Friday, April 6, 2012

നിങ്ങള്‍ നിരീക്ഷണത്തിലാണ്‌

കര്‍ശനമായ നിയമമില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍സംവിധാനങ്ങള്‍ക്ക് സൈബര്‍/ മൊബൈല്‍ ആശയവിനിമയസംവിധാനങ്ങളില്‍ സ്വതന്ത്രമായി വിഹരിക്കാന്‍ പഴുതുകള്‍ ധാരാളമുണ്ട്. കൊളോണിയല്‍ നിയമങ്ങള്‍ അതേപോലെ തുടരുകയും അലസമായി പുതിയ നിയമനിര്‍മാണങ്ങള്‍ നടത്തുകയും ചെയ്താല്‍ സര്‍ക്കാര്‍സംവിധാനങ്ങള്‍ക്ക് അനാവശ്യ അധികാരങ്ങള്‍ വന്നുചേരുകയും പൗരാവകാശങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്യും

നമ്മുടെ രഹസ്യാന്വേഷണ സംവിധാനങ്ങള്‍ ആലസ്യത്തില്‍നിന്ന് വിട്ടുമാറിയത് മുംബൈ ഭീകരാക്രമണത്തിനു ശേഷമാണ്. ഇതേത്തുടര്‍ന്ന് മൊബൈല്‍ഫോണും ഇന്റര്‍നെറ്റുമുള്‍പ്പെടെ എല്ലാ ആശയവിനിമയസംവിധാനങ്ങളും അരിച്ചു പരിശോധിക്കുന്നത് കര്‍ശനമാക്കാന്‍ ആഭ്യന്തര പ്രതിരോധമന്ത്രാലയങ്ങള്‍ തീരുമാനിക്കുകയും ചെയ്തു. സര്‍ക്കാര്‍ കര്‍ശനനിരീക്ഷണ സംവിധാനങ്ങളുമായി മുന്നോട്ട് നീങ്ങുമ്പോള്‍ കാലോചിതമായി നിയമനിര്‍മാണം നടത്തുന്നതിലും നിയമപരിഷ്‌കരണത്തിലും വരുത്തിയ വീഴ്ചയാണ് നിലവില്‍ നമ്മള്‍ നേരിടുന്ന കാതലായ പ്രശ്‌നം.

കാര്‍ഗില്‍ യുദ്ധത്തിനു ശേഷം ഇന്ത്യയുടെ രഹസ്യാന്വേഷണസംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി 700 കോടിയുടെ ആധുനിക നിരീക്ഷണ ഉപകരണങ്ങള്‍ (intelligence communications equipments) ഇന്ത്യ വാങ്ങിയിരുന്നു. 2008-ലെ മുംബൈ ഭീകരാക്രമണങ്ങള്‍ക്കു ശേഷം വീണ്ടും കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ റോ ഉള്‍പ്പെടെയുള്ള രഹസ്യാന്വേഷണ ശൃംഖലയ്ക്കുവേണ്ടി ഇന്ത്യ സമ്പാദിച്ചു. ഉപഗ്രഹസിഗ്‌നലുകളും മൊബൈല്‍, സൈനിക ആശയവിനിമയങ്ങളും വായുവില്‍നിന്ന് ചോര്‍ത്തിയെടുത്ത് പ്രത്യേക ഭാഷയിലുള്ള സംഭാഷണമോ വാക്കുകളോ സെര്‍ച്ച് ചെയ്‌തെടുക്കാനുള്ള സാങ്കേതികവിദ്യയും ഇതില്‍ ഉള്‍പ്പെടും. ഇവയ്ക്കുപുറമേയാണ് പൗരന്മാരെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുന്ന ദേശീയ രഹസ്യാന്വേഷണ ഗ്രിഡും (national intelligence grid-Natgrid), രാജ്യത്തിനകത്തെ ഫോണ്‍സംഭാഷണവും ഇന്റര്‍നെറ്റ് ആശയവിനിമയവും ചോര്‍ത്തിയെടുക്കാനുള്ള കേന്ദ്രീകൃത നിരീക്ഷണസംവിധാനവും (central monitoring systems project of India-CMS) , ദേശീയ ഭീകരവിരുദ്ധകേന്ദ്രവും (national counter terrorism centre-NCTC) ഏകീകൃത തിരിച്ചറിയല്‍കാര്‍ഡ് നല്‍കുന്ന ആധാര്‍ പദ്ധതിയുമൊക്കെയായി സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നത്. ഭരണഘടനയുടെ 21-ാം അനുച്ഛേദമനുസരിച്ച് പൗരന്റെ സ്വകാര്യത സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ സ്വകാര്യതാ നിയമമോ പഴുതുകളില്ലാത്ത സൈബര്‍നിയമമോ നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് ഈ പദ്ധതികള്‍ ചോദ്യം ചെയ്യപ്പെടുന്നത്.

നിലവിലുള്ള നടപടിക്രമങ്ങള്‍ കൂടാതെ ഏതുസമയവും രാജ്യത്തെ ആരുടെയും ഫോണ്‍കോളുകള്‍ ചോര്‍ത്താനും ഇന്റര്‍നെറ്റ് ആശയവിനിമയം നിരീക്ഷിക്കാനും കഴിയുന്ന പദ്ധതിയാണ് കേന്ദ്രീകൃത നിരീക്ഷണ സംവിധാനം. ഇപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ആഭ്യന്തരവകുപ്പിന്റെ അനുമതിയോടെ ടെലിഫോണ്‍ സേവനദാതാക്കളെ സമീപിച്ചാലേ നിയമപ്രകാരം ഫോണ്‍ ചോര്‍ത്താനാകൂ. എട്ട് അന്വേഷണ ഏജന്‍സികള്‍ക്കു മാത്രമേ അതിനുള്ള അധികാരമുള്ളൂ. ടെലികോംവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത നിരീക്ഷണസംവിധാനത്തിന് ഡല്‍ഹിയിലെ ആസ്ഥാനത്തിനുപുറമേ ഓരോ സംസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഉപശാഖകളുമുണ്ടാകും. ടെലികോംവകുപ്പും റിസോഴ്‌സസ് ആന്‍ഡ് മോണിറ്ററിങ് സെല്ലും കേന്ദ്ര ടെലിമാറ്റിക്‌സ് ഡെവലപ്പ്‌മെന്റ് സെന്ററും ചേര്‍ന്ന് നടപ്പാക്കുന്ന 800 കോടി മുതല്‍മുടക്കുള്ള സി.എം.എസ്സിന്റെ ആദ്യഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു.

വ്യക്തിഗത വിവരശേഖരണം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ് ദേശീയ രഹസ്യാന്വേഷണ ഗ്രിഡ്. അന്വേഷണ ഏജന്‍സികള്‍ക്കുപുറമേ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് ഏജന്‍സികള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, വിമാനക്കമ്പനികള്‍, റെയില്‍വേ, ടെലികോം സര്‍വീസ് പ്രൊവൈഡര്‍മാര്‍ തുടങ്ങി 21 മേഖലകളില്‍നിന്ന് ലഭിക്കുന്ന വ്യക്തിഗതവിവരങ്ങള്‍ ഏകീകരിച്ച് സൂക്ഷിക്കുകയും അപ്പപ്പോള്‍ പുതുക്കുകയും ചെയ്യുന്ന സംവിധാനമാണിത്. നാറ്റ്ഗ്രിഡ് നിലവില്‍ വരുന്നതോടെ വിവരശേഖരണം എളുപ്പമാകുമെന്നു മാത്രമല്ല ആവശ്യത്തിനനുസരിച്ച് ഇന്ത്യയിലെവിടെനിന്നും ഉടന്‍ വിവരങ്ങള്‍ ശേഖരിക്കുകയുമാകാം. തുടക്കത്തില്‍ റോ, ഐ.ബി., റവന്യൂ ഇന്റലിജന്‍സ്, ഇന്‍കംടാക്‌സ് തുടങ്ങിയ 11 അന്വേഷണഏജന്‍സികളെ ഉദ്ദേശിച്ച് നടപ്പാക്കുന്ന ഈ പദ്ധതി 2013 ജനവരിമുതല്‍ നിലവില്‍ വരുമെന്നാണ് കരുതുന്നത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിവരുന്ന വ്യക്തിഗത വിവരശേഖരമായ ആധാര്‍പദ്ധതിയുമായി (യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍-ുഹല) നാറ്റ്ഗ്രിഡിനെ ബന്ധിപ്പിക്കുന്നതോടെ ഒരാളുടെ കൈവിരലുകളുടെയും കണ്ണിലെ കൃഷ്ണമണിയുടെയും പ്രതിബിംബങ്ങളടക്കമുള്ള സൂക്ഷ്മവിവരങ്ങള്‍പോലും ഞൊടിയിടയില്‍ ലഭിക്കും. വ്യക്തിഗതവിവരങ്ങള്‍ ശേഖരിച്ച് ഡാറ്റാ ബാങ്കുണ്ടാക്കുന്നതിന്റെ പേരില്‍ ആധാര്‍ പദ്ധതിയും ഇതിനകംതന്നെ വിവാദമായിട്ടുണ്ട്.

ഒരാളെ നിരീക്ഷിക്കാന്‍ റേഡിയോ കോളറോ, ജി.പി.എസ്. ഉപകരണങ്ങളോ ഘടിപ്പിക്കുന്നതിന് സമാനമാണ് പോക്കറ്റില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുനടക്കുന്നതെന്ന് പൊതുവേ പറയാറുണ്ട്. സി.എം.എസും നാറ്റ്ഗ്രിഡുമൊക്കെ നിലവില്‍ വരുന്നതോടെ മൊബൈല്‍ഫോണ്‍ അവയേക്കാള്‍ ഫലപ്രദമായ നിരീക്ഷണ ഉപാധിയായി മാറിയേക്കാം. മൊബൈല്‍ സിഗ്‌നലുകള്‍ പിന്തുടര്‍ന്ന് ഒരാളുടെ ചലനഗതി മനസ്സിലാക്കുന്നതിനൊപ്പം എല്ലാ അടിസ്ഥാനവിവരങ്ങളും സംഘടിപ്പിക്കാവുന്ന അവസ്ഥ ഇതോടെ വന്നുചേരും. ഈ സാഹചര്യത്തിലാണ് 1885-ലെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ടും 1923-ലെ ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ടുമൊക്കെ അടിയന്തരമായി പരിഷ്‌കരിക്കണമെന്ന ആവശ്യമുയരുന്നത്.

കാര്‍ഗില്‍ യുദ്ധത്തിനു ശേഷം സ്ഥാപിച്ച നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ട് ഇത്തരം ആരോപണങ്ങള്‍ നിരവധി ഉയര്‍ന്നിരുന്നു. നമ്മുടെ സുരക്ഷാനിരീക്ഷണസംവിധാനങ്ങള്‍ കാലഹരണപ്പെട്ടതാണെന്ന് വ്യാപകമായ ആക്ഷേപമുയര്‍ന്നതോടെ മുന്‍രാഷ്ട്രപതിയും പ്രധാനമന്ത്രിയുടെ മുഖ്യശാസ്‌ത്രോപദേശകനുമായിരുന്ന എ.പി.ജെ. അബ്ദുല്‍കലാമിന്റെ നേതൃത്വത്തില്‍ നടപ്പാക്കിത്തുടങ്ങിയ സ്ഥാപനമാണ് എന്‍.ടി.ആര്‍.ഒ. ഐ.ഐ.ടി.യിലെ ശാസ്ത്രജ്ഞരുള്‍പ്പെടെയുള്ള വിദഗ്ധ സംഘമാണ് 'റോ'യുടെ നിയന്ത്രണത്തില്‍ 2004-ല്‍ സ്ഥാപിച്ച എന്‍.ടി.ആര്‍.ഒ.യിലുള്ളത്. രാജ്യത്തിന്റെ പ്രധാന ഇന്റര്‍നെറ്റ് ഹബ്ബുകളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും ഇവര്‍ ചാരഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രവര്‍ത്തനം തുടങ്ങി മൂന്നുവര്‍ഷത്തിനുള്ളില്‍ത്തന്നെ ആവുന്നത്ര ചീത്തപ്പേര് സമ്പാദിക്കുകയും ചെയ്തു.

2007-ല്‍ ഡല്‍ഹിയിലെ എന്‍.ടി.ആര്‍.ഒ. ഓഫീസിലെ കുളിമുറിയില്‍ 'പിന്‍ഹോള്‍' ക്യാമറ ഒളിപ്പിച്ചുവെച്ച സംഭവമാണ് ഏറെ വിവാദം സൃഷ്ടിച്ച ഒന്ന്. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ഉപയോഗിക്കുന്ന കുളിമുറിയില്‍ സ്ഥാപിച്ച ക്യാമറ ഒരു ഉദ്യോഗസ്ഥന്റെ കമ്പ്യൂട്ടറുമായി ഘടിപ്പിച്ചത് കൈയോടെ പിടികൂടുകയും അയാള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. അതിനിടെ അമര്‍സിങ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കളുടെ ഫോണ്‍സംഭാഷണങ്ങള്‍ ചോര്‍ത്തിയതും വന്‍വിവാദം സൃഷ്ടിച്ചു. എന്‍.ടി.ആര്‍.ഒ.യും 'റോ' യും ഫോണ്‍/ ഇന്റര്‍നെറ്റ് ചോര്‍ത്തല്‍ നിര്‍ബാധം തുടര്‍ന്നതോടെ ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്രാ പോലീസ് തുടങ്ങി സംസ്ഥാന സുരക്ഷാസേനകളും ഇതേ പാത പിന്തുടര്‍ന്നു. പഞ്ചാബില്‍നിന്നും അത്തരമൊരു ഉപകരണം മോഷണം പോയത് സുരക്ഷാവീഴ്ചയായി വിലയിരുത്തപ്പെട്ടു. ഒടുവില്‍ കേന്ദ്രഏജന്‍സികള്‍ ഇടപെട്ടെങ്കിലും സംസ്ഥാനതലത്തിലുള്ള ഇത്തരം 'ചോര്‍ത്തല്‍' സംവിധാനങ്ങള്‍ പൂര്‍ണമായും നിര്‍ത്താന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്.

കര്‍ശനമായ നിയമസംവിധാനമില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍സംവിധാനങ്ങള്‍ക്ക് സൈബര്‍/ മൊബൈല്‍ ആശയവിനിമയസംവിധാനങ്ങളില്‍ സ്വതന്ത്രമായി വിഹരിക്കാന്‍ പഴുതുകള്‍ ധാരാളമുണ്ട്. കഴിഞ്ഞ വര്‍ഷകാലസമ്മേളനത്തില്‍ പൗരന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിലവതരിപ്പിച്ച റൈറ്റ് ടു പ്രൈവസി ബില്ലില്‍ ഇവയെല്ലാം ഏറെക്കുറെ പരിഹരിക്കുന്നുണ്ടെങ്കിലും അത് നിയമമാകുന്നത് എന്നെന്ന് കണ്ടറിയേണ്ടിവരും. പാര്‍ലമെന്റ് ബഹളത്തിനിടെ ചര്‍ച്ചകൂടാതെ പാസ്സായ ഐ.ടി. ആക്ടിന്റെ 2008-ന്റെ (ഭേദഗതി) ഗതിവരാതിരുന്നാല്‍ ഭാഗ്യം. ഐ.ടി. ആക്ട് 2000-വും 2008-ലെ പരിഷ്‌കരണവും വ്യക്തിസ്വാതന്ത്ര്യത്തിനുമേല്‍ കൈകടത്താന്‍ സര്‍ക്കാറിന് ഒട്ടേറെ പഴുതുകള്‍ നല്‍കുന്നതാണ്. എന്നിട്ടും പാര്‍ലമെന്റ് അക്കാര്യമൊന്നും ചോദ്യം ചെയ്യാതെ മിനിറ്റുകള്‍ക്കുള്ളിലാണ് 2008-ലെ പരിഷ്‌കരണം പാസ്സാക്കിയത്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലെ ഉള്ളടക്കങ്ങള്‍ സെന്‍സര്‍ ചെയ്യണമെന്ന കേന്ദ്രടെലികോംമന്ത്രി കപില്‍ സിബലിന്റെ ആവശ്യം ഭരണഘടനാ അനുച്ഛേദം 19 (1) എ പ്രകാരമുള്ള ആശയപ്രകാശന സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കാം. ഇതുമായി ബന്ധപ്പെട്ട് വിനയ് റായ് ഡല്‍ഹികോടതിയില്‍ കേസ്‌കൊടുത്തിട്ടുണ്ട്.

കൊളോണിയല്‍ നിയമങ്ങള്‍ അതേപോലെ തുടരുകയും അലസമായി പുതിയ നിയമനിര്‍മാണങ്ങള്‍ നടത്തുകയും ചെയ്താല്‍ സര്‍ക്കാര്‍സംവിധാനങ്ങള്‍ക്ക് അനാവശ്യ അധികാരങ്ങള്‍ വന്നുചേരുകയും ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന പൗരാവകാശങ്ങള്‍ ഒന്നൊന്നായി തകര്‍ക്കപ്പെടുകയും ചെയ്യും. രഹസ്യാന്വേഷണ സംവിധാനങ്ങളും സി.ബി.ഐ.യും പ്രവര്‍ത്തിക്കുന്നത് വ്യക്തമായ ചട്ടക്കൂടിനകത്തുനിന്നോ പാര്‍ലമെന്റിന്റെ മേല്‍നോട്ടത്തിലോ അല്ല എന്ന കാര്യവും ശ്രദ്ധേയമാണ്. നാറ്റ്ഗ്രിഡും ആധാറുംപോലുള്ള വ്യക്തിഗത വിവരസംഹിതകള്‍ ശക്തമായ സുരക്ഷാസംവിധാനത്തിനകത്ത് സൂക്ഷിച്ചില്ലെങ്കില്‍ ഉദ്ദേശിച്ചതിന് വിപരീതഫലമാകും ഉണ്ടാകുക. സൈബര്‍ നുഴഞ്ഞുകയറ്റങ്ങളിലൂടെ തീവ്രവാദികളടക്കമുള്ളവര്‍ക്ക് പ്രവര്‍ത്തനം എളുപ്പമാക്കും.

സെല്‍ഫോണോ, ഇ മെയിലോ ഉള്‍പ്പെടെയുള്ള ആധുനിക ആശയവിനിമയസംവിധാനങ്ങള്‍ ഉപയോഗിക്കാതെയാണ് ഇന്ത്യന്‍ മുജാഹിദീന്‍ എന്ന തീവ്രവാദസംഘടന പ്രവര്‍ത്തിക്കുന്നത് എന്ന് വെളിപ്പെടുത്തലുണ്ടായിട്ടുണ്ട്. ഉപഗ്രഹസിഗ്‌നലുകള്‍ പിടിച്ചെടുക്കാനുള്ള സജ്ജീകരണങ്ങള്‍ നമ്മുടെ അന്വേഷണ ഏജന്‍സികളുടെ കൈയിലുണ്ടായിട്ടും മുംബൈ ആക്രമണം നടത്തിയ തീവ്രവാദിസംഘം ഉപഗ്രഹ ഫോണുപയോഗിച്ച് നടത്തിയ ആശയവിനിമയം കണ്ടെത്താനായില്ല. സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് സുരക്ഷാസംവിധാനങ്ങളില്‍ കാതലായ മാറ്റം വരുത്തേണ്ടിവരും. പലയിടത്തും സ്വകാര്യത എന്ന സങ്കല്പവും ചിലപ്പോള്‍ പുനര്‍നിര്‍വചിക്കേണ്ടിവരും. അതിനനുസരിച്ച് പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടാതിരിക്കാന്‍ അപ്പപ്പോള്‍ നിയമനിര്‍മാണം നടത്തേണ്ടതും അവ നടപ്പിലാക്കേണ്ടതും ഇന്ത്യയേപ്പോലുള്ള ജനാധിപത്യസംവിധാനത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണ്.

Thursday, April 5, 2012

വള്ളിക്കാവില്‍നിന്ന് (നല്ല)വാര്‍ത്തകളൊന്നുമില്ല

പുറം നാടുകളിലേയ്ക്കുള്ള കേരളത്തിന്റെ കയറ്റുമതികളില്‍ മുന്‍പന്തിയിലാണ് മാനുഷികവിഭവശേഷി എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. പിഎസ്‌സി അംഗീകാരത്തിനോ മറ്റൊ പണ്ട് സെക്രട്ടറിയേറ്റില്‍ ചെന്നപ്പോ അവിടെയിരുന്ന ഒരു സീനിയര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതോര്‍ക്കുന്നു, “നിങ്ങളെന്തിനാണ് ഇത്തരം ചില്ലറ കാര്യങ്ങള്‍ക്കൊക്കെ നടക്കുന്നത്. നിങ്ങളെ പഠിപ്പിയ്ക്കുന്നത് ഇവിടെ ജോലി ചെയ്യാനല്ല എന്നറിഞ്ഞുകൂടെ,” എന്ന്.

എം മുകുന്ദന്‍ വരച്ചിട്ട മയ്യഴിയിലെ , എന്നെങ്കിലും ഫ്രാന്‍സില്‍ പോകാന്‍ പറ്റുമെന്നുള്ള സ്വപ്നത്തിന്റെ ചിറകില്‍ ദരിദ്രരായി ജീവിയ്ക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ ആധുനിക രൂപമാണ് നേഴ്സിങ്ങുള്‍പ്പെടെയുള്ള അനുബന്ധ വൈദ്യ വിഷയങ്ങളില്‍ ജോലി ചെയ്യുന്ന ഇന്നത്തെ ചെറുപ്പക്കാര്‍. എന്നെങ്കിലും തങ്ങള്‍ക്കുമുന്നില്‍ തുറന്നുകിട്ടിയേക്കാവുന്ന പുറംനാടുകളിലുള്ള സുഖമായ ജീവിതത്തിനെ സ്വപ്നം കണ്ട് ആത്മാഭിമാനം പണയം വച്ച് നെറികേടുകള്‍ക്ക് നേരേ ഒരുപാടുതവണ അവര്‍ കണ്ണടച്ചു.

ഒരു ശരാശരി നേഴ്സിന് അമൃതയിലും, കേരളത്തിലെ മിക്ക സ്വകാര്യ മേഖലാ ആശുപത്രികളിലും നാലായിരം രൂപയില്‍ താഴെയാണ് ഇതെഴുതുന്ന ദിവസവും ശമ്പളം. പലരും വീട്ടില്‍ നിന്ന് ഇങ്ങോട്ട് പണം വരുത്തിയാണ് ജീവിയ്ക്കുന്നത് തന്നെ. ഒരു നേരത്തെ വെജിറ്റേറിയന്‍ ഭക്ഷണത്തിനു മുപ്പത് രൂപയ്ക്ക് പുറത്ത് നല്‍കേണ്ടിവരുന്നു അമൃതയുടെ തന്നെ കാന്റീനുകളില്‍. മൂവായിരം രൂപയോളം അമൃതയുടെ കാന്റീനില്‍ തന്നെ തിരിച്ചടയ്ക്കേണ്ടിവരും എന്നാണൊരു ജീവനക്കാരി പറഞ്ഞത്. പുറത്ത് നിന്ന് ഭക്ഷണം കഴിയ്ക്കണമെങ്കില്‍ എത്രയാകും എന്ന് ഞാനിവിടെയെഴുതേണ്ട കാര്യമില്ല. താമസത്തിനു നാലും അഞ്ചും പേര്‍ ഇടതിങ്ങി ഒരു മുറിയില്‍ കഴിച്ചുകൂട്ടിയാലും അഞ്ഞൂറു രൂപയിലധികമാകും മാസവാടക. ഒരുമാസത്തെ ശമ്പളം, മൂന്നുനേരം മാന്യമായി ഭക്ഷണം കഴിയ്ക്കാന്‍ പോലുമില്ലാത്ത അവസ്ഥ. പലരും വന്‍ തുകകള്‍ ബാങ്ക് വായ്പയെടുത്തിട്ടായിരിയ്ക്കും പഠനം നടത്തിയിട്ടുണ്ടാകുക. പഠനവും കഴിഞ്ഞ് ബാക്കിയുണ്ടാവുന്നത് ലക്ഷക്കണക്കിനു രൂപയുടെ ബാങ്ക് വായ്പയാണ്. അത് തിരിച്ചടയ്ക്കാന്‍ പോലും ശമ്പളം തികയുന്നില്ല.

"ഒരു ശരാശരി നേഴ്സിന് അമൃതയിലും, കേരളത്തിലെ മിക്ക സ്വകാര്യ മേഖലാ ആശുപത്രികളിലും നാലായിരം രൂപയില്‍ താഴെയാണ് ഇതെഴുതുന്ന ദിവസവും ശമ്പളം. പലരും വീട്ടില്‍ നിന്ന് ഇങ്ങോട്ട് പണം വരുത്തിയാണ് ജീവിയ്ക്കുന്നത് തന്നെ. ഒരു നേരത്തെ വെജിറ്റേറിയന്‍ ഭക്ഷണത്തിനു മുപ്പത് രൂപയ്ക്ക് പുറത്ത് നല്‍കേണ്ടിവരുന്നു അമൃതയുടെ തന്നെ കാന്റീനുകളില്‍. മൂവായിരം രൂപയോളം അമൃതയുടെ കാന്റീനില്‍ തന്നെ തിരിച്ചടയ്ക്കേണ്ടിവരും എന്നാണൊരു ജീവനക്കാരി പറഞ്ഞത്. " എങ്ങാനും ഒരു ജോലി കിട്ടിയാലോ? ജോലി കിട്ടണമെങ്കില്‍ മിക്ക ആശുപത്രികളിലും ബോണ്ട് നല്‍കണം. തങ്ങള്‍ ഇത്ര നാള്‍ ഇവിടെ ജോലിചെയ്തുകൊള്ളാം എന്ന് ഒപ്പിട്ടുകൊടുക്കുകയും ജീവനക്കാരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ആശുപത്രിയില്‍ പിടിച്ചുവയ്ക്കുകയും ചെയ്യും. ബോണ്ട് കാലാവധിയ്ക്ക് മുന്‍പ് മറ്റ് ജോലി കിട്ടിയോ മറ്റെന്തെങ്കിലും ആവശ്യത്തിനോ ജോലി വിടുകയാണെങ്കില്‍ ബോണ്ടില്‍ പറഞ്ഞ തുക കെട്ടിവച്ചേ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുനല്‍കുകയോ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ ചെയ്യുകയുള്ളൂ.

നിയമവിരുദ്ധമാണെന്നറിഞ്ഞുതന്നെ അമൃതയുള്‍പ്പെടെയുള്ള പല വന്‍‌കിട സ്വകാര്യ ആശുപത്രികളിലും ഇത് പതിവാണ്. ബോണ്ട് കാലാവധി തീരാന്‍ രണ്ട് ആഴ്ചയുണ്ട് എന്ന് കാരണം പറഞ്ഞ് എന്റെയൊരു സുഹൃത്തിന്റെ ശമ്പള ബാക്കിയും (ജോലി ചെയ്ത ശമ്പളം), എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും കൊടുക്കാതെയിരുന്നത് എനിയ്ക്ക് നേരിട്ടനുഭവമുണ്ട്. തുടര്‍ പഠനത്തിനു പോകുവാനായിരുന്നു അയാള്‍ ജോലി വിട്ടത്. നേഴ്സുമാര്‍ക്ക് മുപ്പതിനായിരവും അമ്പതിനായിരവും ഒക്കെയാണ് ബോണ്ട് മുറിയ്ക്കണമെങ്കില്‍ കെട്ടി വയ്ക്കേണ്ട തുക. പലര്‍ക്കും ഇത് നിയമവിരുദ്ധമാണെന്നറിയില്ല എന്നതാണ് ആശുപത്രിക്കാര്‍ ചൂഷണം ചെയ്യുന്നത്. അഥവാ നിയമവിരുദ്ധമെന്ന് അറിഞ്ഞാല്‍ തന്നെ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമല്ലോ എന്നതുകാരണം പലരും ഒന്നും മിണ്ടാറില്ല. ഈ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റാണ് ആശുപത്രിക്കാരുടെ തുറുപ്പുശീട്ട്.

നേഴ്സിങ്ങ് ജോലിയ്ക്ക് ഡ്യൂട്ടി സമയമൊക്കെ തോന്നുന്നതുപോലെയാണ്. പതിനാറു മണിക്കൂറോളം ഡ്യൂട്ടിയെടുപ്പിക്കലൊക്കെ സര്‍വസാധാരണമാണ്. രാത്രിയില്‍ ഡ്യൂട്ടിയെടുക്കുന്നതിനോ, അധിക ഡ്യൂട്ടിയെടുക്കുന്നതിനോ അധികമായി വലുതായൊന്നും നല്‍കാറുമില്ല. നാലും അഞ്ചും പേര്‍ ചേര്‍ന്നു ജീവിയ്ക്കുന്ന മുറിയില്‍ അല്‍‌പ്പം സ്വകാര്യതയോ സമാധാനമോ ഉണ്ടാകാറില്ല. മരണവും അത്യാഹിതങ്ങളും അടക്കം ദിവസേന ജോലിയുടെ ഭാഗമായുള്ള സമ്മര്‍ദ്ദം വേറെ. പലപ്പോഴും രോഗികളുടേയും അവരുടെ കൂടെനില്‍ക്കുന്നവരുടെയും പെരുമാറ്റം വളരെ മോശമായാണുണ്ടാവുക. ആശുപത്രിയുടെ ഒരു പ്രതിനിധിയെന്ന നിലയില്‍ എന്തുകാര്യത്തിനും തെറിവിളി നേഴ്സിനായിരിയ്ക്കും.

ഡോക്ടര്‍മാര്‍ അവരുടെ ദേഷ്യവും കാണിയ്ക്കുന്നത് നേഴ്സിനോടാണ്. രോഗികളുടെയും മറ്റു ജീവനക്കാരുടേയും മുന്നില്‍ വച്ച് നേഴ്സിനോട് മോശമായി പെരുമാറുക എന്നത് ഒരു ഹോബി പോലെ കൊണ്ടുനടക്കുന്ന ഡോക്ടര്‍മാരെ എനിയ്ക്കറിയാം. ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ നേഴ്സുമാരോട് സംസാരിയ്ക്കുന്നവര്‍ വളരെ ചുരുക്കം. ഒന്നുകില്‍ പാട്രണൈസ് ചെയ്ത് കൊണ്ട്, അല്ലെങ്കില്‍ തെറിവിളി. ജീവിതം വഴിമുട്ടി നില്‍ക്കുന്ന, ബാങ്ക് വായ്പയുടെ ജപ്തിനോട്ടീസുകള്‍ തലയ്ക്കു മുകളില്‍ നില്‍ക്കുന്ന, മനസമാധാനമായി ഒരുനേരം ഭക്ഷണം പോലും കഴിയ്ക്കാന്‍ കഴിയാത്ത, ബോണ്ടെഴുതിപ്പോയതുകൊണ്ട് എല്ലാം സഹിച്ച് അടിമപ്പണി ചെയ്യേണ്ടി വരുന്ന ഈയൊരവസ്ഥയിലാണ് ഇവര്‍ ഒരു സംഘടനയെപ്പറ്റിയാലോചിയ്ക്കുന്നത്.

യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ എന്ന സംഘടനയുടെ ഒരു യൂണിറ്റ് അമൃതയില്‍ തുടങ്ങി. മറ്റെല്ലാ വ്യവസായശാലകളിലേയും പോലെ സംഘടനാ പ്രവര്‍ത്തനം തുടങ്ങിയവരെ മറ്റു കാരണങ്ങള്‍ പറഞ്ഞ് പിരിച്ചുവിട്ടുകൊണ്ടും സ്ഥലം മാറ്റിക്കൊണ്ടുമാണ് അമൃതയും പ്രതികരിച്ചത്. യാതൊരുവിധ സമരപരിപാടികള്‍ക്കും തുടക്കമിട്ടുകൊണ്ടല്ല സംഘടന തുടങ്ങിയത്. തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിയ്ക്കാന്‍ ഒരു വേദിയായി, ഒരു തുടക്കമെന്ന നിലയില്‍ ഒരു യൂണിറ്റ് രൂപീകരിയ്ക്കുക മാത്രമാണ് അവര്‍ ചെയ്തത്. ഉടനേതന്നെ യൂണിറ്റിന്റെ പ്രവര്‍ത്തകരില്‍ പ്രധാനപ്പെട്ടവരെ യാതൊരു കാരണവും കൂടതെ പിരിച്ചുവിടുകയും ബാക്കിയുള്ളവരെ സ്ഥലം മാറ്റുകയും ചെയ്തു.

യാതൊരു കാരണവും കൂടാതെ ഇഷ്ടമില്ലാത്തവരെ പിരിച്ചുവിടല്‍ അമൃതയിലെ ഒരു സ്ഥിരം പരിപാടിയാണ്. സാധാരണ ഗതിയില്‍ ഇതേപറ്റി ആരും ചോദിക്കാനും പറയാനുമില്ലാത്തതു കൊണ്ട് ഒന്നും നടക്കാറില്ല. പിരിച്ചുവിട്ടവരിലൊരാള്‍ക്കെതിരേ, ഒരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നപരാതി കിട്ടിയതുകൊണ്ടാണ് പിരിച്ചുവിട്ടതെന്നായിരുന്നു മാനേജ്മെന്റിന്റെ നിലപാട്. മുന്‍പും ആളുകളെ പിരിച്ചുവിടുന്നതിനായി ഇത്തരം കള്ളപ്പരാതികള്‍ അമൃതാ മാനേജ്മെന്റ് ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്.

പരാതി നല്‍കി എന്നു പറയുന്ന കുട്ടിയെ അസോസിയേഷന്റെ ആള്‍ക്കാര്‍ കാണുകയുണ്ടായി. പരാതിക്കാരിയ്ക്കു തന്നെ അതൊരു പുതിയ അറിവായിരുന്നു. അങ്ങനെയൊരു പരാതി നല്‍കിയിട്ടില്ല എന്ന് അവര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് എഴുതി നല്‍കി. അതോടെ തങ്ങളുടെ കള്ളിവെളിച്ചത്താകുമെന്ന് അമൃതയ്ക്ക് മനസ്സിലായി. അപ്പോഴാണ് ഈ വിഷയത്തെപ്പറ്റി സംസാരിയ്ക്കാനായി യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ സംസ്ഥാന നേതാക്കളായ ജാസ്മിന്‍ ഷാ, സുദീപ്, ഷിഹാബ്, നജീബ്, ബിബു പൌലോസ് എന്നിവരടക്കം ആറുപേരെ അമൃതയിലേയ്ക്ക് ക്ഷണിച്ചത്.

മുന്‍‌കൂട്ടി പദ്ധതി ചെയ്ത രീതിയില്‍ തന്നെയായിരുന്നു ആക്രമണം. എച് ആര്‍ അസിസ്റ്റന്റ് ആയ സുധാംശു ഇവരെ വെളിയില്‍ നിന്ന് വിളിച്ച് എച് ആര്‍ ഡിപ്പാര്‍ട്ട്മെന്റിലെക്ക് കൊണ്ട് പോകുന്നു. വളരെ കാര്യമായി ചിരിച്ച് സ്വീകരിച്ചശേഷം അസിസ്റ്റന്റ് എച് ആര്‍ മാനേജരെ കാണാനെന്നു പറഞ്ഞ് വിളിച്ച് കൊണ്ട് വന്ന അവരെ എച് ആര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഇടനാഴിയില്‍ വച്ച് മുപ്പത്തഞ്ചോളം പേര്‍ വരുന്ന സംഘം തല്ലുകയായിരുന്നു. അവരെ പിന്തുടര്‍ന്ന് ഇടനാഴിയുടെ ഇരുവഴത്തുനിന്നും വന്ന അമൃതാ ആശുപത്രിയുടെ ഗുണ്ടകള്‍, കെണിയിലാക്കിയപോലെ ആയ നേഴ്സിങ്ങ് യൂണിയന്‍ പ്രവര്‍ത്തകരെ, കമ്പിവടി, പാര, ഇടിക്കട്ട, കുറുവടി, പട്ടികക്കഷണം മുതലായവയൊക്കെക്കൊണ്ട് അതിക്രൂരമായി മര്‍ദ്ദിച്ചു. കൂടെവന്ന എച് ആര്‍ ജീവനക്കാരന്‍ ഓഫീസിലേക്ക് കയറിപ്പോയി. അടികൊണ്ടവരില്‍ ചിലരെ വലിച്ചിഴച്ച് കൊണ്ട് ആ ഇടനാഴിയുടെയടുത്ത് പണിതീരാതെകിടക്കുന്ന ഒരു കെട്ടിടത്തിന്റെയടുത്തും കൊണ്ടിട്ട് മര്‍ദ്ദിച്ചു. ഇവരുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണമാല, മൊബൈല്‍ ഫോണ്‍, പേഴ്സുകള്‍ ഒക്കെ തട്ടിയെടുത്തു. 'കൊല്ലെടാ' എന്ന് വിളിച്ച്പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം.

മൃതപ്രായരായ അവരെ വലിച്ചിഴച്ച് കൊണ്ട് തന്നെ അമൃതയിലെ കാഷ്വാല്‍റ്റിയില്‍ കൊണ്ടിട്ടു. എന്നിട്ട് കാഷ്വാല്‍റ്റിയില്‍ നിന്ന് പോര്‍വിളിയും ഭീഷണിയും തുടര്‍ന്നു. ഇത് പ്രശ്നമാക്കിയാല്‍ കുടുംബമടക്കം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. സെക്യൂരിറ്റിക്കാരും ഡോക്ടര്‍മാരുമുള്‍പ്പെടെയുള്ളവര്‍ നോക്കുകുത്തികളായി നിന്നതേയുള്ളൂ.

ഈ എച് ആര്‍ മാനേജരും അമൃതയിലെ മുതിര്‍ന്ന മാനേജ്മെന്റുമൊക്കെ അമൃതാ മഠത്തിലുള്ള മുതിര്‍ന്ന സന്യാസിമാരുമായും അമൃതാനന്ദമയിയുമായും തന്നെ അടുത്ത ബന്ധമുള്ളവരാണ്. ഒരുപക്ഷേ ഒരു ഫോണ്‍കോള്‍ അകലെ. ഇവരൊന്നും അറിയാതെയാണ് ഇതുപോലെ ആറേഴു പേരെ തല്ലിക്കൊല്ലാറാക്കിയതെന്ന് വിശ്വസിയ്ക്കാന്‍ പ്രയാസമാണ്.

വിവരമറിഞ്ഞ് നേഴ്സുമാരും അഭ്യുദയകാംഷികളായ മറ്റു ജീവനക്കാരും കാഷ്വാല്‍റ്റിയിലെത്തി. ഈ ആശുപത്രിയില്‍ ശരിയായ ചികിത്സ ലഭിക്കില്ലെന്നു മാത്രമല്ല ജീവനു തന്നെ ഭീഷണിയാണെന്നു തിരിച്ചറിഞ്ഞ അടികൊണ്ടവര്‍ക്ക് മറ്റ് ആശുപത്രിയിലേക്ക് പോകണമെന്ന് പറഞ്ഞെങ്കിലും അതിനു സമ്മതിയ്ക്കാതെ അവിടെ തടഞ്ഞുവയ്ക്കുകയാണ് അമൃതാ മാനേജ്മെന്റ് ചെയ്തത്.

പിന്നീട് തല്ലു കൊണ്ടവര്‍ ഫോണ്‍ ചെയ്തതനുസ്സരിച്ച് പുറത്തുനിന്ന് ഡീ വൈ എഫ് ഐ, എസ് എഫ് ഐ പ്രവര്‍ത്തകര്‍ എത്തുകയും ഇവരെ മറ്റ് ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെടുകയും ഒടുവില്‍ മാനേജ്മെന്റ് വഴങ്ങുകയുമായിരുന്നു. തല്ലുകൊണ്ടവരില്‍ ഒരാളുടെ മുട്ടുചിരട്ട പലതായി മുറിഞ്ഞു. മറ്റൊരാളുടെ തലയില്‍ 56 തുന്നിക്കെട്ടലാണ് വേണ്ടിവന്നത്. മറ്റുള്ളവര്‍ക്കും സാരമായി പരിക്കേറ്റു. ഇരുമ്പുവടികൊണ്ട് അടിച്ചതിന്റെ പാട് ടീവീയിലൂടെ കാണിയ്ക്കുന്നതിന് എല്ലാവരും സാക്ഷികളാണല്ലോ. മറ്റ് ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സ് പോലും അമൃതക്കാര്‍ അനുവദിച്ചില്ല.

"അമൃതയില്‍ ഓപ്പറെഷന്‍ തീയറ്ററിലും മറ്റ് അത്യാഹിത വിഭാഗങ്ങളിലും ജോലി ചെയ്തുകൊണ്ടിരുന്ന നേഴ്സുമാര്‍ മിന്നല്‍ പണിമുടക്ക് നടത്തി രോഗികളുടെ ജീവന്‍ അപകടത്തിലാക്കിയെന്നായി അമൃതയുടെ പുതിയ കള്ളപ്രചാരണം. ഓപ്പറെഷന്‍ തീയറ്ററില്‍ ജോലി ചെയ്യുന്ന ഒരു ഡോക്ടര്‍ തന്നെ അറിയിച്ചതു വച്ച് അവിടെ ഒരൊറ്റ നേഴ്സ് പോലും ഓപ്പറെഷന്‍ തീയറ്ററില്‍ നിന്ന് ജോലി നിര്‍ത്തി പോയിട്ടില്ല. തീയറ്റര്‍ ഡ്യൂട്ടിക്കിടെ നിന്ന് സര്‍ജറിയില്‍ ഇല്ലാത്ത നേഴ്സുമാര്‍ പണിമുടക്കിയെങ്കിലും ട്രാന്‍സ്പ്ലാന്റ് ഉള്‍പ്പെടെയുള്ള സര്‍ജറിക്കിടെ അത് ചെയ്തുകൊണ്ടിരുന്ന എല്ല നേഴ്സുമാരും അത് പൂര്‍ത്തിയാക്കിയിട്ടു തന്നെയാണ് പണിമുടക്കിലേര്‍പ്പെട്ടത്. സര്‍ജറി നിര്‍ത്തിവച്ച് സമരം ചെയ്തു എന്ന് പ്രചാരണമഴിച്ചുവിടുന്നതിലെ തന്നെ ഹൃദയശൂന്യത പേടിപ്പിയ്ക്കത്തക്കതാണ്." തങ്ങളോടൊപ്പമുണ്ടായിരുന്നവരെ, തങ്ങള്‍ക്കു വേണ്ടി സംസാരിക്കാനെത്തിയ യൂണിയന്‍ പ്രവര്‍ത്തകരെ, ചതിയില്‍ വിളിച്ചുവരുത്തി ഗുണ്ടകളെക്കൊണ്ട് തല്ലിച്ചതച്ചെന്ന വിവരമറിഞ്ഞാണ് അമൃതയിലെ നേഴ്സുമാര്‍ പണിമുടക്കാന്‍ തീരുമാനിച്ചത്. അടിയന്തിര ജോലികളിലും പ്രൊസീജിയറുകളിലുമുള്‍പ്പെട്ടിരിയ്ക്കുന്നവരെ ഒഴിവാക്കിയാണ് അവര്‍ അന്നു രാത്രിയും പിറ്റേന്നും പണിമുടക്കിയതും.

പിറ്റേന്ന് രാവിലേതന്നെ നേഴ്സുമാരുടെ പണിമുടക്കുന്നതിനെതിരേ 'പൊതുജനങ്ങള്‍ ' എന്ന പേരില്‍ ആശുപത്രിയിലെ തന്നെ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലും മറ്റും പണിയെടുക്കുന്ന ചിലരെ വാടകയ്ക്കെടുത്ത് ആശുപത്രിയിലെ മേസ്തരിപ്പണികള്‍ക്കായി പുറത്തുനിന്നെത്തിയ ബംഗാളികളായ തൊഴിലാളികളേയും ചേര്‍ത്ത് മാനേജ്മെന്റ് നേഴ്സുമാരുടേ സമരത്തിനു നേരേ ആക്രമണമഴിച്ചുവിട്ടു. ബംഗാളികളായ തൊഴിലാളികളും മറ്റും കാര്യമെന്തെന്നുപോലുമറിയാതെയായിരുന്നു അക്രമികളുടെ പിറകേ പോയത്. ഭാഗ്യത്തിനു പോലീസ് സ്ഥലത്തെത്തിയിട്ടുണ്ടായിരുന്നു. പോലീസ് ഇവരെ വിരട്ടിയോടിച്ചു. ഇതിനിടെ സമരക്കാര്‍ ഇരിയ്ക്കുന്നയിടങ്ങളിലേക്ക് ആംബുലന്‍സ് ഓടിച്ചുകയറ്റാനും ശ്രമമുണ്ടായി. എല്ലാവരും ഒരുമിച്ചു നിന്നതുകൊണ്ട് അപകടം ഒഴിവായി.

സംഭവമറിഞ്ഞ് പി രാജീവ് എംപി, ഹൈബി ഈഡന്‍ എംഎല്‍ഏ, മുന്‍ എംപിയും തൊഴിലാളിപ്രവര്‍ത്തകനുമായ കെ ചന്ദ്രന്‍പിള്ള എന്നിവര്‍ സ്ഥലത്തെത്തുകയും സമരം ചെയ്യുന്നവര്‍ക്ക് പൂര്‍ണ്ണ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. മാനേജ്മെന്റ് ഈ അവസരങ്ങളിലെല്ലാം ക്രൂരമായ നിസംഗതയാണ് കാണിച്ചത്. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് പോലും തയ്യാറാവാതെ, സമരം ചെയ്യുന്നവരോട് ചര്‍ച്ചയ്ക്കില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. “ഈ ആശുപത്രി പൂട്ടിയിട്ടാല്‍ ഞങ്ങള്‍ക്കൊന്നുമില്ല. ഈ ആശുപത്രി ഞങ്ങള്‍ പൂട്ടിയിടും” എന്ന് മാനേജ്മെന്റിന്റേയും മഠത്തിന്റേയും ഉത്തരവാദിത്തപ്പെട്ടവര്‍ ഭീഷണി മുഴക്കി. അതിനിടെയാണ് സമരം ചെയ്യുന്നവരില്‍ ഉള്‍പ്പെട്ട മറ്റൊരാളെ മാനേജ്മെന്റിന്റെ ഗുണ്ടകള്‍ തല്ലിച്ചതച്ചത്.

ലിസു മാത്യു എന്നയാളെയായിരുന്നു അത്. സമരത്തിനിടയില്‍ മറ്റെന്തോ കാര്യത്തിനായി കൂട്ടത്തില്‍ നിന്ന് മാറിയ ഈ ചെറുപ്പക്കാരനെ ഗുണ്ടകള്‍ ആരും കാണാതെ വളഞ്ഞ്പിടിയ്ക്കുകയും പൊതിരേ തല്ലുകയുമായിരുന്നു. ആശ്രമത്തിലെ മുന്‍ ബ്രഹ്മചാരിയായിരുന്ന അനില്‍ എന്നയൊരാളായിരുന്നു മര്‍ദ്ദനത്തിനു നേതൃത്വം നല്‍കിയത്. മുഖത്തടിച്ചാല്‍ മറ്റുള്ളവര്‍ കാണും എന്ന് പറഞ്ഞ് മുഖം ഒഴിവാക്കിയായിരുന്നു തല്ലല്‍.

രാവിലേ ഒന്‍പത് മണിമുതല്‍ ബോധം മറയുവോളം തല്ലിയ അയാളെ ആള്‍ക്കാര്‍ അറിയാതെയിരിക്കാന്‍ ചവറിടുന്ന മുറിയില്‍ പൂട്ടിയിട്ടു. പതിവിനു വിപരീതമായി ലിസുവിനെ കാണാതായെന്ന് മനസ്സിലാക്കിയ സമരക്കാര്‍ പോലീസില്‍ വിവരമറിയിച്ചു. ചേരാനല്ലൂര്‍ പോലീസ് അന്വേഷണത്തിനെത്തിയപ്പോള്‍ സ്വാമിമാരുടെ സംഘം പോലീസിനെ അകത്തുപ്രവേശിപ്പിക്കാതെ തടഞ്ഞു. ഒടുവില്‍ ഹൈബീ ഈഡനും പീ രാജീവുമെത്തിയപ്പോഴാണ് ഇങ്ങനെയൊരാളെ ആശുപത്രിക്കുള്ളില്‍ പൂട്ടിയിട്ടിട്ടുണ്ടെന്ന് മാനേജ്മെന്റ് സമ്മതിച്ചത്. അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സുനില്‍ ജേക്കബാണ് ആശുപത്രിക്കകത്ത് കയറി മാലിന്യപ്പുരയില്‍ നിന്ന് ലിസുവിനെ മോചിപ്പിച്ചത്. മൂന്നു ദിവസത്തോളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ സര്‍ജിക്കല്‍ ഐ സീ യൂവില്‍ കിടന്ന ലിസുവിനെ ഇന്നലെയാണ് (ഡിസംബര്‍ 14) സാധാരണ വാര്‍ഡിലേക്ക് മാറ്റിയത്.

അമൃതയില്‍ കാഷ്വാല്‍റ്റിയുടെ മുന്നിലും പ്രധാനവാതിലിനു മുന്നിലും തണലുള്ളയിടങ്ങളില്‍ സമരക്കാര്‍ ഇരിക്കാതെയിരിക്കാന്‍, ആശ്രമത്തിന്റേയും ആശുപത്രിയുടേയും എല്ലാ വണ്ടികളും കൊണ്ടുവന്ന് നിരത്തിയിട്ടു. പക്ഷേ സമരത്തിലുള്‍പ്പെട്ട എല്ലാവരും പൊരിവെയിലത്ത് നിരന്നിരുന്ന് അവരുടെ അവകാശങ്ങള്‍ക്കായി പൊരുതി.

ഇത്തരമൊരു സമരത്തിന് എല്ലാ ഭാഗത്തുനിന്നും പിന്തുണ ഉണ്ടായി. അമൃതാ ആശുപത്രി നില്‍ക്കുന്ന പോണേക്കര നിവാസികള്‍, ആട്ടോത്തൊഴിലാളിയൂണിയന്‍ എന്നിവരൊക്കെ സമരം ചെയ്യുന്നവര്‍ക്കായി വെള്ളവും ഭക്ഷണവുമെത്തിയ്ക്കാനും അവരുടെ കാര്യങ്ങള്‍ നോക്കുവാനും മുന്‍പന്തിയിലുണ്ടായിരുന്നു. പ്രമുഖ തൊഴിലാളി സംഘടനകളിലും വര്‍ഗ്ഗ ബഹുജന സംഘടനകളിലും ഉള്‍പ്പെട്ട ഒരുപാടുപേര്‍ ഇവര്‍ക്ക് പിന്തുണയുമായെത്തി. മുഖ്യധാരാ മാധ്യമങ്ങള്‍ ആദ്യമൊക്കെ സമരത്തെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യാതെ തങ്ങളുടെ വലിയൊരു പരസ്യവരുമാനമായ അമൃതാ ഇന്‍‌കോര്‍പ്പറെഷനോട് കൂറുകാട്ടിയെങ്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയായിലും ദേശാഭിമാനിയിലും മറ്റും വന്ന വാര്‍ത്തകളെ തമസ്കരിയ്ക്കാന്‍ അവര്‍ക്കും കഴിഞ്ഞില്ല.

അമൃതയില്‍ ഓപ്പറെഷന്‍ തീയറ്ററിലും മറ്റ് അത്യാഹിത വിഭാഗങ്ങളിലും ജോലി ചെയ്തുകൊണ്ടിരുന്ന നേഴ്സുമാര്‍ മിന്നല്‍ പണിമുടക്ക് നടത്തി രോഗികളുടെ ജീവന്‍ അപകടത്തിലാക്കിയെന്നായി അമൃതയുടെ പുതിയ കള്ളപ്രചാരണം. ഓപ്പറെഷന്‍ തീയറ്ററില്‍ ജോലി ചെയ്യുന്ന ഒരു ഡോക്ടര്‍ തന്നെ അറിയിച്ചതു വച്ച് അവിടെ ഒരൊറ്റ നേഴ്സ് പോലും ഓപ്പറെഷന്‍ തീയറ്ററില്‍ നിന്ന് ജോലി നിര്‍ത്തി പോയിട്ടില്ല. തീയറ്റര്‍ ഡ്യൂട്ടിക്കിടെ നിന്ന് സര്‍ജറിയില്‍ ഇല്ലാത്ത നേഴ്സുമാര്‍ പണിമുടക്കിയെങ്കിലും ട്രാന്‍സ്പ്ലാന്റ് ഉള്‍പ്പെടെയുള്ള സര്‍ജറിക്കിടെ അത് ചെയ്തുകൊണ്ടിരുന്ന എല്ല നേഴ്സുമാരും അത് പൂര്‍ത്തിയാക്കിയിട്ടു തന്നെയാണ് പണിമുടക്കിലേര്‍പ്പെട്ടത്. സര്‍ജറി നിര്‍ത്തിവച്ച് സമരം ചെയ്തു എന്ന് പ്രചാരണമഴിച്ചുവിടുന്നതിലെ തന്നെ ഹൃദയശൂന്യത പേടിപ്പിയ്ക്കത്തക്കതാണ്.

പല ഡിപ്പാര്‍ട്ട്മെന്റ് തലവന്മാരും ഉള്‍പ്പെടെ മിക്ക ഡോക്ടര്‍മാരും ഈ സമരത്തിനേയും ആവശ്യങ്ങളേയും അനുകൂലിച്ചാണ് വിളിച്ചുകൂട്ടിയ മീറ്റിങ്ങുകളില്‍ സംസാരിച്ചത്. അപ്പോഴും മഠത്തിന്റെ ഭാരവാഹികളും മറ്റുമുള്‍പ്പെടുന്ന മാനേജ്മെന്റ് ഒരു കാരണവശാലും നേതാക്കളെ തല്ലിതലപൊട്ടിച്ചതും കാലൊടിച്ചതും ഒരാളെ മരണാസന്നനാക്കി മര്‍ദ്ദിച്ച് പൂട്ടിയിട്ടതും തെറ്റെന്ന് സമ്മതിക്കുകയോ നേഴ്സുമാര്‍ ഉയര്‍ത്തുന്ന കാര്യങ്ങളെ കണ്ടെന്നു പോലും നടിക്കുകയോ ചെയ്യാത്തതു കൊണ്ടാണ് സമരം നീണ്ടത്. അപ്പോള്‍ സമരം നീണ്ടതിനുള്ള ഉത്തരവാദിത്തവും മറ്റും നേഴ്സുമാരുടെ തലയില്‍ എങ്ങനെ കെട്ടിവയ്ക്കും?

"ആദ്യം മുതലേ തന്നെ അമൃതാ മഠത്തിന്റെ പദ്ധതി വളരെ വ്യക്തമായിരുന്നു. ഈ സമരത്തെ ഹിന്ദുമതത്തിന്റേതായ ഒരു സ്ഥാപനത്തെ അടിച്ചമര്‍ത്താന്‍ അതിനെതിരായ കുറേപ്പേര്‍ ചേര്‍ന്ന് നടത്തുന്ന സമരമായി ചിത്രീകരിയ്ക്കുകയായിരുന്നു മഠത്തിനു വേണ്ടിയിരുന്നത്. അതുവഴി ഉണ്ടാകുന്ന ഒരു മൃദു ഹിന്ദു വര്‍ഗീയതയുടെ പക്ഷംചേരല്‍ തങ്ങള്‍ക്കു വേണ്ടി ഉണ്ടാകുമെന്ന് അവര്‍ കണക്കുകൂട്ടിയിരിയ്ക്കണം. സാധാരണ ആരും കാവി മുണ്ട് ധരിയ്ക്കാത്ത അമൃതാ കാമ്പസിനകത്ത് കാവിമുണ്ട് ധരിച്ചെത്തിയവര്‍ ആണ് ആദ്യം നേഴ്സിങ്ങ് നേതാക്കളെ തല്ലിയത്. അത് മനഃപൂര്‍വമായുള്ള ഒരു നീക്കമായിരുന്നുവെന്നു വേണം കരുതാന്‍. (കാവി ഹൈറാര്‍ക്കിയല്‍ ആയുള്ള ഒരു വേഷമാണ് അമൃതയില്‍. വളരെ ഉയര്‍ന്ന സന്യാസികള്‍ മാത്രമേ കാവിയുടുക്കാവൂ. അല്ലാത്തവര്‍ക്ക് വെള്ള വസ്ത്രമാണ് വേഷം.)" സമരം തുടങ്ങിക്കഴിഞ്ഞ് നേഴ്സുമാര്‍ മുന്നോട്ട് വച്ച ആവശ്യങ്ങളില്‍ ആശുപത്രിയിലേയും ഐ സീ യൂ വിലേയും നേഴ്സ് രോഗി അനുപാതം കൂട്ടുക, നേഴ്സുമാരുടെ ജോലിഭാരം കുറയ്ക്കുക എന്നതുള്‍പ്പെടെയുള്ള വിഷയങ്ങളുണ്ട്. അമൃതയില്‍ തന്നെ ജോലിചെയ്തിരുന്ന ഒരു നേഴ്സ് അറിയിച്ചതുപ്രകാരം ഐ സീ യൂ വിലും മറ്റും ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാല്‍ നേഴ്സുമാര്‍ക്ക് നിന്നുതിരിയാന്‍ സമയമില്ലായിരുന്നു. ആവശ്യത്തിനു ജീവനക്കാരില്ലാത്തതു കൊണ്ടും ഉള്ളവര്‍ക്ക് അത്യാവശ്യം ഗുണപരമായി രോഗചികിത്സ ചെയ്യുവാന്‍ വേണ്ട സമയമില്ലാത്തതു കൊണ്ടും ഐ സീ യൂവിലും മറ്റും പകര്‍ച്ചവ്യാധികള്‍ പടരുന്നതും മറ്റും കൂടുതലായിരുന്നു. രോഗികള്‍ക്ക് വേണ്ടിക്കൂടെയാണ് അവര്‍ സമരം നടത്തിയതെന്ന് സാരം.

സമരം പൊളിയ്ക്കാനായി വള്ളിക്കാവില്‍ നിന്ന് ഇറക്കുമതി ചെയ്ത വെള്ളക്കാരേയും മറ്റും കൊണ്ട് രക്തം എടുക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യിക്കാന്‍ മാനേജ്മെന്റ് ശ്രമിച്ചു. ആവശ്യമായ യാതൊരു പരിശീലനവുമില്ലാത്ത ആശ്രമത്തിലെ അന്തേവാസികള്‍ നേഴ്സുമാരുടെ ജോലി ചെയ്യാന്‍ തുടങ്ങി. വെള്ളക്കാരെ കാണുമ്പോ സാധാരണ കേരളീയന്റെ വിധേയത്തമനോഭാവം പുറത്തുവരും എന്ന് വിചാരിച്ചായിരിയ്ക്കണം ആശ്രമം ഇങ്ങനെയൊരു നീക്കത്തിനു മുതിര്‍ന്നത്. സമരം ചെയ്യാത്തവര്‍ക്ക് കാന്റീനില്‍ ഭക്ഷണം സൌജന്യമായി കൊടുത്തെന്നും, മറ്റു ജീവനക്കാര്‍ ജോലിചെയ്തെങ്കിലും, മിക്കവരും ‘ഈ എച്ചില്‍ തിന്നാന്‍ ഞങ്ങളെക്കിട്ടില്ല‘ എന്ന് പരസ്യമായി പ്രഖ്യാപിച്ച് മാറിനിന്നെന്നും അറിഞ്ഞു.

ഫാര്‍മസിസ്റ്റുകളുള്‍പ്പെടെയുള്ള മറ്റു ജീവനക്കാരും സമരം ചെയ്യാന്‍ തയാറെടുക്കുന്നെന്ന് കണ്ടാണ് അവസാനം മാനേജ്മെന്റ് ചര്‍ച്ചക്ക് തന്നെ തയ്യാറായത്.

ആദ്യം മുതലേ തന്നെ അമൃതാ മഠത്തിന്റെ പദ്ധതി വളരെ വ്യക്തമായിരുന്നു. ഈ സമരത്തെ ഹിന്ദുമതത്തിന്റേതായ ഒരു സ്ഥാപനത്തെ അടിച്ചമര്‍ത്താന്‍ അതിനെതിരായ കുറേപ്പേര്‍ ചേര്‍ന്ന് നടത്തുന്ന സമരമായി ചിത്രീകരിയ്ക്കുകയായിരുന്നു മഠത്തിനു വേണ്ടിയിരുന്നത്. അതുവഴി ഉണ്ടാകുന്ന ഒരു മൃദു ഹിന്ദു വര്‍ഗീയതയുടെ പക്ഷംചേരല്‍ തങ്ങള്‍ക്കു വേണ്ടി ഉണ്ടാകുമെന്ന് അവര്‍ കണക്കുകൂട്ടിയിരിയ്ക്കണം. സാധാരണ ആരും കാവി മുണ്ട് ധരിയ്ക്കാത്ത അമൃതാ കാമ്പസിനകത്ത് കാവിമുണ്ട് ധരിച്ചെത്തിയവര്‍ ആണ് ആദ്യം നേഴ്സിങ്ങ് നേതാക്കളെ തല്ലിയത്. അത് മനഃപൂര്‍വമായുള്ള ഒരു നീക്കമായിരുന്നുവെന്നു വേണം കരുതാന്‍. (കാവി ഹൈറാര്‍ക്കിയല്‍ ആയുള്ള ഒരു വേഷമാണ് അമൃതയില്‍. വളരെ ഉയര്‍ന്ന സന്യാസികള്‍ മാത്രമേ കാവിയുടുക്കാവൂ. അല്ലാത്തവര്‍ക്ക് വെള്ള വസ്ത്രമാണ് വേഷം.)

കാവി ധരിച്ചവര്‍ തങ്ങളെ ആക്രമിച്ചു എന്ന വാര്‍ത്ത പുറത്തെത്തേണ്ടിയിരുന്നത് മാനേജ്മെന്റിന്റെ ആവശ്യമായിരുന്നിരിയ്ക്കണം. പിറ്റേന്ന് ചില ഗുണ്ടകളെ ചേര്‍ത്ത് നേഴ്സുമാര്‍ക്കെതിരേ നടത്തിയ പ്രകടനവും ആക്രമണവും സംഘപരിവാര്‍ മുദ്രാവാക്യങ്ങള്‍ ഉപയോഗിച്ചായിരുന്നു. (ബോലോ ഭാരത് മാതാ കീ ജയ് എന്നത് ഇന്ന് സംഘപരിവാരം ഹൈജാക്ക് ചെയ്ത മുദ്രാവാക്യങ്ങളിലൊന്നാണല്ലോ). ആദ്യം ഈ വാര്‍ത്ത പുറത്തുവന്ന ഒരു മുഖ്യധാരാ പത്രത്തില്‍ "നേഴ്സിങ്ങ് സമരത്തെ അനുകൂലിച്ച് എത്തിയ ഏ ബി വി പി ക്കാര്‍ അമൃതയില്‍ സംഘര്‍ഷമുണ്ടാക്കി, അവരെ പോലീസ് വിരട്ടി" എന്നതായിരുന്നു എന്നതും കള്ള വാര്‍ത്തകള്‍ തിരുകിക്കയറ്റി ജനങ്ങളില്‍ സംശയമുണ്ടാക്കാനുള്ള നടപടിയെന്നു വേണം കരുതാന്‍. ഓണ്‍ലൈന്‍ എഡിഷനിലെ ഈ വാര്‍ത്ത സത്യം പുറത്തുവന്ന ശേഷം ആ പത്രം പിന്നീട് തിരുത്തി.

പ്രത്യക്ഷമായി ഒരു സംഘപരിവാര്‍ സംഘടനയും അനുകൂലിച്ചോ പ്രതികൂലിച്ചോ രംഗത്തുവന്നതുമില്ല. ലിസു മാത്യുവിനെ തല്ലിയപ്പോഴും ജാതിമതമൊക്കെ ചേര്‍ത്ത് ചീത്ത വിളിച്ചുകൊണ്ടായിരുന്നു അടിച്ചത്. അപ്പോഴെങ്കിലും പ്രത്യക്ഷമായി ഒരു ജാതിമതാടിസ്ഥാനത്തിലുള്ള ധ്രുവീകരണം അമൃതാ മാനേജ്മെന്റ് പ്രതീക്ഷിച്ചു. പക്ഷേ ഭാഗ്യത്തിന് കേരളജനതയില്‍ നിന്ന് അങ്ങനെയൊന്നുണ്ടായില്ല. അനുകൂലിച്ചോ പ്രതികൂലിച്ചോ ജാതിമതാടിസ്ഥാനത്തില്‍ അമൃതാ മാനേജ്മെന്റിന്റെ പിണിയാളുകളല്ലാതെ യാതൊന്നും പറഞ്ഞില്ല. സമരക്കാരില്‍ എല്ലാ ജാതിയിലും മതത്തിലും പെട്ടവരുണ്ടെന്ന് കേരളീയര്‍ക്ക് മനസ്സിലായി.

ഭാഗ്യത്തിന് മുഖ്യധാരാ മാധ്യമങ്ങള്‍ അവര്‍ക്ക് പരസ്യം നല്‍കുന്ന അമൃതാ മാനേജ്മെന്റിനെ പിണക്കാതെ തന്ത്രപരമായി മൌനം പാലിച്ചത് സമരത്തിന് ഒരു രീതിയില്‍ ഗുണം ചെയ്തു എന്നു വേണം കരുതാന്‍. സെന്‍സേഷണലൈസ് ചെയ്യാന്‍ നാലുപേരില്‍ ഒരാളുടെ പേരു മാറ്റി വാര്‍ത്തയടിച്ചാല്‍ മാത്രം മതിയല്ലോ. എം പീയും മുന്‍ എം പീയും എം എല്‍ ഏ യും തൊഴിലാളി നേതാക്കളും പോലീസും ഒക്കെ മുഴുവന്‍ സമയവും രംഗത്തെത്തിയതും ഇങ്ങനെയൊരു പ്രചാരണത്തിനു കഴിയാതെയാക്കി.

ഒടുവില്‍ മാനേജ്മെന്റ് ചര്‍ച്ചയ്ക്ക് തയ്യാറായി. നേഴ്സുമാരുടെ ആവശ്യങ്ങള്‍ തത്വത്തില്‍ മാനേജ്മെന്റ് അംഗീകരിച്ചു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാമെന്നും സമരം ചെയ്തവര്‍ക്കെതിരേ നടപടിയുണ്ടാകില്ല എന്നും നേഴ്സുമാരുടെ ശമ്പളപരിഷ്കരണത്തെപ്പറ്റി ആലോചിക്കാന്‍ സമതിയുണ്ടാക്കാമെന്നും മറ്റും മാനേജ്മെന്റ് സമ്മതിച്ചു.

പക്ഷേ എത്രത്തോളം അമൃതാമാനേജ്മെന്റ് ഈ തീരുമാനങ്ങള്‍ നടപ്പിലാക്കും എന്ന് കണ്ടറിയേണ്ടതാണ്. നേഴ്സുമാരുടെ സമരം തീര്‍ന്നയന്നുതന്നെ നേഴ്സിങ്ങ് വിദ്യാര്‍ത്ഥികളേയും സമരത്തിലേയ്ക്ക് തള്ളിവിടാന്‍ മാനേജ്മെന്റിനു കഴിഞ്ഞു എന്നതുതന്നെ ഒരു സൂചനയായി മനസ്സിലാക്കേണ്ടതാണ്. മാനേജ്മെന്റിന്റെ ഭാഗമായ ചിലര്‍ നേഴ്സിങ്ങ് വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയതുകാരണമാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

തങ്ങള്‍ക്കെതിരേ പ്രവര്‍ത്തിയ്ക്കുന്നവരെ ഇത്തരം സ്ഥാപനങ്ങള്‍ എങ്ങനെയാണ് അടിച്ചൊതുക്കുന്നത് എന്നതിന്റെ തെളിവാണ് ഇവിടെ അമൃതയില്‍ നടന്നത്. കൊല്ലം ശങ്കേഴ്സിലും ഇതുപോലെ തന്നെ വെള്ളാപ്പള്ളി നടേശന്റെ മാനേജ്മെന്റ് കൊട്ടേഷന്‍ സംഘത്തെ വച്ച് നേഴ്സുമാരെ തല്ലുകയുണ്ടായി. പരസ്യമായി വീഡിയോ കാമറകള്‍ക്കു മുന്നില്‍ കേരളത്തിന്റെ നെഞ്ചത്ത് വച്ച് നടത്തിയ ഇത്തരം ആക്രമണങ്ങളെ നേരിടേണ്ടത് ഓരോ കേരളീയന്റേയും ചുമതലയാണ്.

നേഴ്സുമാരില്‍ കൂടുതലും സ്ത്രീകളാണ് എന്ന് പറയേണ്ടതില്ല. സ്ത്രീകള്‍ കൂടുതലുള്ള തൊഴില്‍ രംഗം ആയതുകൊണ്ട് മാത്രമാണ് ഇതുവരെ അവര്‍ എല്ലായിടത്തും അവഗണന അനുഭവിച്ചതും. സ്ത്രീ ഭൂരിപക്ഷത്തെ ആക്രമണങ്ങളുപയോഗിച്ച് പേടിപ്പിച്ചൊതുക്കാം എന്ന തെറ്റിദ്ധാരണ കൊണ്ടാവണം ഇപ്പോഴുള്ള ഈ വ്യാപകമായ ആക്രമണങ്ങള്‍. എല്ലാ രംഗങ്ങളിലും സ്ത്രീ തന്റെ സ്വത്വം അറിഞ്ഞ് ഉയര്‍ത്തെഴുനേല്‍ക്കുമ്പോള്‍ നേഴ്സിങ്ങ് രംഗത്തും അതുണ്ടാവാതെ തരമില്ലല്ലോ.

അമൃതയിലെന്നല്ല കേരളത്തിലെ മിക്ക സ്വകാര്യ ആശുപത്രികളിലും നേഴ്സുമാരുടെ കാര്യം ഇങ്ങനെയൊക്കെത്തന്നെയാണ്. ഗുണ്ടാ സംഘങ്ങള്‍ അരങ്ങുവാഴുന്ന മുംബൈയിലും ഡല്‍ഹിയിലും മറ്റും നേഴ്സുമാര്‍ക്കെതിരേ നടക്കാത്ത ആക്രമണങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. എല്ലാം കൊണ്ടും മറ്റു സംസ്ഥാനങ്ങളേക്കാള്‍ സാമൂഹ്യനീതി ഇവിടെയുണ്ട് എന്ന് വിചാരിയ്ക്കുന്ന കേരളീയന്റെ സ്വകാര്യ അഹംകാരത്തിനെ ഈ ആക്രമണങ്ങള്‍ ചോദ്യം ചെയ്യുന്നു. മാടമ്പിമാരും ജാതിമതക്കോമരങ്ങളും നിറഞ്ഞ പഴയ ഭ്രാന്താലയത്തിലേക്ക് ഇനി അധികം ദൂരമില്ലെന്ന് ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകട്ടെ ഈ സമരങ്ങള്‍ക്കു നേരേയുണ്ടായ അതിക്രമങ്ങള്‍.


കാളിയമ്പി
(ലേഖകന്‍ മുമ്പു് അമൃത ആശുപത്രിയില്‍ ജോലിചെയ്തിട്ടുണ്ടു്)

പണിയില്ലെന്ന് പറയല്ലേ... നഗരം പണി തരും

മാക്സിമം സിറ്റി - ബോംബെയുടെ വിളിപ്പേരാണത്.

സ്വപ്‌നങ്ങളും ദുഃഖങ്ങളും കമ്പോളത്തിലും കരിഞ്ചന്തയിലും വാങ്ങാന്‍ കിട്ടുന്ന മഹാനഗരം കാലത്തെ അതിന്റെ പഴുതുകളിലൂടെ അതിജീവിച്ച്‌ നില്‍ക്കുന്നു. നവിമുംബൈയില്‍ അത് നഗരാസൂത്രണത്തിന്റെ എഞ്ചിനീയറിങ് വൈദഗ്ദ്ധ്യവും പേറി ഇന്ത്യയിലെ ഏറ്റവും മനോഹരമായ റെയില്‍വേ സ്റ്റേഷനുകളെയും വഹിച്ച് നിലകൊള്ളുന്നു; നരിമാന്‍ പോയിന്റില്‍ മനുഷ്യനെ ചെറുതാക്കിക്കളയുകയും കടലിലേക്കുനോക്കി ഊറ്റംകൊള്ളുകയും ചെയ്യുന്ന അംബരചുംബികളായി ആകാശംതൊടുന്നു; ദലാല്‍ സ്‌ട്രീറ്റില്‍ കോര്‍പ്പറേറ്റ് ഇന്ത്യയുടെ മോഹവസന്തമായി മിടിക്കുന്നു; ഘടില്‍ക്കര്‍ മാര്‍ഗ്ഗില്‍ മറാത്ത്‌വാഡാ രാഷ്ട്രീയത്തെ എക്കാലത്തേക്കും മതലഹരിയില്‍ കുടുക്കിയിട്ട 1893ലെ ആദ്യ ഗണേശോത്സവഘോഷമായി ഗണപതിബാപ്പാ മോറിയ പാടുന്നു; ആര്‍തര്‍ റോഡില്‍ കോട്ടണ്‍മില്‍ തൊഴിലാളികളുടെ ഐതിഹാസിക സമരങ്ങളെ ഓര്‍മ്മകളിലേക്കു പിന്തള്ളി 'തീവ്രവാദ'ക്കേസുകളിലെ പ്രതികളുടെ വിചാരണത്താവളമായി ഒരു ജയില്‍ പല്ലിളിച്ചുനില്‍ക്കുന്നു; യന്ത്രത്തറികളുടെ മുരള്‍ച്ചയെ എഫ്എസ്ഐ കൊണ്ടുമൂടിയ പഴയ മില്‍നിലങ്ങള്‍ സൂക്കുകള്‍ക്ക് വഴിമാറുന്നു, കണ്ണെത്താതെ കിടക്കുന്ന ഉപ്പുപാടങ്ങള്‍ ശിവാജിനഗറുകള്‍ക്കു തറയൊരുക്കുന്നു; നഗരവേഗതയുടെ സ്വപ്നങ്ങള്‍ ബാന്ദ്ര - വര്‍ളി സീ ലിങ്കിലൂടെ ഇഴഞ്ഞുനീങ്ങുന്നു; സബര്‍ബനുകളില്‍ നിലയ്‌ക്കാത്തൊരു ചൂളംവിളിയായി പാഞ്ഞുപൊയ്‌ക്കൊണ്ടേയിരിക്കുന്നു...

ഇവിടെ മുംബൈ അക്ഷരങ്ങളില്‍ വരയ്‌ക്കപ്പെടുകയാണ്‌. മഹാനഗരത്തിന്റെ ഡയറിയെന്നു തോന്നിപ്പിക്കുന്നൊരു എഴുത്താണിത്‌. കറുത്ത ഒറ്റക്കുപ്പായവും മഞ്ഞതലേക്കെട്ടും കെട്ടി, മുരങ്ങിക്കൊണ്ടോടുന്ന, ലോകപ്രസിദ്ധമായ അതേ മുംബൈ ടാക്‌സിയില്‍ ഒരു യാത്ര. മുംബൈ മാനഗരത്തിന്റെ ഒരു കൊച്ചുപ്രാന്തത്തില്‍ - വെസ്റ്റേണ്‍ ലൈനിലെ വസായ് റോഡില്‍ വാഴ്‌വും വാസവുമാക്കിയ മലയാളി പത്രപ്രവര്‍ത്തകന്‍ റോയ് അഗസ്റ്റിന്‍ ആണ്‌ ഈ ടാക്‌സി ഓട്ടുന്നത്‌. ന്യൂയോര്‍ക്കില്‍ നിന്നു വന്ന് കളഞ്ഞുപോയതും വീണ്ടുകിട്ടിയതുമായ ബോംബെ നഗരത്തെ മാക്സിമം സിറ്റിയെന്നു വിശേഷിപ്പിച്ച സുകേതു മേഹ്തയുടെ പുസ്തകത്തിന്റെ സ്വാധീനത്തില്‍ ഈ കോളത്തിന് ഞങ്ങള്‍ മാക്സിമം സിറ്റി എന്നുപേരിടുന്നു. നഗരകേന്ദ്രിതമായ കുറിപ്പുകളാവും ഇവിടെ ആഴ്ചയിലൊരിക്കല്‍ പ്രത്യക്ഷപ്പെടുക. വരൂ...നരിമാന്‍ പോയിന്റും ജൂഹു ബീച്ചും സ്റ്റോക്ക്‌ മാര്‍ക്കറ്റും ഛത്രപതിയുടെ പ്രച്ഛന്നവേഷം കെട്ടി സമ്മാനം നേടിയ വിക്‌ടോറിയ ടെര്‍മിനസും ബാന്ദ്ര-കുര്‍ള കോംപ്ലക്സും ഒക്കെ കണ്ടുകണ്ടുള്ള ഒരു ടാക്‌സി യാത്രയ്‌ക്ക്‌. വരൂ... ഈ ടാക്‌സിയിലേക്ക്‌ സ്വാഗതം...

ലേഖനത്തിലേക്ക്:

ഏതു പരിണാമത്തെയും അതിജീവിച്ചു മുന്നേറുന്ന നഗരമാണ് മുംബയ്‌. ടെക്നോളജിയോ ഫാഷനോ മാധ്യമരംഗമോ ഏതുമാകട്ടെ മാറ്റത്തിന്റെ കാറ്റ്‌ വീശിതുടങ്ങുക മുംബയില്‍ നിന്നാണ്. പുതിയ സേവനമേഖലകള്‍ കണ്ടെത്തി അതിനു ബില്ലിട്ടു നല്‍കാന്‍ കഴിയും എന്നതാണ് ഈ മഹാനഗരത്തിലെ പ്രത്യേകത. വാങ്ങാനും വില നല്‍കാനും ആളുണ്ടെങ്കില്‍ പിന്നെ എന്ത് പ്രശ്നം?

കുട്ടികള്‍ക്ക് ഹോംവര്‍ക്ക്‌ ചെയ്തു കൊടുക്കുന്ന സ്ഥാപനങ്ങള്‍ നടത്തുന്നവരെ മുംബയില്‍ കാണാം. അതിശയിക്കേണ്ട, ഇതും ഒരു തരത്തിലുള്ള ഔട്ട്സോഴ്സിംഗ് ആണ്. തീര്‍ത്താല്‍ തീരാത്ത ഹോംവര്‍ക്കുകളും മറ്റു പ്രൊജക്റ്റുകളും അമിതഭാരമാകുമ്പോള്‍ രക്ഷിതാക്കളെ സഹായിക്കുന്ന സ്ഥാപനങ്ങള്‍. കുറച്ചു കാശു പോയാല്‍ എന്താ? ഗുണം മെച്ചം. സാധാരണ കുട്ടികളെ ഹോംവര്‍ക്ക്കളിലും പ്രൊജെക്റ്റുകളിലും സഹായിക്കുക എന്നത് രക്ഷിതാക്കളുടെ തലവേദനയാണല്ലോ. ഔട്ട്സോഴ്സിംഗ് നടത്തിയാല്‍ ഈ പൊല്ലാപ്പില്ല. അവധിദിവസങ്ങള്‍ നിങ്ങള്‍ക്ക് മക്കള്‍ക്കൊത്ത് സന്തോഷിക്കാം. ഔട്ട്സോഴ്സിംഗ് എന്നാല്‍ സായിപ്പിന്റെ ജോലി ഇന്ത്യയില്‍ ഇരുന്നു ചെയ്യുക മാത്രമല്ല എന്ന് ഇവര്‍ തെളിയിക്കുന്നു.

റേഡിയോ കേള്‍ക്കുന്നതിനു കാശുകിട്ടുമോ? ഇവിടെ കിട്ടും. റേഡിയോ ചാനലുകളില്‍ വരുന്ന പരസ്യങ്ങള്‍ നോട്ട് ചെയ്യുന്നതിനാണ് ശമ്പളം. വലിയ കമ്പനികള്‍ കാണുന്ന മാധ്യമങ്ങളിലെല്ലാം അവരുടെ ഉല്‍പ്പന്നങ്ങളുടെ പരസ്യം കൊടുക്കുന്നു. ഇത് വന്നോ ഇല്ലയോ എന്ന് അറിയാന്‍ എന്താണ് വഴി? മുംബയിലുള്ള സ്ഥാപനങ്ങള്‍ക്ക് ഔട്ട്സോഴ്സ് ചെയ്താല്‍ മതി. അവരുടെ ജീവനക്കാര്‍ പത്രവും ടിവിയും റേഡിയോയും നോക്കി എത്ര തവണ പരസ്യം വന്നുവെന്നു കുറിച്ചിടും. ഈ സേവനത്തിനും കാശ്.

പത്രത്തില്‍ സ്വന്തം പേരടിച്ചു കാണുക എന്നത് എല്ലാ രാഷ്ട്രീയനേതാക്കളുടെയും ആഗ്രഹമാണ്. പിന്നെ പേര് വന്നോ എന്ന് സകലപത്രങ്ങളിലും തിരയണം. ഇനി ടിവിക്കാര്‍ തങ്ങളെ വേണ്ടവിധം പരിഗണിച്ചോ എന്നറിയാന്‍ സകലചാനലുകളും കാണാന്‍ മെനക്കെടണം. ഔട്ട്സോഴ്സ് ചെയ്താല്‍ ഈ പ്രശ്നങ്ങള്‍ ഒന്നുമില്ല. മീഡിയ മോണിറ്ററിംഗ് സ്ഥാപനങ്ങള്‍ വിശദമായ റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് നല്‍കും. നേതാവിന് സ്വന്തം മൈലേജ് അറിയാന്‍ എത്ര എളുപ്പം.

ഓര്‍ക്കേണ്ട കാര്യം ഇതാണ്. ഇവിടെ ജോലി ചെയ്യുന്നവര്‍ പത്രം വായിക്കുന്നതിനും ടിവി കാണുന്നതിനും ഒക്കെയാണ് ശമ്പളം വാങ്ങിക്കുന്നത്.

ഇനി താഴോട്ടു വരാം കറന്‍റ് ബില്‍ അടയ്ക്കുന്നതിന്, ഗ്യാസ് ബുക്ക്‌ ചെയ്യുന്നതിന്, ഒക്കെ സേവനം നല്‍കാന്‍ ആളുകളും സ്ഥാപനങ്ങളും ഉണ്ടിവിടെ. ഇത് അലസത കാരണമാണെന്ന് ധരിക്കേണ്ട. സമയത്തിനാണ് വില എന്ന് മനസ്സിലാക്കുന്ന ഒരു സമൂഹം അത് പിശുക്കിയെ ചെലവാക്കൂ എന്നതാണ് കാര്യം. ചോറും പൊതിയുമായി അമ്മ എന്തിനു വരണം ടിഫിന്‍ സര്‍വീസുകാര്‍ അത് ചെയ്തു കൊള്ളും. കുട്ടികളെ നോക്കാന്‍ ഡേകെയെര്‍ സെന്‍റ്റുകള്‍.

മുംബയ്‌ ഫോര്‍ട്ടിലുള്ള റിസേര്‍വ്ബാങ്കില്‍ ഒരു യന്ത്രം ഉണ്ട്. കറന്‍സിയ്ക്ക് പകരം നാണയം ലഭിക്കുന്ന യന്ത്രം. ഈ കോയിന്‍ വെന്റിങ് മെഷീന് മുന്‍പില്‍ രാവിലെ മുതല്‍ തിരക്കാണ്. സഞ്ചിയില്‍ നിറയെ നാണയങ്ങളുമായി മടങ്ങുന്നവര്‍ വ്യാപാരികള്‍ക്ക്‌ ഇത് സപ്ലൈ ചെയ്ത് ഒരു ന്യായമായ കമ്മീഷനും പറ്റുന്നു.

മേല്‍പ്പറഞ്ഞവയെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം. ജോലിയൊന്നും ആയില്ല എന്ന് പറയുന്നവരെ ഈ നഗരത്തില്‍ കാണില്ല. ഇവിടെ എല്ലാം ജോലിയാണ്. പണം കണക്കുപറഞ്ഞു വാങ്ങാവുന്ന ജോലി. ഒരു പണിയും ഇല്ലെങ്കില്‍ ഏതെങ്കിലും കവലയില്‍ ഇറങ്ങി നിന്നാല്‍ മതി. വാടകയ്ക്കോ വാങ്ങുവാന്‍ വേണ്ടിയോ ഫ്ലാറ്റ്‌ അന്വേഷിക്കുന്നവരെ കണ്ടേക്കും. അവര്‍ക്ക് ഇവിടെയുണ്ട് അവിടെയുണ്ട് എന്ന് പറഞ്ഞു കൊടുത്താല്‍ തന്നെ ഫ്ലാറ്റിന്റെ വില അനുസരിച്ച് അയ്യായിരമോ പതിനായിരമോ തടയും. ഇതൊക്കെ പോരെ!!!!

എന്തുകൊണ്ട് പെന്‍ഷന്‍ പ്രായം ഉയര്‍ത്തരുത്?

പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുളള സര്‍ക്കാര്‍ തീരുമാനം വന്നപ്പോള്‍, അതിനെ ന്യായീകരിച്ച് കൊണ്ട് രണ്ട് വാദങ്ങളാണ് പ്രധാനമായും ഉന്നയിക്കപ്പെട്ടത്. കേരളത്തിന് വെളിയില്‍ പല സംസ്ഥാനങ്ങളിലും പെന്‍ഷന്‍പ്രായം 58 ഉം 60 ഉം ഒക്കെയാണെന്നും എന്ത്കൊണ്ട് കേരളത്തില്‍ 56 പോലും അംഗീകരിക്കപ്പെടുന്നില്ലെന്നുമായിരുന്നു അതിലാദ്യത്തേത്. പ്രതിഷേധത്തിന്റെ മുന്‍പന്തിയില്‍ ഡി.വൈ.എഫ്.ഐ ആയതിനാല്‍ ബംഗാളിലേയും ത്രിപുരയിലേയും കാര്യം പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. 55 വയസ്സ് എന്നത് നല്ല ആരോഗ്യമുളള പ്രായമാണെന്നും ജീവനക്കാരുടെ നല്ല പ്രായത്തിലെ സേവനം ഒന്നോ രണ്ടോ വര്‍ഷം കൂടി സമൂഹത്തിന് ഉപയോഗപ്പെടുത്തിക്കൂടേ എന്നുമായിരുന്നു രണ്ടാമത്തെ ചോദ്യം. ഇതിന് ബലം നല്‍കാനായി, മുഖ്യമന്ത്രി തൊട്ട് പഞ്ചായത്ത് മെമ്പര്‍ വരെയുളളവര്‍ക്ക് എന്ത്കൊണ്ട് പ്രായപരിധി നിശ്ചയിക്കുന്നില്ല എന്ന ചോദ്യവും ഉന്നയിക്കപ്പെട്ടു.

മേല്‍പറഞ്ഞ പ്രധാനവാദങ്ങള്‍ക്ക് പുറമേ അനുബന്ധമായി വേറെ ചില കാര്യങ്ങളും പ്രചരിപ്പിക്കപ്പെട്ടു. പെന്‍ഷന്‍ ഏകീകരണം തൊട്ട്, ചില നേതാക്കളുടെ ഭാര്യമാര്‍ വിരമിക്കുന്നത് 58 വയസിലാണെന്ന വലിയ കണ്ടെത്തലുകളും അവയില്‍പ്പെടുന്നു. ചുരുക്കത്തില്‍, ബഹുതല സ്പര്‍ശിയായ ഒരു സാമൂഹ്യപ്രശ്നത്തെ അങ്ങേയറ്റം ലളിതവല്‍ക്കരിച്ച് അവതരിപ്പിക്കുക വഴി യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് കേരളം ഒരടി കൂടി പിറകോട്ട് നടന്നു എന്നതാണ്; ആര്‍പ്പുവിളികള്‍ക്കിടയില്‍ പലരും അത് ശ്രദ്ധിച്ച് കാണുകയില്ല എങ്കിലും.

"പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും യുവാക്കള്‍ക്കും ഇടയിലുളള ഒരു പ്രശ്നവിഷയമല്ല. ചിലര്‍ക്ക് സന്തോഷവും ചിലര്‍ക്ക് സങ്കടവും നല്‍കുന്ന ഒരു തീരുമാനം എന്ന നിലയ്ക്കല്ല അത് ചര്‍ച്ചചെയ്യപ്പെടേണ്ടത്, ഒരു സാമൂഹ്യപ്രശ്നം എന്ന നിലയ്ക്കാണ്." ഒരു സാമൂഹ്യ പ്രശ്നത്തെ മനസ്സിലാക്കാനുളള ഒരേയൊരു വഴി അതിനെ ചരിത്രവല്‍ക്കരിക്കുകയെന്നതാണ്. വഴിതെറ്റിപ്പോകുന്ന പല ചര്‍ച്ചകളുടേയും തുടക്കത്തില്‍ തന്നെ ഇക്കാര്യം ആവര്‍ത്തിച്ച് പറയേണ്ടത് കേരളത്തില്‍ ഇപ്പോള്‍ അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു.

എത്ര ഉള്‍ക്കാമ്പില്ലാത്തവയാണെങ്കിലും ഓരോ എതിര്‍വാദങ്ങളും അവധാനതയോടെ പരിശോധിക്കപ്പെടേണ്ടതുണ്ട്. അങ്ങിനെയുളള പരിശോധനയില്‍ ബോധ്യമാകുന്ന ചില കാര്യങ്ങള്‍ തീര്‍ച്ചയായും ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കപ്പെടേണ്ടതുമുണ്ട്.

ഒരു കാര്യം ആദ്യമേ പറയട്ടെ. പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും യുവാക്കള്‍ക്കും ഇടയിലുളള ഒരു പ്രശ്നവിഷയമല്ല. ചിലര്‍ക്ക് സന്തോഷവും ചിലര്‍ക്ക് സങ്കടവും നല്‍കുന്ന ഒരു തീരുമാനം എന്ന നിലയ്ക്കല്ല അത് ചര്‍ച്ചചെയ്യപ്പെടേണ്ടത്, ഒരു സാമൂഹ്യപ്രശ്നം എന്ന നിലയ്ക്കാണ്.

ഓരോ നാട്ടിലും സ്വീകരിക്കുന്ന വികസന തന്ത്രം ആ നാടിന്റെ സവിശേഷ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുളളതായിരിക്കും. ഒരിടത്ത് പരീക്ഷിച്ച് വിജയിച്ച ഒരു രീതി മറ്റൊരിടത്ത് അതേ പടി നടപ്പിലാക്കാനായി എന്ന് വരില്ല. അതായത്, തമിഴ്‌നാട്ടിലോ ബംഗാളിലോ പെന്‍ഷന്‍പ്രായം 58ഓ 60 ഓ ആണെന്നത് കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ പരാമര്‍ശവിധേയമാകേണ്ട കാര്യം തന്നെയല്ല. കാരണം കേരളത്തിലെ സ്ഥിതിഗതികള്‍ ബംഗാള്‍ ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിന്ന് തുലോം വ്യത്യസ്തമാണ്.

ആകെയുളള മൂന്നേകാല്‍ കോടി ജനങ്ങളില്‍ 50ലക്ഷത്തിലധികം പേര്‍ അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതരാണെന്നതാണ് ഇക്കാര്യത്തിലുളള കേരളത്തിന്റെ സവിശേഷത. ഇവര്‍ക്കെല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി ലഭിക്കണമെന്നല്ല പറഞ്ഞതിനര്‍ത്ഥം. പക്ഷേ നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ (ഇന്ത്യയിലെയും) ഏറ്റവും വലിയ തൊഴില്‍ ദാതാവ് സര്‍ക്കാര്‍തന്നെയാണെന്ന കാര്യം വിസ്മരിക്കരുത്. വിരമിക്കല്‍ പ്രായം ഒരു വര്‍ഷം കൂടി നീട്ടുന്നതിലൂടെ ഫലത്തില്‍ സംഭവിക്കുന്നത്, തൊഴില്‍ കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുമേല്‍ ഒരു വര്‍ഷത്തെയെങ്കിലും അപ്രഖ്യാപിത നിയമന നിരോധനം അടിച്ചേല്‍പ്പിക്കപ്പെടുന്നു എന്നതാണ്.

അതിനുളള പ്രതിവിധി പി.എസ്.സി പരീക്ഷ എഴുതാനുളള പ്രായപരിധി ഒരുവര്‍ഷം കൂടി നീട്ടലല്ല, ജോലി ലഭ്യമാകും എന്ന് ഉറപ്പ് വരുത്തല്‍ തന്നെയാണ്. ആ ഉറപ്പാണ് ഇപ്പോള്‍ ലംഘിക്കപ്പെടുന്നത്. അത്തരമൊരവസ്ഥയില്‍, തൊഴില്‍ രഹിതരായ യുവാക്കള്‍ സമൂഹം ആഗ്രഹിക്കാത്ത മറ്റ് മേഖലകളിലേക്ക് തിരിഞ്ഞുപോയാല്‍ അത്ഭുതപ്പെടാനില്ല. തീവ്രവാദപ്രവര്‍ത്തനങ്ങള്‍, പെണ്‍വാണിഭ-മണലെടുപ്പ് സംഘങ്ങള്‍ മറ്റ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെല്ലാം അടുത്ത കാലത്ത് അഭ്യസ്തവിദ്യരായ യുവാക്കളുടെ സാന്നിദ്ധ്യം ഏറുന്നത് ഈയൊരു പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. അതായത് പെന്‍ഷന്‍പ്രായം ഉയര്‍ത്തരുതെന്ന് പറയുന്നത് ഒരു വര്‍ഷത്തെക്കുറിച്ചുളള കേവലതര്‍ക്കം ഉന്നയിക്കലല്ല, അത് യുവാക്കളുടെ മാത്രം പ്രശ്നവുമല്ല എന്നര്‍ത്ഥം.

"പെന്‍ഷന്‍പ്രായം ഉയര്‍ത്തരുതെന്ന് പറയുന്നത് ഒരു വര്‍ഷത്തെക്കുറിച്ചുളള കേവലതര്‍ക്കം ഉന്നയിക്കലല്ല, അത് യുവാക്കളുടെ മാത്രം പ്രശ്നവുമല്ല. വിദ്യാഭ്യാസ മേഖല വലിയ പുരോഗതി നേടുകയും അതിനനുസരിച്ച് തൊഴില്‍ മേഖല വികസിക്കാതിരുന്നതുമാണ് കേരളത്തിന്റെ ഏറ്റവും വലിയ വികസനപ്രശ്നം. പുതിയ തൊഴിലവസരങ്ങളൊന്നും സൃഷ്ടിക്കപ്പെടാതിരിക്കുകയും ഇപ്പോഴത്തെ ജോലികളില്‍തന്നെ ഫലത്തില്‍ നിയമനനിരോധനം വരുന്നതും സമൂഹത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും. " വിദ്യാഭ്യാസ മേഖല വലിയ പുരോഗതി നേടുകയും അതിനനുസരിച്ച് തൊഴില്‍ മേഖല വികസിക്കാതിരുന്നതുമാണ് കേരളത്തിന്റെ ഏറ്റവും വലിയ വികസനപ്രശ്നം. തൊഴില്‍ ലഭ്യമാകേണ്ട വ്യവസായം, കൃഷി എന്നീ മേഖലകളില്‍ വലിയ മുരടിപ്പ് നേരിട്ടു. ആ രംഗങ്ങളിലെല്ലാം കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കിയ ചെറിയ നേട്ടങ്ങളെപ്പോലും തകിടം മറിക്കുന്ന നയങ്ങളാണ് യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത്. പുതിയ തൊഴിലവസരങ്ങളൊന്നും സൃഷ്ടിക്കപ്പെടാതിരിക്കുകയും ഇപ്പോഴത്തെ ജോലികളില്‍തന്നെ ഫലത്തില്‍ നിയമനനിരോധനം വരുന്നതും സമൂഹത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും. ഒരു വര്‍ഷം കൂടി തങ്ങള്‍ക്ക് ജോലി നീട്ടിക്കിട്ടിയെന്ന ചെറിയ സന്തോഷത്തില്‍ കഴിയുന്നവരെ കൂടി ബാധിക്കും വിധമാണ് മനുഷ്യന്റെ സാമൂഹ്യജീവിതാവസ്ഥ എന്ന് നല്ലത്പോലെ മനസിലാക്കണം.

ലോകത്തെല്ലായിടത്തും ആഗോളവല്‍ക്കരണ നയങ്ങളുടെ കാതല്‍, 'downsizing the government’ (സര്‍ക്കാരിന്റെ വലിപ്പം ചുരുക്കുക) എന്നതാണ്. ഗവണ്‍മെന്റിന്റെ വലിപ്പം കുറയ്ക്കുക എന്നാല്‍ മന്ത്രിസഭയുടെ വലിപ്പം കുറയ്ക്കുക എന്നല്ല അര്‍ത്ഥം. സര്‍ക്കാര്‍ എന്ന് പറയുന്നത് നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ പളളിക്കൂടങ്ങളും, താലൂക്ക് ഓഫീസും, വില്ലേജ് ഓഫീസും സര്‍ക്കാര്‍ ആശുപത്രിയും കൃഷിഭവനും, റേഷന്‍കടകളും മറ്റും മറ്റും ചേര്‍ന്നതാണ്. നിയമനനിരോധനം, തസ്തികകള്‍ വെട്ടിക്കുറയ്ക്കല്‍ എന്നിവയിലൂടെ വലതുപക്ഷം ശ്രമിക്കുന്നത് പടിപടിയായി സര്‍ക്കാര്‍ നേവനങ്ങളുടെ ലഭ്യതയില്‍ കുറവ് വരുത്താനാണ്. ഇപ്പോള്‍ നമ്മുടെ തൊട്ടടുത്തുളള ഒരു സര്‍ക്കാര്‍ സ്കൂളിലോ ആശുപത്രിയിലോ ചെന്നാല്‍ സര്‍ക്കാരിന്റെ വലിപ്പം കുറയുന്നതെങ്ങിനെയെന്ന് എളുപ്പത്തില്‍ ബോദ്ധ്യപ്പെടാവുന്നതേയുളളൂ.

ഇങ്ങിനെ കുറവ് വരുന്ന ഇടങ്ങളിലേയ്ക്ക് സ്വകാര്യമൂലധനത്തിന് കടന്നുവരാം എന്നുളളത് കൊണ്ടാണ് ആഗോളവല്‍ക്കരണനയങ്ങളില്‍ സര്‍ക്കാരിന്റെ വലിപ്പം കുറയ്ക്കുന്നത് പ്രധാന അജണ്ടയാകുന്നത്. (സര്‍ക്കാര്‍ സ്കൂളുകള്‍ പൂട്ടുമ്പോള്‍ സ്വകാര്യ അണ്‍-എയ്ഡഡ് സ്കൂളുകളും സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടറും മരുന്നുമില്ലെന്ന് പറയുമ്പോള്‍ സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രികള്‍ പൊട്ടിമുളയ്ക്കുന്നതും ഈ പശ്ചാത്തലത്തില്‍ വേണം മനസിലാക്കാന്‍)

എല്‍ ഡി എഫ് സര്‍ക്കാര്‍ പെന്‍ഷന്‍പ്രായം ഏകീകരിച്ചതും ഇപ്പോള്‍ അത് 56 ആക്കി ഉയര്‍ത്തിയതും താത്വികമായി സമാന സംഗതികളല്ല. പെന്‍ഷന്‍പ്രായം ഏകീകരിച്ചത് ഭരണപരമായ ഒരു ക്രമീകരണം എന്ന നിലയ്ക്കാണ്. കുറച്ച് ജീവനക്കാര്‍ക്ക്, അത് ഒന്നുമുതല്‍ 11 മാസംവരെ അധികസമയം നല്‍കി എന്നത് യാഥാര്‍ത്ഥ്യമാണ്. ഇക്കാരണം വെച്ച് അതും ഇതും ഒന്നാണെന്ന് വാദിക്കാന്‍ കെ.എം.മാണിക്കും കൂട്ടര്‍ക്കും എല്‍ ഡി എഫ് സര്‍ക്കാര്‍ ഒരവസരം നല്‍കിയെന്നെതും നേരാണ്. പക്ഷേ പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്തുന്നത് അതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു അജണ്ടയുടെ ആദ്യപടിയാണ്. പടിപടിയായി പ്രായപരിധി 60 വരെയാക്കാനും നിലവിലുളള സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായം അട്ടിമറിക്കാനുമാണ് യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഉദാരവല്‍കൃത തൊഴില്‍ നയങ്ങള്‍ ലോകത്തെമ്പാടും വെല്ലുവിളിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനെതിരായി വമ്പന്‍പ്രക്ഷോഭങ്ങളും നടന്നുവരികയാണ്. ഇതൊന്നും കാണാതെയോ അഥവാ കണ്ടില്ലെന്നു നടിച്ചോ, ലോകം തിരസ്ക്കരിച്ച വലതുപക്ഷ നയങ്ങള്‍ വാരിപ്പുതയ്ക്കുകയാണ് ഉമ്മന്‍ചാണ്ടിയും, കെ.എം.മാണിയും മറ്റും ചെയ്യുന്നത്. അതിലെ ഒരദ്ധ്യായം മാത്രമാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍.

"ഗവണ്‍മെന്റിന്റെ വലിപ്പം കുറയ്ക്കുക എന്നാല്‍ മന്ത്രിസഭയുടെ വലിപ്പം കുറയ്ക്കുക എന്നല്ല അര്‍ത്ഥം. സര്‍ക്കാര്‍ എന്ന് പറയുന്നത് നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ പളളിക്കൂടങ്ങളും, താലൂക്ക് ഓഫീസും, വില്ലേജ് ഓഫീസും സര്‍ക്കാര്‍ ആശുപത്രിയും കൃഷിഭവനും, റേഷന്‍കടകളും മറ്റും മറ്റും ചേര്‍ന്നതാണ്. നിയമനനിരോധനം, തസ്തികകള്‍ വെട്ടിക്കുറയ്ക്കല്‍ എന്നിവയിലൂടെ വലതുപക്ഷം ശ്രമിക്കുന്നത് പടിപടിയായി സര്‍ക്കാര്‍ നേവനങ്ങളുടെ ലഭ്യതയില്‍ കുറവ് വരുത്താനാണ്." കാര്യങ്ങള്‍ വേണ്ടത്ര മനസിലാക്കാതെയോ അഥവാ 'മലയാള മനോരമയില്‍' നിന്ന് മനസിലാക്കിയോ ചിലര്‍ പറയുന്നത് എന്തിനാണ് എല്ലാവരും സര്‍ക്കാര്‍ ജോലിക്ക് നോക്കുന്നത് എന്നാണ്. മേമ്പൊടിയായി, രത്തന്‍ ടാറ്റ 75-ാം വയസിലും ജോലി ചെയ്യുന്നില്ലേ എന്ന ഉദാരതയും. മനസ്സിലാക്കേണ്ട ഒരു കാര്യം. സര്‍ക്കാര്‍ സര്‍വ്വീസില്‍ ഒരാള്‍ക്ക് ജോലി കിട്ടുക എന്നാലര്‍ത്ഥം അയാളുടെ കുടുംബം രക്ഷപ്പെട്ടു എന്നുമാത്രമല്ല. ആ ജോലി സമൂഹത്തിലെ പൊതുനിക്ഷേപത്തിന്റെ ഭാഗമാണ്. പൊതു നിക്ഷേപമാണ് പൊതു സേവനത്തിന് വഴി വെയ്ക്കുന്നത്. അതിനാല്‍ ഒരു തസ്തിക ഇല്ലാതായാല്‍ അഥവാ ജോലി ലഭിക്കുന്നത് നീണ്ടുപോയാല്‍ നഷ്ടം സംഭവിക്കുന്നത് ആ ജോലി ലഭിക്കേണ്ടുന്നയാള്‍ക്ക് മാത്രമല്ല, അത് നഷ്ടപ്പെടുത്തുന്നത് കേരളീയ സമൂഹത്തിന്റെ പൊതുസേവനങ്ങളാണ്.

ഈയൊരു പശ്ചാത്തലത്തിലാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി വിലയിരുത്തേണ്ടത്. ഇടതുപക്ഷം എന്നത് ആഗോളവല്‍ക്കരണങ്ങള്‍ക്കുളള ബദല്‍നയങ്ങളുടെ പേരാണ്. പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കുക എന്നതാണ് അതിന്റെ കാതല്‍, പൊതുനിക്ഷേപം വര്‍ദ്ധിക്കുമ്പോഴാണ് തസ്തികകള്‍ നികത്തപ്പെടുന്നത്, വൈദ്യുതീകരണം സംഭവിക്കുന്നത്, ലോഡ്ഷെഡിങ്ങും പവര്‍കട്ടും ഒഴിവാകുന്നത്, ചെറുതെങ്കിലും പുതിയ പൊതുമേഖലാ വ്യവസായങ്ങള്‍ തുടങ്ങുന്നത്, സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്നുണ്ടാകുന്നത്. അതായത് യു.ഡി.എഫ് ഭരണത്തില്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതും ലോഡ്ഷെഡ്ഡിങ്ങ് ഉണ്ടാകുന്നതും ഒരേ കാരണത്താലാണ് എന്നര്‍ത്ഥം.

അവസാനമായി പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നത് കൊണ്ട് കേരളീയ സമൂഹത്തിനോ സിവില്‍ സര്‍വീസ് മേഖലയ്ക്കോ എന്തെങ്കിലും നേട്ടങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ഒരുവര്‍ഷം കൂടി തങ്ങള്‍ക്ക് ശമ്പളം കിട്ടും എന്നൊരു സന്തോഷം 55-ല്‍ വിരമിക്കാനിരുന്നവര്‍ക്ക് ലഭിക്കുമെന്നാല്ലാതെ മറ്റൊരു ഉണര്‍വ്വും അത് സര്‍വ്വീസ് മേഖലയ്ക്കുണ്ടാക്കുന്നില്ല. പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്ന് നോക്കിയാല്‍, അഴിമതിക്കാരോ അലസരോ ആയ ജീവനക്കാര്‍ ഉണ്ടെങ്കില്‍ (തീര്‍ച്ചയായും അതൊരു ന്യൂനപക്ഷമായിരിക്കും) അവരെ ഒരു വര്‍ഷം കൂടി ചുമക്കേണ്ട ഗതികേട് ഇപ്പോഴത്തെ സാഹചര്യം സൃഷ്ടിച്ചതായി കാണാനാവും., മറിച്ച് 55 വയസായവര്‍ വിരമിക്കുകയും അവര്‍ക്ക് പകരം പുതിയ, ചെറുപ്പക്കാരായ ഉദ്ധ്യോഗാര്‍ത്ഥികള്‍ നിയമിക്കപ്പെടുകയും ചെയ്താല്‍ അത് സിവില്‍ സര്‍വ്വീസ് മേഖലയ്ക്ക് ഉണര്‍വും പൊതുസമൂഹത്തിന് കൂടുതല്‍ സേവന സൌകര്യങ്ങളുമാണ് നല്‍കുക. 55 വയസ് വലിയൊരു പ്രായമല്ലെന്നും അവരുടെ സേവനം ഒരു വര്‍ഷം കൂടി ഉപയോഗിച്ചുകൂടേ എന്നും ചോദിക്കുന്നവര്‍ ഈ വഴിക്കും ഒന്ന് ആലോചിക്കേണ്ടതാണ്.

ലോകാവസാനംവരെ പെന്‍ഷന്‍ പ്രായം 55-ല്‍ സ്ഥിരപ്പെടുത്തണം എന്നല്ല ഇവിടെ വാദിക്കുന്നത്. തൊഴില്‍മേഖല വികസികക്കുകയും അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ കുറവ് വരികയും ചെയ്താല്‍ പ്രായപരിധി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കാവുന്നതേയുളളൂ. അത്തരമൊരു ഭാവിയേയും പക്ഷേ, യു.ഡി.എഫ് ഭരണം നിലനില്‍ക്കുന്ന ഓരോ നിമിഷവും വൈകിപ്പിച്ചുകൊണ്ടേയിരിക്കും.

കെ. ജയദേവന്‍
(ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ പ്രസിഡന്റാണ് ലേഖകന്‍)

ഗാന്ധിജി രാഷ്ട്ര പിതാവായതെന്തുകൊണ്ട്?

എപ്പോള്‍, എങ്ങിനെയാണ് ഗാന്ധിജി രാഷ്ട്ര പിതാവായത്. ചോദ്യം മറ്റാരോടുമല്ല. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിവരാവകാശ നിയമപ്രകാരമുള്ള ഈ അന്വേഷണം പോയിരിക്കുന്നത്. ലഖ്നോവിലെ ഐശ്വര്യ പരാശര് എന്ന ആറാം ക്ളാസുകാരിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിനെ ഒരു കൊച്ചു ചോദ്യത്തിലുടെ വട്ടം കറക്കിയത്.

മഹാത്മാ ഗാന്ധിക്ക് രാഷ്ട്ര പിതാവ് എന്ന ബഹുമതി സമ്മാനിച്ചതിന്റെ രേഖകളുടെ ഫോട്ടോ കോപ്പിയാണ് വിവരാവകാശ നിയമപ്രകാരം ഐശ്വര്യ ആവശ്യപ്പെട്ടത്. എന്നാല് ഇതിന് വ്യക്തമായ ഉത്തരം നല്കാന് അവര്ക്ക് സാധിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫീസിലിതുമായി ബന്ധപ്പെട്ട യാതൊരു രേഖകളും ഇല്ലെന്നും ഇതേക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തോടന്വേഷിക്കാനുമാണ് അവിടുന്ന് ഐശ്വര്യക്ക് കിട്ടിയ മറുപടി. എന്നാല് ആഭ്യന്തരമന്ത്രാലയം ചോദ്യം നാഷണല് ആര്ക്കൈവ്സിന് കൈമാറുകയാണുണ്ടായത്. ആര്ക്കൈവ്സിലും ഗാന്ധിജിയുടെ വിശേഷണവുമായി ബന്ധപ്പെട്ട ഒരു രേഖയും കണ്ടെത്താനായിട്ടില്ല.

സാമൂഹ്യ ശാസ്ത്രത്തില് ഗാന്ധിജിയെ കുറിച്ച് പഠിച്ചത് മുതല് എന്ത് കൊണ്ടായിരിക്കും ഗാന്ധിജിയെ രാഷ്ട്രപ്രിതാവെന്ന് വിളിക്കുന്നതെന്നായിരുന്നു ഐശ്വര്യയുടെ സംശയം. സംശയത്തിന് തൃപ്തികരമായ ഉത്തരമൊന്നും കിട്ടിയില്ലെങ്കിലും തന്റെ കത്ത് അവര് പരിഗണിച്ചതിന്റെ സന്തോഷത്തിലാണ് ഐശ്വര്യ.

വിവരാവകാശ പ്രവര്ത്തകയായ അമ്മയില് നിന്നാണ് ഐശ്വര്യ അതിന്റെ സാധ്യതകളെ കുറിച്ച് മനസ്സിലാക്കിയത്. ഇതിനു മുമ്പും വിവരാവകാശ നിയമത്തിന്റെ സാധ്യതകള് ഉപയോഗപ്പെടുത്തിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി. തന്റെ സ്കൂളിനടുത്ത് മാലിന്യവുമായി ബന്ധപ്പെട്ടായിരുന്നു അത്.

1944 ജൂലൈ ആറിന് സിങ്കപ്പൂര് റേഡിയോയില് നടത്തിയ ഒരു പ്രസംഗത്തിനിടെ നേതാജി സുഭാഷ് ചന്ദ്രബോസാണ് ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവെന്ന് വിശേഷിപ്പിക്കുന്നത്. പിന്നീട് 1947 ഏപ്രില് 28ന് ഒരു കോണ്ഫറന്സിടെ സരോജിനി നായിഡുവും ഗാന്ധിജിയെ രാഷട്രപിതാവെന്ന് പരാമര്ശിച്ചു.

സലിം കുമാറിന്റെ നൂറ് തകര്‍പ്പന്‍ ഡയലോഗുകള്‍

സലീം കുമാര്‍... പേര് കേള്‍ക്കുമ്പോഴേ ഒരു ചിരി നമ്മുടെ ചുണ്ടില്‍ വിടരും. മുഖത്ത് കള്ളത്തരം ഒളിച്ചിരിയ്ക്കുന്ന ഉണ്ടക്കണ്ണനെ നമുക്കേറെ ഇഷ്ടമാണിന്ന്.

ഹാസ്യാനുകരണകലയില്‍ നിന്നും മലയാള സിനിമയിലെത്തിയ ഈ പറവൂരുകാരനെ സാദാ മിമിക്രിക്കാരനായാണ് നമ്മുടെ സിനിമാക്കാര്‍ ആദ്യമൊക്കെ കണ്ടിരുന്നത്. എന്നാല്‍ ചെറിയ സിനിമകളില്‍ ചെറിയ വേഷങ്ങളവതരിപ്പിച്ച് വലിയ താരമായി സലീം വളര്‍ന്നു.

ഹാസ്യനടനെന്ന പരിവേഷത്തില്‍ നിന്നും പുറത്തുകടക്കാന്‍ ആദ്യമൊന്നും സലീമിന് താത്പര്യമില്ലായിരുന്നു.

ഒരുപക്ഷേ നടനായി അംഗീകരിയ്ക്കപ്പെടാന്‍ തന്നെ സഹായിച്ചതിനാലാവാം ഹാസ്യകഥാപാത്രങ്ങളെ അദ്ദേഹം കൂടുതലായി നെഞ്ചോട് ചേര്‍ത്തത്.

എന്നാലിപ്പോള്‍ സലീം കുമാര്‍ പുതിയ ഉയരങ്ങളിലെത്തിയിരിക്കുന്നു. 2010 ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം, ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കി സലീം സിനിമാലോകത്തെ പലരെയും അദ്ദേഹം ഞെട്ടിപ്പിച്ചു. എന്നാല്‍ സലീമിനെയും അദ്ദേഹത്തിന്റെ അഭിനയപാടവത്തേയും തിരിച്ചറിഞ്ഞവരാരും ഇത് അപ്രതീക്ഷിതമെന്നു പറയില്ല. അഭിനയകലയുടെ പുതിയ ഉയരങ്ങളിലെത്തിയെങ്കിലും സലീമിലെ ഹാസ്യനടനെയാണ് മലയാളികള്‍ക്ക് ഇന്നും ഏറെയിഷ്ടം.

പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിച്ച അല്ലെങ്കില്‍ ഇപ്പോഴും പൊട്ടിച്ചിരിപ്പിയ്ക്കുന്ന സലീം കുമാറിന്റെ എക്കാലത്തെയും നൂറ് കോമഡി ഡയലോഗുകള്‍ ഇതാ ഇവിടെ....

സലിം കുമാറിന്‍റെ നൂറ് തകര്‍പ്പന്‍ ഡയലോഗുകള്‍.....

സലിംകുമാറിന്റെ നൂറ് കിടിലന്‍ കോമഡികള്‍

1. അങ്ങനെ പടക്ക കമ്പനി ഖുദാ ഗവാ !! !

2. അങ്ങ് ദുഫായില് ഷേക്കിന്‍റെ ഇടം കൈ ആയിരുന്നു ഞാന്‍... അവിടെയെല്ലാം ഇടത്തോട്ടാണല്ലൊ! അവര് വലതുകൈ ഉപയോഗിക്കുന്നത് ...മറ്റുചില ആവശ്യങ്ങള്‍ക്കാണ് ഹുഹുഹു

3. അച്ഛനെ കാണണം....അച്ഛനെ കാണണം.....എന്ന് പറഞ്ഞു ഞാന്‍കരയുമ്പൊ പള്ളീലച്ചനെ കാണിച്ചുതരുമായിരുന്നു എന്‍റെ പൊന്നമ്മച്ചി

4. അച്ഛന്‍ ആണത്രേ അച്ഛന്‍ !!

5. അതാ, അങ്ങോട്ടു നോക്കൂ ......... അങ്ങോട്ടു നോക്കാന് ബുദ്ധിമുട്ടുള്ളവര് ഇങ്ങോട്ടു നോക്കിയാലും മതി

6. അയാം ദി സോറി അളിയാ അയാം ദി സോറി

7. അല്ല ഞാനൊരു ഉദാഹരണത്തിന് ഒരു പര്യായം പറഞ്ഞെന്നേയുള്ളൂ

8. ആരും പേടിക്കണ്ട,, ഓടിക്കോ..!!!!!

9. ആസ് ലോങ്ങ് ആസ് ദി റീസണ് ഈസ് പോസ്സിബ്ലെ..

10. ആഹാ… എന്നാ കാതല്… ടൈറ്റാനിക് മാതിരിയെ ഇരുന്തത്

11. ഇതടിച്ചിട്ടു ചിരിക്കല്ലേ, ചിരി തൊടങ്ങിയാ പിന്നെ നിര്ത്താന് പറ്റൂല … കിക്കിക്കികി

12. ഇതാ ലഡ്ഡു ലിലേഫി

13. ഇതു കണ്ണേട്ടന്‍, ഇതു ദാസേട്ടന്‍…അപ്പോള്‍ ഈ ജോസെഫേട്ടന്‍ ഏതാ ?

14. ഇത് പുതിയ ലിപി ആയിപ്പോയി, പഴയതായിരുന്നെങ്കില് ഞാന്‍ തകര്‍ത്തെനെ

15. ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡ തെണ്ടി..

16. ഇനിയെങ്ങാനും ശെരിക്കും ബിരിയാണി കൊടുക്കണുണ്ടെങ്കിലാ

17. ഇന്നാ പിടിച്ചോ തന്‍റെയൊരു ധവള പത്രം

8. ഇവനൊന്നും മനുഷ്യനെ കണ്ടിട്ടില്ല

19. ഈ ബ്ലടി ഇന്ത്യന്‍സ് ആന്‍ഡ് മലയാളീസ് പറഞ്ഞു നടക്കുന്നു എനിക്ക് ദുഫിയില്‍ കൂലി പണിയാണെന്ന്
 
20. ഈ മനുഷ്യരൊക്കെ ജനിക്കുന്നതിനു മുന്‍പ് ആടിനെ തീറ്റിച്ചതാരാ? ൨


1. ഈ ധര്മേന്ദ്രയുടെ ചില സമയത്തുള്ള കോമഡി കേട്ടാല് , ചിരിച്ചു ചിരിച്ചു കക്ഷത് നീര് വരും … ഹു ഹു ഹു...

22. ഈശ്വരാ ഇവിടെ ആരും ഇല്ലാലോ ഇതൊന്നു പറഞ്ഞു ചിരിക്കാന്‍...

23. ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ എന്നല്ലേ?… ഇതു പുതിയ പഴംചൊല്ല കഴിഞ്ഞ ആഴ്ച റിലീസ് ആയതാ

24. എനിക് വിശപ്പിന്‍റെ അസുഖം ഉണ്ടേ

25. എനിക്കെല്ലാമായി..........തിരുപ്പതിയായി

26. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍

27. എന്റെ അച്ഛന്‍ ഒരു വെടിക്കെട്ട് അപകടത്തിലാ മരിച്ചേ ,.... എന്താ ചെയ്ക അച്ഛന്റെ ഒരു കാര്യം

28. എന്റെ ആറ്റുകാല്‍ ഭാസ്കര....ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇല്ലാത്ത ദൈവത്തിനെ പോലും വിളിച്ചു പോകും

29. എന്റെ മാതൃഭൂമി വരെ നനഞ്ഞു പോയല്ലോടോ

30. എന്റെ സാറേ …എന്നെ തല്ലല്ലേ… ഞാന് ഈന്തപ്പഴം കട്ട് തിന്നിട്ടില്ല്ലേ !

31. എല്ലാ വിരലും വച്ച് മുദ്ര ഇട്ടോപടക്കത്തിന്റെ പണി അല്ലെ…ഏതു വിരലാ ബാക്കി ഉണ്ടാകുക എന്ന് ആര്‍ക്ക് അറിയാം

32. ഐ ആം സോ ഫെയില്ഡ് ഓഫ് യു

33. ഐ ആം മൈക്കിള് ഏലിയാസ് , ജാക്ക്സണ് ഏലിയാസ് ,വിക്രം ഏലിയാസ് ൩

4. ഒട്ടകത്തെ തൊട്ടു കളിക്കരുത് …ഒട്ടകം ഞങ്ങടെ ദേശീയ പക്ഷിയാണ് … കേട്ടിട്ടില്ലേ ഒട്ടകപക്ഷി

35. ഒന്നാം ക്ലാസ്സ് മുതല് കഞ്ചാവ് വലിചിരുന്നെങ്കില് ചള പളാന്നു ഇപ്പൊ ഇംഗ്ലീഷ് പറയാമായിരുന്നു

36. ഹോ ഞാന് വിചാരിച്ചു എന്റെ തലചോറ് പുറത്തു വന്നതാണെന്ന്

37. ഓ മൈ ഇന്ദുലേഖ …ഞാനത് ചെയ്യാന് പാടില്ലായിരുന്നു

38. ഓള് ദ ബ്യൂട്ടിഫുള് പീപ്പിള്

39. കടം വാങ്ങി തിരിച്ചു കൊടുക്കാത്തവര്ക്ക് നീയൊരു മാതൃകാ പുരുഷോത്തമനായിരിക്കണം

40. കന്നിമാസം വന്നോ എന്നറിയാന് പട്ടിക്കു കലണ്ടര്‍ നോക്കേണ്ട ആവശ്യം ഇല്ല
 
41. കണ്ടാല്‍ ഒരു ലൂക്കില്ലന്നെ ഉള്ളൂ ഒടുക്കത്തെ ഫുതിയാ


42. കല്യാണം കലക്കാന് പോകുമ്പോ കാഴ്ചയില് മാന്യനെന്നു തെറ്റിദ്ധരിക്കുന്ന ഒരുത്തന് വേണം

43. കള്ളവണ്ടി കേറാന്‍ പോലും കായില് കാശില്ലാത്തത് കൊണ്ട് ഞാന് ഒരു ടാക്സി വിളിച്ചു അങ്ങോട്ട് വരാം

44. കഴുത്തു വരെ പെരുമ്പാമ്പ് വിഴുങ്ങിയവന്റെ തലയില്‍ ആന ചവിടി എന്ന് പറഞ്ഞ പോലെ ആയി

45. കീപ്‌ ഇറ്റ്‌ അപ്പ്‌ …കീപായി ഇരിക്കാന്‍ താത്പര്യം ഉണ്ടല്ലേ ?

46. കൃഷ്ണന്റൊപ്പം അവന് വന്നു അവന്റൊപ്പം നീവന്നും നിന്റൊപ്പം ആരെങ്കിലും വന്നിട്ടുണ്ടോ…ഇനി ഞാന് വരണോ

47. കേരളഫയര്ഫോഴ്സിനും ഇവിടത്തെ നാട്ടുകാര്ക്കും മണവാളന് & സണ്സിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും ഞാന് നന്ദി രേഖപ്പെടുത്തു

48. കൊതുകിനുമില്ലേ ക്രിമികടി

49. ചത്ത കിളിക്ക് എന്തിനാ കൂട്

50. ഛെ...... ഞാനത് ചോദിയ്ക്കാന്‍ പാടില്ലായിരുന്നു

51. ഞങ്ങള്‍ പരമ്പരാഗതമായി ഗുണ്ടകളാ എന്റെ അച്ഛന്‍ ഗുണ്ട ,അമ്മാവന്‍ ഗുണ്ട അപ്പുപ്പന്‍ ഗുണ്ട എന്തിനേറെ പറയുന്നു എന്റെ ഭാര്യ വരെ ആ നാട്ടില്ലേ അറിയപെടുന്ന ഗുണ്ടി ആയിരുന്നെട ഗുണ്ടി

52. ഞങ്ങള്‍ക്ക് അളിയനും അളിയനും കൂടി കുറച്ചു ടോക്ക്സ് നടത്താനുണ്ട് കാശിനെ കുറിച്ചുള്ള ടോക്ക്സ്…കാഷ്യുല്‍ ടോക്ക്സ്

53. ഞാന് അഡ്വക്കേറ്റ് മുകുന്ദന്നുണ്ണി… ദാ കോട്ട്

54. ഞാന് അപ്പോഴേ പറഞ്ഞില്ലേ ബാറിലെ വെള്ളം ന്ന്?

55. ഞാന് ഇന്ന് ഇവന്റെ കയ്യില് നിന്നും വാങ്ങും

56. ഞാന്‍ എന്നീ പണി തുടങ്ങി അന്ന് മുതല്‍ ഒരു ആത്മവിനേം ജെട്ടി ഇട്ടു പോകാന്‍ ഞാന്‍ അനുവദിച്ചിട്ടില്ല ഇനി അനുവദിക്കുകയും ഇല്ല

57. ഞാന് നിങ്ങള്ക്ക് പണം തന്നു എന്ന് എനിക്കൊരു ഉറപ്പ് വേണ്ടേ ഞാന് ആരാ മൊതല്

58. ഡാ !! ആ കാളേടെ നോട്ടം അത്ര ശെരിയല്ല , നിനക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ , ഞാന്‍ അല്ലെ പുറകില്‍ നില്കുന്നത്

59. ഡോണ്ടു ഡോണ്ടു

60. ദി ഹോം അപ്പ്ലൈന്സിസ് ഓഫ് ദി ടു ഫാമിലീസ് യു ആര്‍ ദി ലിങ്ക്നോ… നോ… നോ…യു ആര്‍ ദി ലിങ്ക്ഓഫ് ദി ലിങ്ക് ദി ടു ഫാമിലീസ് അറ്റാച്ച്ട് ടു ദി ബാത്രൂം യുവര്‍ ഫാമിലീസ് ഫുഡ്‌ ആന്‍ഡ്‌ അക്കൊമോടെഷന്‍
 
61. ദിവിടെ, പിന്നെ ദിവിടെ, പിന്നെ ദിതിന്റിന്റിദിപ്പുറത്ത്


62. ദെ! നമ്മട രമണന് വെള്ളമടിച്ച് മരണനായി ഇരിക്കുന്നു!

63. ധാരാളം മുദ്ര പത്രങ്ങള്‍ വേണ്ടി വരും നമക്ക് ഡോകുമെന്ററി തയ്യാര്‍ ആക്കണ്ടേ

64. ധിധക്ക എന്ത്!

65. നന്ദി മാത്രമേ ഉള്ളു അല്ലെ

66. നമ്മള്‍ നാലു പേരല്ലാതെ മൂന്നാമതൊരാള്‍ ഇതു അറിയരുത്

67. നമ്മള് കാണാന് പോകുന്നത് ദേവൂട്ടിയെയല്ലേ അല്ലാതെ മമ്മൂട്ടിയെയല്ലല്ലോ ?

68. നാട്ടില്‍ ഒരു ഇമേജ് ഉണ്ടാകിയെടുക്കാനാണ് മണവാളന്‍ ആന്‍ഡ്‌ സോന്‍സ് എന്നാ ഈ ബോര്‍ഡും ഈ ഞാനും പിന്നെ ഈ പൈപ്പും

69. നിങ്ങള്ക്ക് ആവശ്യമുള്ളത് പണമാണ് എന്റെ കയ്യില് ആവശ്യത്തില് കൂടുതല് ഉള്ളതും പണമാണ്

70. നിന്റെ വിഷമം പറയെടാ …ഞങ്ങളൊന്നു സന്തോഷിക്കട്ടെ

71. നീ സഹകരികുകയനെങ്ങില് ഈ കലവറ നമുകൊരു മണിയറ ആക്കം

72. നീ മുട്ടേന്നു വിരിയാത്ത പ്രായമല്ലേ നിനക്കു ബുള്സൈയായും ഓംലറ്റായുമൊക്കെ തോന്നും… ൭

73. പച്ചകറി മേടിക്കുന്നത് കുറ്റകരം ആണെന്ന് എനിക്ക് അറിയില്ലായിരുന്നു സര്‍

74. പടക്കങ്ങള് എന്റെ വീക്നെസ്സാണ്

75. പണി എപ്പോഴെ തീര്‍ന്നു ഇന്നലെ പന്ത്രണ്ടു മണിക്ക് ഹാര്‍ട്ട്‌ അറ്റാക്ക്‌ ആയിരുന്നു

76. പണി തീര്ന്നാ ഞാന് ഇവിടെ നിക്കുമോ ?, മൂക്കില് പഞ്ഞി വെച്ചു എവിടെയെങ്കിലും പോയി റസ്റ്റ് എടുക്കൂല്ലേ

77. പതിനെട്ടു തികയാത്ത പാല്‍ക്കാരന്‍ പയ്യന്‍

78. പുവര്‍ ബോയ് ഇംഗ്ലീഷ്പോലും അറിഞ്ഞുകൂടാ എന്നിട്ട് എന്നോട് സ്പീചാന്‍ വന്നിരിക്കുന്നു

79. പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ

80. ബസ് സ്റ്റോപ്പില് നിന്ന ബസ് കിട്ടും, ഫുള് സ്റ്റോപ്പില് നിന്ന ഫുള് കിട്ടുമോ പോട്ടെ ഒരു പയന്റ് എങ്കിലും കിട്ടുമോ
 
81. മധ്യതിരുവിതാംകൂര് ഭരിച്ചിരുന്ന രാജാവ് പേര് ശശി


82. മഹാലക്ഷ്മി ഓട്ടോ പിടിച്ചു വരുമ്പോ വാഹനബന്ദ് പ്രഖ്യാപിക്കല്ലെടാ

83. മാധവനും പിള്ളയും തമ്മിലുള്ള വ്യക്തിവിദ്വേഷത്തിന്റെയും പകയുടെയും കഥാ , ചേക്കിലെ മൈല് കുറ്റികള്ക്ക് പോലും സുപരിചിതമാണ്

84. മായിന്കുട്ടി വി എന്നാ പേര് മാറ്റി അവനെ ആദ്യം മ്യായവി എന്ന് വിളിച്ചത് ആരാ

85. മാര്ക്കറ്റില് മീന് വാങ്ങാന് പോയ കാമുകി വണ്ടി ഇടിച്ചു മരിച്ചു..... എന്നിട്ട് എന്ത് ചെയ്തു ? അടുകളയില് ഇരുന്ന ഒരു ഉണകമീന് വെച്ച അഡ്ജസ്റ്റ് ചെയ്തു

86. മിസ്റ്റര് മാധവന് നായര് നിങ്ങളെ ഞാന് വിടില്ല… ദൈവമേ ഇത് രണ്ടു കക്ഷികല്കും ചേര്ത്ത് ഒറ്റ വിധിയാനെനാണ് തോനണതു

87. മോട്ടോര് വെഹിക്കിള് ആക്ട് പ്രകാരം വാഹനത്തിന്റെ ഇടതു ഭാഗത്തിരുന്ന് പത്രം വായിക്കുന്നത് ശരിയല്ല...!!

88. മോഹിനിയാട്ടി മോഹിനിയാട്ടി ...ഞങ്ങളുടെ രമണനെ കണ്ടോ

89. യെന്ത ഒരു ശബ്ദം കേടത്???’ ‘തേങ്ങ ഉടച്ചപ്പോള്‍ ഒരു പീസ് വെള്ളത്തില് പോയതാണ് ’

90. ലവന് പാടുന്നു… നീ പാട് പെടും !

91. വയറിന്റെ വലത് ഭാഗത്ത്‌ കറുത്ത മറുകുള്ള സ്ത്രീ ആണോ ഈ കുട്ടിയുടെ മമ്മി

92. വാട്ട് ഡു യു മീന്‍ … ഓ അങ്ങനൊന്നും ഇല്ല … നെയ്മീന്‍ …ചാളമീന്‍ ……ഐലമീന്‍ ...സിലോപിമീന്‍

93. വേര്‍ ഈസ് മുകുന്ദന്‍ ? എന്ത് കുന്ദന്‍?

94. ശിവ ലിങ്ങ ഭഗവാനെ…എന്റെ ഉണ്ണികളേ കാത്തോലനെ

95. സവാള ഗിരിഗിരിഗിരി

96. സാമുതിരി നമ്പൂതിരി എന്നൊക്കെ കേട്ടിട്ടുണ്ട് …ഈ മിണ്ടാതിരി ഏതാ ജാതി ?? ഓ ജാതി ചോതിക്കാന് പാടില്ലല്ലേ

97. സാറിന്റെ പേര് പപ്പന്‍ ‍ എന്നാണോ എന്റെ പേരും പപ്പന്‍ ‍ എന്നാണ്.. നൈസ് ടു മീറ്റ്‌ യു..!!

98. സുരേഷ് ………!!

99. സ്പര്‍ശനെ പാപം… ദര്‍ശനെ പുണ്യം

100. ഹു...കൊച്ചി എത്തീ.!!!!

ഒരൊറ്റ മിനിറ്റില്‍ നെറ്റില്‍ നടക്കുന്നത് എന്തൊക്കെ?!

ഇന്റര്‍‌നെറ്റ് യുഗമാണിത് എന്നൊക്കെ പലരും പറയുമ്പോള്‍ ‘എന്ത് കുന്തമാണ്’ ഇന്റര്‍‌നെറ്റില്‍ നടക്കുന്നത് എന്ന ചോദ്യം നാവിന്‍ തുമ്പിലെത്തുക സ്വാഭാവികം. നമുക്ക് ഈ ഈ ചോദ്യം അല്‍പമൊന്ന് മാറ്റി, ‘ഒരു മിനിറ്റിനുള്ളില്‍ നെറ്റില്‍ എന്തൊക്കെ നടക്കുന്നു’ എന്ന് ചോദിച്ചുനോക്കാം. അതായത് 60 സെക്കന്റില്‍ നെറ്റില്‍ എന്തൊക്കെ നടക്കുന്നു എന്നാണ് ചോദ്യം. ഏറെക്കാലമായി ഗോ-ഗ്ലോബ് ഡോട്ട് കോമെന്ന വെബ് പോര്‍ട്ടല്‍ കമ്പനി ഈ ചോദ്യത്തിന് പിറകെയായിരുന്നു. 60 സെക്കന്റിനുള്ളില്‍ നെറ്റില്‍ നടക്കുന്ന കാര്യങ്ങളെ പറ്റി ഗോ-ഗ്ലോബിന്റെ പഠനത്തില്‍ പറയുന്നത് വായിച്ചാല്‍ ശരിക്കും തല കറങ്ങും!

ഒരൊറ്റ മിനിറ്റിനുള്ളില്‍ ഗൂഗിള്‍ ഉപയോഗിച്ച് നെറ്റില്‍ തിരയുന്നവരുടെ എണ്ണം ഇരുപത് ലക്ഷത്തിലും അധികമാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്‌ബുക്ക് സന്ദര്‍ശിക്കുന്നവരുടെ എണ്ണം വെറും 60 സെക്കന്റില്‍ അറുപത് ലക്ഷത്തിലധികമാണ്! ഇതുമാത്രമല്ല, ഒരു മിനിറ്റിനുള്ളില്‍ മൂന്ന് ലക്ഷത്തോളം പേരാണ് ഫേസ്‌ബുക്കില്‍ തങ്ങള്‍ കാണുകയും കേള്‍‌ക്കുകയും ചെയ്യുന്നതില്‍ ലൈക്കടിക്കുന്നത്! (ഫേസ്‌ബുക്കിനെ ഗൂഗിള്‍ ഭയക്കുന്നതില്‍ കാര്യമില്ലാതില്ല, അത്രയ്ക്കാണ് ഫേസ്ബുക്കിന്റെ റീച്ച്!)

വെറും നൂറ്റിനാല്‍‌പത് ക്യാരക്ടറുകളില്‍ വേണ്ടതൊക്കെ പറയാന്‍ നമ്മെ അനുവദിക്കുന്ന മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ഒരൊറ്റ മിനിറ്റിനകം വന്നുനിറയുന്നത് 1 ലക്ഷം ട്വീറ്റുകളാണ്. ഓരോ മിനിറ്റിലും 32-ഓളം പുതിയ യൂസര്‍മാര്‍ ട്വിറ്ററില്‍ അക്കൌണ്ട് എടുക്കുന്നുണ്ട്. ഫോട്ടോ ഷെയറിംഗ് സൈറ്റായ ഫ്ലിക്കറില്‍ അറുപത് സെക്കന്റില്‍ വന്നുകുമിയുന്ന ഫോട്ടോകള്‍ മൂവായിരമാണ്. ഓരോ മിനിറ്റിലും ഇവിടെ ഫോട്ടോ കാണാന്‍ എത്തുന്നവരുടെ എണ്ണം രണ്ട് കോടിയാണ്. യാഹുവിന്റെ ഉടമസ്ഥതയിലുള്ള സൈറ്റാണ് ഫ്ലിക്കര്‍.

പ്രൊഫഷണല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ലിങ്ക്‌ഡ്‌ഇന്നും തകര്‍ക്കുന്നുണ്ട്. ഓരോ അറുപത് സെക്കന്റിലും ഈ സൈറ്റില്‍ പുതിയതായി നൂറോളം പ്രൊഫഷണലുകള്‍ എത്തുന്നു, അക്കൌണ്ടെടുക്കുന്നു. മൊബൈല്‍ നെറ്റും മെസ്സെഞ്ചറുകളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളും നിലവില്‍ വന്നതോടെ ഇമെയില്‍ യുഗത്തിന് അന്ത്യമായി എന്ന് കരുതുന്നവര്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക. 21 കോടി ഇമെയിലുകളാണ് അറുപത് സെക്കന്റിനുള്ളില്‍ കൈകാറ്റം ചെയ്യപ്പെടുന്നത്!

മൊബൈലില്‍ നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. ഇപ്പോഴത്തെ കണക്കനുസരിച്ച്, ഒരൊറ്റ മിനിറ്റിനുള്ളില്‍ 1300 പേരാണ് മൊബൈല്‍ നെറ്റിന് സ്വാഗതം പറയുന്നത്. എന്തിനും ഏതിനും നമ്മള്‍ ആശ്രയിക്കുന്ന വിക്കിപ്പീഡിയയില്‍ ഒരു മിനിറ്റിനുള്ളില്‍ ആറോളം പുതിയ പേജുകള്‍ ഉണ്ടാകുന്നു. ഇ-കൊമേഴ്സ് സൈറ്റായ ആമസോണില്‍ ഓരോ അറുപത് സെക്കന്റിലും ഏകദേശം 4,230 രൂപയ്ക്കുള്ള കച്ചവടം നടക്കുന്നു (മിനിറ്റില്‍ ഇത്രയെങ്കില്‍ ഒരു വര്‍ഷം എത്ര വരുമാനം ഉണ്ടാക്കുന്നുണ്ടാകും ആമസോണ്‍).

ആപ്ലിക്കേഷന്‍ ലോകമാണല്ലോ ഇത്. ആന്‍‌ഡ്രോയിഡായാലും ഐഫോണായാലും ബ്ലാക്ക്‌ബെറിയായാലും ഫോണുകളില്‍ ആപ്ലിക്കേഷന്‍ മയമാണ്. ഒരൊറ്റ മിനിറ്റില്‍ അമ്പതിനായിരത്തോളം ആപ്ലിക്കേഷനാണ് ലോകമെങ്ങും ഡൌണ്‍‌ലോഡ് ചെയ്യപ്പെടുന്നത്. ആകെ മൊത്തത്തില്‍, ആറു ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരത്തി എണ്ണൂറ് ജിബി ഡാറ്റയാണ് ഓരോ 60 സെക്കന്റിലും നെറ്റില്‍ കൈമാറപ്പെടുന്നത് (ഇതിന്റെ ആയിരത്തിലൊരു ഭാഗം നിറയ്ക്കാന്‍ പാകത്തില്‍ ഒരു എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്ക്ക് കിട്ടിയാല്‍ എന്ത് സുഖമായിരിക്കും)!

Tuesday, April 3, 2012

കപടസദാചാരം കാടത്തമാകുമ്പോള്‍

സദാചാര സംരക്ഷകരായി അഭിനയിക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ കേരളത്തില്‍ വ്യാപകമാവുകയാണെന്നതിന്റെ ഒടുവിലത്തെ സൂചനയാണ് കൊയിലാണ്ടിയില്‍ നിന്നു ഇയ്യിടെ ലഭിച്ചത്. ‘അനാശാസ്യ’പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഒരു സംഘമാളുകള്‍ ബാബു എന്ന ടാക്‌സി ഡ്രൈവറെ കെട്ടിയിട്ടു മര്‍ദ്ദിക്കുകയായിരുന്നു. ഈ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ മര്‍ദ്ദകര്‍തന്നെ പ്രചരിപ്പിക്കുകയും ചെയ്തു. അപമാനിതനായതിന്റെ പിറ്റേന്ന് ബാബു ആത്മഹത്യചെയ്തതോടെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

ഏതാനും പേര്‍ ചേര്‍ന്ന് ഒരു വ്യക്തിയുടെ മേല്‍ കുറ്റാരോപണം നടത്തി ശിക്ഷ നടപ്പാക്കുവാന്‍ തുനിയുന്നതാണ് ഏറ്റവും വലിയ അനാശാസ്യം. ആശാസ്യമേത് അനാശാസ്യമേത് എന്ന് തീരുമാനിക്കുവാന്‍ ആരാണിവര്‍? പരസ്പരാനുവാദത്തോടെ സ്ത്രീപുരുഷന്മാര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുപോലും നിയമവിലക്കുകളൊന്നുമില്ലാത്തതിനാല്‍ അത് അനാശാസ്യമല്ലെന്ന് ഒരു പരിഷ്‌കൃത സാക്ഷരസമൂഹം തിരിച്ചറിയേണ്ടതുണ്ട്.

നിക്ഷിപ്ത താല്‍പര്യക്കാരുടെ ഗൂഢസംഘങ്ങളും മതാധികാരികളുമെല്ലാം സദാചാരത്തിന്റെ പേരില്‍ നിയമാനുസൃതമായ മനുഷ്യാവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണിപ്പോള്‍. നന്മയെ ആചരിക്കലാണ് സദാചാരമെങ്കില്‍ നമ്മുടെ നാട്ടിലെ സ്വയംപ്രഖ്യാപിത സദാചാര സംരക്ഷകര്‍ ദുരാചാരങ്ങളുടെ കാവല്‍ക്കാരായ ക്രിമിനലുകളാണെന്നു പറയേണ്ടിവരും.

സദാചാരപ്പൊലീസെന്ന് സ്വയം ഭാവിക്കുന്ന കുറ്റവാളികളുടെ പ്രാകൃത ശിക്ഷാവിധിക്കിരയായി കോഴിക്കോട് ജില്ലയിലെ മുക്കത്ത് ഒരു യുവാവ് മരിച്ച സംഭവത്തിന് തൊട്ടുപിറകെയാണ് കൊയിലാണ്ടിയില്‍നിന്നുള്ള ഈ ഞെട്ടിക്കുന്ന വാര്‍ത്ത. മുക്കത്തെ യുവാവ് ഏതോ ഒരു സ്ത്രീയുമായി നിരന്തരം ബന്ധപ്പെട്ടുവെന്നതാണ് ചിലരെ പ്രകോപിപ്പിച്ചത്. സ്ത്രീപുരുഷ സൗഹൃദത്തെസ്സംബന്ധിച്ച വികലബോധവും അസൂയയുമാണ് ആ യുവാവിനെ മര്‍ദ്ദിച്ചുകൊല്ലാന്‍ അവരെ പ്രരിപ്പിച്ചതെന്നു വ്യക്തമാണ്.

ഒരു സ്ത്രീയും പുരുഷനും ഉഭയസമ്മതത്തോടെ ബന്ധംപുലര്‍ത്തുന്നതില്‍ സമൂഹം അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്തിനാണ്? കൊയിലാണ്ടിയിലും സമൂഹത്തിന്റെ സമാനമായ അസഹിഷ്ണുതയാണ് ഒരു യുവാവിനെ മരണത്തിലേക്കു നയിച്ചത്. അപകര്‍ഷതയും അസഹിഷ്ണുതയും പോലുള്ള മനോവൈകല്യങ്ങളും അജ്ഞതയും ഏറിയ അളവിലുള്ള മന്ദബുദ്ധികളാണ് മിക്കപ്പോഴും അന്യരുടെ ‘സദാചാരഭ്രംശ’ത്തിനുനേരെ ഒളിനോട്ടമയക്കുന്നതും ശിക്ഷ നടപ്പാക്കുന്നതും.

എറണാകുളത്ത് പുരുഷ സുഹൃത്തിനൊപ്പം മോട്ടോര്‍ ബൈക്കില്‍ യാത്ര ചെയ്തിന് തസ്‌നി ബാനു എന്ന യുവതിയെ ആക്രമിച്ച ക്രിമിനല്‍ സംഘത്തിന് പിന്തുണയുമായി ‘നാട്ടുകാരുടെ’ വേറൊരു സംഘവും പിറ്റേന്നുതന്നെ രംഗത്തു വരികയുണ്ടായി. തന്നെ തടഞ്ഞുവെച്ച ക്രിമിനല്‍ സംഘത്തോട് ശരിയായ ചോദ്യം ചോദിക്കുവാന്‍ ധൈര്യമുണ്ടായ തസ്‌നി ബാനുവിനെതിരെ കേസെടുക്കണ മെന്നാവശ്യപ്പെട്ട് തെരുവില്‍ പ്രകടനം നടത്തിയ ഹീനമനസ്‌കരായ ‘നാട്ടുകാര്‍’ മലയാളികള്‍ക്കാകെ അപമാനമുണ്ടാക്കുകയായിരുന്നു.

ഒരു സ്ത്രീയെ തടഞ്ഞുവെച്ച് അപമാനിക്കുകയെന്ന ഗുരുതരമായ കുറ്റകൃത്യത്തെ ന്യായീകരിക്കുന്നവരാണ് അനാശാസ്യകൃത്യം ചെയ്തതെന്ന് പറയുവാന്‍ മാദ്ധ്യമങ്ങളും തയ്യാറല്ല. രാജ്‌മോഹന്‍ ഉണ്ണിത്താനെന്ന കോണ്‍ഗ്രസ് നേതാവിനും അദ്ദേഹത്തോടൊപ്പം യാത്രചെയ്ത സ്ത്രീസുഹൃത്തിനുമുണ്ടായ അപമാനവും ഇങ്ങനെ മലയാളികള്‍ ആസ്വദിക്കുകയായിരുന്നുവല്ലോ. വ്യക്തിസ്വാതന്ത്ര്യത്തെയും നിയമവാഴ്ചയെയും വെല്ലുവിളിക്കുന്ന ഇത്തരം ക്രിമിനലുകളെ നേരിടുന്നതില്‍ പൗരസമൂഹം പുലര്‍ത്തുന്ന ഉദാസീനത സമൂഹമാകെ പങ്കുവെയ്ക്കുന്ന കപടമായ സദാചാരബോധത്തിന്റെ ഫലമാണെന്നതാണ് വാസ്തവം. മാന്യന്മാരാണെന്നു സമൂഹത്തെ ബോദ്ധ്യപ്പെടുത്തുവാന്‍ ഈ സദാചാര സംരക്ഷകവേഷം കൂടിയേ തീരൂ എന്നാണ് മലയാളികള്‍ കരുതുന്നത്. മാദ്ധ്യമങ്ങള്‍-വിശേഷിച്ചും നമ്മുടെ വന്‍ ദിനപത്രങ്ങള്‍-ഈ കാപട്യത്തെ നിലനിര്‍ത്തുവാനും ന്യായീകരിക്കുവാനും സദാ ജാഗ്രത പുലര്‍ത്തുന്നുമുണ്ട്.

ഐ.എസ്.ആര്‍.ഒ ചാരക്കേസ് എന്ന അപസര്‍പ്പക കഥ സൃഷ്ടിച്ച് മാലിക്കാരായ രണ്ട് പാവപ്പെട്ട സ്ത്രീകളെയും ഏതാനും ശാസ്ത്രജ്ഞന്മാരെയും വര്‍ഷങ്ങളോളം പീഡിപ്പിച്ച കേരള പൊലീസും കേരളത്തിലെ മുഖ്യധാരാ ദിനപ്പത്രങ്ങളും പുലര്‍ത്തുന്ന പ്രാകൃതമായ സദാചാരബോധവും മതാന്ധതകളെ മറയായി കൊണ്ടുനടക്കുന്ന മലയാളികളുടെ കാപട്യവും എത്ര മനുഷ്യരെയാണ് നിത്യവും അപമാനിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നത്? അന്യ മതത്തില്‍പ്പെട്ട പുരുഷനുമായി സംസാരിച്ചതിന്റെ പേരില്‍പ്പോലും പെണ്‍കുട്ടികള്‍ ശിക്ഷിക്കപ്പെടുന്ന പ്രാകൃതസമൂഹത്തെദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുന്നത് വിരുദ്ധോക്തിയാണോ എന്നും സംശയിക്കണം.

മതങ്ങളും അവയുടെ ചാവേര്‍പ്പടകളായി പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗീയ സംഘടനകളും സദാചാരസംരക്ഷണത്തിന്റെ പേരില്‍ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍ കേരളത്തിലും പതിവായിരിക്കുന്നു. ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ട കോളജ് കാമ്പസുകളും വര്‍ഗ്ഗീയതകളുടെ ഫാക്ടറികളായിക്കൊണ്ടിരിക്കുന്നു. മതങ്ങളുടെ പേരില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന സദാചാരം പരിഷ്‌കൃതസമൂഹത്തിന് അസ്വീകാര്യമായ ദുരാചാരമാണെന്ന വാസ്തവം പുരോഗമന വാദികള്‍തന്നെ വിസ്മരിക്കുകയാണ്. അതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വയം സദാചാര സംരക്ഷകരായി നടിച്ചുകൊണ്ട് കുറ്റവാളികളെ പരോക്ഷമായി ന്യായീകരിക്കുവാന്‍ അവരില്‍പ്പലരും മുതിരുന്നത്.

കര്‍ണാടകയില്‍ മുത്താലിക്കിന്റെ ശ്രീരാമസേന പൊതുസ്ഥലത്തുവെച്ച് ഏതാനും വിദ്യാര്‍ത്ഥിനികളെ ആക്രമിച്ചതും സദാചാര സംരക്ഷണത്തിന്റെ മറവിലായിരുന്നു. അന്ന് ഒരു മലയാളം ചാനല്‍ അതേക്കുറിച്ചു നടത്തിയ ചര്‍ച്ചയില്‍, ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തക പറഞ്ഞത്, ആക്രമണം മോശമായെങ്കിലും പെണ്‍കുട്ടികള്‍ പരസ്യമായി ‘ബീര്‍പബ്ബി’ല്‍ പോയത് ഭാരതീയസംസ്‌കാരത്തിന് യോജിച്ചതായില്ല എന്നാണ്. മുത്താലിക്കും ശ്രീരാമ സേനയും ഇതേ ന്യായം പറഞ്ഞുകൊണ്ടാണ് പെണ്‍കുട്ടികളെ തല്ലിയോടിച്ചതെന്ന് ബുദ്ധിമതിയായ പത്രപ്രവര്‍ത്തകയ്ക്ക് അറിയാതിരിക്കാനിടയില്ല. ഇതാണ് നമ്മുടെ പുരോഗമനവാദികളുടെ വര്‍ഗ്ഗീയ തന്ത്രം. ഈ കപട സദാചാരതന്ത്രം ഇന്ത്യയിലെ ഇംഗ്ലീഷ് ചാനലുകളില്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ശബരിമല തന്ത്രി കുടുംബത്തിന്റെ പ്രതിനിധിയായ രാഹുല്‍ ഈശ്വര്‍ എന്ന സുമുഖനായ ടെലിവിഷന്‍ താരം.



കൊയിലാണ്ടിയിലെ യുവാവിനുനേരെ അതിക്രമം ചെയ്തതിനെക്കുറിച്ച് ഇന്ത്യാവിഷനും ഏഷ്യാനെറ്റ് ന്യൂസും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കെ സമാനമായൊരു ചര്‍ച്ച ടൈംസ് നൗ ചാനലില്‍ നടക്കുന്നുണ്ടായിരുന്നു. ഡല്‍ഹിയിലെ നോയിഡയില്‍ ഒരു ജന്മദിനാഘോഷ വേളയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായതിനെ കുറിച്ചായിരുന്നു അത്.

കുറ്റവാളികളുടെ പേരുവിവരം പരസ്യപ്പെടുത്തുന്നതിനുപകരം ക്രൂരതയ്ക്കിരയായ പെണ്‍കുട്ടിയുടെ പേരുവെളിപ്പെടുത്തുന്ന പത്രക്കുറിപ്പിറക്കിയ പൊലീസിന്റെ അധാര്‍മ്മികതയെയും നിയമലംഘനത്തെയും കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത യുവതന്ത്രിയും നടേ പറഞ്ഞ പത്രപ്രവര്‍ത്തകയെപ്പോലെ മദ്യപാനം നടക്കുന്ന ആഘോഷച്ചടങ്ങില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ സദാചാരഭ്രംശത്തെപ്പറ്റിയായിരുന്നു വികാര വിജ്രംഭിതനായത്.

ബലാത്സംഗം ചെയ്തവരെ പരോക്ഷമായി ന്യായീകരിക്കുന്ന രാഹുല്‍ ഈശ്വറിനോട് വാര്‍ത്താവതാരകനായ അര്‍ണാബ് ഗോസ്വാമിക്ക്, മനുഷ്യവിരുദ്ധ പ്രസ്താവനയാണിതെന്നും മദ്ധ്യകാലത്തിന്റെ പ്രതിനിധിയാണ് താങ്കളെന്നും പറയേണ്ടിവന്നു. കേരളത്തിന്റെയും സദാചാരത്തിന്റെയും ആര്‍ഷഭാരത സംസ്‌കാരത്തിന്റെയും വക്താവായി ആംഗല ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന രാഹുല്‍ ഈശ്വര്‍ ആരാണെന്ന് ഇപ്പോഴെങ്കിലും അദ്ദേഹത്തിന്റെ സ്ഥിരം ആതിഥേയനായ ഒരു ചാനല്‍ മേധാവിക്ക് ബോദ്ധ്യമായത് നന്നായി. എന്നാല്‍ തന്ത്രശാലികളായ ഇത്തരം തന്ത്രിമാരാണ് നമ്മുടെ നാട്ടില്‍ സംസ്‌കാരവും സദാചാരവുമെല്ലാം നിര്‍ണ്ണയിക്കുന്നതും നിര്‍വ്വചിക്കുന്നതുമെന്ന് ഓര്‍ക്കുമ്പോള്‍ ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷില്‍ സംസാരിക്കുന്ന തന്ത്രിയുവാവിനെപ്പോലെ മലയാളികളും മദ്ധ്യകാല സംസ്‌കാരത്തിലാണ് ജീവിക്കുന്നതെന്നു പറയേണ്ടിവരും.

അക്രമങ്ങള്‍ക്കിരകളാവുന്ന എത്രയോ സ്ത്രീകള്‍ സഹായത്തിനും നീതിക്കും വേണ്ടി നിലവിളിക്കുന്നതു കേള്‍ക്കാത്തവരാണ് നമ്മുടെ നാട്ടില്‍ സദാചാരസംരക്ഷരായിച്ചമയുന്നത്. കന്യാസ്ത്രീമഠങ്ങളിലെ കൊലപാതകങ്ങള്‍ പോലും ആത്മഹത്യയാക്കുവാന്‍ പ്രാപ്തിയുള്ള മതമേധാവികളുടെ സദാചാരപ്രസംഗങ്ങള്‍ കേട്ട് പുളകിതരാകുവാന്‍ കഴിയുന്നതും ഭാഗ്യംതന്നെ. ആ ഭാഗ്യശാലികളെക്കുറിച്ചാണ് എന്‍.എന്‍.കക്കാടിന്റെ പോത്ത് എന്ന കവിത. ശീര്‍ഷകം വേറെയാണെങ്കിലും നമ്മള്‍, കുഞ്ഞാടുകളുടെ ആത്മകഥയാണത്.

ജനോപകാരപ്രദമായ ജിംനോസ്‌പേമുകള്‍

നഗ്നബീജ സസ്യങ്ങള്‍ എന്ന പേരിലാണ് ഈ വിഭാഗം സസ്യങ്ങള്‍ അറിയപ്പെടുന്നത്. കാരണം ആവരണം ചെയ്യപ്പെടാത്ത വിത്തുകളാണ് ഇവ ഉത്പാദിപ്പിക്കപ്പെടാറുള്ളത്. Gymno എന്ന ഗ്രീക്കുപദത്തിനര്‍ത്ഥം നഗ്നമെന്നും sperma എന്നാല്‍ വിത്തുമെന്നാണ് ഉദ്ദേശിക്കുന്നത്.

വന്‍വൃക്ഷങ്ങളായും കുറ്റിച്ചെടികളായും, പറ്റിച്ചേര്‍ന്നു വളരുന്നവയായും ഇത്തരം സസ്യങ്ങള്‍ കാണപ്പെടുന്നു. ലോകത്തിലെ ഭീമാകാരന്മാരായ സെക്വയ വിഭാഗം വൃക്ഷങ്ങള്‍ ജിംനോസ്‌പേമുകളില്‍ പെടുന്നു. പൈനസ് (Pinus), സൈക്കസ് (Cycas), അരോക്കേറിയ (Aurocaria), സെക്വയ (Sequia), എഫിഡ്ര (Ephedra) തുടങ്ങി നിരവധി ജിംനോസ്‌പേമുകള്‍ ഉണ്ട്. ഒരു ശില്പി കൊത്തിയെടുത്ത ശില്പം പോലെയാണ് ഈ സസ്യങ്ങളിലെ ശരീരഭാഗം. Cycodopsida, Coniferopsida, Unetopside എന്നീ മൂന്നു വിഭാഗങ്ങളിലായി ഇവരെ തരംതിരിച്ചിരിക്കുന്നു. കോണുകള്‍ എന്ന പ്രത്യുല്പാദന അവയവങ്ങള്‍ ഈ സസ്യങ്ങളുടെ എടുത്തു പറയേണ്ട മേന്മയാണ്. ആണ്‍-പെണ്‍ സസ്യങ്ങളായി രണ്ടിനം കോണുകളുണ്ട്.

ജീവിത ചക്രം സ്‌പോറോ ഫൈറ്റുകളും, ഗാമിറ്റോ ഫൈറ്റുകളും ചേര്‍ന്ന ആവര്‍ത്തനമാണെങ്കിലും, സ്‌പോറോ ഫൈറ്റുകളാണ് കൂടുതല്‍. N2 സ്ഥിരീകരണത്തിനായി കടല്‍ജീവികളായ കോറലുകള്‍ പോലെ ശാഖോപശാഖകളായി വേരുകള്‍ രൂപം പ്രാപിച്ചിരിക്കുന്നു. അതുപോലെ വേരിലുള്ള ഫംഗസുകളുമായുള്ള മൈക്കോറൈസ പോലുള്ള ഗുണപരമായ സിംപയോസിസ് ബന്ധവും പ്രത്യേകതയൊത്തതാണ്.

ജിംനോസ്‌പേമുകള്‍ വലിപ്പത്തില്‍ മാത്രമല്ല നമ്മളെ അത്ഭുതപ്പെടുത്തുന്നത്. ഔഷധങ്ങള്‍ ഉള്‍പ്പെടെ ഒരുപാട് ഉല്‍പന്നങ്ങള്‍ ഇവയില്‍ നിന്നു നിര്‍മ്മിക്കാം. ടര്‍പന്റൈന്‍ എന്ന റെസിന്‍ (Resin) പൈനസ് മരത്തില്‍ നിന്നാണ് ലഭിക്കുന്നത്. ശ്വാസകോശരോഗത്തിനുള്ള സിദ്ധൗഷധമായ എഫിഡ്രിന്‍ ലഭിക്കുന്നത് എഫിഡ്രയില്‍ നിന്നാണ്. പൈനസ് വിത്തുകള്‍ ഭക്ഷ്യയോഗ്യമാണ്. ഇങ്ങനെ ഭൂവാസികളായ നമ്മുടെ ജീവിതത്തില്‍ നിരന്തരം ഉപകാരങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു ജിംനോസ്‌പേമുകള്‍.

ഗാലപ്പഗോസിലെ സസ്യവിന്യാസങ്ങള്‍, വിസ്മയങ്ങള്‍


ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിന് 'പ്രകൃത്യായുള്ള പരീക്ഷണ ശാല' എന്ന പേരില്‍ അനശ്വരമാകപ്പെട്ട ദ്വീപസമൂഹമാണ് ഗാലപ്പഗോസ്. തെക്കെ അമേരിക്കയില്‍ നിന്ന് ആയിരത്തോളം കിലോമീറ്റര്‍ അകലെ, ശാന്തസമുദ്രത്തില്‍ ഭൂമദ്ധ്യരേഖയ്ക്ക് ഇരുപുറമായിട്ടാണ് ഈ കരപ്രദേശങ്ങള്‍ സ്ഥിതിചെയ്യുന്നത്. പ്രകൃതി വിഭവങ്ങളുടെ അപൂര്‍വ്വതകള്‍ ദ്വീപിനെ വശ്യസിദ്ധിയുള്ള ദ്വീപ് (Enchanted isles)എന്ന വിളിപ്പേര് നല്‍കിയിരിക്കുന്നു. 15 വലിയ ദ്വീപുകളും, നിരവധി ചെറുദ്വീപുകളും ചേര്‍ന്ന ഈ പ്രദേശം ആദ്യമായി കണ്ടെത്തിയത്, 1535-ല്‍ ഫ്രേടോമസ് ഡിബര്‍ലാംഗ എന്ന ബിഷപ്പായിരുന്നു. ഭീമാകാരന്‍മാരായ ആമകള്‍, പരുക്കന്‍ പാറക്കെട്ടുകള്‍, കടുംചുവപ്പുനിറമാര്‍ന്ന തേളുകള്‍, ഭീമാകാരന്‍മാരായ ഗൗളികള്‍ എന്നിവയ്ക്കു പുറമെ അനേകം സസ്യജാലങ്ങളും പ്രത്യേകതകളാണ്.

സസ്യ വൈവിധ്യം, വിചിത്രവിശേഷം ഇവിടുത്തെ സസ്യജാലങ്ങളെ നിരീക്ഷിക്കുമ്പോള്‍ വൈവിധ്യത്തിന്റെ ഒരു ശൃംഖലയായി അതു കാണാം. ഓര്‍ക്കിഡുകള്‍, ബ്രൊമീലിയാസ്, ഡെയ്‌സിമരം, പരുത്തി, തക്കാളി, കുരുമുളക്, പാഷന്‍ഫ്രൂട്ട് എന്നിവയുടെ സ്വദേശയിനങ്ങള്‍ ചേര്‍ന്ന 560-ത്തിലധികം സ്പീഷീസുകളിലായി പരന്നു കിടക്കുന്നു. സസ്യപഠനം എളുപ്പമാക്കാന്‍ സസ്യപ്രകൃതിയിലെ 7 വിഭാഗങ്ങളെ ആദ്യം തിരിച്ചറിയണം ഇവയ്‌ക്കോരോന്നിനും സ്വഭാവത്തിലും വര്‍ഗ്ഗസാന്നിധ്യത്തിലും പ്രത്യേകതകള്‍ കാണാം. 1. Littoral 2. Arid 3. Transition 4. Scalesia 5. Brown 6. Miconia 7. Pampa എന്നീ സോണുകള്‍. ഈ വര്‍ഗ്ഗീകരണം സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ തനതായ വര്‍ഗ്ഗങ്ങളെക്കുറിച്ചും, അവയുടെ ആവാസ വ്യവസ്ഥയെക്കുറിച്ചും വിശദാംശങ്ങള്‍ ലഭിക്കും. പന സസ്യങ്ങള്‍ തീരെയില്ലെങ്കിലും, മുള്‍ച്ചെടികളാലും, കണ്ടല്‍ വനങ്ങളാലും ഈ ഭൂമേഖലയില്‍ വസിക്കാന്‍ പര്യാപ്തമായ മറ്റനേകം തദ്ദേശയിനങ്ങളും സമൃദ്ധമാണ് ഈ ദ്വീപുകളില്‍. ഇത്രയധികം സസ്യങ്ങള്‍ ഇവിടെയെത്താന്‍ കാരണക്കാര്‍ പലരാണ്. പക്ഷികള്‍, ജലപ്രവാഹം, സഹവാസത്തിനെത്തിയ, സന്ദര്‍ശകരായെത്തിയ മനുഷ്യര്‍ എന്നിവരാണവര്‍. അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളുടെ പ്രവാഹമായ ലാവയുറഞ്ഞ മേലുപരിതലത്തില്‍ വിത്തുകള്‍ മുളച്ചുയര്‍ന്നാണ് സസ്യങ്ങള്‍ താവളമടിച്ചത്. ഈ സസ്യങ്ങളെ Pioneer plants എന്ന വിഭാഗത്തില്‍ പെടുത്താം. അമേരിക്കയില്‍ നിന്നും തൊട്ടടുത്ത ഈ ദ്വീപുകളിലേക്ക് വന്നെത്തിയവരാണ് അധികവും. ഇവയുടെ പൂക്കള്‍ക്കു പരാഗണം നടത്താനും, വിത്തുവിതരണത്തിനുമായുള്ള ജീവികള്‍ കുറവാണ്. എന്നാല്‍ ഉള്ളവ തമ്മില്‍ ആശ്ചര്യകരമായ പാരസ്പര്യബന്ധം നിലനില്‍ക്കുന്നുണ്ട്. അങ്ങനെ വംശവര്‍ദ്ധനവിലും, നിലനില്‍പിലും സവിശേഷത കൈവരുന്നു. ഇവിടെ കണ്ടുവരുന്ന പ്രധാന സസ്യങ്ങളെ ഇനി പരിചയപ്പെടാം, 1. Scalesia Tree daisy എന്ന വിശേഷനാമമുള്ള ഇവയ്ക്ക ഡാര്‍വ്വിന്‍ ഫിന്‍ഞ്ചസ് എന്ന പക്ഷികളെപ്പോലെ പരിണാമപരമായ പ്രാധാന്യമുണ്ട്. ഇതേ കുടുംബാംഗങ്ങളായ Darwiniothamnus, Lecocarpus, Macraca എന്നിവയും ഇടകലര്‍ന്നു കാണുന്നു. 2. Rhizophora mangle (Red mangrove) ചുവന്ന കാണ്ഡം, 20 മീറ്ററിലധികം ഉയരം, മഞ്ഞ പുഷ്പങ്ങള്‍. ഈ ചെടികള്‍ കരിയ്ക്കും, തോല് ഉറയാനുള്ള ടാനിനും ഉപയോഗിക്കുന്നു. 3. Laguncularia racemosa (White mangrove) കുറ്റിച്ചെടിയായി വളരുന്ന ഈ സസ്യത്തിന്റെ ഇലകള്‍ക്കു മിനുസവും, കുഴിഞ്ഞ അഗ്രവുമുണ്ട്. 4. Conocarpus erects (Button mangrove) കറുത്തിരുണ്ട തൊലിയോടെ, അണ്ഡാകൃതിയും മുനയോടുകൂടിയതുമായ ഇലകളും ഇവയുടെ പ്രത്യേകതകളാണ്. പച്ചനിറത്തിലുള്ള പൂക്കള്‍ പാകമായി പര്‍പ്പിള്‍ നിറമായിമാറുന്നു. (6) വിരുന്നിനെത്തിയവര്‍ വിപത്തൊരുക്കുന്നു ഈ വന്യദ്വീപുകള്‍ ഇന്ന് ഏറ്റവും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്, പലനാട്ടിലും നിന്ന് ഇവിടെയെത്തിയ കളസസ്യങ്ങള്‍. ഏതാണ്ട് 475 സസ്യജാതികള്‍, 1999 ലെ കണക്കെടുപ്പു പ്രകാരം ഇങ്ങനെ വന്നു ചേര്‍ന്നിട്ടുണ്ട്. ഓരോ വര്‍ഷവും 10 വെച്ച് ഇത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. തനതു സസ്യങ്ങള്‍ക്ക് വളരാനിട നല്‍കാതെ മേല്‍പറഞ്ഞവ പ്രശ്‌നമാകുന്നു. Lantana camara, psidium guayaba, Rubus nive എന്നിവര്‍ അതില്‍ ചിലതാണ്. സന്ദര്‍ശകരുടെ പ്രതിലോഭമായ ചെയ്തികളും ആടുമാടുകളുടെ മേച്ചിലും മറ്റൊരു ഭീഷണിയാണ്. മഹാസമുദ്രത്തിന്റെ മദ്ധ്യേ നിരവധി ദ്വീപുകള്‍, അതില്‍ ഉയര്‍ന്നു നില്‍ക്കുന്ന അഗ്നിപര്‍വ്വതങ്ങള്‍, അവയുടെ ശിഖരത്തിലും, ഗര്‍ത്തത്തിലും വസിക്കുന്ന അപൂര്‍വ്വ സസ്യങ്ങള്‍, അവയെങ്ങനെ ഇവിടെയെത്തി, കടല്‍കാറ്റിനെ ചെറുത്ത് എങ്ങനെ അതിജീവിക്കുന്നു, എന്നതെല്ലാം അത്ഭുതത്തോടെയേ ഉള്‍ക്കൊള്ളാനാവൂ. എന്നിട്ടും, ജീവികളുടെ ഉല്പത്തിപരമായ അന്വേഷണങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍, ഒരു മഹാനായ ശാസ്ത്രജ്ഞന് ഉള്‍ക്കാഴ്ച നല്‍കാന്‍, ഈ ഭൂപ്രദേശം വേണ്ടി വന്നു എന്നതും നമ്മെ അത്ഭുതപ്പെടുത്തുന്നു. ജീവശാസ്ത്രപരമായ ഇനിയുമേറെ പഠനങ്ങള്‍ക്ക് ഇതേ ദ്വീപുകള്‍ കൂടുതല്‍ തെളിവു തന്നേക്കും. ഭൂവിജ്ഞാനീയത്തിനും, പരിണാമശാസ്ത്രത്തിനും ഒരുപോലെ പ്രാധാന്യമേറിയ തെളിവുകള്‍ നല്‍കാന്‍ ഗാലപ്പോസ് നമ്മെ മാടിവിളിക്കുന്നു. H.M.S ബീഗിള്‍ എന്ന കപ്പല്‍പോലെ, മറ്റൊരു നൗകയെടുത്ത് വിജ്ഞാനമുത്തുകളും, വിവേകവിത്തുകളും ശേഖരിക്കാന്‍ നമുക്ക് പുറപ്പെടാം.