Tuesday, May 29, 2012

സ്വാമി പറഞ്ഞ സത്യം


Justice V.R Krishna Iyer
മുൻപൊരു ദിവസം (15.10.2011 രാത്രി 10 മണി) ഏഷ്യാനെറ്റില്‍ 'നമ്മള്‍ തമ്മില്‍' എന്ന ജനപ്രിയ പരിപാടിയില്‍ അതിഥിയായി ഞാന്‍ പങ്കെടുത്തിരുന്നു. ജസ്റ്റീസ്. വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ കമ്മീഷന്‍ (Commission on Rights and Welfare of Women and Children)കേരള സര്‍ക്കാരിന് സമര്‍പ്പിച്ച വനിതാ സംരക്ഷണബില്ലിനെ കുറിച്ചായിരുന്നു ഇത്തവണത്തെ 'തമ്മില്‍തല്ലല്‍'. പ്രസ്തുത ബില്ലില്‍ കേരളത്തിലെ സ്ത്രീകളുടെ സുരക്ഷ, അവകാശാധികാരങ്ങള്‍ എന്നിവ സംബന്ധിച്ച് ഒട്ടനവധി ഗുണകരമായ നിര്‍ദ്ദേശങ്ങളുണ്ടെങ്കിലും പ്രതീക്ഷിച്ചപോലെ അതൊന്നും ചര്‍ച്ചയ്ക്ക് വന്നില്ല. രണ്ടു കുട്ടികളില്‍ കൂടുതല്‍ ജനിപ്പിക്കുന്ന മാതാപിതാക്കളെ ശിക്ഷയും പിഴയും ചുമത്തി നിരുത്സാഹപ്പെടുത്തണമെന്ന നിര്‍ദ്ദേശത്തെ ചുറ്റിപ്പറ്റി സംവാദം തളംകെട്ടിക്കിടന്നു.

 ശിക്ഷയും പിഴയും ഒഴിച്ചുനിറുത്തിയാല്‍ ഇതേ നയങ്ങളടങ്ങുന്ന ശിപാര്‍ശകള്‍ 2000 ല്‍ ദേശീയ ജനസംഖ്യാ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും ആയവ കഴിഞ്ഞ ഒരു ദശകമായി കേന്ദ്രസര്‍ക്കാര്‍ കൃത്യതയോടെ പിന്തുടരുകയും ചെയ്യുന്നുണ്ടെങ്കിലും 'രണ്ടുകുട്ടികള്‍ മതി 'എന്നത് കൃഷ്ണയ്യരുടെ സ്വന്തം 'കണ്ടുപിടുത്ത'മെന്ന നിലയിലാണ് പലരും അഭിപ്രായം പറഞ്ഞത്. സത്യത്തില്‍ 1950 കള്‍ മുതല്‍ ഭാരതസര്‍ക്കാര്‍ തുടര്‍ന്നുവരുന്ന ജനസംഖ്യാനയത്തിന്റെ കാതലും ജനനനിയന്ത്രണം തന്നെയാണെന്ന് നമുക്കറിയാം.


കെ.സി.ബി.സി നേതൃത്വത്തില്‍ കത്തോലിക്കാ ഭ്രൂണങ്ങളെ അഗാധമായി സ്‌നേഹിക്കുന്ന,'ജീവനുവേണ്ടി' നിലകൊള്ളുന്നു എന്നു വാദിക്കുന്ന ചില പ്രോ-ലൈഫ് പ്രവര്‍ത്തകരും(Pro-life activists),പത്ത് കുട്ടികളുള്ള മേരി-റോയ് ദമ്പതികളും (അവരുടെ 9 കുട്ടികള്‍ സഹിതം) തിരുവനന്തപുരത്തെ പുളിയറക്കോണത്തുള്ള ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ ചര്‍ച്ചയ്ക്കായി എത്തിയിരുന്നു. പുറമെ, ഒരു മുന്‍ എം.എല്‍.എ, ഒരു മുസ്‌ളീം പുരോഹിതന്‍, ഒരു നിയമജ്ഞന്‍, ഒരു എന്‍.ജി.ഒ യൂണിയന്‍ നേതാവ് എന്നിവരോടൊപ്പം കോഴിക്കോട് സയന്‍സ് ട്രസ്റ്റിന്റെ ജോയിന്റ് സെക്രട്ടറിയായ സിദ്ധിക്ക് തൊടുപുഴയും പരിപാടിയില്‍ പങ്കെടുത്തു. ഈ പരിപാടിയുടെ രണ്ടാം ഭാഗം അടുത്ത ശനിയാഴ്ച പ്രക്ഷേപണം ചെയ്യുന്നുണ്ട്.

എന്തൊക്കെ പറഞ്ഞാലും ഇക്കാര്യത്തില്‍ മതങ്ങള്‍ക്കെതിരെ മാത്രം ആരും ഒരക്ഷരം പറയരുതെന്ന് മരിക്കാത്ത രാഷ്ട്രീയമോഹങ്ങള്‍ ഇപ്പോഴും താലോലിക്കുന്ന മുന്‍ എം.എല്‍.എ വികാരാധീനയായി അഭ്യര്‍ത്ഥിച്ചു: 'പ്‌ളീസ് മതത്തെ മാത്രം ഒന്നും പറയരുത്...പ്‌ളീസ്...!!!' ഗര്‍ഭഛിദ്രത്തിന് വിധേയമാക്കപ്പെട്ടതായി അവകാശപ്പെട്ട ഒരു അസ്സല്‍ 'മനുഷ്യഭ്രൂണ'വുമായാണ് ഒരു 'ഭ്രൂണസ്‌നേഹി'ചര്‍ച്ചയ്ക്ക് വന്നത്. ഏതോ പരീക്ഷണശാലയില്‍നിന്ന്‌ ടിയാനത് അടിച്ചുമാറ്റിയതാണത്രെ. മനുഷ്യശിശുവിന് 2 മാസം പ്രായമുള്ളപ്പോള്‍ ഇങ്ങനെയിരിക്കുമെന്നതിനാല്‍ അപ്പോള്‍ ഗര്‍ഭഛിദ്രം നടത്തിയാല്‍ ഭ്രൂണം വേദനകൊണ്ട് നിലവിളിക്കുമെന്ന് ജനത്തെ ബോധ്യപ്പെടുത്താനാണ് താനിത് കൊണ്ടുനടക്കുന്നതെന്നും അദ്ദേഹം എന്നോടു പറഞ്ഞു.


വാസ്തവത്തില്‍ അതൊരു അസ്സല്‍ ഭ്രൂണമായിരുന്നില്ല. മാത്രമല്ല, കുറഞ്ഞത് 6-7 മാസം പൂര്‍ത്തിയായ ഒരു ഭ്രൂണത്തിനുണ്ടാകാനിടയുള്ള വളര്‍ച്ചയും ആ മാതൃകയ്ക്കുണ്ടായിരുന്നു. കൊച്ചുകുട്ടികള്‍ക്ക് പോലും എളുപ്പം മസ്സിലാക്കാനാവുന്ന ഇക്കാര്യം ഞാന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം അവിശ്വസനീയമായ ആത്മവിശ്വാസത്തോടെ നിഷേധിക്കുകയായിരുന്നു. പ്രോ-ലൈഫ് ആക്റ്റിവിസ്റ്റെന്ന നിലയില്‍ ഉപജീവനം നടത്തുന്ന ഒരു വ്യക്തിയായതിനാല്‍ കൂടുതല്‍ സംസാരിച്ചിട്ടും കാര്യമില്ലെന്ന് വ്യക്തമായിരുന്നു. നമുക്കറിയാം, ഒരു കോടിയിലേറെ പേര്‍ കാണുന്ന ഈ പരിപാടിയില്‍ ആഴത്തിലുള്ളതും ഗൗരവപൂര്‍ണ്ണവുമായ ചര്‍ച്ച ഏതാണ്ട് അസാധ്യമാണ്. ഗൗരവവും ആഴവും കൂടിക്കഴിഞ്ഞാല്‍ കാണാന്‍ ആളുണ്ടാവില്ലെന്നതാണ് മാധ്യമസത്യം.

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഹിന്ദുമതത്തിന്റെ പ്രതിനിധികള്‍ ആരുമുണ്ടായിരുന്നില്ല. ആവേശത്തോടെ പങ്കെടുത്ത ക്രൈസ്തവ-മുസ്‌ളീം പ്രതിനിധികള്‍ പറഞ്ഞതിതാണ്: ഇന്ത്യയില്‍ 121 കോടി ജനങ്ങളുണ്ടാവാം, പക്ഷെ എത്ര ജനസംഖ്യ കൂടിയാലും പ്രശ്‌നമില്ല, ഇനിയും കൂടുതല്‍ കുട്ടികള്‍ വേണം, ജനസംഖ്യ വര്‍ദ്ധിക്കണം, ജനനനിയന്ത്രണം പാടില്ല, അല്ലെങ്കില്‍ രാജ്യത്തിന്റെ കാര്യം പോക്കാണ്. ജനസംഖ്യാനിയന്ത്രണം അമേരിക്കന്‍ ഗൂഡാലോചനയാകുന്നു... എണ്ണത്തില്‍ കൂടുതലുള്ള ബഹുശിശുവാദികള്‍ തങ്ങളുടെ പ്രസ്താവന കയ്യടിച്ച് സ്വയം പാസ്സാക്കാനും മറന്നില്ല.

ഇത്രയും വലിയ ജനസംഖ്യയുമായി ഇന്ത്യ പുരോഗമിക്കുന്നെങ്കില്‍ അതിന്റെ കാരണം ഇവിടുത്തെ ജനസംഖ്യ തന്നെയാണെന്ന തകര്‍പ്പന്‍ 'സാമ്പത്തികസിദ്ധാന്ത'മാണ് അവര്‍ മുന്നോട്ടുവെച്ചത്. ഗര്‍ഭിണി അതിവേഗം സഞ്ചരിച്ചാല്‍ അതിന് കാരണം ഗര്‍ഭമാണെന്ന് മനസ്സിലാക്കികൊള്ളണമെന്ന് സാരം. ജനസംഖ്യയെങ്ങാനും താഴോട്ടുപോയാല്‍ അമേരിക്ക ഇന്ത്യയെ(മാത്രമല്ല ചൈനയേയും!) അപ്പടി വിഴുങ്ങുമെന്നും അവര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഒറ്റനോട്ടത്തില്‍ സംഗതി വളരെ രസകരമാണ്. ദൈവമാണ് ഇവിടെയും മുഖ്യ കഥാപാത്രം. അതിനൊരു പ്രത്യേക കാരണമുണ്ട്. പൊതുവേദികളില്‍ നടക്കുന്ന പരസ്യമായ ഏതൊരു ചര്‍ച്ചയിലും 'ദൈവ'ത്തെ എടുത്തിട്ടാല്‍ എതിരാളികള്‍ക്ക് മിണ്ടാട്ടം മുട്ടുമെന്നാണ് പരമ്പരാഗത മതസങ്കല്‍പ്പം. ദൈവം നല്ലൊരു 'സംവാദസംഹാരി'(debate stopper) ആണെന്ന് മതവിശ്വാസി കണക്കുകൂട്ടുന്നു. കുട്ടികളെ തരുന്നത് ദൈവമാണ്! വിശ്വാസി സാഹചര്യമൊരുക്കി മാറിനില്‍ക്കുന്നവനാണ്. അവനതില്‍ വിശേഷിച്ച് പങ്കൊന്നുമില്ല. ദൈവം ദാനം തരുന്ന കുഞ്ഞുങ്ങളെ വേണ്ടെന്ന് പറയാന്‍ മനുഷ്യനാര്?

ലോകജനസംഖ്യ 1804 ല്‍ നൂറ് കോടി കടന്നു. 123 വര്‍ഷത്തിനുശേഷം 1927 ല്‍ അതിരട്ടിയായി. 1969 ല്‍ മനുഷ്യന്‍ ചന്ദ്രനിലിറങ്ങുമ്പോള്‍ ലോകജനസംഖ്യ 300 കോടി. 2011 ല്‍ അത് 700 കോടി മറികടന്നു. ഈ നിരക്കില്‍ നാം ആയിരം കോടിയാകാന്‍ അധികകാലം വേണ്ടിവരില്ല. ജനസംഖ്യയെക്കുറിച്ചുള്ള ഏതൊരു ചര്‍ച്ചയിലും അവശ്യം ഓര്‍ത്തുവെക്കേണ്ട ഒരു കണക്കാണിത്. മനുഷ്യപൂര്‍വികരായ ഓസ്ട്രലപിതിക്കസ് 25-28 വയസ്സുവരെയേ ജീവിച്ചിരുന്നുള്ളുവെന്ന് പരിണാമശാസ്ത്രജ്ഞര്‍. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 55 ആയി നിജപ്പെടുത്താന്‍ കാരണം 1950 കളില്‍ മലയാളിയുടെ ശരാശരി
ആയുസ്സ് 40 ലും താഴെയായിരുന്നുവെന്നതാണ്. ഇപ്പോഴത് 75 വയസ്സിന് മുകളിലെത്തിയിരിക്കുന്നു. അതായത് ദൈവം' ദാനം ചെയ്ത' മരണനിരക്കും ആയുര്‍ദൈര്‍ഘ്യവും ശാസ്ത്രസഹായത്തോടെ നിയന്ത്രിക്കാവുന്നതാണ്. ജനിക്കുന്ന കുട്ടികളില്‍ പകുതിയും ജനനത്തിലേ മൃതിയടയുന്ന സാഹചര്യമായിരുന്നു അരനൂറ്റാണ്ടിന് മുമ്പുവരെ. ഇന്നത് ഗണ്യമായി കുറഞ്ഞിരിക്കുന്നു. അതെ, ദൈവം തീരുമാനിച്ചുറപ്പിച്ച ശിശുമരണനിരക്കും നമുക്ക് നിയന്ത്രിക്കാം. ദൈവം രോഗം അയച്ചാല്‍ ആശുപത്രിയില്‍ വെച്ച് ചികിത്സയിലൂടെ അട്ടിമറിക്കാം. ഇവിടെയെല്ലാം ദൈവതീരുമാനം ശാസ്ത്രബുദ്ധ്യാ ഭേദഗതിചെയ്യാം, നമ്മുടെ ഇഷ്ടാനുസരണം ലംഘിക്കാം. പക്ഷെ ജനനനിയന്ത്രണം മാത്രം പാടില്ല!! അതുമാത്രം ദൈവത്തിന് ഇഷ്ടപെടില്ല!! കാരണം: മതത്തില്‍ ആളുകുറയും!!!!

കുട്ടികള്‍ കുറഞ്ഞാല്‍ പ്രേഷിതവേലയ്ക്കും ജിഹാദിപ്രവര്‍ത്തനത്തിനും ആളിനെ കിട്ടാതെയാവും, വോട്ടുബാങ്കുരാഷ്ട്രീയം ദുര്‍ബലപ്പെടും. അനാഥാലയങ്ങളും മതപാഠശാലകളും അസംസ്‌കൃതവസ്തുക്കളില്ലാതെ(inputs)
കഷ്ടപ്പെടും. കോടികള്‍ മുടക്കി സ്‌ക്കൂളും കോളേജുമൊക്കെ പണിത് വലിയ കലത്തില്‍ വെള്ളം പിടിച്ചുവെച്ചിട്ടുണ്ട് - അവിടെ പഠിക്കാന്‍ കുട്ടികള്‍ വേണം. 'മതകുട്ടികള്‍' തന്നെയാണ് ഉത്തമം! രാജ്യം മുടിഞ്ഞോട്ടെ, പട്ടിണി ഇരമ്പിക്കോട്ടെ, തൊഴിലില്ലായ്മ പെരുകികോട്ടെ, ഞങ്ങളുടെ മതത്തിന്റെ അംഗസംഖ്യ കൂടണം!! ഇനി കുറയക്കണമെന്ന് അത്ര നിര്‍ബന്ധമുണ്ടെങ്കില്‍ മറ്റു മതക്കാര്‍ കുറച്ചോട്ടെ-No complaints. ഈ മതവാശി ജനസംഖ്യയുടെ കാര്യത്തിലേയുള്ളു എന്നറിയണം. വേറൊരു കാര്യത്തിലും ഇതേ പ്രശ്‌നമില്ല. റോഡ് വികസിക്കാതെ വാഹനങ്ങളുടെ എണ്ണം കൂടുന്നതു മുതല്‍ ഒരുമാതിരിയുള്ള 'പെരുക്ക'ങ്ങളെല്ലാം അസ്വസ്ഥതയോടെ കാണുന്നവരാണ് മിക്ക മതവിശ്വാസികളും. സൗകര്യങ്ങള്‍ കുറയുന്നതിനെക്കുറിച്ചും വിഭവദൗര്‍ലഭ്യത്തെക്കുറിച്ചുമൊക്കെ ഏറെ വാചാലരാകുന്നവരാണിവര്‍.


മറ്റു ചിലരാകട്ടെ, കൂടുതല്‍ കുട്ടികള്‍ വേണമെന്ന് പറയുന്നത് കരുതല്‍ നടപടിയെന്ന (precautionary measure) നിലയിലാണ്. അതായത് ഓന്നോ രണ്ടോ മരിച്ചാലും കുറച്ച് കുട്ടികള്‍ ബാക്കി കാണുമല്ലോ?! ഗാന്ധാരിക്ക് നൂറ് ആണ്‍കുട്ടികളുണ്ടായിരുന്നുവെന്നും അവസാനം ആരും അവശേഷിച്ചില്ലെന്നുമാണ് മഹാഭാരതകഥ. കെട്ടുകഥയാണെങ്കിലും അങ്ങനെയും സംഭവിക്കാമെന്നതില്‍ തര്‍ക്കമില്ല. എല്ലാ കുട്ടികളും കൊല്ലപ്പെടുന്ന രോഗമോ അപകടമോ കൊടുത്ത് മുന്‍കരുതല്‍വാദക്കാരുടെ പദ്ധതി അട്ടിമറിക്കാന്‍ ദൈവം 'തീരുമാനിച്ചാല്‍'  ഇത്തരക്കാരുടെ 'സ്റ്റെപ്പിനി തന്ത്രം' തകര്‍ന്നടിയും. കുട്ടികളെ 'തരുന്ന' ദൈവം കുട്ടികളെ 'തിരിച്ചെടുത്താല്‍' അതിനെതിരെയുള്ള മുന്‍കരുതലായിട്ടാണ് ഈ 'ശിശുജനനയുക്തിവാദം'നടപ്പിലാക്കുന്നതാണത്രെ!

131 കോടി ജനങ്ങളുള്ള ചൈനയുടെ ഭൂവിസ്തൃതി ഇന്ത്യയുടേതിന് മൂന്നിരിട്ടിയായതിനാല്‍ ഏതുനിലയ്ക്കും ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തിലേറ്റവും കൂടുതല്‍ ദരിദ്രരുള്ളതും ഈ മഹദ്‌രാജ്യത്തിലാകുന്നു. അടുത്ത സെന്‍സസില്‍ സംഖ്യാപരമായും നാം ചെനയുടെ മുന്നില്‍ കയറുമെന്ന കാര്യത്തില്‍ അവര്‍ക്കോ നമുക്കോ സംശയമില്ല. ഇന്ത്യയുടെ മൂന്നിരട്ടി വലുപ്പമുള്ള അമേരിക്കയില്‍ ജനസംഖ്യ 31.14 കോടിയാണെങ്കില്‍ നമ്മുടെ ഏതാണ്ട് മൂന്നിരട്ടി വലുപ്പമുള്ള ഓസ്‌ട്രേലിയയില്‍ അത് കേവലം 2.15 കോടിയാണ്. ജനസാന്ദ്രതയുടെ കാര്യത്തിലും ഇരുനൂറ്റിയമ്പതോളം വരുന്ന ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ആദ്യത്തെ ഇരുപത്തിയഞ്ചിലാണ്. ഉത്തര്‍പ്രദേശിലെ മാത്രം ജസംഖ്യ മാത്രം 20 കോടിയാണ്. 20 കോടിജനങ്ങളുള്ള വിരലിലെണ്ണാവുന്ന രാജ്യങ്ങളേ ഈ ഭൂമുഖത്തുള്ളു. ജനസംഖ്യ കുറയുകയും ജനനനിരക്ക് താഴോട്ടുപോകുകയും ചെയ്യുന്ന രാജ്യങ്ങളില്‍ ഉയര്‍ന്ന ജനനനിരക്കും കുടിയേറ്റവും പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. അതവിടങ്ങളിലെ സവിശേഷ സാഹചര്യം കാരണമാണ്. അത് ചൂണ്ടിക്കാട്ടി ജനപ്പെരുപ്പംമൂലം വീര്‍പ്പുമുട്ടുന്ന രാജ്യങ്ങളും 'അവര്‍ കൂട്ടുന്നതിനാല്‍ നമുക്കും കൂട്ടണം' എന്ന വാദമുയര്‍ത്തുന്നത് വിചിത്രമാണ്.

ജനനനിരക്ക് കൂട്ടുകയെന്നത് ഹ്രസ്വകാലത്തില്‍ സാധിതമാക്കാവുന്ന ഒന്നാണ്. ഒരു ദശകംകൊണ്ട് നല്ല മാറ്റമുണ്ടാക്കാനാവും. എന്നാല്‍ ഒരു കുട്ടി ജനിച്ചുകഴിഞ്ഞാല്‍ ശരാശരി 70 വര്‍ഷം അതൊരു സാമൂഹിക യാഥാര്‍ത്ഥ്യമായി നിലനില്‍ക്കും. മാതാപിതാക്കള്‍ക്ക് മാത്രമായി കുട്ടികളെ വളര്‍ത്താനാവില്ല. ജനിച്ചു വീഴുന്ന ഓരോ കുട്ടിയും രാജ്യത്തിനും സമൂഹത്തിനും ഒരുപിടി കടമകളും കര്‍ത്തവ്യങ്ങളും സമ്മാനിക്കുന്നെണ്ടെന്ന കാര്യം മറക്കരുത്. ലോകമെമ്പാടും ജനസംഖ്യ നിയന്ത്രിക്കാനുള്ള തീവ്രശ്രമങ്ങള്‍ നടന്നുവരികയാണ്. കേരളത്തില്‍ ജനസംഖ്യയുടെ കുറഞ്ഞതായി ആര്‍ക്കെങ്കിലും തോന്നുന്നുവോ? അങ്ങനെയൊരു വിഭ്രാന്തി ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ നല്ല കാര്യം തന്നെ! ഒപ്പം മലയാളികളില്‍ നല്ലൊരു ശതമാനം ഇവിടെ ജീവിക്കുന്നില്ലെന്ന് കൂടി അറിഞ്ഞുവെക്കണം. എന്നിട്ടും പാര്‍പ്പിടം, കൃഷി, ഗതാഗതം പോലുള്ള മേഖലയില്‍ ശ്വാസംമുട്ടുന്ന അവസ്ഥയാണിവിടെ. കൃഷിഭൂമി അപ്രത്യക്ഷമാകുകയും വ്യവസായം പകല്‍ക്കിനാവുകയും ചെയ്യുന്ന ഈ നാട് ദിനംപ്രതി ഒരു വലിയ പാര്‍പ്പിടകോളനിയായി രൂപാന്തരപ്പെടുകയാണ്.

കൃഷ്ണയ്യര്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ അംഗങ്ങളില്‍ എല്ലാവരും ഒപ്പിട്ട് ഇറങ്ങിപ്പോന്നെങ്കിലും അവസാനം മതം കൊലവിളി നടത്തിയതോടെ ചില മതപ്രതിനിധികള്‍ പ്‌ളേറ്റ് തിരിച്ചുവെക്കുകയായിരുന്നു. ഞങ്ങളറിഞ്ഞില്ല, ഞങ്ങള്‍ എതിര്‍ത്തിരുന്നു, ഞങ്ങളോട് ചോദിച്ചില്ല എന്നിങ്ങനെ പ്രാസമൊപ്പിച്ച പദാവലികള്‍ നിരത്തി അവര്‍ പൊതുസമൂഹത്തിന് മുന്നില്‍ ഇളിഭ്യരായി. ബില്ലിലെ പിഴയും ജയില്‍ശിക്ഷയും കൃഷ്ണസ്വാമി അയ്യര്‍ ബുദ്ധിപൂര്‍വം ഉള്‍പ്പെടുത്തിയതാണെന്ന് വ്യക്തം. ബില്ലെന്ത്, നിയമമെന്ത് എന്ന് തിരിച്ചറിയുന്നവര്‍ ഈ സൃഗാലബുദ്ധി കാണാതിരിക്കില്ല. ഈ ഇനങ്ങള്‍ കാണുമ്പോള്‍ മതവാദികളിലെ ബുദ്ധിരാക്ഷസന്‍മാരും മതഭയം മൂത്ത നിക്ഷ്പക്ഷവാദികളും പിഴ,ശിക്ഷ-ശിക്ഷ,പിഴ എന്ന് നിലവിളിച്ച് ബഹളം വെക്കുമെന്ന് ഊഹിക്കാം. അതൊക്കെ കഴിഞ്ഞ് 'ബാക്കിയുള്ളതൊക്കെ എടുക്കാം'എന്ന് പൊതുസമൂഹം ചിന്തിക്കുന്ന അവസ്ഥ സംജാതമാകും. മാത്രമല്ല, ആ ഒരൊറ്റ കാരണം കൊണ്ടുതന്നെ വ്യാപകമായ ചര്‍ച്ചയ്ക്ക് ഈ നിര്‍ദ്ദേശങ്ങള്‍ പാത്രീഭിവിക്കുകയും ആയത് ജനസംഖ്യാനിയന്ത്രണം സംബന്ധിച്ച ശക്തമായ അവബോധം ജനങ്ങളില്‍ വളര്‍ത്തുമെന്നും പ്രതീക്ഷിക്കാം. എന്നാല്‍ അപ്പോഴും 'രണ്ടു കുട്ടികള്‍' എന്ന നിബന്ധന മതമൗലികവാദികള്‍ക്ക് സ്വീകാര്യമാവില്ല. അവസാനം പിഴയും ശിക്ഷയുമൊക്കെ ഒഴിവാക്കി ബില്‍ നിയമസഭ പാസ്സാക്കുമ്പോള്‍ ജനസംഖ്യാനിയന്ത്രണമെന്നത് അനിവാര്യമായ യാഥാര്‍ത്ഥ്യമാണെന്ന ചിന്ത ജനങ്ങളില്‍ രൂഡമൂലമാകുമെന്ന് പ്രതീക്ഷിക്കാം.

2005 ല്‍ വര്‍ക്കി മാര്‍ വിതയത്തില്‍ എന്ന കത്തോലിക്കാ ബിഷപ്പ് കേരളത്തില്‍ ക്രൈസ്തവരുടെ ജനസംഖ്യ കുറയുന്നതിനെക്കുറിച്ച് ഒരു വിലാപപ്രസ്താവന നടത്തുകയുണ്ടായി. ഭാവിയില്‍ കേരളം ഒരു മുസ്‌ളീം ഭൂരിപക്ഷപ്രദേശമായി മാറുമെന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്. കേരളീയരില്‍ 19.5% (1991) ഉണ്ടായിരുന്ന ക്രൈസ്തവര്‍ 2001 ആയപ്പോഴേക്കും 19% ആയി കുറഞ്ഞതാണ് ആ മതമനത്തില്‍ വിഷാദഛായ പടര്‍ത്തിയത്. മുഖ്യ എതിരാളികളായ മുസ്‌ളീങ്ങളാകട്ടെ 24-25% ലേക്ക് കുതിക്കുകയും ചെയ്തു. ജനസംഖ്യ കൂടിയതോടെ മുസ്‌ളീം മൗലികവാദി സംഘടനകള്‍ ജനസംഖ്യാനുപാതത്തില്‍ തൊഴില്‍സംവരണം ഉള്‍പ്പെടെയുള്ള 'പുതിയ നിരക്കുകള്‍' വേണെമെന്നാവശ്യപ്പെട്ട് കേരളത്തിലെമ്പാടും വ്യാപകമായ പോസ്റ്റര്‍ യുദ്ധം നടത്തിയതും കത്തോലിക്കരെ അസ്വസ്ഥരാക്കി. ക്രൈസ്തവ ജനസംഖ്യ എങ്ങനെയും വര്‍ദ്ധിപ്പിച്ചേതീരൂ എന്ന നിഗമനത്തില്‍ അവരെത്തിയത് അങ്ങനെയാണ്. അതായത് ഭ്രൂണത്തെ സ്‌നേഹിക്കുകയോ ദൈവം തരുന്നത് വാങ്ങിക്കുകയോ അല്ല മറിച്ച് വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടു കൂടിയുള്ള സാമൂഹികആസൂത്രണമാണ് (social engineering) ജനസംഖ്യവര്‍ദ്ധനവിലുള്ളത്. കാരണം പണ്ടവര്‍ ജനനനിയന്ത്രണം നടപ്പില്‍ വരുത്തിയപ്പോള്‍ ദൈവത്തിന് പരാതിയൊന്നും ഇല്ലെന്ന് നന്നായി മനസ്സിലാക്കിയവരാണവര്‍. ദൈവവും ഭ്രൂണസ്‌നേഹവുമൊക്കെ ഈ മതപ്പൂതിക്ക് വെള്ളപൂശാനുള്ള അടവുകള്‍ മാത്രം.

ദളിതരുടെ ഇരട്ടിയിലധികം തൊഴില്‍ സംവരണത്തിന് തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും അത് നിഷേധിച്ച് മുന്നോട്ടുപോകുന്നത് നഗ്നമായ നീതിനിഷേധവും ഹൈന്ദവപാക്ഷപാതിത്വവുമാണെന്ന് പരാതിപ്പെടുന്ന മുസ്‌ളീംസുഹൃത്തുക്കളെ ഈ ലേഖകനറിയാം. അതെ, ഒന്നും വെറുതെ സംഭവിക്കുന്നില്ല. പിടിച്ച് നില്‍ക്കാന്‍ ദളിതരും ആസൂത്രിതമായി ജനസംഖ്യ കൂട്ടണമെന്ന സന്ദേശം തന്നെയാണിവിടെ കടന്നുവരുന്നത്. പാകിസ്ഥാനില്‍ വിഭജനസമയത്ത് 14% ന്യൂനപക്ഷങ്ങളുണ്ടായിരുന്നു. സ്വഭാവികമായും അതില്‍ ദളിതരും ഉള്‍പ്പെട്ടിരുന്നു. മൊത്തത്തില്‍ ഹിന്ദുക്കളായി പരിഗണിച്ച് രണ്ടാംകിട പൗരന്‍മാരായി താറടിക്കുന്നതല്ലാതെ അവര്‍ക്കെന്തെങ്കിലും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാന്‍ പാക്‌സര്‍ക്കാര്‍ ഇന്നുവരെ തയ്യാറായിട്ടില്ല. എന്തിനേറെ അവിടെ ദളിതന് പൊതുസ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യാന്‍ പോലും അവകാശമില്ല. തങ്ങള്‍ ഹിന്ദുക്കളല്ലെന്ന ദളിത് തീവ്രവാദവും അവരെ തുണയ്ക്കുന്നില്ല. മുസ്‌ളീങ്ങള്‍ക്കിടയിലെ അവാന്തര വിഭാഗമായ അഹമ്മദിയക്കാരെ രണ്ടാം കിട പൗരരായി കണ്ട് അവരെ കൊണ്ട് ജയിലുകള്‍ നിറയ്ക്കുന്ന പാകിസ്ഥാന്‍കാര്‍ക്കുണ്ടോ ഇതൊക്കെ ശ്രദ്ധിക്കാന്‍ നേരം?! ഹിന്ദുക്കളല്ലെങ്കില്‍ പിന്നെ ഇസ്‌ളാമാണോ? എന്ന ചോദ്യമുയര്‍ത്തപ്പെട്ടതോടെ സ്വമതം ശരിക്കും മറക്കാന്‍ അവരും പ്രേരിതരരാവുകയായിരുന്നു. കേവലം ഒരു ശതമാനമാണ് ഇന്ന് പാകിസ്ഥാനിലെ അമുസ്‌ളീംങ്ങളുടെ ജനസംഖ്യ. അതുകൊണ്ട് തന്നെ പാകിസ്ഥാനിലെ ജനസംഖ്യ നിയന്ത്രിക്കാനുള്ള തീവ്രശ്രമങ്ങളാണ് കഴിഞ്ഞ 20 വര്‍ഷമായി അവിടെ നടക്കുന്നത്;കൂടുതല്‍ ബോധവത്ക്കരണം ലഭിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കും.

വയനാട്ടിലെ രണ്ട് കത്തോലിക്ക ഇടവകകളില്‍ അഞ്ചാമത്തെ കുട്ടിക്ക് 225 അമേരിക്കന്‍ ഡോളര്‍ (ഇപ്പോള്‍ പതിനായിരം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്) സമ്മാനം നല്‍കുന്ന പദ്ധതി നിലവിലുണ്ട്. കല്‍പ്പറ്റയിലെ St Vincent De Paul Forane Church ആണ് അതിലൊന്ന്. നാലാമത്തെ കുട്ടി ആകുമ്പോഴേക്കും അമ്മയുടെ അനാരാഗ്യമോ പിതാവിന്റെ അവശതകളോ ചൂണ്ടിക്കാട്ടി സന്താനോത്പ്പാദനം നിറുത്തിയാല്‍ ഈ രാജ്യത്തിന്റെ ഗതിയെന്താകും?! ഒരു കുട്ടിക്ക് ഇതിനകം 225 ഡോളര്‍ നല്‍കി കഴിഞ്ഞുവത്രെ. കേരളത്തിലെമ്പാടും അഞ്ചും ആറും കുട്ടികളുള്ള അമ്മമാരെ ആദരിക്കുന്ന മതചടങ്ങുകള്‍ നടന്നുവരികയാണ്. തോര്‍ത്തും പൊന്നാടയും സോപ്പും 'മെഡലു'മൊക്കെയാണ് അമ്മമാര്‍ക്ക് സമ്മാനം! അതൊക്കെ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ കുട്ടികളെ വളര്‍ത്താന്‍ വളരെ എളുപ്പമാണല്ലോ!? രാജ്യത്തിന്റെ അഭിമാനമായ 'ധീരവനിത'കളായി ഈ അമ്മമാരെ വാഴ്ത്തുന്ന ഇത്തരം ചടങ്ങുകളില്‍വെച്ച് കുറച്ച് കുട്ടികള്‍ മാത്രമുള്ള മാതാപിതാക്കള്‍ക്ക് കുറ്റബോധം തോന്നുന്നുവെങ്കില്‍ അതൊരു നല്ല കാര്യമല്ലേ?! പൊതുവെ ക്രൈസ്തവ-മുസ്‌ളീം സമുദായങ്ങളാണ് കേരളത്തില്‍ ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ ജനസംഖ്യ കുറയുമെന്ന് ഏറ്റവുമധികം ആശങ്കപ്പെടുന്നത് അവരാണ്. എണ്ണംകൊണ്ടും വണ്ണംകൊണ്ടും ശരിയായ ന്യൂനപക്ഷവിഭാഗങ്ങളായ പാഴ്‌സികള്‍, ബുദ്ധര്‍, ജൈനര്‍ എന്നിവര്‍ക്ക് ഈ വേവലാതിയില്ലാത്തത് അവരുടെ രാജ്യസ്‌നേഹത്തിന്റെ കുറവുകൊണ്ടാകാനേ തരമുള്ളു.

രണ്ട് കുട്ടികളാകുമ്പോഴേക്കും സന്താനോത്പ്പാദനം നിറുത്ത കുടുംബങ്ങളെ മഹലില്‍ നിന്ന് അനൗദ്യോഗികമായി ബഹിഷ്‌ക്കരിക്കുന്ന ഏര്‍പ്പാട് കാസര്‍കോട്ട് പലയിടത്തും ശക്തമാണ്. 'സ്വസമുദായത്തെ വഞ്ചിക്കുക'യാണത്രെ ഇക്കൂട്ടര്‍ ചെയ്യുന്നത്. മാര്‍ പവ്വത്തില്‍ എന്നപേരില്‍ അറിയപ്പെടുന്ന ഒരു പുരോഹിതശ്രഷ്ഠന്‍ കത്തോലിക്കര്‍ തങ്ങളുടെ കുട്ടികളെ സ്വന്തം സ്‌ക്കൂളില്‍ തന്നെ പഠിപ്പിച്ച് മതതടവറ ശക്തിപ്പെടുത്തണമെന്ന അഭിപ്രായക്കാരനാണ്. ഒപ്പം ആധുനികലോകത്തില്‍ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയാണ് താനെന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്യുന്നു!!! ഭ്രൂണത്തെ സ്‌നേഹിക്കുന്നു, ജീവനെ സ്‌നേഹിക്കുന്നു, കുട്ടികളെ സ്‌നേഹിക്കുന്നു...എന്നൊക്കെ വിളിച്ചുകൂവുന്നവര്‍ സ്വമതത്തിലെ ഭ്രൂണങ്ങളെ മാത്രമേ സ്‌നേഹിക്കുന്നുള്ളു എന്നത് ആശ്വാസകരമല്ലേ! സ്വന്തം മതാംഗങ്ങള്‍ അഞ്ചുംആറും പ്രസവിക്കുമ്പോഴേ അവര്‍ വാഴ്ത്തിപ്പാടുന്നുള്ളു. അതായത് വെറുതെ ഭ്രൂണവും കുട്ടികളും ഉണ്ടായാല്‍ പോരാ സ്വമതത്തിലെ ഭ്രൂണം തന്നെ രക്ഷപെടണം!! എങ്കിലെ ഉദ്ദേശിച്ച കാര്യം നടക്കൂ. മുസ്‌ളീങ്ങള്‍ക്കിടയിലെ ഉയര്‍ന്ന ജനനനിരക്കിനെ പരിഹസിച്ച് നടന്ന ക്രൈസ്തവരും ഇന്ന് അതേ ശാഠ്യത്തിലേക്ക് നീങ്ങാനൊരുങ്ങുമ്പോള്‍ പൊതുസമൂഹം അക്ഷരാര്‍ത്ഥത്തില്‍ പകച്ച് നില്‍ക്കുകയാണ്. പക്ഷെ ഒരാശ്വാസമുണ്ട്, ഭ്രൂണസ്‌നേഹം മൂത്ത് അന്യസമുദായക്കാരും ജനനനിയന്ത്രണം നടത്താന്‍ പാടില്ലെന്ന് ഇവര്‍ ശാഠ്യംപിടിക്കുന്നില്ല. അങ്ങനെയെങ്ങാനും സംഭവിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ?!

കൂടുതല്‍ ഹിന്ദുകുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുമെന്ന് വിശ്വഹിന്ദു പരിഷത്തെന്ന ഹിന്ദുവര്‍ഗ്ഗീയ സംഘടന പ്രഖ്യാപിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. കേരളത്തില്‍ ഹിന്ദുമതത്തെ പ്രതിനിധീകരിക്കുന്നവെന്ന് അവകാശപ്പെടന്ന കുമ്മനം രാജശേഖരന്‍ എന്നൊരു അനുപമപ്രതിഭ
പറഞ്ഞത് കേരളത്തില്‍ ഹിന്ദുക്കള്‍ ഇതിനകം 48 ശതമാനമായെന്നും പതിനാലില്‍ ആറ് ജില്ലകളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായെന്നുമാണ്. ഇത് രസകരമായ ഒരു കണക്കാണ്. മുസ്‌ളീങ്ങള്‍ ഭൂരിപക്ഷമായ മലപ്പുറമുള്‍പ്പെടെയുള്ള ജില്ലകളില്‍ മുസ്‌ളീങ്ങള്‍ക്ക് 'ന്യൂനപക്ഷപദവി' ലഭിക്കുമ്പോള്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ജില്ലകളില്‍ അവര്‍ക്ക് 'ഭൂരിപക്ഷാവകാശം' ലഭിക്കുന്നു. മുസ്‌ളീംങ്ങള്‍ ഭൂരിപക്ഷമായ കാശ്മീരിലും അവര്‍ക്ക് 'ന്യൂനപക്ഷാവകാശ'മാണുള്ളത്. നാഗലാന്‍ഡിലും ഗോവയിലും ക്രൈസ്തവര്‍ക്കും ന്യൂനപക്ഷാവകാശം ലഭിക്കുന്നു. ഇന്ത്യ മൊത്തത്തില്‍ കണക്കെടുക്കുമ്പോഴാണ് ന്യൂനപക്ഷം എന്ന നിര്‍വചനം പൂത്തുലയുന്നത്. ലോകം മൊത്തമായി മാറിയാല്‍ ഹിന്ദുക്കള്‍ മൊത്തം ഒറ്റയടിക്ക് ന്യൂനപക്ഷമായി മാറും. എല്ലാമെല്ലാം ചിന്തോദ്ദീപകമായ മത കണക്കുകള്‍!!

ലോകമെമ്പാടും മുസ്‌ളീം സമുദായം പൊതുവെ കുടുംബാസൂത്രണ നിയമങ്ങളോട് താല്‍പര്യമില്ലാത്തവരാണെന്ന പ്രചരണം മറ്റ് സമുദായങ്ങള്‍ നടത്താറുണ്ട്. ഇന്ത്യയുടെ കാര്യത്തില്‍ ഇത് ഏറെക്കുറെ ശരിയാണെങ്കിലും ലോകത്തെ മുസ്‌ളീം രാജ്യങ്ങള്‍ മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ ഈ വാദത്തില്‍ കഥയില്ലെന്ന് കാണാം; വിശേഷിച്ചും കഴിഞ്ഞ 30 വര്‍ഷങ്ങളിലെ കണക്കനുസരിച്ച്. ഇന്ത്യയില്‍ മുസ്‌ളീങ്ങള്‍ക്കിടയിലെ Total Fertility Rate(TFR) 3.6 ആണെങ്കില്‍ ഹിന്ദുകളുടേത് 2.8 ഉം ക്രൈസ്തവരുടേത് 2.4 ഉം ആണ്. അതായത് ഇന്ത്യയിലെ ഒരു മുസ്‌ളീംമാതാവിന് ശരാശരി 3.6 കുട്ടികളുള്ളപ്പോള്‍ ക്രൈസ്തവ വനിതയ്ക്ക് 2.4 കുട്ടികളേയുള്ളു. 2.1 ആണ് സുസ്ഥിരവളര്‍ച്ചയുടെ നിരക്കായി പൊതുവെ കരുതപ്പെടുന്നത്. കൂടുതല്‍ പെണ്‍കുട്ടികളും കുറഞ്ഞ ആണ്‍കുട്ടികളുമാണ് ഈ നിരക്കില്‍ ഉണ്ടാകുകയെന്നും അനുമാനിക്കപ്പെടുന്നു. ഇന്ന് 23 കോടി ജനങ്ങളുള്ള ഇന്തോനേഷ്യയിലെ മതനേതൃത്വം ഒരിക്കല്‍ എല്ലാത്തരത്തിലുള്ള വന്ധ്യംകരണത്തേയും അന്ധമായി എതിര്‍ത്തിരുന്നു. ഇന്നവര്‍ വാസക്ടമി ഉള്‍പ്പെടെയുള്ള സ്വമേധയായുള്ള പുരുഷ വന്ധ്യംകരണശ്രമങ്ങളെ പ്രോത്സാഹിപ്പിക്കന്നു. പാകിസ്ഥാനിലെ മുസ്‌ളീം പുരോഹിതര്‍ പള്ളിപ്രസംഗത്തിന് ശേഷം കുടുംബാസൂത്രണത്തെക്കുറിച്ച് വാചാലരാകുന്നു, ഗര്‍ഭനിരോധന ഉറകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു(Indo-Asian News Service (12/18/2006). ഇന്ന് പാകിസ്ഥാനിലെ ജനസംഖ്യാവര്‍ദ്ധന നിരക്ക് അമ്പരപ്പിക്കുന്ന തോതില്‍ കുറഞ്ഞുവെന്നതും ശ്രദ്ധേയമാണ്(3.7%(1990)-1.6%(2006)-Xinhua General News Service dt 2/1/2007). ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ജനസംഖ്യ-സാമൂഹികസ്ഥിതിവിരക്കണക്കിന്റ യൂണിററ് (Demographic and Social Statistics unit of the U.N. Statistical Division of December 2007) നടത്തിയ പഠനമനുസരിച്ച് അറബ് രാജ്യങ്ങളിലെ ജനനനിരക്ക് കുറഞ്ഞുവരികയാണ്. മാത്രമല്ല 20 വയസ്സിന് താഴെയുള്ള അമ്മമാരുടെ കാര്യത്തില്‍ പ്രത്യേകിച്ചും.

ലോകമെമ്പാടും ജനനനിരക്ക് കുറഞ്ഞുവരികയാണെന്ന് ഈ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുണ്ട്. മറിച്ച് സംഭവിക്കുന്നത് ആഫ്രിക്കയിലെ ഉപസഹാറാ മേഖല, മധ്യഅമേരിക്ക, യെമന്‍, പാലസ്തീന്‍ ടെറിറ്ററി എന്നിവിടങ്ങളില്‍ മാത്രമാണ്. 1980-99 കാലഘട്ടത്തില്‍ ജനനനിരക്കില്‍ ഏറ്റവും വലിയ കുറവ് വരുത്തിയ പത്ത് രാജ്യങ്ങളില്‍ എട്ടും മുസ്‌ളീം രാജ്യങ്ങളാണെന്നതാണ്(ടൈംസ് ഓഫ് ഇന്ത്യ, 5/6/2001) മറ്റൊരു കൗതുകകരമായി വസ്തുത. കുവൈറ്റ്, ടുണീഷ്യ, യു.എ.ഇ, ലബനന്‍ തുടങ്ങി പല അറബ് രാജ്യങ്ങളിലേയും പ്രത്യുത്പ്പാദനനിരക്ക് (The Total Fertility Rates /TFR)സുസ്ഥിരനിരക്കായ 2.1 നോട് അടുത്ത് എത്തിയിട്ടുണ്ട്. തുര്‍ക്കി(2.1), ഇന്തോനേഷ്യ(2.2) എന്നിവയും ഏതാണ്ട് ആ നിരക്കിനോടുക്കുന്നു. അള്‍ജീരിയയില്‍ 2.4 ഉം മൊറോക്കയിലും 2.5 ഉം (5.6 in 1979, 2.5 in 2003) ആയിരുന്നുവെങ്കിലും വീണ്ടും കുറയുന്നതായി യു.എന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അള്‍ജീരിയയില്‍ 1966-77 കാലയളവില്‍ ജനസംഖ്യാവര്‍ദ്ധനവ് 3.12% ആയിരുന്നുവെങ്കില്‍ 1987-1997 ല്‍ അത് 2.28% ആയി ഇടിയുകയുണ്ടായി(Xinhua, 7/6/1999). 1973 ല്‍ 3% ആയിരുന്ന ബംഗ്‌ളാദേശിലെ ജനസംഖ്യാവര്‍ദ്ധന നിരക്ക് 1999 ല്‍ കേവലം 1.6% ആയി കുറയുകയുണ്ടായി(Xinhua, 7/6/1999). അള്‍ജീരിയ സ്വന്തം അനുഭവത്തില്‍ നിന്ന് പാഠം പഠിച്ച രാജ്യമാണ്. 1951 ല്‍ അള്‍ജീരിയയിലും അയല്‍രാജ്യമായ ടുണീഷ്യയിലും 40 ലക്ഷമായിരുന്നു ജനസംഖ്യ. ഇന്ന് ടുണീഷ്യന്‍ ജനസംഖ്യ 90 ലക്ഷമാണെങ്കില്‍ അള്‍ജീരിയയില്‍ 3 കോടിയാണ്. ആഫ്രിക്കയില്‍ ഏറ്റവുമധികം കുതിച്ചുകയറ്റം നടത്തുന്ന വികസ്വരരാജ്യമായി ടുണീഷ്യ മാറിയപ്പോള്‍ വന്‍ ജനസംഖ്യയുമായി ആഭ്യന്തരകലഹത്തിലും അരാജകത്വത്തിലും പട്ടിണിയിലും കിടന്ന് നട്ടംതിരിയുകയാണ് അള്‍ജീരിയ. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബംഗ്‌ളാദേശി അമ്മമാര്‍ ശരാശരി 6-7 കുട്ടികള്‍ക്ക് ജന്മം കൊടുത്തിരുന്നുവെങ്കില്‍ ഇന്നത് മൂന്നായി ചുരുങ്ങിയിരിക്കുന്നു(Financial Express (5/17/2006). ജനസംഖ്യാനിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉയര്‍ന്ന ജനനനിരക്കുണ്ടായിരുന്ന ജോര്‍ദ്ദാനിലും വന്‍കുറവാണ് ടി.എഫ്. ആര്‍ നിരക്കിലുണ്ടായിട്ടുള്ളത്(7.4(1977)-3.4(2002)/Associated Press (12/ 2002).

ലോകത്ത് ഏറ്റവും വലിയ തോതില്‍ ജനസംഖ്യാനിയന്ത്രണവും
ജനനനിരക്ക് വ്യതിയാനവും രേഖപ്പെടുത്തുന്ന രാജ്യം മതാധിഷ്ഠിത രാജ്യമായ ഇറാനാണ്. 1989-99 കാലഘട്ടത്തില്‍ ഇറാനിലെ ജനസംഖ്യാര്‍ദ്ധനനിരക്ക് അമ്പത് ശതമാനം കുറയുകയുണ്ടായി. അതയത് ഏതാണ്ട് 3 % ല്‍ നിന്ന് 1.47% ലേക്ക് വര്‍ദ്ധനനിരക്ക് താഴ്ന്നു(The Christian Science Monitor, 11/19/1999). 2001 ല്‍ ഇത് വീണ്ടും കുറഞ്ഞ് 1.2% ആയി. പ്രത്യുത്പ്പാദനനിരക്കാകട്ടെ, അമ്പതുകളില്‍ ഒരമ്മയ്ക്ക് 5 കുട്ടികള്‍ ആയിരുന്നത് 1989-99 കാലത്ത് മൂന്നായി. പക്ഷെ 2000 ല്‍ ഒരു വനിതയ്ക്ക് 2 എന്ന നിരക്കിലേക്ക് വന്നു. എന്നാല്‍ യു.എന്‍.സ്റ്റാറ്റിസ്റ്റിക്കല്‍ ഡിവിഷന് നടത്തിയ പുതിയ പഠനത്തില്‍ ഇത് 1.7 ആയി വീണ്ടും കുറഞ്ഞതായാണ് കാണിക്കുന്നത്.ലോകത്തേറ്റവും കൂടുതല്‍ ജനനനിരക്കുള്ള യെമനില്‍പോലും കഴിഞ്ഞ ദശകത്തില്‍ ജനന നിരക്കില്‍ നിര്‍ണ്ണായകമായ കുറവ് രേഖപ്പെടുത്തി.

സ്ത്രീകള്‍ വന്‍തോതില്‍ സാമൂഹികവും ലിംഗപരവുമായ വിവേചനം നേരിടുന്ന ഇറാനില്‍പോലും കുടുംബാസൂത്രണ ശ്രമങ്ങള്‍ വന്‍തോതിലുള്ള മാറ്റമാണ് കൊണ്ടുവന്നിട്ടുള്ളത്. 'ദൈവത്തിന്റെ സംഭാവന'ചൂണ്ടിക്കാട്ടി 'ജനസംഖ്യാബോംബു'ണ്ടാക്കാന്‍ അവര്‍ തയ്യാറല്ലെന്ന് സാരം. 7-8 കോടിയില്‍ തങ്ങളുടെ ജനസംഖ്യ ക്രമീകരിക്കാന്‍ ഇറാന് സാധിച്ചിരിക്കുന്നു. ലോകത്തേറ്റവും കൂടുതല്‍ ജനനനിരക്ക് റിപ്പോര്‍ട്ടു ചെയ്യുന്ന മറ്റൊരു പ്രദേശം പാലസ്തീന്‍ ടെറിറ്ററിയാണെന്ന് സൂചിപ്പച്ചല്ലോ. അവിടെ കുട്ടികളെ ഒരു സംരക്ഷണകവചമായാണ് അമ്മമാര്‍ കരുതുന്നത്. യുദ്ധവും പട്ടിണിയും തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയും നടമാടുന്ന അത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ വര്‍ദ്ധിച്ച കുടുംബസുരക്ഷ കൊണ്ടുവരുമെന്ന് അവര്‍ വിശ്വാസിച്ചുപോകുന്നു. മാത്രമല്ല ഭാവിയില്‍ യുദ്ധം ചെയ്യാനും ധാരാളം കുട്ടികളെ ആവശ്യമുണ്ട്.

എന്തിനേറെ, സൗദി അറേബ്യയില്‍പ്പോലും ജനനനിരക്ക് കുറയുകയാണ്. ദശകങ്ങള്‍ക്ക് മുമ്പ് ഒരമ്മയ്ക്ക് 5-6 കുട്ടികള്‍ എന്ന സ്ഥിരംനിരക്കായിരുന്നു അവിടെയുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതിവിശേഷം മാറുകയാണ്. ചുരുക്കത്തില്‍ മുസ്‌ളീംരാഷ്ട്രങ്ങളില്‍ ജനനനിരക്ക് കുറയുകയാണ്;വളരെ ആസൂത്രിതമായി തന്നെ. മിക്ക മുസ്‌ളീം രാജ്യങ്ങളിലും ജനസംഖ്യാനിയന്ത്രണ ശ്രമങ്ങള്‍ സജീവവുമാണ്. ന്യൂനപക്ഷം വരുന്ന തീവ്രമതവാദികള്‍ എതിര്‍പ്പുയര്‍ത്തുന്നുവെന്നുവെങ്കിലും മുഖ്യധാരാ മതനേതൃത്വങ്ങളുടേയും സര്‍ക്കാരിന്റെയും പിന്തുണയും ഈ ഉദ്യമങ്ങളെ പോഷിപ്പിക്കുന്നുവെന്നതും ശ്രദ്ധിക്കണം. ഗര്‍ഭധാരണത്തിന് വേണ്ടിയല്ലാത്ത ലൈംഗീകബന്ധത്തെ( Coitus interruptus) മുഹമ്മദ് പിന്തുണച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കുര്‍-ആന്‍ ജനസംഖ്യാ നിയന്ത്രണത്തിന് എതിരല്ലെന്ന് സ്ഥാപിക്കാനും മതനേതാക്കള്‍ ശ്രദ്ധിക്കുന്നു.


അതേസമയം  നിര്‍ണ്ണായക സ്വാധീനമില്ലാത്ത രാജ്യങ്ങളില്‍ ഉയര്‍ന്ന ജനനനിരക്ക് നിലനിറുത്താനും ഇസ്‌ളാം ശ്രദ്ധിക്കുന്നു. ജനസംഖ്യ വര്‍ദ്ധിപ്പിച്ച് അവിടങ്ങളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ തന്നെയാണവര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ കഴിഞ്ഞ ദശകത്തില്‍ കാര്യമായ ജസംഖ്യാവര്‍ദ്ധനവുണ്ടായത് മലപ്പുറം ജില്ലയിലാണ്. അതുമൂലം ആ ജില്ലയില്‍ നാല് നിയമസഭാമണ്ഡലങ്ങള്‍ അധികമായി വരുകയും കൃത്യമായും ആ നാലുമണ്ഡലങ്ങള്‍ പുതിയ UDF സര്‍ക്കാരിന്റെ ഭൂരിപക്ഷമായി തീരുകയും ചെയ്തു. ജനസംഖ്യാ വര്‍ദ്ധനവിന് വേണ്ടിയുള്ള മുറവിളിയുടെ രാഷ്ട്രീയവശമാണതില്‍ പ്രതിഫലിക്കുന്നത്.


യൂറോപ്പിലെ ക്രൈസ്തവരാജ്യങ്ങള്‍ പൊതുവെ ജനസംഖ്യാനിയന്ത്രണത്തെ അകമഴിഞ്ഞ് പിന്തുണയ്ക്കുമ്പോഴും കത്തോലിക്കാ വിഭാഗം എണ്ണം കൂട്ടുന്നതില്‍ വലിയതോതില്‍ ഉത്സുകരാണ്. കത്തോലിക്കര്‍ക്ക് ഗണ്യമായ സ്വാധീനമുള്ള ലാറ്റിന്‍ അമേരിക്കയില്‍ കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ ജനസംഖ്യ രണ്ടിരട്ടിയായിട്ടാണ് വര്‍ദ്ധിച്ചത്. ജനസംഖ്യ കൂട്ടുക എന്നാല്‍ തങ്ങളുടെ 'മതസംഖ്യ' കൂട്ടുക എന്നതുതന്നെയാണ് മതങ്ങളുടെ ലക്ഷ്യം. 'എണ്ണം' പ്രധാനമായ ജനാധിപത്യത്തില്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്ന പ്രകടമായ ഈ ലക്ഷ്യത്തിന് മറയിടാനാണ് ഭ്രൂണസ്‌നേഹവും മനുഷ്യവിഭവശേഷിയോടുള്ള നിലയ്ക്കാത്ത പ്രണയവുമൊക്കെ എഴുതിക്കാണിക്കുന്നത്. കൊന്നും തിന്നും അറപ്പുതീരാത്ത, മനുഷ്യജീവന് പുല്ലുവില കല്‍പ്പിക്കാത്ത, ഒരു പള്ളിയുടെ നിയന്ത്രണാവകാശത്തെച്ചൊല്ലി പോലും പരസ്പരം ക്ഷമിക്കാനും പൊറുക്കാനും കഴിയാത്ത മതശക്തികള്‍ ഭ്രൂണസ്‌നേഹവുമായി വീര്‍പ്പുമുട്ടുന്നത് കാണുമ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെ സമൂഹം സ്തംഭിച്ചു നില്‍ക്കുന്നു.


യന്ത്രവല്‍ക്കരണവും ആധുനിക സാങ്കേതികവിദ്യയും ഉള്ള മനുഷ്യശേഷി തന്നെ അധികപ്പറ്റാക്കി മാറ്റിയ ലോകത്ത് വര്‍ദ്ധിച്ച ജനസംഖ്യ 'നോട്ടക്കൂലി' സംസ്‌ക്കാരവും പരോക്ഷ തൊഴിലില്ലായ്മയും(disguised unemployment) കൊണ്ടുവരുന്നതാണ് നാം കാണുന്നത്. 'ജോലി ചെയ്യാന്‍ യന്ത്രവും കൂലി വാങ്ങാന്‍ മനുഷ്യരും' എന്ന സിദ്ധാന്തം ഇന്ന് ഏറെ വികസിച്ചിരിക്കുന്നു. ജനസംഖ്യ വര്‍ദ്ധിപ്പിച്ചതിലൂടെ ഇന്നുവരെ ഒരു രാജ്യവും പുരോഗമിച്ചിട്ടില്ല. ഇന്ന് നിലവിലുള്ള സുഭിക്ഷരാജ്യങ്ങളൊക്കെ കുറഞ്ഞ ജനസംഖ്യയും കുറഞ്ഞ ജനന നിരക്കുമാണ് കാണിക്കുന്നത്. അവരെയൊക്കെ മണ്ടരായി കാണാന്‍ ആര്‍ക്കും അവകാശമുണ്ട്. പക്ഷെ യാഥാര്‍ത്ഥ്യം അങ്ങനെയായി കൊള്ളണമെന്ന് ശഠിക്കുന്നതില്‍ കഥയില്ല.

ജസംഖ്യാവര്‍ദ്ധനവിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി നീണ്ട ഉപന്യാസങ്ങളെഴുതിയാണ് നാം പത്താംതരം പാസ്സാകുന്നത്. അതുകൊണ്ടുതന്നെ അതൊന്നും ഇവിടെ എഴുതിവെക്കുന്നില്ല. ഇന്ത്യയെ സംബന്ധിച്ച് ജനസംഖ്യാ 'വര്‍ദ്ധനനിരക്കില്‍' കുറവ് കാണിച്ചതുകൊണ്ടുമാത്രം ഇനിയങ്ങോട്ട് വലിയ കഥയില്ല. കാരണം 120 കോടിയുടെ 5 ശതമാനം 50 കോടിയുടെ 10 ശതമാനത്തേക്കാള്‍ കൂടുതലാണ്. ജനസംഖ്യ കുറയുന്നത് 'പാപ'മാണെന്ന് കരുതുന്നവര്‍ രാജ്യത്തിന് അതിനൊരവസരം നല്‍കുകയാണ് വേണ്ടത്. കഴിഞ്ഞ 30 വര്‍ഷമായി ജനസംഖ്യാനിയന്ത്രണത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങളാണ് ചൈന കൈവരിച്ചത്. ഉയര്‍ന്ന ജനസംഖ്യയെന്നതിലുപരി മെച്ചപ്പെട്ട ജനസംഖ്യാനിയന്ത്രണമാണ് ആ രാജ്യത്തിന്റെ മുന്നേറ്റത്തിന് ഹേതുവായതെന്ന് കാണണം. കൂടിയ ജനസംഖ്യ രാജ്യപുരോഗതിക്ക് സഹായിക്കുമെങ്കില്‍ ലോകമെമ്പാടും എല്ലാവരും ആ 'എളുപ്പവഴി' സ്വീകരിക്കുമായിരുന്നു. രാജ്യതാല്‍പര്യം തൃണവല്‍ക്കരിച്ച് 'മതതാല്‍പര്യം'ഉയര്‍ത്തിപ്പിടിക്കുന്നവര്‍ അവശ്യം ശ്രദ്ധിക്കേണ്ട വസ്തുതയാണിത്.***

-Ravichandran C

ബിജെപി-വേറിട്ട പാര്‍ട്ടിയോ വല്ലാത്ത പാര്‍ട്ടിയോ?


വേറിട്ടൊരു പാര്‍ട്ടി. അങ്ങനെയാണു ഭാരതീയ ജനതാ പാര്‍ട്ടി സ്വയം വിശേഷിപ്പിക്കാറ്. എങ്ങനെയാണു വേറിടുന്നതെന്നു വിശദീകരിച്ചു കണ്ടിട്ടില്ല, നേതാക്കള്‍ ആരും ഇതുവരെ. എങ്കിലും ഇക്കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ബിജെപി ദേശീയ നിര്‍വാഹക സമിതിയുടെ വാര്‍ത്തകള്‍ ശ്രദ്ധിച്ച ആര്‍ക്കും തോന്നിപ്പോവും, ഇതു വേറിട്ടൊരു പാര്‍ട്ടി തന്നെ. പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുറുകിക്കൊണ്ടിരിക്കെ, ഭരണമുന്നണി ആക്കം നഷ്ടപ്പെട്ടു നിശ്ചേതനാവസ്ഥയിലേക്കു നീങ്ങിക്കൊണ്ടിരിക്കെ, വില്ലടിച്ചാന്‍പാട്ടു നടത്തി പിരിഞ്ഞുപോവുന്ന മുഖ്യപ്രതിപക്ഷം വേറിട്ട പാര്‍ട്ടി മാത്രമല്ല, വല്ലാത്തൊരു പാര്‍ട്ടി കൂടിയാണ്.


തെരഞ്ഞെടുപ്പിനു തയാറാവാന്‍ കേന്ദ്ര ഭരണം നടത്തുന്ന കോണ്‍ഗ്രസും നടത്തിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും ദ്രാവിഡ മുന്നേറ്റകഴകവും നിരന്തരമെന്നോണം അണികളോടു പറയുമ്പോഴാണ്, സംഘടനാ തെരഞ്ഞെടുപ്പിനെക്കുറിച്ചു കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞുകൊണ്ടു മുംബൈയില്‍നിന്നു ബിജെപി നേതാക്കള്‍ പലവഴിക്കു പിരിഞ്ഞുപോയത്. നിതിന്‍ ഗഡ്കരിക്ക് അധ്യക്ഷസ്ഥാനത്തു രണ്ടാമൂഴമൊരുക്കാന്‍ പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യുന്നതിന് അനുമതി, ഇതിനു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പിന്തുണ ഉറപ്പാക്കാന്‍ മോഡി വിരുദ്ധനായ സഞ്ജയ് ജോഷിയെ എക്സിക്യൂട്ടിവില്‍നിന്നു പുറത്താക്കല്‍, സമാപന റാലിയില്‍നിന്നു മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനിയുടെയും സുഷമ സ്വരാജിന്‍റെയും വിട്ടുനില്‍ക്കല്‍. തീര്‍ന്നു, ബിജെപി നേതൃയോഗം. ദേശീയ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനു ശക്തമായ ബദലാവുമെന്നു പ്രതീക്ഷിക്കപ്പെട്ട ബിജെപിയുടെ ദയനീയ ചിത്രമാണിത്.


ഏതു ദുര്‍ബല പ്രതിപക്ഷത്തെയും ഊര്‍ജസ്വലമാക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ചാണു യുപിഎ സര്‍ക്കാരിന്‍റെ ഭരണം. അടിക്കടിയുള്ള പെട്രോള്‍ വില വര്‍ധന, വിലക്കയറ്റം, സാമ്പത്തിക വളര്‍ച്ച പിന്നോട്ടടിക്കല്‍, കറന്‍സി ക്രൈസിസ് എന്നുവേണ്ട പ്രതിപക്ഷ രാഷ്ട്രീയത്തെ ആഘോഷമാക്കാനുള്ള വക വേണ്ടുവോളമുണ്ട് നാട്ടില്‍. ലോക്പാല്‍, ദേശീയ ഭീകരതാ വിരുദ്ധ കേന്ദ്രം തുടങ്ങി ഒരുപിടി വിഷയങ്ങള്‍ പ്രാദേശിക പാര്‍ട്ടികളെപ്പോലും ഒരേ പ്ലാറ്റ്ഫോമില്‍ അണിനിരത്തുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഭൂരിപക്ഷമില്ലാതെ ചതഞ്ഞരഞ്ഞ സമവായ ചര്‍ച്ചകളുടെ കോലായ നിരങ്ങുകയാണ്, കോണ്‍ഗ്രസ്. മുഖ്യപ്രതിപക്ഷം എന്ന നിലയില്‍ ബിജെപിയുടെ പ്രായോഗിക ബുദ്ധിയും കൗശലവും ഉണര്‍ന്നു നില്‍ക്കേണ്ടത്, ഏതു കാറ്റിലും ഗതിമാറിയൊഴുകാവുന്ന രാഷ്ട്രീയ പ്രവാഹത്തിന്‍റെ ഈ ദിനങ്ങളിലല്ലാതെ എപ്പോഴാണ്? മമത ബാനര്‍ജി മാത്രമല്ല, കരുണാനിധിയും ശരത് പവാറുമെല്ലാം ഭരണമുന്നണിയുടെ ഔട്ടര്‍ സര്‍ക്കിളിലൂടെയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ജയലളിതയും ചന്ദ്രബാബു നായിഡുവും നവീന്‍ പട്നായിക്കുമെല്ലാം 2014 ലക്ഷ്യമിട്ട് നിരന്തരം പുതിയ സാധ്യതകള്‍ ആരാഞ്ഞുകൊണ്ടിരിക്കുന്നു. പുതിയ കാലത്തെ തെരഞ്ഞെടുപ്പു രാഷ്ട്രീയം എന്നതു സഖ്യകക്ഷികളെ കണ്ടെത്തുന്നതിന്‍റെ കലകൂടിയാണെന്നിരിക്കെ, സംഘ രാഷ്ട്രീയത്തിനു പുറത്തു ചില്ലകള്‍ നീട്ടാന്‍ കഴിയാത്ത നിതിന്‍ ഗഡ്കരി എന്ന ഒറ്റമരത്തില്‍ എന്തു പ്രതീക്ഷയാണു ബിജെപി കണ്ടെത്തുന്നത്?


നിശ്ചയിച്ചപോലെ കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍ 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ഗഡ്കരിയാവും ബിജെപിയെ നയിക്കുക. കഴിഞ്ഞ മൂന്നു വര്‍ഷം ഗഡ്കരിയായിരുന്നു ബിജെപി അധ്യക്ഷ സ്ഥാനത്ത്. കര്‍ണാടകയില്‍ യെദിയൂരപ്പ ഉയര്‍ത്തിയ മാടമ്പിലഹളകള്‍, യുപിയില്‍ ബാബു സിങ് ഖുശാവയെ പാര്‍ട്ടിയിലെടുത്തതും തുടര്‍ന്നുണ്ടായ ആഭ്യന്തര കലാപവും, ജാര്‍ഖണ്ഡില്‍ എന്‍ആര്‍ഐ ബിസിനസുകാരന്‍ അന്‍ഷുമാന്‍ മിശ്രയ്ക്കു രാജ്യസഭാ സീറ്റ് നല്‍കിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം, കോര്‍പ്പറേഷന്‍-മുന്‍സിപ്പാലിറ്റി സ്ഥാനാര്‍ഥി ടിക്കറ്റുകള്‍ ലേലം ചെയ്ത് വിറ്റെന്ന ആക്ഷേപം തുടങ്ങി വിവാദങ്ങളുടെ കെട്ടാണു ഗഡ്കരിക്കു കീഴില്‍ ബിജെപിയുടെ ചരിത്രം. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോല്‍വി പുറമേ. നരേന്ദ്ര മോഡി-അഡ്വാനി ക്യംപുകള്‍ തമ്മിലുള്ള വടംവലി കൂടിയാവുമ്പോള്‍ ചിത്രം പൂര്‍ണം. തീര്‍ത്തും അണ്ടര്‍ പെര്‍ഫോമര്‍ ആയ ബിജെപി പ്രസിഡന്‍റാണു ഗഡ്കരി. മഹരാഷ്ട്ര ബിജെപി അധ്യക്ഷസ്ഥാനത്തുനിന്നു നേരിട്ടാണു ഗഡ്കരി ദേശീയ പ്രസിഡന്‍റ് പദവിയിലെത്തിയത്. ആര്‍എസ്എസ് ആസ്ഥാനവുമായുള്ള അടുപ്പത്തിലൂടെ കിട്ടിയ ലാറ്ററല്‍ എന്‍ട്രി. നാഗ്പുരില്‍ സംഘ ആസ്ഥാനത്തു നിന്നു വിളിച്ചാല്‍ കേള്‍ക്കാവുന്ന ദൂരത്താണു വീട് എന്നതില്‍ ഒതുങ്ങില്ല, ഗഡ്കരി-ആര്‍എസ്എസ് അടുപ്പം. ബാലാസാഹേബ് ദേവ്റസുമായും രജ്ജു ഭയ്യയുമായും സുദര്‍ശനുമായും നല്ല ബന്ധമായിരുന്നു, മോഹന്‍ ഭഗവതിന്‍റെ കാലം വന്നപ്പോള്‍ അത് എന്നത്തേക്കാളും ദൃഢമായി. ഭഗവതാണു ഗഡ്കരിയെ അശോക റോഡിലെത്തിച്ചത്. മഹരാഷ്ട്ര ഘടകം പ്രസിഡന്‍റായിരുന്ന കാലത്ത് ഏക സഖ്യകക്ഷി ശിവസേനയുമായുള്ള ബന്ധം നല്ലപോലെ സൂക്ഷിക്കാനായിട്ടില്ല ഗഡ്കരിക്ക്. പതിമൂന്നു സഖ്യകക്ഷികളുള്ള മുന്നണിയെ നയിച്ച് അധികാരത്തിലെത്തിയ, ഇനിയും അധികാരം പിടിക്കാന്‍ അത്തരമൊരു കസര്‍ത്ത് ആവശ്യമുള്ള പാര്‍ട്ടിയെ നയിക്കാന്‍ ഇങ്ങനെയൊരാളെ നിയോഗിക്കുമ്പോള്‍ എതിര്‍ ശബ്ദങ്ങള്‍ പരസ്യമായെങ്കിലും ഉയര്‍ന്നില്ല, ബിജെപിയില്‍. മഹരാഷ്ട്രയിലെ ബിജെപി-ശിവസേന സഖ്യം കോണ്‍ഗ്രസിനോട് അടിയറവു പറഞ്ഞ കാലത്തു കൂടിയാണ് ആ സഖ്യത്തെ നയിച്ച ഗഡ്കരി, തികച്ചും അപരിചിതമായ ദേശീയ നേതൃത്വത്തില്‍ എത്തുന്നത്. തോല്‍വിയുടെ പേരില്‍ വസുന്ധര രാജെയ്ക്കും ബി.സി. ഖണ്ഡൂരിക്കുമെല്ലാം സ്ഥാനനഷ്ടം വിധിച്ച പാര്‍ട്ടിയാണിത്. ഒരു പാര്‍ട്ടി വേറിട്ട പാര്‍ട്ടിയാവുന്നത് അങ്ങനെയൊക്കെയാണ്. 


അല്ലെങ്കില്‍ തന്നെ ബിജെപിയില്‍നിന്ന് ഇനി എന്തു പ്രതീക്ഷിക്കാനാണ്? രാമക്ഷേത്ര പ്രക്ഷോഭകാലത്തിനിപ്പുറം ഭൂഗുരുത്വത്തിനു വഴങ്ങിവീണു പോയിരിക്കുന്നു, അതിന്‍റെ ഗ്രാഫ്. ജനസംഘം ജനതാ രാഷ്ട്രീയത്തിലൂടെ കടന്നുപോയപ്പോഴുണ്ടായ അപവര്‍ത്തനത്തിന്‍റെ സൃഷ്ടിയാണത്. എന്നാല്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെയോ ദീന്‍ദയാല്‍ ഉപാധ്യായയുടെയോ താത്വിക ദാര്‍ഢ്യമില്ല അതിന്. ജനസംഘകാലത്തെ പിന്‍പറ്റി വളര്‍ന്ന എ.ബി. വാജ്പേയിക്കും എല്‍.കെ. അഡ്വാനിക്കും അപ്പുറം തലയെടുപ്പുള്ള നേതാവിനെ സൃഷ്ടിക്കാനായിട്ടില്ല, ഈ പാര്‍ട്ടിക്ക്. വാജ്പേയിയെയും അഡ്വാനിയെയും ഒഴിച്ചുള്ള ബിജെപി അധ്യക്ഷന്മാരുടെ പട്ടിക നോക്കുക. എം.എം. ജോഷി, കുശഭാവു താക്കറെ, ബങ്കാരു ലക്ഷ്മണ്‍, ജന കൃഷ്ണമൂര്‍ത്തി, വെങ്കയ്യ നായിഡു, രാജ്നാഥ് സിങ്, ഇപ്പോള്‍ ഗഡ്കരി. പാര്‍ട്ടിക്കു പുറത്തല്ല, പാര്‍ട്ടിക്കുള്ളില്‍ തന്നെ എല്ലാവര്‍ക്കും സ്വീകാര്യതയുണ്ടായിരുന്ന ആരുമില്ല ഇതില്‍; പാര്‍ട്ടിക്കു മേല്‍ പൂര്‍ണ നിയന്ത്രണമുണ്ടായിരുന്നവരും ആരുമില്ല. പലരും പാര്‍ശ്വവത്കരിക്കപ്പെട്ടും ചിലരെങ്കിലും അവഹേളിക്കപ്പെട്ടുമാണു ബിജെപി അധ്യക്ഷപദത്തില്‍നിന്നു പടിയിറങ്ങിയത്. വളര്‍ച്ചയുടെ വഴിയില്‍നിന്ന് ഒരു പാര്‍ട്ടി തിരിച്ചുനടക്കുന്നതിന് ഇതും ഒരു ദൃഷ്ടാന്തമാണ്.


നരേന്ദ്ര മോഡി. മോഡി മാത്രമാണു ഹിന്ദുത്വ രാഷ്ട്രീയത്തിലെ ഈ തിരിച്ചൊഴുക്കിനെതിരേ നീന്തിക്കയറിയ നേതാവ്. യെദിയൂരപ്പയുടെ മാടമ്പിഛായയ്ക്കുമപ്പുറമുള്ള നേതൃത്വ പ്രതീതിയുണ്ടാക്കാന്‍ മോഡിക്കു കഴിഞ്ഞിട്ടുണ്ട്. അണികളെ സജീവമാക്കുന്ന തീവ്രഹിന്ദുത്വ നിലപാടുകളോടൊപ്പം തന്നെ വികസന നായകന്‍ എന്ന മാധ്യമവിളിപ്പേര് നിലനിര്‍ത്താനുമാവുന്നു, മോഡിക്ക്. ഇതൊരു രാഷ്ട്രീയക്കാരന്‍റെ വിജയ ഫോര്‍മുലയാണ്. അതുള്ളതുകൊണ്ടാണു പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിലേക്കു മോഡിയുടെ പേരുകള്‍ നിരന്തരമായി ഉയര്‍ന്നുവരുന്നത്. എന്നാല്‍ ബിജെപിയെ അധികാരത്തിന്‍റെ വഴികളില്‍ തിരിച്ചെത്തിക്കാന്‍ ഇതു മതിയാവുമോ? ഗുജറാത്ത് എന്നത് കേവലമൊരു സംസ്ഥാനത്തിന്‍റെ പേരല്ല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍. നിലവിളികളുടെയും ചോരയുടെയും പേരുകൂടിയാണത്. വാജ്പേയിയുടെ ബിജെപിയേക്കാള്‍ കുറവായിരുന്നു അഡ്വാനിയുടെ ബിജെപിക്കു സുഹൃത്തുക്കള്‍. മോഡിയുടെ ബിജെപിക്ക് അതു പിന്നെയും കുറയും. എക്കാലവും മോണോലിത്തിക് പൊളിറ്റി സ്വപ്നം കണ്ടിരുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പോലും മുന്നണി സംവിധാനത്തിലേക്ക് ഇറങ്ങിവന്ന കാലത്തെ തെരഞ്ഞെടുപ്പു രാഷ്ട്രീയം, നേരത്തേ പറഞ്ഞപോലെ, സഖ്യകക്ഷികളെ സൃഷ്ടിക്കുന്ന കല കൂടിയാണ്. അഡ്വാനി സംഘരാഷ്ട്രീയത്തിന്‍റെ തീവ്രമുഖമായിരുന്ന കാലത്തു സുഹൃദ്ഭാവവുമായി വാജ്പേയി ഉണ്ടായിരുന്നു, മുന്നില്‍. വിരുദ്ധഭാവങ്ങളുള്ള ഈ ഇരട്ടമുഖങ്ങളായിരുന്നു ബിജെപിയുടെയും എന്‍ഡിഎയുടെയും കരുത്ത്. ഇപ്പോള്‍ തീവ്രമുഖവുമായി മോഡി നില്‍ക്കുമ്പോള്‍ മുന്നണി എന്ന സിസോയുടെ എതിരറ്റത്ത് ആരുണ്ടാവും ചിരിമുഖവുമായി? നിതിന്‍ ഗഡ്കരി ആ പ്രൊഫൈലിലേക്ക് എത്താന്‍ എത്രകാലമെടുക്കും?

Monday, May 28, 2012

മോഹന്‍ലാലിന് എതിരെയും മാധ്യമ വിചാരണ?


മോഹന്‍ലാലിന്റെ വീട്ടില്‍ റെയ്‌ഡ്‌ നടത്തിയപ്പോള്‍ ആനക്കൊമ്പ്‌ കണ്ടെടുത്തത്‌ വന്‍വിവാദമായി മാറിയിരുന്നു. എന്നാല്‍ കെട്ടടങ്ങിയ വിവാദം വീണ്ടും ചൂടുപിടിക്കുകയാണ്‌. മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന്‌ കണ്ടെടുത്തത്‌ ആനക്കൊമ്പാണെന്നും, അനുമതിയില്ലാതെയാണ്‌ അത്‌ സൂക്ഷിക്കുന്നതെന്നും വിവരാവകാശ പ്രകാരം ലഭിച്ച മറുപടി ആധാരമാക്കി ഒരു മലയാളം ന്യൂസ്‌ പോര്‍ട്ടലാണ്‌ ഇതുസംബന്ധിച്ച വാര്‍ത്ത ആദ്യം പുറത്തുവിട്ടത്‌.
എന്നാല്‍ ആ വാര്‍ത്ത ആദ്യം ഗൗനിക്കാതിരുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ പിന്നീട്‌ അതിന്‌ വലിയ പ്രാധാന്യം നല്‍കി. സൂപ്പര്‍താരങ്ങളുടെ വസതികളില്‍ റെയ്‌ഡ്‌ നടത്തിയപ്പോള്‍ വലിയ വാര്‍ത്തയായെങ്കിലും പിന്നീട്‌ മാധ്യമങ്ങള്‍ മനപൂര്‍വ്വം അതിന്റെ പ്രാധാന്യം കുറക്കുകയായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ളവര്‍ക്ക്‌ എതിരായ വാര്‍ത്തകള്‍ മലയാളത്തിലെ മാധ്യമങ്ങള്‍ തമസ്‌ക്കരിക്കുകയോ പ്രാധാന്യം കുറച്ച്‌ നല്‍കുകയോ ചെയ്യുകയാണ്‌ പതിവ്‌.
എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന മോഹന്‍ലാലിനെതിരായ വാര്‍ത്തയ്‌ക്ക്‌ മാധ്യമങ്ങള്‍ വലിയ പ്രാധാന്യമാണ്‌ നല്‍കുന്നത്‌. എന്താണ്‌ അതിന്റെ കാരണം? അടുത്തിടെ ടി.പി ചന്ദ്രശേഖരന്‍ വധത്തെ ശക്‌തമായി അപലപിച്ചുകൊണ്ട്‌ മോഹന്‍ലാല്‍ എഴുതിയ ബ്‌ളോഗ്‌ എല്ലാ ചാനലുകളും വലിയ വാര്‍ത്തയാക്കി മാറ്റിയിരുന്നു. എന്നാല്‍ തന്റെ അഭിപ്രായം വളച്ചൊടിച്ചും തന്നെ ഒരു പക്ഷക്കാരനായി ചിത്രീകരിച്ചും കണ്ണീരിനെ വില്‍പനയ്‌ക്ക്‌ വെക്കുകയാണ്‌ മാധ്യമങ്ങള്‍ ചെയ്‌തതെന്നും പറഞ്ഞ്‌ രൂക്ഷമായ വിമര്‍ശനമാണ്‌ മോഹന്‍ലാല്‍ ഉന്നയിച്ചത്‌. ഇതില്‍ കുപിതരായ ചില മാധ്യമ പ്രവര്‍ത്തകരാണ്‌ മോഹന്‍ലാലിനെതിരായ വാര്‍ത്തകള്‍ അമിത പ്രാധാന്യത്തോടെ നല്‍കുന്നതെന്നാണ്‌ സൂചന. ഏതായാലും മുഖ്യധാരാ മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലെ സൗഹൃദ കൂട്ടായ്‌മകളിലുമെല്ലാം മോഹന്‍ലാലിന്റെ ആനക്കൊമ്പ്‌ വിഷയം കത്തിനില്‍ക്കുകയാണ്‌. മോഹന്‍ലാലിനെ മന്ത്രി ഗണേഷ്‌കുമാര്‍ സഹായിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. മോഹന്‍ലാലിനും ഗണേഷിനും എതിരെ മുന്‍മന്ത്രി ആര്‍ ബാലകൃഷ്‌ണപിള്ള രംഗത്തുവരികയും ചെയ്‌തിട്ടുണ്ട്‌.
അനുമതിയില്ലാതെയാണ്‌ മോഹന്‍ലാല്‍ ആനക്കൊമ്പ്‌ സൂക്ഷിക്കുന്നതെങ്കിലും തീര്‍ച്ചയായും ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ്‌ ഞങ്ങളുടെ അഭിപ്രായം. എന്നാല്‍ കേരളത്തിലെ മാധ്യമങ്ങളുടെ നിലപാട്‌ ശരിയാണോയെന്ന്‌ കേരള സമൂഹം ചര്‍ച്ച ചെയ്യണം. തങ്ങള്‍ക്കെതിരെ പറയുന്നവരെ മാധ്യമ വിചാരണ നടത്തി കൈകാര്യം ചെയ്യാനാണ്‌ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്‌. മോഹന്‍ലാലിന്‌ മാത്രമല്ല, കേരളത്തിലെ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്കും സാഹിത്യകാരന്‍മാര്‍ക്കും സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കുമൊക്കെ ഇത്തരത്തില്‍ മാധ്യമ വിചാരണ നേരിടേണ്ടി വരുന്നുണ്ട്. കിടമല്‍സരത്തില്‍ ഒന്നാമതെത്താന്‍ മാധ്യമങ്ങള്‍ എക്‌സ്‌ക്‌ളൂസീവുകളും വിവാദങ്ങളും പടച്ചുവിടുമ്പോള്‍ നഷ്‌ടമാകുന്നത്‌ മാധ്യമ പ്രവര്‍ത്തനത്തിലെ ധാര്‍മ്മികതയാണ്‌. 12 മണിക്കൂര്‍ പോലും ആയുസില്ലാത്ത വിവാദങ്ങളും എക്‌സ്‌ക്‌ളൂസിവുകളുമാണ്‌ ഇവിടുത്തെ മാധ്യമ പ്രവര്‍ത്തനം. എന്നാല്‍ വിലക്കയറ്റം, ഇന്ധനവില വര്‍ദ്ധനവ്‌ തുടങ്ങിയ സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങള്‍ക്കുനേരെ സൗകര്യപൂര്‍വ്വം കണ്ണടയ്‌ക്കാനും മാധ്യമങ്ങള്‍ക്ക്‌ അറിയാം. ഈ അഭിനവ മാധ്യമ പ്രവര്‍ത്തനം ശരിയാണോ എന്ന് കേരള സമൂഹം ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യേണ്ട ഒന്നാണ്‌.

കാഫ്ക പറയാന്‍ വെച്ചത്


ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരില്‍ പെടുന്നു ഫ്രാന്‍സ് കാഫ്ക. മരിക്കും മുമ്പ് താനെഴുതിയതിന്റെ 90 ശതമാനവും, അതായത് ഏതാണ്ട് 3500 പേജുകള്‍ കത്തിച്ചു കളഞ്ഞു കാഫ്ക. എന്നിട്ടും, മരിച്ച് കാല്‍ നൂറ്റാണ്ട് തികയാറായപ്പോള്‍ ബാക്കി എഴുത്തുകളിലൂടെ പ്രവാചക തുല്യമായ പദവിയിലേക്ക് ആ എഴുത്തുകാരന്‍ ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ മരിച്ച് 85 കൊല്ലം തികയാനിരിക്കെ അടച്ചു പൂട്ടപ്പെട്ട പെട്ടികളില്‍ കാഫ്ക നമ്മുടെ കാലത്തിനായി വീണ്ടും എഴുത്തുകള്‍ ബാക്കി വെച്ചിരിക്കുന്നു. ഈ കാലത്തോട് കാഫ്ക പറയാന്‍ വെച്ചത് എന്തെന്നറിയാന്‍, പക്ഷേ, ഒരു നിയമയുദ്ധം തീരും വരെ നാം കാത്തിരിക്കണം.,


അതീവ നാടകീയതയോടെ ഒരു യഥാര്‍ത്ഥ ജീവിതരംഗം അരങ്ങേറി, കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ സൂറിച്ചിലെ ഒരു ബാങ്ക് മുറിയില്‍. വര്‍ഷങ്ങള്‍ മുമ്പേ അടച്ചു പൂട്ടി ഭദ്രമായി സൂക്ഷിച്ച ഒരു പെട്ടി വന്‍ ഉദ്യോഗസ്ഥ സാന്നിധ്യത്തില്‍ തുറക്കുമ്പോഴായിരുന്നു ആ രംഗം. 'അതെന്റെതാണ്' 'അതെന്റെതാണ്' എന്ന മുറവിളിയോടെ, ഒരു സ്ത്രീ പെട്ടിക്കു നേരെ ഉന്മാദിനിയെപ്പോലെ ചാടി വീണു. പെട്ടിയില്‍ നിന്ന് ഒരു കൈയെഴുത്തു പ്രതി പുറത്തെടുത്തതോടെ ആയിരുന്നു അത്. 1883-ല്‍ ജനിച്ച് 1924-ല്‍ മരിച്ചു പോയ കാഫ്കയെന്ന കാലാതിശായിയായ സാഹിത്യപ്രതിഭയുടെ ഒരു ചെറുകഥയായിരുന്നു ആ രേഖ. കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പെട്ടികള്‍ തുറന്നപ്പോഴും ഇതേ ഉന്മാദരംഗങ്ങള്‍ ആവര്‍ത്തിച്ചു.

സ്വന്തം എഴുത്തുകളെ രണ്ടായി കണ്ടിരുന്നത്രെ കാഫ്ക. ഒന്ന് തന്റെ സര്‍ഗസൃഷ്ടികള്‍ രണ്ടാമത്തേത് കുത്തിക്കുറിപ്പുകള്‍. താനെഴുതിവെച്ച ഏതാണ്ട് 3400 പേജുകള്‍. അതായത് തന്റെ അപ്രകാശിത ലിഖിതങ്ങളുടെ 90 ശതമാനവും, ഒരു മൂല്യവും വിശേഷിച്ചില്ലാത്ത കുത്തിക്കുറിപ്പുകളാണെന്ന് കാഫ്ക വിശ്വസിച്ചു. അത്രയും താളുകള്‍ കാഫ്ക തീയില്‍ എരിച്ചു കളയുകയും ചെയ്തു.

1924ല്‍ ക്ഷയബാധിതനായി മരിക്കും മുമ്പ് തനിക്ക് കത്തിച്ചു കളയാന്‍ സമയക്കുറവ് കൊണ്ട് കഴിയാതിരുന്ന ബാക്കി കുത്തിക്കുറിപ്പുകള്‍ കാഫ്ക, സെക്രട്ടറിയും സുഹൃത്തുമായ മാക്സ് ബ്രോഡിന് (Max Brod) കൈമാറി; ഒരു കുറിപ്പോടെ:

'എന്റ് പ്രിയനേ, മാക്സ്... ഇതെന്റെ അന്ത്യാഭിലാഷം.... ഞാന്‍ നിനക്കീ കൈമാറുന്ന കടലാസുകളെല്ലാം തീയിലെരിച്ചേക്കുക... നീ പോലും അവ വായിക്കണ്ട; സര്‍വം ചുട്ടെരിച്ചേക്കുക...‘

ബ്രോഡ്, പക്ഷേ, സുഹൃത്തിനോട് വിശ്വാസ വഞ്ചന കാട്ടി. അവയില്‍ നിന്ന് മൂന്ന് കൈയെഴുത്തു പ്രതികള്‍ പുറത്തെടുത്ത് പ്രകാശിപ്പിച്ചു. അങ്ങനെയാണ് കാഫ്കയെ ലോകമറിയുന്ന കൃതികളുടെ പിറവി - 'ദ് ട്രയല്‍', 'ദ് കാസ്ല്‍', 'അമേരിക്ക', 'പീനല്‍ കോളനി' എന്നീ കൃതികള്‍ അഗ്നിക്ക് വിഴുങ്ങാന്‍ മാത്രം മൂല്യമേയുള്ളൂ എന്ന് എഴുത്തുകാരന്‍ നിനച്ച കൃതികള്‍, ലോകത്തെ എക്കാലത്തെയും മികച്ച കൃതികളായിത്തീര്‍ന്നതിന്, സുഹൃത്തിന്റെ 'വിശ്വാസ വഞ്ചന' വഴി തെളിച്ചു.

കാലത്തോടല്ല, തോഴനോടാണ് നീതി കാട്ടേണ്ടതെന്ന് മാക്സ് ബ്രോഡ് പിന്നെ കരുതിക്കാണും. അതിനിടെ നാസികള്‍ മനുഷ്യവേട്ട ആരംഭിച്ചിരുന്നു ചെക്കോസ്ലാവാക്യയില്‍ സ്വദേശമായ പ്രേഗ് വിട്ട് മാക്സ് ബ്രോഡ് ഇസ്രായേലിലേക്ക്. ടെല്‍ അവിവില്‍ പുതിയ ജീവിതം ആരംഭിക്കാന്‍ ചെന്നിറങ്ങുമ്പോഴും, പ്രാണസര്‍വസ്വമായി മാക്സ് ചേര്‍ത്തു പിടിച്ചു, ഒരു വലിയ തുകല്‍പ്പെട്ടി. സുഹൃത്തിന്റെ അന്ത്യാഭിലാഷത്തോട് പാതിയെങ്കിലും നീതി കാട്ടണമെന്ന ചിന്തയിലേക്ക് മാക്സ് മാറിക്കാണും. ജീവിതാന്ത്യം വരെയും തന്റെ സുഹൃത്തിന്റെ രചനകള്‍ അപ്രകാശിതമായി നിലനിര്‍ത്താന്‍ അയാള്‍ തീരുമാനിച്ചു. ഇന്ന്, മരണത്തിന് നൂറ്റാണ്ട് തികയാറാകവെ, കാഫ്കയ്ക്ക് സമകാലത്തെ ജീവിത കാമനകളെ നോക്കി പരിഹാസപൂര്‍വ്വം ചിരിക്കാന്‍ ഇടവരുത്തിയിട്ടുണ്ടാവുന്ന നാല് പെട്ടികള്‍, മാക്സ് ബ്രോഡിന്റെ ആ പഴയ തുകല്‍പ്പെട്ടിയില്‍ നിന്ന് പിറന്നതാണ്.

1968ല്‍ മാക്സ് ബ്രോഡ് മരിച്ചപ്പോള്‍, കാമുകി എസ്തര്‍ ഹോഫിലേക്കും, അവരുടെ കാലശേഷം മക്കളായ ഇവാഹോഫിലേക്കും കാഫ്കയുടെ കൈയെഴുത്തു പ്രതികളടങ്ങുന്ന പെട്ടികള്‍ കൈമാറ്റപ്പെട്ടു. മൂന്നു വര്‍ഷം മുമ്പ് എസ്തറും മരിച്ചതോടെയാണ് കാഫ്കയ്ക്കു തന്നെ പുതിയ ഉള്‍വെളിച്ചങ്ങള്‍ നല്‍കുമായിരുന്ന തര്‍ക്കങ്ങള്‍ക്കും വിചാരണകള്‍ക്കും തുടക്കം. എസ്തറിന്റെ ഈവെന്ന പിന്തുടര്‍ച്ചാവകാശിയാണ് സൂറിച്ച് കോടതിയില്‍ വിഭ്രാന്തരംഗങ്ങളുണ്ടാക്കിയ സ്ത്രീ. 1939ല്‍ ഇസ്രായേലിലേക്ക് കുടിയേറിയ പൌരനെന്ന നിലക്ക്, മാക്സ് ബ്രോഡ് കൈവശം വെച്ചിരുന്ന അമൂല്യ രേഖകള്‍ക്ക് അവകാശികള്‍ തങ്ങളാണെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ വാദിക്കുന്നു. കാഫ്കയുടെ ജന്മരാഷ്ട്രമായ ജര്‍മ്മനിയും അവകാശത്തര്‍ക്കം ഏറ്റുപിടിക്കുന്നു.

ഇപ്പോഴുയരുന്ന ചോദ്യങ്ങള്‍ ഇവയാണ്.

ആരുടേതാണ് കാഫ്ക? അതിവിചിത്രമായ ഹാസ്യത്താലും, അതിലും തീവ്രമായ വേദനയാലും ഭരിതമായ, വംശഹത്യകളെയും അവയ്ക്ക് അരുനിന്ന ഉദ്യോഗസ്ഥാധിപത്യങ്ങളെയും നിശിതമായി കടന്നാക്രമിച്ച എഴുത്തുകളുടെ യഥാര്‍ത്ഥ പിന്തുടര്‍ച്ച ആര്‍ക്കാണ് ?

തുര്‍ക്കിഭാഷ മുതല്‍ ഐസ്ലാന്റിക്കിലൂടെ കടന്ന് ഇങ്ങിവിടെ മലയാളത്തില്‍ വരെ കാഫ്ക വായിക്കപ്പെടുന്നു. എങ്കില്‍ ഏതു ഭാഷയ്ക്കാണ് കാഫ്കയുടെ പിന്തുടര്‍ച്ചാവകാശം?

ഒരു വ്യാഴവട്ടമായി, പത്തു ദിവസം കൂടുമ്പോള്‍ ഒരു പുസ്തകമെങ്കിലും കാഫ്കയുടെതായി ലോകത്തെ ഏതെങ്കിലുമൊരിടത്ത് പുതിയ പതിപ്പായി പിറക്കുന്നു. എങ്കില്‍, ഏതു ദേശത്തിനാണ് കാഫ്കയുടെ ജന്മാവകാശം? ജര്‍മ്മനിയില്‍ ജനിക്കുകയും ഇസ്രായേലുകാരനാകാന്‍ ആഗ്രഹിക്കുകയും,. ചെക്ക് റിപ്പപ്ലിക്കിലും പ്രേഗിലും തന്റെ എഴുത്തുകാലത്തിന്റെ നല്ല പങ്ക് ചെലവിടുകയും ചെയ്ത കാഫ്ക ഏതു രാഷ്ട്രത്തിന്റെ അവകാശമാണ്?

ആരാണ് കാഫ്ക? എങ്ങനെയോ ജൂതനായിപ്പോയ ജര്‍മ്മന്‍ എഴുത്തുകാരനോ, അതോ, ജര്‍മ്മന്‍ ഭാഷയെ, വിശുദ്ധമായ മറ്റൊരു ജൂതഭാഷയാക്കിയവനോ?

എല്ലാ സന്ദേഹങ്ങളും തീര്‍ക്കാന്‍ പോകുന്നത് കോടതിമുറിയാണ്. എല്ലാ ദേശത്തിന്റെയും എല്ലാ ഭാഷയുടെയും എല്ലാകാലത്തിന്റെയും അവകാശമാണ് കാഫ്കയെന്നു വിധിക്കാന്‍ ദേശരാഷ്ട്രനിയമങ്ങളും അവയുടെ മുന്‍വിധികളും നയിക്കുന്ന ഏതെങ്കിലും കോടതികള്‍ക്കാകുമോ ? കാത്തിരിക്കാം

മലബാര്‍ സിമന്റ്‌സ്: അഴിമതിയുടെ കെട്ടുറപ്പ്


മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന വി. ശശീന്ദ്രനും  രണ്ടു കുട്ടികളും ഇക്കഴിഞ്ഞ ജനുവരി 24ന് സന്ധ്യയോടെയാണ് ദുരൂഹസാഹചര്യത്തില്‍ മരിക്കാനിടയായത്. അതൊരു ആസൂത്രിത കൊലപാതകമായിരുന്നുവെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. ശശീന്ദ്രന്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ടീന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നു. ആ പരാതിയിലും കൊലപാതകത്തിന് പിന്നില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരു വിവാദവ്യവസായിയുടെ പേര് ടീന ആവര്‍ത്തിക്കുന്നു, മലബാര്‍ സിമന്റ്‌സിലെ കരാറുകാരന്‍ വി. എം. രാധാകൃഷ്ണന്‍.

ആരാണ് ഈ വി. എം. രാധാകൃഷ്ണന്‍?
അഴിമതിക്കഥകളിലെ പ്രതിനായകസ്ഥാനത്താണ് ഇയാള്‍ നില്‍ക്കുന്നതെങ്കില്‍ പാലക്കാട്ടുകാരെ സംബന്ധിച്ച് അദ്ദേഹം ഏപ്പോഴും നായകനാണ്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും അകമഴിഞ്ഞ പിന്തുണ. സി.പി.എമ്മിന്റെ വിമതശല്യം തീര്‍ക്കാന്‍ എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നതു മുതല്‍ കേരളത്തില്‍ ഇതുവരെ ക്ലച്ച് പിടിക്കാത്ത ബി.ജെ.പിയുടെ പാലക്കാട് ഭരണം ആരായിരിക്കണമെന്ന് തീരുമാനിക്കാന്‍വരെ കെല്‍പുള്ളയാള്‍. വടക്കന്‍ മലബാറിലും കേരളത്തിലും പരക്കെയും കടിച്ചുകീറാനൊരുങ്ങുന്ന ബി.ജെ.പിയെയും സി.പി എമ്മിനെയും ഒരു മേശക്കുചുറ്റുമിരുത്തി കാര്യങ്ങള്‍ കാണാനും  ഇദ്ദേഹത്തിന് കഴിയും.
ഒന്നരപതിറ്റാണ്ടിനുമുമ്പ് മലബാര്‍ സിമന്റ്‌സിലെ ചാക്കിടപാടിനെത്തിയ വെറുമൊരു കരാറുകാരനല്ല അദ്ദേഹമിന്ന്. കോടികളുടെ വ്യവസായ സാമ്രാജ്യവും ആജ്ഞാപിച്ചാല്‍ ഉത്തരവുകള്‍ നടപ്പാക്കുന്ന രാഷ്ട്രീയ നേതൃത്വവും അദ്ദേഹത്തിനുണ്ട്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് വിവാദങ്ങളില്‍പെട്ട വ്യവസായ മന്ത്രിയുടെ ഇഷ്ടക്കാരനാകാനും ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്റെ സന്തോഷം പ്രകടിപ്പിച്ച് പാര്‍ട്ടിപത്രത്തില്‍ ഫുള്‍പ്പേജ് പരസ്യം നല്‍കാനും ഭാഗ്യമുള്ള കേരളത്തിലെ അപൂര്‍വം വ്യവസായികളിലൊരാളാണ് ഇദ്ദേഹം.
പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടറിക്ക് ഈ വിവാദ വ്യവസായിയുമായുള്ള ബന്ധത്തെകുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദ്യമുന്നയിച്ചു. മറുപടി നല്‍കിയത് പത്ര ഓഫിസ് അടിച്ചുതകര്‍ത്തുകൊണ്ടായിരുന്നു.
വ്യവസായവകുപ്പ് ആരു ഭരിച്ചാലും  മലബാര്‍ സിമന്റ്‌സിന്റെ ഭരണം ഇദ്ദേഹത്തിനായിരിക്കുമെന്ന് പാലക്കാട്ടുകാര്‍ അടക്കംപറയുന്നു.
കമ്പനി  നടത്തിപ്പുമുതല്‍ നിയമനങ്ങള്‍ വരെയുള്ള എല്ലാത്തിനും ഇദ്ദേഹം കനിയണമത്രെ. അഴിമതിക്കേസില്‍ പ്രതിയായ കരാറുകാരനുതന്നെ വീണ്ടും കരാറുകള്‍ നല്‍കാനുള്ള ചങ്കൂറ്റം കാണിച്ചതും ഈ പൊതുമേഖലാ സ്ഥാപനംതന്നെ. മലബാര്‍ സിമന്റ്‌സിലെ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത നാലുകേസുകളില്‍ മൂന്നിലും വിവാദവ്യവസായിയായ വി.എം. രാധാകൃഷ്ണന്‍ പ്രതിയാണ്. മൂന്നു കേസുകളില്‍ മാത്രം 19 കോടിയുടെ അഴിമതിയാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഇതേ വ്യവസായിയുടെ മകന്‍ ഡയറക്ടറായ പൊള്ളാച്ചിയിലെ സ്ഥാപനത്തിന് വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കെ വീണ്ടും കരാറുകള്‍ നല്‍കി. വ്യവസായവകുപ്പിന്റെ മൗനസമ്മതംകൂടിയായപ്പോള്‍ അഴിമതി അതിര്‍ത്തികള്‍ ഭേദിച്ചു. ചോദിക്കാനും പറയാനുമാരുമില്ലാതെ അഴിമതിയുടെ അവസാനവാക്കായി ഈ പൊതുമേഖലാസ്ഥാപനം മാറി.
ആരെങ്കിലും ചോദ്യംചെയ്താല്‍ കമ്പനിയില്‍ പണിമുടക്ക് മുതല്‍ ഉല്‍പാദനം നിര്‍ത്തുന്ന സാഹചര്യംവരെ കമ്പനിയിലുണ്ടാകും. കൂടാതെ, ജീവന് ഭീഷണിയും മാനസിക പീഡനവും.
മാസത്തില്‍ കോടികളുടെ കൊള്ളലാഭം കൊയ്യുന്നത് സിമന്റ് നിര്‍മാണത്തിനുപയോഗിക്കുന്ന ഫൈഌആഷ് കമ്പനിക്ക് നല്‍കിക്കൊണ്ടാണ്. കല്‍ക്കരി കത്തിക്കുമ്പോള്‍ ലഭിക്കുന്ന ചാരമാണ് ഫൈഌആഷ്. തമിഴ്‌നാട് വൈദ്യുതിവകുപ്പുമായി കരാറുണ്ടാക്കി കുറഞ്ഞ ചെലവില്‍ ആഷ് ഇറക്കുമതി ചെയ്യണമെന്ന് നിര്‍ദേശമുണ്ടെങ്കിലും കരാറുകാരന് കോടികള്‍ കിട്ടുന്ന ഇടപാടിനേ വ്യവസായവകുപ്പ് അനുമതി നല്‍കൂ എന്നതാണ് വിചിത്രം.
യു.ഡി.എഫ് ഭരണകാലത്ത് മലബാര്‍ സിമന്റ്‌സിലെ അഴിമതികള്‍ക്കെതിരെ ശബ്ദിച്ചിരുന്ന സി.പി.എം ഭരണം കിട്ടിയതോടെ നിശ്ശബ്ദമായി. വ്യവസായവകുപ്പിന്റെ അനുമതിയോടെ മാത്രം നടക്കുന്ന കോടികളുടെ അഴിമതിക്ക് ഈ സര്‍ക്കാറും കൂട്ടുനിന്നു. ആരോപണവിധേയനായ വ്യവസായിയുടെ കോടികളുടെ വ്യവസായസ്ഥാപനങ്ങളിലെ ഓഹരി ഉടമകളായി പല നേതാക്കന്മാരുടെ ബിനാമികളും അരങ്ങിലെത്തി. അതോടെ, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും നേതാക്കന്മാരായി വ്യവസായസാമ്രാജ്യത്തിന്റെ അധിപന്മാര്‍. സ്വന്തം സ്ഥാപനത്തിന്റെ അടിത്തറയിളക്കാന്‍ ഏത് രാഷ്ട്രീയ നേതാവാണ് പിന്നെ ശ്രമിക്കുക?
ഇതാണ് മലബാര്‍ സിമന്റ്‌സ്. അഴിമതി നടത്താന്‍ ഒരാള്‍, ലാഭംപറ്റാന്‍ ഒരുപാട് ബിനാമികള്‍.
വിജിലന്‍സ് അന്വേഷണം നടക്കുമ്പോഴും അഴിമതികള്‍ ചൂണ്ടിക്കാണിച്ച് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്‍ വ്യവസായവകുപ്പിന് കത്തെഴുതിയെങ്കിലും അത് ഗൗനിക്കാന്‍ വ്യവസായമന്ത്രി തയാറായില്ല. തന്നെ ഭീഷണിപ്പെടുത്തി രാജിവെപ്പിച്ചെന്ന് വ്യവസായവകുപ്പ് സെക്രട്ടറിയെ അറിയിച്ചെങ്കിലും നടപടിയെടുക്കേണ്ട സെക്രട്ടറി, ശശീന്ദ്രനോട് എം.ഡിയെ കാണാനാണ് നിര്‍ദേശിച്ചത്. ഈ എം.ഡിയാകട്ടെ ശശീന്ദ്രനെ ഒതുക്കാനുള്ള ഓപറേഷന്‍ നടത്തിയ വ്യക്തിയും. ഇതാണ് വ്യവസായവകുപ്പും മലബാര്‍ സിമന്റ്‌സും തമ്മിലുള്ള ബന്ധം.
കരാറുകാരുടെ അവിശുദ്ധബന്ധങ്ങള്‍ ചോദ്യംചെയ്ത നിരവധി ഉദ്യോഗസ്ഥരാണ് ശശീന്ദ്രനെപ്പോലെ കമ്പനി വിടേണ്ടിവന്നത്. പക്ഷേ, ശശീന്ദ്രന് അഴിമതിക്കെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിയാകേണ്ടിവന്നു.
മലബാര്‍ സിമന്റ്‌സില്‍ മൊത്തം 400 കോടിയുടെ അഴിമതി നടന്നെന്നാണ് 2007ല്‍ അക്കൗണ്ടന്റ് ജനറല്‍ കണ്ടെത്തിയത്. 2004-06 കാലത്താണ് ഏറ്റവും കൂടുതല്‍ അഴിമതി നടന്നത്. കമ്പനിയിലേക്ക് പ്ലാസ്റ്റിക് ചാക്ക് വാങ്ങിയ കേസില്‍ മാത്രം പ്രാഥമിക പരിശോധനയില്‍ നാലുകോടിയുടെ അഴിമതിയാണ് വിജിലന്‍സ് കണ്ടെത്തിയത്.
ഇനി രണ്ടു കേസുകള്‍ക്കുകൂടി കുറ്റപത്രം നല്‍കാനിരിക്കെയാണ് ശശീന്ദ്രന്‍ മരണപ്പെടുന്നത്. അഴിമതി നടത്താന്‍ എല്ലാവരെയും സ്വന്തക്കാരാക്കുന്ന തന്ത്രം പക്ഷേ വിജിലന്‍സ് കേസില്‍ ഫലിച്ചില്ല. വിജിലന്‍സ് ഡിവൈ.എസ്.പി സൈഫുള്ളസെയ്ദ് എന്ന ഉദ്യോഗസ്ഥന്റെ അന്വേഷണത്തിനു മുന്നില്‍ അഴിമതി രേഖകള്‍ ഓരോന്നായി വെളിച്ചംകണ്ടു. ഈ ഉദ്യോഗസ്ഥനെ മെരുക്കാനുള്ള പല നീക്കങ്ങളും പരാജയപ്പെട്ടതോടെ ഒതുക്കാനായി ശ്രമം. നിരവധിതവണ അന്വേഷണ ഉദ്യോഗസ്ഥന്  സ്ഥാനചലനം സംഭവിച്ചു. ഒടുവില്‍, മുഖ്യമന്ത്രിയുടെ ഇടപെടലിലാണ് അന്വേഷണം പൂര്‍ത്തീകരിച്ചത്. അന്വേഷണം പൂര്‍ത്തിയായെങ്കിലും വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയിലെത്തിക്കാതെ പൂഴ്ത്താനായിരുന്നു പിന്നീടുള്ള ശ്രമം. 2009ല്‍ വിജിലന്‍സ്് ഡയറക്ടറുടെ അനുമതിക്കായി സമര്‍പ്പിച്ചെങ്കിലും കുറ്റപത്രം പൂഴ്ത്തി. സംഭവം വിവാദമായതിനുശേഷമാണ് കുറ്റപത്രം കോടതിയിലെത്തിയത്.
വിവാദവ്യവസായി ഉള്‍പ്പെട്ട അഴിമതിക്കേസുകള്‍ ഒതുക്കാനായി 25 ലക്ഷം രൂപ കൈമാറാന്‍ ധാരണയുണ്ടാക്കിയെന്ന ആരോപണത്തെതുടര്‍ന്ന് വിജിലന്‍സ് കോടതിയിലെ ഒരു ലീഗല്‍ അഡൈ്വസറെ സസ്‌പെന്‍ഡ് ചെയ്യുകയും വിജിലന്‍സ് കോടതി കേസെടുക്കുകയും ചെയ്തിരുന്നു. എല്ലാ തലത്തിലും സ്വാധീനവും പണവുമുപയോഗിച്ച് അഴിമതികള്‍ മൂടിവെക്കാനായിരുന്നു അഴിമതി മാഫിയയുടെ ശ്രമം. വിജിലന്‍സ് അന്വേഷണങ്ങള്‍ പരാജയപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയായതും കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെ ജാഗ്രതയായിരുന്നു.
മലബാര്‍ സിമന്റ്‌സിലെ 2004-06 കാലത്തു നടന്ന അഴിമതികളെ കുറിച്ച് കൃത്യമായ വിവരങ്ങളാണ് ശശീന്ദ്രന്‍ വിജിലന്‍സിന് നല്‍കിയത്. അന്ന് കമ്പനിയില്‍ സെക്രട്ടറിപദവിക്കൊപ്പം ഇന്‍േറണല്‍ ഓഡിറ്റിങ് വിഭാഗം തലവന്‍കൂടിയായിരുന്നു ശശീന്ദ്രന്‍. 2008 നവംബറില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 1.51 കോടിയുടെ തിരിമറികളാണ് ആദ്യം കണ്ടെത്തിയത്. അന്വേഷണം അവസാന ഘട്ടത്തിലെത്തിയതോടെ 14.6 കോടിയുടെ ക്രമക്കേടുകള്‍കൂടി കണ്ടെത്തി. അന്നത്തെ എം.ഡി എസ്.എസ്. മോനി ഒന്നാം പ്രതിയും കരാറുകാരന്‍ വി. എം. രാധാകൃഷ്ണന്‍ മൂന്നാം പ്രതിയും മുന്‍ ചീഫ് സെക്രട്ടറി ജോണ്‍മത്തായി അഞ്ചാം പ്രതിയുമായ കേസില്‍ പ്രധാന സാക്ഷിയാണ് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട ശശീന്ദ്രന്‍.
ചുണ്ണാമ്പ്കല്ല് ക്രമക്കേട്, ഫൈഌആഷ് കരാര്‍, ലൈനര്‍ പ്ലേറ്റ് ഇടപാട്, ഫൈഌ ആഷ് ട്രാന്‍സ്‌പോര്‍ട്ടിങ് എന്നീ നാലു കേസുകളാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. ഈ കരാറുകളിലുണ്ടായ അഴിമതികളുടെ നിര്‍ണായക തെളിവുകള്‍ നല്‍കിയത് ശശീന്ദ്രനായിരുന്നു.  മതിയായ ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കല്‍, കമ്പനി കാര്യങ്ങള്‍ പുറത്തേക്ക് ചോര്‍ത്തി നല്‍കല്‍, അഴിമതി നടത്താന്‍ ഉദ്യോഗസ്ഥരുടെയും മറ്റുള്ളവരുടെയും പിന്തുണ തുടങ്ങി വിശദമായ കാര്യങ്ങളാണ് ശശീന്ദ്രന്‍ വിജിലന്‍സ് അന്വേഷണസംഘത്തിന് നല്‍കിയത്. വിജിലന്‍സിന് മൊഴി നല്‍കിയതോടെ ഇന്‍േറണല്‍ ഓഡിറ്റിങ് വിഭാഗം തലപ്പത്തുനിന്ന് അദ്ദേഹത്തെ മാറ്റി.
2006ല്‍ മാനേജിങ് ഡയറക്ടറുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന സൂര്യനാരായണനെ അഴിമതി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി കാസര്‍കോട്ടേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാല്‍, 2010 ഫെബ്രുവരിയില്‍ ഇയാളെ വീണ്ടും പാലക്കാട് നിയമിച്ചു. കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനെ നിയന്ത്രിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇയാളെ ഹെഡ് ഓഫിസില്‍ നിയമിക്കുന്നതിനെതിരെ മുഖ്യമന്ത്രിക്കും വ്യവസായമന്ത്രിക്കും പരാതിനല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇയാളുടെ നിയമനത്തോടെ മലബാര്‍ സിമന്റ്‌സിലെ ബാഹ്യ ഇടപെടലുകളും അഴിമതിയും ശക്തമായെന്നാണ് ആരോപണമുയര്‍ന്നത്. ശശീന്ദ്രന്റെ മരണത്തോടെ സൂര്യനാരായണന്റെ നിയമനം വിവാദമായി.  ഇതോടെ ഇയാളെ ചേര്‍ത്തല പ്ലാന്റിലേക്ക് ജനുവരി 29ന് സ്ഥലംമാറ്റുകയായിരുന്നു. നേരത്തേ മലബാര്‍ സിമന്റ്‌സിലെ ഗ്രീന്‍ ചാനല്‍ വഴി സ്പിരിറ്റ് കടത്തിയതുമായി ബന്ധപ്പെട്ട് ഇയാള്‍ സസ്‌പെന്‍ഷനും തരംതാഴ്ത്തലിനും വിധേയനായിരുന്നു.
അഴിമതി കമ്പനിയിലെ കാണാച്ചരടുകള്‍
കോടികളുടെ അഴിമതിയില്‍ നായകസ്ഥാനത്ത് നില്‍ക്കുന്ന വിവാദവ്യവസായി പാലക്കാട്ടുകാര്‍ക്ക് എന്നുമൊരു അത്ഭുതമാണ്. വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി ബാറുകളുള്‍പ്പെടെ കോടികളുടെ വ്യവസായ സ്ഥാപനത്തിന്റെ അമരക്കാരനായതിനു പിന്നിലെ ഊര്‍ജം മലബാര്‍സിമന്റ്‌സിലെ ചാക്കുകളും അന്നത്തെ വ്യവസായവകുപ്പുമായിരുന്നെന്നാണ് യാഥാര്‍ഥ്യം. വര്‍ഷങ്ങള്‍ക്കുശേഷം വിവാദമായ ഐസ്‌ക്രീം കേസിന്  തീപടരുമ്പോഴും പാലക്കാട്ടെ വിവാദ വ്യവസായിക്കും ഈ വിവാദ ചൂടേല്‍ക്കുന്നു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാധ്യമങ്ങളെ ഇപ്പോള്‍ സമീപിച്ച ഈ മന്ത്രിബന്ധുവായിരുന്നു ഒരു കാലത്ത് മലബാര്‍ സിമന്റ്‌സിലെ പ്രധാന താരമെന്ന് പാലക്കാട്ടെ കൊച്ചുകുട്ടികള്‍ക്കുപോലുമറിയാം.
ഐസ്‌ക്രീം കേസില്‍ നിയമപോരാട്ടം നടത്തിയ ‘അന്വേഷി’ അധ്യക്ഷയെ കാണാനെത്തിയത് ഈ വ്യവസായിയായിരുന്നുവെന്ന് അവര്‍തന്നെ പലതവണ വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, മദ്യവ്യവസായവും റിയല്‍ എസ്‌റ്റേറ്റും നടത്തുന്ന പാലക്കാട്ടെ വ്യവസായിക്ക് ഐസ്‌ക്രീം കേസില്‍ എന്ത് കാര്യമെന്ന് ആരും അന്നും ഇന്നും തിരക്കിയിട്ടില്ല. കഥകളുടെ ചുരുളഴിയാന്‍ ഇനിയേറെ കാലമെടുക്കുമെങ്കിലും ഒരു കാര്യം തീര്‍ച്ച.  മാറുന്ന ഭരണത്തിനനുസരിച്ച് അഴിമതിക്കാരുടെ സംരക്ഷകരുടെ കൊടിയുടെ നിറംമാറുന്നു. സി. പി.എമ്മിലെ ഒരു വിഭാഗത്തിന്റെ ശക്തമായ പിന്തുണയാണ് ഇപ്പോള്‍ ഈ വ്യവസായിയുടെ തുണ. വിജിലന്‍സ് കേസിലെ പ്രതിയുടെ സ്ഥാപനം ഉദ്ഘാടനംചെയ്യാന്‍ ആഭ്യന്തര മന്ത്രി തയാറാകുന്നതും ഈ നിറംമാറ്റത്തിന്റെ സാധ്യതകളിലൂടെയാണ്. അതുകൊണ്ടാണ്, പാലക്കാട്ടെ ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ വിവാദത്തിലും ചാക്ക് പ്രധാന അടയാളമാകുന്നത്.

കടപ്പാട് : മാധ്യമം വാരിക

Sunday, May 27, 2012

36 കോടിയിലൊരുവന്‍….


ലോകത്ത് ആഹാരം സ്വന്തമായി ഉണ്ടാക്കാന്‍ സാധിക്കാത്ത ജനങ്ങളുടെ എണ്ണം 36 കോടിയാണെന്നാണ് ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ വെളിപ്പെടുത്തല്‍. ആ കണക്കില്‍ ഇന്ത്യയുടെ സ്ഥാനം ഏകദേശം മുന്‍പന്തിയില്‍. ഭക്ഷണം പാഴാക്കി കളയുന്നവരുടെ കൂട്ടത്തിലും നമ്മുടെഇന്ത്യ ബഹുദൂരം മുന്നില്‍. ഒരു മനരത്ത ആഹാരം യാചിക്കുന്നവര്‍ക്കു മുന്നില്‍ ഒരു ദിവസത്തെ ആഹാരം പാഴാക്കികളയുന്നവര്‍ കൊലപാതകികളേക്കാള്‍ ക്രൂരന്‍മാരത്രേ… ഇങ്ങനെയുള്ള ചില കാഴ്ചകളെങ്കിലും നമ്മുടെ മനസ്സിനെ സ്പര്‍ശിക്കട്ടെ….

ശാന്തന്‍പാറയിലെ അശാന്തികള്‍


കുറ്റം ചെയ്തവര്‍ക്കും കുറ്റവാളികള്‍ക്കും എന്നും ന്യായീകരണങ്ങളുണ്ടായിരിക്കും. ആ ന്യായീകരണങ്ങളുടെ സത്യാസത്യങ്ങള്‍ വ്യവച്ഛേദിച്ചെടുക്കാനാണ് കോടതികളെന്നാണ് വയ്പ്. കോടതികള്‍ എന്തു കണ്ടെത്തലുകള്‍ നടത്തിയാലും പ്രതിയുടേയും വാദിയുടേയും ന്യായീകരണങ്ങള്‍ ഇല്ലാതാകുന്നില്ല. കുറ്റം തെളിയുകയും കുറ്റവാളി ശിക്ഷിക്കപ്പെടുകയും ചെയ്യുമ്പോഴും അവരുടെ ന്യായീകരണം അതേപടി അവശേഷിക്കും. കുറ്റവാളി വെറുതെവിടപ്പെടുമ്പോള്‍ അവരുടെ ന്യായീകരണം ശരിവയ്ക്കപ്പെടുന്നതിനൊപ്പം കുറ്റവാളിയെ കണ്ടെത്താനാകാതെ കുറ്റം അവശേഷിക്കുകയും ചെയ്യുകയാണ്.

1982 നവംബര്‍ 13ന് ശാന്തമ്പാറയില്‍ അഞ്ചേരി ബേബിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ കോടതിക്കു മുന്നില്‍ കുറ്റക്കാരായില്ല. അവര്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചു രക്ഷപ്പെട്ടു. അതുകൊണ്ടുതന്നെ കോടതി വെറുതേവിട്ടവരെന്ന പരിഗണനയില്‍ അവര്‍ കൊലപാതകികളല്ലാതായി. അഞ്ചേരി ബേബിയെ തുടര്‍ന്ന്ശാന്തമ്പാറ മേഖലയില്‍ കൊല ചെയ്യപ്പെട്ട മുള്ളഞ്ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ തുടങ്ങിയവരുടെയെല്ലാം കൊലപാതകങ്ങള്‍ക്കു പിന്നിലുള്ളവരെന്നു കണ്ടെത്തപ്പെട്ടവരെല്ലാം നിയമത്തിന്റെ കയ്യില്‍ നിന്നു ശിക്ഷിക്കപ്പെടാതെ പുറത്തുവന്നു. ഒരു കുറ്റം കുറ്റമായി അവശേഷിക്കെ, അതില്‍ പ്രതിചേര്‍ക്കപ്പെട്ടവരല്ല ആ കുറ്റം ചെയ്തതെന്നു കോടതി കണ്ടെത്തിയാല്‍ പിന്നെയാരാണ് അതു ചെയ്തതെന്നു കണ്ടെത്താനുള്ള ബാധ്യത നമ്മുടെ കുറ്റാന്വേഷണ- നീതിന്യായ സംവിധാനങ്ങള്‍ക്കു മുന്നിലില്ലേ എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്.
അത്തരമൊരു ചോദ്യത്തിനു മുന്നിലേക്കാണ് സി.പി.എമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയെന്ന മണിയാശാന്‍ ധിക്കാരത്തിന്റേയും മൂച്ചിന്റെയും കൃത്യമായ ശരീരഭാഷയോടെ ഉത്തരവുമായെത്തുന്നത്.
'ഒരുത്തനെ ഞങ്ങള്‍ വെടിവച്ചു കൊന്നു, വേറൊരുത്തനെ കുത്തിക്കൊന്നു, പിന്നൊരുത്തനെ തല്ലിക്കൊന്നു...'
13 പേരെ കൊലപ്പെടുത്താന്‍ ലിസ്റ്റ് ചെയ്തുവെന്നും അതില്‍ ആദ്യപേരുകാരായ മൂന്നുപേരെയാണ് വകവരുത്തിയതെന്നും മണിയാശാന്‍ പറഞ്ഞെങ്കിലും അവരുടെ പേരു പറഞ്ഞില്ല. പക്ഷെ, സൂചനകള്‍ നല്‍കി.
'മത്തായി എന്ന വായിനോക്കിയായിരുന്നു അന്ന് ശാന്തമ്പാറ എസ്.ഐ, വയലാര്‍ രവിയെന്ന വായിനോക്കിയായിരുന്നു അന്ന് ആഭ്യന്തര മന്ത്രി...'
ഊഹിക്കാം, ശാന്തമ്പാറ സ്റ്റേഷന്‍ പരിധിയില്‍ അഞ്ചേരി ബേബി വെടിയേറ്റുമരിച്ചത് വയലാര്‍ രവി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തായതിനാല്‍, തുടര്‍ന്ന് മരിച്ച രണ്ടുപേര്‍ വെട്ടും കുത്തുമേറ്റായതിനാല്‍, മണി പറയുന്നത് ഇവരുടെ കൊലപാതകങ്ങളെപ്പറ്റിയാണ്.
ഹൈറേഞ്ചില്‍ സിപിഎം പ്രതിസ്ഥാനത്തു നിര്‍ത്തപ്പെട്ട കൊലപാതകങ്ങള്‍ അര ഡസനിലധികം വരും. 1982 നവംബര്‍ 13നാണ് യൂത്ത് കോണ്‍ഗ്രസ്നിയോജകമണ്ഡലം സെക്രട്ടറിയായ അഞ്ചേരി ബേബിയെ ശാമ്പന്താറയ്ക്കു സമീപത്തുവച്ച് വെടിവച്ച് കൊന്നത്. 1983 ജനുവരി 16ന് കുളപ്പാറച്ചാലില്‍ വച്ച് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി മുള്ളന്‍ചിറ മത്തായിയും 1983 ജനുവരി ആറിന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുട്ടുകാട് നാണപ്പനും കൊല്ലപ്പെട്ടു. ഇതു മൂന്നുമാണ് മണിയാശാന്‍ പറഞ്ഞ മൂന്നു കൊലപാതകങ്ങള്‍.
1991ല്‍ മധുര ഡി.സി.സി അംഗമായ ഐ.എല്‍.നായിഡുവിനെ അദ്ദേഹത്തിന്റെ എസ്റ്റേറ്റിലെ തൊഴില്‍തര്‍ക്കത്തിന്റെ പേരില്‍ ബോഡിമെട്ടില്‍വച്ച് വകവരുത്തി. കൂത്തുപറമ്പ് സംഭവത്തെ തുടര്‍ന്നു നടന്ന ഹര്‍ത്താല്‍ ദിനത്തില്‍ ഈ കേസിലെ പ്രധാന സാക്ഷിയും നായിഡുവിന്റെ അളിയനുമായ ആറ്റുകാട് രാമകൃഷ്ണനെ വകവരുത്തി. പിന്നീട് 1994ല്‍ പാര്‍ട്ടി വിട്ട് ജെഎസ്എസ് രൂപീകരിച്ച വലരില്‍ കുട്ടച്ചന്‍, 1995ല്‍ തലയന്‍കാവ് കുട്ടായി തുടങ്ങിയവരുടെയെല്ലാം കൊലപാതകങ്ങള്‍ക്കു പിന്നില്‍ സിപിഎമ്മാണ് പ്രതിസ്ഥാനത്തായത്. കുട്ടായിയെ ബലമായി പിടിച്ച് വിഷം നല്‍കി കൊന്നതാണ് ഇവയില്‍ വ്യത്യസ്തമായ കൊലപാതകം. ഈ കൊലകള്‍ക്കൊന്നും മുന്നോടിയായോ പകരമായോ ഹൈറേഞ്ചില്‍ ഏതെങ്കിലും സിപിഎമ്മുകാരനെ കൊലപ്പെടുത്തിയതായി അറിവില്ല.
മണിയാശാന്‍ പറഞ്ഞ ബാലുവെന്ന ഐ.എന്‍.ടി.യു.സി നേതാവ് കൊലചെയ്യപ്പെട്ടത് 2004ലാണ്. അത് അയ്യപ്പദാസെന്ന സി.ഐ.ടി.യു നേതാവിനെ വണ്ടിപ്പെരിയാറിലെ യൂണിയന്‍ ഓഫീസിന്റെ ഏതാനും വാര അകലെ കൊല്ലം - തേനി ദേശീയപാതയോരത്തു വച്ച് കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു. പീരുമേടിനു സമീപമുള്ള ഒരു എസ്റ്റേറ്റിന്റെ ഏറെ ഉള്‍പ്രദേശത്ത് രാത്രി ഒമ്പതുമണിയോടെ ഒരു യോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബാലു വെട്ടേറ്റുവീണത്. അതായിരുന്നു ഹൈറേഞ്ച്കണ്ട പകരത്തിനു പകരമുള്ള ഏക കൊല. ബാലു വധത്തിലെ പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. അവര്‍ക്കുവേണ്ടി കേസുനടത്താന്‍ പാര്‍ട്ടി ആദ്യമായി പരസ്യമായി തെരുവിലിറങ്ങി പണം പിരിച്ചു. എന്നിട്ടും പ്രതികള്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ പെന്‍ഷന്‍ ഏര്‍പ്പെടുത്തി. ഇതിനൊക്കെ നേതൃത്വം നല്‍കിയത് മണിയെന്ന അഞ്ചാം ക്ലാസുകാരനായ ജില്ലാ സെക്രട്ടറിയായിരുന്നു.
1996ല്‍ ഉടുമ്പഞ്ചോലയില്‍ നിന്ന് നിയമസഭയിലേക്കു മല്‍സരിച്ചെങ്കിലും എം.എം. മണിക്കു വിജയിക്കാനായില്ല. ഒരു പാര്‍ലമെന്റേറിയനുവേണ്ട ശരീര ഭാഷയോ ശാരീര ഭാഷയോ ഒന്നും മണിയാശാനില്ല. അതെങ്ങിനെ വേണമെന്ന് അറിയുകയുമില്ല. രണ്ട് പെണ്‍മക്കള്‍ പഞ്ചായത്ത് അംഗങ്ങളാണെന്നതു മാത്രമാണ് മണിയാശാന്റെ പാര്‍ലമെന്ററി ബന്ധം. പറയാനുള്ളത് ആശാന്‍ വെട്ടിത്തുറന്നു പറയും, ആരോടായാലും. ഇഷ്ടക്കാരോട് മണിയാശാന്‍ മുഖം കറുപ്പിച്ചാലും അവര്‍ക്കറിയാം അതൊരു പരിഭവത്തിന്റെ മുഖം കറുപ്പിക്കലാണെന്ന്. പക്ഷെ, ശത്രുത തോന്നിയാല്‍ മണിയാശാന് അവര്‍ കടുത്തശത്രുക്കള്‍ തന്നെയായിരിക്കും. അതാണ് മണിയാശാന്‍.
ആത്യന്തികമായി മണിയാശാന്‍ പാര്‍ട്ടിക്കാരനാണ്. വി.എസിനോടൊപ്പം അടിയുറച്ചു നിന്നപ്പോഴാണ് മണിയാശാന്‍ ഇടുക്കി ജില്ലാ സെക്രട്ടറിയായത്. അതിനു തൊട്ടുമുമ്പ്, വി.എസ് പാര്‍ട്ടി സെക്രട്ടറിയായിരിക്കെയാണ് ആശാന്‍ പറഞ്ഞ ലിസ്റ്റിട്ടുള്ള കൊലപാതക പരമ്പര ശാന്തമ്പാറയില്‍ അരങ്ങേറിയത്. പിന്നീട്, പിണറായി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് അജയ്യനായി തുടരുമെന്നായപ്പോള്‍ എപ്പോഴോ, മറ്റു പല ജില്ലാ കമ്മിറ്റികളേയുംപോലെ ഇടുക്കിയും പിണറായിക്കൊപ്പം നീങ്ങി. അന്ന് പിണറായിക്കൊപ്പം നിന്നിരുന്ന പി.എം.മാനുവലും എം.സി മാത്യുവുമൊന്നും ഇന്നു പാര്‍ട്ടിയിലില്ലെന്നതും അവരെ പുകച്ചുപുറത്തുചാടിച്ചതാണെന്നതുമെല്ലാം മണിയാശാന്റെ വിജയരഹസ്യങ്ങളില്‍പെടും.
മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലുണ്ടായപ്പോള്‍ മണിയാശാന്‍ ഉയര്‍ത്തിവിട്ട കൊടുങ്കാറ്റിനൊപ്പമായിരുന്നു ഹൈറേഞ്ചിന്റെ മനസ്സ്. ചിലപ്പോഴെങ്കിലും വി.എസിന്റെ മൂന്നംഗസംഘം കയ്യേറ്റങ്ങളെ തെറ്റിദ്ധരിക്കുന്ന സ്ഥിതി വന്നു. അപ്പോഴാണ് മണിയാശാന്റെ കൈവെട്ടു പ്രസ്താവന വന്നത്. അതും മൂന്നാറില്‍ വച്ച്. ഒഴിപ്പിക്കാന്‍ വരുന്നവന്റെ കൈ വെട്ടുമെന്ന മണിയാശാന്റെ പ്രസംഗം അന്നും ചാനലുകള്‍ ആഘോഷിച്ചു. കയ്യേറ്റക്കാരല്ലാതിരുന്നിട്ടും അത്തരത്തില്‍ മുദ്രകുത്തപ്പെട്ട് ഒഴിപ്പിക്കല്‍ ഭീഷണിയുടെ വക്കില്‍ കഴിയുന്ന ഹൈറേഞ്ചുകാരുടെ മുഴുവനും പിന്തുണ മണിയാശാന് അന്ന് കിട്ടുമായിരുന്നിട്ടും അതുണ്ടാകാതെ പോയത് പറയേണ്ടത് പറയേണ്ടതുപോലെ പറയാതിരുന്നതിനാലാണ്. ജനപക്ഷത്തുനിന്നല്ല, പാര്‍ട്ടിയുടെ പക്ഷത്തു മാത്രം നിന്നാണ് അന്ന് മണിയാശാന്‍ കൈവെട്ടല്‍ പ്രസ്താവന നടത്തിയത്. അതോടെ മണിയും വി.എസും വര്‍ഗശത്രുക്കളായി.
അതവിടെ നില്‍ക്കട്ടെ. കേരളത്തിലെ തോട്ടം മേഖലയുടെ ചരിത്രത്തില്‍ എക്കാലവും പോര്‍വിളിയുയര്‍ത്തി നിലകൊണ്ടവരാണ് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി എന്നീ യൂണിയനുകള്‍. ഇവയില്‍ ഓരോരുത്തരും തങ്ങളാണ് ശക്തരെന്നു വാദിക്കുന്നു. ഇടുക്കിയിലെ തോട്ടം മേഖലയില്‍ സി.ഐ.ടി.യു ഒരു വശത്തും മറ്റു രണ്ടുകൂട്ടരും മറുവശത്തും നിന്നുള്ള പോരാട്ടങ്ങളാണ് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. പീരുമേട്ടിലെ തോട്ടം തൊഴിലാളി തര്‍ക്കങ്ങളുടെ പേരില്‍, ഇപ്പോള്‍ സി.പി.ഐ എം.എല്‍.എ ആയ, അന്ന് ഗര്‍ഭിണിയായിരുന്ന ഇ.എസ്.ബിജിമോളെ വയറ്റില്‍ ചവിട്ടി താഴെയിട്ടത് സി.ഐ.ടി.യുക്കാരായിരുന്നു. ഒരു പക്ഷേ, എം.എം.മണിയെന്ന സി.പി.എം നേതാവിനെപ്പറ്റിയും തോട്ടംമേഖലയിലെ യൂണിയന്‍ ശത്രുതകളെപ്പറ്റിയുമെല്ലാം കൃത്യമായി പറയുവാന്‍ സാധിക്കുക സി.എ. കുര്യന്‍ എന്ന സി.പി.ഐ നേതാവിനായിരിക്കും. കാരണം ചിന്നക്കനാലില്‍ ഒരു സംഘം എ.ഐ.ടി.യു.സിക്കാരും സി.ഐ.ടി.യുക്കാരും തമ്മില്‍ അവസാന അടി നടന്നത് രണ്ടാഴ്ച മുമ്പു മാത്രമാണ്.
മൂന്നാറിലും പീരുമേട്ടിലും ഏലപ്പാറയിലും തേയിലത്തോട്ടങ്ങളാണ്. ടാറ്റയുടേയും ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സിന്റെയും മറ്റും തോട്ടങ്ങള്‍. ചിന്നക്കനാല്‍ തൊട്ട് ശാന്തമ്പാറ, രാജകുമാരി, രാജാക്കാട്, ഉടുമ്പഞ്ചോല, നെടുങ്കണ്ടം, പാമ്പാടുംപാറ, വണ്ടന്‍മേട്, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളിലാകട്ടെ തോട്ടം മേഖലയെന്നാല്‍ കൂടുതലും ഏലത്തോട്ടങ്ങളാണ്. ഇതാകട്ടെ ഏറെയും തമിഴ്‌നാട്ടിലെ വന്‍കിട മുതലാളിമാരുടേയും കോട്ടയം - കാഞ്ഞിരപ്പള്ളി അച്ചായന്മാരുടേയും ഉടമസ്ഥതയിലുള്ളവയുമാണ്. തൊഴില്‍ പ്രശ്‌നങ്ങള്‍ ഇവിടങ്ങളില്‍ ഒരുകാലത്ത് പതിവായിരുന്നു.
മൂന്നാറിലേയും പീരുമേട്ടിലേയും തേയിലത്തോട്ടങ്ങളില്‍ നിന്ന് സമീപത്തെ ഏലക്കാടുകളിലേക്ക് തൊഴിലാളികളെ സംഘടിപ്പിക്കാനായി സി.ഐ.ടി.യു ഇറങ്ങിത്തിരിച്ചത് 1970കളുടെ അവസാനമാണ്. തേയിലത്തോട്ടങ്ങളില്‍ എ.ഐ.ടി.യു.സിക്കായിരുന്നു മേല്‍ക്കൈ എന്നതിനാല്‍ സി.ഐ.ടി.യു അവിടെ വഴക്കിനു നില്‍ക്കാതെ ഏലത്തോട്ടങ്ങളിലെ അസംഘടതിരെ തേടിയിറങ്ങുകയാണുണ്ടായത്. അവര്‍ സി.ഐ.ടി.യുവിനു പിന്നില്‍ അണി നിരന്നപ്പോള്‍ സ്വാഭാവികമായും കോണ്‍ഗ്രസിന് നോക്കി നില്‍ക്കാനായില്ല. അവരും രംഗത്തിറങ്ങി.
ഭരണം കോണ്‍ഗ്രസ് നേതൃത്വത്തിലായതിനാല്‍ തൊഴിലാളികളെ സ്വാധീനിക്കുക എളുപ്പമായിരുന്നു. അങ്ങിനെ ഏലക്കാടുകളില്‍ ഐ.എന്‍.ടി.യു.സി സംഘടിപ്പിക്കപ്പെട്ടു. നഷ്ടം സി.ഐ.ടി.യുവിനു മാത്രമായിരുന്നു. അത് ചില്ലറ കശപിശകളിലേക്കു നീങ്ങി. പൊലീസ് സി.ഐ.ടി.യുക്കാരായ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. കൊടിയ മര്‍ദ്ദനം നടന്നുവെന്നാണ് പാര്‍ട്ടി പറയുന്നത്. അതോടെ പാര്‍ട്ടിക്കു കലികയറി. അങ്ങിനെയാണ് എം.എം മണി പറഞ്ഞ 13 പേരുടെ ലിസ്റ്റുണ്ടാകുന്നത്. പക്ഷെ, അതില്‍ മര്‍ദ്ദകരായ പൊലീസുകാരാരും ഉണ്ടായിരുന്നതായി സൂചനകളില്ല!
ആ ലിസ്റ്റിലെ ആദ്യപേരുകാരനായിരുന്നു അഞ്ചേരി ബേബിയെന്ന 24കാരന്‍. യൂത്ത് കോണ്‍ഗ്രസ് നേതാവ്. മികച്ച സംഘാടകന്‍. ഇന്നും രാഷ്ട്രീയകൊലപാതകങ്ങള്‍ വെട്ടിയും കുത്തിയും ബോംബെറിഞ്ഞും മാത്രം നടക്കുമ്പോള്‍ 30 വര്‍ഷം മുമ്പ് പാര്‍ട്ടി തോക്കെടുത്തിരുന്നുവെന്നും മണിയാശാന്‍ സമ്മതിച്ചിരിക്കുന്നു. അഞ്ചേരി ബേബിയുടെ നെഞ്ചില്‍ നിറയൊഴിക്കാനായിരുന്നു അത്. ബേബിക്കൊപ്പം ലിസ്റ്റിലുണ്ടായിരുന്ന മുള്ളന്‍ചിറ മത്തായിയെ രണ്ടു മാസത്തിനുള്ളില്‍ കൊലപ്പെടുത്തി. പിന്നെയൊരു അഞ്ചുമാസം കൂടിയെടുത്തു മൂന്നാമനായ മുട്ടുകാട് നാണപ്പനെ കൊല്ലാന്‍. ലിസ്റ്റില്‍ അവശേഷിച്ച 10 പേര്‍ ഇപ്പോഴും ശാന്തമ്പാറ മേഖലയില്‍ ജീവിച്ചിരിപ്പുണ്ടെന്നു വ്യക്തം.
പിന്നെയും പല രാഷ്ട്രീയ കൊലപാതകങ്ങളും ഹൈറേഞ്ചിലെ തോട്ടം മേഖലയില്‍ നടന്നു. അതില്‍ അവസാനത്തേതായിരുന്നു ബാലുവിന്റേത്. പത്തിലധികം കൊലപാതകങ്ങളില്‍ സി.പി.എം പ്രതിസ്ഥാനത്തായി. അതിലൊരെണ്ണം- 1995ല്‍ നടന്ന തലയന്‍കാവ് കുട്ടായിയുടെ മരണം - ബലമായി പിടിച്ച് വായില്‍ വിഷം ഒഴിച്ചുകൊടുത്താണ് ചെയ്തതെന്ന് കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നു. എന്തായാലും ഈ കേസുകളിലൊക്കെ കുറ്റം കുറ്റമായി അവശേഷിച്ചു. പ്രതിസ്ഥാനത്തുള്ളവരല്ല അതു ചെയ്തതെന്ന് കോടതികള്‍ നിശ്ചയിച്ചു.
പകരമായൊരു കൊല നടത്താന്‍ അന്ന് കോണ്‍ഗ്രസിനായില്ല. പക്ഷെ, അവര്‍ ലക്ഷ്യമിട്ടത് ഇപ്പോഴത്തെ ഉടുമ്പഞ്ചോല എം.എല്‍.എ ആയ കെ.കെ.ജയചന്ദ്രനെയാണ്. എം.എം. മണിക്കൊപ്പം തോട്ടം മേഖലയില്‍ സി.ഐ.ടി.യുവിനെ സംഘടിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ആളാണ് ജയചന്ദ്രന്‍. കോണ്‍ഗ്രസിന്റെ ശാന്തമ്പാറയിലെ നേതാവായ സേനാപതി വേണുവിന്റെ വാക്കുകള്‍ പ്രകാരം, ജയചന്ദ്രന്‍ പറഞ്ഞുവിട്ട ജീപ്പിലാണ് അക്രമികള്‍ റോന്തുചുറ്റി കോണ്‍ഗ്രസുകാരെ ടാര്‍ഗറ്റു ചെയ്തത്. ജയചന്ദ്രനെ കോണ്‍ഗ്രസുകാരുടെ കയ്യില്‍ കിട്ടി. മര്‍ദ്ദിച്ചവശനാക്കി വഴിയരികില്‍ ഉപേക്ഷിച്ചെങ്കിലും ജയചന്ദ്രന്‍ രക്ഷപ്പെട്ടു. അന്നേറ്റ വെട്ടിന്റെ പാട് ഇപ്പോഴും ജയചന്ദ്രന്റെ നെറ്റിയില്‍ കാണാനാകും. ആ അടയാളം കാണിച്ചാണ് 2001ല്‍ ജയചന്ദ്രന്‍ ഉടുമ്പഞ്ചോലയില്‍ ആദ്യമായി മല്‍സരത്തിനിറങ്ങിയപ്പോള്‍ വോട്ടുപിടിച്ചത്. പുറമേ സൗമ്യനെന്നു തോന്നിക്കുന്ന ആ നേതാവിന്റെ ശരീരഭാഷയാണ് ഉടുമ്പഞ്ചോലയിലെ തുടര്‍ച്ചയായ മൂന്നു വിജയങ്ങള്‍ക്കും പിന്നിലുള്ളത്. മണിക്കു നേടാനാകാതെ പോയത് ജയചന്ദ്രന്‍ നേടി.
കാലംമാറി. ഇടുക്കിയിലെ പാര്‍ട്ടിയും. ഇപ്പോള്‍ പഴയതുപോലുള്ള അതിജീവനത്തിന്റെ പ്രശ്‌നങ്ങള്‍ ഇടുക്കിയിലെ തോട്ടം തൊഴിലാളി യൂണിയനുകള്‍ക്കില്ല. പിടിച്ചെടുക്കലുകളുടെ പ്രശ്‌നങ്ങളേയുള്ളു. തൊണ്ണൂറുകള്‍ മുതലിങ്ങോട്ട് ഇടുക്കിയിലെ രാഷ്ട്രീയസംഘട്ടനങ്ങളുടെ സ്വഭാവവുമതാണ്.
1996ല്‍ തോട്ടം മേഖലയോടു ചേര്‍ന്നു കിടക്കുന്ന കട്ടപ്പനയില്‍ നടന്ന മറ്റൊരു രാഷ്ട്രീയാക്രമണം ഈ ചുവടുമാറ്റത്തിന്റെ വ്യക്തമായ തെളിവാണ്. അന്ന് വെട്ടും കുത്തുമേറ്റ് ജീവച്ഛവമായി വീണത് ശ്രീനഗരി രാജനായിരുന്നു. സി.പി.എമ്മിന്റെ കട്ടപ്പന ഏരിയാ സെക്രട്ടറിയും മികച്ച സംഘാടകനുമായ രാജന്‍ എം.എം.മണിക്ക് സ്വീകാര്യനല്ലാതായത് 1996ലെ നിയമസഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ്. ആ തിരഞ്ഞെടുപ്പിലായിരുന്നു മണി പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിച്ച രാജന്‍ പാര്‍ട്ടിയില്‍ ജില്ലയിലെ രണ്ടാമത്തെ നേതാവായിരുന്നു. ജില്ലാ കമ്മിറ്റിയിലേക്ക് ഏറ്റവുമധികം വോട്ടു നേടിയ രാജനെ സാമ്പത്തിക ക്രമക്കേടുകളാരോപിച്ച് ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. രാജന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിനുമപ്പുറമായിരുന്നു രാജന്‍. മണി തന്റെ വിവാദ പ്രസംഗത്തില്‍ പറഞ്ഞതുപോലെ കോണ്‍ഗ്രസുകാര്‍ക്ക് സി.പി.എമ്മിന്റൈ അടിയെ പേടിയായിരുന്നുവെന്നതാണ് വാസ്തവം. അങ്ങിനെ രാജന്‍ ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചു. ചേരുന്നതിന് ഒരാഴ്ച മുമ്പാണ് വീട്ടിലേക്കു നടന്നുപോകുംവഴി രാജനെ പാര്‍ട്ടിക്കാര്‍ വെട്ടി വീഴ്ത്തുന്നത്. അന്നു വെട്ടേറ്റു തകര്‍ന്ന് ബലം നഷ്ടപ്പെട്ട കാലുമായിട്ടാണ് ശ്രീനഗരി രാജന്‍ ഇപ്പോഴും ജീവിക്കുന്നത്. പിന്നീട് ബി.ജെ.പി ജില്ലാ പ്രസിഡന്റുവരെയായ ശ്രീനഗരി രാജനായിരുന്നു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്ത് ഒ.രാജഗോപാലിന്റെ പ്രചരണത്തിനു ചുക്കാന്‍ പിടിച്ചത്.
പിന്നെയും സംഘട്ടനങ്ങള്‍ പലതിനും ഹൈറേഞ്ച് സാക്ഷിയായി. ഇതിലേറെയും ചിന്നക്കനാല്‍, ഉടുമ്പഞ്ചോല, വണ്ടിപ്പെരിയാര്‍, പീരുമേട്,ഏലപ്പാറ പഞ്ചായത്തുകളിലായിരുന്നു. സാധാരണ രാഷ്ട്രീയ സംഘട്ടനങ്ങളില്‍ ഒരു വശത്ത് സി.പി.എമ്മും മറുവശത്ത് ആര്‍.എസ്.എസ്, കോണ്‍ഗ്രസ് കക്ഷികളുമാണെങ്കില്‍ ഹൈറേഞ്ചില്‍ ഒരു വശത്ത് സി.ഐ.ടി.യുവും മറുവശത്ത് എ.ഐ.ടി.യു.സിയും ഐ.എന്‍.ടി.യു.സിയുമായിരുന്നു. ഉടുമ്പഞ്ചോല പഞ്ചായത്തില്‍ ഓരോ രാഷ്ട്രീയസംഘട്ടനത്തിലും ഉള്‍പ്പെട്ടിട്ടുള്ള സി.പി.എമ്മിന്റെ പഞ്ചായത്തു പ്രസിഡന്റുകൂടിയായ ഒരു നേതാവിനെ പോലീസ് വിശേഷിപ്പിക്കുന്നത് inborn criminal എന്നാണ്. ഈ നേതാവിന്റെ നേതൃത്വത്തില്‍ നടത്തിയ വര്‍ക്കിന്റെയവസാനം ഉടുമ്പഞ്ചോല പഞ്ചായത്തിലെ വോട്ടേഴ്‌സ് ലിസ്റ്റില്‍ സെന്‍സസിലുള്ളതിനേക്കാള്‍ ആളുകള്‍ കടന്നുകൂടിയ പ്രതിഭാസംപോലും ഉണ്ടായിട്ടുണ്ട്, സമീപകാലത്ത്.
ചിന്നക്കനാലിലും പാര്‍ട്ടിക്ക് ഇത്തരമൊരു നേതാവുണ്ട്. ഭൂമി കയ്യേറ്റമായാലും സംഘട്ടനമായാലുമെല്ലാം ഒരു ഭാഗത്ത് സി.പി.എം വരുമ്പോള്‍ ആല്‍ബിന്‍ എന്ന പേര് ഒന്നാമതായുണ്ടാകും. ചിന്നക്കനാല്‍ പഞ്ചായത്തിന്റെ പ്രസിഡന്റുകൂടിയായ ആല്‍ബിനും മറ്റുമാണ് പണ്ട് കയ്യേറ്റം കാണാനെത്തിയ വി.എസിനെ ചിന്നക്കനാലില്‍ തടഞ്ഞതും രണ്ടാഴ്ച മുമ്പ് എ.ഐ.ടി.യു.സിക്കാരുമായി പൊരിഞ്ഞ അടി നടത്തിയതും.
ഹൈറേഞ്ചില്‍ സിപിഎം കക്ഷിയായി അവസാനം നടന്ന കൊലപാതകം എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന അനീഷ് രാജന്റേതാണ്. ടി പി ചന്ദ്രശേഖരന്‍ വധം മാധ്യമങ്ങളില്‍ വിവാദചര്‍ച്ചകളിലേക്കു വഴിമാറിയപ്പോള്‍ സിപിഎം ഉയര്‍ത്തിപ്പിടിച്ചത് അനീഷ് രാജനെന്ന രക്തസാക്ഷിയെയായിരുന്നു. എന്നാല്‍ അതൊരു രാഷ്ട്രീയകൊലപാതകമായിരുന്നില്ലെന്നതാണ് വാസ്തവം.
നെടുങ്കണ്ടത്തിനടുത്തുള്ള തോട്ടം മേഖലയായ കാമാക്ഷിവിലാസത്തെ ഒരു ചായക്കടയില്‍ അനീഷ് വധക്കേസിലെ പ്രതികളായ രൂപേഷും അഭിലാഷും സിപിഎമ്മുകാരനായ കടയുടമയോടും മറ്റു രണ്ടുപേരോടുമൊപ്പമിരുന്നു മദ്യപിച്ചതിലൂടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. (കാമാക്ഷി വിലാസത്തെ ഏലത്തോട്ടം മുന്‍ എംപി വക്കച്ചന്‍ മറ്റത്തിലിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. ഇപ്പോള്‍ ആരുടെ കൈവശമാണെന്നറിയില്ല). മദ്യം തലക്കു പിടിച്ചപ്പോള്‍ കടയുടമയും രൂപേഷും തമ്മില്‍ തര്‍ക്കമായി. ഇവര്‍ കടയുടമയെ തല്ലിയശേഷം സ്ഥലംവിട്ടു. ഒപ്പം കടയുടമയെ തമിഴനെന്നു വിളിച്ച് ആക്ഷേപിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്‌നവും ഇതിനിടയില്‍ കടന്നു വന്നതായി പറയുന്നു. കടയുടമ ഉടന്‍തന്നെ സ്ഥലത്തെ പ്രധാന സിപിഎം നേതാക്കളില്‍ ഒരാളെ വിവരമറിയിച്ചു. തന്റെ കളത്തില്‍ സിപിഎമ്മുകാരനെ മര്‍ദ്ദിച്ചതില്‍ രോഷം പൂണ്ട് കൊല്ലപ്പെട്ട അനീഷ് ഉള്‍പ്പെടുന്ന സംഘവുമായി ഈ നേതാവ് ചോദിക്കാനെത്തി.
വിവരമറിഞ്ഞെത്തിയ പോലീസ് ഇരുകൂട്ടരേയും പിരിച്ചുവിട്ടതാണ്. പക്ഷെ, കുറേക്കഴിഞ്ഞ് സമീപത്തെ ഏലക്കാടിനു നടുവിലെ വഴിയിലൂടെ നടന്നുപോകുകയായിരുന്നു അഭിലാഷിനേയും രൂപേഷിനേയും സഖാക്കള്‍ തടഞ്ഞുനിര്‍ത്തി പകരം ചോദിച്ചു. രൂപേഷ് അടിയേറ്റു വീണ സമയത്താണ് അഭിലാഷ് അനീഷിന്റെ തുടയില്‍ കുത്തുന്നത്. കുത്തിയശേഷം അഭിലാഷ് ഏലക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. തുടയില്‍ കുത്തേറ്റ് രക്തം വാര്‍ന്നു കിടന്ന അനീഷിനെ ആശുപത്രിയിലെത്തിക്കാന്‍ മെനക്കെടാതെ അഭിലാഷിനെ തേടി പോകുകയാണ് ഒപ്പമുണ്ടായിരുന്ന സഖാക്കള്‍ ചെയ്തത്. ഒടുവില്‍ വിവരമറിഞ്ഞെത്തിയ ചില നാട്ടുകാര്‍ അഞ്ചെട്ടു കിലോമീറ്റര്‍ അകലെ നെടുങ്കണ്ടത്തു നിന്നു വണ്ടി വിളിച്ചു വരുത്തി അനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ശരീരത്തില്‍ നിന്നു രക്തം വാര്‍ന്നു പോയ അനീഷിനെ രക്ഷിക്കാനായില്ല.
ഈ സംഭവവും രാഷ്ട്രീയകൊലപാതകമായി മാറിയത് വളരെ പെട്ടെന്നാണ്. പ്രതികളായ അഭിലാഷും രൂപേഷും അറസ്റ്റിലാകുകയും ചെയ്തു. പാര്‍ട്ടിയുടെ ഏതെങ്കിലും തത്വശാസ്ത്രത്തിന്റെയോ ആശയസമരത്തിന്റെയോ, എന്തിന് പാര്‍ട്ടി സംഘടിപ്പിക്കലിന്റെയോ പേരിലല്ല, മറിച്ച് വെള്ളമടിയില്‍ തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തോളം വളര്‍ന്നത്. അതാകട്ടെ സിപിഎം രാഷ്ട്രീയകൊലപാതകമായി മാറ്റുകയും ചെയ്തു. നമ്മുടെ കോളജുകളില്‍ നടന്ന പല രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും പിന്നില്‍ പൂവാലശല്യമോ കമന്റടികളോ ഒക്കെയാണെന്നതുപോലെ തന്നെ ഇതും. അനീഷിന്റെ കൊലപാതകത്തിനു തങ്ങള്‍ പകരം ചോദിക്കുമെന്നാണ് സിപിഎം അവിടെ പറഞ്ഞുനടക്കുന്നത്. കൊലയ്ക്കു കൊല ബാലുവില്‍ തുടങ്ങിയിട്ടേയുള്ളുവെന്നര്‍ഥം.
ഇപ്പോള്‍ ചാനലുകളില്‍ വരുന്ന ദൃശ്യങ്ങളില്‍ പറയുന്നതു പലതും മണിയാശാന്‍ നേരത്തേയും പല യോഗങ്ങളിലും പ്രസംഗിച്ചിട്ടുള്ള കാര്യങ്ങളാണ്. മണിയാശാനെ നന്നായിട്ടറിയാവുന്ന ഇടുക്കിയിലെ പ്രാദേശിക പത്രലേഖകരാരും അതത്ര കാര്യമാക്കാറില്ലെന്നതാണ് വാസ്തവം. എന്നാല്‍ ഓരോ പൊതുചടങ്ങിനും പ്രാദേശിക ചാനലിന്റെ സാന്നിദ്ധ്യം വേണമെന്ന പ്രാദേശിക നേതാക്കളുടെ പബ്ലിസിറ്റിമാനിയയാണ് ഇപ്പോള്‍ മണിയാശാനെ വെട്ടിലാക്കിയത്. മണക്കാട് മണിയാശാന്‍ പ്രസംഗിക്കുമ്പോള്‍ പതിവുപോലെ അവിടുത്തെ ലോക്കല്‍ ചാനലിന്റെ ക്യാമറ മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അതില്‍ മണിയാശാന്‍ യാതൊരു അപകടവും മണത്തില്ല. ജി.സുധാകരനെപ്പോലുള്ള നേതാക്കളുടെ വിടുവായത്തവും മണിയാശാന്റെ വിടുവായത്തവും വ്യത്യസ്തമാകുന്നത് ഇവിടെയാണ്. ചിലര്‍ ചാനലുകള്‍ക്കു വേണ്ടി പറയുമ്പോള്‍ ചിലര്‍ ചാനലുകളില്ലല്ലോ എന്നു കരുതി പറയുന്നു. പക്ഷെ, 24 മണിക്കൂറിനുള്ളില്‍, മണിയാശാന്റെ വാക്കുകളിലെ രാഷ്ട്രീയ വിവാദ വിപണന സാധ്യത കണ്ടെത്തിയവര്‍ ഇവ പ്രധാന ചാനലുകള്‍ക്കു വില്‍ക്കുകയായിരുന്നു. (ആ വില്‍പനയില്‍ ഒരു ഡീല്‍ നടന്നിട്ടുണ്ടെങ്കില്‍ അതായിരിക്കും ഇനി കേരളത്തില്‍ സംഭവിക്കാന്‍പോകുന്ന മറ്റൊരു മാധ്യമഇടപെടലിന്റെ കച്ചവടസാധ്യതകളിലേക്കു വാതില്‍ തുറക്കുക).
ഹൈറേഞ്ചിലെ ആദ്യകാല രാഷ്ട്രീയകൊലപാതകങ്ങള്‍ക്കു പിന്നില്‍ ഓരോരോ കാരണങ്ങളുണ്ടായിരുന്നിരിക്കാം. കൃത്യമായ രാഷ്ട്രീയ ന്യായീകരണങ്ങള്‍. പക്ഷെ, പാര്‍ട്ടിയും ട്രേഡ് യൂണിയനും വളര്‍ന്നതോടെ ന്യായീകരണങ്ങള്‍ പലതും പാര്‍ട്ടി ആവശ്യത്തിനായി കരുതിക്കൂട്ടി സൃഷ്ടിക്കപ്പെടുന്നവയായി മാറി. അതുകൊണ്ടാണ് മുപ്പതു വര്‍ഷം മുമ്പു നടത്തിയ കൊലപാതകങ്ങളില്‍ നിന്ന് പകരത്തിനു പകരം നടത്തിയ ബാലുവിന്റെ കൊലയിലേക്ക് മണിയാശാന് ജംപ് കട്ട് ചെയ്യേണ്ടി വരുന്നത്. ഇവയ്ക്കിടയില്‍ നടന്നിട്ടുള്ള കൊലപാതകങ്ങള്‍ക്ക് ന്യായീകരിക്കത്തക്ക കാരണങ്ങളില്ലാതെ പോയതിനാലാണ് അവ മറച്ചുവയ്ക്കപ്പെടേണ്ടവയാകുന്നത്. അത്തരമൊരു അസ്വാഭാവികതയുടെ കാലഘട്ടത്തില്‍ മുപ്പതു വര്‍ഷം മുമ്പത്തെ കൊലപാതകങ്ങളുടെ കണക്കും അതിന്റെ ന്യായീകരണങ്ങളും നിരത്തി അഭിമാനം കൊള്ളുമ്പോള്‍ ആ ന്യായീകരണങ്ങള്‍ വാസ്തവമായി പുതിയ തലമുറയ്ക്ക് തോന്നണമെന്നില്ല. അതൊരു ജനറേഷന്‍ ഗ്യാപ്പ് കൂടിയാണ്. അതു മനസ്സിലാക്കാന്‍ മണിയാശാനെ പോലുള്ള നേതാക്കള്‍ക്കു സാധിക്കാതെ വരുന്നതിനാലാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ സിപിഎം പലപ്പോഴും പരാജയപ്പെട്ടുപോകുന്നത്.

തുരുമ്പെടുത്തൊരു ജീവിത രീതിയുടെ അവസാനത്തെ സാക്ഷി


    ഈ ചിത്രം അയച്ചു തന്ന് പത്രപ്രവര്‍ത്തകനായ സുഹൃത്ത് പറഞ്ഞു, “ഉടനെ എനിക്കിതിന്റെ പേര് കിട്ടണം” അര മണിക്കൂര്‍ പോലും ചങ്ങാതി സമയം അനുവദിച്ചതുമില്ല.
മേലുദ്യോഗസ്ഥനും വിദ്യാസമ്പന്നനുമായ ഇമാറാത്തിയുടെ അരികിലേക്കോടി. പെരുമാറ്റം കൊണ്ട് എല്ലാവരുടെയും ആദരം പിടിച്ചു പറ്റിയ മുപ്പതുകളിലെത്തിയ ചെറുപ്പക്കാരനായിരുന്നു അദ്ദേഹം. കിതച്ചു കൊണ്ട് ഞാന്‍ ചോദിച്ചു, “ഇതിന്റെ പേരെന്താ?” പതിവുപോലെ ചിരിച്ചു കൊണ്ട് മറുപടി പറയാന്‍ തുടങ്ങി.
“ഇത് പഴയ കാലത്ത് അറബി വീടുകളിലുണ്ടായിരുന്ന ശീതോഷ്ണ നിയന്ത്രണ സംവിധാനമാണ്. തണുപ്പു കാലത്ത് ചൂടും, ചൂടു കാലത്ത് തണുപ്പും പ്രദാനം ചെയ്തിരുന്നു. എന്റെ പിതാവിന്റെ തറവാട്ടു വീട്ടില്‍ ഈ സംവിധാനമുണ്ടായിരുന്നു. ഇപ്പോള്‍ പഴയ കാലത്തിന്റെ പ്രതീകമായല്ലാതെ യഥാര്‍ഥ ആവശ്യത്തിന് വേണ്ടി ആരും ഇതുപയോഗിക്കാറില്ല.”
എല്ലാം റെഡി. പേര് മാത്രമില്ല.
“അതെല്ലാമറിയാം സീദീ, ഇതിന്റെ പേരാണ് കിട്ടേണ്ടത്” അല്‍പനേരത്തെ ആലോചനാഭിനയത്തിന് ശേഷം പറഞ്ഞു, “മാ ആറഫ് അഖൂയ്, വല്ലാഹ്.” അതറിഞ്ഞു കൂടാ എന്ന്. അല്‍പം നിരാശയോടെ സീറ്റിലേക്ക് മടങ്ങി. നിരന്തരം ബദുക്കള്‍ കയറിയിറങ്ങിയിരുന്ന ഒരോഫിസിലായിരുന്നു അന്ന് ഞാന്‍ ജോലി ചെയ്തിരുന്നത്. നല്ല നേരത്ത് തന്നെ ഒരു ബദു വന്ന് കാലില്‍ ചുറ്റി. ചിത്രം കാണിച്ച മാത്രയില്‍ അയാള്‍ പറഞ്ഞു, “ഇത് ബറാജീല്‍”
ബദുക്കളിലെ പുതു തലമുറ മാറുകയാണ്. അഥവാ അവര്‍ ഹദരികളായി (നാഗരികര്‍) മാറിക്കഴിഞ്ഞു. കഴിഞ്ഞ പത്തുമുപ്പത് വര്‍ഷം കൊണ്ട് അറബിക്കുണ്ടായ മാറ്റം അതിന് മുമ്പ് പതിനായിരമോ അതിലധികമോ വര്‍ഷങ്ങളില്‍ പോലും ഉണ്ടായിക്കാണില്ല. അവിടെ കാലം നിശ്ചലമായിരുന്നുവല്ലോ.
മരുഭൂമിക്ക് സ്വന്തമായി ഒരു ജീവിതമുണ്ട്, ലയമുണ്ട്, താളമേളങ്ങളുണ്ട്. സംസ്കാരമുണ്ട്. ബദവിയായ അറബിയുടെ ജീവിതവും ഹദരിയായ അറബിയുടെ ജീവിതവും തമ്മില്‍ ഘടനാപരമായ ചില വ്യതിരേകങ്ങളുണ്ടായിരുന്നു. പോകപ്പോകെ ആ രേഖ ഇല്ലാതായിക്കഴിഞ്ഞു; ചുരുങ്ങിയ പക്ഷം ഒരു വലിയ വിഭാഗത്തിനെങ്കിലും. ഈ മാറ്റം നന്മയോ തിന്മയോ എന്ന് തീര്‍പ്പ് കല്‍പ്പിക്കാനൊന്നും കഴിയില്ല. പക്ഷേ, അദ്വിതീയമായ ഒരു ജീവിത രീതി അന്യം നിന്ന് പോവുകയാണെന്ന് സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു.
ജീവിതം അതിന്റെ മഹിമയില്‍ നിങ്ങള്‍ അനുഭവിക്കുക മരുഭൂമിയിലാണെന്ന് മുഹമ്മദ് അസദ് പറയുന്നുണ്ട്. ഒരു മനുഷ്യന് ജീവിക്കാന്‍ വേണ്ട ഏറ്റവും കുറച്ച് വിഭവങ്ങളുമായി ഒരായുസ്സ് മുഴുവന്‍ കഴിച്ചു കൂട്ടാന്‍ ബദവിക്ക് കഴിയുന്നു. കുടിക്കാന്‍ വെള്ളവും ഒട്ടകപ്പാലും കടുപ്പമേറിയ ഗഹ്-വ, തിന്നാന്‍ ഉണങ്ങിയ ഇറച്ചിയും പരുക്കന്‍ റൊട്ടി(ഖുബ്സ്)യും, താമസിക്കാന്‍ കൂടാരമായി രൂപം പ്രാപിക്കാന്‍ കഴിയുന്ന ഒരു തുണിയും, കുറച്ച് പാത്രങ്ങളും ഒന്നോ രണ്ടോ ഒട്ടകങ്ങളും ഏതാനും ആടുകളും. കഴിഞ്ഞു ബദുവിന്റെ അറ്റുറ്റാദികള്‍. അരയ്ക്കു ചുറ്റും ഒരു തുണി മാത്രമാണവരുടെ വേഷം; വലിയ ആര്‍ഭാടക്കാര്‍ ഒരു നീളന്‍ കുപ്പായവും ധരിക്കും. ഒരു കുടുംബത്തിന്റെ മുഴുവന്‍ വസ്തുവഹകളും ഒരു ചെറിയ ഭാണ്ഡത്തില്‍ കൊണ്ടുനടക്കാനാകും. ഈഗലിറ്റേറിയന്‍ ജീവിതാവസ്ഥയുടെ ലക്ഷണമൊത്ത മാതൃകയാണ് ബദവീ ജീവിതം; അനാര്‍ഭാഢതയുടെ ആഘോഷമാണത്.
ഈ ജീവിതം അടുത്തറിഞ്ഞ മരുഭൂയാത്രികനാണ് ബ്രിട്ടീഷ്കാരനായ വില്‍ഫ്രെഡ് തേസിഗര്‍. രണ്ട് തവണ, സഹാറക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ റുബുഅ് അല്‍ഖാലി (Empty qurater) മുറിച്ചുകടന്നിട്ടുണ്ടദ്ദേഹം. മരുഭൂജീവിതത്തെക്കുറിച്ച് ഏറ്റവും ആധികാരമായ രേഖകളില്‍ പലതും ആ യാത്രകളില്‍ നിന്ന് പിറന്ന് വീഴുകയും ചെയ്തു.
Arabian Sands by Wilfred Thesigerതന്റെ ജീവിതത്തിന്റെ വലിയ അഭിലാഷമായിരുന്ന റുബുഅ് അല്‍ഖാലി മുറിച്ചു കടക്കുക എന്ന മോഹവുമായി നടക്കുന്നതിനിടെ പലരുമായും അതിനെക്കുറിച്ച് സംസാരിച്ചു. ബദുക്കള്‍ അങ്ങനെയൊരു പേര് കേട്ടിട്ടുണ്ടായിരുന്നില്ല. ദൈവത്തിന് മാത്രമേ അറിയൂ എന്നായിരുന്നു അവരുടെ പ്രതികരണം. ഒരു പക്ഷേ രിമാലിനെക്കുറിച്ചാകും ഇദ്ദേഹം സംസാരിക്കുന്നത് എന്ന് ഒരിക്കല്‍ സദസ്സിലുള്ള ഒരു ബദുവിന്റെ വിശദീകരണത്തോടെയാണ് അനിശ്ചിതാവസ്ഥ ഒഴിവായത്. റുബുഅ് അല്‍ഖാലി ഹദരികളുടെ ഭാഷയാണ് ബദവിക്ക് അത് രിമാല്‍ അഥവാ മണല്‍ ആണ്. അതു കൊണ്ടു തന്നെയാണ് അറേബ്യന്‍ സാന്‍ഡ്സ് എന്ന് തേസിഗര്‍ തന്റെ പുസ്തകത്തിന് പേരിട്ടതും.
ലാളിത്യത്തിന്റെയും നിഷ്കളങ്കതയുടെയും ഉദാഹരണമായിരുന്നുബദവി ജീവിതം. പുറത്തെന്ത് നടന്നാലും അവര്‍ അറിഞ്ഞിരുന്നില്ല. അറിഞ്ഞാല്‍ തന്നെ വിഷയവുമല്ല. പുറം ലോകത്ത് കുതൂഹലത്തോടെ ചര്‍ച്ച ചെയ്യുന്ന സമയത്തിന്റെ വിലയൊന്നും ബദവിക്കറിഞ്ഞു കൂടാ. രണ്ടാം ലോക യുദ്ധം നടക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ തമ്മില്‍ എന്തോ യുദ്ധം നടക്കുന്നുവെന്നതിനപ്പുറം അവര്‍ക്കൊന്നുമറിയുമായിരുന്നില്ല. ഇബ്നു സുഊദ് രാജാവിനെക്കുറിച്ചല്ലാതെ മറ്റൊരു ഭരണാധികാരിയെക്കുറിച്ചും അവര്‍ കേട്ടിരുന്നില്ല.
അത്ഭുതങ്ങളുടെ കലവറയാണ് മരുഭൂമി. മരുഭൂവാസികളുടെ സഹജമെന്നോ നൈസര്‍ഗികമെന്നോ പറയാവുന്ന കുറേ ബോധങ്ങളും കഴിവുകളും അതിശയിപ്പിക്കുന്നവ തന്നെയാണ്. തന്നെ അത്ഭുതപരതന്ത്രനാക്കിയ ഒരു സംഭവം വിവരിക്കുന്നുണ്ട് തേസിഗര്‍. ഒരിക്കല്‍, ഒട്ടകങ്ങള്‍ കടന്നു പോയതിന്റെ അവശേഷങ്ങള്‍ കാണാനിടയായ അദ്ദേഹത്തിന്റെ ബദവി സഹയാത്രികര്‍ (തേസിഗറിന് അത് ഒട്ടകങ്ങളുടേതാണെന്ന് പോലും അറിയുമായിരുന്നില്ല. അത്രക്ക് അവ്യക്തമായ, കാറ്റു കാര്‍ന്ന് കഴിഞ്ഞിരുന്ന കുറേ അടയാളങ്ങള്‍) ആരുടെ ഒട്ടകങ്ങളായിരുന്നു അത് വഴി കടന്നു പോയിരുന്നതെന്നറിയാന്‍ കൂട്ടുകാര്‍ക്കുത്സാഹമായി. തങ്ങളുമായി ശത്രുതയിലുള്ള ഗോത്രക്കാരുടേതാണെങ്കില്‍ പിന്നെ അതിനുള്ള മുന്‍കരുതലുകള്‍ വേണമല്ലോ. കൂട്ടത്തിലെ നരച്ച താടിക്കാരന്‍ അല്‍പം മുമ്പോട്ട് പോയി. പൊടുന്നനെ അയാള്‍ ഒട്ടകപ്പുറത്തു നിന്ന് ചാടിയിറങ്ങി. മണല്‍ത്തരികള്‍ക്കു പകരം അല്‍പം ഉറച്ച മണ്ണുണ്ടായിരുന്ന അവിടെ ചിതറിക്കിടന്ന ഉണങ്ങിയ ഒട്ടകച്ചാണകം കയ്യിലെടുത്ത് പൊടിച്ച് പരിശോധിച്ചു. അയാള്‍ തിരിച്ചു വന്നു.
“ആമിറുകളായിരുന്നു അവര്‍. അവര്‍ ആറ് പേരായിരുന്നു. ജനൂബയില്‍ മിന്നലാക്രമണം നടത്തുകയും അവരുടെ മൂന്നൊട്ടകങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. സഹ്മയില്‍ നിന്നാണ് വരവ്, മഗ്സിനില്‍ വെച്ച് വെള്ളം ശേഖരിച്ചു. പത്തു ദിവസം മുമ്പാണവര്‍ ഇതുവഴി കടന്നു പോയത്.”
പതിനേഴ് ദിവസത്തിനിടെ ഒരൊറ്റ ബദുവിനെയും അവര്‍ കണ്ടിരുന്നില്ല. മടക്കയാത്രയില്‍ ഏതാനും ബൈത് കസീര്‍കാരെ കണ്ടുമുട്ടി. വഴിയിലുടനീളമുള്ള വാര്‍ത്തകള്‍ കൈമാറി അവര്‍ പറഞ്ഞു, “ജനൂബയില്‍ അവാമിറുകള്‍ മിന്നലാക്രമണം നടത്തിയിരിക്കുന്നു. മൂന്ന് ജനൂബക്കാര്‍ കൊല്ലപ്പെട്ടു. അവരുടെ മൂന്നൊട്ടകങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരിക്കുന്നു.” ഈ വാര്‍ത്തകളില്‍ നിന്ന് അവര്‍ക്ക് പുതുതായി ലഭിച്ച വിവരം മൂന്ന് പേര്‍ കൊല്ലപ്പെട്ടു എന്ന് മാത്രമായിരുന്നു.
പ്രായം ചെന്ന ബദുക്കള്‍ക്കിടയില്‍ ഇതു പോലെയുള്ള അത്ഭുത വിവരങ്ങള്‍ നല്‍കാന്‍ കഴിവുള്ള ആളുകള്‍ ഇപ്പോഴുമുണ്ട്. ജോലിയുടെ ഭാഗമായി ബദുക്കളുമായി അടുത്തിടപഴകിയ സ്നേഹിതന്‍ മുഷ്താഖ് ആണ് എനിക്ക് സഈദെന്ന എണ്‍പതിലും ഊര്‍ജസ്വലനായ വയോധികന്റെ ഇത്തരത്തിലൊരു ആറാമിന്ദ്രിയ സമാനമായ ബോധത്തിന്റെ കഥ പറഞ്ഞു തന്നത്. സഈദിനെ എനിക്ക് നേരിട്ടറിയാമായിരുന്നു. അയാളുടെ കോടീശ്വരനായ കൂട്ടുകാരന്റെ വിക്കി എന്ന നായയെ ഒരു സുപ്രഭാതത്തില്‍ കാണാതായി. വിക്കി ഒരു നായയല്ല, മനുഷ്യനാണ് എന്ന നിലയില്‍ തെരച്ചില്‍ നടത്തണമെന്ന് മുതലാളിയുടെ കല്‍പന. അദ്ദേഹത്തിന്റെ ബന്ധങ്ങളും സ്വാധീനവും വെച്ച് കണ്ടുപിടിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ഹെലികോപ്ടറുകള്‍ ഇരമ്പിപ്പറന്നു. മരുഭൂമിയുടെ എല്ലാത്തിനെയും ദഹിപ്പിക്കുന്ന ആര്‍ത്തമായ ജഠരാന്തര്‍ഭാഗത്തേക്ക് പുതുതലമുറ വാഹനങ്ങള്‍ ചീറിപ്പാഞ്ഞു. മൂന്ന് ദിവസത്തെ വ്യാപകമായ തിരച്ചിലിനു ശേഷവും ഫലമൊന്നുമുണ്ടായില്ല.
എഴുത്തും വായനയുമൊന്നുമറഞ്ഞുകൂടെങ്കിലും മരുഭൂമിയടെ കുഴികളും മടക്കുകളുമെല്ലാമറിയുന്നയാളായിരുന്നു സഈദ്. ഉംറക്കായി മക്കയിലായിരുന്ന സഈദ് തിരിച്ചെത്തിയ വിവരം ലഭിക്കേണ്ട താമസം അയാളെ വിളിച്ചുവരുത്തി. സഈദ്‌ ഏകനായി തന്റെ തെരച്ചില്‍ ആരംഭിച്ചു. അഞ്ചു മണിക്കൂര്‍ എടുത്ത തെരച്ചിലിനൊടുവില്‍, അവശനായി മരുഭൂമിയില്‍ കിടക്കുകയായിരുന്ന വിക്കിയുമായി സഈദ് തിരിച്ചെത്തി.
പിന്നീട് സഈദിനെ കണ്ടപ്പോള്‍ കേട്ട കാര്യം ശരിയോണോ എന്ന് തിരക്കി. അതെ, അയാള്‍ പറഞ്ഞു. മരുഭൂമിയില്‍ ജീവിക്കാനുള്ള വിദ്യാഭ്യാസം താന്‍ ചെറുപ്പത്തിലെ ബദവി ജീവിതത്തില്‍ നിന്ന് നേടിയിരുന്നുവെന്നും പറഞ്ഞു.
ഗോത്രപരമായ കൂറും സൌഹൃദവും വെറുപ്പുമെല്ലാം ബദുക്കളുടെ ജീവിതത്തിന്റെ ഊടും പാവും നെയ്തു. തീര്‍ത്തും നിസ്സാരവും ബാലിശവുമെന്ന് തോന്നുന്ന കാരണങ്ങള്‍ക്കായി അവര്‍ ഒടുങ്ങാത്ത യുദ്ധങ്ങളിലേര്‍പ്പെട്ടു. അവരുടെ നീതിവ്യവസ്ഥ പലപ്പോഴും ക്രൂരവും മരുഭൂമിക്ക് മാത്രം ചേരുന്നതുമായിരുന്നു. തോക്കിന്‍ കുഴലുകള്‍ പുകയുന്നതെന്തിനാണെന്ന് അവര്‍ക്ക് തന്നെ അറിയുമായിരുന്നോ എന്ന് സംശയമാണ്. പോയവാരം ഒരു പ്രത്യേക ഗോത്രക്കാരനായ ഒരാള്‍ കൊല്ലപ്പെട്ടു എന്നിരിക്കട്ടെ. കൊല്ലപ്പെട്ടയാളുടെ ഗോത്രത്തിലെ പ്രമാണിമാര്‍ തങ്ങളുമായി നിതാന്ത ശത്രുതയിലുള്ള മറ്റൊരു ഗോത്രത്തെ കുറ്റവാളികളായി പ്രഖ്യാപിക്കുകയും ഏറ്റവുമാദ്യം കാണുന്ന ശത്രുഗോത്രക്കരന്റെ വാരിയെല്ലുകള്‍ക്കിടയിലൂടെ കഠാര പായിക്കുകയും ചെയ്യുന്നു; അതൊരു കൌമാരക്കാരനാണെങ്കില്‍ പോലും. ഒരു പക്ഷേ, തങ്ങളുമായി സഖ്യത്തിലേര്‍പ്പെട്ട ഒരു ഗോത്രത്തിന് വേണ്ടിയായിരിക്കാം ഈ കൊല്ലലും പിടിച്ചെടുക്കലുമെല്ലാം. പിടിച്ചെടുക്കുന്നത് മിക്കപ്പോഴും ഒട്ടകങ്ങളെയാവും. നിതാന്തശാത്രവത്തിന്റെ നെരിപ്പോട് സദാ എരിഞ്ഞു കൊണ്ടിരിക്കുന്ന ഗോത്ര ഘടനയില്‍ ഒരു ഭീരുവിന് അഥവാ ലോല ഹൃദയന് സ്ഥാനമില്ല. സ്വന്തം അതിജീവനത്തിനെതിരെ വരാനിടയുള്ള അപകടങ്ങള്‍ മണത്തറിയുക, നിഷ്കരുണം അവയെ ഇല്ലായ്മ ചെയ്യുക എന്ന ബദുവിന്റെ സഹജവാസനയെ ഒരുനിലക്കും അങ്ങനെയൊരാള്‍ തൃപ്തിപ്പെടുത്തുന്നില്ല. ശത്രു മരിച്ചു മലര്‍ക്കുന്നതു വരെ പക പുകഞ്ഞു കൊണ്ടിരിക്കും; കണ്ണിലും മനസ്സിലും.
സഹാറാ മരുഭൂമിയുടെ പരിരംഭണത്തിലുള്ള എത്യോപ്യയില്‍ വെച്ചുണ്ടായ ഒരനുഭവം തേസിഗര്‍ പങ്കുവെക്കുന്നുണ്ട്. ഗോത്രങ്ങള്‍ തമ്മിലുള്ള കിടമത്സരത്തില്‍ ജയിച്ച കൂട്ടര്‍ തങ്ങളുടെ വലിപ്പത്തരം കാണിക്കുന്നതിന് വേണ്ടി പ്രദര്‍ശിപ്പിച്ചിരുന്ന തെളിവ് ശത്രുഗോത്രക്കാരുടെ വൃഷ്ണങ്ങളായിരുന്നുവത്രെ. അവര്‍ കൊന്നത് പുരുഷാരെത്തന്നെയാണെന്ന് കാണിക്കുകയാണ് ലക്ഷ്യം. മൃഗയാ വിനോദങ്ങളിലേര്‍പ്പെട്ടിരുന്നവര്‍ പണ്ട് പുലിത്തോലും മാന്‍ കൊമ്പുമെല്ലാം ജനമധ്യത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നതു പോലെ. ഗോത്രനീതി എല്ലായിടത്തും ഒരു പോലെ തന്നെ.
ഒട്ടകങ്ങള്‍ ബദവീ ജീവിതത്തിന്റെ തുടിപ്പും ചൈതന്യവുമാണ്. അവയെ അവര്‍ ചുംബിക്കുകയും തലോടുകയും ചെയ്യും. അഞ്ഞൂറു മൈല്‍ ചുറ്റളവിലുള്ള ഒട്ടകങ്ങളെ തിരിച്ചറിയാനുള്ള അടയാളങ്ങളും അവയുടെ ജീവചരിത്രവും അവര്‍ക്ക് മനഃപാഠമാണ്. ഒട്ടകത്തിന്റെ ഉണങ്ങിയ കാഷ്ഠം ഡീകോഡ് ചെയ്ത് ആമിറുകളുടെ എണ്ണം വരെ കൃത്യമായിപ്പറഞ്ഞ ബദുവിന്റെ പരിചയത്തിലും പരിജ്ഞാനത്തിലും തേസിഗര്‍ അത്ഭുത പരതന്ത്രനായി നിന്നത് നാം കണ്ടു. ഒട്ടകങ്ങള്‍ എത്രയുണ്ടായിരുന്നു, അവയിലെത്ര കുട്ടികളുണ്ടായിരുന്നു, അവസാനമായി അവ മേഞ്ഞത് ഏത് മരുപ്പച്ചയിലായിരുന്നു, എത്ര ദിവസങ്ങള്‍ക്ക് മുമ്പാണ് അവ വെള്ളം കുടിച്ചത് തുടങ്ങിയ കാര്യങ്ങള്‍ ഒറ്റ ശ്വാസത്തില്‍ അവര്‍ പറഞ്ഞു തീര്‍ക്കും.
Wilfred Thesiger relaxes
ഒട്ടകങ്ങള്‍ക്ക് ഒരു ബദു എത്രമാത്രം പ്രാധാന്യമാണ് നല്‍കുന്നതെന്നറിയാന്‍ അവരുടെ ജീവിതത്തിന്റെ നടുവില്‍ നില്‍ക്കുക തന്നെ വേണം. തേസിഗര്‍ പരമ്പരാഗത ബദവി ജീവിതവുമായി താദാത്മ്യം പ്രാപിച്ചിരുന്നവല്ലോ. അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് പതിനായിരം മൈലാണ് ഒട്ടകപ്പുറത്ത് അദ്ദേഹം യാത്ര ചെയ്തത്. അത്വാഅല്ലാഹ് (ദൈവത്തിന്റെ ദാനം) എന്നാണ് ബദു ഒട്ടകത്തെ വിളിക്കുക. അവയെ ഉപദ്രവിക്കുകയോ അടിക്കുക പോലുമോ ചെയ്യുന്ന ഒരു ബദുവിനെയും കാണാനാകില്ല. എപ്പോഴും ഒട്ടകത്തിന്റെ ആവശ്യങ്ങള്‍ മറ്റുള്ളവയെക്കാള്‍ മുന്നില്‍ നിന്നു. അവയെ തലോടുകയും ചുംബിക്കുകയും ചെയ്യുന്നതോടൊപ്പം ബദു ശീലിച്ചട്ടില്ലാത്ത പതിഞ്ഞ സ്വരത്തില്‍ അവയോട് കിന്നാരം പറയുകയും ചെയ്യുന്നു. വല്ല തലതിരിഞ്ഞവനും ഒട്ടകങ്ങളോട് മോശമായി പെരുമാറുന്നത് കാണാനിടയായാല്‍ ബദുക്കള്‍ അയാളെ എന്തു ചെയ്യുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാവില്ല. അങ്ങനെ നിരവധി അനുഭവങ്ങള്‍ തേസിഗര്‍ അയവിറക്കുന്നുണ്ട്.
തിരിച്ച് ഒട്ടകങ്ങള്‍ നായ്ക്കളെപ്പോലെ യജമാനനോട് കൂറു കാണിക്കുന്നു. യജമാനന്റെ തുണിയുടെ ഒരു കഷണമെങ്കിലുമില്ലാതെ അവ തങ്ങളുടെ മേല്‍ സവാരി ചെയ്യാന്‍ ആരെയും അനുവദിക്കില്ല. അവയുടെ സഞ്ചാരത്തിന്റെ താളത്തിനനുസരിച്ച് ബദുക്കള്‍ തങ്ങളുടെ കവിതകള്‍ക്ക് താളങ്ങളും വൃത്തങ്ങളും നല്‍കി. ബദുവിന്റെ ഈ ഒട്ടകപ്രേമമാണ് അറബി ഭാഷയില്‍ എണ്ണമറ്റ പദങ്ങള്‍ ഒട്ടകത്തിന് നേടിക്കൊടുത്തത്. ഏകവചനം, ബഹുവചനം, ലിംഗം, നിറം, പ്രായം, കുലം… എല്ലാമനുസരിച്ച് അവയ്ക്ക് പുതിയ പുതിയ പേരുകള്‍ ലഭിച്ചു കൊണ്ടിരുന്നു.
ഒട്ടകങ്ങളെ ഇന്ന് വാഹനങ്ങളായി ഉപയോഗിക്കുന്നത് കുറവാണെങ്കിലും അവയോടുള്ള സ്നേഹം ബദുക്കളില്‍ ഇപ്പോഴും കാണാം. ജി.സി.സി യുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഒട്ടകപ്പന്തയങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനായി ബോര്‍ഡര്‍ പാസുകളും ഡ്രൈവര്‍മാരുടെ വിസയും മറ്റും ശരിപ്പെടുത്തിയിരുന്നത് അക്കാലത്ത് ഞാന്‍ ജോലി ചെയ്തിരുന്ന ഓഫീസായിരുന്നു. അഫ്ഗാനിയായ രണ്ടരപ്പടപ്പ് (ഞാനങ്ങനെയായിരുന്നു അയാളെ പരാമര്‍ശിച്ചിരുന്നത്, അമ്മാതിരി തണ്ടും തടിയുമാണ്) പാഷം ഗുല്‍ യാത്രയിലുടനീളമുള്ള പ്രയാസങ്ങളെ പറ്റി പറഞ്ഞു. വലിയ വാതാനുകൂല വാഗണുകളില്‍ എത്രയും പെട്ടെന്ന് അവയെ ലക്ഷ്യസ്ഥാനത്തെത്തിക്കണം, അതിനിടെ ഒരിടത്തു പോലും വണ്ടി നിര്‍ത്തിയിടാന്‍ പാടില്ല രണ്ടും മൂന്നും ദിവസം മുമ്പ് പാകം ചെയ്ത് കൂടെ കരുതിയ ഉണക്കപ്പണ്ടങ്ങള്‍ കൊണ്ട് വേണം വയറിനകത്തെ ആളല്‍ തീര്‍ക്കാന്‍. വിശ്രമമില്ലാത്ത ഓട്ടം. ഒട്ടകങ്ങള്‍ ഒരു നിലക്കും പ്രയാസപ്പെടരുത്. ഒക്കെക്കഴിഞ്ഞിട്ട് അയാളുടെ വക ഒരു ആത്മഗതമുണ്ട്, “ഇവിടെ ട്രെയ്ലര്‍ ഡ്രൈവറായി ജോലി ചെയ്യുന്നതിലും ഭേദം ഒരൊട്ടകമായി ജീവിക്കുന്നതായിരുന്നു.”
തേസിഗര്‍ ഭംഗിയായി വിവരിക്കുന്ന ബദവിപ്പെരുമ, അവരുടെ അതിഥി സല്‍ക്കാരവും ഉദാരതയുമാണ്. ഹാതിം അത്ത്വാഈ എന്ന പൌരാണിക കാലത്തെ ദാരിദ്ര്യം ഭയക്കാതെ ദാനം ചെയ്ത ധര്‍മ്മിഷ്ഠന്റെ കഥകള്‍ അറബി സാഹിത്യ വിദ്യാര്‍ഥിക്ക് കാണാപാഠമാണ്. അടിത്തട്ടില്ലാത്ത ദാനം കൊണ്ട് ഹാതിം അത്ത്വാഇ ഉദാരതയുടെ മായാത്ത പ്രതീകമായി. ഹാതിം അത്ത്വാഇമാര്‍ ബദുക്കള്‍ക്കിടയില്‍ നിരവധിയാണ്.
ഒരു സംഭവം ഓര്‍ത്തെടുക്കുന്നുണ്ട് തേസിഗര്‍. ബദുക്കളോടൊത്തുള്ള ജീവിതം അദ്ദേഹം അക്കാലത്ത് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഉളുപ്പില്ലാത്ത യാചകരാണ് ബദുക്കള്‍ എന്ന ധാരണ മനസ്സില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന കാലം. വളരെ ദരിദ്രനെന്ന് തോന്നിച്ച വൃദ്ധന്‍ അദ്ദേഹത്തിന്റെ തമ്പിലേക്ക് കടന്നുവന്നു. പിന്നിയ നീളക്കുപ്പായം, പഴയ കൈത്തോക്ക്, കീറിയ വാളുറയിലൂടെ സ്വാതന്ത്ര്യമന്വേഷിക്കുന്ന വാള്‍. തേസിഗറുടെ യാത്രാ സംഘത്തിലെ റാഷിദുകള്‍ ഒന്നടങ്കം അയാള്‍ക്ക് വേണ്ടി എഴുന്നേറ്റു നിന്നു.
“മര്‍ഹബാ ബഖീത്ത്” അവര്‍ ഒരേ സ്വരത്തില്‍ ആഗതനെ അഭിവാദ്യം ചെയ്തു. പതിവ് ഉപചാരവാക്കുകളുടെ പ്രവാഹം. ചുളിഞ്ഞ് ഞളുങ്ങിയ ഈ വൃദ്ധനോട് ഇവരെന്തിന് ഇങ്ങനെ ഭവ്യതയോടെയും ബഹുമാനത്തോടെയും പെരുമാറണം! തേസിഗര്‍ അത്ഭുതപ്പെട്ടു. മുമ്പില്‍ വച്ചുകൊടുത്ത ഈത്തപ്പഴം മുഴുക്കെ വൃദ്ധന്‍ തിന്നുതീര്‍ത്തു. അവര്‍ അയാള്‍ക്കു വേണ്ടി ഗഹ്-വ തിളപ്പിച്ചു. കാഴ്ചയില്‍ പരമ ദരിദ്രനായ ഒരു യാചകന്‍. അയാള്‍ വൈകാതെ എന്തെങ്കിലും തന്നോട് ആവശ്യപ്പെടുമെന്ന് ഉറപ്പിച്ചു തേസിഗര്‍. വിചാരിച്ചതു പോലെ തന്നെ അയാള്‍ ചോദിക്കുകയും ചെയ്തു. അഞ്ച് റിയാല്‍ നല്‍കി വൃദ്ധനെ പിരിച്ചുവിട്ടതിന് ശേഷം സഹായിയായിരുന്ന ബിന്‍ കബീനയോട് വില്‍ഫ്രെഡ് ചോദിച്ചു,
“ആരാണയാള്‍? നിങ്ങളെന്തിനാണയാളെ അതിരറ്റാദരിച്ചത്?”
ബിന്‍ കബീനയുടെ മറുപടിയോടെ വില്‍ഫ്രെഡ് തന്റെ അഭിപ്രായം തിരുത്തി.
“ബെയ്ത്ത് ഇമാനി ഗോത്രക്കാരനാണദ്ദേഹം. വളരെ പ്രശസ്തന്‍.”
“ഏതു കാര്യത്തിലാണയാള്‍ പ്രശസ്തന്‍?”
“അയാളുടെ ഉദാരതയില്‍”
ബിന്‍ കബീന പറഞ്ഞു.
“ഉദാരനാകാന്‍ മാത്രം എന്താണയാളുടെ കയ്യിലുള്ളത്?”
“ഇപ്പോഴൊന്നും കയ്യിലില്ല; ഒരൊട്ടകം പോലും. ഭാര്യയില്ല. മകനെ, നല്ലൊരു കുട്ടിയായിരുന്നു അവന്‍, രണ്ട് കൊല്ലം മുമ്പ് ദഹ്മുകാര്‍ കൊന്നു. ഒരുകാലത്ത് അദ്ദേഹം ഈ ഗോത്രത്തിലെ ഏറ്റവും വലിയ ധനികനായിരുന്നു. എല്ലാം തുലഞ്ഞു പോയി. ഇന്നിപ്പോള്‍ ഏതാനും ആടുകള്‍ മാത്രമാണദ്ദേഹത്തിന്റേതായുള്ളത്.”
“എന്തു പറ്റി അദ്ദേഹത്തിന്റെ ഒട്ടകങ്ങള്‍ക്ക്? ഏതെങ്കിലും മിന്നലാക്രമണത്തില്‍ നഷ്ടപ്പെട്ടതാവുമോ? അതല്ലെങ്കില്‍ നടപ്പുദീനം പിടിപെട്ട്?...”
“അല്ല, ദാനമാണ് അദ്ദേഹത്തെ തുലച്ചു കളഞ്ഞത്. തന്റെ ടെന്റിലെത്തിയ ഒരാളെയും ഒരൊട്ടകത്തെ അറുത്തല്ലാതെ അദ്ദേഹം സല്‍ക്കരിച്ചിരുന്നില്ല.”
അറബികളുടെ ദാനത്തിന്റെ കുളിര്‍മ അനുഭവിച്ചവര്‍ നിരവധിയാണ്. ഈ അടുത്ത കാലം വരെ, കൃത്യമായിപ്പറഞ്ഞാല്‍ സ്റ്റോക്ക് മാര്‍ക്കറ്റുകളും ഷെയര്‍ മാര്‍ക്കറ്റുകളുമെല്ലാം അവരുടെ കണ്ണും കാതും മനസ്സും ഹൃദയവും എന്തിന്, ശരീരവും കവര്‍ന്നെടുക്കുന്നതിന് തൊട്ടു മുമ്പ് വരെ, ചുറ്റുപാടുമുള്ളവരെ തഴുകിയിരുന്ന ദാനത്തിന്റെ തെന്നലായിരുന്നുവല്ലോ അവര്‍.
ബദുവിന്റെ ആതിഥ്യ മര്യാദ ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട കാര്യമാണ്. ഒരാഴ്ചയോളമായി തേസിഗറുടെ സംഘാംഗങ്ങള്‍ ഒന്നും കഴിച്ചിരുന്നില്ല. റുബ്അ് അല്‍ഖാലി പേര് സൂചിപ്പിക്കുന്നത് പോലെ ഒഴിഞ്ഞ ചതുരമാണ്. വന്ധ്യവും ഊഷരവുമായ മരുഭൂമിയില്‍ അവര്‍ക്ക് ഒന്നും പ്രതീക്ഷിക്കാനാകുമായിരുന്നില്ല. നീരറ്റ മണ്ണിന്റെ ക്രൌര്യത്തിന് പട്ടിണി കാവലിരുന്ന നീണ്ട് നിവര്‍ന്ന ദിവസങ്ങളിലായിരുന്നു അവര്‍. ആഴ്ചകള്‍ക്ക് മുമ്പ് കഴിക്കാതെ വലിച്ചെറിഞ്ഞ ഒരു ധാന്യമണിക്കു വേണ്ടി മരുഭൂമിയില്‍ അവര്‍ വൃഥാ തെരച്ചില്‍ നടത്തി. ദിവസങ്ങള്‍ കൂടിയിട്ടാണ് ഒരു ചെറിയ മുയലിനെ കിട്ടുന്നത്. ഭക്ഷണത്തിന്റെ യഥാര്‍ഥ രുചി ആസ്വദിക്കുന്ന സുദിനമായിരുന്നു അത്. സാഘോഷം അവര്‍ മുയലിറച്ചി വേവിച്ചു. വേവാന്‍ അധിക സമയം ബാക്കിയില്ല. അന്നേരമുണ്ട് സംഘാംഗങ്ങളിലൊരാള്‍ അപരിചിതരായ മൂന്ന് പേരുമായി ഉറക്കെ സംസാരിച്ചു കൊണ്ട് കടന്നു വരുന്നു.
ആതിഥേയര്‍ ആഹ്ളാദം തിരതല്ലുന്ന ശബ്ദഘോഷങ്ങളോടെ അതിഥികളെ സ്വീകരിച്ചു. മാസങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ച ഒരു സല്‍ക്കാരത്തിനായി അവരെ കാത്തിരിക്കുകയായിരുന്നതു പോലെ. വെന്തുവന്ന മുയലിറച്ചി മുഴുവന്‍ അതിഥികകള്‍ക്ക് വേണ്ടി നീക്കി വെച്ച് അവര്‍ വയറ് മുറുക്കി. ഇറച്ചി വേവുന്നതും കാത്ത് ടെന്റില്‍ കിടക്കുകയായിരുന്ന തേസിഗര്‍ പതുക്കെ കമഴ്ന്ന് കിടന്ന് കണ്ണുകള്‍ പൂട്ടി. അദ്ദേഹത്തിന്റെ ഞരമ്പെല്ലാം മാംസത്തിലലിഞ്ഞു ചേര്‍ന്നിരുന്നു.
Picture%203.pngബദു എപ്പോഴും വിശന്നാണിരിക്കുക. അതു കൊണ്ട് തന്നെ ഒരു ക്ഷണത്തിന് അയാള്‍ കാത്തിരിക്കാറില്ല. ക്രിസ്ത്യാനിയുടെ കയ്യില്‍ (തേസിഗറെ അങ്ങനെയായിരുന്നു സഹയാത്രികര്‍ വിളിച്ചിരുന്നത്) ധാരാളം ധനവും ധാന്യവുമുണ്ടെന്നവര്‍ കണക്കു കൂട്ടി. അവര്‍ ഭക്ഷണ സമയത്ത് ക്രിസ്ത്യാനിക്കു ചുറ്റും അടുത്തു കൂടി. ബദുക്കളായ തേസിഗറുടെ കൂട്ടുകാര്‍ പക്ഷേ ധാന്യം തീര്‍ന്നു പോകുമെന്ന അദ്ദേഹത്തിന്റെ മാല്‍ത്തൂസിയന്‍ ആശങ്കകള്‍ ഗൌനിച്ചുമില്ല. അവര്‍ക്കുറപ്പാണ്, അല്ലാഹ് കരീം - ദൈവം ഉദാരനാണ്. ഒരു ബദുവും അതിഥിയെ ഭക്ഷിപ്പിക്കാതെ വിടില്ല. കാരണം മരുഭൂമിക്ക് നടുവില്‍ വെള്ളവും ഭക്ഷണവും എന്താണെന്ന് അവര്‍ക്കറിയാമല്ലോ.
വിശാലമായ മജ്ലിസില്‍ ശെയ്ഖ് അഹ്മദിന്റെ ബദുക്കള്‍ ഭക്ഷണം കഴിക്കുന്ന വേളയിലായിരുന്നു ജോലിത്തിരക്കുകള്‍ക്കിടയില്‍നിന്ന് അല്‍പം സമയം മാന്തിയെടുത്ത് നമസ്കരിക്കാനായി ഞങ്ങളവിടെയെത്തുക. കൂട്ടത്തോടെ അവരെല്ലാം വലിയ ശബ്ദത്തില്‍  പേര് വിളിച്ച് അവര്‍ ഞങ്ങളോട് ഭക്ഷണത്തില്‍ പങ്കു ചേരാനാവശ്യപ്പെടും (ബദു സംസാരിക്കുന്നുണ്ടെങ്കില്‍ അത് വലിയ ശബ്ദത്തിലായിരിക്കും കാതടപ്പിക്കുന്ന മരുഭൂനിശബ്ദതയെ തോല്‍പ്പിക്കാനായിരിക്കുമൊരു പക്ഷേ ഈ തൊണ്ട കീറല്‍). കൂടെയിരുന്ന് കഴിച്ചാല്‍ വലിയ സന്തോഷമാകും. വലിപ്പചെറുപ്പങ്ങള്‍ ഇക്കാര്യത്തിലില്ല. അതു തന്നെ പിറ്റേന്നും ആവര്‍ത്തിക്കും, അതിന് പിറ്റേന്നും…
പണ്ട് ഉത്തരേന്ത്യയില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് അബദ്ധവശാല്‍ വല്ലവനും ഭക്ഷണം കഴിക്കുന്ന സമയത്ത് റൂമില്‍ കേറിച്ചെന്നാല്‍ അയാള്‍ നിങ്ങളോട് പറയും, ‘ആയിയേ, ജോയ്ന്‍ മി’ നിങ്ങള്‍ പറയേണ്ടത് ‘നോ, താങ്കസ്. ജസ്റ്റ് ഐ ഹാഡ്’ എന്നാണ്. ക്ഷണം സ്വീകരിച്ച് നിങ്ങളയാളുടെ കൂടെയിരുന്ന് ഭക്ഷണം കഴിച്ചുവെന്ന് കരുതുക, എങ്കില്‍ നിങ്ങളുടെ പേരില്‍ ഒരു മര്യാദ കേട് രേഖപ്പെടുത്തപ്പെടും. ഒന്നും വിചാരിക്കരുത് അതാണ് കലാലയത്തിന്റെ പോരിശയാക്കപ്പെട്ട ഫ്യൂഡല്‍ ട്രഡിഷന്‍.
ദാഹിച്ചു വലഞ്ഞ ഒരു ഘട്ടത്തിനൊടുവില്‍ മരുപ്പച്ചയിലെ താമസക്കാരായ ബദുക്കള്‍ വച്ചു നീട്ടിയ ഒട്ടകപ്പാല്‍ വലിച്ചു കുടിക്കാന്‍ ആനത്തലയോളം ആര്‍ത്തിയുണ്ടായിരുന്നിട്ടും തേസിഗറുടെ ബദു ജീവിതം പകര്‍ന്നു നല്‍കിയ മര്യാദ അതിന് സമ്മതിച്ചില്ല. കൂടെയുള്ളവര്‍ പറഞ്ഞു,
“ക്രിസ്ത്യാനീ, നിങ്ങള്‍ കുടിച്ചോളൂ.”
“അപ്പോള്‍ നിങ്ങളൊക്കെയോ?”
“നമ്മുടെ ഒട്ടകങ്ങളെ വെള്ളം കാട്ടിക്കൊണ്ടിരിക്കുന്ന സഹയാത്രികര്‍ വരാതെ ഞങ്ങള്‍ കുടിക്കില്ല.”
അവരുടെ മറുപടി
എണ്ണയുടെ കണ്ടെത്തലും റോഡുകളുടെ വരവും തേസിഗറെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. എണ്ണ കണ്ടെത്തിയതിന് ശേഷം, എഴുപതുകളുടെ തുടക്കത്തില്‍ അബൂദബി സന്ദര്‍ശിച്ചപ്പോഴുണ്ടായ തന്റെ നിരാശ മരണം വരെ അദ്ദേഹം പങ്കു വച്ചിരുന്നു. നുരുമ്പിക്കൊണ്ടിരുന്ന ഒരു ജീവിത രീതിയുടെ അവസാനത്തെ സാക്ഷിയായിരുന്നു അദ്ദേഹം.
കാപ്പച്ചീനോയും ഇറ്റാലിയന്‍ ചോക്കലേറ്റ് വിഭങ്ങളുമാണ് ഇപ്പോള്‍ അറബി യുവാവിനെ ഭ്രമിപ്പിക്കുന്നത്. കടുപ്പമേറിയ ഗഹ്-വ ഇന്ന് അയാളുടെ ഇഷ്ട പാനീയമല്ല. ഏറ്റവും പുതിയ വാഹനങ്ങളേറി നിരത്തിലൂടെ ഇരമ്പിയൊഴുകുമ്പോള്‍ ഒട്ടകങ്ങള്‍ അയാളില്‍ ഒരു കൌതുകവുമുണര്‍ത്തുന്നില്ല. ലാളിത്യത്തിന്റെ പ്രതീകമായിരുന്ന ബദവീ ജീവിതം ഇന്ന് ധാരാളിത്തത്തിന്റെ അങ്ങേ അതിരില്‍ നില്‍ക്കുന്നു. ഇവിടെയാണ് വില്‍ഫ്രെഡ് കണ്ട് പരിചയിച്ച ബദവീ ജീവിതവും നാം കണ്ടു കൊണ്ടിരിക്കുന്ന അറബ് ജീവിതവും തമ്മിലുള്ള അതിര്‍ രേഖ ഒരു റിലീഫ് മാപ്പിലെ മലകള്‍ പോലെ എഴുന്ന് നില്‍ക്കുന്നത്.