെന്നാണ് മധ്യകേരളത്തിലെ ഒരു ചിട്ടിക്കമ്പനി നല്‍കുന്ന പരസ്യം. പക്ഷേ, ഇങ്ങനെ പണം നല്‍കുന്നതിന് ചിട്ടിയെന്നല്ല ബ്ലേഡ് എന്നാണ് സാധാരണ പറയാറ്.

ഒരു ചിട്ടിയില്‍ ഒരു മാസം ഒരാള്‍ക്ക് മാത്രമാണ് പണം കിട്ടുക. അത് നറുക്കാകാം ലേലമാകാം. ഏറ്റവും താഴ്ത്തി വിളിക്കുന്നത് ആരായിരിക്കുമെന്ന് മുന്‍കൂട്ടി അറിയാത്തതിനാല്‍ വട്ടമെത്തുന്നതിന് മുമ്പ് എങ്ങനെ പണം കിട്ടുമെന്ന് ഉറപ്പിക്കാനാവും! മാത്രമല്ല, നിയമാനുസൃതം താഴ്ത്തിവിളിക്കാവുന്ന പരിധി 60 ശതമാനമാണ്. ഇത് കഴിഞ്ഞാല്‍ നറുക്കിലേക്ക് പോവുകയാണ് ചെയ്യുക. തെറ്റിദ്ധരിപ്പിക്കും വിധം ഇത്തരത്തില്‍ പരസ്യം ചെയ്യുന്നത് കോമ്പറ്റീഷന്‍ ആക്ട് പ്രകാരം കുറ്റകരമാണ്. നല്ല വക്കീല്‍ കേസെടുത്താല്‍ പരസ്യമിട്ട പ്രസിദ്ധീകരണമടക്കം കോടതി കയറേണ്ടിവരും.

നറുക്കെടുപ്പിലൂടെയാണല്ലോ ചിട്ടി കിട്ടുക. അപ്പോള്‍ നല്ല ഭാഗ്യം വേണം. ചിട്ടിക്കൊപ്പം ലോട്ടറി കൂടിയുണ്ടെങ്കില്‍ ഒരു ഭാഗ്യത്തിന് രണ്ട് നറുക്ക് കിട്ടുമോ. 2008 നവംബറില്‍ ഹിമവര്‍ഷ കുറിക്കമ്പനി ഈ വിധത്തിലാണ് ചിന്തിച്ചത്. ഉടന്‍ പരസ്യവും വന്നു. ഫരീദാബാദിലും ബ്രാഞ്ചുള്ള തൃശൂരിലെ ഹിമവര്‍ഷ കുറീസ് ജമ്മു ബ്രാഞ്ചില്‍ നിന്ന് കേരളസംസ്ഥാന ഭാഗ്യക്കുറിയുമായി കൈകോര്‍ത്ത് ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കുന്ന നിക്ഷേപ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. പേര് ഭാഗ്യവര്‍ഷ. കുറിയോടൊപ്പം 50 പേരടങ്ങുന്ന ഗ്രൂപ്പിന് ആഴ്ചയില്‍ 250ഉം വര്‍ഷത്തില്‍ 12,500ഉം സൗജന്യ ഭാഗ്യക്കുറി പരീക്ഷണം ഉണ്ടായിരിക്കും. സമ്മാനത്തുക 50 പേര്‍ക്ക് വീതിക്കും.

പക്ഷേ, ഹിമവര്‍ഷക്കു വേണ്ടത്ര ഭാഗ്യമില്ലാതെ പോയി. കെട്ടിലും മട്ടിലും തനി സര്‍ക്കാര്‍ ഛായ കണ്ട ഊരകത്തെ അഡ്വ. പി. പ്രമോദ് വിവരാവകാശ നിയമപ്രകാരം ലോട്ടറി വകുപ്പിനോട് ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ തേടി. ഇങ്ങനെയൊരു പദ്ധതിയില്ലെന്നും ഹിമവര്‍ഷ കുറീസിനെ അറിയുകപോലുമില്ലെന്നും അവിടെനിന്ന് മറുപടി വന്നു. പ്രശ്നം കോടതി കയറിയതോടെ കുറച്ചു പേര്‍ രക്ഷപ്പെട്ടു.

ഇത്രത്തോളം വരില്ലെങ്കിലും കാറും സ്വര്‍ണനാണയങ്ങളും നറുക്കിട്ട് നല്‍കുമെന്ന് പറഞ്ഞ് വരിക്കാരെ ചേര്‍ക്കുന്നത് ഇപ്പോള്‍ വ്യാപകമാണ്. ഇത് പ്രൈസ് ചിറ്റ്സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ ബാനിങ് ആക്ടിന് വിരുദ്ധമാണ്. ഈ നിയമമനുസരിച്ച് വ്യക്തിയോ കമ്പനിയോ ഇത്തരം കുറികള്‍ നടത്താന്‍ പാടില്ല. മാത്രമല്ല ഇത്തരം വാഗ്ദാനം നടത്തുകയോ നോട്ടീസ് അച്ചടിക്കുകയോ ഇത്തരം കുറി നടത്താന്‍ ഏതെങ്കിലും സ്ഥലം ഉപയോഗിക്കുകയോ ചെയ്യാന്‍ പാടില്ല. ഇത് ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസിന് സ്വമേധയാ കേസെടുക്കാം. എന്നാല്‍, കോടതികളില്‍ നിന്ന് അയച്ചുകൊടുക്കുന്ന പരാതികളില്‍പോലും നടപടിയുണ്ടാവാറില്ല. 2002(3) കെ.എല്‍.ടി 530 വിജയലക്ഷ്മി വെഴ്സസ് തോമസ് എന്ന കേസില്‍ പ്രൈസ് ചിറ്റ്സ് സംബന്ധിച്ച് പൊലീസ് കേസ് എടുക്കാത്തതിനെയും എടുത്ത കേസുകള്‍ റഫര്‍ചെയ്യുന്നതിനെയും കേരള ഹൈകോടതി വിമര്‍ശിച്ചിരുന്നു. ഫോര്‍മാന് ലഭിക്കുന്ന കമീഷനില്‍നിന്ന് വരിക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതിന് വിലക്കില്ല. അതേസമയം, ഒരേതുക അടക്കുന്ന വരിക്കാരില്‍ ചിലരെ ഭാഗ്യത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത് ഭൂരിപക്ഷം വരിക്കാരുടെ പണം ഉപയോഗിച്ച് സമ്മാനങ്ങള്‍ നല്‍കുന്നത് ചൂഷണമാണെന്ന നിഗമനത്തിലാണ് പ്രൈസ് ചിറ്റുകള്‍ നിരോധിച്ചത്. ഒരു കുറിയിലെ എല്ലാ വരിക്കാര്‍ക്കും ഒരുപോലെ സമ്മാനം കിട്ടുന്നില്ല എന്നത് നീതിയല്ല എന്നതാണ് ഈ നിയമ നിര്‍മാണത്തിന് ഇടയാക്കിയത്.

തൃശൂര്‍ മന്നാടിയാര്‍ ലൈനില്‍ പ്രവര്‍ത്തിക്കുന്ന ന്യൂമിലേനിയം കുറീസ് 2009 ഒക്ടോബര്‍ 15ന് സാഫല്യം മൂന്ന് എന്ന പേരില്‍ എട്ടു ലക്ഷം രൂപ സലയോടുകൂടി തുടങ്ങിയ ചിട്ടിക്ക് 50 ഇന്‍ഡിക കാറുകളാണ് സമ്മാനം പ്രഖ്യാപിച്ചത്. ഇതിനെതിരെയും ഇതേരീതിയില്‍ പ്രവര്‍ത്തനം നടത്തിയ ബ്രൈഡല്‍ കുറീസിനെതിരെയും കുമാരനല്ലൂര്‍ ധനശ്രീ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ നല്‍കിയ ഹരജി ഇപ്പോള്‍ തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. പൂരം കുറീസാകട്ടെ വിവിധ കുറികളില്‍ ചേരുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ 10 കിലോ സ്വര്‍ണം, കാര്‍, സ്കൂട്ടര്‍ എന്നിവയൊക്കെ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനെതിരായ പരാതി തൃശൂര്‍ മുന്‍സിഫ് കോടതിയും പരിഗണിക്കുന്നുണ്ട്.

ഇത്തരം സമ്മാനങ്ങളുടെ നറുക്കെടുപ്പിലുമുണ്ട് തിരിമറികള്‍. ചിട്ടി നറുക്കെടുക്കുന്ന ദിവസമായായിരിക്കില്ല മിക്കവാറും കമ്പനികള്‍ സമ്മാനങ്ങളുടെ നറുക്കെടുക്കുക. അത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കും. സമ്മാനമടിച്ചത് ആര്‍ക്കാണെന്ന് പിന്നെ ആരുമറിയില്ലെന്ന് മാത്രം. ഒരോ ചിട്ടിക്കും എത്ര ഡിവിഷനുണ്ടോ അത്രയും വരിക്കാരെ ഉള്‍പ്പെടുത്തിയാകും നറുക്കിടുക. മിക്കവാറും അത് മുതലാളിക്കുതന്നെ കിട്ടുകയാണ് പതിവ്. 

ഏവരും ബഹുമാനിക്കുന്ന വൈദികരെ മുന്നില്‍ നിര്‍ത്തുകയാണ് ചിട്ടിക്കമ്പനികളുടെ മറ്റൊരു തന്ത്രം. ചേര്‍പ്പിലെ പാരിഷ് ചിട്ടിക്കമ്പനിയും കുറിക്കമ്പനിയിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നവകാശപ്പെടുന്ന ഒല്ലൂര്‍ സാധു സംരക്ഷണ സംഘവും നയിക്കുന്നത് ക്രൈസ്തവ പുരോഹിതരാണ്. നിയമവിരുദ്ധമായ പ്രൈസ് ചിട്ടി നടത്തിയതിന് ഇവര്‍ ഇരുവരും നിയമനടപടി നേരിടുന്നുമുണ്ട്. എന്നാല്‍, കോട്ടയം ജില്ലയില്‍ ഏതാനുംമാസം മുമ്പ് തുടങ്ങിയ ചിട്ടി സ്ഥാപനത്തിന് ചുക്കാന്‍ പിടിക്കുന്ന വൈദികന്‍ സകല ബ്ലേഡുകാരെയും കടത്തിവെട്ടിക്കളഞ്ഞു. ഫരീദാബാദിനോടാണ് ഈ കമ്പനിക്കും കൂറ്. 25,15,10 ലക്ഷത്തിന്റെ 180 മാസം അടവുകളുള്ള ചിട്ടിയാണ് തുടങ്ങിയത്. പക്ഷേ, ആദ്യത്തെ രണ്ടുമാസം വരിക്കാര്‍ അടക്കുന്ന പണം സ്ഥാപനമെടുക്കുമെന്നാണ് ഇദ്ദേഹം ഉണ്ടാക്കിയിരിക്കുന്ന നിയമം. ഇതൊക്കെ മാറ്റി നിര്‍ത്തിയാല്‍ അധ്യാപകര്‍ക്കും ബാങ്ക് ജീവനക്കാര്‍ക്കും അതത് പ്രദേശങ്ങളിലുള്ള വിശ്വാസ്യതയാണ് ചിട്ടിക്കമ്പനികള്‍ വരിക്കാരെ ചേര്‍ക്കാന്‍ ഉപയോഗിക്കാറ്. പക്ഷേ, വയനാട്ടിലും മറ്റും ചിട്ടി തട്ടിപ്പ് നടത്തി കോടികളുമായി മുങ്ങിയ ശ്രീകോവില്‍ ചിട്ടി കമ്പനിയുടമ സന്തോഷ്കുമാര്‍ രാജസ്ഥാനിലെ ജയ്പൂര്‍ വൈശാലി നഗറില്‍ വരിക്കാരെ കണ്ടെത്താന്‍ നൂതനമായ മാര്‍ഗമാണ് സ്വീകരിച്ചത്. ഗോകുലം ചിട്ടി ഉടമ ഗോകുലം ഗോപാലന്റെ സഹോദരീ പുത്രനാണെന്ന് കാണുന്നവരോടൊക്കെ തട്ടിവിട്ടു. കളി കഴിഞ്ഞപ്പോള്‍ ജയ്പൂര്‍ മലയാളികള്‍ക്ക് നഷ്ടം മൂന്നുകോടി രൂപ.

മുമ്പ് പണം തട്ടിയതിന് കേസിന്‍മേല്‍ കേസുമായി പാപ്പര്‍ ഹരജിവരെ കൊടുക്കേണ്ടിവന്ന ഒരു വിരുതന്റെ ചിട്ടിക്കമ്പനിയുണ്ട് കോട്ടയത്ത്. ഇയാളുടെ മുഖ്യ ആയുധം വ്യാജ പത്രപ്രവര്‍ത്തകരാണ്. നിലവിലുണ്ടോ ഇല്ലയോ എന്ന് ഉടമകള്‍ക്ക് തന്നെ നിശ്ചയമില്ലാത്ത ഒരു പത്രത്തിന്റെ ജില്ലാലേഖകനെ കൂട്ടുപിടിച്ചാണ് ഇയാള്‍ കച്ചവടം കൊഴുപ്പിക്കുന്നത്. പത്രപ്രവര്‍ത്തനത്തിന്റെ മറവില്‍ പരസ്യ ഏജന്‍സിയടക്കം പലകച്ചവടങ്ങളും ചെയ്യുന്ന ഇയാള്‍ക്ക് ചിട്ടിക്കമ്പനിയുടെ മുഴുവന്‍ പരസ്യങ്ങളുടെയും ചുമതല ഏല്‍പിച്ചുകൊടുത്തു.
അഞ്ചു പൈസ വരുമാനമില്ലാതെ ചരടുപൊട്ടിയ പട്ടംപോലെ നട്ടംതിരിഞ്ഞിരുന്നയാള്‍ ഈ വാഗ്ദാനത്തില്‍ തലയടിച്ചുവീണു. പക്ഷേ, കാര്യത്തോടടുത്തപ്പോള്‍ ഒരുകുഴപ്പം. ചെയ്യുന്ന പരസ്യത്തിന് പകുതിയേ പണം കൊടുക്കൂ. ബാക്കി പണം കിട്ടണമെങ്കില്‍ ചിട്ടിക്കാരന്‍ പറയുന്നതൊക്കെ ചെയ്യണം. പത്രപ്രവര്‍ത്തകന്റെ സ്വാധീനം പൊലീസ് സ്റ്റേഷന്‍ മുതല്‍ മന്ത്രി തലംവരെ ചിട്ടി നടത്തിപ്പുകാരന്‍ ഉപയോഗിക്കുന്നുമുണ്ട്. ഇനി ഏതെങ്കിലും പത്രപ്രവര്‍ത്തകന്‍ ചിട്ടിക്കാരന്റെ കൊള്ളരുതായ്മകളെക്കുറിച്ച് ചികഞ്ഞുവെന്നിരിക്കട്ടെ. ഉടന്‍ 'ജില്ലാ ലേഖക'ന്റെ വിളിവരും. ഉപദ്രവിക്കരുത് എനിക്കും ജീവിക്കണമെന്നു പറഞ്ഞ് കരയും. അതോടെ സഹപ്രവര്‍ത്തകര്‍ക്കും മനസ്സലിയും. തട്ടിപ്പുകള്‍ മാഞ്ഞുപോകാന്‍ വേറെ കാരണം വേണോ. ഇപ്പോള്‍ ചിട്ടിയും കൊഴുത്തു പരസ്യക്കമ്പനിയും കൊഴുത്തു. രണ്ടിന്റെയും ഇടപാടുകാര്‍ മാത്രമാണ് മെലിയുന്നത്.

ചിറകൊടിഞ്ഞ വ്യോമ മേഖല


പ്രതിസന്ധികളെ സ്നേഹിക്കുന്നവനാണു താനെന്നു കോര്‍പ്പറേറ്റ് ലോകത്തെ ഗ്ലാമര്‍ താരം വിജയ് മല്യ മുന്‍പു മൊഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഗുഡ് ടൈംസിന്‍റെ ഈ കിങ് ഇപ്പോള്‍ നിരാശയിലാണത്രെ! 

ചെലവു കുറഞ്ഞ സര്‍വീസിലൂടെ ജനസേവനം നടത്തിയ മല്യയുടെ വിമാനക്കമ്പനി കിങ്ഫിഷര്‍ പാപ്പരായതു ഫോര്‍മുല വണ്‍ വേഗത്തിലാണ്. എന്നാല്‍ ഇതൊന്നും തന്‍റെ കുഴപ്പമല്ല, വ്യവസ്ഥിതിയുടെ പ്രശ്നങ്ങളാണെന്നാണ് ഈ മദ്യരാജാവിന്‍റെ അഭിപ്രായം. ഒരു പരിധിവരെ അതു ശരിയുമാണ്. ഇന്ത്യയുടെ ആകാശ സീമകള്‍ക്കകത്തു പ്രതിസന്ധികളുടെ കാര്‍മുകില്‍ ഒഴിയുന്നില്ല. ഒന്നിനു പിറകേ ഒന്നായി അതു വീണ്ടും വീണ്ടും ഉരുണ്ടു കൂടുന്നു. അതാവും മല്യയുടെ ഈ കണ്ണീര്‍മഴയ്ക്കു കാരണം.

ജീവനക്കാരുടെ സമരങ്ങള്‍, ടിക്കറ്റ് നിരക്കു വര്‍ധന, യാത്രക്കാരുടെ കുറവ് എന്നിവയൊക്കെ ഇന്ത്യന്‍ വ്യോമ മേഖലയില്‍ തുടര്‍ക്കഥയാകുന്നു. പരിഹാരം മാത്രം അകലെ. സെന്‍റര്‍ ഫൊര്‍ ഏഷ്യാ പസഫിക് ഏവിയേഷന്‍റെ കണക്കു പ്രകാരം പ്രധാന വിമാനക്കമ്പനികളായ ജെറ്റ് ഗ്രൂപ്പ്, എയര്‍ ഇന്ത്യ, കിങ്ഫിഷര്‍, സ്പൈസ് ജെറ്റ് എന്നിവയുടെ ബാധ്യത 1.2 ലക്ഷം കോടിയാണ്. സെപ്റ്റംബര്‍ 30വരെയുള്ള കണക്ക് അനുസരിച്ചു സാമ്പത്തിക നഷ്ടം 38,000 കോടിയും. 70,000 കോടിയാണ് ഈ കമ്പനികള്‍ ബാങ്കുകള്‍ക്കു നല്‍കാനുള്ളത്. ഇന്ത്യന്‍ വിമാനക്കമ്പനികളുടെ സാമ്പത്തിക സ്ഥിതി ഈ കണക്കുകളില്‍ വ്യക്തം. വെള്ളാനയായ എയര്‍ ഇന്ത്യ പറക്കുന്നതു സര്‍ക്കാരിന്‍റെ കൈത്താങ്ങ് ഇടയ്ക്കിടെ ലഭിക്കുന്നതു കൊണ്ടു മാത്രമാണ്. കിങ്ഫിഷറിന്‍റെ മുക്കാല്‍ പങ്കു വിമാനങ്ങളും നിലത്തിറങ്ങിയിട്ടു മാസങ്ങളായി. എയര്‍ ഇന്ത്യാ ജീവനക്കാരുടെ സമരം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യോമയാന മന്ത്രി അജിത് സിങ്ങിനു കഴിയുന്നുമില്ല. 

വിമാനക്കമ്പനികളില്‍ വിദേശ നിക്ഷേപം വരുമെന്ന മല്യയുടെയും സര്‍ക്കാരിന്‍റെയും മോഹം സംബന്ധിച്ച് ഇനിയും വ്യക്തതയില്ല. വിദേശ നിക്ഷേപം പാടില്ലെന്ന നിലപാടില്‍ യുപിഎ ഘടക കക്ഷി തൃണമൂല്‍ കോണ്‍ഗ്രസ് ഉറച്ചു നിന്നതോടെ വിമാനക്കമ്പനികളിലെ വിദേശ നിക്ഷേപത്തിനുള്ള അനുമതി വൈകുമെന്നുറപ്പായി. തൃണമൂല്‍ മേധാവി മമത ബാനര്‍ജിയുമായി വ്യോമയാന മന്ത്രി അജിത് സിങ് രണ്ടു പ്രാവശ്യം ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നത്തിനു പരിഹാരമുണ്ടായില്ല. ആഭ്യന്തര വിമാനക്കമ്പനികളുടെ 49% ഓഹരി വിദേശ കമ്പനികള്‍ക്കു വാങ്ങാന്‍ അനുമതി നല്‍കാനാണു വാണിജ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശം. ധനമന്ത്രാലയവും വ്യോമയാന മന്ത്രാലയവും ഈ നിര്‍ദേശത്തിനു പച്ചക്കൊടി കാട്ടിയിട്ടുണ്ട്.ഡിപ്പാര്‍ട്ട്മെന്‍റ് ഒഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ ക്യാബിനറ്റ് നോട്ട് തയറാക്കിയിട്ടുമുണ്ട്. എന്നാല്‍ മമത എതിര്‍പ്പ് അറിയിച്ചതോടെ അനുമതി നല്‍കുന്നതു നീട്ടിവച്ചു.

വ്യോമമേഖലയില്‍ വിദേശ നിക്ഷേപത്തിന് അനുമതിയുണ്ടെങ്കിലും വിമാനക്കമ്പനികളില്‍ ഇതില്ല. എഫ്ഡിഐ അനുമതി ലഭിച്ചാല്‍ സാമ്പത്തിക പ്രതിസന്ധിയിലായ കിങ്ഫിഷര്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്കു ഗുണകരമാകും. അതാണു മല്യയും സ്വപ്നം കാണുന്നത്. എന്നാല്‍ 49 ശതമാനം വിദേശ നിക്ഷേപം എന്നതില്‍ നിന്നു സര്‍ക്കാര്‍ പിന്നാക്കം പോയതായാണ് ഇപ്പോഴത്തെ സൂചന. കാരണം ഈ നീക്കത്തിനു നിയമ തടസമുണ്ടെന്ന് അജിത് സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സെബിയുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തേണ്ടി വരുമെന്നതിനാല്‍ ഇതു പ്രയാസകരമാണത്രെ. 

എന്നാല്‍ ഇതൊന്നുമല്ലത്രെ കാരണം. എഫ്ഡിഐ അനുവദിക്കുന്നുവെന്നു കേട്ടപ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉണ്ടായത്ര ആവേശം വിദേശ കമ്പനികള്‍ക്കുണ്ടായില്ല. കാരണം ഇന്ത്യയിലെ വ്യോമയാത്രാ ബിസിനസ് അത്ര ലാഭകരമല്ല എന്നതു തന്നെ. അയാട്ടയുടെ കണക്ക് അനുസരിച്ച് ഓസ്ട്രേലിയ, ക്യാനഡ, ചൈന, ബ്രിട്ടന്‍, യുഎസ് എന്നീ രാജ്യങ്ങളിലേതിനെ അപേക്ഷിച്ചു ടിക്കറ്റ് നിരക്ക് 13 മുതല്‍ 280 വരെ ശതമാനം കുറവാണ് ഇവിടെ. അമെരിക്കക്കാരന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഇന്ത്യക്കാരന്‍ 10 വര്‍ഷത്തിലൊരിക്കലാണു വിമാനത്തില്‍ കയറുന്നത്. പ്രതിസന്ധികളില്‍ നട്ടം തിരിയുന്ന ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കു വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയാറാകാനും സാധ്യതയില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വ്യോമമേഖലയില്‍ മുതലിറക്കാന്‍ ആഗോള കമ്പനികള്‍ തയാറാകുമോ? ലുഫ്താന്‍സ, ബ്രിട്ടിഷ് എയര്‍വേയ്സ്, ഇത്തിഹാദ് എന്നിവ ആദ്യം താത്പര്യം പ്രകടിപ്പിച്ചെങ്കിലും ചര്‍ച്ച സജീവമായപ്പോള്‍ ഈ കമ്പനികള്‍ മുങ്ങി. സ്പൈസ് ജെറ്റിന്‍റെയും കിങ്ഫിഷറിന്‍റെയും ഓഹരി വാങ്ങാനാണു കമ്പനികളില്‍ പലതും താത്പര്യം കാണിച്ചത്. 

ഇന്ത്യയില്‍ മധ്യവര്‍ഗ ജനസംഖ്യയുടെ അഭൂതപൂര്‍വമായ വളര്‍ച്ച കണക്കിലെടുത്താണു പല കമ്പനികളും ഓഹരി വാങ്ങാന്‍ തയാറെടുത്തിരുന്നത്. എന്നാല്‍ പഠനങ്ങള്‍ നടത്തിയതോടെ ആഗോള വിമാനക്കമ്പനികള്‍ നിരാശയിലായി. വിമാന ഇന്ധനമായ ജെറ്റ് ഫ്യുവലിന്‍റെ ഉയര്‍ന്ന വിലയും വിമാനത്താവളങ്ങള്‍ ഈടാക്കുന്ന ഉയര്‍ന്ന നിരക്കും ഇന്ത്യയില്‍ പ്രതിസന്ധിയാണ്. ലോകത്ത് തന്നെ വിമാന ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യമാണ് ഇന്ത്യയെന്നു കമ്പനികള്‍ ആരോപിക്കുന്നു. വിദേശ നിക്ഷേപം അനുവദിക്കുന്നതു സുരക്ഷാ പ്രശ്നങ്ങള്‍ക്കു കാരണമാകുമെന്ന ആശങ്ക നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. വിവിധ മന്ത്രാലയങ്ങള്‍ ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നത രേഖപ്പെടുത്തുകയും ചെയ്തു. വിദേശ നിക്ഷേപം അനുവദിക്കുന്നതു ഫോറിന്‍ ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ബോര്‍ഡ് വഴിയാകണമെന്ന പോംവഴിയാണു സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

17 ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുന്ന മേഖലയാണ് ഇന്ത്യന്‍ വ്യോമയാനം. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ 0.5% സംഭാവന ഈ മേഖലയില്‍ നിന്നാണ്. എയര്‍ ടിക്കറ്റിന് 12.36% സേവന നികുതിയാണ് ഇന്ത്യയില്‍. എടിഎഫിന് 8.24% എക്സൈസ് തീരുവ. സംസ്ഥാനങ്ങള്‍ ചുമത്തുന്നത് 30 ശതമാനത്തിലേറെ നികുതി. മൊത്തം ചെലവിന്‍റെ 50 ശതമാനത്തിലധികം വിമാനക്കമ്പനികള്‍ ഇന്ധനത്തിനു വേണ്ടി മാറ്റിവയ്ക്കുന്നു. ആഗോള തലത്തില്‍ ഇത് 34% മാത്രം. തീരുവ കുറയ്ക്കാതെ പിടിച്ചുനില്‍ക്കാനാകില്ലെന്ന് ഇതില്‍ നിന്നു വ്യക്തം. ലോകത്തെ ഏറ്റവും ചെലവേറിയ വിമാനത്താവളമാണു ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. അവിടത്തെ യൂസര്‍ ഫീ 346% വര്‍ധിപ്പിക്കാനാണു കഴിഞ്ഞ വര്‍ഷം എയര്‍പോര്‍ട്സ് ഇക്കണോമിക് റെഗുലേറ്ററി അഥോറിറ്റി അനുമതി നല്‍കിയത്. ഇതോടെ യാത്രക്കാരുടെ എണ്ണത്തില്‍ ഏഴു മുതല്‍ 10.5% വരെ ഇടിവുണ്ടായി. മറ്റ് ഏവിയേഷന്‍ ഹബ്ബുകളായ ബീജിങ്, സിംഗപ്പുര്‍, ബാങ്കോക്ക്, ദുബായ് എന്നിവിടങ്ങളില്‍ നിരക്കുകള്‍ താരതമ്യേന കുറവാണ്.

അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ അഭാവമാണു മേഖലയിലെ മറ്റൊരു പ്രശ്നം. 2014ല്‍ നവി മുംബൈ രാജ്യാന്തര നിലവാരം കൈവരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇതുവരെ നിര്‍മാണം തുടങ്ങിയിട്ടില്ല. അടിസ്ഥാന പ്രശ്നങ്ങള്‍ പോലും പരിഹരിക്കാതെ വിദേശ നിക്ഷേപം മോഹിക്കുന്നതില്‍ കാര്യമില്ലെന്നാണു വ്യോമയാന മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. ക്രിയാത്മക നടപടികള്‍ ഇച്ഛാശക്തിയോടെ സ്വീകരിക്കുകയാണു വേണ്ടത്. 

Saturday, June 23, 2012

നായരുടെ സമദൂരം ബി ജെ പിക്കൊപ്പം


നായരുടെ കോപം യു ഡി എഫിനോട് കടുത്ത ശത്രുതയുള്ളതുകൊണ്ടൊന്നുമല്ല, മറിച്ച് നന്നാകുന്നെങ്കില്‍ നന്നാകട്ടെ എന്നു കരുതി പറയുന്നുവെന്ന് മാത്രം. കേള്‍ക്കേണ്ടവര്‍ക്ക് കേള്‍ക്കാം, തള്ളേണ്ടവര്‍ക്ക് തള്ളാം. എല്‍ ഡി എഫ് സര്‍ക്കാരിനോട് ഇങ്ങനെയെന്തെങ്കിലും പറയാന്‍ പെരുന്നയില്‍ നിന്നാരും ഇതുവരെ പോയിട്ടില്ല. പറയേണ്ടത് പറയുക യു ഡി എഫിനോടും കോണ്‍ഗ്രസിനോടുമാണ്. പേരിനെങ്കിലും മാനിക്കുന്നത് അവര്‍ മാത്രമാണല്ലോ!
കാലാകാലങ്ങളായി യു ഡി എഫില്‍ നായന്മാര്‍ക്കുണ്ടായിരുന്ന പ്രാമാണിത്വം നഷ്ടപ്പെട്ടതിലുള്ള കുണ്ഠിതം മാത്രമാണ് സുകുമാരന്‍നായരുടെ ഭള്ളുപറച്ചിലിന് പിന്നിലെന്ന് കരുതിയാലും തെറ്റില്ല. മുസ്ലീം ലീഗിന് അഞ്ചാംമന്ത്രി വന്ന അന്ന് തെറ്റിയതാണ് സുകുമാരന്‍ നായരുടെ സമനില. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തരം കൊടുത്തിട്ടും വി എസ് ശിവകുമാറിന് ആരോഗ്യം കൊടുത്തിട്ടും നായരുടെ മനോവിഷമം തീര്‍ന്നില്ല. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് സമയത്തും, തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴും പറഞ്ഞ അതേ വാക്കുകളില്‍ ഇപ്പോഴും അദ്ദേഹം ഉറച്ചുനില്‍ക്കുകയാണ്. അതായത്. നായന്മാര്‍ക്കൊന്നും കിട്ടുന്നില്ല, നായരുടെ വാക്കുകള്‍ക്കാരും വില കല്‍പ്പിക്കുന്നില്ല.
നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിലെ യു ഡി എഫ് വിജയം രാഷ്ട്രീയ വിജയമല്ലെന്നാണ് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ പുതിയ വാദം. രാഷ്ട്രീയവിജയം എന്നൊക്കെ യു ഡി എഫ് പറഞ്ഞാലും നെയ്യാറ്റിന്‍കരയില്‍ സാമുദായിക ചേരിതിരിവിലൂടെയാണ് വിജയം നേടിയതെന്നും അദ്ദേഹം സമുദായത്തിന്റെ 2012-2013 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരണം കഴിഞ്ഞ് നടത്തിയ പത്രസമ്മേളനത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു.
ഈ പത്രസമ്മേളത്തില്‍ ഒരു വെടികൂടി സുകുമാരന്‍ നായര്‍ പൊട്ടിച്ചു. ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് എന്‍ എസ് എസ് സമദൂര നിലപാട് സ്വീകരിക്കുന്നതെന്ന കാര്യം. എന്‍ എസ് എസ് സമദൂരനിലപാട് സ്വീകരിച്ചതിന്റെ ഗുണം കിട്ടിയത് ബി ജെ പിക്കാണോ കോണ്‍ഗ്രസിനാണോ എന്ന കാര്യം അദ്ദേഹം അറിയാതെയെങ്കിലും വെളിപ്പെടുത്തുകയും ചെയ്തു. അത് ഇപ്രകാരമായിരുന്നു; ''അഞ്ചാം മന്ത്രി വിഷയം നെയ്യാറ്റിന്‍കരയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതാണ് ബി ജെ പിക്ക് അവിടെ വോട്ട് കൂടുതല്‍ കിട്ടാന്‍ കാരണം. യു ഡി എഫിന് കിട്ടേണ്ട വോട്ടാണ് ബി ജെ പി നേടിയത്. മന്ത്രിസഭയിലെ അസന്തുലിതാവസ്ഥ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. അഞ്ചാം മന്ത്രി കോണ്‍ഗ്രസിന്റെ നാശത്തിനാണ്''.
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുകുറഞ്ഞതില്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ വക പുതിയൊരു കണ്ടുപിടുത്തവും ഉണ്ടായി. അത് ഇങ്ങനെയാണ്; ''ടി പി ചന്ദ്രശേഖരന്‍ വധമാണ് എല്‍ ഡി എഫിന്റെ വോട്ട് കുറയാന്‍ കാരണം''.
സമസ്ത കേരള നായന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നതിന് ഉത്തമ ഉദാഹരണവും അദ്ദേഹം എടുത്തുപറഞ്ഞു. ''ബാലകൃഷ്ണപിള്ള-ഗണേഷ്‌കുമാര്‍ പ്രശ്‌നത്തില്‍ അങ്ങേയറ്റം വഞ്ചനാപരമായ നിലപാടാണ് കോണ്‍ഗ്രസ് കാണിച്ചത്. അച്ഛന്‍-മകന്‍ എന്ന നിലയിലാണ് എന്‍ എസ് എസ് പ്രശ്‌നത്തിലിടപെട്ടത് (പരിഹാരമുണ്ടായില്ല). ഇനി യു ഡി എഫാണ് പ്രശ്‌നം ചര്‍ച്ച ചെയ്യേണ്ടത്''.
പത്രസമ്മേളനത്തിന് മുമ്പ് നടന്ന എന്‍ എസ് എസ്സിന്റെ ബജറ്റ് അവതരണത്തില്‍പ്പോലും കോണ്‍ഗ്രസിനോടുള്ള ദേഷ്യം അദ്ദേഹത്തിന്റെ ഉള്ളില്‍ നുരഞ്ഞുപൊന്തി പുറത്തുവന്നു. ''സംസ്ഥാനത്ത് ഇപ്പോഴും സാമുദായിക അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നു. ഭൂരിപക്ഷ സമുദായക്കാരെ വിഡ്ഢികളാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സാമുദായിക അസന്തുലിതാവസ്ഥ പരിഹരിക്കാതെയാണ് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയത്. മുന്നോക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന എന്‍ എസ് എസ്സിന്റെ ആവശ്യം സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. അരനൂറ്റാണ്ടായി എന്‍ എസ് എസ് ഈ ആവശ്യം ഉന്നയിക്കുന്നു. ഭരണഘടന അനുവദിക്കുന്നില്ലെന്ന മുടന്തന്‍ ന്യായമാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഉന്നയിക്കുന്നത്''.
പെരുന്നയിലെ സ്ഥാനി നായന്മാര്‍ക്കുള്ള വിരോധം തീരാന്‍ ഒരൊറ്റ മന്ത്രമേ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയോട് ശുപാര്‍ശ ചെയ്യാനുള്ളൂ, ഇതിപ്രകാരമാണ്;
''എന്‍ എസ് എസ് എന്നുകേട്ടാല്‍ അഭിമാനപൂരിതമാകണം അന്തഃരംഗം
നായരെന്ന് കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളില്‍''

Friday, June 22, 2012

ദേശീയ പതാക സംരക്ഷിച്ചവര്‍ വീരനായകരായി


മഹരാഷ്ട്ര സെക്രട്ടേറിയറ്റ് തീപിടിത്തത്തിനിടെ ദേശീയ പതാക സംരക്ഷിച്ച ജീവനക്കാര്‍ വീരനായകരായി. സെക്രട്ടേറിയറ്റില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്‍റെ ചുമതലയുള്ള ആറു പേര്‍ക്കാണ് അഭിനന്ദന പ്രവാഹം. തീ ആളിപ്പടരുന്നതിനിടെ ജീവന്‍ പണയം വച്ചാണ് ഇവര്‍ സെക്രട്ടേറിയറ്റിന്‍റെ മുകളില്‍ നാട്ടിയ ത്രിവര്‍ണ പതാക താഴ്ത്തിയത്. തിരിച്ചിറങ്ങാനുള്ള സഹപ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും ആവശ്യം അവഗണിച്ചായിരുന്നു സാഹസം. 

സുരേഷ് ബരിയ എന്നയാളുടെ നേതൃത്വത്തില്‍ ആറംഗ സംഘം സെക്രട്ടേറിയറ്റിന്‍റെ ടെറസിലെ ക്യാബിനില്‍ ഭക്ഷണം കഴിച്ചു വിശ്രമിക്കുമ്പോഴായിരുന്നു തീപിടിത്തം. ഉച്ചയ്ക്കു 2.50 ന് പുകപടലങ്ങള്‍ ഉയര്‍ന്നതോടെ കാര്യമായ അപകടം നടന്നതായി ഇവര്‍ മനസിലാക്കി. എന്നാല്‍ രക്ഷപെടുന്നതിനേക്കാള്‍ ചുമതലാബോധം ദേശീയ പതാക സംരക്ഷിക്കുന്നതിലേക്ക് ഇവരെ നയിക്കുകയായിരുന്നു.

സമയം മുന്നോട്ടു നീങ്ങിയതോടെ തങ്ങളുടെ അന്ത്യമടുത്തതായി തോന്നിയെന്നു ബരിയ. ആരും രക്ഷപെടില്ലെന്നാണു കരുതിയത്. അതിവേഗം തീ പടരുന്നതായി താഴെയുള്ളവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നിട്ടും ക്ഷമയോടെ കാത്തിരുന്നു. രണ്ടു മണിക്കൂര്‍ കഴിഞ്ഞു മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് അറിയിപ്പു ലഭിച്ചതിനു ശേഷമാണ് അഗ്നിശമന സേനാംഗങ്ങള്‍ ഉറപ്പിച്ച ഹൈഡ്രോളിക് ലാഡറുകളിലൂടെ താഴെയെത്തിയത്. ഇവര്‍ക്കൊപ്പം മുകള്‍ നിലകളില്‍ കൂടിയ 65 പേരെക്കൂടി രക്ഷിച്ചു.

അതിനിടെ വിവരമറിഞ്ഞു സംഭവ സ്ഥലത്തെത്തിയ ബരിയയുടെ മാതാവ് ലീല മറ്റുള്ളവരുടെ നിര്‍ദേശങ്ങള്‍ പോലുമവഗണിച്ചു കെട്ടിടത്തിനടുത്തേക്കു നീങ്ങിയത് താഴെ നിന്നവരെ ആശങ്കയിലാക്കിയിരുന്നു. അഗ്നിശമന സേനാംഗങ്ങള്‍ ലാഡറുകളുമായി ഏതു ഭാഗത്താണു നിലയുറപ്പിച്ചതെന്നു മകനോടു വിളിച്ചറിയിക്കുകയായിരുന്നുവെന്നു ലീല പറഞ്ഞു. 

ഇന്നലെ 4.30 ന് ഇവര്‍ താഴെയെത്തി. വീര നായകരെ സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും അഭിനന്ദനം കൊണ്ടു പൊതിഞ്ഞു. മഹരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും ഇവരെ അനുമോദിച്ചു.

എല്ലാ ദിവസവും പുലര്‍ച്ചെ ആറുമണിക്കാണു ബരിയയും സംഘവും പതാക ഉയര്‍ത്തുന്നത്. അപകടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്കാണു പതാക ഉയര്‍ത്തിയത്.

Thursday, June 21, 2012

പട്ടാളക്യാമ്പില്‍ നിന്നെത്തിയ ക്വട്ടേഷന്‍ ഭീകരന്‍


തണ്ടും തടിമിടുക്കുമുള്ള മകനെ അച്‌ഛന്‍ പട്ടാളത്തില്‍ ചേരാന്‍ നിര്‍ബന്ധിച്ചയച്ചത്‌ മുഴുപ്പട്ടിണിയില്‍ കഴിയുന്ന കുടുംബത്തിന്‌ ഒരു അത്താണിയാകുമല്ലോ എന്നു പ്രതീക്ഷിച്ചായിരുന്നു. അത്രയ്‌ക്ക് ദാരിദ്ര്യത്തിലായിരുന്നു പാട്യം പുതിയതെരുവിലെ കാരായി വീട്ടില്‍ വേലായുധന്റെ കുടുംബം.

അച്‌ഛന്റെ ആഗ്രഹപ്രകാരം മകന്‍ പട്ടാളത്തില്‍ ചേര്‍ന്നു. നല്ലൊരു പട്ടാളക്കാരനായിത്തീരാന്‍ വീട്ടുകാര്‍ ആ പത്തൊമ്പതുകാരനെ അനുഗ്രഹിച്ചയച്ചു. ഏറെനാള്‍ കഴിയുംമുമ്പുതന്നെ മകന്‍ വീട്ടില്‍ തിരിച്ചെത്തി. പട്ടാളക്കാരനായല്ല. പട്ടാളക്യാമ്പില്‍ അക്രമമുണ്ടാക്കി ഒളിച്ചോടിയവനായി.

പാട്യം ഗ്രാമത്തിന്റേയും കണ്ണൂര്‍ ജില്ലയുടേയും ചരിത്രത്തില്‍ ഒരു കൊടുംക്രിമിനല്‍ പിറന്ന ദിവസമായിരുന്നു അത്‌. അടുത്ത കാലത്ത്‌ കേരളം മുഴുവന്‍ ഞെട്ടലോടെ കേട്ട പേരായിരുന്നു ആ ക്രിമിനലിന്റേത്‌- ടി.കെ. രജീഷ്‌.

'പട്ടിണിയും അല്‍പ്പം രാഷ്‌ട്രീയവും തലക്കുപിടിച്ചാല്‍ സാധാരണക്കാരനായ യുവാവിനെ എങ്ങനെ അറപ്പില്ലാത്ത കൊലയാളിയാക്കാമെന്നു കാട്ടിത്തരുന്നതാണ്‌ രജീഷിന്റെ ജീവിതം.

ക്രിമിനല്‍ സ്വഭാവം ചെറുപ്പം മുതല്‍തന്നെ രജീഷിന്റെ രക്‌തത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നുവെന്ന്‌ തെളിയിക്കുന്നതായിരുന്നു പട്ടാളക്യാമ്പില്‍നിന്നുള്ള ഒളിച്ചോട്ടം. പരിശീലനം പൂര്‍ത്തിയാകും മുമ്പ്‌ ക്യാംപില്‍ സഹസൈനികരുമായി ഏറ്റുമുട്ടുകയായിരുന്നു. ഹവില്‍ദാറെയാണ്‌ അടിച്ചത്‌. അതോടെ നില്‍ക്കക്കള്ളിയില്ലാതായി. ഒളിച്ചോടി.

മിലിറ്ററി പോലിസും ലോക്കല്‍ പോലീസും അന്വേഷിച്ചെത്തിയപ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍ നാട്ടില്‍ ആളുണ്ടായി. പിടിയിലാകാതിരിക്കാന്‍ ഒളിജീവിതം. ആ ജീവിതത്തിനിടയില്‍ രജീഷിന്റെ മനസിലും പെരുമാറ്റത്തിലും കാതലായ മാറ്റം വരികയായിരുന്നു. കത്തിയും കൊടുവാളുമേന്തി ആളെക്കൊല്ലിയായുള്ള പരിണാമം. കൂത്തുപറമ്പ്‌ പാട്യം പുതിയതെരുവിലെ ടി.കെ. രജീഷിന്റെ ജീവിതം സിനിമാ കഥയെ പോലും വെല്ലുന്നതായി മാറി പിന്നീട്‌.

മാതൃരാജ്യത്തിന്റെ രക്ഷയ്‌ക്കായി തോക്കേന്തേണ്ടിയിരുന്ന ആ കൈകളില്‍ ആരാണ്‌ രാഷ്‌ട്രീയ പ്രതിയോഗികളെ വെട്ടിനുറുക്കാനുള്ള കൊലക്കത്തി ഏല്‍പ്പിച്ചത്‌? ചോരകണ്ടാല്‍ ആഹ്‌ളാദിക്കുന്നവനായി എങ്ങനെയാണ്‌ ടി.കെ. രജീഷ്‌ മാറിയത്‌?

ദുരൂഹം യാത്രാവഴികള്‍

വര്‍ഷങ്ങളായി മുംബൈയിലേക്ക്‌ ചേക്കേറിയ രജീഷിന്റെ ജീവിതവും പ്രവര്‍ത്തനവും നാട്ടുകാര്‍ക്കാര്‍ക്കും അറിയില്ല. നാട്ടിലെത്തിയാല്‍ ഗമയുള്ള നടത്തം. പണത്തിനു ബുദ്ധിമുട്ടറിയാത്ത ജിവിതം. ആര്‍ക്കും പിടികൊടുക്കാത്ത. ഉള്ളുതുറന്നു സംസാരിക്കാത്ത സ്വഭാവം. നാട്ടുകാര്‍ക്ക്‌ ഇത്രയൊക്കയേ രജീഷിനെ കുറിച്ചറിയൂ.

മുഖത്ത്‌ 51 വെട്ടേറ്റ, റവലൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ അറസ്‌റ്റിലായതോടെയാണ്‌ ടി.കെ. രജീഷിന്റേത്‌ സിനിമാ കഥാപാത്രങ്ങളെ വെല്ലുന്ന ജീവിതമാണെന്നു പുറംലോകം അറിയുന്നത്‌.

പാട്യം പുതിയതെരു പട്ടേല്‍ സ്‌മാരക വായനശാല ഭാഗത്തുള്ള കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ അക്രമിച്ചുകൊണ്ടായിരുന്നു ക്രിമിനല്‍ ജീവിതത്തിന്റെ തുടക്കം. ആദ്യകാലത്ത്‌ കൊട്ടയോടി എന്ന സ്‌ഥലമായിരുന്നു രജീഷിന്റെ കേന്ദ്രം. ഇവിടുത്ത റോള്‍ പക്ഷെ എന്താണെന്നു ആര്‍ക്കുമറിയില്ല.

പണം കിട്ടുന്ന എന്തുപണിയും ചെയ്യും.

കൊലപാതക ദൗത്യം ഏറ്റെടുത്താല്‍ അതു നടപ്പാക്കിയ ശേഷമേ രജീഷ്‌ പിന്‍മാറിയിട്ടുള്ളൂവെന്നാണ്‌ പോലീസ്‌ കണ്ടെത്തിയിട്ടുള്ളത്‌. എതിരാളിയുടെ മരണം ഉറപ്പായാല്‍ മാത്രം പിന്മാറുന്നവന്‍, തെളിവുകള്‍ മായ്‌ക്കാന്‍ വിദഗ്‌ധന്‍, ബോംബ്‌ ഉപയോഗിക്കുന്നതില്‍ സമര്‍ഥന്‍. ഇതാണ്‌ ആറടിയിലേറെ പൊക്കമുള്ള രജീഷിനെക്കുറിച്ച്‌ പോലീസ്‌ തയാറാക്കിയ രേഖകളിലുള്ളത്‌. കൊടുവാള്‍ മുതല്‍ തോക്ക്‌ വരെയുള്ള ആയുധങ്ങള്‍ അനായാസേന കൈകാര്യം ചെയ്യാനറിയാം.

ഒളിവുകാലം ഉല്ലാസകാലം

കൊല നടത്തി സ്‌ഥലം വിടുന്ന ടി.കെ. നാഷണല്‍ പെര്‍മിറ്റ്‌ ലോറി ഓടിച്ചും മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, മംഗലാപുരം തുടങ്ങിയ വന്‍കിട നഗരങ്ങളില്‍ ആഡംബര ജീവിതം നയിച്ചുമാണ്‌ ഒളിവുകാലം ആസ്വദിച്ചിരുന്നത്‌. ഇക്കാലയളവില്‍ ഇവിടുത്തെ അധോലോക സംഘമായും ടി.കെ. ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചിരുന്നതായി അന്വേഷണസംഘത്തിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌.

ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിനു മാസങ്ങള്‍ക്കു മുമ്പ്‌ ഈ കേസിലെ മുഖ്യപ്രതികളായ കൊടി സുനി, അണ്ണന്‍ എന്ന സിജിത്ത്‌ എന്നിവര്‍ രജീഷുമൊത്ത്‌ കൊടൈക്കനാലില്‍ ഉല്ലാസയാത്രയ്‌ക്ക് പോയിരുന്നു. ആ സമയത്താണ്‌ കൊടി സുനി തോക്കുപയോഗിക്കാനുള്ള പരിശീലനം നേടുന്നത്‌. പരിശീലകന്‍ രജീഷ്‌ ആയിരുന്നു.

വിശ്വാസം പാര്‍ട്ടിയോളം

ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യസൂത്രധാരനെന്നു പോലീസ്‌ പറയുന്ന ടി.കെ.രജീഷ്‌ സി.പി.എം നേതൃത്വത്തിന്റെ വിശ്വസ്‌തനായാണ്‌ കരുതപ്പെടുന്നത്‌. കണ്ണൂരിലെ ഒരു ഉന്നത നേതാവിന്റെ മാനസപുത്രനായാണ്‌ പാര്‍ട്ടി കേന്ദ്രങ്ങളില്‍ പോലും അറിയപ്പെടുന്നത്‌. നേതൃത്വം ഏല്‍പ്പിക്കുന്ന എന്തും ചെയ്യാന്‍ തയാറാകുന്നയാളാണ്‌ ഇയാളെന്നാണ്‌ പോലീസ്‌ ഭാഷ്യം.

രജീഷിന്‌ മെമ്പര്‍ഷിപ്പില്ലെങ്കിലും അടുത്ത കുടുംബാംഗങ്ങളെല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ്‌. പഠനകാലത്ത്‌ രജീഷ്‌ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകനായിരുന്നു. സംഘടനയിലില്ലാത്തവരെ അടിച്ചു ഭയപ്പെടുത്തുന്നതായിരുന്നു ശീലം. 1995ല്‍ കൂത്തുപറമ്പ്‌ വെടിവെയ്‌പ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ മുതലാണ്‌ അന്ന്‌ വിദ്യാര്‍ഥിയായ രജീഷിന്റെ അക്രമവാസന പാര്‍ട്ടി തിരിച്ചറിയുന്നത്‌. തുടര്‍ന്ന്‌ പാനൂര്‍, കൂത്തുപറമ്പ്‌, മാഹി മേഖലകളില്‍ നടന്ന കലാപങ്ങളിലൊക്കെ ടി.കെ. വൈഭവം തെളിയിച്ചു. ഉന്നത നേതാക്കളുടെ താങ്ങും തണലും ആവോളം ലഭിച്ചതോടെ ഇയാളെ തൊടാന്‍ പോലിസും ഭയന്നു.

പാമ്പിന്‍ വിഷം, പുലിത്തോല്‍ കടത്ത്‌

രാഷ്‌ട്രീയ കൊലയ്‌ക്കും അക്രമങ്ങള്‍ക്കും പുറമെ പാമ്പിന്‍ വിഷവും പുലിത്തോലും കടത്തുന്നതിലും രജീഷിനു മുഖ്യപങ്കുണ്ട്‌. ഇതില്‍ കേരളത്തിനു പുറത്ത്‌ ചില കേസുകളും ഇയാള്‍ക്കെതിരെയുണ്ട്‌. ഒരിക്കല്‍ പാമ്പിന്‍വിഷം കടത്തുകേസില്‍ അകപ്പെട്ടെങ്കിലും വിദഗ്‌ദ്ധമായി രക്ഷപ്പെടുകയായിരുന്നു. പത്തുവര്‍ഷം മുന്‍പ്‌ പാമ്പിന്‍ വിഷം വില്‍ക്കുന്നതിനിടെ പിടിയിലായി രക്ഷപ്പെട്ട രജീഷിനെതിരെ ഹോസ്‌ദുര്‍ഗ്‌ ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌് കോടതി അറസ്‌റ്റ് വാറന്റ്‌ പുറപ്പെടുവിച്ചിരിക്കുകയാണ്‌.

അഞ്ച്‌ ലക്ഷം രൂപ വിലമതിക്കുന്ന മൂന്ന്‌കുപ്പി പാമ്പിന്‍ വിഷമാണ്‌ രജീഷ്‌ ഉള്‍പ്പെട്ട സംഘത്തില്‍ നിന്നും കണ്ടെടുത്തിരുന്നത്‌. 2002 ഏപ്രില്‍ ആറിനാണ്‌ കേസിനാസ്‌പദമായ സംഭവം. വിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതികളുടെ മൊഴികൂടി രേഖപ്പെടുത്താനിരിക്കുകയാണ്‌. രജീഷ്‌ ഹാജരാകാത്തതിനാലാണ്‌ അറസ്‌റ്റ് വാറന്റ്‌ പുറപ്പെടുവിച്ചത്‌.

കൊലപാതകത്തിനൊരു ഫ്‌ളാഷ്‌ ബാക്ക്‌

കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ സി.പി.എം പ്രതിസ്‌ഥാനത്ത്‌ വന്ന കൊലപാതക കേസുകളില്‍ രജീഷിന്റെ സജീവ പങ്കാളിത്തമുണ്ടെന്നാണ്‌ പോലീസ്‌ നിഗമനം. 1999 -ല്‍ യുവമോര്‍ച്ച സംസ്‌ഥാന അധ്യക്ഷന്‍ കെ.ടി. ജയകൃഷ്‌ണനെ ക്ലാസ്‌ മുറിയില്‍ പിഞ്ചുകുട്ടികളുടെ മുന്നിലിട്ട്‌ അരിഞ്ഞുവീഴ്‌ത്തിയ കിരാത നടപടിക്ക്‌ പിന്നില്‍ ഇയാള്‍ ഉണ്ടായിരുന്നുവെന്ന്‌ ഇപ്പോഴാണ്‌ വെളിപ്പെട്ടിരിക്കുന്നത്‌.

തലശേരി ഈങ്ങയില്‍ പീടികയിലെ സുരേഷ്‌ ബാബു വധം, മുഴപ്പിലങ്ങാട്‌ സൂരജ്‌ വധം, പാനൂരിലെ വിനയന്‍ വധം, ന്യൂമാഹി ഇരട്ടക്കൊല, കുന്നോത്ത്‌ പറമ്പ്‌ രജീഷ്‌ വധം എന്നിവയിലും രജീഷിന്റെ സാന്നിധ്യമുണ്ടെന്നു ഇപ്പോള്‍ പോലീസ്‌ സംശയിക്കുന്നുണ്ട്‌.

എന്നാല്‍ ഈ കേസുകളിലൊന്നും രജീഷ്‌ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. പാനൂര്‍, കൂത്തുപറമ്പ്‌, തലശ്ശേരി മേഖലകളില്‍ നടന്ന കൊലപാതകങ്ങള്‍ അടക്കമുള്ള അക്രമങ്ങളില്‍ മുഖ്യപങ്ക്‌ ടി.കെ വഹിച്ചിരുന്നതായാണ്‌ പോലീസ്‌ സംശയിക്കുന്നത്‌. കൊലനടക്കുന്നതിന്‌ ഒന്നോ രണ്ടോ ദിവസം മുമ്പു മാത്രം സ്‌ഥലത്തെത്തുന്ന രജീഷ ്‌ കൃത്യം നിര്‍വ്വഹിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ അതിര്‍ത്തി കടന്നിരിക്കും.

2010 മെയ്‌ 28 നാണ്‌ ന്യൂമാഹിയിലെ ഇരട്ടക്കൊല നടക്കുന്നത്‌. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബി.ജെ.പി. പ്രവര്‍ത്തകരായ വിജിത്തിനേയും ഷിനോജിനേയും ബോംബെറിഞ്ഞു വീഴ്‌ത്തി വെട്ടിക്കൊല്ലുകയായിരുന്നു. കേസില്‍ കൊടി സുനിയാണ്‌ മുഖ്യപ്രതിയെങ്കിലും ബോംബെറിഞ്ഞു വീഴ്‌ത്തിയത്‌ രജീഷാണെന്നു പോലീസ്‌ കണ്ടെത്തി. എങ്കിലും രജീഷ്‌ പിടിക്കപ്പെട്ടില്ല.

കണ്ണൂരില്‍ ആര്‍ക്കുവേണ്ടിയും മനുഷ്യക്കശാപ്പ്‌ നടത്താന്‍ തയാറുള്ള രജീഷ്‌ മഹാരാഷ്‌ട്രയിലെ സാംഗ്ലിയിലും ഗുണ്ടാനേതാവാണ്‌. കൊല നടത്താന്‍ ആയുധമേന്തിയാല്‍ മരണം സുനിശ്‌ചിതമാക്കിയാല്‍ മാത്രമേ പിന്‍മാറൂ എന്ന സ്വഭാവമാണ്‌ രജീഷിന്റേത്‌. തലയ്‌ക്കും മുഖത്തും മാത്രം വെട്ടുക എന്നതാണ്‌ കൊലപാതക രീതി. 51 വെട്ടുകള്‍ മുഖത്ത്‌ മാത്രം വെട്ടിയാണ്‌ ടി.പി. ചന്ദ്രശേഖരനെ കൊന്നത്‌. കൊല്ലപ്പെട്ട കെ.ടി.ജയകൃഷ്‌ണന്റെ മുഖത്തിന്റെ ഒരുഭാഗം പൂര്‍ണമായും വെട്ടിമാറ്റിയ നിലയിലായിരുന്നു.

മദ്യം വേണ്ട, കോഴി മതി

നാമക്കല്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നു കോഴികളെ എത്തിച്ചു മാഹിയില്‍ കച്ചവടം നടത്തിയ ചരിത്രവും ടി.കെയ്‌ക്കുണ്ട്‌. എന്നാല്‍ മദ്യക്കടത്തില്‍ ഇയാള്‍ ഒരിക്കലും താല്‍പര്യം പ്രകടിപ്പിച്ചില്ല. മാഹിയില്‍ എത്തിക്കുന്ന കോഴികളെ ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ എത്തിച്ചും വില്‍പ്പന നടത്തി. നികുതി വെട്ടിച്ചാണ്‌ കോഴികളെ കടത്തിയിരുന്നത്‌. ഇതിനു ഉദ്യോഗസ്‌ഥര്‍ക്ക്‌ കൃത്യമായി തന്നെ പടിയും നല്‍കി. ഇങ്ങനെ ലക്ഷങ്ങളുണ്ടാക്കി. നാട്ടിലെത്തിയാല്‍ സുഹൃത്തുക്കളെ കൈയയച്ചു സഹായിക്കും. അടുത്ത സുഹൃദ്‌ബന്ധം രജീഷിനു നാട്ടിലാരുമായും ഇല്ല.

വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്‌

ടി.പി വധത്തിലെ ടി.കെയുടെ മൊഴിയെടുത്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ പുറത്തു വന്നത്‌. കെ.ടി.ജയകൃഷ്‌ണന്‍, പാനൂരിലെ ബി.എം.എസ്‌ പ്രവര്‍ത്തകന്‍ വി.സി.വിനയന്‍, കുന്നോത്തുപറമ്പിലെ കെ.സി.രാജേഷ്‌, മാഹിയിലെ ഷിനോജ്‌, വിജിത്ത്‌ എന്നിവരെ അതിനിഷ്‌ഠൂരമായി കൊലപ്പെടുത്തിയ സംഭവങ്ങളിലും കൂത്തുപറമ്പില്‍ നടന്ന നിരവധി അക്രമ സംഭവങ്ങളിലും താന്‍ നേരിട്ട്‌ പങ്കാളിയായിട്ടുണ്ടെന്ന മൊഴിയാണ്‌ അന്വേഷണ സംഘത്തിന്‌ രജീഷ്‌ നല്‍കിയത്‌.

കെ.ടി.ജയകൃഷ്‌ണന്‍, മുഴപ്പിലങ്ങാട്ടെ സൂരജ്‌, തലശേരി ഈങ്ങയില്‍ പീടികയില്‍ കുനിയില്‍ വീട്ടില്‍ സുരേഷ്‌ ബാബു, ചമ്പാട്‌ വടക്കേച്ചാലില്‍ വിനയന്‍ തുടങ്ങിയവരുടെ കൊലപാതകങ്ങളില്‍ തനിക്ക്‌ പങ്കുള്ളതായി രജീഷ്‌ മൊഴി നല്‍കിയിട്ടുണ്ടെത്രേ.

നാട്ടിലെത്തിയാല്‍ മാഹിയിലെ ബാറുകളിലെ നിത്യസന്ദര്‍ശകനാണ്‌. മുംബൈയിലെ ഡാന്‍സ്‌ ബാറിലും നിത്യ സന്ദര്‍ശകന്‍തന്നെ. മുംബൈയിലെ ഡാന്‍സ്‌ ബാറിലെ സന്ദര്‍ശകനായിരുന്ന രജീഷ്‌ അവിടെ വച്ചു പരിചയപ്പെട്ട റുബീനയുമായി പ്രണയത്തിലായിരുന്നു. കാമുകിയുമായി കൊല്‍ക്കത്തയിലേക്ക്‌ കടക്കാന്‍ ഒരുങ്ങിയിരിക്കെയാണ്‌ പോലീസ്‌ പിടിയിലാകുന്നത്‌. കൊല്‍ക്കത്ത സ്വദേശിനിയാണ്‌ നര്‍ത്തകിയായ റുബീന.

കോടതിയില്‍ കണ്ടത്‌

ശാന്തഭാവം. ദൈന്യത നിറഞ്ഞ കണ്ണുകള്‍. വിരിഞ്ഞ നെഞ്ച്‌, കാഴ്‌ച്ചയില്‍ 51 വെട്ടുവെട്ടി ജീവനെടുത്തവന്റെ ക്രൂരഭാവമൊന്നുമില്ല. ജഡ്‌ജി ചോദിക്കുന്നതിനു കൃത്യമായ ഉത്തരം. നിരാശ മുഖത്ത്‌ കാണാനില്ല. എല്ലാ കണ്ണുകളും തന്റെ മേലാണെന്ന്‌ അറിയാമെങ്കിലും ഭാവത്തില്‍ ഒരു മാറ്റവുമില്ല. റിമാന്‍ഡ്‌ റിപ്പോര്‍ട്ട്‌ വായിച്ച്‌, കുറ്റം ചെയ്‌തിട്ടുണ്ടോ എന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന്‌ ഇല്ല എന്ന മറുപടി. പത്തുമിനുട്ട്‌ കൊണ്ട്‌ കോടതി നടപടി ക്രമം പൂര്‍ത്തിയായി പുറത്തിറങ്ങിയപ്പോള്‍ പുറത്ത്‌ പുരുഷാരം അസഭ്യവര്‍ഷം ചൊരിയുന്നുണ്ടായിരുന്നു. അതൊന്നും തന്നോടല്ലെന്ന മട്ടില്‍ പോലീസ്‌ ജീപ്പിലേക്ക്‌.

നെയ്യാറ്റിന്‍കരയില്‍ എന്തെല്ലാം കണ്ടു, എന്തെല്ലാം കാണാതിരുന്നു?‍


ഏഴുമുതല്‍ പത്തു ശതമാനം വരുന്ന നിഷ്‌പക്ഷവോട്ടുകള്‍ പൂര്‍ണമായും ശെല്‍വരാജിനു ലഭിച്ചതും സി.പി.എം. ഔദ്യോഗിക നേതൃത്വത്തോടുള്ള അടങ്ങാത്ത അമര്‍ഷംമൂലം നൂറുകണക്കിനു സി.പി.എം. ഇടതുമുന്നണി പ്രവര്‍ത്തകരും അനുഭാവികളും പാര്‍ട്ടിക്ക്‌ വോട്ട്‌ ചെയ്യാതെ ബി.ജെ.പി. സ്‌ഥാനാര്‍ഥി ഒ. രാജഗോപാലിന്‌ വോട്ട്‌ ചെയ്‌തതുമാണു നെയ്യാറ്റിന്‍കരയില്‍ സി.പി.എമ്മിനുണ്ടായ കനത്ത പരാജയത്തിനു കാരണം. അല്ലാതെ ഈ ഫലത്തോടെ കേരളത്തിലെ സി.പി.എം. അടിത്തറ തകര്‍ന്നുവെന്നു വാദിക്കുന്നത്‌ അര്‍ത്ഥശൂന്യതയാണ്‌.

കേരള രാഷ്‌ട്രീയത്തിലെ കൂര്‍മബുദ്ധി എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന കോണ്‍ഗ്രസ്‌ നേതാവ്‌ പനമ്പിള്ളി ഗോവിന്ദമേനോന്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നു നിയമസഭയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ പി.എസ്‌.പി. സ്‌ഥാനാര്‍ത്ഥിയായിരുന്ന സി.ജി. ജനാര്‍ദ്ദനനോടു തോറ്റപ്പോള്‍ ആ പരാജയത്തെക്കുറിച്ചുള്ള പ്രതികരണം പത്രലേഖകര്‍ ചോദിച്ചു. മുന്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം അതിനു നല്‍കിയ രസകരമായ മറുപടി പ്രസിദ്ധമാണ്‌. 'കൂടുതല്‍ വോട്ട്‌ കിട്ടിയ ജനാര്‍ദ്ദനന്‍ ജയിച്ചു, കുറച്ചു വോട്ട്‌ കിട്ടിയ ഞാന്‍ തോറ്റു'.

ഏത്‌ തെരഞ്ഞെടുപ്പിന്റെയും ഫലം അതുതന്നെയാണ്‌. എം.എല്‍.എ. സ്‌ഥാനം രാജിവച്ചതിനുശേഷം സി.പി.എം വിട്ട്‌ കോണ്‍ഗ്രസില്‍ ചേര്‍ന്ന്‌ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ഡി. ശെല്‍വരാജ്‌ ജയിച്ചത്‌ അങ്ങനെയാണ്‌. പക്ഷേ, ആ ജയം അംഗീകരിക്കാന്‍ പല സി.പി.എം.കാരും തയാറായില്ല. ഭൂതക്കണ്ണാടി വച്ച്‌ മുടിനാരിഴ കീറി പരിശോധിച്ച്‌ അത്‌ പരാജയമല്ലായിരുന്നു എന്ന്‌ ചില ഇടതുപക്ഷ നേതാക്കള്‍ വാദിക്കുന്നത്‌ നാം കാണുന്നു.

നെയ്യാറ്റിന്‍കരയില്‍ സി.പി.എം. ദയനീയമായ രീതിയില്‍ തോറ്റു. കഴിഞ്ഞവര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ 1,10,000 പേര്‍ വോട്ട്‌ ചെയ്‌തപ്പോള്‍ സി.പി.എം. സ്‌ഥാനാര്‍ത്ഥി ഇതേ ശെല്‍വരാജിന്‌ ആ മണ്ഡലത്തില്‍ 54,711 വോട്ടുണ്ടായിരുന്നു. കോണ്‍ഗ്രസിന്‌ 48,000 വോട്ടും. ഇത്തവണ 1,30,000 പേര്‍ വോട്ട്‌ ചെയ്‌തിട്ടും സി.പി.എമ്മിന്റെ വോട്ട്‌ 45,175 ആയി കുറഞ്ഞു. ഈ കനത്ത തോല്‍വിക്ക്‌ മുടന്തന്‍ ന്യായങ്ങള്‍ കണ്ടെത്താന്‍ ഉഷ്‌ണിക്കാതെ യാഥാര്‍ഥ്യങ്ങള്‍ വിലയിരുത്താനാണ്‌ സി.പി.എം. നേതൃത്വം അന്തസ്‌ കാണിക്കേണ്ടത്‌.

ഈ പരാജയത്തിന്‌ ഞാന്‍ ഒരു കാരണമേ കാണുന്നുള്ളു. അത്‌ നെയ്യാറ്റിന്‍കര മണ്ഡലത്തിലെ നിഷ്‌പക്ഷരായ സമ്മതിദായകരുടെ നിലപാടാണ്‌. ഇടതുപക്ഷ മുന്നണിയോടും കോണ്‍ഗ്രസ്‌ നയിക്കുന്ന യു.ഡി.എഫിനോടും യാതൊരു കൂറുമില്ലാത്ത ഏഴുമുതല്‍ പത്തുവരെ ശതമാനം വോട്ടര്‍മാര്‍ കേരളത്തിലുണ്ട്‌. എല്ലാത്തിന്റെയും തെറ്റും ശരിയും വിലയിരുത്തി വോട്ട്‌ രേഖപ്പെടുത്തുന്ന അഭ്യസ്‌തവിദ്യരായ വോട്ടര്‍മാരാണവര്‍. ആ നിഷ്‌പക്ഷ വോട്ടര്‍മാരാണ്‌ കഴിഞ്ഞ കാലങ്ങളിലത്രയും രണ്ടു മുന്നണികളേയും മാറിമാറി കേരളത്തില്‍ വിജയിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. ആ നിഷ്‌പക്ഷ വോട്ടര്‍മാര്‍ നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ ഒന്നടങ്കം ശെല്‍വരാജിന്‌ വോട്ടു ചെയ്‌തുവെന്നതാണ്‌ സംഭവിച്ചത്‌. കാരണം, സി.പി.എം. സ്‌ഥാനാര്‍ഥിക്ക്‌ വോട്ട്‌ചെയ്യാന്‍ ഒരു ന്യായവും കണ്ടെത്തുന്നതിന്‌ അവര്‍ക്ക്‌ കഴിയുമായിരുന്നില്ല.

അതിനവരെ പ്രേരിപ്പിച്ച പ്രധാന ഘടകം ഇപ്പോഴത്തെ സി.പി.എം. നേതൃത്വത്തിന്റെ ധാര്‍ഷ്‌ട്യവും ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവും ഇടുക്കിയിലെ സി.പി.എം. നേതാവ്‌ എം.എം. മണിയുടെ കൊലവിളി പ്രസംഗവും മാത്രമായിരുന്നു. കാരണം വോട്ടെടുപ്പിനു മുന്‍പ്‌ പെട്രോള്‍ വില വളരെ വര്‍ധിപ്പിച്ചും അരിയുടെയും മണ്ണെണ്ണയുടെയും ലഭ്യതയില്ലായ്‌മ, പച്ചക്കറി മുതല്‍ നിത്യോപയോഗ സാധാനങ്ങള്‍ക്കുണ്ടായ വിലവര്‍ധന തുടങ്ങിയവയെല്ലാം ജനങ്ങളെ അലട്ടിയ വലിയ പ്രശ്‌നങ്ങളായിരുന്നു. അതിനെക്കാളെല്ലാം വലുതായിരുന്നു നിഷ്‌പക്ഷ വോട്ടര്‍മാരെ ഉലച്ച കൊലപാതക രാഷ്‌ട്രീയവും അതിനു ചില സി.പി.എം. നേതാക്കള്‍ നല്‍കിയ ന്യായീകരണവും മറ്റും. കൊലപാതക രാഷ്‌ട്രീയത്തോടു രാഷ്‌ട്രീയ അന്ധത ബാധിക്കാത്തവര്‍ക്ക്‌ അത്ര അമര്‍ഷം ഇന്നുണ്ട്‌.

രാഷ്‌ട്രീയ കൊലപാതകങ്ങളെ ന്യായീകരിക്കാന്‍, അല്ലെങ്കില്‍ കൊലപാതകികളെ രക്ഷിക്കാന്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും ജയരാജന്മാരും നടത്തിയ വിഫല ശ്രമങ്ങളും നിഷ്‌പക്ഷ വോട്ടര്‍മാരില്‍ വല്ലാത്ത ഈര്‍ഷ്യയുണ്ടാക്കി. കൊലപാതക അന്വേഷണത്തെ തടസപ്പെടുത്താന്‍ പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന ശ്രമങ്ങളോടു താന്‍ യോജിക്കുന്നില്ല എന്നാണു പരസ്യമായി മുന്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പ്രസ്‌താവിച്ചത്‌. എന്തു രാഷ്‌ട്രീയ ഭിന്നതയുടെ പേരിലായാലും ഒരു മൃഗത്തെപ്പോലെ വെട്ടിനുറുക്കി കൊലചെയ്യപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ വിധവയെ ആശ്വസിപ്പിക്കാന്‍ ഒഞ്ചിയത്തെ വീട്ടില്‍ അച്യുതാനന്ദന്‍ ചെന്നതും നീതിബോധമുള്ള വോട്ടര്‍മാരെ ഏറെ സ്വാധീനിച്ചെന്നതു സത്യമാണ്‌. എന്നുമാത്രമല്ല കൊലപാതക രാഷ്‌ട്രീയത്തിന്‌ അന്ത്യംകുറിക്കാന്‍ തന്നെയാണ്‌ തന്റെ തീരുമാനമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനവും കഴിഞ്ഞ ഒരുവര്‍ഷത്തെ അദ്ദേഹത്തിന്റെ ഭരണം നല്‍കിയിരിക്കുന്ന പ്രത്യാശയും വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടെന്നുള്ള കോണ്‍ഗ്രസിന്റെ അവകാശവാദവും ഞാന്‍ തള്ളിക്കളയുന്നില്ല.

സി.പി.എമ്മുകാര്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥിക്ക്‌ വോട്ട്‌ ചെയ്‌തുവെന്നത്‌ പലര്‍ക്കും അവിശ്വസനീയമായി തോന്നാം. പക്ഷേ, അല്ലാതെ അവര്‍ക്ക്‌ വേറെ മാര്‍ഗമില്ലായിരുന്നു. പാര്‍ട്ടി സ്‌ഥാനാര്‍ത്ഥിക്കു വോട്ടുചെയ്യാന്‍ മനഃസാക്ഷി സമ്മതിക്കാത്തതുകൊണ്ടു വോട്ട്‌ ചെയ്യാന്‍ പോകാതിരുന്നാല്‍ നേതൃത്വത്തിനോട്‌ കാരണം ബോധിപ്പിക്കേണ്ടി വരും. ഇപ്പോഴത്തെ ഇലക്‌ട്രോണിക്‌ വോട്ടിംഗ്‌ സമ്പ്രദായം അനുസരിച്ച്‌ വോട്ട്‌ അസാധുവാക്കാനും മാര്‍ഗമില്ല. അതാണ്‌ അസ്വസ്‌ഥരായ സി.പി.എമ്മുകാരുടെ ഗണ്യമായ വോട്ടുകള്‍ ബി.ജെ.പിക്ക്‌ നല്‍കാന്‍ കാരണമാക്കിയത്‌. അതുകൊണ്ടുതന്നെയാണ്‌ സി.പി.എം. ശക്‌തികേന്ദ്രങ്ങളില്‍ ബി.ജെ.പിക്ക്‌ വോട്ട്‌ ഗണ്യമായി വര്‍ധിച്ചത്‌. മറിച്ച്‌, മണ്ഡലത്തിലെ ജനങ്ങള്‍ മൊത്തത്തില്‍ ബി.ജെ.പിക്ക്‌ അനുകൂലമായി ചിന്തിച്ചിരുന്നെങ്കില്‍ 2011-ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്‌ വോട്ട്‌ കിട്ടിയ പല ബൂത്തിലും ഇത്തവണ കൂടുതല്‍ വോട്ട്‌ കിട്ടിയേനെ. അതുണ്ടായില്ലെന്നു മാത്രമല്ല, അങ്ങനെ പലയിടത്തും ഇത്തവണ വോട്ട്‌ കുറഞ്ഞു.

ഇതെല്ലാമാണെങ്കിലും സി.പി.എമ്മിന്റെയും ഇടതുപക്ഷ മുന്നണിയുടെയും അടിത്തറയ്‌ക്കു യാതൊരു ഇളക്കവും കേരളത്തില്‍ തട്ടിയിട്ടില്ലെന്ന അഭിപ്രായമാണെനിക്കുള്ളത്‌. ഇടതുമുന്നണിയുടെ പ്രത്യേകിച്ച്‌ സി.പി.എമ്മിന്റെ അടിത്തറ വലിയ ഇളക്കമില്ലാതെ നില്‍ക്കുന്നു എന്ന്‌ ഉപതെരഞ്ഞെടുപ്പ്‌ ഫലം തെളിയിക്കുന്നു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്‌ഥാനാര്‍ത്ഥി ഒ. രാജഗോപാലിന്‌ ലഭിച്ച 30109 വോട്ട്‌ അതാണ്‌ തെളിയിക്കുന്നത്‌. അതില്‍ ഗണ്യമായ വോട്ട്‌ സി.പി.എം. വോട്ടുകളാണ്‌. സി.പി.എമ്മിന്റെ ഇപ്പോഴത്തെ നേതൃത്വത്തോടും കൊലപാതക നയത്തോടും കഠിനമായ എതിര്‍പ്പുണ്ടെങ്കിലും കോണ്‍ഗ്രസിന്‌ വോട്ടുചെയ്യാന്‍ മടിയുള്ള ആയിരക്കണക്കിന്‌ സി.പി.എമ്മുകാരും അനുഭാവികളുമുണ്ട്‌. അവര്‍ രാജഗോപാലിനു വോട്ടുചെയ്‌താണ്‌ പാര്‍ട്ടി നേതൃത്വത്തോടുള്ള അമര്‍ഷം പ്രകടിപ്പിച്ചത്‌.

അതേസമയം സി.പി.എം. സ്‌ഥാനാര്‍ഥിക്കു കോണ്‍ഗ്രസുകാരുടെ കുറേ വോട്ടുകള്‍ കിട്ടിയിട്ടുണ്ടെന്നതു മറ്റൊരു യാഥാര്‍ഥ്യവുമാണ്‌. അതിനടിസ്‌ഥാനം കോണ്‍ഗ്രസിലെ പല നേതാക്കള്‍ക്കുമുള്ള അധികാരക്കൊതിയാണ്‌. കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയായി ശെല്‍വരാജ്‌ ജയിച്ചാല്‍ അദ്ദേഹം നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ സ്‌ഥാനമുറപ്പിക്കുമെന്നും അതോടെ അവിടെ സ്‌ഥാനാര്‍ഥിയാകാനുള്ള തങ്ങളുടെ സാധ്യത ഇല്ലാതാകുമെന്നുമുള്ള സ്വാര്‍ഥചിന്തയാണ്‌. അതുകൊണ്ട്‌ ആ നേതാക്കളും അനുയായികളുമെല്ലാം ശെല്‍വരാജ്‌ തോറ്റുകാണാന്‍ സി.പി.എം. സ്‌ഥാനാര്‍ഥിക്കു വോട്ടു ചെയ്‌തു. ഇക്കാര്യം നെയ്യാറ്റിന്‍കരയിലെ കോണ്‍ഗ്രസുകാര്‍ക്കറിയാം എന്നുമാത്രമല്ല രണ്ടു കോണ്‍ഗ്രസ്‌ മന്ത്രിമാര്‍ എന്നോടുതന്നെ പറഞ്ഞതുമാണ്‌.

സ്‌ഥാനാര്‍ഥികളായ പുതിയ തലമുറക്കാരുടെ ആദര്‍ശശൂന്യതയുടെ പശ്‌ചാത്തലത്തില്‍ നോക്കുമ്പോഴാണ്‌ ബി.ജെ.പി. നേതാവ്‌ ഒ. രാജഗോപാല്‍ കേരളത്തിലെ ആദരണീയനായ ഒരു നേതാവായി മാറുന്നത്‌. ഒരുകൊല്ലം മുന്‍പു നടന്ന തെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ആറായിരം വോട്ടുവാങ്ങി ബി.ജെ.പി. സ്‌ഥാനാര്‍ഥിയുടെ കെട്ടിവച്ച പണം നഷ്‌ടപ്പെടുകയുണ്ടായി.

അവിടെ ബി.ജെ.പി. സ്‌ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഒ. രാജഗോപാല്‍ ത്യാഗസന്നദ്ധത കാണിച്ചു എന്നതാണ്‌ അദ്ദേഹത്തിന്റെ വലിയ മഹത്വം. രണ്ടുതവണ കേന്ദ്ര മന്ത്രിയായിരുന്നിട്ടുള്ള രാജഗോപാലിന്‌ മത്സരത്തില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കാന്‍ എത്രയോ എളുപ്പം കഴിയുമായിരുന്നു. എന്തിന്‌ പ്രായാധിക്യം മാത്രം കാരണമായിപ്പറഞ്ഞാല്‍ മതിയായിരുന്നുവല്ലോ? പക്ഷേ തന്നെ വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിക്കുവേണ്ടി ഒരു വലിയ ത്യാഗത്തിനു സന്നദ്ധനാവുകയായിരുന്നു അദ്ദേഹം. അവിടെയാണു രാജഗോപാലിന്റെ പാര്‍ട്ടി പ്രതിബദ്ധത കേരളം കണ്ടത്‌. ഒരുപക്ഷേ ഈ ത്യാഗസന്നദ്ധത കമ്മ്യൂണിസ്‌റ്റ്പാര്‍ട്ടികളിലല്ലാതെ മറ്റെവിടെയാണു നമുക്കു കാണാന്‍ കഴിയുക. മന്ത്രിയോ എം.പിയോ ആയിട്ടുള്ള ഒരു കോണ്‍ഗ്രസ്‌ നേതാവ്‌ കേരളത്തില്‍ കെട്ടിവച്ച പണം നഷ്‌ടപ്പെട്ടു തീര്‍ച്ചയായും തോല്‍ക്കുന്ന ഒരു മണ്ഡലത്തില്‍ മത്സരത്തിനിറങ്ങുമോ?

പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം പറഞ്ഞാല്‍ അതിനെ എതിര്‍ക്കുന്നതുപോയിട്ട്‌ വിമര്‍ശിക്കാന്‍പോലും ധൈര്യം കാണിക്കുന്ന ഒരൊറ്റ കോണ്‍ഗ്രസ്‌ നേതാവ്‌ കേരളത്തിലുണ്ടോ? അതുകൊണ്ടാണല്ലോ ആറുതവണ ലോക്‌സഭാംഗവും 12 കൊല്ലം രാജ്യസഭാംഗവുമായിട്ടുളള പി.ജെ. കുര്യനെ വീണ്ടും രാജ്യസഭാ സ്‌ഥാനാര്‍ഥിയാക്കാന്‍ കെ.പി.സി.സി. നേതാക്കള്‍ ഏകകണ്‌ഠമായി തീരുമാനിച്ചത്‌. ഒരു സ്‌ഥാനവും പദവിയും കിട്ടാത്ത പ്രഗത്ഭരായ നേതാക്കള്‍ പലരും കേരളത്തിലുള്ളപ്പോഴാണ്‌ പി.ജെ. കുര്യനെ മൂന്നാം തവണയും രാജ്യസഭയിലേക്കയക്കാന്‍ കെ.പി.സി.സി. തീരുമാനിച്ചത്‌.

ചില ബന്ധുബലം കൊണ്ടു സോണിയാ ഗാന്ധിയെ സ്വാധീനിക്കാന്‍ കഴിയുന്നതുകൊണ്ടു മാത്രമാണു കുര്യന്‍ വീണ്ടും വീണ്ടും രാജ്യസഭാംഗമാകുന്നതെന്നു കെ.പി.സി.സി.യിലെ പല നേതാക്കളും രഹസ്യമായി സമ്മതിക്കുന്നു.

ആറുവര്‍ഷം മുമ്പു പ്രഫസര്‍ കുര്യനെ രണ്ടാം രാജ്യസഭാ സ്‌ഥാനാര്‍ഥിയാക്കിയപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസുകാരില്‍ മൗനമായിട്ടാണെങ്കിലും വലിയ എതിര്‍പ്പുണ്ടായതാണ്‌. അതേക്കുറിച്ചുള്ള പംക്‌തിയില്‍ അന്നു ഞാന്‍ എഴുതിയപ്പോള്‍ കുര്യന്റെ അനുയായിയെന്ന നിലയില്‍ മംഗളത്തില്‍ത്തന്നെ ഒരു കോണ്‍ഗ്രസുകാരന്‍ എഴുതിയത്‌ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം കണക്കിലെടുത്തു കേന്ദ്രമന്ത്രിയാക്കാനാണു കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭയിലേക്കെടുപ്പിച്ചതെന്നാണ്‌. എന്നിട്ട്‌ ആറുകൊല്ലം കഴിഞ്ഞിട്ടും അദ്ദേഹം കേന്ദ്രമന്ത്രിയാകുന്നതു കേരളം കണ്ടില്ല. കേരളത്തില്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയാകാനുള്ള യോഗ്യത ജനപിന്തുണയല്ല മറിച്ചു ഡല്‍ഹിയിലുള്ള സ്വാധീനമാണെന്ന്‌ ആര്‍ക്കാണ്‌ അറിയാത്തത്‌?

Tuesday, June 19, 2012

കല്‍പന ചീത്തയെന്നു പറഞ്ഞാല്‍ ഞാന്‍ എതിര്‍ക്കും


അനില്‍ കല്‍പനയെ ഉപേക്ഷിച്ച്‌ വീണ്ടും വിവാഹിതനാകാന്‍പോകുന്നു. സഹോദരിയുടെ സുഹൃത്താണു വധു. അടുത്തിടെ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണിത്‌. ഈ വാര്‍ത്ത അദ്ദേഹത്തെ ഏറെ പ്രകോപിതനാക്കി. തന്റെ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പുറത്താരും അറിയരുതെന്ന്‌ ആഗ്രഹിക്കുന്ന ആളാണ്‌ അനില്‍. അതുകൊണ്ടുതന്നെ കുടുംബപ്രശ്‌നങ്ങള്‍ ചോദിച്ച മാധ്യമങ്ങള്‍ക്കുനേരേ മുഖംതിരിച്ചു നില്‍ക്കുകയായിരുന്നു. ഇതാദ്യമായി തനിക്കും കല്‍പനയ്‌ക്കുമിടയില്‍ എന്നാണ്‌ സംഭവിച്ചതെന്ന്‌ മംഗളംവാരികയ്‌ക്കു മുന്നില്‍ മനസു തുറക്കുകയാണ്‌ അനില്‍.

? പതിനാറുവര്‍ഷത്തെ സന്തോഷകരമായ കുടുംബജീവിതം വേര്‍പിരിയലിന്റെ വക്കിലെത്താന്‍മാത്രം എന്തു പ്രശ്‌നമാണ്‌ നിങ്ങള്‍ക്കിടയില്‍ ഉണ്ടായത്‌. 

ആലപ്പുഴയില്‍ ഒരുള്‍നാട്ടിലാണ്‌ ഞാന്‍ ജനിച്ചത്‌. സാമ്പത്തികമായി വളരെ താണ കുടുംബം. സിനിമയോടുള്ള ആവേശവും എന്റെ കഴിവും മാത്രമാണ്‌ എന്നെ നിലയിലെത്തിച്ചത്‌. അങ്ങനെ ഏതോ ഒരു ഘട്ടത്തിലാണു കല്‍പന എന്റെ ജീവിതത്തിലേക്കെത്തിയത്‌.

ഡിവോഴ്‌സിനെ ഞാനും എന്റെ കുടുംബവും ഭയപ്പെട്ടിരുന്നില്ല. എങ്കില്‍ ഇതൊക്കെ എന്നേ സംഭവിച്ചേനെ. കല്യാണംകഴിഞ്ഞ്‌ നാലുമാസത്തിനുള്ളില്‍ ഞങ്ങള്‍ പിരിഞ്ഞേനെ. മോള്‍ ശ്രീമയിയെയും എന്നില്‍നിന്നു മാറ്റുന്നെന്നു തോന്നിയപ്പോഴാണ്‌ പിരിയുന്നതിനെക്കുറിച്ച്‌ ഞാന്‍ ആദ്യമായി ചിന്തിക്കുന്നത്‌.

? മോളെ എങ്ങനെ താങ്കളില്‍നിന്ന്‌ അകറ്റിയെന്നാണു പറയുന്നത്‌.

മോളെ എവിടെ നിര്‍ത്തണം എന്ന പ്രശ്‌നംവന്നപ്പോള്‍ കല്‍പന മോളെ അവരുടെ വീട്ടിലേക്കു കൊണ്ടുപോയി. കുട്ടി അച്‌ഛന്റെ ഒപ്പമാണു നില്‍ക്കേണ്ടതെന്നു ഞാന്‍ പറഞ്ഞു. അതിനവള്‍ പറഞ്ഞത്‌ അവരുടെ വീട്ടില്‍ അമ്മയുണ്ടെന്നാണ്‌. എന്റെ വീട്ടില്‍ അച്‌ഛനും പ്രായമായ അമ്മയും മാത്രമാണുള്ളത്‌. പിന്നെ ഞാനതു സമ്മതിച്ചുകൊടുത്തു. അതാണു എനിക്കു പറ്റിയ ഏറ്റവും വലിയ മണ്ടത്തരം.

? ഇതുമാത്രമാണോ താങ്കളെ പിരിയാന്‍ പ്രേരിപ്പിച്ച ഘടകം.

മാനസികമായി എന്നെ വേദനിപ്പിക്കുന്ന പെരുമാറ്റം പലപ്പോഴായി കല്‍പനയുടെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടുണ്ട്‌. സഹിക്കാന്‍ വയ്യാത്ത അവസ്‌ഥയിലാണു ഞാന്‍ പൊട്ടിത്തെറിച്ചത്‌. രണ്ടുവര്‍ഷം മുമ്പ്‌ പടവും പണവുമില്ലാതെ ഞാന്‍ വീട്ടിലിരുന്ന സമയമുണ്ട്‌. ഈ സമയം കല്‍പനയുടെ കുടുംബം എറണാകുളത്തേക്കു മാറിയിരുന്നു. കല്‍പനയ്‌ക്കു ധാരാളം സിനിമയുണ്ട്‌. ഞാന്‍ പലപ്പോഴും വീട്ടില്‍ വെറുതെ ഇരിക്കുകയാവും. ആ വാതില്‍ക്കല്‍കൂടി പോയാലും അവള്‍ എന്നെ കാണാന്‍ കയറില്ല. നേരേ തൃപ്പൂണിത്തുറയുള്ള അവളുടെ വീട്ടിലേക്കേ പോകൂ. എന്താ കയറാത്തത്‌ എന്നുചോദിച്ചാല്‍ 'മോളും അമ്മയും എന്നെ കാണാതെ വിഷമിക്കും' എന്നാവും മറുപടി.

ഇതെന്നെ ഒരുപാടു വേദനിപ്പിച്ച സംഭവമാണ്‌. പൈസ ഇല്ലാതെവരുമ്പോഴത്തെ അവസ്‌ഥ ഞാനറിഞ്ഞു.

? ബാംഗ്ലൂരുള്ള ഒരു സ്‌ത്രീയുമായി താങ്കള്‍ക്ക്‌ അടുപ്പമുണ്ടെന്നു കേള്‍ക്കുന്നല്ലോ. അതാണു പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും. 

പടമില്ലാതിരുന്ന സമയം ഞാന്‍ ബയോടെക്‌നോളജിയിലേക്കു തിരിഞ്ഞു. അത്‌ ഒരു വിജയവുമായിരുന്നു. അപ്പോഴാണ്‌ അബദ്ധത്തില്‍ അവിടൊരു സ്‌ത്രീ വന്നുപെട്ടത്‌. അതിന്റെ പേരിലായി പിന്നെ കല്‍പനയുടെ വഴക്ക്‌. അതു പിന്നെ മാധ്യമങ്ങളിലും ചര്‍ച്ചയായി. ഞാന്‍ ഒരിക്കലും എന്നെക്കുറിച്ച്‌ കുപ്രചാരണം നടത്തില്ലല്ലോ. ഞാനും കല്‍പനയും മാത്രം അറിയുന്ന പലതും പുറത്തറിയുന്നുണ്ട്‌. കല്‍പന പറയുന്നത്‌ അവള്‍ പറയുന്നില്ലെന്നാണ്‌.

? കല്‍പനയുടെ സംശയരോഗമാണ്‌ ഇതിനൊക്കെ പിന്നിലെന്നാണോ പറയുന്നത്‌. 

അവരെ പഴിചാരാന്‍ പറയുന്നതല്ല. രണ്ടുപ്രാവശ്യം അടുപ്പിച്ചൊരു സ്‌ത്രീ ഫോണിലെന്നെ വിളിച്ചാല്‍ അതു പ്രശ്‌നമാവും. ഞാനെന്റെ കൂട്ടുകാരുടെ ഭാര്യമാരുമായി അരുതാത്ത ബന്ധമുണ്ടെന്നാണവള്‍ പറയുന്നത്‌. ഇതൊക്കെ പൊസസീവ്‌നെസ്‌ കൊണ്ടാണെന്നാണ്‌

ഞാന്‍ കരുതിയത്‌. അതുകൊണ്ടാണ്‌ ഒരു നടിയെയും അടുപ്പിച്ച്‌ എന്റെ സിനിമയിലേക്കു വിളിക്കാത്തത്‌.

? അനില്‍ നല്ല വ്യക്‌തിയാണെന്ന കല്‍പനയുടെ അഭിപ്രായമാണ്‌ വിവാഹത്തിനുവരെ കാരണം. പിന്നെ കല്‍പന മാറ്റിച്ചിന്തിക്കാന്‍ കാരണം. 

അതെനിക്കറിയില്ല. കല്‍പനയെക്കുറിച്ച്‌ എനിക്കങ്ങനെ തോന്നുന്നില്ലല്ലോ. കല്‍പനയെ ഏറ്റവും കൂടുതല്‍ വിളിക്കുന്നതു പുരുഷന്മാരാണ്‌. അവരു വിളിക്കുന്നത്‌ അവരുതമ്മില്‍ എന്തേലും ഉണ്ടായിട്ടാണെന്ന്‌ എനിക്കു തോന്നിയിട്ടില്ല. പിന്നെന്താണു തിരിച്ചിങ്ങനെ തോന്നുന്നതെന്ന്‌ എനിക്കു മനസിലാവുന്നില്ല. പിന്നെ എനിക്കു തോന്നുന്നത്‌ ആദ്യകാല നടിമാര്‍ മുതല്‍ അര്‍ഹിക്കാത്ത പോപ്പുലാരിറ്റി നേടിക്കഴിയുമ്പോള്‍ മൂന്നാലുപേരെ മാത്രം ആശ്രയിച്ചാവും ജീവിതം. അവര്‍ക്കു ലോകപരിചയം കുറവായിരിക്കും. ഭര്‍ത്താക്കന്മാര്‍ പറ്റിച്ചു എന്നുപറയുന്നവരാണിവര്‍. ഇവര്‍ക്കു നൂറായിരം പേരുമായി ബന്ധങ്ങളും കാണും. പൊട്ടക്കുളത്തിലെ തവളയെപ്പോലെയാണവര്‍. വലിയ ആളാന്നൊരു ഭാവം. ആ ഒരു ഈഗോയിലാണ്‌ കല്‍പനയും.

? കല്‍പനയുടെ ഈഗോയാണ്‌ പ്രശ്‌നങ്ങള്‍ കാരണമെന്നാണോ. 

കല്‍പനയ്‌ക്കു 12 വയസുള്ളപ്പോഴാണ്‌ അവളുടെ അച്‌ഛന്‍ മരിച്ചത്‌. അമ്മയാണവരെ വളര്‍ത്തിയത്‌. അമ്മയ്‌ക്കൊരു ഈഗോ കാണും. ഞാനല്ലെ ഇവളെ വളര്‍ത്തിയത്‌. പിന്നെ ഇവനെന്ത്‌ അവകാശമെന്ന്‌. ആ ഈഗോ അവര്‍ക്കെല്ലാം ഉള്ളതാണ്‌. അതു മുഴുവന്‍ ഡിവോഴ്‌സ്ഡ്‌ കുടുംബമാണ്‌. അവരുടെ സാംസ്‌കാരമാവാമത്‌. ഞങ്ങള്‍ടെ നാട്ടിലെ രീതി അതല്ല. എന്റമ്മയൊന്നും അധികം പഠിച്ചിട്ടില്ല. അച്‌ഛന്റെ വരുതിക്കേ നില്‍ക്കൂ. ഈ രണ്ടു സംസ്‌കാരങ്ങളും തമ്മില്‍ ചേരുന്നില്ലായിരിക്കാം. കല്‍പനയ്‌ക്ക് എന്റമ്മ 12 മണിക്ക്‌ ചായ കൊണ്ടുക്കൊടുത്താലേ എഴുന്നേല്‍ക്കൂ. എങ്കിലും അവര്‍തമ്മില്‍ ഒരു കുഴപ്പവും ഇല്ലായിരുന്നു. ഞാന്‍ പരമാവധി ക്ഷമിച്ചു. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ പ്രതികരിച്ചുതുടങ്ങി. അതാണവളെ ചൊടിപ്പിച്ചത്‌. ആദ്യകാലത്തു കല്‍പനയേക്കാള്‍ തിരക്കായിരുന്നു എനിക്ക്‌. പിന്നീട്‌ എനിക്കു പടം ഇല്ലാതായസമയത്ത്‌ ഞാന്‍ മാനസികമായി തളര്‍ന്നു. അപ്പോള്‍ കല്‍പന മോളുടെ കാര്യത്തില്‍ എടുത്ത തീരുമാനം എനിക്ക്‌ അംഗീകരിക്കാന്‍ പറ്റുന്നതുമായിരുന്നില്ല. അവിടെയാണ്‌ ആദ്യമായി എന്നില്‍നിന്ന്‌ പ്രതികരണം തുടങ്ങിയത്‌.

? കല്‍പനയ്‌ക്കു സ്വഭാവദൂഷ്യം ഉള്ളതായി തോന്നിയിട്ടുണ്ടോ.

എനിക്കു തോന്നിയിട്ടില്ല കല്‍പന അങ്ങനെയൊരാളാണെന്ന്‌. ആരേലും പറഞ്ഞാലും തോന്നില്ല. നമ്മള്‍ ജീവിക്കുന്ന സമൂഹത്തില്‍ പലരോട്‌ ഇടപെടേണ്ടിവരും. അതു മോശമായ ബന്ധങ്ങളല്ലല്ലോ. അങ്ങനെ തോന്നണ്ട കാര്യവുമില്ല. അങ്ങനെ തോന്നുന്നത്‌ ഇടുങ്ങിയ മനസ്‌ഥിതിയായതുകൊണ്ടാണ്‌. ജീവിച്ചുവരുന്ന സാഹചര്യംപോലിരിക്കും ചിന്തയും. കല്‍പനയൊക്കെ വളര്‍ന്നതു കോടമ്പക്കത്താണ്‌. സൗത്ത്‌ ഇന്ത്യയിലെ ഏറ്റവും മോശം സംസ്‌കാരം ഉള്ളയിടം. അവരുടെ സ്വഭാവത്തിലും അതുണ്ട്‌. ഞാന്‍ ചോദിക്കുന്നത്‌ എന്റെ കുഴപ്പം മാത്രമാണെങ്കില്‍ കലാരഞ്‌ജിനിയും ഉര്‍വശിയും എന്തിനു ഡിവോഴ്‌സ് ചെയ്‌തു. അവര്‍ ഇപ്പോള്‍ എങ്ങനെയാണ്‌. ആരുടെ കൂടെയാണ്‌ ജീവിക്കുന്നത്‌. അവരുടെ ആങ്ങള എങ്ങനെയാണ്‌ ജീവിക്കുന്നത്‌. അവന്‌ എത്ര ഭാര്യമാരുണ്ട്‌. നിങ്ങള്‍ അതുകൂടി അന്വേഷിക്കണം.

? ഇത്രയും നാള്‍ ഇതിനോടൊന്നും പ്രതികരിക്കാതിരുന്നതെന്താണ്‌.

എന്റെ സ്വകാര്യപ്രശ്‌നങ്ങള്‍ ആരും അറിയരുതെന്ന ആഗ്രഹം. എനിക്കു വിഷമങ്ങള്‍ പറഞ്ഞു ഫലിപ്പിക്കാനറിയില്ല. എഴുതിത്തരാം. ഞാനാദ്യമായാണ്‌ ഇങ്ങനെ തുറന്നു സംസാരിക്കുന്നത്‌. എന്നാല്‍ കല്‍പനയ്‌ക്കു നന്നായി പറഞ്ഞു ഫലിപ്പിക്കാനാവും. അവരൊരു നടിയാണ്‌. ഭാര്യയ്‌ക്കും ഭര്‍ത്താവിനും വേണ്ട ഐക്യം ഉണ്ടാക്കാന്‍ ഒരിക്കല്‍പോലും അവള്‍ ശ്രമിച്ചിട്ടില്ല. അവളുടെ അമ്മയെ ആണ്‌ എന്തിനും ആശ്രയിക്കുക. എനിക്കൊരു ചായ കല്‍പന ഉണ്ടാക്കിത്തന്നതായി ഓര്‍മ്മയില്ല. എന്നാല്‍ അവള്‍ക്ക്‌ എല്ലാക്കാര്യത്തിലും ഞാന്‍ പിന്തുണ നല്‍കിയിട്ടുണ്ട്‌. അവളുടെ ഒരു പുസ്‌തകം എന്റെ സുഹൃത്തിനെക്കൊണ്ട്‌ എഴുതിച്ചുകൊടുത്തു. തിരിച്ചു പിന്തുണ കിട്ടിയില്ലെങ്കിലും കുറ്റപ്പെടുത്താതിരുന്നുകൂടെ. ചിലപ്പോള്‍ എനിക്കു മരിക്കാന്‍ തോന്നിയിട്ടുണ്ട്‌. പിന്നെ ഓര്‍ക്കും ഞാനെന്തിനാ മരിക്കുന്നത്‌.

എനിക്കു ഭയങ്കരമായി ഫീല്‍ചെയ്‌ത ഒരു കാര്യമുണ്ട്‌. കഴുത്തിനു ചെറിയൊരു പ്രശ്‌നമുണ്ടായി ആശുപത്രിയില്‍ ആറുദിവസം കഴിയേണ്ടിവന്നു. കട്ടിലില്‍ അനങ്ങാതെ കിടക്കണം. മുകളിലേക്കു നോക്കി ആറുദിവസം. ഒരിക്കല്‍പോലും കല്‍പന എന്നെ കാണാന്‍ വന്നിട്ടില്ല. ഇപ്പോഴും അതുപറയുമ്പോള്‍ എനിക്കു കരച്ചില്‍ വരും. എന്നെ അങ്ങനെ കാണാന്‍ വയ്യാത്തകൊണ്ടാണെന്നാണു പറഞ്ഞത്‌. അന്ന്‌ എനിക്കു കൂട്ട്‌ എന്റെ സുഹൃത്തുക്കള്‍ മാത്രമായിരുന്നു.

? മോള്‍ക്കുവേണ്ടി യോജിച്ചുപോകാന്‍ ശ്രമിച്ചില്ലേ.

മോള്‍ക്കുവേണ്ടി യോജിക്കുക എന്നുപറയുന്നത്‌ കള്ളത്തരമല്ലേ. കുട്ടി എത്രനാള്‍ കൂടെ ഉണ്ടാവും. 14 വയസുവരെയാണ്‌ ഇന്നത്തെക്കാലത്ത്‌ ഒരു കുട്ടി അച്‌ഛനും അമ്മയ്‌ക്കുമൊപ്പം ജീവിക്കുക. എന്റെ മോള്‍ക്കിപ്പം 13 വയസായി. ഒരുവര്‍ഷത്തിനുവേണ്ടി ഞാനെന്തിനു ത്യാഗം സഹിക്കണം. ഞാനെങ്ങനെയാണിനി കല്‍പനയുടെ മുഖത്തു നോക്കുന്നത്‌. എന്നെക്കുറിച്ച്‌ എത്ര മോശമായാണവര്‍ പറഞ്ഞിരിക്കുന്നത്‌. എന്റെ ജീവിതത്തില്‍ ഞാനേറ്റവും ഭയപ്പെടുന്നത്‌ എയര്‍പോര്‍ട്ടും കോര്‍ട്ടുമാണ്‌. ഇവിടെ കല്‍പനയെ ഏതുനിമിഷവും പ്രതീക്ഷിക്കാം. അത്രയും പേടി എനിക്കു മരണത്തോടുപോലുമില്ല.

? മോളുമായിട്ടുള്ള ബന്ധം എങ്ങനെയാണ്‌. കാണാന്‍ പോവാറുണ്ടോ.

മോളെ ഞാന്‍ കണ്ടിട്ട്‌ ഒന്നര വര്‍ഷമായി. എന്റെ സഹോദരി യു.എസില്‍നിന്നു വന്നപ്പോള്‍ മോള്‍ വന്നിരുന്നു. ഇടയ്‌ക്കു വിളിക്കാം എന്നുപറഞ്ഞു. എങ്കിലും വിളിക്കാറില്ല. മോള്‍ എപ്പോഴും ഓണ്‍ലൈനിലാണ്‌. നെറ്റിലിരുത്തരുതെന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്‌. കല്‍പനയ്‌ക്കും അമ്മയ്‌ക്കും അറിയില്ല അതിന്റെ ഭവിഷ്യത്ത്‌. ഒരിക്കല്‍ രാത്രി ഒരുമണിക്ക്‌ അവളെ ഓണ്‍ലൈനില്‍ കണ്ടു. ഈസമയം എന്തിനാണ്‌ ഇവിടെയിരിക്കുന്നതെന്നു മോളോടു ചോദിച്ചു. അതവള്‍ക്ക്‌ ഇഷ്‌ടപ്പെട്ടില്ല. അതില്‍പ്പിന്നെ എന്നോടു ചാറ്റുചെയ്യില്ല. 'ഹായ്‌' കൊടുത്താല്‍ മിണ്ടാത്ത കുട്ടിയാണ്‌ എന്റെ കൈയിലുള്ളത്‌.

ചിലസമയം എനിക്കു ദു:ഖം തോന്നാറുണ്ട്‌. ഒരാള്‍ അയാളുടെ കുട്ടിയുമായി ഇരിക്കുന്നതു കാണുമ്പോള്‍, എന്റെ 'ഹായ്‌'ക്കു വരാത്തപ്പോള്‍... എന്നെ മോള്‍ 'ചേട്ടാ'ന്നാണു വിളിക്കുന്നത്‌. പലരും പറഞ്ഞതാണ്‌ അതു മാറ്റണമെന്ന്‌. അങ്ങനെയല്ല വിളിപ്പിക്കേണ്ടിയിരുന്നതെന്ന്‌ ഇപ്പോള്‍ തോന്നുന്നു. പിന്നെ എനിക്കറിയാം അവള്‍ക്ക്‌ തിരിച്ചറിവാകുമ്പോള്‍ ഏറ്റവും കൂടുതല്‍ വെറുക്കാന്‍പോകുന്നത്‌ അവളുടെ അമ്മയെയായിരിക്കുമെന്ന്‌.

? മോളെ കിട്ടാന്‍ കേസ്‌ കൊടുത്തിട്ടുണ്ടോ.

ഉണ്ട്‌. അതു മോശമാണെന്നെനിക്കറിയാം. അവള്‍ക്ക്‌ ഇഷ്‌ടമുള്ളവരുടെ കൂടെ അവള്‍ പോകും. എന്നോടവള്‍ മോശമായി സംസാരിക്കാറുണ്ട്‌. അവരു പഠിപ്പിക്കുന്നതാവാം. കുട്ടിയുടെ ഭാഷയല്ല. മോളു നില്‍ക്കുന്നത്‌ ഏതുനിമിഷവും പ്രശ്‌നങ്ങള്‍ ഉണ്ടാകാവുന്ന ഒരു സുനാമി ഏരിയയിലാണ്‌. അവള്‍ കണ്ടുവളരുന്നതും നല്ല ജീവിതങ്ങളല്ല. അതാണെന്റെ ഏറ്റവും വലിയ പേടിയും. അവരുടെ കുടുംബപ്രശ്‌നങ്ങള്‍ അവരൊക്കെത്തന്നെ ഉണ്ടാക്കിയിരിക്കുന്നതാണ്‌. മനോജ്‌ മോശം ആളാണെന്ന്‌ എനിക്കു തോന്നിയിട്ടില്ല. ഞാന്‍ വൈകുന്നേരങ്ങളില്‍ മദ്യപിക്കാറുണ്ട്‌. മനോജ്‌ അതുപോലും ചെയ്യാറില്ല. സ്‌ത്രീവിഷയങ്ങളുമില്ല. പിന്നെന്താണു സംഭവിച്ചതെന്ന്‌ എനിക്കറിയില്ല.

? മോളെ ഫോണ്‍വിളിക്കാറില്ലേ.

എനിക്കു പേടിയാണ്‌ വിളിക്കാന്‍. എന്റെ ഏതെങ്കിലും കോള്‍ പോയാല്‍ അവര്‍ പുതിയ കേസ്‌ കൊടുക്കും. ഞാന്‍ മോളെ ഹരാസ്‌ചെയ്യുന്നെന്നാണ്‌ കേസ്‌. മോളു കുട്ടിയല്ലേ. അവള്‍ക്കാണെങ്കിലും അവര്‍ പറയുന്നതല്ലേ അറിയൂ. അവര്‍ പറയുന്നതേ കേള്‍ക്കൂ. എന്റെ സഹോദരിയോട്‌ മോള്‍ ചാറ്റുചെയ്യും. കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ അവള്‍ നിര്‍ത്തിപ്പോകും. മോള്‍ടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു യു.എസില്‍ പോയി പഠിക്കണമെന്നത്‌. എല്ലാം റെഡിയായിരുന്നു. ഒരുമാസംകൂടി കഴിഞ്ഞിരുന്നെങ്കില്‍ ഞാനെന്റെ കുട്ടിയെ കടത്തിയേനെ. ഇപ്പോള്‍ കേസിലായി. എനിക്കുതന്നെ കാണാന്‍ പറ്റുന്നില്ല. ഞാനവള്‍ക്കു ശത്രുവാണ്‌. വേറൊരു പെണ്ണിന്റെ കൂടെപ്പോയ അച്‌ഛന്‍ എന്ന തരത്തിലായി.

? ഡിവോഴ്‌സ് ആയിക്കഴിഞ്ഞ്‌ മറ്റൊരു വിവാഹം ഉണ്ടാകുമോ.

ഡിവോഴ്‌സായിക്കഴിഞ്ഞു വിവാഹം കഴിക്കുന്നില്ല. കല്യാണംകഴിക്കുന്നതിനോട്‌ താല്‍പര്യമില്ല. ഇനി ഒന്നൂടെ എടുത്തു എന്തിനാ തലയില്‍വയ്‌ക്കുന്നത്‌.



Monday, June 18, 2012

സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ച് ആദിവാസി യുവാവ് ജീവനൊടുക്കി


ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ച് ആദിവാസി യുവാവ് ജീവനൊടുക്കി. മൊതക്കര നാരോക്കടവ് പരേതനായ കാരപ്പാളി അച്ചപ്പന്റെ മകന്‍ സുഗതനെയാണ് (30) ഞായറാഴ്ച രാവിലെ വീട്ടുവളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രീഡിഗ്രി വരെ പഠിച്ച സുഗതന്‍ ഏറെ നാളായി ജോലിക്കു വേണ്ടിയുള്ള പരിശ്രമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പി.എസ്.സി. പരീക്ഷകളില്‍ ലിസ്റ്റില്‍ വന്നെങ്കിലും ജോലി ലഭിച്ചിരുന്നില്ല. കുറിച്യ സമുദായത്തിലെ കുടുംബത്തില്‍പ്പെട്ട സുഗതന്റെ മറ്റ് സഹോദരങ്ങള്‍ വിവിധ ജോലിയെടുക്കുന്നവരാണ്.

കളക്ടറേറ്റില്‍ എ.ഡി.എമ്മിന്റെ വാഹനത്തില്‍ മൂന്ന് വര്‍ഷത്തോളം ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്നു. പിന്നീട് മാനന്തവാടി താലൂക്കിലെ റവന്യൂ വാഹനത്തിലും ഡ്രൈവറായി. ഇവിടെയും അവസരം നഷ്ടമായതോടെ ഒരു വര്‍ഷത്തോളമായി വീട്ടില്‍ കൃഷിപ്പണിയിലായിരുന്നു.

ഞായറാഴ്ച കാലത്താണ് സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും വീട്ടുമുറ്റത്ത് കൂട്ടിയിട്ട് കത്തിച്ച നിലയില്‍ കാണപ്പെട്ടത്. പിന്നീട് നടത്തിയ തിരച്ചിലില്‍ ബന്ധുക്കളാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ 10-ന് വീട്ടുവളപ്പില്‍ നടക്കും.

അതെ, കമ്മ്യൂണിസം ഇവിടെയും അഴുകുകയാണ്‌


നമ്മുടെ കണ്മുനമ്പില്‍ ഇപ്പോള്‍ ജീര്ണികച്ചുകൊണ്ടിരിക്കുകയാണ്‌ സി പി ഐ എം എന്ന രാഷ്‌ട്രീയപ്രസ്ഥാനം. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക വളര്ച്ച യില്‍ കമ്മ്യൂണിസ്റ്റ്‌ പാര്ട്ടി കള്ക്കുെള്ള പങ്ക്‌ തള്ളിക്കളയാനാകില്ല. ജാതിയുടെയും വര്ണ്ത്തിന്റെയും സമ്പത്തിന്റെയും അധികാരത്തിന്റെയും പേരില്‍ സഹജീവികളെ മനുഷ്യരായിപ്പോലും പരിഗണിക്കാതിരുന്ന കാലം കേരളത്തിന്‌ ഏറെ പഴക്കമൊന്നുമില്ല.
അധഃസ്ഥിതരുടെയും തൊഴിലാളികളുടെയും സ്‌ത്രീകളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തിയതിലും പുഴുവിനെപ്പോലെ കഴിഞ്ഞിരിന്ന പലേ മനുഷ്യവിഭാഗത്തിനും തലപൊക്കി നടക്കാന്‍ അവസരമൊരുക്കിയതിലും പ്രധാന പങ്ക്‌ വഹിച്ചത് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനമാണ്‌. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ തങ്ങളുടെ സ്വര്ഗംണ തേടി ഈ പ്രസ്ഥാനത്തിലേക്ക്‌ ഒഴുകുകയായിരുന്നു. ഇപ്പോഴും കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്ട്ടി കളുടെ അടിത്തറ ശക്തമാക്കുന്നത്‌ സമൂഹത്തില്‍ പീഡനമനുഭവിച്ച ജനവിഭാഗങ്ങളുടെ പിന്തെലമുറ തന്നെയാണ്‌.

അധികാരം വരേണ്യവര്ഗ്ത്തിന്റേത്‌ മാത്രമല്ലെന്ന്‌ ഉദ്‌ഘോഷിച്ചുകൊണ്ട്‌ ലോകമെങ്ങും കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ തീപോലെ പടര്ന്നുഹപിടിക്കുകയും യൂറോപ്പിലും ഏഷ്യയിലും തെക്കേ അമേരിക്കയിലും വിജയങ്ങള്‍ നേടിയെടുക്കുകയും ചെയ്‌തതിന്‌ തുടര്ച്ച യായാണ്‌ ഇന്ത്യയിലും കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ വേരുപിടിക്കുന്നത്‌. ദേശീയപ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും അലയൊലികള്‍ ഇന്ത്യയില്‍ ശക്തമായതിനാല്‍ ലോകത്തിന്റെ ഇതരഭാഗങ്ങളിലേതുപോലെ ഇവിടെ കമ്മ്യൂണിസം വ്യാപകമായൊരു ചലനം സൃഷ്‌ടിച്ചില്ല. എങ്കിലും ഫ്യൂഡലിസത്തിന്റെയും നാടുവാഴ്‌ചയുടെയും ജാതീയതയുടെയും കരാളഹസ്‌തങ്ങളില്‍ കിടന്ന്‌ പിടഞ്ഞ ജനലക്ഷങ്ങളെ ജീവിതത്തിന്റെ പുതുവഴിയിലൂടെ നടത്താന്‍ കമ്മ്യൂണിസത്തിനായി. തെക്കേ ഇന്ത്യയിലും ബംഗാള്‍ അടക്കമുള്ള പൂര്വ്വതദേശത്തും കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ പച്ചപിടിച്ചു. കേരളം, ബംഗാള്‍ തുടങ്ങിയ ഇടങ്ങളില്‍ അധികാരം നേടി. ഇതിനിടെ പാര്ട്ടി പിളര്ന്ന്്‌ പല കഷണങ്ങളായി. ഇതില്‍ സി പി ഐ എം എന്ന പാര്ട്ടി ശക്തിപ്രാപിച്ചു.
അധികാരത്തിന്റെ ആദ്യഘട്ടത്തില്‍ പാര്ട്ടി യുടെ പ്രഖ്യാപിത ആശയങ്ങള്‍ നടപ്പിലാക്കാന്‍ കമ്മ്യൂണിസ്റ്റ്‌ പാര്ട്ടി നേതൃത്വം കൊടുത്ത സര്ക്കാ രുകള്‍ പരിശ്രമിച്ചിരുന്നു. അടിസ്ഥാന ജനവിഭാഗങ്ങളുടെ ഇന്നമനം ലക്ഷ്യമിട്ട്‌ ഭൂപരിഷ്‌കരണം ഉള്പ്പെ ടെയുള്ളവ നടപ്പാക്കി. വിദ്യാഭ്യാസവും തൊഴിലും സാധാരണക്കാരനും പ്രാപ്യമാക്കി. ആളുകളുടെ ചിന്തയില്‍ തന്നെ വന്‍ മാറ്റങ്ങളുണ്ടായി. ഇതിന്റെ ഗുണഫലങ്ങള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ കാണുന്നുണ്ട്‌.
എന്നാല്‍ കാലം വിപ്ലവ പ്രസ്ഥാനങ്ങളെയും വാര്ദ്ധ ക്യത്തിലെത്തിച്ചതിന്റെ ലക്ഷണങ്ങള്‍ സോവിയറ്റ്‌ റഷ്യയിലും കിഴക്കന്‍ യൂറോപ്പിലും ഒക്കെ കണ്ടുതുടങ്ങിയ കാലത്ത്‌ തന്നെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പാര്ട്ടി കളിലും ജീര്ണെതയുടെ തുടക്കങ്ങള്‍ കണ്ടു. ആശയസംഘട്ടനങ്ങള്‍ കമ്മൂണിസത്തെയും പിളര്പ്പി ല്‍ നിന്ന്‌ പിളര്പ്പി ലേക്ക്‌ കൊണ്ടുപോയി. പാര്ട്ടി ക്ക്‌ വീര്യം പോരെന്ന്‌ തോന്നിയവര്‍ തീവ്രഇടതുപക്ഷമുണ്ടാക്കി. ശക്തവും സ്വാധീനവും കൂടുതലുള്ളവര്‍ കൂടുതല്‍ മോശപ്പെട്ടു. അധികാരവും സമ്പത്തും സുഖസൗകര്യങ്ങളും പാര്ട്ടി യെയും പാര്ട്ടിട നേതൃത്വത്തെയും അതിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളില്‍ നിന്നും ദൂരെദൂരെയകറ്റി.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പാര്ട്ടി കളില്‍ ഏറ്റവും ശക്തിയും സ്വീധീനവുമുള്ള സി പി ഐ എം അഴുകിത്തുടങ്ങിയിരിക്കുകയാണ്‌. അധികാരവും സ്വാധീനവും ഈ പ്രസ്ഥാനത്തിന്റെയും തകര്ച്ചായെ ആക്കം കൂട്ടുകയാണ്‌. ഈ ചീഞ്ഞഴുകലിന്റെ നാറ്റമാണ്‌ കൊലവിളികളുടെയും അഴിമതികളുടെയും പീഡനങ്ങളുടെയും രൂപത്തില്‍ നാം കേട്ടുകൊണ്ടിരിക്കുന്നത്‌. പാര്ട്ടി മറ്റേതൊരു കോര്പ്പഞറേറ്റ്‌ സ്ഥാപനങ്ങളെയും അസൂയപ്പെടുത്തും വിധം സാമ്പത്തികാടിത്തറ ഉണ്ടാക്കുകയും സ്ഥാപനവത്‌ക്കരിക്കപ്പെടുകയും ചെയ്‌തു.
പരിപ്പുവടയും കട്ടന്‍ ചായയും കഴിച്ച്‌ പാര്ട്ടി വളര്ത്തി യവരുടെ പിന്തസലമുറ നക്ഷത്രഹോട്ടലുകളില്‍ അന്തിയുറങ്ങി. ആഗോളവത്‌ക്കരണത്തിനെതിരെ വാതോരാതെ പ്രസംഗിക്കുന്ന നേതാക്കള്‍ ആഗോളവത്‌ക്കരണം വഴിയെത്തിയ എല്ലാ സൗകര്യങ്ങളിലും മുങ്ങിത്താണു. നേതാക്കളുടെ സുഖലോലുപത അണികളിലേക്കും പടര്ന്നലതോടെ സംഘടനയുടെ കെട്ടുറപ്പ്‌ അഴിഞ്ഞുലഞ്ഞു. പാര്ട്ടി യുടെ ഉരുക്കുമുഷ്‌ടിയില്‍ തുരുമ്പെടുത്തു. മാര്‌്ിഞസിസ്റ്റ്‌ ലെനിനിസ്റ്റ്‌ സംഘടനാതത്വങ്ങള്‍ കാറ്റില്‍ പറത്തി നേതാക്കള്‍ തെരുവില്‍ പൂരപ്പാട്ടുപാടുന്നു. പാര്ട്ടി ക്കാരന്‍ പാര്ട്ടി ക്കാരികളെ പീഡിപ്പിക്കുന്നു. പാര്ട്ടി ശത്രുക്കളെ എണ്ണിയെണ്ണി കൊന്നുതള്ളുന്നു. നേതാക്കളുടെ നാവുളുക്കി പഴങ്കഥകള്‍ പുറത്തുവരുന്നു. പാര്ട്ടി ക്കാര്‍ നടത്തിയ അഴിമതിക്കഥകള്‍ പാര്ട്ടി ക്കാരന്‍ തന്നെ ഏറ്റുപറയുന്നു. നേതാക്കള്‍ സ്വേച്ഛാധിപതികളുടെ ക്രൗര്യം എടുത്തണിയുന്നു. സോവിയറ്റ്‌ യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും കമ്മ്യൂണിസം തകര്ന്നകതിന്റെ കാരണങ്ങളൊക്കെത്തന്നെയാണ്‌ ഇന്ത്യയിലെയും പ്രത്യേകിച്ച്‌ കേരളത്തിലെയും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തകര്ച്ച യ്‌ക്ക്‌ ആക്കം കൂട്ടുന്ന ഘടകങ്ങള്‍. കേരളത്തിലെയും ബംഗാളിലെയും സി പി ഐ എമ്മിന്റെ പോക്ക്‌ ഇതുതന്നെയാണ്‌ സൂചിപ്പിക്കുന്നത്‌.
പുനരുദ്ധരിക്കാനുള്ള കഴിവും മനസും നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ കമ്മ്യൂണിസത്തിന്റെ പേരില്‍ ജനങ്ങള്ക്ക്ണ‌ പ്രതീക്ഷ നല്കി്യ സി പി ഐ എം എന്ന പ്രസ്ഥാനം അഴുകിക്കൊണ്ടിരിക്കുകയാണ്‌. ചീയല്‍ പ്രക്രിയ പൂര്ത്തി യാകാത്തതിനാല്‍ കുറെക്കാലം കൂടി ഇത്‌ നാറിക്കൊണ്ടിരിക്കും.

Monday, June 11, 2012

ആത്മഹത്യക്കുമുമ്പ് ഫേസ്ബുക്‍ ഉപയോഗിക്കുന്ന വിധം



ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഒരു
വാര്‍ത്ത വന്നു. ഇരുപത്തൊന്നുകാരനായ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി ട്രെയിന്‍ കയറാന്‍ പോകവേ കരുനാഗപ്പള്ളിയില്‍ട്രെയിന്‍ തട്ടി മരിച്ചു. തിരുനെല്‍വേലിയിലെ കോളേജിലേക്ക് പുറപ്പെട്ട വിഷ്ണു ആണ് മരിച്ചത്. ഒരു സാധാരണ അപകടമരണം എന്നതിനപ്പുറം വലിയ വാര്‍ത്തകളൊന്നും മാദ്ധ്യമങ്ങളില്‍ കണ്ടില്ല. പക്ഷേ വിഷ്ണുവിന്റെ ഫേസ്ബുക്ക് പേജ് പരിശോധിച്ചപ്പോള്‍ അതൊരു സ്വാഭാവിക മരണം തന്നെയെന്ന് വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ട്. അവസാനദിവസങ്ങളില്‍ വിഷ്ണു പോസ്റ്റ് ചെയ്തിരിക്കുന്ന സ്റ്റാറ്റസുകള്‍ ഒരു ആത്മഹത്യയുടെ ചുവയുള്ളതാണ്.പ്രണയനൈരാശ്യം 
മൂലം നിരാശനായ അവസ്ഥയാണ് അതില്‍ വ്യക്തമാവുന്നത്.

ഇരുപത്തിയാറിനു വൈകിട്ടാണ് ഇയാള്‍ മരിക്കുന്നത്. അതിനു മുന്‍പുള്ള അവസാന മൂന്ന് അപ്പ്ഡേറ്റുകള്‍ നോക്കൂ:
suicide1.jpg
LAST FEW DAYS OF MY LIFE.............................
I WANT TO DIE,
PLZ ANY1 CAN SUGGST GUD WAY 4 SUICID.....
suicide2.jpg
Don't fall in love.....
Premam oru time pas ayi mathrame kanavu.......
suicide3.jpg
Gud bye everybody.....
മരിക്കുന്നതിനു തൊട്ടു തലേദിവസം വൈകിട്ട് വിഷ്ണുവിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പ്രത്യക്ഷപ്പെട്ടതാണ് ഇവ. ഇതില്‍ രണ്ടാമത്തെ അപ്ഡേറ്റില്‍ പ്രണയനൈരാശ്യമാണ് കാരണം എന്നു വ്യക്തമാണ്. ആരേയും പ്രണയിക്കരുതെന്നും, പ്രണയമൊരു നേരമ്പോക്കായേ കാണാവൂ എന്നും പറയുന്നു. അതിനു മുന്‍പ് തന്നെ പറഞ്ഞു 'എന്റെ ജീവിതത്തിലെ അവസാന ദിവസങ്ങളാണ്, എനിക്ക് മരിക്കണം, ആത്യമഹത്യക്കുള്ള വഴികള്‍ പറഞ്ഞു തരാമോ' എന്ന്. അവസാനം എല്ലാവര്‍ക്കും 'ഗുഡ്ബൈ' യും പറഞ്ഞു.
ഒറ്റ നോട്ടത്തില്‍ ആരും പറയും അവനൊരു വിഡ്ഢി എന്ന്. ഒരു പെണ്ണിനെ ഓര്‍ത്തു ജീവിതം കളഞ്ഞു, അച്ഛനേയും അമ്മയേയും ഓര്‍ത്തില്ല, ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രണയനഷ്ടത്താല്‍ ഒരുവന്‍ ആത്മഹത്യചെയ്തോ തുടങ്ങി പലരും പലതും ചോദിക്കും. പക്ഷേ ഇതില്‍ കുറച്ചുകൂടി ചിന്തിക്കാനില്ലേ? ഈ അപ്ഡേറ്റുകള്‍ ഇയാളുടെ മുന്നൂറിലധികം ഫേസ്ബുക്ക് ഫ്രണ്ട്സിന്റെ കമ്പ്യൂട്ടര്‍ സ്ക്രീനിനു മുന്നില്‍ തെളിഞ്ഞു കാണും. എന്നാല്‍ രണ്ടോ മുന്നോ ലൈക്കുകളും ഏതാനും കമന്റുകളുമായിരുന്നു മറുപടി. കമന്റുകള്‍ പലതും കളിയാക്കിക്കൊണ്ടുള്ളവ. എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ സഹോദരിയും ഈ അപ്ഡേറ്റ് കണ്ടു, കമന്റായി ഒരു സ്മൈലി ഇടുകയും ചെയ്തു.
സാധാരണ പ്രണയപ്രശ്നങ്ങള്‍, കുടുംബവഴക്കുകള്‍ തുടങ്ങിയവ കൗമാരക്കാര്‍ കൂട്ടുകാരുമൊത്താണ് പങ്കുവെയ്ക്കുക. അതിനു പറ്റിയ കൂട്ടുകാര്‍ ഇല്ലാതെ വരികയോ അവര്‍ സഹായിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ സ്വാഭാവികമായും അടുത്ത പടി സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ പങ്കിടുകയാവും. എല്ലാവരോടും എല്ലാം വിളിച്ചു പറയുക, ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയോടെ. പലപ്പോഴും സ്വമനസ്സാലെ അങ്ങനെ ചിന്തിച്ചു കൊണ്ടാവണമെന്നില്ല ചെയ്യുന്നത്, പക്ഷേ അന്തിമലക്ഷ്യം അങ്ങനെയാവും.
ആരെങ്കിലും ഒന്ന് ആശ്വസിപ്പിച്ചെങ്കില്‍ എന്നു കരുതിയോ അങ്ങനെ ആവശ്യപ്പെട്ടുകൊണ്ടോ ആവില്ല ഈ പങ്കുവെയ്ക്കല്‍, പക്ഷേ ഉപബോധമനസ്സ് ഒരു താങ്ങ് ലഭിക്കണമെന്ന് മുന്നില്‍ കണ്ടുകൊണ്ട് ചെയ്യിക്കുന്നതുതന്നെയാണ് അത്. അതുതന്നെയാവണം ഇവിടെയും സംഭവിച്ചത്. പ്രണയം തകര്‍ന്നതിലുള്ള വിഷമം അധികമായപ്പോള്‍ ആശ്വസിപ്പിക്കാന്‍ ആരുമെത്തിക്കാണില്ല. അതിനാല്‍ ഫേസ്ബുക്കിലൂടെ ലോകത്തിനുമുന്നില്‍ തന്റെ സങ്കടം വിളിച്ചുപറഞ്ഞു. ഒരു പിന്തുണ പ്രതീക്ഷിച്ചെത്തിയെങ്കിലും ഫലം നിരാശ.
ഇവിടെ വെറുതേയൊരു നിഗമനത്തിലെത്താന്‍ കഴിയില്ല. പ്രധാന കാരണം നമുക്കാര്‍ക്കും ഇയാളെ പരിചയമില്ല, എങ്ങനെയുള്ള ആളായിരുന്നെന്നോ എന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്നോ അറിയില്ല. പിന്നെ ഫേസ്ബുക്ക് പേജ് മുഴുവന്‍ നോക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്, വിഷ്ണു ഒരു സ്ഥിരം ഫേസ്ബുക്ക് ഉപയോക്താവല്ല. അഞ്ചോ ആറോ അപ്ഡേറ്റ്സില്‍ കൂടുതല്‍ ചെയ്തിട്ടില്ല. മുന്നൂറിലധികം ഫ്രണ്ട്സ് ഉണ്ടെങ്കിലും അധികം കാണാത്തയാളായതിനാല്‍ അവര്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഇനി ഇതൊക്കെ കണ്ടിട്ടും ഫോണ്‍ വഴിയോ മറ്റോ ആരെങ്കിലും ബന്ധപ്പെട്ടിരുന്നോ എന്നും അജ്ഞാതം.
പക്ഷേ വിഷ്ണു മരിച്ചു കഴിഞ്ഞ് പല കമന്റ്സും അപ്രത്യക്ഷമായി. അതിനു ശേഷം വന്ന കമന്റുകള്‍ ഒരു കുറ്റബോധത്തിന്റെ സ്വരത്തിലായിരുന്നു. 'നമ്മള്‍ ഒന്നും ചെയ്തില്ല', 'ആരും ഒന്നും കാര്യമാക്കിയില്ല', 'അവനെ നമുക്ക് രക്ഷിക്കാമായിരുന്നു' എന്നിങ്ങനെയുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'ഒരു പെണ്ണിനു വേണ്ടി ജീവിതം നശിപ്പിച്ചു' തുടങ്ങിയ കമന്റുകള്‍ വിഷ്ണുവിന്റെ പ്രശ്നങ്ങള്‍ പലര്‍ക്കുമറിയാമായിരുന്നു എന്ന സൂചനയാണ് നല്‍കുന്നത്. തനിക്ക് മരിക്കണമെന്ന് അയാള്‍ പറഞ്ഞപ്പോള്‍ ഒരു സ്മൈലി കമന്റായി നല്‍കിയ അനിയത്തിയും ഇതൊരു കാര്യമാക്കിയില്ല എന്നു വേണം കരുതാന്‍. പ്രേമബന്ധം തകര്‍ന്നതുകൊണ്ടു മാത്രമാവില്ല, ചിലപ്പോള്‍ കുടുംബത്തിലെയോ കോളേജിലേയോ മറ്റു പ്രശ്നങ്ങളും ഉണ്ടായിരുന്നിരിക്കാം.
മറ്റൊരു പ്രധാന കാര്യം ഫേസ്ബുക്കിലെ കുറിപ്പുകള്‍ കൊണ്ട്മാത്രം ഇതൊരു ആത്മഹത്യയാണെന്നു കരുതാനും കഴിയില്ല. പക്ഷേ അയാളുടെ സുഹൃത്തുക്കള്‍ അങ്ങനെ വിശ്വസിക്കുന്നു. ഏതൊരു കുറ്റകൃത്യവും നടക്കുന്നതുപോലെയാണ് ആത്മഹത്യയും. എല്ലാം മനസ്സില്‍ ചിന്തിച്ചുകൂട്ടി ഒരു ഭ്രാന്തമായ അവസ്ഥയില്‍ ഉടലെടുക്കുന്ന ഒരു തോന്നല്‍. ഒരാളെ കൊല്ലാന്‍ പോകുകയാണെങ്കില്‍ അയാളുടെ മനസ്സു നിറയെ പകയും പ്രതികാരവുമൊക്കെയായിരിക്കും. വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാറില്ല, ചിന്തിച്ചാല്‍ തന്നെ കാര്യമാക്കില്ല. ഒരേയൊരു ലക്ഷ്യം മാത്രമേ ഉണ്ടാവുകയുള്ളു.
അതുപോലെ തന്നെ ആത്മഹത്യയാവുമ്പോഴും. എല്ലാ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടിയേ തീരൂ, പ്രശ്നങ്ങളില്‍ സഹായിക്കാത്ത മറ്റുള്ളവരുടെ കാര്യം അപ്പോള്‍ ആരും ചിന്തിക്കാന്‍ പോകില്ല. അന്യനെ കൊലചെയ്യുംപോലെ തന്നെ, സ്വയം കൊലചെയ്യുന്നതും. രണ്ടിനും സാമ്യതകളുള്ളതുകൊണ്ടാണല്ലോ ആത്മഹത്യയും ഒരു കുറ്റകൃത്യമായി കണക്കാക്കുന്നത്.
ആരോടെങ്കിലുമുള്ള പ്രതികാരമായി കൊലപാതകം ചെയ്തയാളേക്കാള്‍ ഏവരും കുറ്റപ്പെടുത്തുക ആത്മഹത്യ ചെയ്തയാളെയാവും. പക്ഷേ ഈ കുറ്റപ്പെടുത്തുന്നവര്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിക്കുമെന്ന് തോന്നിയാല്‍ എത്രകണ്ട് സഹായിക്കുമെന്ന് പറയാനാവില്ല. ചിലപ്പോള്‍ ഒരു വാക്കു പോലും ഗുണം ചെയ്യും. ഏകാന്തതയുടെ പടുകുഴിയിലാവും അധികം ആത്മഹത്യകളും സംഭവിക്കുക. ആ ഏകാന്തത ഭേദിക്കാന്‍ ആര്‍ക്കുമാവും. പക്ഷേ അങ്ങനെയൊരു സഹായം ആരും ഇവിടെ ചെയ്തില്ല എന്നു കരുതുന്നു.
ഈ മരണത്തേക്കാളേറെ ചര്‍ച്ച ചെയ്യപ്പെടേണ്ട മറ്റുപലതുമുണ്ട്. ആത്മഹത്യാക്കുറിപ്പുകള്‍ പോലെ പലതും കണ്ടപ്പോള്‍ ഇതൊരു ആത്മഹത്യ ആണോയെന്ന തോന്നലുണ്ടായെന്നു മാത്രം. അതെങ്ങനെയായാലും അതെല്ലാം കണ്ടപ്പോള്‍ ഫേസ്ബുക്ക് ഒരു സൌഹൃദക്കൂട്ടായ്മയാണെന്ന് പറയുന്നതെങ്ങനെയെന്നു തോന്നിപ്പോയി. ഒരു സുഹൃത്ത് മനോവിഷമം മൂലം എന്തെല്ലാമോ വിളിച്ചുപറഞ്ഞിട്ടും അതിലെത്രത്തോളം ഗൗരവവമുണ്ടെന്നു പോലും ചിന്തിക്കാത്ത മുന്നൂറോളം ആളുകളുടെ ചിന്ത എന്തായിരിക്കും. തന്നെ പരിഹസിച്ചവരോട് പിന്നെയും പിന്നെയും കമന്റുകളിലൂടെ അയാള്‍ മറുപടി നല്‍കിയിട്ടും ആരും അതില്‍ ഒന്നും കണ്ടില്ല, അതോ കണ്ടില്ലെന്നു നടിച്ചുവോ?
ഫേസ്ബുക്കിന്റെ ജനസമ്മതിക്കു കാരണം സമൂഹം സ്വന്തം കാര്യത്തിലുപരി മറ്റുള്ളവരുടെ കാര്യത്തിലേക്ക് ഒളിഞ്ഞുനോക്കാനാഗ്രഹിക്കുന്നു എന്ന ആശയമാണെന്ന് പറയപ്പെടുന്നു. പക്ഷേ ആ കടന്നുകയറ്റം തനിക്കു താല്പര്യമുള്ള കാര്യങ്ങളില്‍, തനിക്ക് സൗകര്യപ്രദമായ രീതിയില്‍ ഒരു നേരമ്പോക്കായി മാത്രമാക്കി മാറ്റുകയാണ് ചെയ്യുന്നതിപ്പോള്‍.
ഓര്‍ക്കുട്ട് വന്നപ്പോള്‍ അകലെയുള്ള ചങ്ങാത്തങ്ങള്‍ നിലനിര്‍ത്താനും, നഷ്ടമായവ തിരിച്ചുപിടിക്കാനും, പുതിയവ കണ്ടെത്താനുമൊക്കെയായിരുന്നു പ്രാധാന്യം. എന്നാല്‍ ഫേസ്ബുക്കില്‍ സംഗതി പാടേ മാറി. അടുത്ത ചങ്ങാതിമാര്‍ പോലും മിണ്ടുന്നില്ല. പുതിയ ബന്ധങ്ങളുണ്ടാവുന്നത് കുറഞ്ഞു. പുതിയ ഫ്രണ്ട്സിനെ തേടിപ്പിടിച്ച് ആഡ് ചെയ്യുന്നത് അവര്‍ ഷെയര്‍ ചെയ്തു വരുന്ന തമാശകള്‍ കാണാനും മറ്റും മാത്രമായി.
സമയമില്ലാത്ത സമയമുണ്ടാക്കി അധികം പേരും ദിവസവും ഫേസ്ബുക്കില്‍ കയറിവരുന്നത് ഈ കാര്യങ്ങള്‍ക്കാണ്:
  1. ഷെയര്‍ ചെയ്തു വരുന്ന തമാശകള്‍ കാണുക, ലൈക്ക് ചെയ്യുക, :D, :P, ROFL, LOL എന്നിങ്ങനെ ഏതെങ്കിലും കമന്റ് ചെയ്യുക, ഷെയര്‍ ചെയ്യുക.
  2. രാഷ്ട്രീയക്കാര്‍ക്കെതിരെയുള്ള സ്റ്റാറ്റസ്/ഫോട്ടോ ലൈക് ചെയ്യുക, FUCK / WTF / SHIT / ***** എന്നിങ്ങനെ കമന്റ് ചെയ്യുക, ഷെയര്‍ ചെയ്യുക.
  3. ആരെങ്കിലും തനിക്ക് പറ്റിയ ദുരനുഭവം അപ്പ്ഡേറ്റ് ചെയ്താല്‍ ലൈക്ക് ചെയ്യുക, FUCK / WTF / SHIT / ***** എന്നിങ്ങനെ കമന്റ് ചെയ്യുക.
  4. സുഹൃത്തുക്കളുടെ ഫോട്ടോ / സ്റ്റാറ്റസ് എന്തുതന്നെയായാലും ലൈക്ക് ചെയ്യുക, ഒറ്റനോട്ടത്തില്‍ കൊള്ളാമെങ്കില്‍ ഒരു സ്മൈലി കമന്റ് ചെയ്യുക.
  5. അന്നത്തെ ദിവസം എവിടെയോ കണ്ട ഒരു വാചകം സ്റ്റാറ്റസ് ആക്കുക, സ്വയം ലൈക്ക് ചെയ്യുക.
  6. ബര്‍ത്ത്ഡേ ആര്‍ക്കൊക്കെയെന്നു നോക്കി ഒരു "Hapi bday" മാത്രം കൊടുക്കുക.
ഇതിലെല്ലാം രസകരമായ പല സംഭവങ്ങളുമുണ്ട്. 'LOL', 'ROFL' എന്നൊക്കെ വച്ചാല്‍ തമാശയ്ക്കടിയില്‍ നല്‍കുന്ന കമന്റ് എന്നതിനപ്പുറം ഇവയെന്താണെന്നറിയാത്തവരാണ് പലരും. അതുപോലെ തന്നെ 'WTF' ഇന്നും പലര്‍ക്കും അജ്ഞാതം.
ഞാന്‍ സാമൂഹിക തിന്മകളെ എതിര്‍ക്കുന്നു, അവയ്ക്കെതിരേ പോരാടുന്നു തുടങ്ങിയ സന്ദേശങ്ങള്‍ ഒരാള്‍ നല്‍കുന്നത്, ഒന്നിനെ കുറ്റപ്പെടുത്തിയുള്ള ഫോട്ടോയ്ക്ക് FUCK / WTF / SHIT / ***** എന്നിങ്ങനെയുള്ള കമന്റുകള്‍ നല്‍കിക്കൊണ്ടാണ്. ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും FUCK എന്ന് ഒരു പത്തു തവണ പറയുക, അടിവസ്ത്രം കാണിച്ച് രണ്ട് സീനുകള്‍ നല്‍കുക, കുറച്ച് ലോലമായ ഇംഗ്ലീഷ് സ്വല്പം കനത്തില്‍ പറയുക തുടങ്ങിയതൊക്കെ പുതുയുഗ മലയാള സിനിമയുടെ അവശ്യഘടകങ്ങള്‍ ആയതുപോലെ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും FUCK പറയുക ഇപ്പോള്‍ ഒരു സ്റ്റാറ്റസ് സിംബല്‍ ആണ്, ഫേസ്ബുക്കാണ് പ്രധാന കാരണക്കാരന്‍. പണ്ട് സുരേഷ് ഗോപി പറഞ്ഞ കേട്ട് 'ഷിറ്റ്' പറയുന്ന പോലെ ഏ ബീ സീ ഡീ പഠിച്ചില്ലാത്തവന്‍ പോലും പറയും FUCK ! ‌
ഒരു സുഹൃത്തിനൊരു ദുരനുഭവം ഉണ്ടായതായി അപ്ഡേറ്റ് ചെയ്താലും കമന്റ്സ് ഇതൊക്കെ തന്നെ, ചിലപ്പോ കരയുന്ന ഒരു സ്മൈലി കൂടി കിട്ടും. ഇനി ബൈക്കില്‍ നിന്നു വീണ് കാലൊടിഞ്ഞെന്നു പറഞ്ഞൊരു ഫോട്ടോ ആഡ് ചെയ്താല്‍ ആരും ഒന്നും വായിക്കന്‍ മിനക്കെടില്ല. പത്തു പേരോട് വീണ്ടും വീണ്ടും കമന്റ്സിലൂടെ എല്ലാം വിശദീകരിച്ചാലും പിന്നാലെയെത്തും അടുത്ത കമന്റ്, ":( wot happened da?". പോയിക്കഴിഞ്ഞു, മറുപടിക്കായി കാത്തുനില്‍ക്കില്ല. ഇനി നിന്നാലോ, അതില്‍ ഒരു 'ലൈക്ക്' സൗജന്യം.
സ്മൈലി ഉള്ളതുകൊണ്ട് വളരെ എളുപ്പമുണ്ട്. ഇഷ്ടപ്പെട്ടെന്നോ ഇല്ലായെന്നോ ദേഷ്യം വരുന്നെന്നോ പൊട്ടിച്ചിരിക്കുന്നെന്നോ എല്ലാം രണ്ടു കീയിലും ഒരു ക്ലിക്കിലും ഒതുക്കാം. പിന്നെ അധികം ആക്ടിവ് അല്ലാത്ത ഒരാളുടെ 'വോള്‍' പരിശോധിച്ചാല്‍ കാണാം ഒരേ പോലെ ഒരു നൂറു "Hapi bday". അതുപോലും മുഴവനെഴുതാന്‍ കഴിയില്ല.
അതുപോലെയൊന്നാണ് 'ലൈക്ക്'. ഒരു ക്ലിക്കില്‍ ഉദ്ദേശം മനസ്സിലായി. പക്ഷേ സ്വന്തം അപ്ഡേറ്റുകള്‍ മുതല്‍ ഓരോ കമന്റുകള്‍ക്കുള്‍പ്പടെ താഴെ 'ലൈക്ക്' കാണുന്നിടത്തെല്ലാം ക്ലിക്ക് ചെയ്യും. എന്താണ് ഇക്കൂട്ടര്‍ ഉദ്ദേശിക്കുന്നതെന്ന് ഒരു ഊഹവുമില്ല.
ഇത്രയൊക്കെയാണ് ഒരു സാധാരണ ഫേസ്ബുക്കന്റെ പ്രവര്‍ത്തനങ്ങള്‍. നേരത്തേ പറഞ്ഞപോലെ അന്യന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം മാത്രം. സമയം കളയാനുള്ള വകുപ്പ് എന്തെങ്കിലും കിട്ടിയാല്‍ അങ്ങോട്ടുള്ള നോട്ടം ഒരല്പം സൂക്ഷ്മമാക്കും, അത്രതന്നെ. ഇനിയേതെങ്കിലും പെണ്‍കുട്ടിയുടെ വക എന്തെങ്കിലുമൊന്നു കണ്ടാല്‍ ലൈക്കുകള്‍ കൊണ്ട് പൊതിയും.
ഒന്നു ചിന്തിച്ചാല്‍ മനുഷ്യന്റെ സ്വാര്‍ത്ഥത ഏറ്റവും ലളിതമായി കാണുന്ന ഒരിടമല്ലേ ഫേസ്ബുക്ക്. തന്റെ ഇഷ്ടങ്ങള്‍ക്കു മാത്രം വിലനല്‍കി, ആരെയോ കാണിക്കാന്‍ കുറെ സുഹൃത്തുക്കളെ ആഡ് ചെയ്ത്, അവരെ ശ്രദ്ധിക്കാതെ, അവരോട് മിണ്ടാതെ, ആളാവാന്‍ വേണ്ടി കുറേ പണികളും കാണിച്ച്... സ്വന്തം ഇഷ്ടപ്രകാരം സാമൂഹികജീവിയെന്ന മുഖംമൂടിയണിഞ്ഞ് ആര്‍ത്തുല്ലസിച്ച് നടക്കുന്ന ഭാവത്തോടെ ഒതുങ്ങിക്കൂടുകയാണ് ചെയ്യുന്നത്.
ഇതിലേറ്റവും പേടിക്കേണ്ട വിഷയം ഈ അവസ്ഥ ജീവിതത്തിലേക്കും പകര്‍ത്തപ്പെടുന്നുവെന്നതാണ്. ഈയടുത്തകാലത്ത് മനുഷ്യനെ ഇത്രയധികം സ്വധീനിക്കാന്‍ ഫേസ്ബുക്കിനല്ലാതെ മറ്റൊന്നിനുമായിട്ടില്ല. എന്നാല്‍ സ്വാധീനിക്കുക എന്ന വാക്ക് അടിമപ്പെടുത്തുക എന്ന അര്‍ത്ഥത്തില്‍ എടുക്കേണ്ടി വരും. അടിമയാകുന്നതിനു പുറമേ മനുഷ്യന്‍ഫേസ്ബുക്ക് ശൈലി ജീവിതത്തിലും പകര്‍ത്തിത്തുടങ്ങി. അതിനേയാണ് ഏറ്റവും ഭയപ്പെടേണ്ടത്. സ്വന്തം പ്രൊഫൈല്‍ തുറന്ന ശേഷം മറ്റുള്ളവരുടെ കാര്യങ്ങളില്‍ രസകരമായവ മാത്രം തിരഞ്ഞുപിടിച്ചു ആസ്വദിക്കുക എന്ന ഏര്‍പ്പാട് ജീവിതത്തിലേക്ക് ആവിഷ്കരിച്ചു തുടങ്ങിയിരിക്കുന്നു. തകരുന്ന ബന്ധങ്ങളും മനുഷ്യത്വമില്ലായ്മയുമൊക്കെയല്ലാതെ വേറെയെങ്ങും ചെന്നെത്തുകില്ല.
കുറേനാള്‍ ചര്‍ച്ചാവിഷയം അമേരിക്കന്‍ സംസ്കാരത്തിന്റെ കടന്നുകയറ്റമായിരുന്നു. അതിപ്പോ വരും വരും എന്നു പറഞ്ഞിരുന്നു, പക്ഷേ പണ്ടേയ്ക്കു പണ്ടേ തന്നെ അതിന്റെ അലയടി തുടങ്ങിയിരുന്നു. അതു അറിയാതെ പോലും പലരും വീണ്ടും വീണ്ടും പ്രസംഗിച്ചു. അതുപോലെയാണ് ഫേസ്ബുക്കിസവും. ആരുമറിയാതെ ഏവരേയും കീഴ്പ്പെടുത്തിത്തുടങ്ങിക്കഴിഞ്ഞു. എന്താ മാറ്റമെന്ന് പോലും അറിയാതെ അതിങ്ങനെ പോകുന്നു. സൈബര്‍ ലോകത്ത് ജീവിക്കുന്ന ശൈലി യാഥാര്‍ത്ഥ്യത്തിലും പിടിമുറുക്കുമ്പോള്‍ മാറ്റം ആര്‍ക്കും അറിയാന്‍ കഴിയില്ല. അതിനാല്‍ ഫേസ്ബുക്കിനെ നിര്‍ത്തേണ്ടിടത്തു നിര്‍ത്തിയേ തീരൂ. ഇതൊരിക്കലുമൊരു സൌഹൃദക്കൂട്ടായ്മയല്ല. സൌഹൃദവുമില്ല കൂട്ടായ്മയുമില്ല ഇവിടെ, സ്വന്തം വഴിതെറ്റിക്കുവാനായി നമ്മള്‍ തന്നെ ഇതിനെ ഒരു സ്വാര്‍ത്ഥലോകമായി മാറ്റിക്കഴിഞ്ഞു.

രോഗിയുമായി റീജണല്‍ കാന്‍സര്‍ സെന്ററില്‍ എത്തിയ ഒരാളുടെ അനുഭവം


ഞങ്ങള്‍ക്കുണ്ടായ ഒരു കയ്‌പേറിയ അനുഭവം അറിയിക്കാനാണ് ഞാന്‍ ഇതെഴുതുന്നത്. ഒരു വര്‍ഷമായി ഞാന്‍ എന്റെ അമ്മയെയും കൊണ്ട് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ പോകുന്നു പലപ്പോഴും അവിടെ നിന്ന് ഞങ്ങള്‍ക്ക് ഒരുപാടു ദുരനുഭവം ഉണ്ടായിട്ടുണ്ടെങ്കിലും പ്രതികരിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ ആലോചിച്ചു ഞങ്ങള്‍ ഇതുവരെയും പ്രതികരിച്ചില്ല. ദക്ഷിണ ഇന്ത്യയിലെ സാധാരണയില്‍ സാധാരണക്കാര്‍ വരുന്ന ഒരു ആസ്പത്രിയിലെ സ്ഥിതിയാണ് ഇത് എന്ന് ആലോചിക്കേണ്ടതാണ്. 


കാന്‍സര്‍ എന്ന് പറയുന്ന മാരകരോഗത്തിന് അടിമകള്‍ ആകുന്നവരുടെ മാനസികാവസ്ഥ ഒരുപക്ഷെ കൂടുതല്‍ മനസിലാകുന്നത് ഇവിടുത്തെ ജീവനക്കാര്‍ക്കായിരിക്കാം നഴ്‌സുമാര്‍ മാലാഖമാര്‍ ആണ് എന്ന് വിശ്വസിച്ചിരുന്ന ഒരാളാണ് ഞാന്‍. ഇപ്പോഴും അങ്ങനെ തന്നെ വിശ്വസിക്കുന്നു. പക്ഷെ ഇത്തവണ എനിക്ക് എവിടെ ഉണ്ടായ അനുഭവം ഇത് തെറ്റാണെന്ന് എന്നെ ബോധ്യപ്പെടുത്തിത്തന്നു. ഞാന്‍ എന്റെ അമ്മയെയും കൊണ്ട് ആസ്പത്രിയില്‍ എത്തിയപ്പോള്‍ സമയം രാവിലെ എട്ടുമണി. ഞങ്ങളുടെ ടോക്കണ്‍ നമ്പര്‍ 20 താഴെ ആയിരുന്നു. എന്നാല്‍ ഒ.പി. വിഭാഗം ഡോക്ടര്‍ വന്നപ്പോള്‍ സമയം 12.30 ആയി. 


നൂറുകണക്കിന് രോഗികള്‍ ഇരിക്കാനും നില്‍ക്കാനും സ്ഥലം ഇല്ലാതെ കാത്തിരിക്കുകയായിരുന്നു അപ്പോള്‍. ഇതൊന്നും അവിടത്തെ ജീവനക്കാര്‍ക്ക് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഒടുവില്‍ ഡോക്ടറെ കണ്ടിറങ്ങിയപ്പോള്‍ സമയം 1.30. നേരത്തെ ബുക്ക് ചെയ്തിരുന്ന പ്രകാരം കീമോ വാര്‍ഡ് എത്തിയപ്പോള്‍ അവിടെ ബെഡ് ഇല്ല എന്നായിരുന്നു മറുപടി. പിന്നെ മുറി കിട്ടി കീമോ തെറാപ്പി തുടങ്ങിയപ്പോള്‍ സമയം 4.45. ഞാനും പ്രായമായ എന്റെ അമ്മയും മാത്രം. കീമോ കഴിഞ്ഞപ്പോള്‍ സമയം വൈകുന്നേരം 6.30. ഇതിന് ശേഷം രക്തം കൊടുക്കേണ്ടതുണ്ടായിരുന്നു. അതിനാല്‍ രണ്ടാം നിലയിലുള്ള കീമോ വാര്‍ഡില്‍ പോകാന്‍ പറഞ്ഞു. അവിടെ എത്തിയപ്പോള്‍ ഉണ്ടായ അനുഭവം ശരിക്കും കയ്‌പ്പേറിയതായിരുന്നു. 


ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ രാത്രി 7.00 മണി. അവിടെ നിരവധി കട്ടിലുകള്‍ ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു. ഡ്യൂട്ടിയില്‍ മൂന്ന് ഫീമെയില്‍ നഴ്‌സുമാരും ഒരു മെയില്‍ നഴ്‌സും ഉണ്ടായിരുന്നിട്ടും അവര്‍ രക്തം കൊടുക്കേണ്ട ക്രമീകരണങ്ങള്‍ ഒന്നും ചെയ്തില്ല. രക്തം കൊടുത്തു തുടങ്ങിയപ്പോള്‍ സമയം 8.15 ആയി. ഞങ്ങള്‍ രണ്ടു സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 


അപ്പോള്‍ ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ മാന്യമല്ലാത്ത പെരുമാറ്റം രോഗിയായ എന്റെ അമ്മയെ മാനസികമായും ഒരുപാടു തളര്‍ത്തി. ഇത്രയും അസുഖമുള്ള രോഗിയോട് എങ്ങനെ പെരുമാറണം എന്ന് പോലും അറിഞ്ഞുകൂടാത്ത ജോലിക്കാര്‍ ആണോ ആ ആസ്പത്രിയില്‍ ജോലി ചെയ്യുന്നത് എന്ന് ഞാന്‍ ഓര്‍ത്തു. എല്ലാം കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ അര്‍ധരാത്രി പന്ത്രണ്ട് മണി. ഇതുപോലെ ഒരനുഭവം കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ച ഒരു രോഗിയ്ക്കും ഉണ്ടാകാന്‍ പാടില്ല. 


ഇതു ഞങ്ങളുടെ മാത്രം അവസ്ഥയല്ല, കേരളത്തിലും തമിഴ്‌നാട്ടിലും ഉള്ള അനേകം രോഗികളുടെ അവസ്ഥയാണ്. പ്രായമായ രോഗികള്‍ ഒന്ന് പ്രതികരിക്കാന്‍ പോലും ശേഷി ഇല്ലാതെ അവിടെ ഇരിക്കുന്ന ദയനീയമായ കാഴ്ച കാണുന്ന ഏതൊരാളും പ്രാര്‍ത്ഥിക്കുക ഞങ്ങള്‍ക്ക് ഇങ്ങനെ ഒരവസ്ഥ ഉണ്ടാകരുതേ എന്ന് മാത്രമായിരിക്കും. ഇതിന് ഉചിതമായ ഒരു തീരുമാനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. 


ഷീന എസ്.നായര്‍
തിരുവനന്തപുരം. 

വി.എസ്. എന്ന പൂച്ചയ്ക്ക് എത്ര ജന്മം?


പൂച്ചയ്ക്ക് ഒമ്പത് ജന്മമുണ്ടെന്ന അന്ധവിശ്വാസം പണ്ടേ ഉള്ളതാണ്. ഒമ്പതിന്റെ കണക്ക് വന്നത് എങ്ങുനിന്നാണെന്ന് വ്യക്തമല്ല. ജന്മം കുറെയുണ്ടെന്ന വിശ്വാസം വന്നത് ഒരുവിധം വീഴ്ചയിലൊന്നും പൂച്ചയ്ക്ക് പരിക്കൊന്നും പറ്റുകയില്ല എന്ന സത്യത്തില്‍ നിന്നാണ്. തട്ടിന്‍പുറത്ത് നിന്ന് താഴെ വീണാലും ഒന്ന് ചിണുങ്ങുക പോലും ചെയ്യാതെ നടന്നുപോകും. ഇത്രയും ഉയരത്തില്‍ നിന്ന് മനുഷ്യന്‍ വീണാല്‍ കഥ കഴിയും. എന്തെങ്കിലും ദിവ്യത്വമോ പുനര്‍ജന്മമോ അല്ല; പൂച്ചയുടെ ശരീരത്തിന്റെ പ്രത്യേകത കൊണ്ടാണ് അത് വീഴ്ചകളെ അതിജീവിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. ഭാരം കുറവാണെന്നതാണ് ഒരു പ്രത്യേകതയായി പറയുന്നത്. ബാക്കിയുള്ളത് വല്ല സുവോളജിക്കാരോടും ചോദിക്കണം. 

സി.പി.എമ്മില്‍ ഇതിനേക്കാള്‍ വലിയ ചാട്ടവും വീഴ്ചയുമെല്ലാം കഴിഞ്ഞിട്ടും വി.എസ്. അച്യുതാനന്ദന്‍ പൂച്ചയെപ്പോലെ നടന്നുപോകുന്നത് എന്തുകൊണ്ടാണ് എന്ന് ആളുകള്‍ ചോദിക്കുന്നുണ്ട്. ഇപ്പോഴിതാ പാര്‍ട്ടിയുടെ പുതിയ കേന്ദ്രകമ്മിറ്റി ചേരുന്നു. അവിടെയും ചര്‍ച്ച വി.എസ്സിനെ കുറിച്ചത്രെ. മാധ്യമസിന്‍ഡിക്കേറ്റുകാര്‍ പറയുന്നത് ശരിയായിക്കൊള്ളണമെന്നില്ല. മാധ്യമസിന്‍ഡിക്കേറ്റുകാര്‍ക്ക് സി.പി.എമ്മും വി.എസ്സും പിണറായിയുമാണ് ഏറ്റവും വലിയ വിഷയങ്ങള്‍. അതല്ലല്ലോ സി.പി.എം. കേന്ദ്രക്കമ്മിറ്റിയുടെ അവസ്ഥ. ലോകത്തെന്തെല്ലാം നടക്കുന്നു. സിറിയയിലെ കൂട്ടക്കൊല, യു.എസ്സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്,..... എന്തെല്ലാം അന്തര്‍ദേശീയ പ്രശ്‌നങ്ങള്‍. ദേശീയ പ്രശ്‌നങ്ങള്‍ ഡസന്‍ കണക്കിന് വേറെ. ബംഗാളില്‍ പാര്‍ട്ടിക്കാര്‍ക്ക് റോഡിലിറങ്ങിനടക്കാന്‍ വയ്യ. ഇതെല്ലാം കഴിഞ്ഞിട്ട് വേണം അച്യുതാനന്ദനെ ചര്‍ച്ചയ്‌ക്കെടുക്കാന്‍. രാത്രിയാകും. അച്യുതാനന്ദനാകട്ടെ നേരത്തേ ഉറങ്ങുകയും വേണം.

വി.എസ്സിനെ ഇത്തവണയെങ്കിലും പുറത്താക്കിത്തരണമേ എന്ന് ഓരോ തവണയും സംസ്ഥാനഘടകം കേണപേക്ഷിച്ചിട്ടും എന്താണ് കേന്ദ്രനേതാക്കള്‍ മുഖവിലയ്‌ക്കെടുക്കാത്തത് എന്ന കാര്യം പൂച്ചയുടെ വീഴ്ച പോലെ ഗവേഷണവിഷയമാക്കേണ്ട സംഭവം തന്നെയാണ്. വി.എസ്സിന് വെയ്റ്റ് കുറവായതാണോ അതല്ല വെയ്റ്റ് ഏറെ ഉള്ളതുകൊണ്ടാണോ സംഭവം നടക്കാത്തത്? എങ്ങനെയാണ് ഈ ചങ്ങാതിക്ക് ഇത്രയും വെയ്റ്റ് ഉണ്ടായത്? ഈ പൊളിറ്റ് ബ്യൂറോ തന്നെയല്ലേ രണ്ടുവട്ടം സംസ്ഥാനക്കമ്മിറ്റിയെ തട്ടിക്കളഞ്ഞ് വി.എസ്സിന് മത്സരിക്കാന്‍ ടിക്കറ്റ് കൊടുത്തത്. അതോടെയല്ലേ പിടിയിലൊതുങ്ങാത്ത വെയ്റ്റ് മൂപ്പര്‍ക്ക് ഉണ്ടായത്? എന്നിട്ടിപ്പോള്‍ വെയ്റ്റ് കൂടിപ്പോയി, എടുത്തിട്ട് പൊങ്ങുന്നില്ല എന്ന് വേവലാതിപ്പെട്ടിട്ട് എന്തുകാര്യം.

വി.എസ്. ചെയ്തതിന്റെ പത്തിലൊന്ന് ചെയ്താല്‍ ലോകത്തൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പാര്‍ട്ടിക്കകത്ത് എന്നല്ല പരിസരത്തെ റോഡില്‍പ്പോലും നില്‍ക്കാനാവില്ല. ഇതിന്റെ നൂറിലൊരംശം ഭിന്നാഭിപ്രായം പ്രകടിപ്പിച്ചവര്‍ സോവിയറ്റ് പാര്‍ട്ടിയില്‍ പണ്ടൊക്കെ ഉണ്ടായിരുന്നത്രെ. അവരെ കുറിച്ച് ചര്‍ച്ച ചെയ്യുക, അച്ചടക്ക നടപടി ആവശ്യപ്പെട്ട് കേന്ദ്രക്കമ്മിറ്റിക്ക് കത്തെഴുതുക, വിശദീകരണം ചോദിക്കുക, സസ്‌പെന്‍ഡ് ചെയ്യുക, പുറത്താക്കുക തുടങ്ങിയ ഏകാധിപത്യപരമായ നടപടികളൊന്നും മഹത്തായ സോവിയറ്റ് പാര്‍ട്ടിയില്‍ ഒരു കാലത്തും ഉണ്ടായിട്ടില്ല. മലനാടന്‍ സഖാവ് എം.എം. മണി പറഞ്ഞതുപോലെ വണ്‍, ടു, ത്രി. പിന്നെ പൊടി കാണാറില്ല. കാലം മാറി. 

ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ നടക്കുന്നതുപോലെയുള്ള ഗ്രൂപ്പ് വഴക്കാണ് പാര്‍ട്ടിയില്‍ നടക്കുന്നത് എന്നാണ് കുറച്ചുമുമ്പുവരെ വിമര്‍ശകര്‍ കുറ്റപ്പെടുത്താറുള്ളത്. ഇപ്പോള്‍ ആ ഘട്ടവും കടന്നു. സി.പി.എം. വിഭാഗീയതയുടെ വാര്‍ത്ത കാരണം കോണ്‍ഗ്രസ്സുകാര്‍ക്ക് അത്യാവശ്യം ഗ്രൂപ്പ് വഴക്ക് നടത്താന്‍ പറ്റാതായിരിക്കുന്നു. പത്രത്തിലും ചാനലിലും വരില്ലെങ്കിലെങ്ങനെയാണ് ഗ്രൂപ്പിസം നടത്തുക?

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ എന്നല്ല ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ചരിത്രത്തില്‍ വി.എസ്. നടത്തിയേടത്തോളം ചാവേറാക്രമണങ്ങള്‍ ഒരു നേതാവും നടത്തിയിട്ടില്ല. ഇതാ കഴിഞ്ഞു, ഇനി പൊടി കാണില്ല എന്ന് ഓരോ വട്ടവും വിചാരിച്ചിട്ടുണ്ട് പാര്‍ട്ടിക്കാരും പൊതുജനവും. ഓരോ വട്ടവും പൂച്ചയെപ്പോലെ എഴുന്നേറ്റുവരികയാണ് വന്ദ്യവയോധികന്‍. കഴിഞ്ഞതിനേക്കാള്‍ ഡോസ് കൂട്ടിയാണ് അടുത്ത ആക്രമണം. ഏറ്റവും ഒടുവിലത്തെ കടന്നാക്രമണത്തില്‍ പാര്‍ട്ടി സെക്രട്ടറിയെ ഡാങ്കെയോട് ഉപമിച്ചു. വിമതര്‍ വിട്ടുപോയി വേറെ പാര്‍ട്ടി ഉണ്ടാക്കിയത് സി.പി.എം. ഉണ്ടായതുപോലെയാണ് എന്നുപോലും പറഞ്ഞുവെച്ചു. 

പ്രകാശ് കാരാട്ടിനും കൂട്ടാളികള്‍ക്കും നെട്ടെല്ലൊട്ടും ഇല്ലാത്തതുകൊണ്ടാണ് വി.എസ്സിനെ തൊടാന്‍ കഴിയാത്തതെന്ന് കരുതുന്നവരുണ്ട്. വി.എസ്സിന്റെ കൂടെ പാര്‍ട്ടിയില്‍ ആളൊന്നുമില്ലെങ്കിലും വോട്ടുള്ളതുകൊണ്ടാണ് നേതൃത്വം മിണ്ടാത്തത് എന്ന് കരുതുന്നവരും ഉണ്ട്. അതെല്ലാം സംസ്ഥാന നേതൃത്വം സഹിക്കും. ഒന്നുമാത്രം സഹിക്കില്ല. വി.എസ്സിന്റെ കൈയില്‍ ശരി ഉണ്ട് എന്നുമാത്രം ആരും കരുതരുതേ... വി.എസ്. ശരി എങ്കില്‍ പിണറായി തെറ്റാണ്. ഏതെങ്കിലും ഒന്നിനെയേ പാര്‍ട്ടി സ്വീകരിക്കാവൂ. ശരിയും തെറ്റും ഒപ്പം പറ്റില്ല.