Thursday, August 9, 2012

വിഷ്ണുനാഥും ഷാഫിയും നെല്ലിയാമ്പതിയിലെത്താതെന്ത്?


ഹരിതരാഷ്ട്രീയ സംസ്‌കാരത്തിന് തുടക്കമിട്ട് ചില ഭരണകക്ഷി എംഎല്‍എമാര്‍ നെല്ലിയാമ്പതി യാത്ര നടത്തിയതിന് അതീവ രാഷ്ട്രീയപ്രാധാന്യമാണുള്ളത്. ഭരണമുന്നണി ഉപസമിതി നിലപാടുകള്‍ ശരിയല്ലെന്ന പരോക്ഷ പ്രഖ്യാപനത്തോടെയാണ് വിഡി സതീശന്‍, ടിഎന്‍ പ്രതാപന്‍, എംവി ശ്രേയസ്‌കുമാര്‍, ഹൈബി ഈഡന്‍, വിടി ബല്‍റാം എന്നീ എംഎല്‍എമാര്‍ നെല്ലിയാമ്പതിയിലെത്തിയത്.
ലീഗ് എംഎല്‍എ കെഎം ഷാജി സംഘത്തിലുണ്ടായിരുന്നുവെങ്കിലും ബന്ധുവിന്റെ മരണം മൂലം യാത്ര മാറ്റിവെയ്ക്കുകയായിരുന്നു. പക്ഷേ, പ്രസക്തമാകുന്ന ചോദ്യം ഭരണകക്ഷിയിലെ യുവസംഘം നെല്ലിയാമ്പതിയിലെത്തിയപ്പോള്‍ മറ്റു ചില ചെറുപ്പക്കാര്‍ തന്ത്രപൂര്‍വം താളം ചവിട്ടിനിന്നതെന്തുകൊണ്ടാണ്?

യുവരക്തം തിളയ്ക്കുന്ന 'വീര ശൂര തുര്‍ക്കി'കളായ വിഷ്ണുനാഥും ഷാഫി പറമ്പിലും നെല്ലിയമ്പതിയിലെത്തിയതേ ഇല്ല. കോണ്‍ഗ്രസിലെ സംസ്ഥാന നേതാക്കളുടെ ശരീരഭാഷയും വേഷധാരണവും പ്രസംഗശൈലിയുമെല്ലാം അനുകരിക്കുന്നത് ജീവിതലക്ഷ്യമായി കരുതുന്ന പ്രതിഭകള്‍ക്ക് സംസ്ഥാന നേതൃത്വത്തെ ധിക്കറിക്കാന്‍ കരുത്തുമില്ല.
പക്ഷേ, ഹൈബി ഈഡനും ബല്‍റാമുമൊക്കെ ക്ഷണിച്ചപ്പോള്‍ ചെറിയ ചാഞ്ചാട്ടമുണ്ടായതാണ്. പിന്നെ ഉമ്മന്‍ചാണ്ടിയെ ഓര്‍ത്തപ്പോള്‍ എല്ലാം മതിയാക്കി. കാരണം ഹൈബിക്കും ബല്‍റാമിനും പിടി ദേശീയതലത്തിലാണ്. രാഹുല്‍ഗാന്ധിയുടെ സ്വന്തം നോമിനികളായ അവര്‍ക്ക് സംസ്ഥാന നേതാക്കളെ പേടിക്കേണ്ടതില്ല. സതീശനും പ്രതാപനും പണ്ടേ വിമതന്മാരാണ്.
അതുപോലല്ലോ ഷാഫിയുടെയും വിഷ്ണുനാഥിന്റെയും സ്ഥിതി. ഉപകാരസ്മരണയാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രധാനം. അതുകൊണ്ട് തല്‍ക്കാലം ചോരത്തിളപ്പൊക്കെ മറന്ന് 'ഉമ്മന്‍ചാണ്ടി'ക്ക് പഠിക്കുന്നതാണ് മുഖ്യം. നെല്ലിയാമ്പതി സന്ദര്‍ശനമൊക്കെ മഴമാറിയിട്ടാകാം, വേണമെങ്കില്‍ പിസി ജോര്‍ജിനെയും ഒപ്പം കൂട്ടാം.

Tuesday, July 3, 2012

പച്ച ബ്ലൗസും ആനയെഴുന്നള്ളിപ്പും സ്ത്രീകളെന്ന കാഴ്ചപ്പണ്ടങ്ങളും


തനിക്ക് ഏറെക്കുറെ ഈ മെയ്‌വഴക്കമുണ്ട്, എന്നാല്‍ അത് തനിക്ക് മാത്രം പോരല്ലോ, എല്ലാവരും ഈ മെയ്‌വഴക്കം പഠിക്കേണ്ടതുണ്ട്. തന്റെ മതേതര മെയ് വഴക്കത്തിന് പാണ്ടിക്കടവത്ത് തറവാട്ടിലെ തന്റെ പഴയ ബാല്യകാലവും കുഞ്ഞാലിക്കുട്ടി ഓര്‍ത്തെടുത്തു. തറവാട്ടിനടുത്ത് ഒരു നായര്‍ തറവാടുണ്ടായിരുന്നു. അവിടെ ഉത്സവമുണ്ടാകാറുണ്ടായിരുന്നു. ഞങ്ങളുടെ കുടുംബമെല്ലാം ആ ഉത്സവം കാണാറുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ ഒരു മതേതര വാദിയല്ലേയെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം.എസ്.എസ്.എയുടെ ഉദ്ഘാടനച്ചടങ്ങില്‍ ടീച്ചര്‍മാര്‍ പച്ച ബ്ലൗസ് ധരിച്ച് വരണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ ഉത്തരവിട്ടത് വാര്‍ത്തയായിരിക്കയാണല്ലോ. ലീഗിന് ഇപ്പോള്‍ കണ്ടകശ്ശനിയാണ്. തീര്‍ത്തും ‘ മതേതരമായ’ കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള മെയ് വഴക്കം ലീഗ് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ഇത് ഞാന്‍ പറഞ്ഞതല്ല, പതിയെപ്പതിയെ ലീഗിന്റെ സര്‍വ്വാധികാരവും കൈക്കലാക്കിയ സാക്ഷാല്‍ കുഞ്ഞാലിക്കുട്ടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.അപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. മതേതര വാദിയെയും വര്‍ഗ്ഗീയവാദിയെയും എളുപ്പം വേര്‍തിരിക്കാം. ഉത്സവം കാണുന്നവന്‍ മതേതര വാദി, ഉത്സവം കാണാത്തവന്‍ വര്‍ഗ്ഗീയവാദി. മറ്റു മന്ത്രിമാര്‍ക്കും ലീഗ് നേതാക്കള്‍ക്കും ഇത്തരം മെയ്‌വഴക്ക പരിശീലനം നടത്താന്‍ പാണ്ടിക്കടവത്ത് അടുത്തു തന്നെ ഒരു മെയ്‌വഴക്ക പരിശീലന കേന്ദ്രം തുറക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം. കുഞ്ഞാലിക്കുട്ടിയുടെ ഈ അപാരമായ മെയ്‌വഴക്കം കണ്ട് സഹിക്കെട്ടാണ് ഇ.ടി മുഹമ്മദ് ബഷീര്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഇട്ടേച്ചോടിയതെന്നാണ് ലഭിക്കുന്ന  വിവരം.കുഞ്ഞാലിക്കുട്ടിയുടെ മെയ്‌വഴക്കമല്ല, ഇപ്പോള്‍ വിവാദമായ ബ്ലൗസ് തന്നെയാണ് നമ്മുടെ ചര്‍ച്ചാവിഷയം. എസ്.എസ്.എയുടെ ഉദ്ഘാടന ചടങ്ങില്‍ അണിഞ്ഞൊരുങ്ങി വരാനാണ് അധ്യാപികമാര്‍ക്ക് പ്രത്യേക നിര്‍ദേശം ലഭിച്ചത്. പച്ച ബ്ലൗസും ധരിക്കണം. പ്രത്യേക നിര്‍ദേശം ബ്ലൗസില്‍ ഒതുക്കേണ്ടിയിരുന്നില്ല. എന്തുകൊണ്ട് സ്ത്രീകളുടെ ബ്ലൗസിന്റെ കാര്യത്തില്‍ മാത്രം സര്‍ക്കുറലറില്‍ പ്രത്യേക നിര്‍ദേശം വന്നുവെന്നാണ് ചോദ്യം. പുരുഷ അധ്യാപകരുടെ ഷര്‍ട്ടിന്റെ കാര്യം സര്‍ക്കുലറില്‍ പറയുന്നില്ല.എന്തുകൊണ്ട് സ്ത്രീകളുടെ ബ്ലൗസിന്റെ കാര്യത്തില്‍ മാത്രം സര്‍ക്കുറലറില്‍ പ്രത്യേക നിര്‍ദേശം വന്നുവെന്നാണ് ചോദ്യം. പുരുഷ അധ്യാപകരുടെ ഷര്‍ട്ടിന്റെ കാര്യം സര്‍ക്കുലറില്‍ പറയുന്നില്ല. സ്ത്രീക്ക് കേരള സാരി പോലെ തന്നെ, പുരുഷന് വെള്ള ഷര്‍ട്ടും മുണ്ടുമാണ് കേരളീയ വേഷം. അവരോടും നിര്‍ദേശിക്കാവുന്നതേയുള്ളൂ. എന്നാല്‍ അതുണ്ടായില്ല.നേരത്തെപ്പറഞ്ഞ ഉത്സവങ്ങള്‍ക്കും ഉദ്ഘാടനങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും എഴുന്നള്ളിപ്പുകള്‍ക്കുമെല്ലാം കേരള സാരിയോ സംഘാടകര്‍ നിശ്ചയിക്കുന്ന മറ്റ് വസ്ത്രങ്ങളോ ഉടുത്ത് അലങ്കാരവസ്തുക്കളായെത്താനാണ് നമ്മുടെ സ്ത്രീകളുടെ യോഗം. ചെണ്ടക്കാരും ആനകളും മറ്റ് തോരണങ്ങളും പോലെയാണ് മഹിളകളെയും ഇപ്പോള്‍ അണിനിരത്തുന്നത്. അഥവാ ചെണ്ടയും ആനയും മറ്റ് അലങ്കാര വസ്തുക്കളും പോലെ തന്നെ സ്ത്രീകളും കാഴ്ചപ്പണ്ടങ്ങള്‍ തന്നെയെന്ന്.
 പൊരിവെയിലില്‍ മണിക്കൂറുകളോളം താലപ്പൊലിയുമായി നില്‍ക്കുന്ന പെണ്‍കുട്ടികള്‍ പൂരപ്പറമ്പിലെ ആനകളെപ്പോലെ തന്നെയല്ലേ. തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്നും പീഡിപ്പിക്ക പ്പെടുകയാണെന്നും ആനകള്‍ക്ക് ഇടക്കിടെയെങ്കിലും തിരിച്ചറിയുന്നു.പൊരിവെയിലില്‍ മണിക്കൂറുകളോളം താലപ്പൊലിയുമായി നില്‍ക്കുന്ന പെണ്‍കുട്ടികള്‍ പൂരപ്പറമ്പിലെ ആനകളെപ്പോലെ തന്നെയല്ലേ. തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്നും പീഡിപ്പിക്കപ്പെടുകയാണെന്നും ആനകള്‍ക്ക് ഇടക്കിടെയെങ്കിലും തിരിച്ചറിയുന്നു. അങ്ങിനെയാണവര്‍ രോഷാകുലരായി മനുഷ്യരെ കുത്തിയും ചവിട്ടിയും കൊല്ലുന്നത്. ആ തിരിച്ചറിവെങ്കിലും നമ്മുടെ സ്ത്രീ സമൂഹം കാണിക്കണം.ആനയുടെ മേല്‍ എന്ത് തോരണം അണിയിക്കണമെന്ന് സംഘാടകര്‍ക്ക് നിശ്ചയിക്കാമെന്ന പോലെത്തന്നെ ഈ കാഴ്ചപ്പെണ്ണുങ്ങള്‍ എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനും സംഘാടകര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നു. അങ്ങിനെയാണ് എറണാകുളം പ്രൊജക്ട് ഓഫീസര്‍ക്ക് അധ്യാപികമാര്‍ പച്ച ബ്ലൗസ് ധരിക്കണമെന്ന് സര്‍ക്കുലര്‍ ഇറക്കാന്‍ കഴിയുന്നത്. ബ്ലൗസ് മഞ്ഞയായാല്‍ എസ്.എന്‍.ഡി.പിയുടെയും ചുവപ്പായാല്‍ സി.പി.ഐ.എമ്മിന്റെയും പച്ചയായാല്‍ ലീഗിന്റെയുമായി. ഏത് കളര്‍ ധരിച്ചാലും അത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ മത സംഘടനയുടെതോ ആകുന്നു. കളറല്ല, ഏത് ധരിക്കണമെന്ന് സ്ത്രീയോട് മാത്രം പറയുന്ന സര്‍ക്കുലറിന്റെ ആ സ്വഭാവം തന്നെയാണ് പ്രശ്‌നം. പച്ചയായാലും മഞ്ഞയായലും നിങ്ങള്‍ പറയുന്ന ബ്ലൗസുകളും സാരികളും ധരിക്കാന്‍ ഞങ്ങള്‍ ആനകളല്ലെന്ന് പറയാനുള്ള തന്റെടമാണ് സ്ത്രീ സമൂഹം ഇനിയെങ്കിലും കാണിക്കേണ്ടത്.

Monday, July 2, 2012

വിശപ്പടക്കാന്‍ ഒളിമ്പിക് ഇതിഹാസം കുതിരയ്ക്കൊപ്പവും മത്സരിച്ചു!


കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ഇനി ഇരുപത്തിയാറ് നാളുകള്‍ മാത്രം. ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്‍‌പ്പിണരാകാന്‍ താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ താരങ്ങള്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളുമായി ലണ്ടനിലെ മത്സര മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പിക്സിസിലെ സുവര്‍ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെ മാത്രം പിഴവിലെ നഷ്ടങ്ങളുടെയും ചരിത്ര കൌതുകങ്ങളുടെയും വിവരണങ്ങളും വാര്‍ത്തകളുമായി വെബ്ദുനിയയും ഈ ആവേശത്തില്‍ പങ്കുചേരുന്നു. പ്രത്യേക ഒളിമ്പിക്സ് വാര്‍ത്തകള്‍ ദിവസവും വെബ്ദുനിയയില്‍ വായിക്കാം. 

വിശപ്പടക്കാന്‍ ഒളിമ്പിക് ഇതിഹാസം കുതിരയ്ക്കൊപ്പവും മത്സരിച്ചു!
PRO
PRO


ജര്‍മ്മനിയില്‍ ആദ്യമായി ഒളിമ്പിക്സ് വിരുന്നിനെത്തിയത് 1936ല്‍. തന്റെ മേധാവിത്വം അടിച്ചേല്‍പ്പിക്കാന്‍ ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലര്‍ ഈ ഒളിമ്പിക്സ് ദുരോപയോഗം ചെയ്തത് കായികചരിത്രത്തിലെ കറുത്ത അധ്യായമാണ്. പക്ഷേ ഈ ഒളിമ്പിക്സ് ഓര്‍മ്മിക്കപ്പെടാന്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെ വിജയേതിഹാസ കഥ കൂടിയുണ്ട്. ഒരു കറുത്തവര്‍ഗക്കാരന്റെ മുമ്പില്‍ ഹിറ്റ്‌ലറുടെ തല കുനിയാന്‍ ഇടയായതാണ് വിജയേതിഹാസ കഥ. അമേരിക്കയില്‍ നിന്നുള്ള ജെസ്സി ഓവന്‍ എന്ന കറുത്ത മുത്താണ് ഹിറ്റ്ലറുടെ മേധാവിത്വത്തെ സ്വര്‍ണനേട്ടംകൊണ്ടു മറികടന്നത്.

നാലിനങ്ങളിലായി നാലു സ്വര്‍ണ മെഡലുകളാണ് ജെസ്സി ഓവന്‍സ് ബെര്‍ലിന്‍ മേളയില്‍ സ്വന്തമാക്കിയത്. 100 മീ., 200 മീ., ലോംഗ്‌ജമ്പ്, 4 * 100 മീറ്റര്‍ റിലേ എന്നിവയിലാണ് ഓവന്‍സ് സ്വര്‍ണം നേടിയത്. രണ്ട് ഒളിമ്പിക്സ് റെക്കോര്‍ഡുകളും ഒരു ലോകറെക്കോര്‍ഡും ഓവന്‍സ് സ്വന്തമാക്കിയിരുന്നു. 39.8 സെക്കന്‍ഡ്കൊണ്ട് 4 x 100 മീറ്റര്‍ റിലേയില്‍ ഓടി യെത്തിയാണ് ഓവന്‍സ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ഒളിമ്പിക്സില്‍ സ്വര്‍ണനേട്ടത്തോടെ നാട്ടുകാരുടെ വീരപുരുഷനായെങ്കിലും പലപ്പോഴും ഓവന്‍‌സിന് വര്‍ണവിവേചനങ്ങളും ദുരിതങ്ങളും അനുഭവിക്കേണ്ടി വന്നു. ദാരിദ്യത്തെ തുടര്‍ന്ന് ചെറുപ്പത്തിലേ കഠിന ജോലികള്‍ ചെയ്യേണ്ടി വന്ന ഓവന്‍സിന്റെ ജീവിതം ഒളിമ്പിക്സ് നേട്ടത്തിന് ശേഷവും വ്യത്യാസമായിരുന്നില്ല. 2000 ഡോളര്‍ വാഗ്ദാനം ചെയ്യപ്പെട്ടപ്പോള്‍ ഓവന്‍സ് ഒരു കുതിരയ്ക്കൊപ്പം മത്സരിച്ചോടാന്‍ വരെ തയ്യാറായി. ഒരു ഒളിമ്പിക് ചാമ്പ്യന്‍ ഇത്തരം മത്സരത്തില്‍ പങ്കെടുക്കുന്നത് നാണക്കേടാണെന്നു കൂട്ടുകാര്‍ പറഞ്ഞപ്പോള്‍, ഒളിമ്പിക് മെഡല്‍ കൊണ്ട് വിശപ്പടക്കാനാവില്ലല്ലോ എന്നായിരുന്നു ഓവന്‍സ് മറുപടി നല്‍കിയത്.

ചുംബനത്തിന്റെ ആഗോളവല്‍ക്കരണം


മുരളി തുമ്മാരുകുടി

'ഞാനല്പം ടെന്‍ഷനിലാണ്..'
'എന്തു പറ്റി ചേട്ടാ..'
'എന്റെ സുഹൃത്ത് പ്രകാശ് ബാരെയുടെ 'ഇവന്‍ മേഘരൂപന്‍ ' റിലീസ് ചെയ്യുകയാണ്...'
'അതിന് ചേട്ടനെന്തിനാ ടെന്‍ഷന്‍, കാശു വല്ലതും മുടക്കിയിട്ടുണ്ടോ?'
'കഴിഞ്ഞ തവണത്തെ അവന്റെ സൂഫി പടത്തില്‍ അവന്‍ നായികയെ പൊക്കിയെടുക്കുന്ന ഒരു രംഗമുണ്ട്.'
'അതിന്..?'
'അതുകണ്ട എന്റെ ഭാര്യക്ക് ഒരാഗ്രഹം ഞാനും അവളെ ഒന്നു എടുത്തു പൊക്കണമെന്ന്.. ഈ സിനിമ ആളുകളെ വഴിതെറ്റിക്കും എന്നു പറയുന്നത് നേരാ...'

വയസ്സുകാലത്ത് പൊക്കാന്‍ നോക്കിയാലെന്റെ നടുവൊടിയും എന്നു പറഞ്ഞ് ഞാന്‍ ഒഴിയാന്‍ നോക്കി.
'എന്ത് വയസ്സ്, പ്രകാശ് നിങ്ങളുടെ ക്ലാസ്‌മേറ്റ് ആണെന്നല്ലേ പറഞ്ഞത്...?'

'അതിന് പ്രകാശ് പൊക്കിയെടുത്തത് ഭാര്യയെയല്ല, ശര്‍ബാനി മുഖര്‍ജിയെ ആണെന്ന്' മനസ്സില്‍ പറഞ്ഞു. പക്ഷെ സത്യം അപൂര്‍വവും ദുര്‍ലഭവും ആയതിനാല്‍ എപ്പോഴും എടുത്തുപയോഗിക്കരുതെന്നാണ് ഡിപ്പോമസിയിലെ ആദ്യ പാഠം. അതുകൊണ്ട് അതൊക്കെ ചുമ്മാ ക്യാമറാ ടെക്‌നിക് അല്ലേ എന്നു പറഞ്ഞ് ഞാന്‍ ഒരു തരത്തില്‍ നടു രക്ഷിച്ചു. ദാ ഇനിയിപ്പോ മേഘരൂപന്റെ വരവായി. അതാണെങ്കിലോ സൗന്ദര്യം തേടിയലഞ്ഞ കവിയുടെ ചരിത്രവും. ഇപ്പോള്‍ തന്നെ സൂപ്പര്‍ ഹിറ്റായ ചിത്രത്തിലെ 'അനുരാഗിണി...' എന്ന പാട്ടില്‍ തന്നെ നാലു നായികമാരുണ്ട്, അതിലൊന്ന് ചൂടന്‍ പാവാട (ഹോട്ട് പാന്റിന്റെ മലയാളം) യിട്ട് ബാച്ചിലര്‍ പാര്‍ട്ടിയില്‍ ഐറ്റം നമ്പര്‍ കളിയുടെ പത്മപ്രിയയും.

'കാവ്യം സുഗേയം കഥ രാഘവീയം' പൂത്തപോലെ സൗന്ദര്യാരാധകനും കവിയും സൗന്ദര്യധാമവുമായ നായികയും ഒക്കെക്കൂടി എന്തൊക്കെയാണാവോ ഈശ്വരാ സ്‌ക്രീനില്‍ കാണിച്ചു വച്ചിരിക്കുന്നത്...!!

'ഓ.. അതൊന്നും അത്രപേടിക്കാനില്ല ചേട്ടാ, നമ്മുടെ സെന്‍സര്‍മാര്‍ അല്ലേ. ഒന്നു ചുണ്ടുകൂട്ടി മുട്ടിക്കാന്‍ പോലും സമ്മതിക്കില്ല.'
'അതുനേരാ, മലയാള സിനിമയില്‍ ഗോവിന്ദന്‍ കുട്ടി തൊട്ട് മിസ്റ്റര്‍ പെരേരക്ക് വരെ പാവം നടികളെ ബലാല്‍സംഗം വരെ എന്തുചെയ്യാം. പക്ഷേ പാവം നായകന് നായികയെ ഒന്നു ഉമ്മവെക്കാന്‍ ഇപ്പോഴും നമ്മുടെ സെന്‍സര്‍മാര്‍ സമ്മതം കൊടുത്തിട്ടില്ല.'

ഈ ചുംബനത്തോട് സെന്‍സര്‍മാര്‍ക്കുള്ള വിരോധം ഒരു മലയാളം സ്‌പെഷ്യല്‍ ഒന്നും അല്ല. കേട്ടോ. ഇപ്പോള്‍ ചുംബനം കൊണ്ടു പൊറുതി മുട്ടുന്ന ഹോളിവുഡ് പടങ്ങളില്‍ പോലും ഒരു കാലത്ത് ചുംബനങ്ങള്‍ക്ക് കര്‍ശനമായ വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. എന്ന് നിങ്ങള്‍ വിശ്വസിക്കുമോ?

താഴെ പറയുന്നവയായിരുന്നു വ്യവസ്ഥകള്‍
1.ഇരുന്നുകൊണ്ടോ നിന്നുകൊണ്ടോ മാത്രമേ ചുംബിക്കാവൂ
2.കിടക്കുമ്പോഴോ മറ്റു പണികള്‍ക്കിടയിലോ ചുംബനം അരുത്
3.ചുംബിക്കുന്ന സമയത്ത് നായകന്റെയോ നായികയുടെയോ കാല് നിലത്ത് നിന്ന് പൊങ്ങുന്നതായി കാണിക്കരുത്.

ലോകത്ത് എല്ലായിടത്തും എല്ലാക്കാലത്തും ഉണ്ടായിരുന്ന ഒരു വികാര പ്രകടനമല്ലത്രെ ചുംബനം. ഇതിനു പലകാരണങ്ങളും നരവംശശാസ്ത്രജ്ഞന്‍മാര്‍ പറയുന്നുണ്ട്. ഒന്നാമത് പ്രജനനത്തിന് ചുംബനത്തിന്റെ ആവശ്യമില്ല, രണ്ടാമത് ഇണയെ പിന്നില്‍ നിന്ന് സമീപിക്കുന്ന സ്വാഭാവികമായ ഇണചേരല്‍ രീതിയില്‍ ചുംബനത്തിന് അധികം സ്‌കോപ്പില്ല. മൂന്നാമത് മനുഷ്യന്റെ മറ്റുളള ഇറോട്ടിക് ഡോണുകളില്‍ ഉള്ളതുപോലെയുള്ള നെര്‍വ് എന്‍ഡിംഗ് ഒന്നും ചുണ്ടിലില്ല.

അതി പുരാതനമായ പല സംസ്‌കാരങ്ങളിലും ചുംബനം ഉണ്ടായിരുന്നില്ല. ഈജിപ്റ്റിലെ ഒരു ലിഖിതത്തിലും ചുംബനത്തിന്റെ പൊടിപോലും ഇല്ല കണ്ടുപിടിക്കാന്‍. അതീവസുന്ദരിയായിരുന്ന ക്ലിയോപാട്ര ജൂലിയസ് സീസറെ കാണുന്നതുവരെയെങ്കിലും ഈ പണിക്ക് പോയിട്ടില്ലെന്നുസാരം. എന്തിന് പതിനെട്ടാം നൂറ്റാണ്ടില്‍ ഒരു കൊളോണിയലിസ്റ്റിനെ കല്യാണം കഴിച്ച ആഫ്രിക്കന്‍ രാജകുമാരി കല്യാണരാത്രിയില്‍ അലറിവിളിച്ച് മണിയറയില്‍ നിന്നും പുറത്തേക്കോടിയത്രെ. കാരണം അവരെ ചുംബിക്കാനുള്ള നവവരന്റെ ശ്രമത്തെ ഭക്ഷിക്കാനുള്ള നീക്കമായിട്ടാണ് പാവം തെറ്റിദ്ധരിച്ചത്.

സഹസ്രാബ്ദങ്ങളായി പുറം ലോകവുമായി ബന്ധമില്ലാതെ ജീവിച്ചതിനാല്‍ ജപ്പാന്‍കാര്‍ക്ക് ചുംബനരഹസ്യം പകര്‍ന്നു കിട്ടിയില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് പുറത്തിറങ്ങിയ ഹോളിവുഡിലെ 'നിശ്ശബ്ദചിത്രങ്ങള്‍' ആണ് ചുംബനം ജപ്പാനില്‍ പ്രചരിപ്പിച്ചത്. എന്നിട്ടുപോലും ജപ്പാനില്‍ പരസ്യമായി ഭാര്യാഭര്‍ത്താക്കന്‍മാര്‍മാരും കാമുകികാമുകന്‍മാരും ചുംബിച്ചിരുന്നില്ല. നമ്മുടെ സിനിമപോലെ അവിടുത്തെ സിനിമകളിലും ഏറെനാള്‍ ചുംബനം നിരോധിച്ചിരിക്കുകയായിരുന്നു. അവിടെ സെന്‍സര്‍ക്ക് കാശുകൊടുത്ത് ഒരു ചുംബനരംഗം തിയേറ്ററില്‍ എത്തിച്ച മഹാനെ 1930-ല്‍ പോലീസ് പിടികൂടി പടം കണ്ടുകെട്ടുകയും ചെയ്തു.


ജപ്പാനിലെ സിനിമയില്‍ ചുംബനം പരസ്യമായതിന് രണ്ടാം ലോകമഹായുദ്ധവുമായി ഒരു ബന്ധമുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് അതീവ രഹസ്യമായി ജപ്പാന്‍ നേവി അമേരിക്കയുടെ പേള്‍ ഹാര്‍ബര്‍ സൈനിക ആസ്ഥാനം ആക്രമിച്ച് വമ്പിച്ച നാശനഷ്ടങ്ങള്‍ വരുത്തിയല്ലോ. പക്ഷെ യുദ്ധത്തില്‍ ജപ്പാന്‍ പരാജയപ്പെടുകയും ജപ്പാന്റെ ഭരണത്തില്‍ അമേരിക്ക ഇടപെടുകയും ചെയ്തു. യുദ്ധാനന്തരം അമേരിക്ക ചെയ്ത പല കാര്യങ്ങളില്‍ ഒന്ന് ജപ്പാന്‍ സിനിമയില്‍ ചുംബനരംഗങ്ങള്‍ പരസ്യമായിക്കാണിക്കണം എന്നു നിര്‍ബന്ധിക്കുകയായിരുന്നു. ചെയ്യുന്ന കാര്യങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്ന ജപ്പാന്‍കാരുടെ സ്വഭാവം ഒന്ന് മാറ്റിയെടുക്കാനായിരുന്നുവത്രെ അത്. ഈശ്വരാ നമ്മുടെ വൈസ്രോയിക്ക് ആ ഐഡിയ കിട്ടാതിരുന്നത് എന്താണാവോ. ഉപ്പു സത്യാഗ്രഹം എല്ലാം പരസ്യമായി നടത്തിയതുകൊണ്ടാവാം.

ജപ്പാനെപ്പോലെ തന്നെ പുറം ലോകവുമായി ഒറ്റപ്പെട്ടു ജീവിച്ചുപോന്നവരായിരുന്നു ചൈനക്കാരും. എന്നാല്‍ അവിടെ കാലാകാലമായി ചുംബനം ഒക്കെ മുറക്കു നടക്കുന്നുണ്ടെന്ന് അവിടുത്തെ സാഹിത്യകൃതികളില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ ചൈന വിദേശികള്‍ക്ക് തുറന്നുകൊടുത്തതിനുശേഷം അവിടെ ആദ്യമായി സഞ്ചരിച്ച ഒരു സോഷ്യല്‍ ആന്ത്രപ്പോളജിസ്റ്റ് നാട്ടിലേക്ക് എഴുതിയറിയിച്ചത് 'ചൈനയില്‍ ചുംബനം ഇല്ല' എന്നാണ്. പതിവുപോലെ ആരും പൊതുവഴിയില്‍ നിന്ന് ചുംബിക്കാത്തതായിരുന്നു അതിനുകാരണം. ഈ ആന്ത്രപ്പോളജിസ്റ്റ് എങ്ങാനും ഇപ്പോള്‍ കേരളത്തില്‍ വന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. ഭാര്യയും ഭര്‍ത്താവും പബ്ലിക്കായിട്ട് ചുംബിക്കുന്നതുപോകട്ടെ പറ്റുമെങ്കില്‍ മൂന്നുമീറ്റര്‍ ദൂരം വിട്ടല്ലേ കേരളത്തില്‍ നടക്കുകയുള്ളൂ. ഇങ്ങനെ ഭര്‍ത്താവും ഭാര്യയും പരസ്പരം ചുംബിക്കാതെ കെട്ടിപ്പിടിക്കാതെ കൈ കോര്‍ത്തു പോലും നടക്കാതെയുള്ള ഒരു രാജ്യത്തെ ജനസാന്ദ്രത കൂടുന്നിനെപ്പറ്റി അവരുടെ റിപ്പോര്‍ട്ട് എന്താകും?

പാശ്ചാത്യ രാജ്യങ്ങളില്‍ ചുംബനത്തിന്റെ ആയിരുകളിയാണ്. ഭര്‍ത്താവും ഭാര്യയും കാമുകിയും കാമുകനും എല്ലാം പൊതുവഴിയില്‍ ചുംബിച്ചുനില്‍ക്കുന്നത് ഞാന്‍ ദിവസം പലവട്ടം കാണാറുണ്ട്. പൊതുവഴിയില്‍ മാത്രമല്ല ബസ്സില്‍, ട്രെയിനില്‍, എസ്‌കലേറ്ററില്‍, വെള്ളത്തില്‍, വെള്ളച്ചാട്ടത്തില്‍ എന്തിന് എവിടെ സമയം കിട്ടിയാലും ഉമ്മ റെഡി.

യൂറോപ്പില്‍ പക്ഷെ ഭാര്യയും ഭര്‍ത്താവും മാത്രമല്ല ചുംബിക്കുന്നത്. സുഹൃത്തുക്കള്‍ (സ്ത്രീകളും പുരുഷന്‍മാരും) അന്യോന്യം വിഷ് ചെയ്യുന്നത് കവിളില്‍ ചുംബിച്ചാണ്. പരിചയമായി വരുന്നതുവരെ ഇതൊരല്പം പ്രയാസമുള്ള കാര്യമാണ്. നമ്മുടെ പഴയ കളക്ടറെ ഏതോ ഒരു സായിപ്പ് സായിപ്പിന്റെ രീതിയില്‍ ഉമ്മവെക്കാന്‍ നോക്കുന്നതിന്റെ ഒരു കൂട്ടം ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഉണ്ട്. പശ്ചാത്യ സംസ്‌കാരത്തെപ്പറ്റി പരിചയമില്ലാത്ത പാവം കളക്ടര്‍ ആവട്ടെ പേടിച്ച് കുതറിമാറാന്‍ നോക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളെ ചുംബിക്കുന്നതിന് യൂറോപ്പില്‍ മൊത്തമുണ്ടെങ്കിലും അതിലുമുണ്ട് ചില പ്രാദേശിക വ്യത്യാസങ്ങള്‍. ബെല്‍ജിയത്തില്‍ ഒരു കവിളില്‍ മാത്രം ഉമ്മവെക്കുമ്പോള്‍ ചുംബനത്തിന്റെ ഗവേഷണശാലയായ ഫ്രാന്‍സില്‍ (ഫ്രഞ്ച് കിസ് എന്നു കേട്ടിട്ടില്ലേ) രണ്ടു കവിളുകളിലും ഉമ്മെവക്കുന്നു. എന്നാല്‍ പൊതുവെ പിശുക്കന്‍മാരായി അറിയപ്പെടുന്ന ഡച്ചുകാരാകട്ടെ ഇക്കാര്യത്തില്‍ ഫ്രഞ്ചുകാരെയും കടത്തിവെട്ടി മൂന്നു ചുംബനങ്ങള്‍ ആണ് നടക്കുന്നത്. ഓസിനുകിട്ടുന്നതല്ലേ, ഒന്നു കൂടി ആയിക്കോട്ടെ എന്നാകാം.

ചുംബനം സ്‌നേഹം കൊണ്ടു മാത്രമല്ല, ബഹുമാനം കൊണ്ടു കൂടിയാവാം. ക്രിസ്തീയ സഭകളില്‍ അച്ചനെ കൈയിലും ബിഷപ്പിന്റെ മുദ്രമോതിരത്തിലും മാര്‍പ്പാപ്പയുടെ കാല്‍പ്പാദങ്ങളിലും മുത്തിയിരുന്നത് ബഹുമാനസൂചകമായിട്ടാണല്ലോ. ഔദ്യോഗികരംഗത്ത് ഇങ്ങനെ കൃത്യമായ തരം തിരുവുകള്‍ ഇല്ല. എന്നാലും വന്‍കിട കോര്‍പ്പറേഷനുകളില്‍ ബോസിന്റെ ആസനത്തില്‍ മുത്തുന്നവരാണ് ഉയര്‍ന്നുപോകുന്നതെന്ന് മാനേജ്‌മെന്റ് സ്‌കൂളില്‍ പഠിപ്പിക്കാറില്ലെങ്കിലും പൊതുവെ എല്ലാവര്‍ക്കും അറിയാം.

ചുംബിക്കുന്നത് മനുഷ്യരെ മാത്രമല്ലല്ലോ. സ്‌നേഹം കൊണ്ടും ബഹുമാനം കൊണ്ടും നാം മറ്റ് മൃഗങ്ങളേയും ചിത്രത്തേയും പ്രതിമകളേയും ഒക്കെ ചുംബിക്കാറുണ്ട്. ഇതിന് മുന്‍പത്തെ മാര്‍പ്പാപ്പ ഏതു രാജ്യത്ത് ഇറങ്ങിയാലും ആ മണ്ണിനെ കുമ്പിട്ടു മുത്തം വക്കുമായിരുന്നു.


ഇന്ത്യയില്‍ കണ്ടുപിടിച്ച സാധനമാണെങ്കിലും ലോകം മുഴുവനും ഇപ്പോള്‍ ഉപയോഗിക്കുന്നതാണെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും പരസ്യചുംബനം നിയമവിരുദ്ധമാണ്. അതും ആയിരത്തി എണ്ണൂറ്റി അറുപതിലെയോ മറ്റൊ ഒരു നിയമം വച്ചിട്ട്. ഇന്ത്യയില്‍ പലതിന്റെ പേരിലും ജയില്‍ ഭരാവോ(ജയില്‍ നിറക്കുക) പ്രതിഷേധങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ടെങ്കിലും പരസ്യചുംബനം നിയമ വിധേയമാക്കാന്‍ ഒരു ജയില്‍ ഭരാവോ നടത്താത്തതെന്താണെന്ന് ഞാന്‍ ചിലപ്പോള്‍ ആലോചിക്കാറുണ്ട്. ഇനി അതിന് ആരെങ്കിലും മുന്‍കൈയെടുത്താല്‍ ഈ വയസ്സുകാലത്ത് ചുംബിച്ചതിന്റെ പേരില്‍ ജയിലില്‍ കിടക്കാന്‍ ഞാന്‍ തയ്യാറുമാണ്. കാരണം മരിച്ച് മുകളില്‍ ചെന്ന് സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ എന്ന കാര്യം തീരുമാനിക്കാന്‍ കുറ്റവിചാരണ നടക്കുമ്പോള്‍ ദൈവത്തോട് ഞാന്‍ പറയും.

'സര്‍ , ഞാന്‍ കുറച്ചുനാള്‍ ജയിലില്‍ കിടന്നിട്ടുണ്ട്..' (അല്ല ദൈവം മാഡമാണെങ്കില്‍ അങ്ങനെ)
'ആരവിടെ ഉള്ള സത്യം പറയൂ...'
'എന്ത്, എങ്ങനെ, എപ്പടി?'
'ഞാന്‍ ഇന്ത്യാമഹാരാജ്യത്ത് പട്ടാപ്പകല്‍ പൊതു നിരത്തില്‍ വെച്ച് എന്റെ ഭാര്യയെ ഒന്നു ഉമ്മ വെച്ചു.'
'അതിന് ഇവിടുത്തെ പല ദേവന്‍മാരും പകലും പബ്ലിക്കായിട്ടും ഭാര്യമാരുമായിട്ടും ഭാര്യമാരല്ലാത്തവരായിട്ടും അതിലുമപ്പുറം പലതും ചെയ്തിട്ടുണ്ടല്ലോ..'
'ഭഗവാനേ അതെല്ലാം 1860 ലെ നിയമത്തിനു മുന്‍പായിരുന്നു. ഇപ്പോള്‍ കാര്യം മാറി. സായിപ്പുമാര്‍ വന്ന് ഭാരതവര്‍ഷത്തിലെ തുറന്ന ശീലങ്ങള്‍ എല്ലാം കുളമാക്കി...'
'എന്നിട്ടാ സായിപ്പന്‍മാരെല്ലാം അവരുടെ നാട്ടിലും ഇവിടെയും ഒക്കെ ഉമ്മവച്ചാണല്ലോ ഇപ്പോള്‍ നടപ്പ്. നിങ്ങടെ നാട്ടിലെ നിയമമുണ്ടാക്കുന്നവര്‍ ഒന്നും ഇംഗ്ലീഷ് സിനിമയോ ടി.വി.യോ ഒക്കെ കാണാറില്ലേ?'
'സര്‍ എന്റെ ലേഖനത്തില്‍ രാഷ്ട്രീയം പറയാറില്ല. പക്ഷെ ഞാന്‍ നിക്കണോ പോണോ?'
ഒരു പൊട്ടിച്ചിരിയോടെ എന്നെ കെട്ടിപ്പിടിച്ച് നെറുകയില്‍ ചുംബിച്ച ദൈവം എന്നെ സ്വര്‍ഗത്തിലേക്ക് കടത്തിവിടുമെന്ന് എനിക്കുറപ്പാണ്.
അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ എന്തും ആവാമല്ലോ.

Wednesday, June 27, 2012

അപകടത്തിലാകുന്ന പഞ്ചാബിലെ സമാധാനം


അകാലികള്‍ അധികാരത്തില്‍നിന്ന് പുറത്താകുമ്പോള്‍ സിഖുകാരുടെ മതവികാരം ഉണര്‍ത്തുന്ന കാര്യങ്ങളില്‍ മുഴുകുക പതിവാണ്. എന്നാല്‍, അധികാരത്തിലിരിക്കുമ്പോഴും അവര്‍ ഇതേ തന്ത്രം പയറ്റിയാല്‍ അതിനര്‍ഥം തൊഴിലില്ലായ്മ, മയക്കുമരുന്ന് കടത്ത്, കര്‍ഷകരുടെ ദാരിദ്യ്രം തുടങ്ങിയ വിഷയങ്ങളില്‍നിന്ന് ശ്രദ്ധ മാറ്റാന്‍ ശ്രമിക്കുന്നുവെന്നാണ്.

മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ അടുത്തിടെ ഒരു ദയാഹരജി സമര്‍പ്പിച്ചു-മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ഘാതകന്‍ ബല്‍വന്ത് സിങ് രജോണക്കുവേണ്ടി. മാത്രമല്ല, അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ ഒളിച്ചിരുന്ന ഭീകരരെ പുറത്തുചാടിക്കുന്നതിന് എത്തിയ സൈന്യത്തെ ചെറുത്തുനിന്ന തീവ്രവാദികളെ ആദരിക്കുന്നതിന് സംഘടിപ്പിച്ച ചടങ്ങില്‍ ബാദലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ്ങും പങ്കെടുത്തു. ക്രമസമാധാനത്തിന്റെ ചുമതലയുള്ളവരാണ് രണ്ട് ബാദല്‍മാരും. ഒരര്‍ഥത്തില്‍ സംസ്ഥാനത്തിന്റെ സംരക്ഷകരുമാണ് അവര്‍. എന്നിട്ടും, ഭീകരരോട് പക്ഷം ചേരുകയാണെങ്കില്‍ തങ്ങളുടെ ചുമതല നിറവേറ്റാന്‍ ആവില്ലെന്ന യാഥാര്‍ഥ്യം അവര്‍ മനസ്സിലാക്കുന്നുമില്ല.

സമ്മര്‍ദം കാരണമാണ് ഇതിനെല്ലാം അവര്‍ക്ക് വഴങ്ങേണ്ടി വരുന്നതെന്നാണ് എനിക്ക് ലഭിച്ച വിവരം. തീവ്രവാദികളുടെ നിര്‍ദേശാനുസരണം നേതാക്കള്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ സംസ്ഥാനത്തിന്റെ കാര്യം കഷ്ടം തന്നെ. തീവ്രവാദികള്‍ക്ക് മേല്‍കൈയുണ്ടായിരുന്ന എഴുപതുകളുടെ പകുതിമുതല്‍ എണ്‍പതുകളുടെ പകുതി വരെയും സംസ്ഥാനം ഇതേ അവസ്ഥയിലൂടെയാണ് കടന്നുപോയത്. ഹിന്ദുക്കള്‍ സംസ്ഥാനത്ത് സുരക്ഷിതരല്ലെന്ന ഭീതിയും അവര്‍ വിതച്ചു. അന്നുമുതല്‍ ഇരു സമുദായങ്ങള്‍ക്കുമിടയില്‍ വിടവുണ്ടാവുകയും ചെയ്തു. സുവര്‍ണ ക്ഷേത്രത്തിന്റെ ചുറ്റുമതിലുകള്‍ക്കകത്തുനിന്ന് സംസ്ഥാനത്തെ വെല്ലുവിളിച്ച ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലക്ക് ഇപ്പോള്‍ ഒരു സ്മാരകവും പണിതിരിക്കുന്നു.
സ്മാരകം പണിതത് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) യാണെന്ന സുഖ്ബീറിന്റെ വാദം വിശ്വസനീയവുമല്ല. എസ്.ജി.പി.സിയെ നിയന്ത്രിക്കുന്നത് തന്നെ അകാലിദളാണ്. സത്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രശ്നത്തിന്റെ അടിവേരിലേക്ക് പോവുകയാണ് വേണ്ടത്. ഗുരുദ്വാര നിയമം പരിഷ്കരിക്കുകയും വേണം. പരിമിതമായ വോട്ടര്‍ പട്ടികയിലുള്ളവര്‍ മാത്രമല്ല, മുഴുവന്‍ സിഖ് സമൂഹവും ചേര്‍ന്ന് ഗുരുദ്വാരകള്‍ നടത്തട്ടെ. മതത്തെ രാഷ്ട്രീയത്തില്‍നിന്ന് വേര്‍തിരിക്കുന്നില്ല എന്നതാണ് അകാലി ദളിന്റെ പ്രശ്നം. ഭിന്ദ്രന്‍വാലയും ഇതേ തെറ്റുവരുത്തി. പഞ്ചാബിന് അതിന് വില നല്‍കേണ്ടി വന്നു. ഇപ്പോള്‍, ഇതേ അപകടകരമായ പാതയിലൂടെ സഞ്ചരിക്കുന്ന അകാലികളുടെ മനസ്സില്‍ എന്താണെന്ന് എനിക്കറിയില്ല.

സിഖുകാരുടെ പുണ്യകേന്ദ്രമായ സുവര്‍ണ ക്ഷേത്രം മലിനമാക്കിയ തീവ്രവാദികളെ മഹത്വവത്കരിക്കാനുള്ള അകാലിദളിന്റെ ശ്രമങ്ങള്‍ സിഖുകാരായ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും കരസേനാ മേധാവി ജനറല്‍ ബിക്രം സിങ്ങിനെയും എത്ര കുഴപ്പത്തിലാക്കിയിരിക്കും? രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാനും സിഖുകാര്‍ക്ക് ദുഷ്പേരുണ്ടാക്കാനും ശ്രമിച്ചവര്‍ക്ക് ചിരപ്രതിഷ്ഠ നല്‍കുന്നതിന് എങ്ങനെ ഒരു സ്മാരകം നിര്‍മിക്കാനാകും?

ഓപറേഷന്‍ ബ്ലൂ സ്റ്റാറിന് നേതൃത്വം നല്‍കിയ ലഫ്. ജനറല്‍ കെ.എസ് ബ്രാര്‍ ഓപറേഷനെക്കുറിച്ച് വേദനയോടെ പറഞ്ഞിട്ടുണ്ട്. ഭീകരവാദം തിരിച്ചുകൊണ്ടുവരാനുള്ള നീക്കം അകാലികള്‍ അനുവദിച്ചുകൊടുക്കുകയാണെന്ന് അടുത്തിടെ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ അനുവദിച്ചുകൊണ്ട് ഭീകരരുടെ സഹതാപം പിടിച്ചുപറ്റാനാണോ അകാലികളുടെ ശ്രമമെന്നും അദ്ദേഹം ചോദിച്ചു. വിഘടന വാദത്തില്‍ വിശ്വസിക്കുന്ന ശക്തികളെ അടിച്ചമര്‍ത്തണമെന്ന് ഇനിയും മനസ്സിലാക്കിയിട്ടില്ലാത്ത മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമാണ് ഇതിന് ഉത്തരം പറയേണ്ടത്. 
ഒരു കൊലപാതകിയെ ആദരിച്ചതിനെയും സ്മാരക ശിലാസ്ഥാപനത്തെയും ഒരു സിഖ് സംഘടനയും അപലപിക്കാതിരുന്നത് എന്തുകൊണ്ടെന്ന് എനിക്കറിയില്ല.
ബി.ജെ.പിയുടെ മൗനം എന്നെ ആശ്ചര്യപ്പെടുത്തുന്നു. സംസ്ഥാന സര്‍ക്കാരിലെ സഖ്യ കക്ഷിയാണ് ബി.ജെ.പി. ഒന്നുകില്‍ ബി.ജെ.പി തീവ്രവാദികള്‍ക്ക് മൗനപിന്തുണ നല്‍കുകയോ അല്ലെങ്കില്‍ വ്യക്തിപരമായ നേട്ടത്തിനുവേണ്ടി മന്ത്രിസ്ഥാനങ്ങളില്‍ ഉറച്ചുനില്‍ക്കുകയോ ആണ്. ഏതായായും അവര്‍ പാര്‍ട്ടിയുടെയോ രാജ്യത്തിന്റെയോ താല്‍പര്യം സംരക്ഷിക്കുകയല്ല. ചില റിപ്പോര്‍ട്ടുകള്‍ പറയുന്നതുപോലെ അവര്‍ ശരിക്കും അസംതൃപ്തരാണെങ്കില്‍ സര്‍ക്കാരില്‍നിന്ന് വിട്ടുപോരുകയാണ് വേണ്ടത്. പക്ഷേ, അകാലികളെപ്പോലെ അവര്‍ക്കും തെരഞ്ഞെടുപ്പ് താല്‍പര്യങ്ങളുണ്ട്. നഗരസഭാ തെരഞ്ഞെടുപ്പിലെ വിജയം അകാലികള്‍ക്കൊപ്പം ഉറച്ചുനില്‍ക്കാനുള്ള തീരുമാനത്തെ ശക്തിപ്പെടുത്തിയിട്ടുണ്ടാകും.

അകാലികള്‍ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, സുവര്‍ണ ക്ഷേത്രത്തില്‍ അവര്‍ ചെയ്തതിനെതിരെ രോഷമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇന്ത്യയുടെ അഖണ്ഡത അപകടത്തിലാക്കിയവര്‍ക്കൊപ്പം കൂടിയ ബാദലുകള്‍ക്കെതിരെയാണ് ഏറ്റവുമധികം രോഷം. അകാലി ദളും മുഖ്യമന്ത്രിയും രാജ്യത്തിന് വിശദീകരണം നല്‍കണം. തീവ്രവാദികളുടെ ലക്ഷ്യത്തെക്കുറിച്ച് ഇന്റലിജന്‍സ് ബ്യൂറോ പഞ്ചാബിന് മുന്നറിയിപ്പ് നല്‍കിയിരുന്നോയെന്ന് അറിയുന്നത് സംഗതമായിരിക്കും.

അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ രണ്ടാം ഇന്നിങ്സ് അകാലികള്‍ മറക്കരുത്. ഉപമുഖ്യമന്ത്രി ഓരോ തെരഞ്ഞെടുപ്പ് യോഗത്തിലും വാഗ്ദാനം ചെയ്ത വികസനമാണ് കോണ്‍ഗ്രസിന് പകരം അകാലി ദളിനെ ജനങ്ങള്‍ തെരഞ്ഞെടുക്കാന്‍ കാരണം. എന്നാല്‍, ഇതേ വ്യക്തി സുവര്‍ണ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ഭാവി സി.ഇ.ഒ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ സംശയാലുക്കളാണ്. തീവ്രവാദികള്‍ക്കൊപ്പം നില്‍ക്കുന്ന അദ്ദേഹത്തിനെങ്ങനെയാണ് സാമൂഹിക ഐക്യവും വികസനവും ഉറപ്പ് നല്‍കാനാവുക.

അകാലികള്‍ തീകൊണ്ടാണ് കളിക്കുന്നത്. ബഹുസ്വര സമൂഹത്തിലുള്ള വിശ്വാസം ഒരു പ്രതിബദ്ധതയാണ്. തീവ്രവാദികള്‍ക്കുവേണ്ടി ഇതില്‍ വെള്ളം ചേര്‍ക്കാനാവില്ല. അടുത്തകാലത്ത് അകാലികള്‍ പുരോഗമന ആശയങ്ങളും ആധുനിക ചിന്തകളും ഉള്‍ക്കൊള്ളുവെന്ന് തോന്നിപ്പിച്ചിരുന്നു. ഗുരുദ്വാര രാഷ്ട്രീയത്തില്‍ കുരുങ്ങിക്കിടക്കുകയാണെങ്കില്‍ നഷ്ടം അകാലി ദളിനായിരിക്കും. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അവരെ വിലയിരുത്തി അതിനനുസരിച്ച് വോട്ട് ചെയ്യും.

Sunday, June 24, 2012

വലയില്‍ വീഴ്ത്താന്‍ കുതന്ത്രങ്ങള്‍


പൊട്ടാന്‍ വെമ്പുന്ന ചിട്ടികള്‍

നാടുമുഴുവന്‍ ബ്രാഞ്ചുകളുണ്ടായിട്ടും പൊളിഞ്ഞുപോയ കമ്പനികളുണ്ട്. തട്ടിപ്പിന് ഇവര്‍ക്കെതിരെ കേസുണ്ട്. ചില നടത്തിപ്പുകാര്‍ അഴിയെണ്ണുന്നുമുണ്ട്. പക്ഷേ, ബാക്കി ജീവനക്കാര്‍ എവിടെപ്പോയി. ജീവിതം അവസാനിപ്പിച്ചോ. ഇല്ല. അവരാണ് പല ചിട്ടിക്കമ്പനികളുടെയും മര്‍മസ്ഥാനങ്ങളില്‍ ഇരിക്കുന്നത്.

ഇടക്കിടെ ചിട്ടി പൊളിയുന്നതില്‍ നിന്ന് ജനം ഒന്നും പഠിക്കുന്നില്ല. അതിന്റെ തെളിവാണല്ലോ പുതിയ കമ്പനികള്‍ പെരുകുന്നതും അവിടെ പണം കുമിഞ്ഞുകൂടുന്നതും. പക്ഷേ, ഇതില്‍നിന്ന് ചിട്ടി നടത്തിപ്പുകാര്‍ പലതും പഠിക്കുന്നുണ്ട്. അങ്ങനെയാണ് പുതിയ രീതിയിലുള്ള തട്ടിപ്പുകള്‍ പിറവിയെടുക്കുന്നത്. ആയിരക്കണക്കിന് ചിട്ടിക്കമ്പനികളുള്ളതിനാല്‍ ജനത്തെ ആകര്‍ഷിക്കാനാണ് പ്രയാസം. അതുകൊണ്ടുതന്നെ ഈ വിഷയത്തിലാണ് തട്ടിപ്പുകാര്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ളത്. രണ്ടാമത്തെ തവണതന്നെ കുറി തരാമെന്ന് വ്യാമോഹിപ്പിച്ചായിരിക്കും മിക്ക ഏജന്റുമാരും കുറിയില്‍ ചേര്‍ക്കുക. പക്ഷേ, നാലാംതവണ അടച്ചശേഷമേ മിക്ക കമ്പനികളും കുറി തരുന്നതിനെക്കുറിച്ച് ആലോചിക്കൂ. കാരണം, ഇത്രയും പണം കിട്ടിയാലേ തിരിമറികള്‍ സാധ്യമാകൂ. കുറിയടിച്ചാലും അടുത്ത നറുക്കിന് ശേഷമേ പണംകിട്ടൂ. മാസക്കുറിയാണെങ്കില്‍ ഒരു മാസവും പൂവല്‍ കുറിയാണെങ്കില്‍ നാലു മാസവും കാത്തിരിക്കണം. നേരത്തേ കിട്ടണമെങ്കില്‍ കമ്പനിക്ക് അത്രയും ദിവസത്തെ നല്‍കണം. കമ്പനിയുടേതല്ലാത്ത പണത്തിന് എന്തിനാണ് പലിശ കൊടുക്കുന്നതെന്നും വരിക്കാര്‍ നാലു തവണയടച്ച പണം കമ്പനിയിലിരിക്കെ കുറിയടിച്ചാല്‍ ഉടന്‍ പണം തരാന്‍ എന്താണ് തടസ്സമെന്നും വരിക്കാരന്‍ പോലും ചോദിച്ചതായി കേട്ടിട്ടില്ല.

ബാങ്ക് വായ്പയുമായി താരതമ്യപ്പെടുത്തലാണ് ജനത്തെ ആകര്‍ഷിക്കാനുള്ള മറ്റൊരു തന്ത്രം. വായ്പക്ക് ബാങ്കിനെ സമീപിക്കുമ്പോള്‍ ഉണ്ടാകുന്ന നൂലാമാലകള്‍ കുറിക്കമ്പനികളില്‍ ഉണ്ടാകുന്നില്ലെന്നാണ് ഒരു അവകാശ വാദം. ഇത് തെറ്റാണ്. നൂറുപേര്‍ വേണ്ടത്ര ഈടുമായി ബാങ്കിനെ സമീപിച്ചാല്‍ അവര്‍ക്കെല്ലാം വായ്പ കിട്ടും. പക്ഷേ, ഇത്രയും പേര്‍ ഒന്നിച്ച് കുറിക്കമ്പനിയില്‍ ചെന്നാല്‍ കുറികിട്ടുമോയെന്ന ചോദ്യത്തിന് മറുപടിയില്ല. ലേലവുമില്ല നറുക്കുമില്ല ആവശ്യമുള്ളപ്പോള്‍ പണം നല്‍കാമെന്നാണ് മധ്യകേരളത്തിലെ ഒരു ചിട്ടിക്കമ്പനി നല്‍കുന്ന പരസ്യം. പക്ഷേ, ഇങ്ങനെ പണം നല്‍കുന്നതിന് ചിട്ടിയെന്നല്ല ബ്ലേഡ് എന്നാണ് സാധാരണ പറയാറ്.

ഒരു ചിട്ടിയില്‍ ഒരു മാസം ഒരാള്‍ക്ക് മാത്രമാണ് പണം കിട്ടുക. അത് നറുക്കാകാം ലേലമാകാം. ഏറ്റവും താഴ്ത്തി വിളിക്കുന്നത് ആരായിരിക്കുമെന്ന് മുന്‍കൂട്ടി അറിയാത്തതിനാല്‍ വട്ടമെത്തുന്നതിന് മുമ്പ് എങ്ങനെ പണം കിട്ടുമെന്ന് ഉറപ്പിക്കാനാവും! മാത്രമല്ല, നിയമാനുസൃതം താഴ്ത്തിവിളിക്കാവുന്ന പരിധി 60 ശതമാനമാണ്. ഇത് കഴിഞ്ഞാല്‍ നറുക്കിലേക്ക് പോവുകയാണ് ചെയ്യുക. തെറ്റിദ്ധരിപ്പിക്കും വിധം ഇത്തരത്തില്‍ പരസ്യം ചെയ്യുന്നത് കോമ്പറ്റീഷന്‍ ആക്ട് പ്രകാരം കുറ്റകരമാണ്. നല്ല വക്കീല്‍ കേസെടുത്താല്‍ പരസ്യമിട്ട പ്രസിദ്ധീകരണമടക്കം കോടതി കയറേണ്ടിവരും.

നറുക്കെടുപ്പിലൂടെയാണല്ലോ ചിട്ടി കിട്ടുക. അപ്പോള്‍ നല്ല ഭാഗ്യം വേണം. ചിട്ടിക്കൊപ്പം ലോട്ടറി കൂടിയുണ്ടെങ്കില്‍ ഒരു ഭാഗ്യത്തിന് രണ്ട് നറുക്ക് കിട്ടുമോ. 2008 നവംബറില്‍ ഹിമവര്‍ഷ കുറിക്കമ്പനി ഈ വിധത്തിലാണ് ചിന്തിച്ചത്. ഉടന്‍ പരസ്യവും വന്നു. ഫരീദാബാദിലും ബ്രാഞ്ചുള്ള തൃശൂരിലെ ഹിമവര്‍ഷ കുറീസ് ജമ്മു ബ്രാഞ്ചില്‍ നിന്ന് കേരളസംസ്ഥാന ഭാഗ്യക്കുറിയുമായി കൈകോര്‍ത്ത് ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കുന്ന നിക്ഷേപ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. പേര് ഭാഗ്യവര്‍ഷ. കുറിയോടൊപ്പം 50 പേരടങ്ങുന്ന ഗ്രൂപ്പിന് ആഴ്ചയില്‍ 250ഉം വര്‍ഷത്തില്‍ 12,500ഉം സൗജന്യ ഭാഗ്യക്കുറി പരീക്ഷണം ഉണ്ടായിരിക്കും. സമ്മാനത്തുക 50 പേര്‍ക്ക് വീതിക്കും.

പക്ഷേ, ഹിമവര്‍ഷക്കു വേണ്ടത്ര ഭാഗ്യമില്ലാതെ പോയി. കെട്ടിലും മട്ടിലും തനി സര്‍ക്കാര്‍ ഛായ കണ്ട ഊരകത്തെ അഡ്വ. പി. പ്രമോദ് വിവരാവകാശ നിയമപ്രകാരം ലോട്ടറി വകുപ്പിനോട് ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ തേടി. ഇങ്ങനെയൊരു പദ്ധതിയില്ലെന്നും ഹിമവര്‍ഷ കുറീസിനെ അറിയുകപോലുമില്ലെന്നും അവിടെനിന്ന് മറുപടി വന്നു. പ്രശ്നം കോടതി കയറിയതോടെ കുറച്ചു പേര്‍ രക്ഷപ്പെട്ടു.

ഇത്രത്തോളം വരില്ലെങ്കിലും കാറും സ്വര്‍ണനാണയങ്ങളും നറുക്കിട്ട് നല്‍കുമെന്ന് പറഞ്ഞ് വരിക്കാരെ ചേര്‍ക്കുന്നത് ഇപ്പോള്‍ വ്യാപകമാണ്. ഇത് പ്രൈസ് ചിറ്റ്സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ ബാനിങ് ആക്ടിന് വിരുദ്ധമാണ്. ഈ നിയമമനുസരിച്ച് വ്യക്തിയോ കമ്പനിയോ ഇത്തരം കുറികള്‍ നടത്താന്‍ പാടില്ല. മാത്രമല്ല ഇത്തരം വാഗ്ദാനം നടത്തുകയോ നോട്ടീസ് അച്ചടിക്കുകയോ ഇത്തരം കുറി നടത്താന്‍ ഏതെങ്കിലും സ്ഥലം ഉപയോഗിക്കുകയോ ചെയ്യാന്‍ പാടില്ല. ഇത് ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസിന് സ്വമേധയാ കേസെടുക്കാം. എന്നാല്‍, കോടതികളില്‍ നിന്ന് അയച്ചുകൊടുക്കുന്ന പരാതികളില്‍പോലും നടപടിയുണ്ടാവാറില്ല. 2002(3) കെ.എല്‍.ടി 530 വിജയലക്ഷ്മി വെഴ്സസ് തോമസ് എന്ന കേസില്‍ പ്രൈസ് ചിറ്റ്സ് സംബന്ധിച്ച് പൊലീസ് കേസ് എടുക്കാത്തതിനെയും എടുത്ത കേസുകള്‍ റഫര്‍ചെയ്യുന്നതിനെയും കേരള ഹൈകോടതി വിമര്‍ശിച്ചിരുന്നു. ഫോര്‍മാന് ലഭിക്കുന്ന കമീഷനില്‍നിന്ന് വരിക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതിന് വിലക്കില്ല. അതേസമയം, ഒരേതുക അടക്കുന്ന വരിക്കാരില്‍ ചിലരെ ഭാഗ്യത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത് ഭൂരിപക്ഷം വരിക്കാരുടെ പണം ഉപയോഗിച്ച് സമ്മാനങ്ങള്‍ നല്‍കുന്നത് ചൂഷണമാണെന്ന നിഗമനത്തിലാണ് പ്രൈസ് ചിറ്റുകള്‍ നിരോധിച്ചത്. ഒരു കുറിയിലെ എല്ലാ വരിക്കാര്‍ക്കും ഒരുപോലെ സമ്മാനം കിട്ടുന്നില്ല എന്നത് നീതിയല്ല എന്നതാണ് ഈ നിയമ നിര്‍മാണത്തിന് ഇടയാക്കിയത്.

തൃശൂര്‍ മന്നാടിയാര്‍ ലൈനില്‍ പ്രവര്‍ത്തിക്കുന്ന ന്യൂമിലേനിയം കുറീസ് 2009 ഒക്ടോബര്‍ 15ന് സാഫല്യം മൂന്ന് എന്ന പേരില്‍ എട്ടു ലക്ഷം രൂപ സലയോടുകൂടി തുടങ്ങിയ ചിട്ടിക്ക് 50 ഇന്‍ഡിക കാറുകളാണ് സമ്മാനം പ്രഖ്യാപിച്ചത്. ഇതിനെതിരെയും ഇതേരീതിയില്‍ പ്രവര്‍ത്തനം നടത്തിയ ബ്രൈഡല്‍ കുറീസിനെതിരെയും കുമാരനല്ലൂര്‍ ധനശ്രീ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ നല്‍കിയ ഹരജി ഇപ്പോള്‍ തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. പൂരം കുറീസാകട്ടെ വിവിധ കുറികളില്‍ ചേരുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ 10 കിലോ സ്വര്‍ണം, കാര്‍, സ്കൂട്ടര്‍ എന്നിവയൊക്കെ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനെതിരായ പരാതി തൃശൂര്‍ മുന്‍സിഫ് കോടതിയും പരിഗണിക്കുന്നുണ്ട്.

ഇത്തരം സമ്മാനങ്ങളുടെ നറുക്കെടുപ്പിലുമുണ്ട് തിരിമറികള്‍. ചിട്ടി നറുക്കെടുക്കുന്ന ദിവസമായായിരിക്കില്ല മിക്കവാറും കമ്പനികള്‍ സമ്മാനങ്ങളുടെ നറുക്കെടുക്കുക. അത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കും. സമ്മാനമടിച്ചത് ആര്‍ക്കാണെന്ന് പിന്നെ ആരുമറിയില്ലെന്ന് മാത്രം. ഒരോ ചിട്ടിക്കും എത്ര ഡിവിഷനുണ്ടോ അത്രയും വരിക്കാരെ ഉള്‍പ്പെടുത്തിയാകും നറുക്കിടുക. മിക്കവാറും അത് മുതലാളിക്കുതന്നെ കിട്ടുകയാണ് പതിവ്. 

ഏവരും ബഹുമാനിക്കുന്ന വൈദികരെ മുന്നില്‍ നിര്‍ത്തുകയാണ് ചിട്ടിക്കമ്പനികളുടെ മറ്റൊരു തന്ത്രം. ചേര്‍പ്പിലെ പാരിഷ് ചിട്ടിക്കമ്പനിയും കുറിക്കമ്പനിയിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നവകാശപ്പെടുന്ന ഒല്ലൂര്‍ സാധു സംരക്ഷണ സംഘവും നയിക്കുന്നത് ക്രൈസ്തവ പുരോഹിതരാണ്. നിയമവിരുദ്ധമായ പ്രൈസ് ചിട്ടി നടത്തിയതിന് ഇവര്‍ ഇരുവരും നിയമനടപടി നേരിടുന്നുമുണ്ട്. എന്നാല്‍, കോട്ടയം ജില്ലയില്‍ ഏതാനുംമാസം മുമ്പ് തുടങ്ങിയ ചിട്ടി സ്ഥാപനത്തിന് ചുക്കാന്‍ പിടിക്കുന്ന വൈദികന്‍ സകല ബ്ലേഡുകാരെയും കടത്തിവെട്ടിക്കളഞ്ഞു. ഫരീദാബാദിനോടാണ് ഈ കമ്പനിക്കും കൂറ്. 25,15,10 ലക്ഷത്തിന്റെ 180 മാസം അടവുകളുള്ള ചിട്ടിയാണ് തുടങ്ങിയത്. പക്ഷേ, ആദ്യത്തെ രണ്ടുമാസം വരിക്കാര്‍ അടക്കുന്ന പണം സ്ഥാപനമെടുക്കുമെന്നാണ് ഇദ്ദേഹം ഉണ്ടാക്കിയിരിക്കുന്ന നിയമം. ഇതൊക്കെ മാറ്റി നിര്‍ത്തിയാല്‍ അധ്യാപകര്‍ക്കും ബാങ്ക് ജീവനക്കാര്‍ക്കും അതത് പ്രദേശങ്ങളിലുള്ള വിശ്വാസ്യതയാണ് ചിട്ടിക്കമ്പനികള്‍ വരിക്കാരെ ചേര്‍ക്കാന്‍ ഉപയോഗിക്കാറ്. പക്ഷേ, വയനാട്ടിലും മറ്റും ചിട്ടി തട്ടിപ്പ് നടത്തി കോടികളുമായി മുങ്ങിയ ശ്രീകോവില്‍ ചിട്ടി കമ്പനിയുടമ സന്തോഷ്കുമാര്‍ രാജസ്ഥാനിലെ ജയ്പൂര്‍ വൈശാലി നഗറില്‍ വരിക്കാരെ കണ്ടെത്താന്‍ നൂതനമായ മാര്‍ഗമാണ് സ്വീകരിച്ചത്. ഗോകുലം ചിട്ടി ഉടമ ഗോകുലം ഗോപാലന്റെ സഹോദരീ പുത്രനാണെന്ന് കാണുന്നവരോടൊക്കെ തട്ടിവിട്ടു. കളി കഴിഞ്ഞപ്പോള്‍ ജയ്പൂര്‍ മലയാളികള്‍ക്ക് നഷ്ടം മൂന്നുകോടി രൂപ.

മുമ്പ് പണം തട്ടിയതിന് കേസിന്‍മേല്‍ കേസുമായി പാപ്പര്‍ ഹരജിവരെ കൊടുക്കേണ്ടിവന്ന ഒരു വിരുതന്റെ ചിട്ടിക്കമ്പനിയുണ്ട് കോട്ടയത്ത്. ഇയാളുടെ മുഖ്യ ആയുധം വ്യാജ പത്രപ്രവര്‍ത്തകരാണ്. നിലവിലുണ്ടോ ഇല്ലയോ എന്ന് ഉടമകള്‍ക്ക് തന്നെ നിശ്ചയമില്ലാത്ത ഒരു പത്രത്തിന്റെ ജില്ലാലേഖകനെ കൂട്ടുപിടിച്ചാണ് ഇയാള്‍ കച്ചവടം കൊഴുപ്പിക്കുന്നത്. പത്രപ്രവര്‍ത്തനത്തിന്റെ മറവില്‍ പരസ്യ ഏജന്‍സിയടക്കം പലകച്ചവടങ്ങളും ചെയ്യുന്ന ഇയാള്‍ക്ക് ചിട്ടിക്കമ്പനിയുടെ മുഴുവന്‍ പരസ്യങ്ങളുടെയും ചുമതല ഏല്‍പിച്ചുകൊടുത്തു.
അഞ്ചു പൈസ വരുമാനമില്ലാതെ ചരടുപൊട്ടിയ പട്ടംപോലെ നട്ടംതിരിഞ്ഞിരുന്നയാള്‍ ഈ വാഗ്ദാനത്തില്‍ തലയടിച്ചുവീണു. പക്ഷേ, കാര്യത്തോടടുത്തപ്പോള്‍ ഒരുകുഴപ്പം. ചെയ്യുന്ന പരസ്യത്തിന് പകുതിയേ പണം കൊടുക്കൂ. ബാക്കി പണം കിട്ടണമെങ്കില്‍ ചിട്ടിക്കാരന്‍ പറയുന്നതൊക്കെ ചെയ്യണം. പത്രപ്രവര്‍ത്തകന്റെ സ്വാധീനം പൊലീസ് സ്റ്റേഷന്‍ മുതല്‍ മന്ത്രി തലംവരെ ചിട്ടി നടത്തിപ്പുകാരന്‍ ഉപയോഗിക്കുന്നുമുണ്ട്. ഇനി ഏതെങ്കിലും പത്രപ്രവര്‍ത്തകന്‍ ചിട്ടിക്കാരന്റെ കൊള്ളരുതായ്മകളെക്കുറിച്ച് ചികഞ്ഞുവെന്നിരിക്കട്ടെ. ഉടന്‍ 'ജില്ലാ ലേഖക'ന്റെ വിളിവരും. ഉപദ്രവിക്കരുത് എനിക്കും ജീവിക്കണമെന്നു പറഞ്ഞ് കരയും. അതോടെ സഹപ്രവര്‍ത്തകര്‍ക്കും മനസ്സലിയും. തട്ടിപ്പുകള്‍ മാഞ്ഞുപോകാന്‍ വേറെ കാരണം വേണോ. ഇപ്പോള്‍ ചിട്ടിയും കൊഴുത്തു പരസ്യക്കമ്പനിയും കൊഴുത്തു. രണ്ടിന്റെയും ഇടപാടുകാര്‍ മാത്രമാണ് മെലിയുന്നത്.

ചിറകൊടിഞ്ഞ വ്യോമ മേഖല


പ്രതിസന്ധികളെ സ്നേഹിക്കുന്നവനാണു താനെന്നു കോര്‍പ്പറേറ്റ് ലോകത്തെ ഗ്ലാമര്‍ താരം വിജയ് മല്യ മുന്‍പു മൊഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഗുഡ് ടൈംസിന്‍റെ ഈ കിങ് ഇപ്പോള്‍ നിരാശയിലാണത്രെ! 

ചെലവു കുറഞ്ഞ സര്‍വീസിലൂടെ ജനസേവനം നടത്തിയ മല്യയുടെ വിമാനക്കമ്പനി കിങ്ഫിഷര്‍ പാപ്പരായതു ഫോര്‍മുല വണ്‍ വേഗത്തിലാണ്. എന്നാല്‍ ഇതൊന്നും തന്‍റെ കുഴപ്പമല്ല, വ്യവസ്ഥിതിയുടെ പ്രശ്നങ്ങളാണെന്നാണ് ഈ മദ്യരാജാവിന്‍റെ അഭിപ്രായം. ഒരു പരിധിവരെ അതു ശരിയുമാണ്. ഇന്ത്യയുടെ ആകാശ സീമകള്‍ക്കകത്തു പ്രതിസന്ധികളുടെ കാര്‍മുകില്‍ ഒഴിയുന്നില്ല. ഒന്നിനു പിറകേ ഒന്നായി അതു വീണ്ടും വീണ്ടും ഉരുണ്ടു കൂടുന്നു. അതാവും മല്യയുടെ ഈ കണ്ണീര്‍മഴയ്ക്കു കാരണം.

ജീവനക്കാരുടെ സമരങ്ങള്‍, ടിക്കറ്റ് നിരക്കു വര്‍ധന, യാത്രക്കാരുടെ കുറവ് എന്നിവയൊക്കെ ഇന്ത്യന്‍ വ്യോമ മേഖലയില്‍ തുടര്‍ക്കഥയാകുന്നു. പരിഹാരം മാത്രം അകലെ. സെന്‍റര്‍ ഫൊര്‍ ഏഷ്യാ പസഫിക് ഏവിയേഷന്‍റെ കണക്കു പ്രകാരം പ്രധാന വിമാനക്കമ്പനികളായ ജെറ്റ് ഗ്രൂപ്പ്, എയര്‍ ഇന്ത്യ, കിങ്ഫിഷര്‍, സ്പൈസ് ജെറ്റ് എന്നിവയുടെ ബാധ്യത 1.2 ലക്ഷം കോടിയാണ്. സെപ്റ്റംബര്‍ 30വരെയുള്ള കണക്ക് അനുസരിച്ചു സാമ്പത്തിക നഷ്ടം 38,000 കോടിയും. 70,000 കോടിയാണ് ഈ കമ്പനികള്‍ ബാങ്കുകള്‍ക്കു നല്‍കാനുള്ളത്. ഇന്ത്യന്‍ വിമാനക്കമ്പനികളുടെ സാമ്പത്തിക സ്ഥിതി ഈ കണക്കുകളില്‍ വ്യക്തം. വെള്ളാനയായ എയര്‍ ഇന്ത്യ പറക്കുന്നതു സര്‍ക്കാരിന്‍റെ കൈത്താങ്ങ് ഇടയ്ക്കിടെ ലഭിക്കുന്നതു കൊണ്ടു മാത്രമാണ്. കിങ്ഫിഷറിന്‍റെ മുക്കാല്‍ പങ്കു വിമാനങ്ങളും നിലത്തിറങ്ങിയിട്ടു മാസങ്ങളായി. എയര്‍ ഇന്ത്യാ ജീവനക്കാരുടെ സമരം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യോമയാന മന്ത്രി അജിത് സിങ്ങിനു കഴിയുന്നുമില്ല. 

വിമാനക്കമ്പനികളില്‍ വിദേശ നിക്ഷേപം വരുമെന്ന മല്യയുടെയും സര്‍ക്കാരിന്‍റെയും മോഹം സംബന്ധിച്ച് ഇനിയും വ്യക്തതയില്ല. വിദേശ നിക്ഷേപം പാടില്ലെന്ന നിലപാടില്‍ യുപിഎ ഘടക കക്ഷി തൃണമൂല്‍ കോണ്‍ഗ്രസ് ഉറച്ചു നിന്നതോടെ വിമാനക്കമ്പനികളിലെ വിദേശ നിക്ഷേപത്തിനുള്ള അനുമതി വൈകുമെന്നുറപ്പായി. തൃണമൂല്‍ മേധാവി മമത ബാനര്‍ജിയുമായി വ്യോമയാന മന്ത്രി അജിത് സിങ് രണ്ടു പ്രാവശ്യം ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നത്തിനു പരിഹാരമുണ്ടായില്ല. ആഭ്യന്തര വിമാനക്കമ്പനികളുടെ 49% ഓഹരി വിദേശ കമ്പനികള്‍ക്കു വാങ്ങാന്‍ അനുമതി നല്‍കാനാണു വാണിജ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശം. ധനമന്ത്രാലയവും വ്യോമയാന മന്ത്രാലയവും ഈ നിര്‍ദേശത്തിനു പച്ചക്കൊടി കാട്ടിയിട്ടുണ്ട്.ഡിപ്പാര്‍ട്ട്മെന്‍റ് ഒഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ ക്യാബിനറ്റ് നോട്ട് തയറാക്കിയിട്ടുമുണ്ട്. എന്നാല്‍ മമത എതിര്‍പ്പ് അറിയിച്ചതോടെ അനുമതി നല്‍കുന്നതു നീട്ടിവച്ചു.

വ്യോമമേഖലയില്‍ വിദേശ നിക്ഷേപത്തിന് അനുമതിയുണ്ടെങ്കിലും വിമാനക്കമ്പനികളില്‍ ഇതില്ല. എഫ്ഡിഐ അനുമതി ലഭിച്ചാല്‍ സാമ്പത്തിക പ്രതിസന്ധിയിലായ കിങ്ഫിഷര്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്കു ഗുണകരമാകും. അതാണു മല്യയും സ്വപ്നം കാണുന്നത്. എന്നാല്‍ 49 ശതമാനം വിദേശ നിക്ഷേപം എന്നതില്‍ നിന്നു സര്‍ക്കാര്‍ പിന്നാക്കം പോയതായാണ് ഇപ്പോഴത്തെ സൂചന. കാരണം ഈ നീക്കത്തിനു നിയമ തടസമുണ്ടെന്ന് അജിത് സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സെബിയുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തേണ്ടി വരുമെന്നതിനാല്‍ ഇതു പ്രയാസകരമാണത്രെ. 

എന്നാല്‍ ഇതൊന്നുമല്ലത്രെ കാരണം. എഫ്ഡിഐ അനുവദിക്കുന്നുവെന്നു കേട്ടപ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉണ്ടായത്ര ആവേശം വിദേശ കമ്പനികള്‍ക്കുണ്ടായില്ല. കാരണം ഇന്ത്യയിലെ വ്യോമയാത്രാ ബിസിനസ് അത്ര ലാഭകരമല്ല എന്നതു തന്നെ. അയാട്ടയുടെ കണക്ക് അനുസരിച്ച് ഓസ്ട്രേലിയ, ക്യാനഡ, ചൈന, ബ്രിട്ടന്‍, യുഎസ് എന്നീ രാജ്യങ്ങളിലേതിനെ അപേക്ഷിച്ചു ടിക്കറ്റ് നിരക്ക് 13 മുതല്‍ 280 വരെ ശതമാനം കുറവാണ് ഇവിടെ. അമെരിക്കക്കാരന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഇന്ത്യക്കാരന്‍ 10 വര്‍ഷത്തിലൊരിക്കലാണു വിമാനത്തില്‍ കയറുന്നത്. പ്രതിസന്ധികളില്‍ നട്ടം തിരിയുന്ന ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കു വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയാറാകാനും സാധ്യതയില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വ്യോമമേഖലയില്‍ മുതലിറക്കാന്‍ ആഗോള കമ്പനികള്‍ തയാറാകുമോ? ലുഫ്താന്‍സ, ബ്രിട്ടിഷ് എയര്‍വേയ്സ്, ഇത്തിഹാദ് എന്നിവ ആദ്യം താത്പര്യം പ്രകടിപ്പിച്ചെങ്കിലും ചര്‍ച്ച സജീവമായപ്പോള്‍ ഈ കമ്പനികള്‍ മുങ്ങി. സ്പൈസ് ജെറ്റിന്‍റെയും കിങ്ഫിഷറിന്‍റെയും ഓഹരി വാങ്ങാനാണു കമ്പനികളില്‍ പലതും താത്പര്യം കാണിച്ചത്. 

ഇന്ത്യയില്‍ മധ്യവര്‍ഗ ജനസംഖ്യയുടെ അഭൂതപൂര്‍വമായ വളര്‍ച്ച കണക്കിലെടുത്താണു പല കമ്പനികളും ഓഹരി വാങ്ങാന്‍ തയാറെടുത്തിരുന്നത്. എന്നാല്‍ പഠനങ്ങള്‍ നടത്തിയതോടെ ആഗോള വിമാനക്കമ്പനികള്‍ നിരാശയിലായി. വിമാന ഇന്ധനമായ ജെറ്റ് ഫ്യുവലിന്‍റെ ഉയര്‍ന്ന വിലയും വിമാനത്താവളങ്ങള്‍ ഈടാക്കുന്ന ഉയര്‍ന്ന നിരക്കും ഇന്ത്യയില്‍ പ്രതിസന്ധിയാണ്. ലോകത്ത് തന്നെ വിമാന ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യമാണ് ഇന്ത്യയെന്നു കമ്പനികള്‍ ആരോപിക്കുന്നു. വിദേശ നിക്ഷേപം അനുവദിക്കുന്നതു സുരക്ഷാ പ്രശ്നങ്ങള്‍ക്കു കാരണമാകുമെന്ന ആശങ്ക നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. വിവിധ മന്ത്രാലയങ്ങള്‍ ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നത രേഖപ്പെടുത്തുകയും ചെയ്തു. വിദേശ നിക്ഷേപം അനുവദിക്കുന്നതു ഫോറിന്‍ ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ബോര്‍ഡ് വഴിയാകണമെന്ന പോംവഴിയാണു സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

17 ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുന്ന മേഖലയാണ് ഇന്ത്യന്‍ വ്യോമയാനം. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ 0.5% സംഭാവന ഈ മേഖലയില്‍ നിന്നാണ്. എയര്‍ ടിക്കറ്റിന് 12.36% സേവന നികുതിയാണ് ഇന്ത്യയില്‍. എടിഎഫിന് 8.24% എക്സൈസ് തീരുവ. സംസ്ഥാനങ്ങള്‍ ചുമത്തുന്നത് 30 ശതമാനത്തിലേറെ നികുതി. മൊത്തം ചെലവിന്‍റെ 50 ശതമാനത്തിലധികം വിമാനക്കമ്പനികള്‍ ഇന്ധനത്തിനു വേണ്ടി മാറ്റിവയ്ക്കുന്നു. ആഗോള തലത്തില്‍ ഇത് 34% മാത്രം. തീരുവ കുറയ്ക്കാതെ പിടിച്ചുനില്‍ക്കാനാകില്ലെന്ന് ഇതില്‍ നിന്നു വ്യക്തം. ലോകത്തെ ഏറ്റവും ചെലവേറിയ വിമാനത്താവളമാണു ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. അവിടത്തെ യൂസര്‍ ഫീ 346% വര്‍ധിപ്പിക്കാനാണു കഴിഞ്ഞ വര്‍ഷം എയര്‍പോര്‍ട്സ് ഇക്കണോമിക് റെഗുലേറ്ററി അഥോറിറ്റി അനുമതി നല്‍കിയത്. ഇതോടെ യാത്രക്കാരുടെ എണ്ണത്തില്‍ ഏഴു മുതല്‍ 10.5% വരെ ഇടിവുണ്ടായി. മറ്റ് ഏവിയേഷന്‍ ഹബ്ബുകളായ ബീജിങ്, സിംഗപ്പുര്‍, ബാങ്കോക്ക്, ദുബായ് എന്നിവിടങ്ങളില്‍ നിരക്കുകള്‍ താരതമ്യേന കുറവാണ്.

അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ അഭാവമാണു മേഖലയിലെ മറ്റൊരു പ്രശ്നം. 2014ല്‍ നവി മുംബൈ രാജ്യാന്തര നിലവാരം കൈവരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇതുവരെ നിര്‍മാണം തുടങ്ങിയിട്ടില്ല. അടിസ്ഥാന പ്രശ്നങ്ങള്‍ പോലും പരിഹരിക്കാതെ വിദേശ നിക്ഷേപം മോഹിക്കുന്നതില്‍ കാര്യമില്ലെന്നാണു വ്യോമയാന മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. ക്രിയാത്മക നടപടികള്‍ ഇച്ഛാശക്തിയോടെ സ്വീകരിക്കുകയാണു വേണ്ടത്. 

Saturday, June 23, 2012

നായരുടെ സമദൂരം ബി ജെ പിക്കൊപ്പം


നായരുടെ കോപം യു ഡി എഫിനോട് കടുത്ത ശത്രുതയുള്ളതുകൊണ്ടൊന്നുമല്ല, മറിച്ച് നന്നാകുന്നെങ്കില്‍ നന്നാകട്ടെ എന്നു കരുതി പറയുന്നുവെന്ന് മാത്രം. കേള്‍ക്കേണ്ടവര്‍ക്ക് കേള്‍ക്കാം, തള്ളേണ്ടവര്‍ക്ക് തള്ളാം. എല്‍ ഡി എഫ് സര്‍ക്കാരിനോട് ഇങ്ങനെയെന്തെങ്കിലും പറയാന്‍ പെരുന്നയില്‍ നിന്നാരും ഇതുവരെ പോയിട്ടില്ല. പറയേണ്ടത് പറയുക യു ഡി എഫിനോടും കോണ്‍ഗ്രസിനോടുമാണ്. പേരിനെങ്കിലും മാനിക്കുന്നത് അവര്‍ മാത്രമാണല്ലോ!
കാലാകാലങ്ങളായി യു ഡി എഫില്‍ നായന്മാര്‍ക്കുണ്ടായിരുന്ന പ്രാമാണിത്വം നഷ്ടപ്പെട്ടതിലുള്ള കുണ്ഠിതം മാത്രമാണ് സുകുമാരന്‍നായരുടെ ഭള്ളുപറച്ചിലിന് പിന്നിലെന്ന് കരുതിയാലും തെറ്റില്ല. മുസ്ലീം ലീഗിന് അഞ്ചാംമന്ത്രി വന്ന അന്ന് തെറ്റിയതാണ് സുകുമാരന്‍ നായരുടെ സമനില. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തരം കൊടുത്തിട്ടും വി എസ് ശിവകുമാറിന് ആരോഗ്യം കൊടുത്തിട്ടും നായരുടെ മനോവിഷമം തീര്‍ന്നില്ല. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് സമയത്തും, തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴും പറഞ്ഞ അതേ വാക്കുകളില്‍ ഇപ്പോഴും അദ്ദേഹം ഉറച്ചുനില്‍ക്കുകയാണ്. അതായത്. നായന്മാര്‍ക്കൊന്നും കിട്ടുന്നില്ല, നായരുടെ വാക്കുകള്‍ക്കാരും വില കല്‍പ്പിക്കുന്നില്ല.
നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിലെ യു ഡി എഫ് വിജയം രാഷ്ട്രീയ വിജയമല്ലെന്നാണ് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ പുതിയ വാദം. രാഷ്ട്രീയവിജയം എന്നൊക്കെ യു ഡി എഫ് പറഞ്ഞാലും നെയ്യാറ്റിന്‍കരയില്‍ സാമുദായിക ചേരിതിരിവിലൂടെയാണ് വിജയം നേടിയതെന്നും അദ്ദേഹം സമുദായത്തിന്റെ 2012-2013 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരണം കഴിഞ്ഞ് നടത്തിയ പത്രസമ്മേളനത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു.
ഈ പത്രസമ്മേളത്തില്‍ ഒരു വെടികൂടി സുകുമാരന്‍ നായര്‍ പൊട്ടിച്ചു. ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് എന്‍ എസ് എസ് സമദൂര നിലപാട് സ്വീകരിക്കുന്നതെന്ന കാര്യം. എന്‍ എസ് എസ് സമദൂരനിലപാട് സ്വീകരിച്ചതിന്റെ ഗുണം കിട്ടിയത് ബി ജെ പിക്കാണോ കോണ്‍ഗ്രസിനാണോ എന്ന കാര്യം അദ്ദേഹം അറിയാതെയെങ്കിലും വെളിപ്പെടുത്തുകയും ചെയ്തു. അത് ഇപ്രകാരമായിരുന്നു; ''അഞ്ചാം മന്ത്രി വിഷയം നെയ്യാറ്റിന്‍കരയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതാണ് ബി ജെ പിക്ക് അവിടെ വോട്ട് കൂടുതല്‍ കിട്ടാന്‍ കാരണം. യു ഡി എഫിന് കിട്ടേണ്ട വോട്ടാണ് ബി ജെ പി നേടിയത്. മന്ത്രിസഭയിലെ അസന്തുലിതാവസ്ഥ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. അഞ്ചാം മന്ത്രി കോണ്‍ഗ്രസിന്റെ നാശത്തിനാണ്''.
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുകുറഞ്ഞതില്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ വക പുതിയൊരു കണ്ടുപിടുത്തവും ഉണ്ടായി. അത് ഇങ്ങനെയാണ്; ''ടി പി ചന്ദ്രശേഖരന്‍ വധമാണ് എല്‍ ഡി എഫിന്റെ വോട്ട് കുറയാന്‍ കാരണം''.
സമസ്ത കേരള നായന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നതിന് ഉത്തമ ഉദാഹരണവും അദ്ദേഹം എടുത്തുപറഞ്ഞു. ''ബാലകൃഷ്ണപിള്ള-ഗണേഷ്‌കുമാര്‍ പ്രശ്‌നത്തില്‍ അങ്ങേയറ്റം വഞ്ചനാപരമായ നിലപാടാണ് കോണ്‍ഗ്രസ് കാണിച്ചത്. അച്ഛന്‍-മകന്‍ എന്ന നിലയിലാണ് എന്‍ എസ് എസ് പ്രശ്‌നത്തിലിടപെട്ടത് (പരിഹാരമുണ്ടായില്ല). ഇനി യു ഡി എഫാണ് പ്രശ്‌നം ചര്‍ച്ച ചെയ്യേണ്ടത്''.
പത്രസമ്മേളനത്തിന് മുമ്പ് നടന്ന എന്‍ എസ് എസ്സിന്റെ ബജറ്റ് അവതരണത്തില്‍പ്പോലും കോണ്‍ഗ്രസിനോടുള്ള ദേഷ്യം അദ്ദേഹത്തിന്റെ ഉള്ളില്‍ നുരഞ്ഞുപൊന്തി പുറത്തുവന്നു. ''സംസ്ഥാനത്ത് ഇപ്പോഴും സാമുദായിക അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നു. ഭൂരിപക്ഷ സമുദായക്കാരെ വിഡ്ഢികളാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സാമുദായിക അസന്തുലിതാവസ്ഥ പരിഹരിക്കാതെയാണ് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയത്. മുന്നോക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന എന്‍ എസ് എസ്സിന്റെ ആവശ്യം സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. അരനൂറ്റാണ്ടായി എന്‍ എസ് എസ് ഈ ആവശ്യം ഉന്നയിക്കുന്നു. ഭരണഘടന അനുവദിക്കുന്നില്ലെന്ന മുടന്തന്‍ ന്യായമാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഉന്നയിക്കുന്നത്''.
പെരുന്നയിലെ സ്ഥാനി നായന്മാര്‍ക്കുള്ള വിരോധം തീരാന്‍ ഒരൊറ്റ മന്ത്രമേ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയോട് ശുപാര്‍ശ ചെയ്യാനുള്ളൂ, ഇതിപ്രകാരമാണ്;
''എന്‍ എസ് എസ് എന്നുകേട്ടാല്‍ അഭിമാനപൂരിതമാകണം അന്തഃരംഗം
നായരെന്ന് കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളില്‍''

Friday, June 22, 2012

ദേശീയ പതാക സംരക്ഷിച്ചവര്‍ വീരനായകരായി


മഹരാഷ്ട്ര സെക്രട്ടേറിയറ്റ് തീപിടിത്തത്തിനിടെ ദേശീയ പതാക സംരക്ഷിച്ച ജീവനക്കാര്‍ വീരനായകരായി. സെക്രട്ടേറിയറ്റില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്‍റെ ചുമതലയുള്ള ആറു പേര്‍ക്കാണ് അഭിനന്ദന പ്രവാഹം. തീ ആളിപ്പടരുന്നതിനിടെ ജീവന്‍ പണയം വച്ചാണ് ഇവര്‍ സെക്രട്ടേറിയറ്റിന്‍റെ മുകളില്‍ നാട്ടിയ ത്രിവര്‍ണ പതാക താഴ്ത്തിയത്. തിരിച്ചിറങ്ങാനുള്ള സഹപ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും ആവശ്യം അവഗണിച്ചായിരുന്നു സാഹസം. 

സുരേഷ് ബരിയ എന്നയാളുടെ നേതൃത്വത്തില്‍ ആറംഗ സംഘം സെക്രട്ടേറിയറ്റിന്‍റെ ടെറസിലെ ക്യാബിനില്‍ ഭക്ഷണം കഴിച്ചു വിശ്രമിക്കുമ്പോഴായിരുന്നു തീപിടിത്തം. ഉച്ചയ്ക്കു 2.50 ന് പുകപടലങ്ങള്‍ ഉയര്‍ന്നതോടെ കാര്യമായ അപകടം നടന്നതായി ഇവര്‍ മനസിലാക്കി. എന്നാല്‍ രക്ഷപെടുന്നതിനേക്കാള്‍ ചുമതലാബോധം ദേശീയ പതാക സംരക്ഷിക്കുന്നതിലേക്ക് ഇവരെ നയിക്കുകയായിരുന്നു.

സമയം മുന്നോട്ടു നീങ്ങിയതോടെ തങ്ങളുടെ അന്ത്യമടുത്തതായി തോന്നിയെന്നു ബരിയ. ആരും രക്ഷപെടില്ലെന്നാണു കരുതിയത്. അതിവേഗം തീ പടരുന്നതായി താഴെയുള്ളവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നിട്ടും ക്ഷമയോടെ കാത്തിരുന്നു. രണ്ടു മണിക്കൂര്‍ കഴിഞ്ഞു മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് അറിയിപ്പു ലഭിച്ചതിനു ശേഷമാണ് അഗ്നിശമന സേനാംഗങ്ങള്‍ ഉറപ്പിച്ച ഹൈഡ്രോളിക് ലാഡറുകളിലൂടെ താഴെയെത്തിയത്. ഇവര്‍ക്കൊപ്പം മുകള്‍ നിലകളില്‍ കൂടിയ 65 പേരെക്കൂടി രക്ഷിച്ചു.

അതിനിടെ വിവരമറിഞ്ഞു സംഭവ സ്ഥലത്തെത്തിയ ബരിയയുടെ മാതാവ് ലീല മറ്റുള്ളവരുടെ നിര്‍ദേശങ്ങള്‍ പോലുമവഗണിച്ചു കെട്ടിടത്തിനടുത്തേക്കു നീങ്ങിയത് താഴെ നിന്നവരെ ആശങ്കയിലാക്കിയിരുന്നു. അഗ്നിശമന സേനാംഗങ്ങള്‍ ലാഡറുകളുമായി ഏതു ഭാഗത്താണു നിലയുറപ്പിച്ചതെന്നു മകനോടു വിളിച്ചറിയിക്കുകയായിരുന്നുവെന്നു ലീല പറഞ്ഞു. 

ഇന്നലെ 4.30 ന് ഇവര്‍ താഴെയെത്തി. വീര നായകരെ സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും അഭിനന്ദനം കൊണ്ടു പൊതിഞ്ഞു. മഹരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും ഇവരെ അനുമോദിച്ചു.

എല്ലാ ദിവസവും പുലര്‍ച്ചെ ആറുമണിക്കാണു ബരിയയും സംഘവും പതാക ഉയര്‍ത്തുന്നത്. അപകടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്കാണു പതാക ഉയര്‍ത്തിയത്.

Thursday, June 21, 2012

പട്ടാളക്യാമ്പില്‍ നിന്നെത്തിയ ക്വട്ടേഷന്‍ ഭീകരന്‍


തണ്ടും തടിമിടുക്കുമുള്ള മകനെ അച്‌ഛന്‍ പട്ടാളത്തില്‍ ചേരാന്‍ നിര്‍ബന്ധിച്ചയച്ചത്‌ മുഴുപ്പട്ടിണിയില്‍ കഴിയുന്ന കുടുംബത്തിന്‌ ഒരു അത്താണിയാകുമല്ലോ എന്നു പ്രതീക്ഷിച്ചായിരുന്നു. അത്രയ്‌ക്ക് ദാരിദ്ര്യത്തിലായിരുന്നു പാട്യം പുതിയതെരുവിലെ കാരായി വീട്ടില്‍ വേലായുധന്റെ കുടുംബം.

അച്‌ഛന്റെ ആഗ്രഹപ്രകാരം മകന്‍ പട്ടാളത്തില്‍ ചേര്‍ന്നു. നല്ലൊരു പട്ടാളക്കാരനായിത്തീരാന്‍ വീട്ടുകാര്‍ ആ പത്തൊമ്പതുകാരനെ അനുഗ്രഹിച്ചയച്ചു. ഏറെനാള്‍ കഴിയുംമുമ്പുതന്നെ മകന്‍ വീട്ടില്‍ തിരിച്ചെത്തി. പട്ടാളക്കാരനായല്ല. പട്ടാളക്യാമ്പില്‍ അക്രമമുണ്ടാക്കി ഒളിച്ചോടിയവനായി.

പാട്യം ഗ്രാമത്തിന്റേയും കണ്ണൂര്‍ ജില്ലയുടേയും ചരിത്രത്തില്‍ ഒരു കൊടുംക്രിമിനല്‍ പിറന്ന ദിവസമായിരുന്നു അത്‌. അടുത്ത കാലത്ത്‌ കേരളം മുഴുവന്‍ ഞെട്ടലോടെ കേട്ട പേരായിരുന്നു ആ ക്രിമിനലിന്റേത്‌- ടി.കെ. രജീഷ്‌.

'പട്ടിണിയും അല്‍പ്പം രാഷ്‌ട്രീയവും തലക്കുപിടിച്ചാല്‍ സാധാരണക്കാരനായ യുവാവിനെ എങ്ങനെ അറപ്പില്ലാത്ത കൊലയാളിയാക്കാമെന്നു കാട്ടിത്തരുന്നതാണ്‌ രജീഷിന്റെ ജീവിതം.

ക്രിമിനല്‍ സ്വഭാവം ചെറുപ്പം മുതല്‍തന്നെ രജീഷിന്റെ രക്‌തത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നുവെന്ന്‌ തെളിയിക്കുന്നതായിരുന്നു പട്ടാളക്യാമ്പില്‍നിന്നുള്ള ഒളിച്ചോട്ടം. പരിശീലനം പൂര്‍ത്തിയാകും മുമ്പ്‌ ക്യാംപില്‍ സഹസൈനികരുമായി ഏറ്റുമുട്ടുകയായിരുന്നു. ഹവില്‍ദാറെയാണ്‌ അടിച്ചത്‌. അതോടെ നില്‍ക്കക്കള്ളിയില്ലാതായി. ഒളിച്ചോടി.

മിലിറ്ററി പോലിസും ലോക്കല്‍ പോലീസും അന്വേഷിച്ചെത്തിയപ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍ നാട്ടില്‍ ആളുണ്ടായി. പിടിയിലാകാതിരിക്കാന്‍ ഒളിജീവിതം. ആ ജീവിതത്തിനിടയില്‍ രജീഷിന്റെ മനസിലും പെരുമാറ്റത്തിലും കാതലായ മാറ്റം വരികയായിരുന്നു. കത്തിയും കൊടുവാളുമേന്തി ആളെക്കൊല്ലിയായുള്ള പരിണാമം. കൂത്തുപറമ്പ്‌ പാട്യം പുതിയതെരുവിലെ ടി.കെ. രജീഷിന്റെ ജീവിതം സിനിമാ കഥയെ പോലും വെല്ലുന്നതായി മാറി പിന്നീട്‌.

മാതൃരാജ്യത്തിന്റെ രക്ഷയ്‌ക്കായി തോക്കേന്തേണ്ടിയിരുന്ന ആ കൈകളില്‍ ആരാണ്‌ രാഷ്‌ട്രീയ പ്രതിയോഗികളെ വെട്ടിനുറുക്കാനുള്ള കൊലക്കത്തി ഏല്‍പ്പിച്ചത്‌? ചോരകണ്ടാല്‍ ആഹ്‌ളാദിക്കുന്നവനായി എങ്ങനെയാണ്‌ ടി.കെ. രജീഷ്‌ മാറിയത്‌?

ദുരൂഹം യാത്രാവഴികള്‍

വര്‍ഷങ്ങളായി മുംബൈയിലേക്ക്‌ ചേക്കേറിയ രജീഷിന്റെ ജീവിതവും പ്രവര്‍ത്തനവും നാട്ടുകാര്‍ക്കാര്‍ക്കും അറിയില്ല. നാട്ടിലെത്തിയാല്‍ ഗമയുള്ള നടത്തം. പണത്തിനു ബുദ്ധിമുട്ടറിയാത്ത ജിവിതം. ആര്‍ക്കും പിടികൊടുക്കാത്ത. ഉള്ളുതുറന്നു സംസാരിക്കാത്ത സ്വഭാവം. നാട്ടുകാര്‍ക്ക്‌ ഇത്രയൊക്കയേ രജീഷിനെ കുറിച്ചറിയൂ.

മുഖത്ത്‌ 51 വെട്ടേറ്റ, റവലൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ അറസ്‌റ്റിലായതോടെയാണ്‌ ടി.കെ. രജീഷിന്റേത്‌ സിനിമാ കഥാപാത്രങ്ങളെ വെല്ലുന്ന ജീവിതമാണെന്നു പുറംലോകം അറിയുന്നത്‌.

പാട്യം പുതിയതെരു പട്ടേല്‍ സ്‌മാരക വായനശാല ഭാഗത്തുള്ള കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ അക്രമിച്ചുകൊണ്ടായിരുന്നു ക്രിമിനല്‍ ജീവിതത്തിന്റെ തുടക്കം. ആദ്യകാലത്ത്‌ കൊട്ടയോടി എന്ന സ്‌ഥലമായിരുന്നു രജീഷിന്റെ കേന്ദ്രം. ഇവിടുത്ത റോള്‍ പക്ഷെ എന്താണെന്നു ആര്‍ക്കുമറിയില്ല.

പണം കിട്ടുന്ന എന്തുപണിയും ചെയ്യും.

കൊലപാതക ദൗത്യം ഏറ്റെടുത്താല്‍ അതു നടപ്പാക്കിയ ശേഷമേ രജീഷ്‌ പിന്‍മാറിയിട്ടുള്ളൂവെന്നാണ്‌ പോലീസ്‌ കണ്ടെത്തിയിട്ടുള്ളത്‌. എതിരാളിയുടെ മരണം ഉറപ്പായാല്‍ മാത്രം പിന്മാറുന്നവന്‍, തെളിവുകള്‍ മായ്‌ക്കാന്‍ വിദഗ്‌ധന്‍, ബോംബ്‌ ഉപയോഗിക്കുന്നതില്‍ സമര്‍ഥന്‍. ഇതാണ്‌ ആറടിയിലേറെ പൊക്കമുള്ള രജീഷിനെക്കുറിച്ച്‌ പോലീസ്‌ തയാറാക്കിയ രേഖകളിലുള്ളത്‌. കൊടുവാള്‍ മുതല്‍ തോക്ക്‌ വരെയുള്ള ആയുധങ്ങള്‍ അനായാസേന കൈകാര്യം ചെയ്യാനറിയാം.

ഒളിവുകാലം ഉല്ലാസകാലം

കൊല നടത്തി സ്‌ഥലം വിടുന്ന ടി.കെ. നാഷണല്‍ പെര്‍മിറ്റ്‌ ലോറി ഓടിച്ചും മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, മംഗലാപുരം തുടങ്ങിയ വന്‍കിട നഗരങ്ങളില്‍ ആഡംബര ജീവിതം നയിച്ചുമാണ്‌ ഒളിവുകാലം ആസ്വദിച്ചിരുന്നത്‌. ഇക്കാലയളവില്‍ ഇവിടുത്തെ അധോലോക സംഘമായും ടി.കെ. ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചിരുന്നതായി അന്വേഷണസംഘത്തിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌.

ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിനു മാസങ്ങള്‍ക്കു മുമ്പ്‌ ഈ കേസിലെ മുഖ്യപ്രതികളായ കൊടി സുനി, അണ്ണന്‍ എന്ന സിജിത്ത്‌ എന്നിവര്‍ രജീഷുമൊത്ത്‌ കൊടൈക്കനാലില്‍ ഉല്ലാസയാത്രയ്‌ക്ക് പോയിരുന്നു. ആ സമയത്താണ്‌ കൊടി സുനി തോക്കുപയോഗിക്കാനുള്ള പരിശീലനം നേടുന്നത്‌. പരിശീലകന്‍ രജീഷ്‌ ആയിരുന്നു.

വിശ്വാസം പാര്‍ട്ടിയോളം

ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യസൂത്രധാരനെന്നു പോലീസ്‌ പറയുന്ന ടി.കെ.രജീഷ്‌ സി.പി.എം നേതൃത്വത്തിന്റെ വിശ്വസ്‌തനായാണ്‌ കരുതപ്പെടുന്നത്‌. കണ്ണൂരിലെ ഒരു ഉന്നത നേതാവിന്റെ മാനസപുത്രനായാണ്‌ പാര്‍ട്ടി കേന്ദ്രങ്ങളില്‍ പോലും അറിയപ്പെടുന്നത്‌. നേതൃത്വം ഏല്‍പ്പിക്കുന്ന എന്തും ചെയ്യാന്‍ തയാറാകുന്നയാളാണ്‌ ഇയാളെന്നാണ്‌ പോലീസ്‌ ഭാഷ്യം.

രജീഷിന്‌ മെമ്പര്‍ഷിപ്പില്ലെങ്കിലും അടുത്ത കുടുംബാംഗങ്ങളെല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ്‌. പഠനകാലത്ത്‌ രജീഷ്‌ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകനായിരുന്നു. സംഘടനയിലില്ലാത്തവരെ അടിച്ചു ഭയപ്പെടുത്തുന്നതായിരുന്നു ശീലം. 1995ല്‍ കൂത്തുപറമ്പ്‌ വെടിവെയ്‌പ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ മുതലാണ്‌ അന്ന്‌ വിദ്യാര്‍ഥിയായ രജീഷിന്റെ അക്രമവാസന പാര്‍ട്ടി തിരിച്ചറിയുന്നത്‌. തുടര്‍ന്ന്‌ പാനൂര്‍, കൂത്തുപറമ്പ്‌, മാഹി മേഖലകളില്‍ നടന്ന കലാപങ്ങളിലൊക്കെ ടി.കെ. വൈഭവം തെളിയിച്ചു. ഉന്നത നേതാക്കളുടെ താങ്ങും തണലും ആവോളം ലഭിച്ചതോടെ ഇയാളെ തൊടാന്‍ പോലിസും ഭയന്നു.

പാമ്പിന്‍ വിഷം, പുലിത്തോല്‍ കടത്ത്‌

രാഷ്‌ട്രീയ കൊലയ്‌ക്കും അക്രമങ്ങള്‍ക്കും പുറമെ പാമ്പിന്‍ വിഷവും പുലിത്തോലും കടത്തുന്നതിലും രജീഷിനു മുഖ്യപങ്കുണ്ട്‌. ഇതില്‍ കേരളത്തിനു പുറത്ത്‌ ചില കേസുകളും ഇയാള്‍ക്കെതിരെയുണ്ട്‌. ഒരിക്കല്‍ പാമ്പിന്‍വിഷം കടത്തുകേസില്‍ അകപ്പെട്ടെങ്കിലും വിദഗ്‌ദ്ധമായി രക്ഷപ്പെടുകയായിരുന്നു. പത്തുവര്‍ഷം മുന്‍പ്‌ പാമ്പിന്‍ വിഷം വില്‍ക്കുന്നതിനിടെ പിടിയിലായി രക്ഷപ്പെട്ട രജീഷിനെതിരെ ഹോസ്‌ദുര്‍ഗ്‌ ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌് കോടതി അറസ്‌റ്റ് വാറന്റ്‌ പുറപ്പെടുവിച്ചിരിക്കുകയാണ്‌.

അഞ്ച്‌ ലക്ഷം രൂപ വിലമതിക്കുന്ന മൂന്ന്‌കുപ്പി പാമ്പിന്‍ വിഷമാണ്‌ രജീഷ്‌ ഉള്‍പ്പെട്ട സംഘത്തില്‍ നിന്നും കണ്ടെടുത്തിരുന്നത്‌. 2002 ഏപ്രില്‍ ആറിനാണ്‌ കേസിനാസ്‌പദമായ സംഭവം. വിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതികളുടെ മൊഴികൂടി രേഖപ്പെടുത്താനിരിക്കുകയാണ്‌. രജീഷ്‌ ഹാജരാകാത്തതിനാലാണ്‌ അറസ്‌റ്റ് വാറന്റ്‌ പുറപ്പെടുവിച്ചത്‌.

കൊലപാതകത്തിനൊരു ഫ്‌ളാഷ്‌ ബാക്ക്‌

കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ സി.പി.എം പ്രതിസ്‌ഥാനത്ത്‌ വന്ന കൊലപാതക കേസുകളില്‍ രജീഷിന്റെ സജീവ പങ്കാളിത്തമുണ്ടെന്നാണ്‌ പോലീസ്‌ നിഗമനം. 1999 -ല്‍ യുവമോര്‍ച്ച സംസ്‌ഥാന അധ്യക്ഷന്‍ കെ.ടി. ജയകൃഷ്‌ണനെ ക്ലാസ്‌ മുറിയില്‍ പിഞ്ചുകുട്ടികളുടെ മുന്നിലിട്ട്‌ അരിഞ്ഞുവീഴ്‌ത്തിയ കിരാത നടപടിക്ക്‌ പിന്നില്‍ ഇയാള്‍ ഉണ്ടായിരുന്നുവെന്ന്‌ ഇപ്പോഴാണ്‌ വെളിപ്പെട്ടിരിക്കുന്നത്‌.

തലശേരി ഈങ്ങയില്‍ പീടികയിലെ സുരേഷ്‌ ബാബു വധം, മുഴപ്പിലങ്ങാട്‌ സൂരജ്‌ വധം, പാനൂരിലെ വിനയന്‍ വധം, ന്യൂമാഹി ഇരട്ടക്കൊല, കുന്നോത്ത്‌ പറമ്പ്‌ രജീഷ്‌ വധം എന്നിവയിലും രജീഷിന്റെ സാന്നിധ്യമുണ്ടെന്നു ഇപ്പോള്‍ പോലീസ്‌ സംശയിക്കുന്നുണ്ട്‌.

എന്നാല്‍ ഈ കേസുകളിലൊന്നും രജീഷ്‌ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. പാനൂര്‍, കൂത്തുപറമ്പ്‌, തലശ്ശേരി മേഖലകളില്‍ നടന്ന കൊലപാതകങ്ങള്‍ അടക്കമുള്ള അക്രമങ്ങളില്‍ മുഖ്യപങ്ക്‌ ടി.കെ വഹിച്ചിരുന്നതായാണ്‌ പോലീസ്‌ സംശയിക്കുന്നത്‌. കൊലനടക്കുന്നതിന്‌ ഒന്നോ രണ്ടോ ദിവസം മുമ്പു മാത്രം സ്‌ഥലത്തെത്തുന്ന രജീഷ ്‌ കൃത്യം നിര്‍വ്വഹിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ അതിര്‍ത്തി കടന്നിരിക്കും.

2010 മെയ്‌ 28 നാണ്‌ ന്യൂമാഹിയിലെ ഇരട്ടക്കൊല നടക്കുന്നത്‌. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബി.ജെ.പി. പ്രവര്‍ത്തകരായ വിജിത്തിനേയും ഷിനോജിനേയും ബോംബെറിഞ്ഞു വീഴ്‌ത്തി വെട്ടിക്കൊല്ലുകയായിരുന്നു. കേസില്‍ കൊടി സുനിയാണ്‌ മുഖ്യപ്രതിയെങ്കിലും ബോംബെറിഞ്ഞു വീഴ്‌ത്തിയത്‌ രജീഷാണെന്നു പോലീസ്‌ കണ്ടെത്തി. എങ്കിലും രജീഷ്‌ പിടിക്കപ്പെട്ടില്ല.

കണ്ണൂരില്‍ ആര്‍ക്കുവേണ്ടിയും മനുഷ്യക്കശാപ്പ്‌ നടത്താന്‍ തയാറുള്ള രജീഷ്‌ മഹാരാഷ്‌ട്രയിലെ സാംഗ്ലിയിലും ഗുണ്ടാനേതാവാണ്‌. കൊല നടത്താന്‍ ആയുധമേന്തിയാല്‍ മരണം സുനിശ്‌ചിതമാക്കിയാല്‍ മാത്രമേ പിന്‍മാറൂ എന്ന സ്വഭാവമാണ്‌ രജീഷിന്റേത്‌. തലയ്‌ക്കും മുഖത്തും മാത്രം വെട്ടുക എന്നതാണ്‌ കൊലപാതക രീതി. 51 വെട്ടുകള്‍ മുഖത്ത്‌ മാത്രം വെട്ടിയാണ്‌ ടി.പി. ചന്ദ്രശേഖരനെ കൊന്നത്‌. കൊല്ലപ്പെട്ട കെ.ടി.ജയകൃഷ്‌ണന്റെ മുഖത്തിന്റെ ഒരുഭാഗം പൂര്‍ണമായും വെട്ടിമാറ്റിയ നിലയിലായിരുന്നു.

മദ്യം വേണ്ട, കോഴി മതി

നാമക്കല്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നു കോഴികളെ എത്തിച്ചു മാഹിയില്‍ കച്ചവടം നടത്തിയ ചരിത്രവും ടി.കെയ്‌ക്കുണ്ട്‌. എന്നാല്‍ മദ്യക്കടത്തില്‍ ഇയാള്‍ ഒരിക്കലും താല്‍പര്യം പ്രകടിപ്പിച്ചില്ല. മാഹിയില്‍ എത്തിക്കുന്ന കോഴികളെ ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ എത്തിച്ചും വില്‍പ്പന നടത്തി. നികുതി വെട്ടിച്ചാണ്‌ കോഴികളെ കടത്തിയിരുന്നത്‌. ഇതിനു ഉദ്യോഗസ്‌ഥര്‍ക്ക്‌ കൃത്യമായി തന്നെ പടിയും നല്‍കി. ഇങ്ങനെ ലക്ഷങ്ങളുണ്ടാക്കി. നാട്ടിലെത്തിയാല്‍ സുഹൃത്തുക്കളെ കൈയയച്ചു സഹായിക്കും. അടുത്ത സുഹൃദ്‌ബന്ധം രജീഷിനു നാട്ടിലാരുമായും ഇല്ല.

വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്‌

ടി.പി വധത്തിലെ ടി.കെയുടെ മൊഴിയെടുത്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ പുറത്തു വന്നത്‌. കെ.ടി.ജയകൃഷ്‌ണന്‍, പാനൂരിലെ ബി.എം.എസ്‌ പ്രവര്‍ത്തകന്‍ വി.സി.വിനയന്‍, കുന്നോത്തുപറമ്പിലെ കെ.സി.രാജേഷ്‌, മാഹിയിലെ ഷിനോജ്‌, വിജിത്ത്‌ എന്നിവരെ അതിനിഷ്‌ഠൂരമായി കൊലപ്പെടുത്തിയ സംഭവങ്ങളിലും കൂത്തുപറമ്പില്‍ നടന്ന നിരവധി അക്രമ സംഭവങ്ങളിലും താന്‍ നേരിട്ട്‌ പങ്കാളിയായിട്ടുണ്ടെന്ന മൊഴിയാണ്‌ അന്വേഷണ സംഘത്തിന്‌ രജീഷ്‌ നല്‍കിയത്‌.

കെ.ടി.ജയകൃഷ്‌ണന്‍, മുഴപ്പിലങ്ങാട്ടെ സൂരജ്‌, തലശേരി ഈങ്ങയില്‍ പീടികയില്‍ കുനിയില്‍ വീട്ടില്‍ സുരേഷ്‌ ബാബു, ചമ്പാട്‌ വടക്കേച്ചാലില്‍ വിനയന്‍ തുടങ്ങിയവരുടെ കൊലപാതകങ്ങളില്‍ തനിക്ക്‌ പങ്കുള്ളതായി രജീഷ്‌ മൊഴി നല്‍കിയിട്ടുണ്ടെത്രേ.

നാട്ടിലെത്തിയാല്‍ മാഹിയിലെ ബാറുകളിലെ നിത്യസന്ദര്‍ശകനാണ്‌. മുംബൈയിലെ ഡാന്‍സ്‌ ബാറിലും നിത്യ സന്ദര്‍ശകന്‍തന്നെ. മുംബൈയിലെ ഡാന്‍സ്‌ ബാറിലെ സന്ദര്‍ശകനായിരുന്ന രജീഷ്‌ അവിടെ വച്ചു പരിചയപ്പെട്ട റുബീനയുമായി പ്രണയത്തിലായിരുന്നു. കാമുകിയുമായി കൊല്‍ക്കത്തയിലേക്ക്‌ കടക്കാന്‍ ഒരുങ്ങിയിരിക്കെയാണ്‌ പോലീസ്‌ പിടിയിലാകുന്നത്‌. കൊല്‍ക്കത്ത സ്വദേശിനിയാണ്‌ നര്‍ത്തകിയായ റുബീന.

കോടതിയില്‍ കണ്ടത്‌

ശാന്തഭാവം. ദൈന്യത നിറഞ്ഞ കണ്ണുകള്‍. വിരിഞ്ഞ നെഞ്ച്‌, കാഴ്‌ച്ചയില്‍ 51 വെട്ടുവെട്ടി ജീവനെടുത്തവന്റെ ക്രൂരഭാവമൊന്നുമില്ല. ജഡ്‌ജി ചോദിക്കുന്നതിനു കൃത്യമായ ഉത്തരം. നിരാശ മുഖത്ത്‌ കാണാനില്ല. എല്ലാ കണ്ണുകളും തന്റെ മേലാണെന്ന്‌ അറിയാമെങ്കിലും ഭാവത്തില്‍ ഒരു മാറ്റവുമില്ല. റിമാന്‍ഡ്‌ റിപ്പോര്‍ട്ട്‌ വായിച്ച്‌, കുറ്റം ചെയ്‌തിട്ടുണ്ടോ എന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന്‌ ഇല്ല എന്ന മറുപടി. പത്തുമിനുട്ട്‌ കൊണ്ട്‌ കോടതി നടപടി ക്രമം പൂര്‍ത്തിയായി പുറത്തിറങ്ങിയപ്പോള്‍ പുറത്ത്‌ പുരുഷാരം അസഭ്യവര്‍ഷം ചൊരിയുന്നുണ്ടായിരുന്നു. അതൊന്നും തന്നോടല്ലെന്ന മട്ടില്‍ പോലീസ്‌ ജീപ്പിലേക്ക്‌.