മിക്സ്ച്ചറും ജിലേബിയുമൊക്കെ ചെറിയ പ്ലേറ്റുകളില്‍ നിറഞ്ഞിരുന്ന ആ കാലം ഒരിക്കലും മറക്കാനാവില്ല. അന്ന് വിവാഹ പാര്‍ട്ടികളടക്കമുള്ള ആഘോഷ വേളകളില്‍ മേശപ്പുറത്തെത്തുന്ന ചെറിയ സ്റ്റീല്‍ ഗ്ലാസുകളിലെ ചുടുചായക്കൊപ്പം അഞ്ചോ ആറോ ബിസ്ക്കറ്റുകളുമുണ്ടാവും. ഇരുതലയും പിരിച്ച കവറുകളിലെ കേക്കുകളും കപ്പ് കേക്കുകളുമൊക്കെയായിരുന്നു മറ്റു ആകര്‍ഷക വിഭവങ്ങള്‍.ബുഫെയും ചൈനീസ് വിഭവങ്ങളുമൊക്കെ നാട്ടില്‍ സാധാരണമായിക്കഴിഞ്ഞ ഇന്ന് ഇത്തരം സായാഹ്ന സത്ക്കാരങ്ങളെല്ലാം മലയാളിയുടെ ഗൃഹാതുരമായ ഓര്‍മയാണ്. എന്നാല്‍, ബിസ്ക്കറ്റുകള്‍ക്കുള്ള സ്ഥാനം ഇന്നും വേറെ തന്നെയെന്നതില്‍ സംശയമില്ല.ബിസ്ക്കറ്റെന്നാല്‍ ബ്രിട്ടാന്നിയ മാത്രമായിരുന്നു ഒരുകാലത്ത്. കമ്പനി പിന്നിട്ട ചരിത്രത്തിലൂടെയൊന്നു കണ്ണോടിച്ചാല്‍ ആരും അത്ഭുതപ്പെടുക തന്നെ ചെയ്യും. 1892ല്‍ കല്‍ക്കത്തയിലെ ഒരു ചെറിയ വീട്ടില്‍ 295 രൂപ മുതല്‍മുടക്കില്‍ തുടങ്ങിയ ബിസക്കറ്റ് കമ്പനി ഇതുപോലൊരു സ്ഥാനത്ത് എത്തുമെന്ന് ആരും കരുതാന്‍ വഴിയില്ല. യുദ്ധകാലത്തെ ആവശ്യങ്ങള്‍ക്കായി തട്ടിക്കൂട്ടിയ താത്ക്കാലിക ചട്ടക്കൂടില്‍ നിന്നും കമ്പനി അതിശയിപ്പിക്കുന്ന രീതിയില്‍ വളര്‍ന്നു. ബ്രിട്ടാന്നിയയുടെ ഇന്നത്തെ വിപണി മൂല്യം 4000 കോടി രൂപയാണ്.
രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധമുഖത്തുള്ള ബ്രിട്ടീഷ് ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് ബിസ്ക്കറ്റെത്തിക്കുന്നതിനായാണ് കമ്പനി തുടങ്ങിയത്. ബ്രിട്ടീഷുകാരുമായുള്ള കരാര്‍ അനേക വര്‍ഷങ്ങള്‍ നീണ്ടു. പിന്നീടും കമ്പനി ഉത്പാദിപ്പിക്കുന്നതിന്റെ 95 ശതമാനം ബിസ്ക്കറ്റുകളും സൈന്യത്തിന് തന്നെയായിരുന്നു നല്‍കിയിരുന്നത്.
അഞ്ചുവര്‍ഷങ്ങള്‍ക്കകം കമ്പനിയെ വി.എസ് ബ്രദേഴ്സ് എന്ന രണ്ട് വ്യവസായികള്‍ ഏറ്റെടുത്തു. പിന്നീട് 1918ല്‍ ബ്രീട്ടീഷുകാരനായ വ്യവസായി സി.എച്ച് ഹോംസ് വി.എസ് ബ്രദേഴ്സുമായി ചേര്‍ന്നപ്പോഴാണ് കമ്പനിയ്ക്ക് ബ്രിട്ടാന്നിയ എന്ന പേരു ലഭിക്കുന്നത്. 1921ല്‍ നിര്‍മാണത്തിനാവശ്യമായ ഗ്യാസ് ഓവനുകളും ഇറക്കുമതി ചെയ്യുക വഴി സൂയസ് കനാലിന് കിഴക്ക് ഇത്തരത്തില്‍ ബിസ്ക്കറ്റ് ഉത്പാദിപ്പിക്കുന്ന ആദ്യ കമ്പനിയെന്ന പേരും ബ്രിട്ടാനിയക്ക് അവകാശപ്പെട്ടതായി. 1924ല്‍ ബ്രിട്ടീഷ് കമ്പനിയായ പീക്ക് ആ്ന്‍ഡ് ഫ്രിനിന്റെ ഉപകമ്പനിയായി മാറി.എന്നാല്‍, 1978ല്‍ പബ്ലിക്ക് ഇഷ്യൂവി അവതരിപ്പിച്ചതോടെ കമ്പനിയില്‍ ഇന്ത്യന്‍ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 60 ശതമാനമായി ഉയര്‍ന്നു. അതുവരെ ബ്രിട്ടീഷുകാര്‍ക്കൊപ്പം പോയെന്ന് കരുതിയ ബ്രിട്ടാന്നിയ വീണ്ടും ഇന്ത്യക്കാരുടേതായി മാറി. 1990കളിലാണ് കമ്പനി ഏറ്റവും വലിയ പ്രതിസന്ധികളിലൂടെ കടുന്നു പോവുന്നത്. കേരളത്തിലെ പ്രമുഖ വ്യവസായിയായിരുന്ന കെ രാജന് പിള്ളയില്‍ നിന്നും കമ്പനിയുടെ ഉടമസ്ഥാവകാശം വാഡിയ ഗ്രൂപ്പിലെത്തിയത് ഇക്കാലയളവിലായിരുന്നു.
രാജന് പിള്ളയില്‍ നിന്ന് കമ്പനി സ്വന്തമാക്കാന്‍ വാഡിയ ഗ്രൂപ്പ് മേധാവി നസ്ലി വാഡിയ നടത്തിയ യുദ്ധം ഇന്ത്യന്‍ ബിസിനസ് രംഗത്തു ഇതുവരെയുണ്ടായ കോര്‍പ്പറേറ്റ് യുദ്ധങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
1980കളില്‍ കമ്പനിയേറ്റെടുക്കാന്‍ നസ്ലി വാഡിയ നടത്തുന്ന പ്രയത്നങ്ങള്‍ പത്രവാര്‍ത്തകളില്‍ സ്ഥിരം ഇടം നേടിയിരുന്നു. അമേരിക്കയിലെ പ്രമുഖ ഭക്ഷ്യവസ്തു വിതരണക്കമ്പനിയായ ആര്.ജെ.ആര് നാബിസ്ക്കോയില് നിന്നും ബ്രിട്ടാന്നിയയെ വാങ്ങാനായിരുന്നു വാഡിയ, രാജന് പിള്ളയെ സമീപിച്ചത്. എന്നാല്‍ നാബിസ്ക്കോ ബ്രിട്ടാനിയയെ വാഡിയക്ക് വില്ക്കാന് തയ്യാറായില്ല. പിന്നീടുള്ള നീക്കം തീര്‍ത്തും നാടകീയമായിരുന്നു.അന്ന് എന്‍.ആര്.ഐ കശുവണ്ടി വ്യവസായിയായിരുന്ന രാജന് പിള്ളയ്ക്ക് കമ്പനിയുടെ ചെയര്മാന് സ്ഥാനം നാബിസ്ക്കോ നല്കി. ഇതോടെ ഉറ്റ സുഹൃത്തുക്കളായിരുന്ന രാജന് പിള്ളയും നസ്ലി വാഡിയയും വഴിപിരിഞ്ഞു. എന്നാല്‍, ഇത് കാര്യമാക്കാതെ രാജന് പിള്ള ഡാനോണുമായി ചേര്‍ന്ന് ബ്രിട്ടാനിയയെ സ്വന്തമാക്കി. പിന്നിട് ഡാനോണുമായി അദ്ദേഹം വഴിപിരിഞ്ഞ അവസരത്തിലാണ് തീര്‍ത്തും നാടകീയമായി വാഡിയ കമ്പനി സ്വന്തമാക്കുന്നത്. 1990കളിലായിരുന്നു ഇത്. പിന്നീട് വ്യവസായ തട്ടിപ്പിന്റെ പേരില്‍ ജയിലിലായ രാജന് പിള്ള ജയലില്‍ വച്ചു തന്നെ മരണമടഞ്ഞു.
അതോടെ കോര്‍പ്പറേറ്റ് ലോകത്ത് അതുവരെ ചര്‍ച്ചാ വിഷയമായിരുന്നു ഒരു മത്സരത്തിന് വിരാമമായി. ബ്രിട്ടാനിയ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയ വരുമാനം 4213 കോടി രൂപയാണ്; ലാഭം 145 കോടി രൂപയും. 12,400 കോടി രൂപയുടെ ബിസക്കറ്റ് വിപണിയിലെ പുതിയ വെല്ലുവിളികള്‍ നേരിടാന്‍ പൂര്‍ണസജ്ജമാണെന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ വിനീത ബാലി അഭിപ്രായപ്പെടുന്നു. നടപ്പു സാമ്പത്തിക വര്‍ഷം പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനത്തിലും മാര്‍ജിനിലും 2-4 ശതമാനം വര്‍ധനവുണ്ടാവുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.
No comments:
Post a Comment